മനില സി.മോഹൻ: രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ഐ.എഫ്.എഫ്.കെ എത്തുന്നത്. ഈ രണ്ടുവർഷം പക്ഷേ സിനിമയുടെ കാഴ്ചാശീലങ്ങളെ വല്ലാതെ മാറ്റിമറിച്ചിട്ടുണ്ട്. സിനിമ ഓൺലൈനിൽ യഥേഷ്ടം കിട്ടാൻ തുടങ്ങിയപ്പോൾ ഫെസ്റ്റിവൽ പ്രേക്ഷകരുടെ വ്യാപ്തി കൂടി. അതായത് വ്യവസ്ഥാപിത ഫെസ്റ്റിവൽ പ്രേക്ഷകരിൽ നിന്ന് ആ സമൂഹം വിപുലമായി. ഫെസ്റ്റിവൽ, സിനിമയും പ്രേക്ഷകരും തമ്മിലെ സംവേദനം മാത്രമല്ല യഥാർത്ഥത്തിൽ. അത് എല്ലാവർഷവും പത്ത് ദിവസം ഉണ്ടാക്കിയെടുക്കുന്ന സിനിമാ സാമൂഹികത കൂടിയാണ്. കോവിഡാന്തരം നമ്മുടെ ഫെസ്റ്റിവലിന് ഏതൊക്കെ തരത്തിലുള്ള വ്യത്യാസമാണ് ഉണ്ടാവുമെന്ന് കരുതുന്നത്?
രഞ്ജിത്ത്: ഇടയിൽ മുറിഞ്ഞുപോയ ഒരു കാലത്തിന്റെ ഒഴുക്ക് തിരികെപ്പിടിക്കുകയാണ് 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. കൊടുങ്കാറ്റും പേമാരിയും ഒരുമിച്ച് വന്നതുപോലെയാണല്ലോ ഈ മഹാമാരി വന്ന് നാശം വിതച്ചത്. ഇപ്പോഴത് ഏതാണ്ട് ഒരു ചാറ്റൽ മഴയിലേയ്ക്ക് മാറിയപ്പോഴാണ് സർക്കാരും സാംസ്‌കാരിക വകുപ്പും ഇത്തവണ ഫെസ്റ്റിവൽ നടത്താമെന്നും അതിനോടൊപ്പം തന്നെ തിയേറ്ററുകളിൽ നൂറുശതമാനം ഒക്യുപെൻസി എന്ന തീരുമാനവും എടുത്തത്. പഴയ പ്രൗഢിയുടെ കാലമുണ്ടല്ലോ, ഈ പട്ടണം മുഴുവൻ സിനിമാ പ്രേമികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കാലം. അത് ആവർത്തിക്കും.
പതിനായിരത്തോളം ഡെലിഗേറ്റുകൾ പട്ടണത്തിലേക്കെത്തും. കോവിഡ് കാലത്തും വളരെയധികം പേർക്ക് സ്വന്തം വീടിനകത്ത് അല്ലെങ്കിൽ മുറിക്കകത്തേയ്ക്ക് ജീവിതം ഒതുക്കേണ്ടിവന്നപ്പോഴും സിനിമ തന്നെയായിരുന്നു പലരെയും സജീവമാക്കി നിർത്തിയത്. അകന്നിരിക്കാനും വായയും മൂക്കും മൂടാനും പറഞ്ഞു. ഇപ്പോൾ സാഹചര്യങ്ങളൊന്നു മാറി. അടുത്തിരിക്കാൻ പറയുന്നുണ്ട്. എങ്കിലും ശ്രദ്ധയോടെയെന്ന് ആരോഗ്യവകുപ്പും സർക്കാരും പറയുന്നുണ്ട്. പക്ഷെ ഒന്ന് സത്യമാണ്, നമ്മൾ വീട്ടിനകത്തിരുന്നിട്ട് കമ്പ്യൂട്ടറിലോ ടെലിവിഷനിലോ സിനിമകൾ കണ്ടിട്ടുള്ള അനുഭവത്തിൽ നിന്ന് മാറി ഒരു കൂട്ടം ആളുകൾക്കൊപ്പം, സുഹൃത്തുക്കൾക്കൊപ്പം സിനിമാ തിയേറ്ററുകളിൽ സജീവതയോടുകൂടി ഡെലിഗേറ്റുകൾ വരുന്നൊരു കാലം തിരിച്ചുവന്നിരിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
ഫിലിം ഫെസ്റ്റിവലുകൾ, ലോക സിനിമകൾ, മലയാള സിനിമയെ എന്ത് തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത് എന്നാണ് നിരീക്ഷിക്കുന്നത്? കലാപരമായി, രാഷ്ട്രീയമായി, സാങ്കേതികമായി?
ഫിലിം ഫെസ്റ്റിവലുകൽ നൽകുന്ന ഒരു ദൃശ്യാനുഭവം അല്ലെങ്കിൽ വിഷയസ്വീകരണത്തിൽ കാണിക്കുന്ന, ഓരോ കാലത്തെയും പുതിയ അടയാള ചിത്രങ്ങൾ. ഇത് നമ്മുടെ പ്രേക്ഷകർക്ക്, ഏറ്റവും ആത്മാർഥമായി അല്ലെങ്കിൽ സിനിമയെന്ന മാധ്യമത്തെ അത്രമേൽ ഇഷ്ടപ്പെട്ട് വരുന്നവർക്ക് ഓരോ ഫെസ്റ്റിവലും അവിടെ കാണാൻ കഴിയുന്ന ഭിന്നസ്വഭാവമുള്ള സിനിമകൾ അരുടെ സിനിമയെക്കുറിച്ചുള്ള സങ്കൽപത്തിന്റെ തന്നെ അടിസ്ഥാനത്തെ മാറ്റിയെഴുതുന്ന ഒരവസ്ഥ കണ്ടിട്ടുണ്ട്. അത് തുടരുന്നുമുണ്ട്. അത് രാഷ്ട്രീയ-സാമൂഹ്യ നിലപാടുകളാവാം. മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ, ലിംഗനീതിയുടെ കാര്യത്തിൽ എല്ലാം തന്നെ ഒരു ഉപദേശിപ്രസംഗത്തിന്റെ രൂപത്തിലല്ലാതെ സിനിമ അതിന്റെ കലാപരതയിൽ മുന്നോട്ടുവെക്കുമ്പോൾ അത് ഓരോന്നും ഓരോ പാഠപുസ്തകമായി ആളുകൾ തിരിച്ചറിയുന്നുണ്ട്. അങ്ങനെതന്നെയാണ് ഫെസ്റ്റിവലുകളുടെ ഒരു സാംഗത്യം. അല്ലെങ്കിൽ എന്തിന് ലോകസിനിമയെ, അനേകം ഭാഷകളിലുള്ള, പല ഭൂഖണ്ഡങ്ങളിൽ നിന്നു വരുന്ന സിനിമകളെ എന്തിന് പ്രേക്ഷകർ കാണുന്നു.
പലപ്പോഴും ഇതിന്റെ സെലക്ഷൻ നടത്തുമ്പോഴൊക്കെ തന്നെ, ഭിന്നസ്വരങ്ങളെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുക, ഭിന്നചിത്രങ്ങളെ, അഭിപ്രായങ്ങളെ, ആശയങ്ങളെ ഒക്കെ പരിചയപ്പെടുത്തുക. സ്വീകരിക്കാം. ചിലപ്പോൾ ഒരാളുടെ ഈ മാധ്യമത്തെക്കുറിച്ചുള്ള ധാരണകളെ തന്നെ മുഴുവൻ മാറ്റിമറിക്കാൻ ഫെസ്റ്റിവലുകൾക്ക് കഴിയാറുണ്ട്. അത് തുടരട്ടെ. ഇത്തവണയും ഇവിടെ പ്രതീക്ഷിക്കുന്നത് നമ്മുടെ വിദ്യാർഥിസമൂഹത്തെ തന്നെയാണ്. 18-നും 25-നും ഇടയിൽ പ്രായമുള്ളവരുടെ ഡെലിഗേറ്റ് പാസുകളുടെ എണ്ണം ഇത്തവണ മൂവായിരമാക്കി ഉയർത്തിയിട്ടുണ്ട്. അവരെയാണ് നമ്മൾ ഫോക്കസ് ചെയ്യുന്നത്. അതിൽ നിന്നാണ് പുതിയ തലമുറ ഫിലിം മേക്കേഴ്സിന്റെ ഒരു സംഘം രൂപപ്പെടുക എന്നുള്ള ഒരു പ്രതീക്ഷയും ഫെസ്റ്റിവൽ കമ്മിറ്റിക്കുണ്ട്. ചലച്ചിത്ര അക്കാദമിക്കുമുണ്ട്.
എടുത്തുപറയേണ്ട ഒരു വലിയ കാര്യം, ഇത്തവണ ഇസ്തംബുളിലെ തെരുവിൽ ഒരു ഭീകരാക്രമണത്തിൽ ഇരുകാലുകളും മുട്ടിനുതാഴെ നഷ്ടപ്പെട്ട ലിസ ചാലാൻ എന്ന കുർദ് വംശജയായ ചലച്ചിത്രകാരിക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് നൽകാൻ തീരുമാനിച്ചതാണ്. അവർ ഇവിടെ വന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഈ അവാർഡും അഞ്ചുലക്ഷം രൂപയും സ്വീകരിക്കും. ആദ്യമായാണ് ഇങ്ങനെയൊരു അവാർഡ് ഏർപ്പെടുത്തുന്നത്. അത് നൽകുന്ന സന്ദേശവും ഐ.എഫ്.എഫ്.കെ. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും അതിൽ വ്യക്തമാണ്. അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ പാതയിൽ സിനിമയെന്ന മാധ്യമത്തിനോടുള്ള പാഷൻ മുറുകെപ്പിടിച്ച് യാത്രചെയ്യുന്ന പലർക്കുമുള്ള ആദരവും അംഗീകാരവുമാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’. ഇത് വരുംവർഷങ്ങളിലും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് അതിന് അനുമതിയും തന്നിട്ടുണ്ട്.▮
TEAM TRUECOPY
കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർകെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർഷഫീഖ് താമരശ്ശേരി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ്മുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർഅലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ
സൈനുൽ ആബിദ് കവർ ഡിസൈനർ
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.