റേഡിയോപ്പെട്ടി എന്ന സിനിമയിൽ നിന്ന്.

റേഡിയോ കേട്ട്​ സിനിമ കാണുമ്പോൾ

ഒരു റേഡിയോ പ്രക്ഷേപണം നടക്കുമ്പോൾ സ്റ്റേഷനിലെ സ്റ്റുഡിയോയിൽ സംഭവിക്കുന്നതെന്ത് എന്നു കാണിച്ചു തരുന്നു എന്നതാണ് ‘മൈക്കിനു പിറകിൽ ' എന്ന ഹ്രസ്വചിത്രത്തിന്റെ സമകാലിക പ്രസക്തി. ഈ സിനിമ നാം കാണുമ്പോൾ, റേഡിയോകേൾവിയുടെ അണിയറ പ്രവർത്തനങ്ങൾ നമുക്കു കൂടുതൽ പരിചിതമാവുന്നു. ശബ്​ദങ്ങളുടെയും ദൃശ്യങ്ങളുടെയും വ്യത്യസ്​തപ്രപഞ്ചങ്ങളിലൂടെ ഒരു സഞ്ചാരം

ണ്ട് പെൺകുട്ടികളുടെ മുത്തശ്ശൻ ആയിരിക്കുന്നത്, വാർദ്ധക്യവും ആഹ്‌ളാദകരമായ അനുഭവം തന്നെ എന്നു പഠിപ്പിക്കുന്നു, ഭൂമിയിൽ ഇപ്പോൾ ഈ ജീവിതം. അകിരയും അൻവിതയും ഇപ്പോൾ മുത്തശ്ശനെ, പുതിയ രീതിയിൽ, ലോകത്തെ കാണുവാൻ, കേൾക്കുവാൻ, പഠിപ്പിക്കുകയാണ്. റെയിൽവെ സ്റ്റേഷനിൽ, പുഴക്കരയിൽ, കുന്നിൻമുകളിൽ, പട്ടണത്തിരക്കുകളിൽ, പച്ചക്കറിചന്തയിൽ എല്ലാം, ഒരു വർഷം മുമ്പ് രണ്ടു വയസ്സു തികയാത്ത അകിരയെയും എടുത്തുകൊണ്ട് നടക്കുമ്പോൾ ആലോചിച്ചിരുന്നത്, നമ്മുടെ ഈ ലോകം കുഞ്ഞുങ്ങൾക്കു കാണാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരിടം മാത്രമാണ് എന്നായിരുന്നു. എന്നാൽ ഇന്ന്, ഈ ഭൂമി കുഞ്ഞുങ്ങൾക്കു കേൾക്കാൻ വേണ്ടിയും കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നാണ്, അൻവിത പഠിപ്പിക്കുന്നത്.

കൊറോണാകാലം തുടങ്ങിയപ്പോൾ, ഇനി കുറച്ചുകാലം സിനിമകാണൽ ഉപേക്ഷിച്ച്​ കേൾവിയുടെ ലോകത്തിൽ കഴിഞ്ഞാലോ എന്നൊരാലോചനയുണ്ടായി.

പേരക്കുട്ടിക്ക് പ്രഭാതശബ്ദങ്ങൾ കേൾപ്പിച്ച്, കാക്കയേയും കുരുവിയേയും പൂച്ചയേയും പട്ടിയേയും പല തരം വണ്ടികളേയും കാണിച്ചു കൊടുത്തിരുന്ന കൊറോണ കാലത്തെ ആദ്യനാളുകളിലാണ്, ശബ്ദശേഖരനായ ഗോർഡൻ ഹാംറ്റൻ നായകനായ ഒരു ചെറുചിത്രം വീണ്ടും കാണുന്നത്, കേൾക്കുന്നത്. ‘ഒരു ചതുരശ്രയിഞ്ചു നിശ്ശബ്ദത' (One Square Inch of Silence).
സർവ ലോകങ്ങളിലുമുള്ള ശബ്ദങ്ങൾ തലയിൽ ചുമന്ന്​, ഇരു ചെവിയിലും സ്വരഗ്രാഹിയും ചൂടി, സദാ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു ഇപ്പോഴും ഹാംറ്റൻ (Gordon Hempton). ഒരു മുഴുവൻ സമയശബ്ദ ശേഖരനായി, ഇതിനകം മൂന്നു വട്ടം ഉലകം ചുറ്റിവന്ന ഈ വാലിപൻ, നിമിഷം തോറും വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന ശബ്ദമലിനീകരണ ഭീകരതയിൽ നിന്ന്​ ഭൂമിയിൽ ഒരു ഇഞ്ചെങ്കിലും സ്ഥലം നിശ്ശബ്ദതയ്ക്കു വേണ്ടി നിലനിർത്തുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന കഥയാണ്, ഈ ചലച്ചിത്രം രേഖപ്പെടുത്തുന്നത്. റേഡിയോയിൽ ദീർഘകാലത്തെ അ നുഭവസമ്പത്തുള്ള സംഗീതപ്രേമിയും എഴുത്തുകാരനുമായ എസ്. ഗോപാലകൃഷ്ണൻ ഫോണിൽ വിളിക്കുന്നത്, കേൾവിയുടെ ഒരു ലോകത്തിൽ കാതോർത്തു കഴിഞ്ഞിരുന്ന ഒരു ഇടവേളയിലായിരുന്നു. കൊറോണാകാലം തുടങ്ങിയപ്പോൾ, ഇനി കുറച്ചുകാലം സിനിമകാണൽ ഉപേക്ഷിച്ച്​ കേൾവിയുടെ ലോകത്തിൽ കഴിഞ്ഞാലോ എന്നൊരാലോചനയുണ്ടായി. അപ്പോഴാണ് ഗോപാലകൃഷ്ണൻ പറയുന്നത്, തന്റെ പോഡ്കാസ്റ്റിനു വേണ്ടി ഒരു വർത്തമാനം വേണം എന്ന്. സത്യജിത് റായിക്ക് നൂറു തികയുന്നു; ഈ മെയ് മാസം തൊട്ടൊരു വർഷം എല്ലാ മാസവും ഓരോ പ്രഭാഷണം/സംഭാഷണം കൊടുക്കുന്നു. റായിയെ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞു കേൾക്കാനും എഴുതാനും ഈ നിർദ്ദേശം ഒരു പ്രചോദനമായി. ചെറു ചിത്രങ്ങളും രേഖാചിത്രങ്ങളും മുഴുനീള ചിത്രങ്ങളും അടക്കം എല്ലാ സത്യജിത് റായ് സിനിമകളും (പണ്ട് ഭാരത സർക്കാർ നിരോധിച്ചിരുന്ന ‘സിക്കിം' അടക്കം മുപ്പത്തിയാറു ചിത്രങ്ങൾ), അങ്ങനെ വീണ്ടും കാതു കൊടുത്തു കണ്ടു.

ഗോർഡൻ ഹാംറ്റൻ
ഗോർഡൻ ഹാംറ്റൻ

റേഡിയോയിലും ഇല്ലേ ഇതുപോലുള്ള ശബ്ദവിശേഷങ്ങളുടെ സർഗ്ഗാത്മകമായ ഉപയോഗം? തൃശ്ശൂർ ആകാശവാണിയിൽ നിന്ന്​ വിരമിച്ച കെ. ആർ. ചാർളിയെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, കെ. പദ്മനാഭൻ നായരുടെ ‘റേഡിയോ തരംഗം' വായിക്കാനാണ്. ആ റേഡിയോസ്മരണയിലൂടനീളം ‘സൗണ്ട് ഇഫക്റ്റ്‌സ്' എന്നല്ല ‘ശബ്ദവിശേഷങ്ങൾ' എന്നാണ് പത്മനാഭൻ നായർ എഴുതിയിരിക്കുന്നത്. റേഡിയോ, മനുഷ്യകർണങ്ങളിലൂടെ ശബ്ദങ്ങളുടെ ഒരു വലിയ ലോകമാണ് അവരുടെ ഹൃദയങ്ങളിലേയ്ക്ക് പ്രക്ഷേപണം ചെയ്യുന്നത് എന്ന ബോധം ഉണ്ടായിരുന്നതു കൊണ്ടാണ്, അപ്രതീക്ഷിതമായി, ‘മൈക്കിനു പിറകിൽ' (Back of the Mike- സിനിമ യുട്യൂബിൽ ലഭ്യമാണ്​) എന്ന ചെറുചിത്രം കണ്ടപ്പോൾ, അതൊരു ചെറിയ വെളിപാടുപോലെ അനുഭവപ്പെട്ടത്. ‘കാണുന്നതിൽ കുടുങ്ങുന്നത് ' എന്നൊരു പോഡ്കാസ്റ്റ് ഭാഷണത്തിൽ, പ്രൊഫ. ബാബു തളിയത്ത്, ഇന്നത്തെ കാലത്ത് ശ്രവ്യമാധ്യമമായ റേഡിയോയുടെ പ്രാധാന്യമെന്ത് എന്ന് സൂചിപ്പിച്ച്​, കേൾവി എന്ന ഇന്ദ്രിയാനുഭവത്തെ കുറിച്ചാണ്, പ്രധാനമായും സംസാരിക്കുന്നത്. വാക്കുകൾ ഒരു ബിംബ സാദ്ധ്യത (potential image) ആണ് എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്നു. വാക്കുകൾ ഒരു ബിംബത്തെ ധ്വനിപ്പിക്കുകയാണ് ചെയ്യുന്നത്; അവ ദൃശ്യങ്ങൾ അല്ല. ശബ്ദങ്ങളുടെ മഹാപ്രപഞ്ചത്തിൽ നിന്നും, പ്രകൃതിയിൽ നിന്നും, മാരകമാം വിധം മനുഷ്യനെ അകറ്റുകയാണ് നമുക്കു ചുറ്റുമുള്ള ദൃശ്യങ്ങളുടെ അതിപ്രളയം എന്ന് പ്രൊഫ. തളിയത്ത് വാദിക്കുന്നു. കാഴ്ചയുടെ കോയ്മക്കെതിരെ ഒരു വായനാസംസ്‌ക്കാരം ഉയർത്തിപ്പിടിക്കാനും ഈ അഭിമുഖഭാഷണത്തിൽ അദ്ദേഹം ശ്രമിക്കുന്നുണ്ട്.

പ്രൊഫ. ബാബു തളിയത്ത്‌
പ്രൊഫ. ബാബു തളിയത്ത്‌

‘മൈക്കിനു പിറകിൽ' ഇറങ്ങുന്നത്, 1938 ലാണ്. റേഡിയോ നാടകങ്ങളുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായ ‘ലോകങ്ങളുടെ യുദ്ധം' (War of the Worlds ) ഇറങ്ങിയതും ഇതേ വർഷം തന്നെ. പിന്നീട് ചലച്ചിത്രകാരനെന്ന നിലയിൽ ലോകപ്രശസ്തനായ ഓർസൺ വെൽസ് 21ാം വയസ്സിൽ സംവിധാനം ചെയ്ത ശബ്ദനാടകം. എച്ച്. ജി. വെൽസിന്റെ ഒരു നോവലായിരുന്നു ഈ റേഡിയോനാടകത്തിനാധാരം. അന്യഗ്രഹജീവികൾ പറക്കുംതളികകളിൽ അമേ രിക്കയിൽ വന്നിറങ്ങി, രണ്ടു പേരൊഴികെ മനുഷ്യരാശിയെ സമ്പൂർണമായും ഉന്മൂലനം ചെയ്യുന്ന അത്യന്തം ഭീതിതവും ഉദ്വേഗജനകവുമായ ഒരു കഥ. ശബ്ദ നാടകത്തിലൂടെ വെൽസ്, ശ്രോതാക്കൾക്കുമുന്നിൽ ഈ കഥ ആദ്യമായി അവതരിപ്പിച്ചപ്പോൾ, ആളുകൾ ഭയാക്രാന്തരായി വീടുകളിൽ നിന്നിറങ്ങിയോടി, തെരുവുകളിൽ അസാധാരണമായ ട്രാഫിക്ക് ജാം ഉളവായി. തീർത്തും ഭാവനാസൃഷ്ടിയായ ഈ സംഭവകഥ ‘സജീവ വിവരണ'മായി അവതരിപ്പിച്ച സംവിധായകന് പിറ്റേന്ന് പത്രസമ്മേളനം നടത്തി ഒരു വിശദീകരണം നൽകേണ്ടി വന്നു, ഒടുവിൽ. പത്രങ്ങൾ വെണ്ടയ്ക്കാവലുപ്പത്തിലുള്ള തലക്കെട്ടുമായി വാർത്ത അച്ചടിച്ചു.

ശ്രോതാക്കളിൽ പരിഭ്രാന്തി സൃഷ്ടിച്ച War of the Worlds- എന്ന റേഡിയോ നാടകത്തെക്കുറിച്ച്  മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്ന ഓർസൺ വെൽസ് (1938) / Photo: Wikimedia Commons
ശ്രോതാക്കളിൽ പരിഭ്രാന്തി സൃഷ്ടിച്ച War of the Worlds- എന്ന റേഡിയോ നാടകത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കുന്ന ഓർസൺ വെൽസ് (1938) / Photo: Wikimedia Commons

റേഡിയോ എന്ന ശബ്ദമാധ്യമം സർഗ്ഗാത്മകമായും അപകടകരമായും ആയി ഉപയോഗിച്ചത്തിന്റെ ആദ്യ ഉദാഹരണമായി, ഈ പ്രക്ഷേപണം ഇപ്പോഴും പരാമർശിക്കപ്പെടുക പതിവാണ് (വൂഡി അലൻ തന്റെ ‘റേഡിയോ ഡെയ്‌സ്' എന്ന സിനിമയിൽ ഈ പ്രക്ഷേപണം ഓർമിക്കുന്നുണ്ട്). ഇത്തരം ഒരു റേഡിയോ പ്രക്ഷേപണം നടക്കുമ്പോൾ സ്റ്റേഷനിലെ സ്റ്റുഡിയോയിൽ സംഭവിക്കുന്നതെന്ത് എന്നു കാണിച്ചു തരുന്നു എന്നതാണ് ‘മൈക്കിനു പിറകിൽ ' എന്ന ഹ്രസ്വചിത്രത്തിന്റെ സമകാലിക പ്രസക്തി. ഈ സിനിമ നാം കാണുമ്പോൾ, റേഡിയോകേൾവിയുടെ അണിയറ പ്രവർത്തനങ്ങൾ നമുക്കു കൂടുതൽ പരിചിതമാവുന്നു. സിനിമ മാത്രമല്ല, അതിന്റെ നിർമാണവും ഇന്ന് സിനിമയായി ഏറെ ഇറങ്ങുന്നത് സർവ്വസാധാരണമാണല്ലോ. എന്നാൽ അക്കാലത്ത് അതൊരു അപൂർവസംഭവം തന്നെയായിരുന്നു. (ഇത്തരത്തിലുള്ള making of the movie സിനിമകൾ, ഒരു ജനുസ്സ് (genre) ആയിത്തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന്.

വുഡി അലൻ സംവിധാനം ചെയ്ത 'റേഡിയോ ഡെയ്‌സി'ന്റെ പോസ്റ്റർ
വുഡി അലൻ സംവിധാനം ചെയ്ത 'റേഡിയോ ഡെയ്‌സി'ന്റെ പോസ്റ്റർ

ഫോളി എന്ന പദം ബോധമനസ്സിൽ ആദ്യം വന്നു വീഴുന്നത്, 2008 ൽ റസൂൽ പൂക്കുട്ടിയുമായി ഒരു നീണ്ട അഭിമുഖം നടത്തിയ സന്ദർഭത്തിലാണ്. (2004 ൽ തിരുവനന്തപുരത്ത് നടന്ന കേരളത്തിന്റെ ഒമ്പതാമത്തെ അന്താരാഷ്ട്രചലച്ചിത്രമേളയിൽ, സിനിമയിലെ ശബ്ദപഥത്തെ കുറിച്ച് മികച്ച ഒരു സെമിനാർ സംഘടിപ്പിക്കപ്പെട്ടിരുന്നു. റസൂലിന് ഓസ്‌കാർ ലഭിക്കുന്നതിനും നാലു വർഷം മുമ്പ് നടന്ന ഈ സെമിനാറിൽ ഈ പദം റസൂൽ എടുത്തു പറഞ്ഞിരുന്നു എങ്കിലും അന്ന്, ആരും അതത്ര കാര്യമായി ശ്രദ്ധിക്കുകയുണ്ടായില്ല). അഭിമുഖം കഴിഞ്ഞു വീട്ടിലെത്തിയെ ഉടനെ, വിദ്യാർത്ഥിയായിരിക്കുമ്പോൾ ‘മലയാള സിനി മയിലെ ആദ്യത്തെ നിയോറിയലിസ്റ്റ് ചിത്ര’മായ ‘ന്യൂസ്‌പേപ്പർ ബോയ്' സംവിധാനം ചെയ്ത പി. രാമദാസിനെ ഫോണിൽ വിളിച്ചു. ‘‘ചിത്രത്തിലൊരിടത്ത് കൊതുകു മൂളുന്ന ആ ഒച്ചയുണ്ടല്ലോ, എങ്ങിനെയാണത് സൃഷ്ടിച്ചത്'' എന്നു ചോദിച്ചു.

നാൽപ്പതോളം വർഷം സിനിമക്കുവേണ്ടി ഫോളി ശബ്ദങ്ങൾ ഒരുക്കിയ ജാക്ക് ഫോളിയുടെ പേര് ഒരു ചിത്രത്തിന്റെ ക്രെഡിറ്റ്‌സിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വലിയ വിരോധാഭാസം തന്നെ

സർഗ്ഗാത്മകമായ ശബ്ദവിശേഷങ്ങൾ കൊണ്ട് സമ്പന്നമായ സത്യജിത് റായിയുടെ ‘പഥേർ പാഞ്ചലി'ക്കു മുമ്പ്​ പുറത്തിറങ്ങിയ ആ ചിത്രത്തിൽ, അദ്ദേഹം തന്നെയാണ് ഒരു ചീർപ്പുപയോഗിച്ച് ആ ‘ഫോളി'ശബ്ദം ഉണ്ടാക്കിയത്. കൈവശമുണ്ടായിരുന്ന ബ്രൂവേർസ് ചലച്ചിത്രനിഘണ്ടുവിൽ തെരഞ്ഞപ്പോൾ കൂടുതൽ വ്യക്തത കൈവന്നു. ‘സൗണ്ട് ഇഫക്റ്റ്‌സ്' (sfx) എന്തെന്നു വിശദീകരിക്കുന്ന കുറിപ്പിൽ ജാക്ക് ഫോളിയുടെ പേരിൽ നിന്നുമാണ് ഫോളി എന്ന പദം സിനിമാ ചരിത്രത്തിലേക്ക് കടന്നു വന്നത് എന്നു ബ്രൂവർ വിശദീകരിക്കുന്നു (Because natural sound is difficult to predict or control, and often sounds ureal when recorded, a great deal of ingenuity has gone into creating artificial substitutes for various sounds. Workers in this field are known as FOLEY artists after Jack Foley , who was responsible for establishing many of the best known effects). ഫോളി കലാകാരൻമാരെയും കലാകാരികളെയും എൺപത്തിയെട്ടു വർഷം മുമ്പാണ്, ക്രെഡിറ്റ്‌സിൽ സംവിധായകന്റെ പേരു കൊടുത്തിട്ടില്ലാത്ത ഷവർലെ കാറുകളുടെ ഈ പരസ്യചിത്രത്തിൽ, ഒരു ജാം ഹാന്റി പിക്ചർ (A Jam Handy Picture), പരിചയപ്പെടുത്തിയിരിക്കുന്നത് (ഫോളി എന്ന വാക്ക് മലയാളസിനിമയുടെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് പിന്നെയും പല വർഷങ്ങൾ കഴിഞ്ഞിട്ടാണ്).

1920-കളിലെ തൽസമയ റേഡിയോ നാടക റെക്കോർഡിങ്ങ്. മെെക്കിന് ഇടതുവശം നിൽക്കുന്ന ഫോളി ആർടിസ്റ്റ് തന്റെ കയ്യിലുള്ള എഫക്ട് ബോർഡിനെ ആശ്രയിച്ച് ടെലഫോൺ അടിക്കുന്നതിന്റെയും, ഡോർ അടയുന്നതിന്റെയും, വെടിയൊച്ചയുടേയും മറ്റും ശബ്ദങ്ങൾ അനുകരിക്കും. / Photo: Wikimedia Commons
1920-കളിലെ തൽസമയ റേഡിയോ നാടക റെക്കോർഡിങ്ങ്. മെെക്കിന് ഇടതുവശം നിൽക്കുന്ന ഫോളി ആർടിസ്റ്റ് തന്റെ കയ്യിലുള്ള എഫക്ട് ബോർഡിനെ ആശ്രയിച്ച് ടെലഫോൺ അടിക്കുന്നതിന്റെയും, ഡോർ അടയുന്നതിന്റെയും, വെടിയൊച്ചയുടേയും മറ്റും ശബ്ദങ്ങൾ അനുകരിക്കും. / Photo: Wikimedia Commons

ഈ ചെറുസിനിമ, നമ്മെ തുടക്കത്തിൽ തന്നെ കാണിക്കുന്നത്, റേഡിയോ കേട്ടു കൊണ്ടിരിക്കുന്ന ഏഴോ എട്ടോ വയസ്സുള്ള ഒരു ബാലനെയാണ്. ഒരർത്ഥത്തിൽ ചിത്രത്തിലെ നായകൻ തന്നെയാണ് ഈ ബാലൻ. ഈ കുട്ടിയെ അവതരിപ്പിക്കുന്നതിനുമുമ്പ്, ശീർഷകത്തിൽ പരാമർശിക്കപ്പെടുന്ന പിറകിലെ ആ മൈക്ക് പ്രത്യക്ഷപ്പെടുന്നു, ഒന്നാമത്തെ ദൃശ്യത്തിൽ തന്നെ. കുട്ടിയോ മൈക്കോ കേന്ദ്ര കഥാപാത്രം എന്നുറപ്പിച്ചു പറയുവാൻ പറ്റാത്ത രീതിയിൽ ഒരു വസ്തുവിനും ഒരു മനുഷ്യനും ഒരേ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്ന അപൂർവ്വം സിനിമകളിലൊന്നാണ്​ ഈ കറുപ്പും വെളുപ്പും ചിത്രം. ആദ്യ ഷോട്ടിൽ, ഫ്രെയിമിന്റെ ഇടതുവശത്ത്, കീഴ്ഭാഗത്തായി, ദീർഘചതുരാകൃതിയിൽ കുത്തനെ വെച്ചിരിക്കുന്നു ഒരു പഴയകാലമൈക്ക്. അതിനെ താങ്ങി നിറുത്തുന്ന കാല് ദൃശ്യതലത്തിൽ മിക്കവാറും ഇല്ല എന്നു തന്നെ പറയാം. ആ മൈക്കിനു പിറകിൽ, വെള്ളിത്തിരയിൽ, അതിന്റെ നിഴൽ നീണ്ടു കിടക്കുന്നു. ‘ഷവർലെ മോട്ടോർ ഡിവിഷനും ജനറൽ മോട്ടോർസ് കോർപറേഷനും ചേർന്ന് അവതരിപ്പിക്കുന്നു' എന്നും ഇതേ ദൃശ്യത്തിൽ നമുക്ക് കാണാം. അടുത്ത ഷോട്ടിൽ, ‘മൈക്കിനു പിറകിൽ' എന്നു ചിത്രശീർഷകം. ഏറ്റവും താഴെ, വലത്തെ അറ്റത്ത്, ‘നിർമ്മാണം ദ ജാം ഹാന്റി ഓർഗനൈസേഷൻ ' എന്നും ഉണ്ട്.

Behind the mike-ൽ റേഡിയോപെട്ടിയുടെ മുന്നിലിരിക്കുന്ന ബാലൻ, സ്വന്തം ഭാവനയിൽ നിന്ന്, കേൾക്കുന്ന വാക്കുകളിൽ നിന്ന്, ഒരു സിനിമ കാണുകയാണ്, അങ്ങിനെ ശ്രോതാവ് പ്രേക്ഷകനായി രൂപാന്തരപ്പെടുന്നു.
Behind the mike-ൽ റേഡിയോപെട്ടിയുടെ മുന്നിലിരിക്കുന്ന ബാലൻ, സ്വന്തം ഭാവനയിൽ നിന്ന്, കേൾക്കുന്ന വാക്കുകളിൽ നിന്ന്, ഒരു സിനിമ കാണുകയാണ്, അങ്ങിനെ ശ്രോതാവ് പ്രേക്ഷകനായി രൂപാന്തരപ്പെടുന്നു.

പിന്നീടു നാം കാണുന്നത്, മരത്തിന്റെ ചട്ടക്കൂടുള്ള പഴയ കാലത്തെ ഒരു റേഡിയോ. അതു ട്യൂൺ ചെയ്തു കൊണ്ടിരിക്കുകയാണ് ബാലൻ. ‘‘ഇനി റേഡിയോ പ്രോഗ്രാമിന്റെ അവസാനത്തെ എപ്പിസോഡാണ് നാം കേൾക്കാൻ പോകുന്നത്’’- ഒരു പുരുഷസ്വരം ഇതേസമയം ‘വോയ്‌സ് ഓവർ ' ആയി, വിവരണമായി, ശബ്ദപഥത്തിൽ ഉയരുകയും ചെയ്യുന്നു. തുടർന്ന് നാം കുട്ടിയോടൊത്ത് ഒരു വെസ്റ്റേൺ സിനിമ കാണുകയാണ്. വാക്കുകളിലൂടെയുള്ള വിവരണം ദൃശ്യാഖ്യാനരൂപാന്തരമായി മാറിയിരിക്കുന്നു .

റേഡിയോപെട്ടിയുടെ മുന്നിലിരിക്കുന്ന ബാലൻ, സ്വന്തം ഭാവനയിൽ നിന്ന്, കേൾക്കുന്ന വാക്കുകളിൽ നിന്ന്, ഒരു സിനിമ കാണുകയാണ്, അങ്ങനെ ശ്രോതാവ് പ്രേക്ഷകനായി രൂപാന്തരപ്പെടുന്നു ഈ സിനിമയിൽ.

ഒരു വാഹനത്തിൽ പീറ്റ് ബെൽഡനും മരുമകൾ ബെറ്റിയും കൂടി ജീവനക്കാർക്കുള്ള വേതനം നിറച്ച ബാഗുമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് റേഡിയോയുടെ ഉള്ളിൽ നിന്നുരുവാകുന്ന സിനിമയിലെ ആദ്യഷോട്ടുകൾ. അടുത്ത വളവിൽ സാം വിക്‌സ് എന്ന കൊള്ളക്കാരനും അനുചരന്മാരും ആ പണം സ്വന്തമാക്കാൻ കാത്തുനിൽക്കുന്നുണ്ട്. ആ യാഥാർത്ഥ്യം എന്നാൽ യാത്രക്കാർ ഇരുവർക്കും
അറിഞ്ഞു കൂടാ.

ജാക്ക് ഫോളിയെ പോലുള്ള ശബ്ദനിർമാതാക്കളില്ലായിരുന്നുവെങ്കിൽ പ്രതിഭാശാലികളായ എണ്ണമറ്റ ചലച്ചിത്ര സംവിധായകരുടെ സർഗ്ഗപ്രപഞ്ചം പൂർണത അറിയുമായിരുന്നില്ല

‘‘ഓരോ മാസവും ഇങ്ങനെ പണവും കൊണ്ടുപോകുമ്പോൾ ഭയം തോന്നാറില്ലേ ?'' എന്നു മരുമകൾ ചോദിക്കുന്നു. മറുപടിക്കു പകരം നാം ശബ്ദപഥത്തിൽ കേൾക്കുന്നത്, ടയറിന്റെ കാറ്റു പോകുന്ന ശബ്ദം മാത്രമാണ്. മുറിച്ചു ചേർക്കപ്പെടുന്നത്, ഒരു ആണിപ്പലകയുടെ സമീപദൃശ്യവും. തുടർന്നു വരുന്ന ദൃശ്യത്തിൽ, കുതിരപ്പുറത്തിരിക്കുന്ന മൂന്നു കൗബോയ്‌ കള്ളന്മാർ. മൂന്നു പേരും ആളറിയാതിരിക്കാൻ മുഖം മൂടിയിരിക്കുന്നു.
പഞ്ചറായ കാറും ഓടിച്ച് അമ്മാമനും മരുകളും എത്തിയിരിക്കുന്നത്, കൊള്ളക്കാർക്കുമുന്നിൽ തന്നെ. ലോകത്തെല്ലായിടത്തുമുള്ള മുഖ്യധാരാ സിനിമകളിൽ ഒരു കാലത്ത് സർവ്വസാധാരണമായിരുന്ന ഈ ‘ചേസ്'രംഗത്തിൽ ഒരു പുതുമയുമില്ല എങ്കിലും ഈ ചെറുചിത്രത്തിൽ ഈ രംഗങ്ങൾ നാം കാണുന്നത്, പഴയ റേഡിയോയുടെ ‘വെള്ളിത്തിര'യിൽ നിന്നാണ്. ഇതാണ് ചിത്രത്തിലെ കൗതുകകരമായ സംഗതി. നാടകശാലയിലെ അരങ്ങിനെ ഓർമ്മിപ്പിയ്ക്കുന്നു, റേഡി യോയുടെ മുൻഭാഗത്തുള്ള തുണി പോലുള്ള മൃദുലമായ പ്രതലം. കുട്ടി കാണുന്ന വെസ്റ്റേൺ സിനിമയുടെ വെള്ളിത്തിരയാണിത്.

റേഡിയോയിൽ ശബ്ദരേഖയിലൂടെ ബാലൻ ‘കാണുന്ന' റേഡിയോ പ്രോഗ്രാം (നാടകം), കേവലം ഭാവനയിൽ മാത്രം തെളിയുന്ന ദൃശ്യയാഥാർത്ഥ്യമാണ്. മൂന്നു മിനിറ്റ് തികയുന്നതിനു മുമ്പു തന്നെ, ‘മൈക്കിനു പിറകിൽ' എന്ന സിനിമയിൽ (വെസ്റ്റേൺ സിനിമയിൽ അല്ല), ഒരു സുപ്രധാന വഴിത്തിരിവും സംഭവിക്കുന്നു. നേരത്തെ പരമാർശിച്ച അണിയറ യാഥാർത്ഥ്യങ്ങളുടെ വിശദമായ അവതരണം. കുട്ടിയിൽ നിന്നും റേഡിയോയിൽ നിന്നും വെസ്റ്റേൺ സിനിമയിൽ നിന്നും വ്യത്യസ്തമായ ഒരു ലോകം നമ്മുടെ കേൾവിയിലേയ്ക്ക്, കാഴ്ചയിലേയ്ക്ക്, കടന്നുവരുന്നു. റേഡിയോ കേട്ടു കൊണ്ടിരിക്കുന്ന ഒരാൾ കേൾക്കുന്ന ശബ്ദങ്ങൾ, സ്റ്റൂഡിയോയിൽ എങ്ങനെ രൂ പപ്പെടുന്നു എന്നതിന്റെ ചലച്ചിത്ര ആഖ്യാനമാണിത്. ശബ്ദചിത്രീകരണം ആയിരുന്നത്, ശബ്ദരേഖ മാത്രം ആയിരുന്നത്, ആ ശബ്ദയാ ഥാർത്ഥ്യം ഏതു വിധം സ്റ്റുഡിയോയിൽ സൃഷ്ടിക്കപ്പെടുന്നു എന്നതിന്റെ ‘സിനിമ'യായി മാറുന്നു, അങ്ങനെ, സംഭാഷണവും സംഗീതവും മാത്രമല്ല, ശബ്ദവിശേഷങ്ങളും ചേർന്ന് , മിശ്രണം ചെയ്യപ്പെട്ട്, മനുഷ്യരും യന്ത്രവും ഐക്യപ്പെട്ട്, റേഡിയോയെകുറിച്ചുള്ള സിനിമയ്ക്കുള്ളിൽ മറ്റൊരു സിനിമ ജനിക്കുന്നു.

ഫോളി ആർട്ടിസ്റ്റുകൾ റേഡിയോയിൽ, സിനിമയിലും, എന്തു ചെയ്യുന്നു എന്ന് ശ്രോതാക്കൾക്ക് (പ്രേക്ഷകർക്കും), കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നത്, ഈ ഖണ്ഡത്തിലാണ്. ആദ്യം കാഴ്​ചയിലേക്ക് കടന്നുവരുന്നത്, ഒരു പുരുഷനും സ്ത്രീയും റേഡിയോ നാടകത്തിലെ സംഭാഷണം ഉരുവിടുന്ന ദൃശ്യമാണ്. ഇവർ വെറുതെ സംഭാഷണം നോക്കി വായിക്കുകയല്ല ചെയ്യുന്നത്. മുന്നിൽ കാണികൾ ആരുമില്ല എങ്കിലും, അവർ ശരീരം ഇളകി അക്ഷരങ്ങൾ, വാക്കുകൾ, ഉരുവിടുന്നു. പിന്നീട് മേശയുടെ വലിപ്പ് അടയ്ക്കുന്നതിന്റെയും വാതിൽ അടയ്ക്കുന്നതിന്റെയും യഥാതഥ ശബ്ദങ്ങൾ മുതൽ ശബ്ദങ്ങളുടെ വൈവിധ്യമാർന്ന ഒരു ലോകത്തിൽ, സംഭാഷണവും ഗ്രാമഫോൺ റെക്കോർഡിൽ നിന്നുമുള്ള സംഗീതവും അവസരോചിതമായി ചേർക്കുന്നു. ഒരു സ്റ്റാൻറിൽ ഘടിപ്പി ച്ച മൈക്കും തൂക്കിയിട്ടിരിക്കുന്ന മൈക്കും എല്ലാം അവിടെ സജ്ജീകരിച്ചിരിക്കുന്നു. അഭിനേതാക്കൾക്ക് സന്ദർഭമനുസരിച്ച് സ്വരവ്യതിയാനങ്ങൾ വരുത്തുവാൻ ഇതു സഹായകമാകുന്നു.

ജാക്ക് ഡൊനോവൻ  ഫോളി
ജാക്ക് ഡൊനോവൻ ഫോളി

ഒരു പുരുഷൻ തന്നെ ശബ്ദം മാറ്റി, കുട്ടിയുടെയോ സ്ത്രീയുടെയോ സ്വരത്തിൽ സംഭാഷണം അവതരിപ്പിക്കുന്നു. ഏകദേശം മൂന്നു മിനിറ്റു നേരം കൊണ്ട് ഈ ഭാഗം അവതരിപ്പിക്കപ്പെടുന്നു . നാടകം ആസ്വദിയ്ക്കുന്ന ബാലനാണ് ഇനി. കുട്ടിയുടെ മുഖത്ത്, നാടകത്തിൽ എത്ര ആഴത്തിൽ മുഴുകിയിരിക്കുകയാണ് അവൻ എന്നു വ്യക്തമാകും വിധം, ഒരു പുഞ്ചിരി വിടരുന്നു. അഞ്ചാറു നിമിഷം കഴിയുമ്പോൾ റേഡിയോ മാത്രമായി സമീപദൃശ്യത്തിൽ. രണ്ടു നായകരുണ്ട് ചിത്രത്തിൽ എന്നതിന്റെ ഒരു സൂചന പോലെ ഈ ദൃശ്യം. തുടർന്നു വരുന്നത്, ഫോളി ആർട്ടിസ്റ്റുകളുടെ മികവുറ്റ പ്രകടനമാണ്. ഉടലിളക്കി അവർ കാൽവെപ്പുകളും സംഭാഷണവും എല്ലാം അവതരിപ്പിക്കുന്നു. മരം വെട്ടുന്നതും വെള്ളത്തിലേയ്ക്ക് ചാടുന്നതും തീ പടരുന്നതും കുതിരക്കുളമ്പടികളും പശുവിനെ കറക്കുന്നതും കാറോടുന്നതും വെടിയുതിർക്കുന്നതും എല്ലാം, അവർ ഈ ശബ്ദങ്ങളുമായി വിദൂരബന്ധം പോലുമില്ലാത്ത വസ്തുക്കളുപയോഗിച്ചു സൃഷ്ടിക്കുന്നു. റേഡിയോനാടകവും സുഖപര്യവസാനിയായി വെസ്റ്റേൺ സിനിമയും അവസാനിക്കുന്നത്, വാക്കുകളിലാണ്, റേഡിയോ അവതാരകന്റെ വിട പറയലിലാണ്. ‘‘നമ്മുടെ റേഡിയോ ഡ്രാമയുടെ ഉദ്വേഗജനകമായ എപ്പിസോഡിലേയ്ക്കു എത്തിച്ചേരുകയാണ് നാമിപ്പോൾ '' ( And now we come to the thrilling episode of our radio drama ...) എന്ന റേഡിയോ അവതാരകന്റെ വാക്കുകളിൽ ആരംഭിച്ച ഒരു ശ്രവ്യാനുഭവം, ‘‘ഞങ്ങളുടെ ശ്രോതാക്കളായ സുഹൃത്തുക്കൾക്ക് ഞങ്ങൾ ശുഭരാത്രി '' ( And we leave our old Pete safe and sound with Betty in her new car and to our friends of the audience we bid a pleasant goodnight ) നേരുന്നു എന്ന അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ അവസാനിക്കുമ്പോൾ, ശ്രവ്യവും ദൃശ്യവും ഇടകലരുന്ന ചലച്ചിത്രാനുഭവം ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഒടുവിൽ.

നാൽപ്പതോളം വർഷം സിനിമക്കുവേണ്ടി ഫോളി ശബ്ദങ്ങൾ ഒരുക്കിയ ജാക്ക് ഫോളിയുടെ പേര് ഒരു ചിത്രത്തിന്റെ ക്രെഡിറ്റ്‌സിലും പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വലിയ വിരോധാഭാസം തന്നെ. എണ്ണമറ്റ കഥാപാത്രങ്ങളുടെ വൈവിദ്ധ്യപൂർണമായ കാലൊച്ചകൾ, സ്വന്തം കാൽവെപ്പുകൾ കൊണ്ടാണ് സിനിമയുടെ ചരിത്രത്തിൽ ജാക്ക് ഫോളി അവതരിപ്പിച്ചത്. ഇതിനെ കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞത്, ആ ചുവടുകളിലൂടെ താൻ സ്റ്റുഡിയോകളിൽ വെച്ചു നടന്നു തീർത്തത്, മൈലുകൾ ആയിരുന്നു എന്നാണ്. "ശബ്ദ വിശേഷങ്ങളുടെ പിതാവ്'( the father of audio sound effects) എന്നു വിളിക്കപ്പെടുന്ന അദ്ദേഹത്തെ ശബ്ദപ്രവർത്തകരുടെ സംഘടനയായ ‘മോഷൻ പിക്ചർ എഡിറ്റേസ്,' ഗോൾഡൻ റീൽ അവാർഡ് നല്കി ആദരിച്ചത് മരണാനന്തരമാണ്.

എവിടെ നിന്നു വരുന്നു ഫോളി എന്ന പദം?
ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു ലേഖനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘‘സജീവമായ റേഡിയോപ്രക്ഷേപണങ്ങളിൽ, ഓരോ രംഗത്തിനും അനിവാര്യമായി വരുന്ന ശബ്ദങ്ങൾ പുനർസൃഷ്ടി നടത്താനുള്ള സാങ്കേതികരീതികൾ കണ്ടുപിടിച്ചത്, ജാക്ക് ഡൊനോവൻ ഫോളി ആണ് ( The term actually comes from a man, Jack Donovan Foley, who made sound effects for live radio broadcasts. He invented the technical methods to reproduce sounds that are essential for every scene.- Michael Maher, March 18, 2016).

ജാക്ക് ഫോളിയെ പോലുള്ള ശബ്ദനിർമാതാക്കളില്ലായിരുന്നുവെങ്കിൽ പ്രതിഭാശാലികളായ എണ്ണമറ്റ ചലച്ചിത്ര സംവിധായകരുടെ സർഗ്ഗപ്രപഞ്ചം പൂർണത അറിയുമായിരുന്നില്ല എന്നു നമുക്കിന്നറിയാം. ഇവരാണ് പരിഗണന തെല്ലുമർഹിക്കാതിരുന്ന സാധാരണ ശബ്ദങ്ങൾക്ക് സിനിമയിലൂടെയും റേഡിയോയിലൂടെയും ഒരു വിമോചനം സാദ്ധ്യമാക്കിയത്. ഈ ശബ്ദങ്ങൾക്കാണ് സർഗ്ഗധനരായ സംവിധായകർ പുതുജീവനും അർത്ഥവും കൊടുത്ത് അവയെ അനശ്വരമാക്കിയത്, അവയിൽ നിന്ന് ലാവണ്യവൽകൃത വികാരങ്ങൾ സൃഷ്ടിച്ചത്. ‘‘വാക്കിന്റെ വെളിച്ചം ഇല്ലായിരുന്നുവെങ്കിൽ മൂന്നു ലോകങ്ങളും അന്ധതമസ്സിൽ ആണ്ടു പോകുമായിരുന്നു'' എന്നല്ലേ ഒരു സംസ്‌കൃതശ്ലോകം വെളിപ്പെടുത്തുന്നത്? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഐ. ഷണ്മുഖ ദാസ്

ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും ദൃശ്യകലാ പഠനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു. തൃശൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽനിന്ന് അധ്യാപകനായി വിരമിച്ചു. മലകളിൽ മഞ്ഞ് പെയ്യുന്നു, സഞ്ചാരിയുടെ വീട്, ഗൊദാർദ്: കോളയ്ക്കും മാർക്‌സിനും നടുവിൽ, ശരീരം നദി നക്ഷത്രം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments