രാജാവിന്റെ മകൻ: ജാതിരാജാവിനെ അട്ടിമറിച്ച അധോലോക രാജാവ്

രാജാവിന്റെ ഫ്യൂഡൽ സാംസ്‌കാരിക കോയ്മയെ നിലനിർത്തുകയാണ് ഈ രാജാവെന്നു തോന്നുമെങ്കിലും തെരുവുഗുണ്ടയായ ആളിന്റെ മകനായ ഈ രാജാവ് അധോലാകമാണ് ഭരിക്കുന്നതെന്നു പറയുന്നതിലൂടെ ജാതിരാജാവിനെ റദ്ദാക്കുകയാണെന്നാണ് കാണേണ്ടത്- എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ ‘രാജാവിന്റെ മകൻ’ എന്ന സിനിമയുടെ കാഴ്​ച

1980-കളെയാണ് മലയാള സിനിമയുടെ സുവർണകാലമെന്ന് നിരൂപകർ വിശേഷിപ്പിക്കുന്നത്. കലാപരമായും വാണിജ്യപരമായും മലയാളസിനിമ ശക്തമായൊരു മാധ്യമമായതാണ് ഈ അടയാളപ്പെടുത്തൽ സൂചിപ്പിക്കുന്നത്. അക്കാലത്തെ കേരളീയ സമൂഹത്തിലെ സാമൂഹികതയെ ആഴത്തിലടയാളപ്പെടുത്തുന്ന രാഷ്ട്രീയബലം ഇക്കാലത്ത് സിനിമ നേടിയെടുക്കുന്നുണ്ടെന്നു പറയാം. ഈ രാഷ്ട്രീയത്തിന്റെ അടയാളമായി എൺപതുകളിലെ സിനിമയിൽ മൂന്നു പ്രധാനപ്പെട്ട പ്രമേയങ്ങൾ പൊതുവായി കാണാൻ കഴിയുന്നുണ്ട്.

പരമ്പരാഗത കേരളീയ ജാതിസാമൂഹ്യഘടനയെ ഉലച്ച്​ പണത്തിന്റെ വലിയ തോതിലുള്ള വരവ് സമൂഹത്തിലുണ്ടാകുന്നതായ സൂചനകൾ ധാരാളം വരുന്നു. ഗൾഫ് പ്രവാസത്തിന്റെ ഫലമാണ് ഇതിനു കാരണമെന്ന് ദൃശ്യവത്കരിക്കപ്പെടുന്നു. പണം ധാരാളമായി എത്തുന്നതിന്റെ ഫലമായി വലിയ വീടുകൾ, പുതിയ ജീവിത ആനന്ദോപാധികൾ എന്നിവ കടന്നുവരുന്നു. ചെറുപ്പക്കാർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും പഴയ കുലത്തൊഴിലുകളുമായി ജീവിതം അസാധ്യമാണെന്നും അവർക്ക് പണത്തിന്റെ വർധിച്ച ആവശ്യങ്ങളുണ്ടെന്നും സൂചിപ്പിക്കപ്പെടുന്നു. അങ്ങനെ ഇവർക്ക് ഒടുവിൽ ധാരാളം പണം കിട്ടുന്നതായി കാണിക്കുന്നു. പുറത്തുനിന്ന് മറ്റൊരു ശക്തിയുടെയോ സമൂഹത്തിന്റെയോ സാന്നിധ്യം ഉണ്ടാകുന്നതായി ദൃശ്യത്കരിക്കപ്പെടുന്നു. ഇത് ഏതെങ്കിലും രൂപത്തിലുള്ള ഭീഷണിയായോ തട്ടിക്കൊണ്ടുപോകലായോ പ്രത്യക്ഷപ്പെടുന്നു. അധോലോകം എന്നൊരു ശക്തി പ്രത്യക്ഷപ്പെടുന്നു. ‘അന്യരു’ടെ ഇത്തരം ഇടപെടലുകൾ നടക്കുന്നതിനുള്ള മാധ്യമമായി ടെലഫോൺ അവതരിപ്പിക്കപ്പെടുന്നു. ഇതുവരെ അറിയപ്പെടാത്ത ലോകങ്ങളെ മലയാളി തൊട്ടറിയുന്നതിന്റെ പ്രതീകങ്ങളാണിവയെന്നു കാണാം. ഇത്തരത്തിലുള്ള സാമൂഹികമാറ്റങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് ചില സിനിമകൾ ഹിറ്റ് എന്ന വിഭാഗത്തിലേക്കു കടന്നുവന്നതെന്നു പറയാം. മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ രാജാവിന്റെ മകൻ എന്ന സിനിമ (1986) എൺപതുകളിലെ കേരളീയ പരിവർത്തനങ്ങളുടെ പ്രതീകാത്മക കാഴ്ചയാണ്.

വിവാഹം കഴിക്കാത്ത ഒറ്റമാതാവ്

വക്കീലായ നാൻസിയുടെയും അധോലോകനായകനായ വിൻസെൻറ്​ ഗോമസിന്റെയും രാഷ്ട്രീയക്കാരനായ കൃഷ്ണദാസിന്റെയും ജീവിതത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് സിനിമയുടെ കഥാതന്തു. നാൻസി- കൃഷ്ണദാസ് പ്രണയം കൃഷ്ണദാസിന്റെ രാഷ്ട്രീയമോഹത്തോടെ തകരുന്നു. (മലയാള സിനിമയിലെ വലിയ ‘തേപ്പു’കളിൽ ഒന്ന് നടത്തിയിരിക്കുന്നത് നായകനാണ് എന്നത് ശ്രദ്ധിക്കണം). അനാഥയായ നാൻസി വക്കീലായി ജോലി ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നു. ഒടുവിൽ അവളുടെ ജോലിനഷ്ടത്തിനു കാരണക്കാരനായ ഗോമസിന്റെ വക്കീലായി അവൾ ധാരാളം പണം സമ്പാദിക്കുന്നു. ഗോമസും കൃഷ്ണദാസും തമ്മിലുള്ള സംഘർഷത്തിൽ ഗോമസിന്റെ ജീവിതം ദുരന്തത്തിലേക്ക് എത്തുന്നു. 1981-82 കാലത്ത് കേരളത്തിലെ രാഷ്ട്രീയരംഗത്തു നടന്ന ഇടതുഭരണത്തിന്റെ അട്ടിമറിക്കലും കേരള കോൺഗ്രസിന്റെ കാലുമാറ്റവും ഉൾപ്പെടുന്ന സംഭവങ്ങളാണ് കഥയുടെ രാഷ്ട്രീയ പശ്ചാത്തലമെന്നു പറയാം.

രാജാവിന്റെ മകനിൽ രാഷ്ട്രീയ നേതാവായ കൃഷ്ണദാസായി രതീഷ്.
രാജാവിന്റെ മകനിൽ രാഷ്ട്രീയ നേതാവായ കൃഷ്ണദാസായി രതീഷ്.

മലയാള ജനപ്രിയചിത്രങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം പുരുഷക്കാഴ്ചയാണെന്ന പൊതുബോധം ശക്തമാണ്. ജനപ്രിയ സിനിമ കച്ചവട വിഭവമായി സ്ത്രീകളെ വസ്തുവൽക്കരണത്തിനു വിധേയമാക്കുന്ന കഥകളാണെന്ന കാഴ്ച ശക്തമായിട്ടുണ്ട്. അതിനാൽ സ്ത്രീകഥാപാത്രങ്ങളുടെ പാത്രസ്വഭാവത്തെ വേണ്ടത്ര മനസ്സിലാക്കുന്ന ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പറയാം. എന്നാൽ എൺപതുകളിലെ താരങ്ങളാൽ പ്രേക്ഷകശ്രദ്ധ നേടിയ സിനിമകളും അതിലെ സ്ത്രീകഥാപാത്രങ്ങളുടെ കരിയർ കേന്ദ്രീകൃത ജീവിതം കൊണ്ടാണ് ശ്രദ്ധേയമാകുന്നതെന്ന് ഈ പരമ്പരയിലെ മുന്നെഴുത്തുകൾ വ്യക്തമാക്കിക്കഴിഞ്ഞു.

രാഷ്ട്രീയാധികാരവും അധോലോകാധികാരവും ചേരുന്ന രണ്ടു വലിയ പുരുഷമാരുടെ കഥയ്ക്കിടയിൽ അമർന്നു കിടക്കുന്ന നാൻസിയുടെ ജീവിതമാണ് ഇപ്പോഴത്തെ കാഴ്ചയിൽ കൂടുതലായി തെളിഞ്ഞു വരുന്നത്. എത്ര വലിയ ജോലി ചെയ്താലും സ്ത്രീകൾ സമ്പത്തുണ്ടാക്കുന്നത് മലയാള സിനിമ കാണിക്കാറില്ല എന്ന് മുൻപഠനങ്ങളിൽ വ്യക്തമാക്കിയിരുന്നു. അതിനപവാദമാണ് ഈ സിനിമ. അനാഥയായ നാൻസി പള്ളിയിലെ അനാഥാലയത്തിൽ ജീവിച്ച് പഠിച്ച് വക്കീലായി മാറുന്നു. പ്രണയത്തിലൂടെ ഗർഭിണിയായി പുരുഷൻ ഉപേക്ഷിച്ചപ്പോഴും ഒറ്റമാതാവായി (Single Mother) അവൾ പതറാതെ മകനെയും നോക്കി ഹോസ്റ്റലുകളിൽ ജീവിക്കുന്നു. ജോലി നഷ്ടമായപ്പോൾ പുതിയ ജോലിക്ക് ശ്രമിക്കുന്നു. വിവാഹവും കുടുംബവുമില്ലാതെ സ്ത്രീക്ക് അമ്മയായി ജീവിക്കാം എന്നു അക്കാലത്തെ സിനിമകൾ പറഞ്ഞു എന്നത് അടുത്ത കാലത്തുണ്ടായ വിവാദങ്ങളോടു ചേർത്തുവയ്‌ക്കേണ്ടതാണ്.

ജോലിചെയ്ത് കരിയർ വളർത്താൻ ശ്രമിക്കുന്നതിൽ തത്പരരായ സ്തീകൾ കുടുംബം വിവാഹം എന്നിവയെ ഗൗരവമായി ശ്രദ്ധിക്കില്ല എന്നത് ഡെന്നീസ് ജോസഫിന്റെ സിനിമകൾ പറയുന്നത് മുൻപഠനങ്ങളിൽ വ്യക്തമാക്കിയിരുന്നു (നിറക്കൂട്ട്, ന്യൂഡെൽഹി). ഇവിടെയും അതു കാണുന്നുവെന്നു മാത്രമല്ല അടുക്കളപ്പണി പോലുള്ളവ പാടേ ഒഴിവാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം തന്നെ തൊഴിലിടമായ കോടതിയിൽ അതിശക്തമായി വാദമുഖങ്ങൾ അവതരിപ്പിക്കുന്ന വക്കീലായ നാൻസിയെ ആവർത്തിച്ചു കാണിക്കുകയും ചെയ്യുന്നു. (എന്നാൽ നാൻസിയുടെ വലിയ വീട്ടിൽ വക്കീലാഫിസോ മറ്റോ കാണിക്കുന്നില്ല എന്നതും പറയേണ്ടതുണ്ട് കോടതിയിൽ വാദിക്കാനുള്ള കുറിപ്പൊക്കെ നാൻസി എഴുതുന്നത് സ്വീകരണമുറിയിലെ സെറ്റിയിലിരുന്നാണ്) . നവോത്ഥാനകാലത്തു തന്നെ വക്കീലായും ജഡ്ജിയായും ശോഭിച്ച അന്നാ ചാണ്ടിയെപ്പോലുള്ളവരുടെ ചരിത്രം പ്രതീകാത്മകമായി ഇവിടെ കണ്ണി ചേരുന്നുണ്ട്. അന്നാ ചാണ്ടിയുടെ വക്കീൽ പ്രകടനം കണ്ടാണ് തന്റെ മകളെ വക്കീലാക്കാൻ ഗൗരിയമ്മയുടെ പിതാവ് ആഗ്രഹിച്ചതെന്ന് അവർ ആത്മകഥയിലെഴുതിയതും ഓർക്കണം. വക്കീൽപ്പണി എന്ന ആണുങ്ങളുടെ തൊഴിലിടത്തിൽ സ്ത്രീകൾ കടന്നുകയറുന്നതിന്റെ സാമൂഹ്യസന്ദർഭത്തിന്റെ തുടർച്ചയാണിത്. ഗോമസിന്റെ വക്കീലായി അവൾ ധാരാളം പണം നേടുകയും വലിയ വീടും കാറും സ്വന്തമാക്കുകയും ചെയ്യുന്നു. സാമ്പത്തികമായി വളർന്ന ശേഷം തന്നെ വളർത്തിയ അനാഥാലയത്തിന് അവൾ സംഭാവനയായി നൽകുന്നത് ഒരുലക്ഷം രൂപയുടെ ചെക്കാണെനുള്ളത് അവളുടെ വളർച്ച അടയാളപ്പെടുത്തുന്നു. ഈ സിനിമയിൽ അന്ന് മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയത് നടിയായ നാൻസിയെ അവതരിപ്പിച്ച അംബികയായിരുന്നുവെന്നതും പ്രധാനമാണ്.

നാൻസിയുടെ ജീവിതത്തെ കൂടുതൽ ശക്തമാക്കുന്നത് രണ്ടുപുരുഷന്മാർക്കിടയിൽ ഒറ്റയ്ക്കു നില്ക്കാം എന്നാം നിലപാടാണ്. കാമുകനായ കൃഷ്ണദാസ് ചതിച്ചപ്പോൾ അവൾ പതറിയില്ല. അവൾക്കുവേണമെങ്കിൽ അയാളുടെ രാഷ്ട്രീയ ജീവിതം തന്നെ തകർത്തുകളയാമായിരുന്ന ശക്തിയാകാമായിരുന്നു. അല്ലെങ്കിൽ അയാളൊടൊപ്പം പോയി അയാൾക്കു വിധേയപ്പെട്ട് ജീവിക്കാമായിരുന്നു. എന്നാൽ അവളതിന് തയാറായില്ല. പിന്നീട് വിൻസെന്റെ ഗോമസ് ജീവിതം തരാമോ എന്നാവശ്യപ്പെട്ടപ്പോഴും അവൾ വഴങ്ങിയില്ല എന്നതാണ് രണ്ടാമത്തെ കാര്യം. അയാളുടെ വക്കീലെന്ന നിലയിൽ മാത്രമാണ് അവൾ ജോലിചെയ്തത്. ആ ജോലിക്കൊപ്പം അയാളുടെ ഭാര്യയാകുന്ന ജോലി അവൾ വേണ്ടെന്നുവച്ചു. രണ്ടുപുരുഷന്മാരെയും തിരസ്‌കരിക്കാനുള്ള തീരുമാനം സ്ത്രീക്ക് പുരുഷനില്ലാതെ ഒറ്റയ്ക്കു ജീവിക്കാം എന്നതിന്റെ സാക്ഷ്യമാണ്.

‘രാജാവിന്റെ മകനി’ൽ നാൻസിയായി അംബിക. വിവാഹവും കുടുംബവുമില്ലാതെ സ്ത്രീക്ക് അമ്മയായി ജീവിക്കാം എന്നു അക്കാലത്തെ സിനിമകൾ പറഞ്ഞു എന്നത് അടുത്ത കാലത്തുണ്ടായ  വിവാദങ്ങളോടു ചേർത്തുവയ്‌ക്കേണ്ടതാണ്.
‘രാജാവിന്റെ മകനി’ൽ നാൻസിയായി അംബിക. വിവാഹവും കുടുംബവുമില്ലാതെ സ്ത്രീക്ക് അമ്മയായി ജീവിക്കാം എന്നു അക്കാലത്തെ സിനിമകൾ പറഞ്ഞു എന്നത് അടുത്ത കാലത്തുണ്ടായ വിവാദങ്ങളോടു ചേർത്തുവയ്‌ക്കേണ്ടതാണ്.

രാജാവിനെ നീക്കംചെയ്ത റൗഡി

കേരളചരിത്രത്തിൽ രാജാവെന്ന സ്ഥാനത്തെക്കുറിച്ച് ചരിത്രകാരന്മാർ പുലർത്തുന്ന ധാരണകൾ വ്യത്യസ്തമാണ്. ഇന്നും കേരളീയ പൊതുബോധത്തിൽ നിലനില്ക്കുന്ന രാജാവെന്ന പദവി വലിയ അധികാരമുണ്ടായിരുന്ന, ഭീകരമായ യുദ്ധമൊക്കെ നടത്തിയിരുന്ന അന്നദാതാവായ പൊന്നുതമ്പുരാക്കന്മാരെക്കുറിച്ചാണ്. കേരളത്തിന്റെ ഭൂതകാലമെന്നത് വലിയ രാജാക്കന്മാരുടെ സമ്പത്തും പ്രൗഢിയുമുള്ള സാമ്രാജ്യങ്ങളുടെ കഥയാണെന്ന് ഇളംകുളം കുഞ്ഞൻപിള്ളയുടെയും മറ്റും ചരിത്രത്തിലൂടെ പാഠപുസ്തകങ്ങൾ ആവർത്തിക്കുന്നുണ്ട്. അടുത്തകാലത്തും ഈ ചരിത്രബോധം ജനാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്ന വിധത്തിൽ കേരളത്തിൽ സംസാര വിഷയമായിരുന്നു. കേരളത്തിലെ രാജാക്കന്മാർ നിർമിച്ച സ്ഥാപനങ്ങളാണ് ഇന്നും ഇവിടെ കാണുന്നതെന്നും രാഷ്ട്രീയക്കാർ ഭരിക്കാൻ തുടങ്ങിയതോടെ ആ നന്മകളൊക്കെ ഇല്ലാതായെന്നുമുള്ള മട്ടിലാണാ ചരിത്രം ആവർത്തിക്കപ്പെടുന്നത്. ഈ ചരിത്രബോധത്തെ ചോദ്യംചെയ്യുന്ന വായനകൾ, കേരളത്തിലെ രാജസ്ഥാനങ്ങളൊക്കെ ബ്രാഹ്‌മണർക്കു പാദസേവ ചെയ്തിരുന്ന ദുർബലമായ അധികാരസ്ഥാനങ്ങളായിരുന്നുവെന്നും വലിയ സാമ്പത്തികനിലയോ വിഭാവാധികാരമോ അവർക്കു പുലർത്തുവാൻ കഴിഞ്ഞില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

ജാതിവ്യവസ്ഥയെയും അതിന്റെ ആചാരങ്ങളെയും നിലനിർത്തുന്നതിനപ്പുറത്ത് സമൂഹത്തിന്റെ പൊതുവായ വികസനത്തിനുതകുന്ന പ്രക്രിയകൾ ചെയ്യുന്നതിന് ഭൂരിപക്ഷം രാജഭരണകൂടങ്ങൾക്കും കഴിഞ്ഞിരുന്നില്ലെന്നാണ് വിമർശനം. ശക്തമായ ഉദ്യോഗസ്ഥസംവിധാനങ്ങളിലൂടെ കാര്യക്ഷമമായ നികുതിപിരിവു നടത്തി പൊതുവായി ഉപയോഗിക്കാവുന്ന നൂതന സഞ്ചാരമാർഗങ്ങളും വിദ്യാഭ്യാസംപോലുള്ള വികസനവും സൃഷ്ടിച്ച് സമൂഹത്തെ ഈ രാജാക്കന്മാർ വളർത്തിയതായി കാണുന്നില്ല. അതേസമയം കൊളോണിയലിസം വന്നപ്പോൾ രാജാക്കന്മാർ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നുണ്ട്. അതിനർഥം, ജാതിക്കു കീഴടങ്ങിയിരുന്ന, ജാതിയെ നിലനിർത്താൻ പ്രവർത്തിച്ച, കേരളാചാരം എന്ന വ്യവസ്ഥയെ അനുസരിച്ച സ്ഥാപനമായിരുന്നു കേരളത്തിലെ രാജസ്ഥാനങ്ങളെന്നാണ്. ഈ രാജസ്ഥാനങ്ങളെ ആധുനികത റദ്ദുചെയ്യുന്നതാണ് കേരളത്തിന്റെ നവോത്ഥാനചരിത്രം എന്നു പറയുന്നത്. പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിൽ ജാതിക്കെതിരേ നടന്ന പോരാട്ടങ്ങളിൽ ഇവിടുത്തെ രാജാക്കന്മാരെടുത്ത നിലപാടുകൾ ഇതിലേക്കു വെളിച്ചുവീശുന്നുണ്ട്.

നവോത്ഥാനം ശക്തിപ്പെട്ടപ്പോൾ ജനാധിപത്യവും ആധുനിക ബോധ്യങ്ങളും ശക്തമാവുകയും ഫ്യൂഡലിസം ചരിത്രവും ഭൂതകാലവുമായി മാറുകയും ചെയ്തു. അങ്ങനെ രാജാക്കന്മാരും അവരുടെ കൊട്ടാരങ്ങളെന്നു പറയുന്ന സ്ഥലങ്ങളും കാഴ്ചബംഗ്ലാവുകളായി മാറി. എങ്കിൽപ്പോലും രാജാവ് എന്ന സ്ഥാനത്തിനും അതിന്റെ മൂല്യങ്ങൾക്കും സവിശേഷമായ സാംസ്‌കാരികാധിപത്യം നമ്മുടെ പൊതുമണ്ഡലത്തിലുണ്ടായിരുന്നു. 1970 കളിൽ നാട്ടുരാജാക്കന്മാരുടെ പ്രൈവി പേഴ്‌സ് നിർത്തലാക്കിയത് അവരുടെ അധികാരബന്ധങ്ങളുടെ സാംസ്‌കാരികമൂലധനത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. രാജസ്ഥാനങ്ങൾ ജാതിപരമായി തുടരുന്ന പദവിയായിരുന്നുവെങ്കിൽ ആ ജാതിസമൂഹത്തിന്റെ പ്രത്യക്ഷരൂപങ്ങളും ഉല്പാദനബന്ധങ്ങളും അപ്രത്യക്ഷമായി വർഗ്ഗസമൂഹം ശക്തമായപ്പോഴാണ് ആ രാജാവിനെ റദ്ദാക്കുന്ന പുതിയ രാജാവ് പ്രത്യക്ഷപ്പെടുന്നത്. രാജാവിന്റെ ഫ്യൂഡൽ സാംസ്‌കാരിക കോയ്മയെ നിലനിർത്തുകയാണ് ഈ രാജാവെന്നു തോന്നുമെങ്കിലും തെരുവുഗുണ്ടയായ ആളിന്റെ മകനായ ഈ രാജാവ് അധോലാകമാണ് ഭരിക്കുന്നതെന്നു പറയുന്നതിലൂടെ ജാതിരാജാവിനെ റദ്ദാക്കുകയാണെന്നാണ് കാണേണ്ടത്. ജാതസമൂഹം പദവികളെ ജാതിപരമായി പാരമ്പര്യമായി നല്കുമ്പോൾ വർഗ്ഗസമൂഹം പദവികളെ പണം കണ്ടെത്തി നേടിയെടുക്കേണ്ട ഒന്നാക്കി മാറ്റുന്നു. കൊളോണിയലിസം വന്നപ്പോൾ കൂലിപ്പണമാക്കുകയും മറ്റും ചെയ്തപ്പോഴാണ് കീഴാളർക്ക് അല്പമെങ്കിലും സാമൂഹിക വളർച്ച സാധ്യമായതെന്നു കാണാം. ജാതിപരമായ തൊഴിലുകൾക്കുപരി പുതിയ തൊഴിലുകൾ വന്നതും ശമ്പളമൊക്കെ കിട്ടുന്ന രീതി വ്യാപകമായതും ഇക്കാലത്താണ്. അങ്ങനെ ജാതിപാരമ്പര്യമോ തറവാടിത്തമോ കൊണ്ട് കഴിയുക പുതിയകാലത്ത് സാധ്യമല്ലെന്നു വന്നു. ഇംഗ്ലീഷിനെ എതിർത്തവരും ആധുനികതയെ ഭയന്നവരുമെല്ലാം ഇക്കാലത്ത് പഠിക്കാൻ പോയി ജോലി നേടാൻ ശ്രമിക്കുന്നു. രാജകുടുംബത്തിൽപെട്ടവർപോലും ആധുനികതൊഴിലുകളിലേക്കു പോകുന്നത് വ്യാപകമാകുന്നു.

എഴുപതുകളിൽ ഗൾഫ് പ്രവാസമാണ് ജാതിത്തൊഴിലിന്റെ അവേശഷിച്ച വേരുകളക്കൂടി പൊതുബോധത്തിൽനിന്ന് ഇറക്കിവിട്ടതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നത് ഇവിടെ പ്രസക്തമാകുന്നു. 1970 ലാണ് കേരള സർക്കാർ ജന്മിത്വം ഔദ്യോഗികമായി ഇല്ലാതാക്കി പ്രഖ്യാപനം നടത്തിയതെന്നത് യാദൃച്ഛികമാകാനിടയില്ല. ഇവിടെ ജാതിപാരമ്പര്യം പറഞ്ഞുനടന്നവർക്കും ഗൾഫിലും മറ്റുംപോയി കൂലിപ്പണിപോലെ അധ്വാനമാവശ്യമുള്ള ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നത് ഉദാഹരണമാണ്. പാരമ്പര്യമായി പണക്കാരായിരുന്നവരെക്കാൾ വലിയ പണക്കാരായി ഗൾഫുകാർ മാറുന്നത് മറ്റൊന്നാണ്. ഈ സാമൂഹിക പരിവർത്തനത്തിലാണ് ജാതിയുടെ പരിപാവനമായ രാജസ്ഥാനത്തെ മിമിക്രി ചെയ്തുകൊണ്ട് സമൂഹത്തിന് അംഗീകരിക്കാനാവാത്ത രാജാവ് ഉണ്ടാകുന്നത്. ജാതിപദവിക്കു പകരം അധോലോകഗുണ്ട എന്ന ക്രൂരൻ കടന്നുവരുന്നത്.

‘രാജാവിന്റെ മകനി’ൽ മോഹൻലാൽ. കേരളീയ പൊതുബോധത്തിലെ സംരക്ഷകനായ രാജാവിനെ മാറ്റിവച്ച് കൊല്ലും കൊലയും നടത്തുന്ന ഗുണ്ടയെ രാജാവാക്കുന്നു. ഇതാണ് ഭൂതകാലത്തിന്റെ അട്ടിമറി എന്നു പറയുന്നത്.
‘രാജാവിന്റെ മകനി’ൽ മോഹൻലാൽ. കേരളീയ പൊതുബോധത്തിലെ സംരക്ഷകനായ രാജാവിനെ മാറ്റിവച്ച് കൊല്ലും കൊലയും നടത്തുന്ന ഗുണ്ടയെ രാജാവാക്കുന്നു. ഇതാണ് ഭൂതകാലത്തിന്റെ അട്ടിമറി എന്നു പറയുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറെ ഹിറ്റായ സംഭാഷണമായി കരുതുന്ന വിൻസെൻറ്​ ഗോമസിന്റെ വാക്കുകൾ കേരളീയ രാജചരിത്രത്തിന്റെ പരിണാമത്തിലേക്കുള്ള സൂചനകളാണ്.‘രാജുമോൻ ഒരിക്കൽ എന്നോട് ചോദിച്ചു അങ്കിളിന്റെ ഫാദർ ആരാണെന്ന്, ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്, കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു... പ്രിൻസ് രാജകുമാരൻ രാജാവിന്റെ മകൻ. യേസ് ആം എ പ്രിൻസ്, അണ്ടർവേൾഡ് പ്രിൻസ്.... അധോലോകങ്ങളുടെ രാജകുമാരൻ'.

ഇതിനു ശേഷമാണ് തന്റെ പിതാവിനെ കുറിച്ച് അയാൾ പറയുന്നത്. പിതാവ് ആ നഗരത്തിലെ ഒരു റൗഡിയായിരുന്നു. എത്ര ഇടികൊണ്ടാലും 5 രൂപയിൽ കൂടുതൽ സമ്പാദിക്കാൻ കഴിയാത്ത ഒരു റൗഡി. അതായത് നഗരത്തിലെ കുറ്റകൃത്യങ്ങളുടെ വളരെ ദയനീയ സാഹചര്യത്തിലായിരുന്നു ഗോമസിന്റെ ഭൂതകാലം കിടക്കുന്നത്. അച്ഛൻ സാത്തികമായി ഒടും നേട്ടമുണ്ടാക്കാത്ത ആളായിരുന്നു. ആ ആളിനെയാണ് ഗോമസ് രാജാവാക്കി ചിത്രീകരിക്കുന്നത്. കേരളീയ പൊതുബോധത്തിലെ സംരക്ഷകനായ രാജാവിനെ മാറ്റിവച്ച് കൊല്ലും കൊലയും നടത്തുന്ന ഗുണ്ടയെ രാജാവാക്കുന്നു. ഇതാണ് ഭൂതകാലത്തിന്റെ അട്ടിമറി എന്നു പറയുന്നത്. ജാതിപരമായ പദവികളെ കീഴ്‌മേൽ മറിച്ച് അധികാരപദവികളെ സൃഷ്ടിക്കുക. പണത്തിന്റെ സ്വതത്രമായ ഒഴുക്കു സാധ്യമാകുന്ന അതിലൂടെ പദവികൾ ആർജിച്ചെടുക്കാൻ കഴിയുന്ന വർഗവ്യവസ്ഥയിലാണ് പുതിയ രാജാവ് ഉണ്ടാവുക. പരമ്പരാഗത ജാതിരാജാവിന്റെ സ്ഥാനമോ പദവികളോ സ്മരണയിലേക്ക് കൊണ്ടുവരാത്തവിധമാണ് ഇവിടെ സംഭാഷണം സൃഷ്ടിക്കപ്പെടുന്നതെന്നും കാണാം. അതാണ് രാജുമോന്റെ പ്രിൻസ് എന്ന വിളി കൊണ്ടുവരുന്നതിന്റെ പൊരുൾ.

റൗഡിയെ രാജാവാക്കിയതിനെ രാജുമോൻ തമാശയായിട്ടാണ് കണ്ടതെന്നും പിന്നീട് അവൻ പ്രിൻസെന്നു വിളിച്ചത് കളിയാക്കിയാണെന്നുമുള്ള പരാമർശം പ്രധാനമാണ്. രാജാക്കന്മാർ ഗോമസിനെപ്പോലയല്ല ജീവിക്കുന്നതെന്നു രാജുമോനറിയാം എന്നതാണ് ആ കളിയാക്കലിനു പിന്നിലെന്നു വ്യക്തം. അതായത് അച്ഛന്റെ യഥാർഥ സ്വത്വം പറയാനാവാതെ കള്ളംപറഞ്ഞ ഗോമസ് രാജാവ് എന്ന പാരമ്പര്യ അധികാരസ്ഥാനത്തെ തന്റെ അച്ഛനാക്കി പ്രതിഷ്ഠിച്ചുകൊണ്ട് രാജാവിനെ മിമിക്രിചെയ്യുകയോ കളിയാക്കുകയോ ആയിരുന്നു. യഥാർഥത്തിൽ പാരമ്പര്യത്തിലെ രാജാവല്ല എന്നറിഞ്ഞുകൊണ്ട് രണ്ടപേരും നടത്തുന്ന രാജാവ് പ്രയോഗം, രാജാവ് എന്ന സ്ഥാനത്തിന്റെ പാരമ്പര്യത്തെ റദ്ദാക്കി അത്യുന്നതമായ ആ സ്ഥാനത്തിന്റെ അധികാരവും സൗകര്യങ്ങളും പണംനേടുന്നതിലൂടെ ആർക്കും നേടാം എന്നു വ്യക്തമാക്കുകയാണ്.

വിൻസെൻറ്​ ഗോമസിന്റെ അച്ഛൻ ക്രിസ്ത്യാനിയാണ്. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ‘വില്ലാർവട്ടം’ എന്നൊരു രാജപാരമ്പര്യം ഉള്ളതായി സൂചനകളുണ്ടെങ്കിലും എടുത്തുപറയത്തക്ക എന്തെങ്കിലും പ്രത്യേകതകൾ അതിനുള്ളതായി ചരിത്രമില്ല. രാജപാരമ്പര്യം ചരിത്രപരമായി അവകാശപ്പെടാനില്ലാത്ത ക്രിസ്ത്യാനികളിലൊരുവനാണ് താൻ രാജാവാണെന്നു പറയുന്നത്. രാജസ്ഥാനത്തിന്റെ ജാതിപദവിയിവിടെ ഉലയ്ക്കപ്പെടുന്നു. മറ്റൊരുകാര്യവും പ്രധാനമാണ്. മോഹൻലാലിന്റെ തൊണ്ണൂറുകളിൽ ഇറങ്ങുന്ന പല സിനിമകളിലും മാടമ്പി- നാടുവാഴി കഥാപാത്രങ്ങളെ കാണാം. ഇക്കഥാപാത്രങ്ങളെ പരിപോഷിപ്പിക്കുന്ന വിധത്തിൽ കേരളീയ ഫ്യൂഡൽ രാജകീയചിഹ്നങ്ങൾ സിനിമയിലുടന്നീളം ദൃശ്യമാകുന്നുണ്ട്. ഇരിപ്പിടവും കഥയിലെ പാരമ്പര്യബന്ധങ്ങളുമൊക്കെയായി. എന്നാൽ രാജാവിന്റെ മകനിലാകട്ടെ കിരീടവും ചെങ്കോലുമുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത്തരം ഫ്യൂഡൽ ചിഹ്നങ്ങളൊന്നുംതന്നെ പ്രത്യക്ഷപ്പെടുന്നില്ല. തികച്ചും ആധുനികമായ നാഗരിക സൗകര്യങ്ങളിൽ ജീവിക്കുന്ന, പാന്റും ഷർട്ടും മാത്രം ധരിക്കുന്ന ഒരു പൗരനായിട്ടാണ് ഗോമസ് വരുന്നത്. എന്നല്ല ആ സംഭാഷണം പറയുമ്പോൾ കാണിക്കുന്നത് ഗോമസിന്റെ അരക്ഷിതമായ കുട്ടിക്കാലത്തെ ചിത്രമാണ്. തെരുവുബാലനും പൊരുതിക്കയറി സാമ്പത്തികാധികാരം പിടിച്ചടക്കാമെന്ന് പറയുകയാണിവിടെ

ആധുനികതയുടെ അനാഥാലയങ്ങൾ

നിരന്തരം ദൃശ്യവത്കരിക്കപ്പെടുന്ന അധോലോകത്തിനൊപ്പം അനാഥാലയം എന്ന സ്ഥാപനവും സിനിമയിലുണ്ട്. അനാഥയായ നാൻസിയുടെ വളർച്ചയും വിദ്യാഭ്യാസവും അവിടെയായിരുന്നു. കേരളീയ ആധുനികതയെ സൃഷ്ടിച്ചതിൽ അനാഥാലയങ്ങൾ പോലുള്ള സ്ഥാപനങ്ങൾക്കുള്ള പങ്ക് ചരിത്രത്തിൽ അമർന്നു കിടക്കുകയാണ്. അനാഥരെയും വിധവമാരെയും മനുഷ്യരായിക്കാണാനുള്ള ബൈബിൾ സന്ദേശം കേരളീയ നവോത്ഥാനനത്തിന്റെ മനുഷ്യദർശനത്തിന്റെ കാതലാണ്. ഇതരജാതിയെ വെറുപ്പോടെ കാണുന്ന ജാതിവ്യവസ്ഥയിൽ അനാഥരെയും ദുർബലരെയും കരുതുന്ന മാനുഷികതയോ അതിനുള്ള സ്ഥാപനങ്ങളോ ഉണ്ടാകുന്നില്ല. കേരളത്തിൽ എല്ലാജാതിക്കാരെയും മനുഷ്യരായിക്കണ്ട തിരിച്ചറിവുണ്ടായതും അനാഥരെയും തള്ളപ്പെട്ടവരെയും സംരക്ഷിക്കണമെന്ന ചിന്ത ശക്തമാകുന്നതും മിഷനറിമാരുടെ വരവോടെയാണെന്നു പറയാം. അങ്ങനെയാണ് സ്‌കൂളുകളോടുചേർന്ന് മിഷനറിമാർ അനാഥരായ കുട്ടികൾക്കും മറ്റും താമസിച്ചു പഠിക്കാനുള്ള സ്ഥാപനങ്ങൾ തുടങ്ങുന്നത്. മിഷനറിമാർ സ്ഥാപിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചു വളരുന്നവരുടെ കഥകൾ പത്തൊമ്പതാംനൂറ്റാണ്ടിലെ നോവലുകളിൽ കാണാം. സരസ്വതീവിജയമെന്ന നോവലിലെ നായകനായ യേശുദാസൻ താമസിച്ചു പഠിച്ച് ബി.എ നേടി ജഡ്ജിയാകുന്നു. ബാസൽമിഷന്റെ അനാഥശാലയിൽ പഠിക്കുന്ന സുകുമാരിയുടെ കഥ സുകുമാരിയെന്ന നോവലിൽ വിവരിക്കുന്നു. അനാഥത്വം പേറുന്നവർ മാത്രമല്ല വീട്ടിൽ സാമ്പത്തികശേഷിയില്ലാത്തതുകാരണം അനാഥാലയങ്ങളിൽ നിന്ന് പഠിക്കുന്നവരും ഏറെയാണ്. ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കേണ്ടുന്ന നിരവധിപേരെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുപോയത് കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇത്തരം സ്ഥാപനങ്ങളാണ്. ഒരുഭാഗത്ത് മതപരിവർത്തനം നടത്തുന്നുവെന്നു ആരോപിക്കുകയും മറുഭാഗത്ത് ഇവിടെ താമസിക്കുന്നവരെ സഹതാപത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനമാണ് കേരളീയപൊതുബോധം സ്വീകരിച്ചിരിക്കുന്നത്. ആകാശദൂത് പോലുള്ള മലയാള സിനിമകളും അനാഥാലയങ്ങളെ ഈ പൊതുബോധത്തിനു പാകമായ വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അധോലോകത്തിന്റെ നേർവിപരീതമാണ് അനാഥാലയം. ക്രൂരതയും അക്രമവും കള്ളക്കടത്തും അധോലോകത്തിൽ പ്രവർത്തിക്കുമ്പോൾ ദയയും ദാരിദ്ര്യവും കഷ്ടപ്പാടും അനാഥാലയത്തിൽ പ്രവർത്തിക്കുന്നു.

അടൂർ ഭാസിയും അംബികയും
അടൂർ ഭാസിയും അംബികയും

രാജാവിന്റെ മകനിലെ അനാഥാലയത്തിലെ നാൻസി അനാഥാലയ പൊതുബോധത്തെ മറികടക്കുന്നുണ്ട്. സഹതാപനോട്ടം ഏല്ക്കാനാവത്തവിധം അവൾ പഠിക്കുകയും വക്കീലാകുകയും ചെയ്യുന്നു. അനാഥാലയത്തിൽ വളർന്നവർ അനാഥത്വവും പേറി ജീവിതത്തിന്റെ ഒറ്റപ്പെട്ടവഴികളിലൂടെ മറ്റുള്ളവരുടെ കാരുണ്യവും പേറി ജീവിക്കുകയേയുള്ളൂ എന്ന പാഠം ഇവിടെ അട്ടിമറിക്കപ്പെടുന്നു. മറ്റുള്ളവരെപ്പോലെ സാമൂഹ്യാധികാരത്തിന്റെ ഏതുമേഖലയും വെട്ടിപ്പിടിക്കാൻ അവർക്കാകുമെന്ന് നാൻസി തെളിയിക്കുന്നു. പ്രണയവും ഉന്നതപദവികളും നിലപാടുകളും അവർക്കന്യമല്ലെന്ന് ബോധ്യപ്പെടുത്തുന്നു.

ഒരർഥത്തിൽ വിൻസെന്റും അനാഥനാണെന്നു പറയാം. റൗഡിയായ അച്ഛന്റെ കൂടെയുള്ള ബാല്യവും കൗമാരവും അരക്ഷിതത്വത്തിന്റെ നടുക്കാണവനെ നിർത്തിയതെന്നു വ്യക്തം. ആ അനാഥത്വം അവൻ മറികടന്നത് അച്ഛനെപ്പോലെ റൗഡിയായി അധോലോകവഴിയിലൂടെ നടന്നാണ്. നല്ല കുടുംബവും മാതാപിതാക്കളുമില്ലെങ്കിൽ മക്കൾ വഴിതെറ്റി ക്രിമിനലാകുമെന്ന കേരളീയ പൊതുബോധത്തിന്റെ ആവിഷ്‌കാരം ഇവിടെക്കാണാം- ബൈബിളിലെ ഭാഷയിൽ പറഞ്ഞാൽ മുടിയനായ പുത്രന്റെ ജീവിതം പോലെ. നാൻസിക്ക് അങ്ങനെ സംഭവിച്ചത് അവൾ അനാഥയായതിനാൽ ഉപദേശിച്ചു വളർത്താനാരുമില്ലാത്തതിനാലാണെന്ന സൂചനയുണ്ട്. ഗോമസ് ആ നിലയിലായതും നല്ല കുടുംബമില്ലാത്തതിനാലാണ്. ഇപ്പോൾ ജീവിക്കുന്നതല്ല ശരിയായ ജീവിതമെന്ന കുറ്റബോധം രണ്ടുപേരും പ്രകടിപ്പിക്കുന്നത് തെറ്റായവഴിയിലൂടെയാണ് പോകുന്നതെന്ന ബോധമുള്ളതിനാലാണ്.

ചുരുക്കത്തിൽ വ്യക്തിക്ക് വളരാനും ജീവിക്കാനും നല്ലകുടുംബവും മറ്റും വേണമെന്ന നവോത്ഥാന പാരമ്പര്യത്തെ ഗൾഫ്പണത്തിലൂടെ ഉപഭോക്തൃ സമൂഹമാകുന്ന എൺപതുകളിലെ കേരളം ചോദ്യംചെയ്തു തുടങ്ങുന്നതാണ് ഈ സിനിമകൾ പറയുന്നത്.


Summary: രാജാവിന്റെ ഫ്യൂഡൽ സാംസ്‌കാരിക കോയ്മയെ നിലനിർത്തുകയാണ് ഈ രാജാവെന്നു തോന്നുമെങ്കിലും തെരുവുഗുണ്ടയായ ആളിന്റെ മകനായ ഈ രാജാവ് അധോലാകമാണ് ഭരിക്കുന്നതെന്നു പറയുന്നതിലൂടെ ജാതിരാജാവിനെ റദ്ദാക്കുകയാണെന്നാണ് കാണേണ്ടത്- എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയ ‘രാജാവിന്റെ മകൻ’ എന്ന സിനിമയുടെ കാഴ്​ച


Comments