മൃഗങ്ങളും മനുഷ്യരും പൊറാട്ടും, രാഷ്ട്രീയ സിനിമയുടെ നവാഖ്യാനം

സറ്റയർ കോമഡി, തമാശപ്പടം എന്നിടത്തൊന്നും നിൽക്കുന്നതല്ല പെണ്ണും പൊറാട്ടും. ആത്യന്തികമായി ഇതൊരു രാഷ്ട്രീയ സിനിമയാണ്. Extremely political, Brilliantly artistic, Aesthetics at it’s peak… ഇതൊരു പൊറാട്ട് നാടകമാണ്. തുടക്കം മുതൽ ഒടുക്കം വരെ രാഷ്ട്രീയം പറയുന്ന പൊറാട്ടുനാടകം. - Movie Review by ടി. ശ്രീജിത്ത്.

“നിൽക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടിപ്പോവാൻ വേണ്ടിയിട്ടല്ലേ ഈ ലോകം ഇത്രയും വലുതായിരിക്കുന്നത്. വേലിക്കുള്ളിൽ നിൽക്കാൻ പറ്റുന്നില്ലേല് ചാടിക്കോളണം...” പട്ടടയെന്ന പാലക്കാടൻ സാങ്കൽപ്പികഗ്രാമത്തിൽ എന്നോ എത്തിപ്പെട്ട ഒരു ഡാൽമേഷ്യൻ നായ, സുട്ടുവെന്ന് പേരുള്ള ആ നായ താൻ ജീവിക്കേണ്ടി വരുന്ന തൻെറ ഇടമല്ലാത്ത വീട്ടിലെ മനുഷ്യരുടെ പീഡനം സഹിക്കവയ്യാതെ ഭയപ്പെട്ട്, രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വീട്ടിലെ യജമാനത്തിയുടെ കൈക്ക് കടിച്ച് തുടങ്ങുന്ന ഓട്ടം. അതിന് പിന്നാലെയോടുന്ന മനുഷ്യർ. ഇതിന് സമാന്തരമായി ഗ്രാമത്തിലെ വീട്ടിൽ നടക്കുന്ന പണപ്പയറ്റ്, അവിടേക്ക് എത്തുന്ന ആളുകൾ. അവർക്കിടയിലെ സംഘർഷങ്ങൾ. മനുഷ്യർ, മൃഗങ്ങൾ, അവർ ജീവിക്കുന്ന ഇടങ്ങൾ, വീടുകൾ, കൂടുകൾ… വിഖ്യാത സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്കയുടെ സിനിമകളെ എവിടെയൊക്കെയോ ഓർമ്മിപ്പിക്കുന്നുണ്ട് രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും. എസ്. ഹരീഷിൻെറ കഥയെ അവലംബിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ടിനോടും പ്രമേയത്തിൽ അൽപം ചേർന്ന് നിൽക്കുന്നുണ്ട്. പക്ഷേ ഇത് ഒരു ആമുഖമായി പറഞ്ഞുവെക്കാമെന്ന് മാത്രമേയുള്ളൂ. ക്രാഫ്റ്റ് കൊണ്ടും പ്രമേയം പറയുന്ന ഗൗരവമുള്ള രാഷ്ട്രീയം കൊണ്ടും ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് കൊണ്ടും പല തലങ്ങളിൽ വ്യാഖ്യാനിക്കാനും ആസ്വദിക്കാനും പ്രേക്ഷകർക്ക് നൽകുന്ന സ്വാതന്ത്ര്യം കൊണ്ടും വേറിട്ട്, ഒറ്റയ്ക്ക് നിൽക്കുന്നു പെണ്ണും പൊറാട്ടും.

 വിഖ്യാത സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക
വിഖ്യാത സെർബിയൻ സംവിധായകൻ എമിർ കുസ്തുറിക്ക

അടിസ്ഥാനപരമായി മൃഗങ്ങൾ തന്നെയാണ് മനുഷ്യർ. അത് സമ്മതിക്കാൻ മനുഷ്യർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാവും. മനുഷ്യർ തങ്ങളെ മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് വേറിട്ട വിഭാഗമായി സ്വയം കരുതി വെച്ചിരിക്കുന്നു. തങ്ങൾ ഏതോ ഉയർന്ന തലത്തിലുള്ളവരാണെന്ന് ധരിച്ച് വെച്ചിരിക്കുന്നു. എന്നാൽ അത് അങ്ങനെയല്ലെന്ന് ഇടയ്ക്കൊക്കെ ഓർമ്മിപ്പിക്കേണ്ടതില്ലേ? മൃഗങ്ങൾ മനുഷ്യരെ എങ്ങനെയാവും കാണുന്നുണ്ടാവുക? വീട്ടിൽ നിങ്ങൾ കൂട്ടിലടച്ച് വളർത്തുന്ന നായ, പശുക്കൾ, കോഴികൾ, ചുറ്റുപാടുമുള്ള പക്ഷികൾ, ആന മുതൽ പല്ലി പഴുതാര വരെയുള്ള ജീവജാലങ്ങൾ മനുഷ്യരെ എങ്ങനെയാണ് കാണുന്നുണ്ടാവുക?

“ദേ ലവൻമാര് രണ്ട് കാലേല് ഓടുന്നുണ്ടേലും മൃഗമാ മൃഗം”

“നിനക്ക് ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതെന്ന് അറിയാമോ? മനുഷ്യൻെറ ഇറച്ചിയാ...” - ലിജോയുടെ ജെല്ലിക്കെട്ടിലെ കഥാപാത്രങ്ങൾ പറയുന്നുണ്ട്. ലിജോയുടെ ചിത്രം വല്ലാതെ പരുക്കനായി ലൌഡ് ആയിട്ടാണ് ഈ വിഷയത്തെ അഡ്രസ് ചെയ്തതെങ്കിൽ രാജേഷ് മാധവൻ തിയേറ്ററിൻെറ വിഷ്വൽ ട്രീറ്റ്മെൻറ് ഉപയോഗപ്പെടുത്തി Subtle ആയിട്ടാണ് പറയുന്നത്.

അപരമത വിദ്വേഷത്തിൽ നിന്ന് കലാപങ്ങൾ ആസൂത്രണം ചെയ്യുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്താൽ നിയന്ത്രിക്കപ്പെടുന്ന അധികാരവർഗ്ഗം ജനങ്ങളെ ഭരിക്കുന്ന, സഹജീവികളെ അഭയാർത്ഥികളാക്കി മാറ്റി, അവരെ ബോംബിട്ട് കൊലപ്പെടുത്തി അതിൻെറ എണ്ണം ദിനേനയെന്നോണം കൂട്ടിക്കൊണ്ടിരിക്കുന്ന, ഇല്ലാക്കഥകൾ പെരുപ്പിച്ച് പറഞ്ഞ് ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന നാടുകളിലിരുന്ന് നിർമ്മിതബുദ്ധിയുടെ വീമ്പുപറച്ചിലുകളിൽ മദിക്കുന്ന മനുഷ്യരെ ‘മനുഷ്യൻെറ മോനേ’യെന്ന് ‘സ്നേഹ’ത്തോടെ തെറിവിളിക്കുന്നുണ്ട് ചിത്രത്തിൽ.

അടിസ്ഥാനപരമായി മൃഗങ്ങൾ തന്നെയാണ് മനുഷ്യർ. അത് സമ്മതിക്കാൻ മനുഷ്യർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാവും. മനുഷ്യർ തങ്ങളെ മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് വേറിട്ട വിഭാഗമായി സ്വയം കരുതി വെച്ചിരിക്കുന്നു.
അടിസ്ഥാനപരമായി മൃഗങ്ങൾ തന്നെയാണ് മനുഷ്യർ. അത് സമ്മതിക്കാൻ മനുഷ്യർക്ക് മാത്രം ബുദ്ധിമുട്ടുണ്ടാവും. മനുഷ്യർ തങ്ങളെ മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് വേറിട്ട വിഭാഗമായി സ്വയം കരുതി വെച്ചിരിക്കുന്നു.

“നായി കോയി മയില് മദമിളകിയ കുയില് ഈച്ച പൂച്ച കൊക്ക് കയറിളകിയ പയ്യ്, കരി നിറയണ കാട്...” അങ്ങനെയങ്ങനെ ‘പട്ടട’ മനുഷ്യരും മൃഗങ്ങളും കൂട്ടമായി ജീവിക്കുന്ന ഏതിടവും പോലെത്തന്നെയാണ്. പട്ടടയിലെ സംസാരം ക്ലബ്ബ്, പ്രത്യക്ഷത്തിൽ ഒരു കൂട്ടം യുവാക്കളുടെ സംഘത്തിൻെറ താവളമാണ്. അത് പൂർണമായും ഒരു ആൺകൂട്ടായ്മ കൂടിയാണ്. അതിന് നേതൃത്വം നൽകുന്നത് മാഷാണ്. മാഷുടെ പാത്രസൃഷ്ടി വളരെ സൂക്ഷ്മമായാണ് ചെയ്തിട്ടുള്ളത്. മാഷ് കുട്ടിയായിരുന്ന കാലത്ത് നാട്ടിലൊരു കലാപം നടക്കുന്നുണ്ട്. അവിടെയാണ് സിനിമ തുടങ്ങുന്നത്. കലാപം അവസാനിപ്പിക്കുമ്പോൾ വലിച്ചെറിയുന്ന ആയുധങ്ങളിലൊന്ന് കുട്ടി തൻെറ അരയിൽ തിരുകി വെക്കുന്നു. ഇനിയും സംഘർഷങ്ങളുടെ കാലം വരുമെന്നും അതിനെ താൻ നയിക്കുമെന്നും അതിന് വേണ്ടി ഈ കത്തി അരയിലിരിക്കട്ടെയെന്നും ആ ചെറിയ കുഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ടായിരിക്കുമോ? അരയിൽ ആയുധം തിരുകിയ ആ കുട്ടിയാണ് യുവാക്കളുടെ സംഘത്തെ നയിക്കുന്ന മാഷായി മാറുന്നത്. മാഷ് സ്കൂളിലോ കോളേജിലോ ഒന്നും ആരെയും പഠിപ്പിച്ചിട്ടുള്ള മാഷാണെന്നൊന്നും പറയുന്നില്ല. എന്നാലും നാട്ടുകാർക്ക് മുഴുവനും പ്രത്യേകിച്ച് ക്ലബ്ബിലെ യുവാക്കൾക്ക് മുഴുവനും അയാൾ ‘വഴികാട്ടി’യാണ്. ചിത്രത്തിൻെറ തുടക്കത്തിൽ സുട്ടുവെന്ന നായ കള്ളനായി ആദ്യം അടയാളപ്പെടുത്തുന്നത് മാഷിനെയാണ്. സുട്ടു തുടല് പൊട്ടിച്ചോടിയപ്പോൾ നായക്ക് പേയിളകിയിട്ടുണ്ടെന്ന പച്ചനുണ വായുവിലേക്ക് പറത്തി വിടുന്നത് മാഷാണ്. നായയെ നാട് മുഴുവൻ വേട്ടയാടുന്നതിന് മാഷ് നേതൃത്വം നൽകുന്നു. ഓരോ ഘട്ടത്തിലും അയാളുടെ നിർദ്ദേശത്തിന് അനുസരിച്ചാണ് യുവാക്കളുടെ കൂട്ടം മുന്നോട്ട് പോവുന്നത്. വേട്ടയാടലിൻെറ ക്രൂരത അയാളുടെ കണ്ണുകളിൽ തെളിയുന്നുണ്ട്. ആ ക്രൂരത താൻ പറഞ്ഞാൽ എന്തും ചെയ്യുന്ന യുവാക്കളുടെ കൈകളിലേക്ക് അയാൾ കൊടുത്ത് വിടുന്നുമുണ്ട്. ആ ആൾക്കൂട്ടമാണ് പേ പിടിക്കാത്ത നായയെ നാട് മുഴുവൻ ഇട്ടോടിക്കുന്നത്. ദയയും ദാക്ഷീണ്യവുമില്ലാതെ തങ്ങളുടെ ഇരയുടെ ദൈന്യതയിൽ അട്ടഹസിക്കുന്നത്.

സുട്ടുവെന്ന നായയുടെ അതിജീവനം, കുമാറിൻെറ പ്രണയ ഫിലോസഫി, ചാരുവിൻെറ ബോൾഡ്നസ്, മാഷിൻെറ നെഗറ്റീവ് ഷെയ്ഡ്, പണപ്പയറ്റ് നടത്തി വീട് നന്നാക്കാനായി പൊരുതി നോക്കുന്ന കുമാറിൻെറ അമ്മ എന്നിങ്ങനെ ചിത്രം കാണുന്നവർക്ക് അവരവരുടെ നായകരെ സെലക്ട് ചെയ്തെടുക്കാം.

സറ്റയർ സിനിമാ ജോണറിലുള്ള ‘പെണ്ണും പൊറാട്ടും’ പല തലങ്ങളിലൂടെയാണ് വികസിക്കുന്നത്. അതിഗംഭീരമായി ചിത്രം എക്കാലത്തും പ്രസക്തമായ സമകാലിക രാഷ്ട്രീയം പറയുന്നുണ്ട്. “നോട്ട് നിരോധനം കഴിഞ്ഞു, ഇനി ജി.എസ്.ടിയാവാം… അടുത്തത് രാമക്ഷേത്ര നിർമ്മാണം… ഗുജറാത്തിലെയും മുസഫർ നഗറിലെയും കലാപങ്ങൾ കഴിഞ്ഞു ഇനി ഡൽഹിയിലാവാം… ഗാസയെ ലോകം ആകർഷിക്കുന്ന മനോഹരമായ സഞ്ചാരകേന്ദ്രമാക്കി മാറ്റാം… ജനാധിപത്യരാജ്യമായ കൊളംബിയയിലെ പ്രസിഡൻറിനെ ഒരു സുപ്രഭാതത്തിൽ അറസ്റ്റ് ചെയ്ത് അവിടുത്തെ ഭരണം അട്ടിമറിക്കാം. ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്നടുക്കാം, ക്രീമിയയിൽ മനുഷ്യരുടെ ചോര വീഴ്ത്താം…” ആരൊക്കെയാണ് നമ്മുടെ മാഷൻമാർ… എന്തെല്ലാമാണ് ഇവർ നടത്തുന്ന അതിക്രൂരമായ തമാശകൾ? നാടിനെ നയിക്കുന്നവരെന്ന് നമ്മൾ കരുതുന്ന അവർ പിൻപറ്റുന്ന ആസൂത്രിതമായ ഫാഷിസ്റ്റ് പദ്ധതികളെ ഡാർക് ഹ്യൂമർ കൊണ്ട് വെളിപ്പെടുത്തി വെക്കുന്നു പെണ്ണും പൊറാട്ടും.

പട്ടടയിലെ സംസാരം ക്ലബ്ബ്, പ്രത്യക്ഷത്തിൽ ഒരു കൂട്ടം യുവാക്കളുടെ സംഘത്തിൻെറ താവളമാണ്. അത് പൂർണമായും ഒരു ആൺകൂട്ടായ്മ കൂടിയാണ്.
പട്ടടയിലെ സംസാരം ക്ലബ്ബ്, പ്രത്യക്ഷത്തിൽ ഒരു കൂട്ടം യുവാക്കളുടെ സംഘത്തിൻെറ താവളമാണ്. അത് പൂർണമായും ഒരു ആൺകൂട്ടായ്മ കൂടിയാണ്.

ആർട്ടിസ്റ്റിക് ബ്യൂട്ടി

ഒരു സംവിധായകൻെറ ആദ്യസിനിമ. ബഹുഭൂരിപക്ഷം പേരും ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി വരുന്നവർ. സാങ്കേതിക മേഖലയിലും പുതിയ പേരുകൾ. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഫ്രെഷ് ആണ് ചിത്രം. ആഖ്യാനത്തിലും പ്രമേയത്തിലും എഴുത്തിലും. കാണുന്ന പ്രേക്ഷകർക്ക് അവരവരുടേതായ തലത്തിൽ സിനിമ കാണാമെന്നത് ചിത്രത്തിൻെറ ഏറ്റവും പ്രധാനപ്പെട്ട ആർട്ടിസ്റ്റിക് ബ്യൂട്ടി. അഭിനേതാക്കളിൽ ഒരാൾ പോലും ആദ്യമായി സിനിമയിൽ അഭിനയിക്കുന്നവരാണെന്ന് തോന്നിക്കുന്നേയില്ല. പ്രൊഫഷണലും അല്ലാത്തതുമായ തിയേറ്റർ പ്രവർത്തകരും പൊറാട്ട് നാടക കലാകാരരും ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായിട്ടുള്ള കലാകാരരുമെല്ലാം ആക്ടിങ് പെർഫോമൻസിൽ പരസ്പരം മത്സരിക്കുന്നുണ്ട്. സിംഗിൾ ഡയോലോഗ് മാത്രമുള്ളവർ, ഒന്നു തല കാണിച്ച് പോവുന്നവർ, താറാവുകൾ, കോഴികൾ, പശുക്കൾ… ആരാണ് അഭിനയം കൊണ്ട് വിസ്മയിപ്പിക്കാതെ പോയിട്ടുള്ളത്?

ഏത് സിനിമയും കാണുന്ന പ്രേക്ഷകർ അവരവരുടെ ജീവിതാനുഭവങ്ങളോടും സാഹചര്യങ്ങളോടും കൂടി റിലേറ്റ് ചെയ്ത് കാണുമ്പോൾ അതിൻെറ ആസ്വാദന സൌന്ദര്യം സ്വാഭാവികമായും വർധിക്കും. ഏത് ആംഗിളിൽ നിന്നും സിനിമ കാണാമെന്നും ഏത് ആംഗിളിൽ നിന്നും വ്യാഖ്യാനിക്കാമെന്നുമുള്ള സ്വാതന്ത്ര്യം പെണ്ണും പൊറാട്ടും പ്രേക്ഷകർക്ക് നൽകുന്നുണ്ട്. സിനിമ ഒരു പ്രത്യേക കേന്ദ്ര കഥാപാത്രത്തിലോ നായികാ നായക സങ്കൽപ്പത്തിലോ കഥാതന്തുവിലോ പോലും ഒതുങ്ങി നിൽക്കുന്നില്ല. എല്ലാ ഇടങ്ങളിലും അതിന് പല തലങ്ങളുണ്ട്. സുട്ടുവെന്ന നായയുടെ അതിജീവനം, കുമാറിൻെറ പ്രണയ ഫിലോസഫി, ചാരുവിൻെറ ബോൾഡ്നസ്, മാഷിൻെറ നെഗറ്റീവ് ഷെയ്ഡ്, പണപ്പയറ്റ് നടത്തി വീട് നന്നാക്കാനായി പൊരുതി നോക്കുന്ന കുമാറിൻെറ അമ്മ എന്നിങ്ങനെ ചിത്രം കാണുന്നവർക്ക് അവരവരുടെ നായകരെ സെലക്ട് ചെയ്തെടുക്കാം. കയ്യിൽ കിട്ടിയ കഥാപാത്രങ്ങളെ ഓരോ ആർട്ടിസ്റ്റും മിനുക്കിയെടുത്ത് ഭംഗിയാക്കാൻ എടുത്തിട്ടുള്ള എഫർട്ട് പ്രകടമാണ്. അതിൽ രാജേഷ് മാധവൻ എന്ന കാസ്റ്റിങ് ഡയറക്ടറുടെയും സംവിധായകൻെറയും മിടുക്കും തെളിഞ്ഞ് നിൽക്കുന്നുണ്ട്.

 സുട്ടുവെന്ന നായയുടെ അതിജീവനം, കുമാറിൻെറ പ്രണയ ഫിലോസഫി, ചാരുവിൻെറ ബോൾഡ്നസ്, മാഷിൻെറ നെഗറ്റീവ് ഷെയ്ഡ്, പണപ്പയറ്റ് നടത്തി വീട് നന്നാക്കാനായി പൊരുതി നോക്കുന്ന കുമാറിൻെറ അമ്മ എന്നിങ്ങനെ ചിത്രം കാണുന്നവർക്ക് അവരവരുടെ നായകരെ സെലക്ട് ചെയ്തെടുക്കാം.
സുട്ടുവെന്ന നായയുടെ അതിജീവനം, കുമാറിൻെറ പ്രണയ ഫിലോസഫി, ചാരുവിൻെറ ബോൾഡ്നസ്, മാഷിൻെറ നെഗറ്റീവ് ഷെയ്ഡ്, പണപ്പയറ്റ് നടത്തി വീട് നന്നാക്കാനായി പൊരുതി നോക്കുന്ന കുമാറിൻെറ അമ്മ എന്നിങ്ങനെ ചിത്രം കാണുന്നവർക്ക് അവരവരുടെ നായകരെ സെലക്ട് ചെയ്തെടുക്കാം.

ഇതൊരു പൊറാട്ട് നാടകമോ?

മലയാളത്തിലെ ആൾക്കൂട്ട സിനിമകളിൽ ഭൂരിപക്ഷവും ‘പുരുഷാര’ത്തിൻെറ കഥ പറച്ചിലുകളായിരുന്നു. എന്നാൽ, റോ ആയ ജെന്യൂൻ ആയ സ്ത്രീ കഥാപാത്രങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു രാജേഷ് മാധവൻെറ സിനിമ. സറ്റയർ കോമഡി, തമാശപ്പടം എന്നിടത്തൊന്നും നിൽക്കുന്നതല്ല പെണ്ണും പൊറാട്ടും. ആത്യന്തികമായി ഇതൊരു രാഷ്ട്രീയ സിനിമയാണ്. ഡാർക് ഹ്യൂമറിൽ പൊതിഞ്ഞുവെച്ച് പറയുന്നതെല്ലാം രാഷ്ട്രീയ പ്രസ്താവനകളാണ്. തുടക്കം മുതൽ ഒടുക്കം വരെ പറയുന്നതെല്ലാം രാഷ്ട്രീയമാണ്. Extremely political, Brilliantly artistic, Aesthetics at it’s peak… ഇതൊക്കെയാണ് പെണ്ണും പൊറാട്ടും. എങ്കിലും ഇതിൽ എവിടെയാണ് പൊറാട്ട്? അവിടെയാണ് ചിത്രത്തിൻെറ പേരിലേക്ക് നമ്മൾ വീണ്ടും നോക്കേണ്ടത്. നിങ്ങൾ കണ്ടതൊരു പൊറാട്ട് നാടകമായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ രാഷ്ട്രീയം പറയുന്ന പൊറാട്ടുനാടകം.

Comments