സിനിമയുടെ ക്രാഫ്റ്റിൽ ഇമ്മാതിരി നിയന്ത്രണമുള്ളൊരു സംവിധായകനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പറഞ്ഞു വരുന്നത് 'പെണ്ണും പൊറാട്ടും' എന്ന കന്നി സിനിമയുമായി മലയാള സിനിമാലോകത്ത് സമ്പൂർണ്ണ കലാപം സൃഷ്ടിച്ചു കൊണ്ട് കടന്നുവന്ന (‘എ രാജേഷ് മാധവൻ മേയ്ഹം’ എന്ന് ടാഗ് ലൈൻ) രാജേഷ് മാധവൻ എന്ന യുവ പ്രതിഭയെക്കുറിച്ചാണ്. പെണ്ണും പൊറാട്ടും - തനി ലോക്കൽ; ട്രൂലി ഇൻ്റർനാഷണൽ! നല്ല ഓഡിയോ ക്വാളിറ്റിയുള്ള തിയേറ്ററിൽ പോയി പടം കണ്ട് ആനന്ദിക്കുക. അത്രമാത്രം!
രവിശങ്കർ ആണ് പെണ്ണും പൊറാട്ടും പടത്തിന്റെ രചയിതാവ്. ബഹുതലസ്പർശിയാണ് പടത്തിന്റെ പ്രമേയം. പല ലെയറുകൾ കൃത്യമായി ഇഴചേരും മട്ടിൽ ഭദ്രമാണ് അദ്ദേഹത്തിന്റെ സ്ക്രിപ്റ്റ്. വലിയ സാധ്യതകളുള്ള ഈ തിരക്കഥ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം അതിസുന്ദരമായി വികസിപ്പിക്കുന്ന ആഖ്യാനത്തിലൂടെയാണ് സിനിമ ഗംഭീരമായൊരു കാഴ്ചാനുഭവമായി മാറുന്നതും സംവിധായകൻ രാജേഷ് മാധവൻ കൈയടി നേടുന്നതും.
വായിക്കാം: മൃഗങ്ങളും മനുഷ്യരും പൊറാട്ടും, രാഷ്ട്രീയ സിനിമയുടെ നവാഖ്യാനം
ടൊവിനോ ശബ്ദം നൽകുന്ന സുട്ടു എന്ന പട്ടിയാണ് പടത്തിലെ കേന്ദ്ര കഥാപാത്രം. ഒപ്പം ഒരുപാട് മനുഷ്യരും. തന്റെ വീട്ടുകാരോട് പ്രതിബദ്ധത പുലർത്തുകയും സ്നേഹവും സ്വാതന്ത്ര്യവും മാത്രം കൊതിക്കുകയും ചെയ്യുന്ന സുട്ടുവിന് അപമാനവും അവഗണനയും മാത്രമാണ് തിരികെ ലഭിക്കുന്നത്. മനുഷ്യരുടെ കൂട്ടത്തിൽ സുട്ടുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരേയൊരാൾ കഥാനായികയായ ചാരുവാണ്. ചാരുവിനും സുട്ടുവിനും ഒരേ വിധിയാണ്. നൂറിലേറെ കഥാപാത്രങ്ങൾ സിനിമയിലുണ്ട്. ഏതാണ്ട് അവരെല്ലാവരും സുട്ടുവിനെയും ചാരുവിനെയും വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ്. സുട്ടുവും ചാരുവും ഒരു വശത്തും ഹിംസയുടെ പ്രത്യയശാസ്ത്രത്തിൽ ബന്ധിതമായ സമൂഹം മറുവശത്തുമായി നടക്കുന്ന പോരിന്റെ പൊറാട്ട് നാടകമാണ് സിനിമ.

അത്യന്തം രാഷ്ട്രീയ മുഖരിതമാണ് ‘പെണ്ണും പൊറാട്ടും’. നമ്മളെ 'പോടാ മനുഷ്യന്റെ മോനേ' എന്ന് തെറി വിളിക്കുന്ന പട്ടിയിൽ തുടങ്ങുന്നു പടത്തിന്റെ രാഷ്ട്രീയം. സ്വാതന്ത്ര്യത്തെ ബന്ധിക്കുന്ന അഴികളുടെ കാഠിന്യം വർധമാനമാകുന്ന ഫ്രെയിമിൽ ആരംഭിക്കുന്നു ആ രാഷ്ട്രീയ സംവാദത്തിന്റെ സിംബോളിസം. പട്ടിയുടെ വീക്ഷണകോണിൽ പറഞ്ഞു തുടങ്ങുന്ന കഥയിലേക്ക് വൈകാതെ മനുഷ്യന്റെ പ്രത്യക്ഷ കഥനം ഇഴ ചേർക്കപ്പെടുന്നതോടെ പടം സുട്ടുവിനെപ്പോലെ തുടലുപൊട്ടിച്ചോടുകയാണ്. തുടർന്നങ്ങോട്ട് തീവ്രവും അഗാധവും ഭ്രാന്തോളമെത്തുന്നത്ര വിചിത്രവുമായ തലങ്ങളിലേക്ക് പ്രമേയം കുതിച്ചു പായുന്നു. പ്രണയവും കാമവും പകയും കുത്തിത്തിരിപ്പും അധികാരവും സാമ്രാജ്യത്വ ദുരയും ഗൂഢാലോചനയും ചതിയും വേട്ടയും ഇരയും അഭയാർത്ഥിത്വവും മണ്ണും പെണ്ണും ആണധികാരവും ചെറുത്തുനിൽപും കലഹവും ഇടകലരുന്ന തീക്ഷ്ണമായ രാഷ്ട്രീയമാണ് ഈ നെട്ടോട്ടത്തിനിടയിൽ പെണ്ണും പൊറാട്ടും ചർച്ച ചെയ്യുന്നത്. എന്നാൽ ഫോക് ലോറും കാരിക്കേച്ചറും അബ്സേർഡിറ്റിയും സറ്റയറും പ്ലെയിൻ ഹ്യൂമറും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന, പ്രത്യക്ഷത്തിൽ ലൈറ്റ് ഹ്യൂമർ എന്ന് തോന്നിപ്പിക്കുന്ന, ആഖ്യാന പദ്ധതിയിലൂടെയാണ് രാജേഷ് കഥ പറയുന്നതെന്നതിനാൽ ആ രാഷ്ട്രീയത്തിന്റെ പേനാക്കത്തി കൊണ്ട് പല തവണ മുറിവേൽക്കുമ്പോഴും അതിന്റെ നോവോ ആഴമോ പ്രേക്ഷകർ പെട്ടെന്നറിയുകയില്ല. പക്ഷെ പ്രോജ്വലമായ ആ ക്ലൈമാക്സിൽ അതുവരെ ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങിയ രാഷ്ട്രീയം, രൗദ്ര തീവ്രമായാണ് രാജേഷ് പറഞ്ഞവസാനിപ്പിക്കുന്നത്. അധികാരവും ഹിംസയും വേട്ടയാടലുകളും പലായനങ്ങളും നിറഞ്ഞ ലോകത്ത്, യൂണിവേഴ്സലായ ഒരു തലത്തിലേക്ക് അതോടെ സിനിമ ഉയരുകയാണ്. കോരിത്തരിച്ചു പോകും പടം കണ്ട് തീരുമ്പോൾ.
മാഷായി വന്ന ഷനോജ്, അമ്മ-മോൾ കോംബോ, പ്രത്യേകിച്ച് ‘പശുവിനെ കൈവിട്ട’ ആ പെൺകുട്ടി, കുമാറിനെ അവതരിപ്പിച്ച ദിനേശ്, അയാളുടെ അമ്മ എന്ന് തുടങ്ങി പലരും നമ്മുടെ സിനിമാലോകത്തിന് തന്നെ മുതൽക്കൂട്ടാണ്.
അബ്സേർഡിറ്റിയിൽ നിന്നും അനാദിയായ സത്യത്തിലേക്ക് നൂൽപ്പാലം തീർക്കുന്ന തത്വദർശനമാണ് പെണ്ണും പൊറാട്ടും പടത്തിന്റെ മറ്റൊരു വിശേഷമുദ്ര. സിനിമയിലുടനീളം അത് സാക്ഷാത്ക്കരിക്കുന്ന നിരവധി രംഗങ്ങളുണ്ട്. സാമാന്യത്തിലധികം ദൈർഘ്യവും കെയോസും നിറഞ്ഞ മിഡ്പോയൻ്റിലെ ഒരു രംഗം ഉദാഹരണമായെടുക്കാം. പടത്തിലെ ഏറ്റവും നിർണായകമായ ഒരു വിഷയവുമായി ബന്ധപ്പെട്ട് കുമാറിന്റെയും ചാരുവിന്റെയും കുടുംബങ്ങളും ഇരു ചേരികളിലുമിരിപ്പുറപ്പിച്ച നാട്ടുകാരും തമ്മിൽ നടക്കുന്ന സംഘർഷം അസംബന്ധ ഹാസ്യത്തിന്റെ സർവ പരിധികളെയും കാറ്റിൽപ്പറത്തിയാണ് മുന്നേറുന്നത്. നാട്ടായ്മയുടെയും സബാൾട്ടേൺ ജീവിത ഭൂമികയുടെയും ജൈവികമായ പാരമ്പര്യങ്ങളും പാരസ്പര്യങ്ങളും സമൃദ്ധമായ ദൃശ്യ-ശ്രാവ്യ ബിംബങ്ങളായി ഊരു നിറയുന്ന ഈ രംഗത്തിൽ, നിലവിട്ടു തല്ലുന്ന മനുഷ്യർ അവിശ്വസനീയമാം വിധം എത്തിച്ചേരുന്ന ഉപസംഹാരം നിർമമായ സമാധാനമാണ്! ഇത്രയേ ഉള്ളൂ, ഉള്ളു പൊള്ളയായ പോരുകളുടെ ഈ പൊറാട്ടു നാടകങ്ങളുടെ അന്തസ്സാരമെന്ന് ക്ലൈമാക്സിൽ ചാരുവും വിളിച്ചു പറയുന്നുണ്ട്. വ്ലാദിമിർ പുട്ടിനെയും വൊളോദിമിർ സെലേൻസ്കിയെയും ഒരുമിച്ചിരുത്തി പടം കാണിക്കാൻ തോന്നും അപ്പോൾ പ്രേക്ഷകർക്ക്!

സമൂഹം എന്ന വേട്ടമൃഗസഞ്ചയത്തിന്റെ ഭാഗമായിരിക്കുമ്പോഴും രചനയിലും അവതരണത്തിലും സ്വന്തം സ്വരം കേൾപ്പിക്കുന്നവരാണ് പടത്തിലെ അനവധിയായ കഥാപാത്രങ്ങൾ. കാറ് കത്തുമ്പോൾ കൈയടിക്കുന്ന ചെറുപ്പക്കാരൻ മുതൽ ‘പേ പിടിച്ച’ കോഴിയെ വിൽക്കാൻ നോക്കിയ തമിഴൻ വരെ ഓരോരുത്തർക്കും സ്വന്തമായ വ്യക്തിത്വമുണ്ട്. കൂട്ടത്തിൽ പാത്രനിർമിതിയിലും അഭിനയത്തിലും അപാരമായ കൺസിസ്റ്റൻസി പുലർത്തുന്ന മാഷിന്റെ കഥാപാത്രത്തെ എടുത്തു പറയാതെ പറ്റില്ല. മനുഷ്യന്റെ കുത്സിതവും ക്ഷുദ്രവും ഹിംസാഭിമുഖവുമായ മാനസികനിലയുടെ നിദർശനമാണയാൾ. ഏറ്റവും സ്വീകാര്യനും ആദരണീയനുമായി പ്രത്യക്ഷപ്പെടുകയും ഏറ്റവും നീചവും ഹിംസാത്മകവുമായി പ്രവർത്തിക്കുകയും ചെയ്യുന്ന മാഷ്, നാട്ടുമ്പുറത്തെ സാദാ കുത്തിത്തിരിപ്പുകാരൻ മുതൽ നാടു മുഴുവൻ അധിനിവേശം ചെയ്യാൻ വെമ്പുന്ന സാമ്രാജ്യത്വ ദുരധികാരത്തിന്റെ വരെ പ്രതിനിധിയാണ്. ആയാളുടെ ഓരോ ഡീലുകളും കാണുമ്പോൾ ഭൗമരാഷ്ട്രീയബോധമുള്ളൊരാൾക്ക് പെട്ടെന്ന് ഓർമവരിക ഡോണൾഡ് ട്രംപിനെയാണ്! സമാനമാണ്, ഈ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അഭിനേതാക്കളുടെ കാര്യവും. ചാരുവിന്റെ ആങ്ങള ചാരുഹാസനെ അവതരിപ്പിച്ച രാജേഷ് മാധവനും റെയ്നയും ഉൾപ്പെടെ മൂന്നാല് പരിചിത മുഖങ്ങളേ പടത്തിലുള്ളൂ. സുട്ടുവെന്ന ഡാൽമേഷ്യൻ നായ ഉൾപ്പെടെ നൂറിലേറെ പുതുമുഖങ്ങളെ ഇത്ര മികവോടെ എങ്ങനെ അഭിനയിപ്പിച്ചെടുത്തു എന്ന ചോദ്യത്തിന്റെ ഉത്തരവും ഒറ്റ വാക്കാണ്: ജീനിയസ്! സംവിധായകൻ രാജേഷ് മാധവനെന്ന ജീനിയസ്. ഹൃദ്യമായി ചിരിക്കുന്ന ആ യുവാവിന്റെ സിഗ്നേച്ചർ പതിഞ്ഞിരിക്കുന്നു, സിനിമയിലുടനീളം. ‘ഹാഫ് ടൈമിന് ശേഷം കയറി വന്നതിനാൽ സ്ട്രാറ്റജിക് അനാലിസിസ് നടത്താൻ പ്രാപ്തനല്ലാതെ’ പോയ ഒരു കഥാപാത്രത്തെയാണ് അയാൾ പടത്തിൽ സ്വയം തെരഞ്ഞെടുത്തതെങ്കിലും സിനിമ എന്ന സുന്ദരകലയുടെ നറേറ്റീവ് സ്ട്രാറ്റജിയിൽ അയാൾ നടത്തുന്ന ഇടപെടലുകൾ അവാച്യ സുന്ദരമാണ്.
വലിയ സിനിമാറ്റിക് സംഭവങ്ങൾ അയാളിൽ നിന്നും ഇനിയുള്ള കാലം വരാനിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പടത്തിലെ ഓരോ നടീനടന്മാരും കാഴ്ച വെച്ചത്. പാലക്കാടൻ ഡയലക്റ്റും മികച്ചതായി. മാഷായി വന്ന ഷനോജ്, അമ്മ-മോൾ കോംബോ, പ്രത്യേകിച്ച് ‘പശുവിനെ കൈവിട്ട’ ആ പെൺകുട്ടി, കുമാറിനെ അവതരിപ്പിച്ച ദിനേശ്, അയാളുടെ അമ്മ എന്ന് തുടങ്ങി പലരും നമ്മുടെ സിനിമാലോകത്തിന് തന്നെ മുതൽക്കൂട്ടാണ്.

പടത്തിന്റെ റിഥം സെറ്റ് ചെയ്യുന്നതിൽ വലിയ പങ്കാണ് സംഗീത-സാങ്കേതിക കലാകാരന്മാർ നിർവഹിച്ചത്. ഡോൺ വിൻസൻ്റിന്റെ സുന്ദരമായ പശ്ചാത്തല സംഗീതം, ചമൻ ചാക്കോയുടെ സുഭദ്രമായ ചിത്രസംയോജനം, സബിന്റെ ജീവസ്സുറ്റ ക്യാമറ ആംഗിളുകൾ, വിപിനും ശ്രീജിത്തും നയിച്ച സൗണ്ട് ഡിപ്പാർട്ട്മെൻ്റ് - മിശ്രണം, സിങ്ക്, ഡിസൈൻ എല്ലാം, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ മേഖലകൾ ഒന്നാന്തരം എന്ന് മാത്രമേ പറയാനുള്ളൂ. പ്രൊഡക്ഷനിലെ ഡീറ്റൈയ്ലിങും വൈചിത്ര്യതയും അസാധാരണമാണ്.
വിരുദ്ധവേഗങ്ങളാണ് പടത്തിന്റെ ക്രാഫ്റ്റിൽ രാജേഷ് മാധവനും ടീമും പ്രയോഗിക്കുന്നത്. നാട്ടുമ്പുറത്തിന്റെ നേർത്ത ഇടങ്ങളിൽ വിലോലതാളത്തിലും സുട്ടുവിന്റെ വേട്ട-പലായനം നേരങ്ങളിൽ വൈകാരിക തീവ്രതാളത്തിലുമാണ് പടത്തിന്റെ പ്രയാണം. സുട്ടുവിന്റെ ചെയ്സിങ് സീനുകളിൽ സംഗീത-സാങ്കേതിക കലാകാരർ നിറഞ്ഞാടുകയാണ്.
ചാരുവിനെപ്പോലെ സിനിമയുടെ ക്വാളിറ്റി മാത്രമല്ല, എയ്സ്തെറ്റിക്സും വിഷയമായുള്ളവർക്കാണ് ഇപ്പറഞ്ഞതൊക്കെ ബാധകം. വെറും കോമഡിപ്പടം പ്രതീക്ഷിച്ചു പോയാൽ നിരാശരാവാനാണ് സാധ്യത. പഴയ അബു അബ്രഹാം കാർട്ടൂണാണ് പെണ്ണും പൊറാട്ടും. രാജേഷ് മാധവൻ പടക്കം പൊട്ടിച്ച് വരവറിയിച്ചു കഴിഞ്ഞു. ഐവ! ഇനി അന്ധകാരമില്ല! രാജേഷിന്റെ അടുത്ത ഒരു നിര മാലപ്പടക്കങ്ങൾക്കായ് കാത്തിരിക്കുക ഇനി നിർബന്ധമാണ്.

