അങ്ങനെയങ്ങ് അധിക്ഷേപിച്ചുപോകാനാകില്ല, കാസര്‍ഗോഡന്‍ സിനിമയെ, ഞങ്ങളുടെ ജീവിതത്തെ

കഠിനമായ വഴികള്‍ പിന്നിട്ട്, വെല്ലുവിളികളെ അതിജീവിച്ചാണ് ഞങ്ങള്‍ കാസര്‍ഗോട്ട് നിന്നും സിനിമയിലേക്ക് നടന്നുകയറിയത്. അനന്തമായ സാധ്യതകളുള്ള ഞങ്ങളുടെ നാട്ടുവഴികളിലേക്ക് സിനിമയെ ഞങ്ങള്‍ കൂട്ടിക്കൊണ്ടുവന്നു. ഇന്നിപ്പോ ഞങ്ങളുടെ മണ്ണിലും സിനിമയുണ്ട്. ഞങ്ങളുടെ ജീവിതം ലോകം കാണുന്നുണ്ട്. ആ സാധ്യതയെ സര്‍ഗാത്മകമായും രാഷ്ട്രീയമായും ഞങ്ങള്‍ ഉപയോഗിക്കുന്നു. നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളുവെന്നേ. അങ്ങനെയങ്ങ് അധിക്ഷേപിച്ചുപോകാനാകില്ല, കാസര്‍ഗോഡന്‍ സിനിമയെ, ഞങ്ങളുടെയൊക്കെ ജീവിതത്തെ

അലി ഹെെദർ : കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയായ കാസര്‍ഗോഡ് നമ്മുടെ മുഖ്യധാരാ വ്യവഹാരങ്ങളില്‍ നിന്നെല്ലാം എല്ലാ കാലത്തും മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. സിനിമയിലും ഇത് പ്രകടമായിരുന്നു. വളരെ അപൂര്‍വമായി മാത്രം, അതും വളരെ നെഗറ്റീവ് ആയ ചില പരിസരങ്ങളില്‍ നിന്നുകൊണ്ടാണ് മുന്‍കാലങ്ങളില്‍ കാസര്‍ഗോഡന്‍ ഭൂമിക നമ്മുടെ സിനിമകളിലിടം പിടിച്ചത്. എന്നാല്‍ സമീപകാലത്ത് അതില്‍ വലിയ മാറ്റങ്ങളുണ്ടായി. കാസര്‍ഗോഡിന്റെ സ്വാഭാവികതകള്‍ അതിന്റെ സാധാരണത്വത്തില്‍ നിന്നുതന്നെ ചിത്രീകരിക്കപ്പെട്ട സിനിമകളുണ്ടായിത്തുടങ്ങിയപ്പോള്‍ ഉത്തര മലബാറിലെ ഗ്രാമങ്ങളുടെ ഭൂമിശാസ്ത്രവും സാംസ്‌കാരികതയും ഭാഷയും ജീവിതവും മലയാളികള്‍ അറിഞ്ഞുതുടങ്ങി. സമീപകാല കാസര്‍ഗോഡന്‍ സിനിമകള്‍ വലിയ രീതിയില്‍ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. എന്നാല്‍ മയക്കുമരുന്നിന്റെ സാന്നിധ്യമാണ് കാസര്‍കോഡ് നിന്നും ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ വരാന്‍ കാരണം എന്നാണ് നിര്‍മാതാവ് എം. രഞ്ജിത്ത് ആരോപിച്ചിരിക്കുന്നത്. ഈ പ്രസ്താവനയോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

രാജേഷ് മാധവൻ : മയക്കുമരുന്നിന്റെ ലഭ്യത കൂടുതലായതുകൊണ്ടാണ് കാസര്‍ഗോഡ് നിന്നും കൂടുതല്‍ സിനിമകള്‍ ഉണ്ടാവുന്നത് എന്ന പ്രസ്താവന അങ്ങേയറ്റം അധിക്ഷേപകരവും അപകടകരവുമാണ്. ഇതാണ് കാസര്‍ഗോഡ് നടക്കുന്നത് അതുകൊണ്ടാണ് സിനിമാക്കാര്‍അങ്ങോട്ട് പോകുന്നത് എന്നതിലൂടെ എന്താണ് രജ്ഞിത്ത് ഉദ്ദേശിക്കുന്നത്. കാസര്‍ഗോഡേക്ക് തൊഴിലെടുക്കാന്‍ വരുന്നവരെല്ലാം മയക്കുമരുന്നിന് വേണ്ടിയാണെന്ന് കൂടി വായിക്കപ്പെടുന്ന പ്രസ്താവനയല്ലേ അത്.

കാസര്‍ഗോഡിന്റെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്രതയെ അതിന്റെ തനത് രീതിയില്‍ അടയാളപ്പെടുത്തുന്ന സിനിമകള്‍ ഇപ്പോഴാണ് ഇറങ്ങിത്തുടങ്ങിയത്. അതിന് തുടര്‍ച്ചകള്‍ ഉണ്ടാവുന്നു എന്നത് പോസിറ്റീവായ കാര്യമാണ്. എല്ലാത്തിലുമുപരി പുതിയ കാലത്തിന്റെ രാഷ്ട്രീയം കൂടിയാണത്. എന്നും മലയാളത്തിന്റെ മുഖ്യധാരയ്ക്കും സിനിമയ്ക്കും പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ഒരു ഭൂപ്രദേശം സിനിമയിലൂടെ മുന്നോട്ട് വരുമ്പോള്‍ അതിനെതിരെ ഉയര്‍ത്തുന്ന ഇത്തരം പഴഞ്ചന്‍ പ്രസ്താവനകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല.

കാസര്‍ഗോഡുകാരെ ഒന്നടങ്കം അധിക്ഷേപിച്ചു എന്നാണോ?

വളരെ സൂക്ഷിച്ച് മാത്രം ആളുകള്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു മുന്നാലോചനയും കൂടാതെ ഒരു പ്രദേശത്തെയാകെ ഗുരുതരമായൊരു ആരോപണത്തിന്റെ മുന്നില്‍ നിര്‍ത്തുന്നത് വളരെ മോശമാണ്, അപകടകരമാണ്. കാസര്‍ഗോഡിന്റെ പേര് വരുമ്പോഴൊക്കെ ഉയര്‍ന്ന് വരാറുണ്ടായിരുന്ന അതേ മുന്‍വിധിയും പൊതുബോധവുമാണത്. ഈ കാലത്തും ഇത്തരം മനോനില കൊണ്ടു നടക്കുന്നവരുടെ ബോധ്യം, എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല. സാമ്പ്രദായിക നടപ്പുരീതിയില്‍ നിന്ന് മാറിയിട്ടാണ് ഇപ്പോള്‍ കാസര്‍ഗോഡുനിന്ന് സിനിമകള്‍ ഉണ്ടാവുന്നത്. സിനിമയുടെ മൂലധന ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടാകാം. അതൊരു പക്ഷേ പ്രൊഡ്യൂസേഴ്‌സിനെ ബാധിച്ചിട്ടുണ്ടാകാം. അതുകൊണ്ടാണോ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് എന്നറിയില്ല. എന്ത് തന്നെയായാലും രഞ്ജിത്ത് നടത്തിയ പ്രസ്താവനയെ ഇപ്പോള്‍ ആ നിലക്ക് ചികഞ്ഞ് നോക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പ്രസ്താവന എന്ത് ഉദ്ദേശത്തില്‍ പറഞ്ഞു എന്നതിനേക്കാള്‍, ഇത്തരം പ്രസ്താവനകള്‍ കൊണ്ടുണ്ടാകുന്ന ഇംപാക്ട് എന്താണ് എന്നതാണല്ലോ പ്രധാനം.

താരങ്ങളുടെ വിലക്കിനെക്കുറിച്ചും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അതിലേക്ക് കാസര്‍ഗോഡ് എങ്ങനെയാണ് കയറി വരുന്നതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പ്രൊഡ്യൂസേഴ്സിന് അമിത സാമ്പത്തിക ബാധ്യതകള്‍ നല്‍കാത്ത വിധത്തില്‍ ചിലവു കുറഞ്ഞ രീതിയിലാണ് കാസര്‍കോട് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. പുതിയ അഭിനേതാക്കളെയാണ് കൂടുതലായും അഭിനയിപ്പിക്കാറുള്ളത്. സിനിമയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് അദ്ദേഹം പറഞ്ഞ രീതിയില്‍ തന്നെ ഹാര്‍ഡായി നമ്മള്‍ തിരിച്ച് പ്രതികരിക്കാത്തത്. ഒഴിവാക്കപ്പെട്ടിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നാണ് കാസര്‍ഗോഡന്‍ സിനിമ കലാമൂല്യങ്ങളോടെ തിരിച്ചുവന്നത്.

കാസര്‍ഗോഡ് നിന്ന് ഉണ്ടാകുന്ന ഒട്ടുമിക്ക സിനിമയിലും പ്രധാന റോള്‍ വഹിക്കുന്ന ആളെന്ന നിലയ്ക്ക് വ്യക്തിപരമായി എന്തുതോന്നുന്നു?

കാസര്‍ഗോഡിനെ രസകരമായി അനുഭവഭേദ്യമാക്കുന്ന സിനിമകളെക്കുറിച്ചാണല്ലോ ഈ വര്‍ത്തമാനം. അതുകൊണ്ടുതന്നെ എങ്ങനെ വായിച്ചാലും ആ പ്രസ്താവന ഉല്‍പ്പാദിപ്പിക്കുന്ന ആശയം അപകടകരമാണ്. കാസര്‍ഗോഡുകാരനായ ഒരു സിനിമാക്കാരന്‍ എന്ന നിലയ്ക്ക് ആ പ്രസ്താവന കേള്‍ക്കുമ്പോള്‍ വൈകാരികമായി തന്നെ അത് ബാധിക്കുന്നുണ്ട്. ഈ അടുത്ത കാലത്താണ് സിനിമ എന്ന കലാരൂപം നമ്മളില്‍ നിന്ന് അത്രയൊന്നും ദൂരത്തല്ല എന്ന് തോന്നിത്തുടങ്ങിയത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടത്തെ ഇമ്മട്ടില്‍ അധിക്ഷേപിക്കുമ്പോള്‍ അത് അസഹനീയമാണ്. എല്ലാ രീതിയിലും...!

സിനിമാ രംഗത്തുള്ളവര്‍ ഈ പ്രസ്താവനയുടെ പ്രശ്‌നം അതിന്റെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ടോ?

സിനിമാരംഗത്ത് എനിക്കറിയാവുന്ന മിക്ക ആളുകള്‍ക്കും അദ്ദേഹത്തിന്റെ ഈ പ്രസ്താവനയോട് വിയോജിപ്പുണ്ട്. വെറുതെ ഇങ്ങനെ വസ്തുതാപരമല്ലാത്ത, വിദ്വേഷകരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന് മുമ്പ് ഒരു പുനര്‍ചിന്ത നടത്തുന്നത് നല്ലതാണെന്ന് പലരും പങ്കുവെച്ചിട്ടുണ്ട്. കാസര്‍ഗോടന്‍ സിനിമകളെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് പറയാറുള്ളത്. അദ്ദേഹത്തിന്റേത് ഒരു ഒറ്റപ്പെട്ട പ്രസ്താവന മാത്രമാണ്. എന്താണ് പറയുന്നതെന്ന് പോലും ചിന്തിക്കാതെ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന മാത്രമായേ ഇതിനെ സിനിമ രംഗത്തുള്ളവര്‍ കാണുന്നുള്ളു എന്നാണ് തോന്നുന്നത്. നമ്മുടെ നാടിനെക്കുറിച്ച് ഇത്തരത്തില്‍ ഒരു മോശമായ പ്രസ്താവന വരുന്ന സമയത്ത് അതിനോട് പ്രതികരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തതമാണ്.

കാസര്‍ഗോഡന്‍ സിനിമയെ ഈ പ്രസ്താവന ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

ഇത്തരം പ്രസ്താവനകള്‍ കൊണ്ട് കാസര്‍ഗോഡന്‍ സിനിമകളെ തളര്‍ത്താനോ ഇല്ലാതാക്കാനോ കഴിയില്ല. സിനിമയെ ഒരുതരത്തിലും ബാധിക്കില്ല. സിനിമ സംഭവിക്കേണ്ടതായിരുന്നു, അത് സംഭവിക്കുന്നു എന്നത് സ്വാഭാവികതയാണ്. സിനിമള്‍ക്ക് കാസര്‍ഗോഡിനെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുന്ന കാലമത്രയും അതിന് തുടര്‍ച്ചകള്‍ ഉണ്ടാവും.

ഒരേ സമയം കലാമൂല്യവും വാണിജ്യവിജയവും സമ്മാനിച്ച സിനിമകളായിരുന്നല്ലോ തിങ്കളാഴ്ച നിശ്ചയം, ന്നാ താന്‍ കേസ് കൊട് പോലുള്ള സിനിമകള്‍. അത്തരം സിനിമകളിലൂടെ അവിടുത്തെ കലാകാരന്മാര്‍ക്ക്, സിനിമാ സാംസ്‌കാരികതയ്ക്ക് എതെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

മുമ്പൊന്നും ഞങ്ങള്‍ക്കാര്‍ക്കും ഒരു സിനിമ സ്വപ്നം പോലും കാണാന്‍ പറ്റുമായിരുന്നില്ല. സിനിമയെന്ന സ്വപ്നം ഉള്ളില്‍ തിരതള്ളുമ്പോഴും സാമ്പത്തികവും സാമൂഹികവുമായ പരിമിതകള്‍ ഞങ്ങളെ വേട്ടയാടി. ഒന്ന് ശ്രമിച്ച് നോക്കാന്‍ പോലും ഞങ്ങള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. അതായിരുന്നു സിനിമയുടെ ഘടന. എന്നിട്ടും, കഠിനമായ വഴികള്‍ പിന്നിട്ട്, വെല്ലുവിളികളെ അതിജീവിച്ച് അനകം ആര്‍ട്ടിസ്റ്റുകള്‍ ഇവിടെ നിന്നും സിനിമയിലേക്ക് നടന്നുകയറി. അനന്തമായ സാധ്യതകളുള്ള ഞങ്ങളുടെ നാട്ടുവഴികളിലേക്ക് സിനിമയെ കൂട്ടിക്കൊണ്ടുവന്നു. ഇന്നിപ്പോ ഞങ്ങളുടെ മണ്ണിലും സിനിമയുണ്ട്. ഞങ്ങളുടെ ജീവിതം ലോകം കാണുന്നുണ്ട്. ആ സാധ്യതയെ സര്‍ഗാത്മകമായും രാഷ്ട്രീയമായും ഞങ്ങള്‍ ഉപയോഗിക്കുന്നു. ലോകത്തെല്ലായിടത്തും ഇങ്ങനെയൊക്കത്തന്നെയാണ് സിനിമകള്‍ ഉണ്ടായത്. അതിനെ ആ നിലയ്ക്ക് കണ്ടാല്‍ മതി.

കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം തുടങ്ങിയവയെല്ലാം കാസര്‍ഗോഡ് നിന്നുണ്ടാകുന്ന സിനിമകളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ? കുറച്ചു കൂടി മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ കാസർഗോഡ് അർഹിക്കുന്നില്ലേ ?

യഥാര്‍ത്ഥത്തില്‍ കാസര്‍ഗോഡിന്റെ പരിമിതികള്‍ സിനിമയെ നല്ലതുപോലെ ബാധിക്കുന്നുണ്ട്. മദനോത്സവം സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ആ പ്രദേശത്തെ വീടുകളിലാണ് സിനിമാക്കാര്‍ താമസിച്ചത്. വീട് സിനിമാക്കാര്‍ക്ക് ഒഴിഞ്ഞു കൊടുത്ത് അവര്‍ വാടക വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. ഈ നാട് അങ്ങനെയാണ് സിനിമയെയും സിനിമാക്കാരെയും ട്രീറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏത് പരിമിതിയെയും മറികടക്കാനുള്ള കരുത്ത് ഈ നാടിനുണ്ട്. അത് ജൈവികമാണ്. അതിന്റെ പ്രധാന കാരണം കാസര്‍ഗോഡുകാര്‍ അധികം സിനിമാക്കാരെ കണ്ടിട്ടില്ല എന്നതാണ്. അതിന്റെ കൗതുകം അവര്‍ക്കുണ്ട്. പുറത്തുനിന്ന് വരുന്നവരെ വീട്ടിലേക്ക് വരുന്ന അതിഥികളായി കാണുന്ന, എല്ലാ കാലത്തും എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്നൊരു മനോഘടനയുണ്ട് ഇവിടത്തുകാര്‍ക്ക്. ആ ബഹുമാനവും സ്‌നേഹവും നല്ലപോലെ സിനിമാക്കാര്‍ അനുഭവിക്കുന്നുണ്ട്. സിനിമയും ഷൂട്ടുമൊക്കെ ഹെക്ടിക് ആയിക്കഴിഞ്ഞാലും ഈ നാട്ടുകാരെ കൊണ്ട് ബുദ്ധിമുട്ടുണ്ടാവാറില്ല. അത് സിനിമയ്ക്ക് നല്ലപോലെ ഗുണം ചെയ്യാറുണ്ട്. സിനിമ എന്നത് വെറും സ്വപ്നമായിരുന്ന, കല ഉള്ളില്‍ കൊണ്ട് നടന്നിരുന്ന ഒരുപാട് പേര്‍ ഇന്ന് മലയാള സിനിമയുടെ ഭാഗമായത് ഇവിടെ നിന്നും സിനിമകള്‍ ഉണ്ടായത് കൊണ്ടുകൂടിയാണ്.

ഒരു നാടിന്റെ സാംസ്‌കാരികമായ ഉണര്‍വിനെ നിലനിര്‍ത്തുന്നതില്‍ കലയ്ക്ക് എത്രമാത്രം റോള്‍ ഉണ്ടെന്നാണ് വിചാരിക്കുന്നത്. ആ നിലയ്ക്ക് ഇപ്പോള്‍ താങ്കളടങ്ങുന്ന സംഘം ചെയ്യുന്ന പ്രവര്‍ത്തനം ആ നാടിന്റെ മുന്നോട്ട് പോക്കിന് എങ്ങനെയൊക്കെ സഹായകരമാകും?

നമ്മള്‍ കലാപ്രവര്‍ത്തനം നടത്തുന്നത് എതെങ്കിലും തരത്തില്‍ ആളുകളെ പുരോഗമനമായി സ്വാധീനമുണ്ടാക്കാന്‍ തന്നെയാണ്. അങ്ങന തന്നെയല്ലേ കല നിലനില്‍ക്കുകയുള്ളൂ. അത് പുരോഗമനപരമായിരിക്കും, സര്‍ഗാത്മകവുമായിരിക്കും. അത് എല്ലാ വിദ്വേഷത്തിന്റെ സാധ്യതകളെയും തടയും, അങ്ങനെ വിചാരിക്കാനാണ് എനിക്കിഷ്ടം. കലയുടെ സ്‌പെയ്‌സിലേക്ക് ഈ ഭൂപ്രകൃതിയില്‍ നിന്ന് കൂടുതല്‍ ആളുകളുണ്ടായിക്കൊണ്ടേയിരിക്കും. സിനിമയെ ഒരു പ്രാദേശികവാദത്തിന്റെ തലത്തില്‍ കാണുന്നയാളല്ല എങ്കിലും ഇവിടെ നിന്നുണ്ടാകുന്ന മൂവ്‌മെന്റുകളുടെ ഭാഗമായി നില്‍ക്കാന്‍ പറ്റി എന്നതില്‍ വ്യക്തിപരമായി ഞാന്‍ അഭിമാനിക്കുന്നുണ്ട്.

ഇപ്പോഴും കാസര്‍ഗോഡിന്റെ ഭൂപ്രകൃതി അതിന്റെ സമഗ്രതയില്‍ സിനിമയില്‍ വന്നു എന്ന് തോന്നുന്നുണ്ടോ ?

മലയോര പ്രദേശമായ കൊളത്തൂരാണ് എന്റെ ഗ്രാമം. ചെമ്മനാട് ജമാഅത്ത് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ചന്ദ്രിഗിരിപ്പാലത്തിനിപ്പുറമുള്ള കാസര്‍ഗോഡ് ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാനൊരുപാടുണ്ടെന്ന ബോധ്യം എനിക്കുണ്ട്. അത്തരം കഥകള്‍ സംസാരിച്ച് ആളുകള്‍ വരാറുണ്ട്. അതിന്റെ ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. അത് തീര്‍ച്ചയായും സംഭവിക്കുക തന്നെ ചെയ്യും. നമ്മള്‍ തുടങ്ങിയിട്ടേ ഉള്ളൂന്നേ... ഒത്തിരി പണി ബാക്കിയുണ്ട്.

Comments