റത്തീന

ഇപ്പോൾ പ്രേക്ഷകരെ പഴയതിലേറെ
​ഞങ്ങൾക്ക്​ തിരിച്ചറിയാൻ കഴിയുന്നു

എന്ത് തിയേറ്ററിൽ കാണണം, ഒ.ടി.ടിയിൽ കാണണം എന്ന് പ്രേക്ഷകർ എടുക്കുന്ന തീരുമാനം വളരെ ശ്രദ്ധേയമാണ്.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

റത്തീന: സാധാരണക്കാരുടെ മാധ്യമമായാണ് സിനിമ തുടങ്ങിയത്. അവരുടെ ജീവിതത്തിലേക്ക് അസാധാരണമായ എന്തെങ്കിലും കൊണ്ടുവരാനുള്ള ഒരു മാർഗമായിരുന്നു അത്. നമ്മൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന രീതികളെയും, സംഭാഷണങ്ങളെയും, പെരുമാറ്റങ്ങളെയും അത് മാറ്റി. തീർച്ചയായും, മറ്റ് മാധ്യമങ്ങൾ ഇത് ചെയ്തിട്ടുണ്ട്, പക്ഷേ സിനിമ അത് വലിയ തോതിൽ നിറവേറ്റി എന്നുവേണം മനസ്സിലാക്കാൻ. ഇത് സാമുദായികബന്ധം എന്ന നിലയ്​ക്കുള്ളതും, വ്യക്തിപരമായ ആവിഷ്‌കാരവും, സാമൂഹിക കലഹങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഉപാധിയും ഫാന്റസിയിലേക്ക് രക്ഷപ്പെടാനുള്ള ഒരു മാർഗമെന്ന നിലയ്​ക്കുമുള്ള ഒരു കലയാണ്. ആളുകൾക്ക് അവരുടെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അർത്ഥം തേടാൻ സഹായിക്കുന്ന വൈകാരികത നൽകാൻ സിനിമക്ക് കഴിയും.

നമ്മൾ കുറച്ചധികം എല്ലാ തരം പ്രേക്ഷകരിലേക്കും എത്തിച്ചേരുന്നുണ്ട്. നമ്മുടെ അഭിനേതാക്കളുടെ കഴിവുകൾ ഇതരഭാഷക്കാർ പുകഴ്ത്തുന്ന സ്ഥിതി തുടരുന്നു. കുറച്ചു വർഷങ്ങളായി ഒരുപാട് പുതിയ ആളുകൾ മലയാള സിനിമയിൽ എത്തിച്ചേർന്നിട്ടുണ്ട്.

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

മലയാള സിനിമകൾ എല്ലായ്​പ്പോഴും സമ്പന്നമാണ്; ഉള്ളടക്കത്തിലായാലും കച്ചവടത്തിലായാലും, കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും കാര്യത്തിലായാലും. പാൻ ഇന്ത്യൻ പ്രേക്ഷകരിൽ നമുക്ക് എന്നും ഒരു മതിപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതിയ സിനിമകൾ, അവയുടെ സാങ്കേതിക മികവ്, റിയലിസ്റ്റിക് പ്ലോട്ട് ലൈനുകൾ, വേറിട്ട കണ്ടൻറുകൾ, തിയേറ്റർ മാത്രമല്ലാതെ ഒ.ടി.ടി സാധ്യതകൾ, ഇതെല്ലം ചേർന്നുവന്നതോടെ നമ്മൾ കുറച്ചധികം എല്ലാ തരത്തിലുള്ള പ്രേക്ഷകരിലേക്കും എത്തിച്ചേരുന്നുണ്ട്. നമ്മുടെ അഭിനേതാക്കളുടെ കഴിവുകൾ ഇതരഭാഷക്കാർ പുകഴ്ത്തുന്ന സ്ഥിതി തുടരുന്നു. പഴയ കാലത്തെ അപേക്ഷിച്ച്​ കുറച്ചു വർഷങ്ങളായി ഒരുപാട് പുതിയ ആളുകൾ മലയാള സിനിമയിൽ എത്തിച്ചേർന്നിട്ടുണ്ട്. അവസരങ്ങൾ കുറച്ചുകൂടി വിശാലമാക്കപ്പെട്ടു. സ്ത്രീസാന്നിധ്യം വർധിച്ചു. ഇതെല്ലം മലയാള സിനിമ ഒരു തരത്തിലും തളരാതെ മുന്നോട്ടു കുതിക്കുകയാണ് എന്ന സൂചനയാണ് നൽകുന്നത്. ചലച്ചിത്ര പ്രവർത്തകർക്ക്​ അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

സിനിമാവ്യവസായം സാധാരണ നിലയിലേക്ക് അടുക്കുമ്പോൾ പോലും, സ്ട്രീമിങ് പ്ലാറ്റുഫോമുകൾ തീയറ്ററുകൾക്കുപകരം വയ്ക്കാവുന്ന ബദലായി മാറി. ഇനിയുള്ള കാലം നിർമാതാക്കൾക്കും തിയേറ്ററുകൾക്കും വിതരണക്കാർക്കും, കാഴ്ചക്കാർക്കും ഒരേസമയം വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ഒരു ഭാവിയാണ് എന്ന് തോന്നുന്നു. എന്ത് തിയേറ്ററിൽ കാണണം, ഒ.ടി.ടിയിൽ കാണണം എന്ന് പ്രേക്ഷകർ എടുക്കുന്ന തീരുമാനം വളരെ ശ്രദ്ധേയമാണ്.

നെറ്റ്ഫ്‌ളിക്‌സ് അല്ലെങ്കിൽ ആമസോൺ പോലെയുള്ള ഒട്ടു മിക്ക സ്​ട്രീമറുകൾക്കും വ്യക്തമായ തന്ത്രങ്ങളുണ്ട്. അവർ തങ്ങളുടെ കാഴ്ചക്കാർ ഏതുതരം കണ്ടന്റിലാണ്​ താല്പര്യം കാണിക്കുന്നത് എന്നതിനതിനനുസരിച്ച് പ്രോജക്റ്റുകൾ സ്വീകരിക്കുന്നു.

വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് ഇപ്പോൾ കൂടുതൽ അഭിനേതാക്കളും സംവിധായകരും എഴുത്തുകാരും എത്തുന്നുണ്ട്. ഇeക്കാലത്ത് സിനിമക്കാർ എല്ലാവർക്കുമായി സിനിമ സൃഷ്ടിക്കുന്നില്ല. ഒരു കണ്ടൻറ്​ സൃഷ്ടിക്കുന്നതിൽ വളരെ ശ്രദ്ധാലുക്കളാണ്. ഇപ്പോൾ പ്രേക്ഷകരെ പഴയതിലേറെ തിരിച്ചറിയാൻ കഴിയും, കൂടാതെ ഡിജിറ്റൽ മീഡിയത്തിന്റെ വലിയ വ്യാപ്തിയുള്ളതിനാൽ, ഞങ്ങൾ ആഗ്രഹിക്കുന്ന പ്രേക്ഷകരെ കൃത്യമായി കണ്ടെത്താനും എത്തിച്ചേരാനും ഇത് സഹായകരവുമാണ്​.

ഒ.ടി.ടി മാർക്കറ്റുകൾക്ക് ഒരു പ്രത്യേക വിജയച്ചേരുവയുണ്ടെന്നു പറയാൻ കഴിയില്ല . നെറ്റ്ഫ്‌ളിക്‌സ് അല്ലെങ്കിൽ ആമസോൺ പോലെയുള്ള ഒട്ടു മിക്ക സ്​ട്രീമറുകൾക്കും വ്യക്തമായ തന്ത്രങ്ങളുണ്ട്. അവർ തങ്ങളുടെ കാഴ്ചക്കാർ ഏതുതരം കണ്ടന്റിലാണ്​ താല്പര്യം കാണിക്കുന്നത് എന്നതിനതിനനുസരിച്ച് പ്രോജക്റ്റുകൾ സ്വീകരിക്കുന്നു.

'പുഴു' ചിത്രീകരണത്തിനിടെ റത്തീന
'പുഴു' ചിത്രീകരണത്തിനിടെ റത്തീന

ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?

പ്രധാനമായും, പ്രതികരണങ്ങളെക്കുറിച്ചുള്ള ഭയത്താൽ സൃഷ്ടിപരമായ ശ്രമങ്ങൾ തടസ്സപ്പെടരുതെന്ന് എനിക്ക് തോന്നുന്നു. എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു കലാപരമായ ആശയം എന്നൊന്നില്ല. തമാശയും കുറ്റവും തമ്മിൽ വ്യത്യാസമുണ്ട്. കോമഡി എപ്പോഴും പ്രതികരണം നേടുന്നതിനും അതിരുകൾ കടക്കുന്നതിനുമുള്ളതാണ്, അത് മറ്റുള്ളവരെ തരംതാഴ്ത്തുകയോ വിവേചനം കാണിക്കുകയോ ചെയ്യാതെ ചെയ്യാൻ കഴിയും.
രാഷ്ട്രീയമായി ശരിയായ സംസ്‌കാരം എന്നാൽ, സെൻസിറ്റീവായ എല്ലാ വിഷയങ്ങളും പരിധിക്കപ്പുറമാണെന്ന് അർത്ഥമാക്കുന്നില്ല, അതിനർത്ഥം കലാകാരന്മാർ അവയെ മാന്യമായി കൈകാര്യം ചെയ്യണമെന്നാണ്.

സ്ത്രീകളെക്കുറിച്ചുള്ള കഥകൾ പറയാൻ, സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളാകുന്ന കഴിവുള്ള സിനിമകൾക്ക് പലപ്പോഴും കുറഞ്ഞ ബജറ്റാണ് നൽകുന്നത്. ഇത് മികച്ച സ്ത്രീപക്ഷ സിനിമകൾ ഉണ്ടാകത്തതിന് ഒരു പ്രധാന കാരണമാണ്.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

അടുത്ത കാലത്തായി, സ്ത്രീകൾ വിവിധ മേഖലകളിലേക്ക് ചുവടുവെക്കുകയും സിനിമകൾ സ്ത്രീപ്രേക്ഷകരോട് ശക്തമായതും മികച്ചതുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രതികരിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്, എന്നിരുന്നാലും സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ, സിനിമാ നിർമാണ പ്രക്രിയയിലെ ചില ഘടകങ്ങളാണ് കാര്യമായ സ്വാധീനം ചെലുത്തുന്നത്. കൂടാതെ കൂടുതൽ സ്ത്രീ പ്രാതിനിധ്യം കാണിക്കുന്ന സിനിമകൾ വാണിജ്യപരമായി, അല്ലാത്തവയെ മറികടക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നു.

'പുഴു' ചിത്രീകരണത്തിനിടെ റത്തീന
'പുഴു' ചിത്രീകരണത്തിനിടെ റത്തീന

സ്ത്രീസംവിധായകർ, പ്രത്യേകിച്ച് സ്ത്രീതിരക്കഥാകൃത്തുക്കൾ, സിനിമകൾക്ക് മികച്ച സ്ത്രീപ്രാതിനിധ്യം ലഭിക്കുന്നതിന് സഹായകമാണ്, എന്നാൽ സ്ത്രീ സംവിധായകരുടെ ശതമാനം വളരെ കുറവാണ്. മറ്റൊന്ന്, സ്ത്രീകളെക്കുറിച്ചുള്ള കഥകൾ പറയാൻ, സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളാകുന്ന കഴിവുള്ള സിനിമകൾക്ക് പലപ്പോഴും കുറഞ്ഞ ബജറ്റാണ് നൽകുന്നത്. ഇത് മികച്ച സ്ത്രീപക്ഷ സിനിമകൾ ഉണ്ടാകത്തതിന് ഒരു പ്രധാന കാരണമാണ്.
മോശം സ്ത്രീപ്രാതിനിധ്യമുള്ള സിനിമകൾ ഇപ്പോഴും ബോക്‌സോഫീസ് വിജയത്തെ ബാധിക്കുന്നില്ല. അവ വളരെ ജനപ്രിയവും വിജയകരമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരിൽനിന്ന്, നമുക്ക് മികച്ച സ്ത്രീപ്രാതിനിധ്യം വേണമെന്ന ആവശ്യം, സിനിമാ വ്യവസായത്തെ മാറ്റാൻ പ്രേരിപ്പിക്കുന്ന അത്ര ശക്തമല്ല.

ഇന്ന് ഹൈ ക്വാളിറ്റി ക്യാമറകൾ ഫോണിൽ വന്നു. ആളുകൾ അതുപയോഗിച്ചു റീലുകളും മറ്റ് കണ്ടെന്റുകളും സൃഷ്ടിക്കാൻ തുടങ്ങി.
ഇവ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ്.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?

മുമ്പായിരുന്നുവെങ്കിൽ സമാന്തര സിനിമാആശയങ്ങളാവേണ്ടിയിരുന്ന വിഷയങ്ങളെ ഇന്ന് മുഖ്യധാരാ സിനിമാ മേക്കിങ് ചേരുവകളെടുത്ത്​ കൂടുതൽ ജനകീയമാക്കി അവതരിപ്പിക്കാനാണ് ഈ തലമുറ ശ്രമിക്കുന്നത്. അവർക്കൊപ്പം ചേർന്നുസഞ്ചരിക്കാനാണ് ഞാനും ശ്രമിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം റത്തീന
മമ്മൂട്ടിക്കൊപ്പം റത്തീന

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

നമ്മൾ എല്ലായ്​പ്പോഴും ശക്തമായ, യുക്തിക്കുനിരക്കുന്ന സിനിമകൾ സൃഷ്ടിച്ചുപോന്നു. ഇതരഭാഷകളിലെ ബജറ്റ് നമുക്ക് ലഭിക്കില്ല, എന്നിട്ടും നമ്മൾ പുലിമുരുകൻ പോലുള്ള വലിയ സിനിമകൾ ഉണ്ടാക്കുന്നുണ്ട്. നമ്മൾ ചെറിയ ബഡ്ജറ്റിൽ ദിവസങ്ങൾ മാത്രം ഷൂട്ട് ചെയ്ത്​ വലിയ ലാഭങ്ങളും അംഗീകാരങ്ങളും വാങ്ങുമ്പോൾ അവർ വലിയ ബഡ്ജറ്റിൽ മാസങ്ങളും വർഷങ്ങളും എടുത്താണ് അതേ വിജയം കൈവരിക്കുന്നത്. അപ്പോൾ നമ്മളല്ലേ മികച്ച സിനിമകൾ നിർമിക്കുന്നത്?

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്‌സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

ആവിഷ്കാരങ്ങൾ കാലത്തിന്റെ ആവശ്യങ്ങളാണ്. അത് ഒരോ കാലഘട്ടത്തിലും സംഭവിച്ചിട്ടുണ്ട്. സിനിമ മാത്രമുള്ള ലോകത്തേക്ക് ടെലിവിഷൻ വന്നു. അതിലൂടെ സീരിയലുകളും മറ്റ് പരിപാടികളും നമ്മൾ കണ്ടു തുടങ്ങി. അപ്പോഴും സിനിമക്കോ സിനിമാചിന്തകൾക്കോ തളർച്ച നേരിട്ടിട്ടില്ല. ഇന്നും അത് രണ്ട് മേഖലകളായി തുടരുന്നു. ഇന്ന് ഹൈ ക്വാളിറ്റി ക്യാമറകൾ ഫോണിൽ വന്നു. ആളുകൾ അതുപയോഗിച്ചു റീലുകളും മറ്റ് കണ്ടെന്റുകളും സൃഷ്ടിക്കാൻ തുടങ്ങി.
ഇവ സിനിമയിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ്. നിർമ്മാണവും മുതൽമുടക്കും ഒന്നും തന്നെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒന്ന് മറ്റൊന്നിന്റെ നാശത്തെ അർത്ഥമാക്കുന്നില്ലെന്നുമാണ് എനിക്ക് തോന്നുന്നത്.

ഒരു നടന്റെ ‘സ്റ്റാർ പവർ' സത്യത്തിൽ അതെത്ര ദിവസം നീണ്ടു നിൽക്കും? ഏതാനും ദിവസങ്ങൾ. എന്നാൽ അതേനടൻ അഭിനയ മികവ് കാണിച്ച സിനിമകൾക്ക് ബോക്‌സ് ഓഫിസിൽ എന്താണ് സംഭവിക്കുന്നത്?

ഭാഗം രണ്ട്​

സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

രണ്ടും. ചില സംഭവങ്ങൾ കഥകളിലേക്ക് വഴി തിരിച്ചുവിടുമ്പോൾ കഥകൾ സംഭവങ്ങളെ ഓർമിപ്പിക്കാറുണ്ട്. അതുകൊണ്ട് രണ്ടും ചേർന്നുനിൽക്കുന്നു.

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും?

ഞാൻ ഒരു കെ.ജി. ജോർജ്​ ഫാൻ ആണ്. ആദാമിന്റെ വാരിയെല്ല് ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.

കെ.ജി. ജോർജ് / ഫോട്ടോ: ലിജിൻ ജോസിന്റെ 81⁄2 ഇന്റർകട്ട്‌സ് ഡോക്യുമെന്ററിയിൽ നിന്ന്
കെ.ജി. ജോർജ് / ഫോട്ടോ: ലിജിൻ ജോസിന്റെ 81⁄2 ഇന്റർകട്ട്‌സ് ഡോക്യുമെന്ററിയിൽ നിന്ന്

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

പല കലാരൂപങ്ങളും സിനിമ ഉണ്ടാകുന്നതിനുമുമ്പുതന്നെ നിരോധനങ്ങൾ നേരിട്ടിട്ടുണ്ട്. ലോകത്ത്​ എവിടെ നോക്കിയാലും ഇന്നും സിനിമകൾ നിരോധിക്കപ്പെടുന്നുണ്ട്. നമ്മൾ ആ കാലത്തിനൊപ്പം അതിനെ അതിജീവിക്കുന്നവരാണ്. അത് സങ്കൽപ്പമല്ല, യാഥാർഥ്യമാണ്.

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?

ഒരു മാധ്യമമെന്ന നിലയിൽ, മറ്റ് കലാരൂപങ്ങളിലൂടെ പകർത്താൻ കഴിയാത്ത വിധത്തിൽ ജീവിതത്തെ പകർത്തുവാൻ സിനിമയ്ക്ക് കഴിയും. സിനിമ ഒരു ശക്തമായ ആശയവിനിമയ മാധ്യമമാണ്. ദരിദ്രർ മുതൽ സമ്പന്നർ വരെ, സാക്ഷരർ മുതൽ നിരക്ഷരർ വരെ, നഗരം മുതൽ ഗ്രാമം വരെ, കുട്ടികൾ മുതൽ മുതിർന്നവർ വരെ അങ്ങനെ ആശയവിനിമയം നടത്താൻ ഇതിനുകഴിയും. ആശയവിനിമയം, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു പ്രവൃത്തിയാണ്. അടിസ്ഥാനപരമായി ആശയങ്ങൾ, കാഴ്ചപ്പാടുകൾ, ചിന്തകൾ, ഭാവങ്ങൾ എന്നിവ ഏതെങ്കിലും മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന പ്രവർത്തനമാണ്.

ആളുകൾ ഒരു സിനിമയെ കുറിച്ച് നല്ല രീതിയിൽ ചർച്ച ചെയ്യുമ്പോഴാണ് ആ സിനിമ അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒരു സിനിമ ആദ്യമായി റിലീസ് ചെയ്യുമ്പോൾ അതിന്റെ വിജയം അത് ബോക്സ് ഓഫീസിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു നടന്റെ ‘സ്റ്റാർ പവർ' ആണെന്ന് പറയപ്പെടുന്നു. എന്നാൽ, സത്യത്തിൽ അതെത്ര ദിവസം നീണ്ടു നിൽക്കും? ഏതാനും ദിവസങ്ങൾ. എന്നാൽ അതേനടൻ അഭിനയ മികവ് കാണിച്ച സിനിമകൾക്ക് ബോക്‌സ് ഓഫിസിൽ എന്താണ് സംഭവിക്കുന്നത്? ബോക്‌സ് ഓഫീസിൽ പരാജയപ്പെടാം. എന്നാലോ, അയാളുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് കാലാകാലങ്ങളിൽ അറിയപ്പെടുന്നു.

തിയേറ്ററുകളിൽ ആളെ കയറ്റാനും നല്ല സിനിമ എന്ന് പേരെടുക്കാനും കഴിയുന്ന സിനിമകൾ വിരളമാണ്. തിയേറ്റർ വിജയിക്കാത്ത പല സിനിമകളും ഇക്കാലത്ത്​ ഒ.ടി.ടിയിൽ വിജയിക്കുന്നു. ആളുകൾ ഒരു സിനിമയെ കുറിച്ച് നല്ല രീതിയിൽ ചർച്ച ചെയ്യുമ്പോഴാണ് ആ സിനിമ അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതാണ് എനിക്ക് ആ സിനിമയുടെ വിജയം. ▮


റത്തീന

സംവിധായക, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധാനം ചെയ്ത സിനിമ പുഴു. ഉയരെ സിനിമയിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Comments