ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ: ഇപ്പോൾ കലയുടെ സാമൂഹികദൗത്യം എന്നുപറയുന്നത് ഒരു തട്ടിപ്പാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കലാകാരർക്ക് പിടിച്ചുനിൽക്കാനുള്ള പെടാപ്പാടിന്റെ ഭാഗമാണത്. കല എല്ലാവർക്കും ഒരു ജോലിയാണ്, സ്ഥിരതയില്ലാത്ത ജോലി. വരുമാനത്തിനും സ്ഥിരതയില്ല. സൊസൈറ്റിയിൽ പിടിച്ചു നിൽക്കണ്ടേ? അപ്പോൾ മറ്റുള്ളവരിൽ നിന്ന്വ്യത്യസ്തരാവാൻ കലാകാരർ സാമൂഹികദൗത്യം എന്ന ലേബൽ നെറ്റിയിലൊട്ടിക്കുന്നു. പൗരരുടെ സാമൂഹികദൗത്യം എന്താണോ അതു തന്നെയാണ് എന്റെയും.
മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സിനിമാക്കാർക്ക് ബെസ്റ്റ് ടൈം ആണ്. നിറയെ വിഷയങ്ങൾ, വ്യത്യസ്തത ആഗ്രഹിക്കുന്ന, എല്ലാ തരം സിനിമയും കാണുന്ന ഓഡിയൻസ്, ടെക്‌നോളജിയുടെ കട്ട സപ്പോർട്ട് , ഇഷ്ടം പോലെ പ്ലാറ്റ്‌ഫോംസ്, ആരോഗ്യപരമായ മത്സരം, പരസ്പരം സംവദിക്കാനും സഹകരിക്കാനും തയ്യാറാകുന്ന നല്ല വ്യക്തിത്വങ്ങൾ, ആനന്ദലബ്ധിക്കിനിയെന്തു വേണം?
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ഉണ്ട്, ഒരു കൺഫ്യൂഷൻ ക്രിയേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. തിയറ്ററിനും മിനിസ്‌ക്രീനിനും ( ടി.വി, മൊബൈൽ etc) വേണ്ട കണ്ടന്റുകളുടേയോ ഫോമിന്റേയോ കാര്യത്തിൽ ക്ലാരിറ്റി കൈവരിക്കാൻ കുറച്ചുകൂടെ സമയമെടുടുക്കും. എന്റെ പേഴ്‌സണൽ കാര്യം മാത്രമാണിത് കേട്ടോ. കനകം കാമിനി കലഹം എന്നെ കൺഫ്യൂസ് ചെയ്യിച്ച ഒരു സാധനമാണ്. ഒ.ടി. ടി.യ്ക്കുവേണ്ടി എന്ന അർത്ഥത്തിൽ എഴുതുകയും ഷൂട്ട് നടന്നുകൊണ്ടിരിക്കെ തിയറ്റർ തുറക്കാൻ സാധ്യതയുള്ളതുകൊണ്ട് രൂപ മാറ്റം വരുത്തുകയും തിരിച്ചു വീണ്ടും ഒ.ടി.ടിയിലേക്ക് പോകേണ്ടിവരികയും ചെയ്തപ്പോഴത്തെ കൺഫ്യൂഷൻ ആണ് ഉദാഹരണമായി പറയാനുള്ളത്. റിവൈൻഡ് അടിച്ച് കാണാൻ പറ്റിയ ഒരു സാധനത്തിന് വേഗം കൂടിയാലും കുഴപ്പമുണ്ടാകില്ല. തിയറ്റർ അങ്ങനെയല്ലല്ലോ. കാര്യങ്ങൾ പറഞ്ഞ് ഫീഡ് ചെയ്തുതന്നെ മുന്നോട്ടുപോണം. ഒരേ ആൾക്കാർ തന്നെയാണ് രണ്ടിന്റേയും പ്രേക്ഷകർ എന്നത് കൂടുതൽ കൺഫ്യൂഷനാണുണ്ടാക്കുന്നത്.
ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?
വല്ലാത്ത ഒരു ചോദ്യമാണ്. സത്യം പറഞ്ഞാൽ തൂക്കിക്കൊല്ലപ്പെടാൻ പോലും സാധ്യതയുള്ള ചോദ്യം. ഉണ്ട് എന്നാണ് എന്റെ പക്ഷം. പക്ഷേ ഒരു തരത്തിൽ ബാലൻസ് ചെയ്തു പോകാവുന്നതേയുള്ളൂ എന്നാണ് തോന്നുന്നത്. സറ്റയർ ആയിട്ടുള്ള ഹ്യൂമർ ആണ് കുഴപ്പക്കാർ. അതിന് രംഗബോധമില്ല.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
പാസ്റ്റ് ടെൻസിൽ രണ്ടു തരം സിനിമകൾ അതിരു തിരിച്ചുവെച്ചിരുന്ന ഒരു കാലത്ത്, സമാന്തര സിനിമകളുടെ ആശയത്തിൽ സ്ത്രീകൾക്ക് പ്രാധാന്യമുണ്ടായിരുന്നു. കമേഴ്‌സ്യൽ സിനിമകൾക്ക് അന്നും ഇന്നും വലിയ റവല്യൂഷൻ സംഭവിച്ചിട്ടില്ല, നിങ്ങൾ ഉദ്ദേശിച്ച ഒരു നിലയിലും. തുല്യത ഒരിക്കലും ഉണ്ടായിരുന്നില്ല. അതിനു വേണ്ടിയുള്ള സ്ത്രീകളുടെ മെനക്കേടുകളും എവിടേയും രേഖപ്പെടുത്തിയിട്ടൊന്നുമില്ലല്ലോ? ഉണ്ടോ? സിനിമ സ്ത്രീകളുടെ കൂടി ഒരു മാധ്യമമാകുന്നത് ഈയടുത്ത കാലത്താണ്. തുല്യത എന്നത് വേതനമല്ല കേട്ടോ. പ്രേക്ഷകർ പക്ഷേ മാറിയിട്ടുണ്ട്. അവർ റിയാക്റ്റ് ചെയ്യുന്നുണ്ട്. അത് ഒരു ഉഗ്രൻ പരിപാടിയാണ്.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?
മൂന്നു സിനിമകളുടെ ബാല്യമാണ് എന്റേത്. സിനിമ പഠിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. എന്റെ സിനിമ കാണുമ്പോൾ ആ അപക്വത വ്യക്തമാണ്. ഇവയെ മാത്രം മുൻ നിർത്തി ‘വിദൂഷക ധർമത്തിന്റെ രാഷ്ട്രീയം’, അങ്ങനെയുള്ള കഥ പറച്ചിലിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു. മുന്നോട്ടുള്ള യാത്രയിൽ എപ്പോൾ വേണമെങ്കിലും അതു മാറാം. പക്വമായ ഒരു മനോനിലയിൽ നിന്നാണല്ലോ പക്വതയുള്ള രാഷ്ട്രീയം ഉണ്ടാകുന്നത്. ഞാൻ എന്നെ തന്നെ അറിയാൻ കാത്തിരിക്കുയാണ് എന്നുപറയാം.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?
ശക്തം എന്ന വാക്ക് എപ്പോഴും മലയാളത്തിന് കൂട്ടായുണ്ട്. നമ്മുടെ എല്ലാ ഫിലിം മേക്കേഴ്‌സും അതിന് കെൽപ്പുള്ളവരാണ്. മലയാളം എന്നും വലുത് എന്ന പേരിലറിയപ്പെടുന്ന ഇന്റസ്ട്രികളെ ശക്തമായ ആശയങ്ങൾ കൊണ്ടാണ് നേരിട്ടിട്ടുള്ളത്. ബാഹുബലിയേക്കാൾ നൂറിരട്ടി വലുതും ശക്തവുമാണ് വൈശാലി. നമ്മൾ എന്നും മുൻപിൽ തന്നെയാണ്, മാസ്റ്റേഴ്‌സിന്റെ കൃപ.
ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?
ഈ കൗതുകം നമ്മളിലും ഉണ്ടല്ലോ. ഫിലിം മേക്കറായി എന്നുള്ളതുകൊണ്ട് ഈ കൗതുകം നമ്മളിൽ ഇല്ലാതാകുന്നില്ല. പക്ഷേ ഈ ഫാസിനേഷന് അൽപായുസ്സാണ്. മാറിക്കൊണ്ടിരിക്കുന്നു, നമ്മളും മാറുന്നു. അപ്പോൾ ‘ഓ, ഇത് കണ്ടതാണല്ലോ, ഇതിലെന്തിരിക്കുന്നു' എന്നു തോന്നിപ്പിക്കുന്ന രീതികളെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അവ തന്നെ ഒരു ടൂളായി ഉപയോഗിച്ച് ഓഡിയൻസിനെ എക്‌സൈറ്റ് ചെയ്യിക്കാവുന്നതുമാണ്. ന്നാ താൻ കേസു കൊട് വിൽ ടിക് ടോക് റീൽസ് കോർട്ടിലെ ഒരു എവിഡൻസ് ആണ്. അത് ഈ കൗതുകത്തിന്റെ നല്ല യൂസേജ് അല്ലേ?
ഭാഗം രണ്ട്
സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?
വായന ഭയങ്കര ഇഷ്ടമാണ്. സാഹിത്യമായിക്കണ്ടുള്ള അപ്രോച്ച് ആയിരുന്നു ഫിലിം മേക്കർ ആകുന്നതിനുമുന്നേ. അപ്പോൾ അവ നന്നായി ആസ്വദിക്കാൻ പറ്റിയിരുന്നു. ഇപ്പോൾ സിനിമ വായനയുടെ ഇടയിൽ കയറിവരാറുണ്ട്. എഴുത്തിലെ രീതികളാണ് എന്നെ പ്രൈമറിയായി ഇൻസ്പയർ ചെയ്യുന്നത്. അതിലാണ് ഞാൻ എക്‌സൈറ്റ് ആകാറുള്ളത്. സിനിമയുടെ ഫോം വ്യക്തമായി മനസ്സിൽ വരുന്ന തരത്തിലുള്ള സാഹിത്യ രചനകൾ ഒത്തിരി ഉണ്ടാകുന്നുണ്ട്. എഴുത്തുകാരും മാറിയിട്ടുണ്ട്. അവരും സിനിമ തിരയുന്നുണ്ട്.
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും?
ഞാൻ ഗന്ധർവ്വൻ ആണ് ഇഷ്ടപ്പെട്ട സിനിമ. രാജീവ് രവിയാണ് ഇഷ്ടപ്പെട്ട ഫിലിം മേക്കർ. എന്റെ സിനിമ മൂന്നും ഇഷ്ടം തന്നെയാണ്. ഞാൻ ബേസിക്കലി ഫിലിമിനേക്കാൾ മേക്കിംഗ് പ്രോസസിനെ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് ലഹരി തരുന്നതും അതു തന്നെയാണ്. ആ കണക്കിന്, കനകം കാമിനി കലഹം ഫേവറിറ്റ് ആകുന്നു. ഒരു കോവിഡ് സമയത്ത് ഒരു ഹോട്ടലിൽ സിനിമയിലെ എല്ലാവരും തുല്യതയോടെ താമസിക്കുന്നു. അതേസ്ഥലത്ത് ഷൂട്ട് ചെയ്യുന്നു, തിന്നുന്നു, ഉറങ്ങുന്നു, വീണ്ടും ഉണരുന്നു. സിനിമ ഉണ്ടാക്കുന്നു. അത് ഇനി ഉണ്ടാകുമോ? എന്തെങ്കിലും ഒരു മഹാമാരി നമ്മളെ ഇങ്ങനെ ഇനി അടച്ചിടാത്ത പക്ഷം? ഒരു സമയത്തിന്റെ ഓർമപ്പെടുത്തൽ എന്ന നിലയ്ക്ക് അത് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
എന്താ സംശയം? എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഈ ഇന്റർവ്യൂ പബ്ലിഷ് ചെയ്യുന്നതിനുമുൻപു പോലും സംഭവിക്കാം. ആരും ഒന്നും പറയില്ല കേട്ടോ. കുറച്ച് നാളത്തെ റസിസ്റ്റൻസ് ഉണ്ടാകും. അത്രയേ ഉള്ളൂ. എന്റർടെയ്ൻമെൻറ് അല്ലേ? അത് പ്രയോറിറ്റി ലിസ്റ്റിൽ അവസാനം അല്ലേ? കോവിഡ് കാലത്ത് ആദ്യം അടച്ചതും അവസാനം തുറന്നതും സിനിമയല്ലേ? ആർക്കെങ്കിലും പ്രശ്‌നമുണ്ടായോ? സിനിമ വെന്റിലേറ്ററിൽ ആണ്.
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
ടെക്‌നോളജിയും സയൻസും ഉണ്ടാക്കിയ ഒരു തൊഴിലിടം മാത്രമാണ് എനിക്ക് സിനിമ. ആത്യന്തികമായ ശരി തെറ്റുകളും രാഷ്ട്രീയ- അരാഷ്ട്രീയ ബോധങ്ങളുടെ മാറാപ്പുകളും ചുമലിൽ വെച്ച് അലയാൻ താത്പര്യമേയില്ല. അത്യന്തം തൃപ്തി തരുന്ന ഒരു തൊഴിലിടം. ഞാൻ പറഞ്ഞല്ലോ, മേക്കിങ്ങ് പ്രോസസിലുള്ള എനർജി തന്നെയാണ് എനിക്ക് മുഖ്യം. സിനിമ അവരവരെ തൃപ്തിപ്പെടുത്തണം. അപ്പോൾ ജനത്തിനും തൃപ്തിയാവും. എല്ലാവരുമല്ല, സമാന ചിന്താഗതിക്കാർ. ആത്മാർത്ഥമായിരിക്കണം അറ്റംപ്റ്റുകൾ. എല്ലാ കാലത്തേയ്ക്കും ഒരു സിനിമ നമ്മളെ തൃപ്തിപ്പെടുത്തില്ല. അത് പോസിബിൾ അല്ല. പക്ഷേ കുറച്ച് കാലത്തേയ്‌ക്കെങ്കിലും വേണം. എല്ലാ കലകൾക്കും ഒരു കെട്ട കാലമുണ്ടല്ലോ. സിനിമയ്ക്കും ഉണ്ടാകാം. ടെക്‌നോളജിയും കൂടെ ഇൻവോൾവ്ഡ് ആയ ഒരു ആർട്ട്. അനുനിമിഷം മാറിക്കൊണ്ടിരിക്കും. എത്രയായാലും കുറച്ച് കാലമെങ്കിലും അവരവരെ തൃപ്തിപ്പെടുത്താൻ ഒരു ക്രിയേഷന് ആവുന്നില്ലെങ്കിൽ അത് അവരവരോടുള്ള ചതിയാണ്. ആ തൃപ്തിപ്പെടുത്തലാണ് വിജയത്തിന്റെ മാനദണ്ഢം. പണം രണ്ടാമതാണ്. അടുത്ത സിനിമ ചെയ്യാനുള്ള ഊർജ്ജം ഈ സിനിമ തരണം. അതിന് പ്രൊഡ്യൂസർക്ക് നഷ്ടം ഉണ്ടാകരുത്. അതും ശ്രദ്ധിക്കാറുണ്ട്. ആത്യന്തികമായി വിശപ്പാണല്ലോ എല്ലായിടത്തും കുറ്റക്കാരൻ. ▮