കോളേജ് അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു പെൺകുട്ടി നായകനോട് പരാതി പറയുന്നു. അയാളെ തല്ലാൻ നായകനും സഹോദരനും തീരുമാനിക്കുന്നു. അധ്യാപകനെ ക്ലാസിൽ കയറി തല്ലുന്നു. ഈ രംഗം ഒരു സിനിമയിൽ നേരിട്ട് ഇതേ ഓർഡറിൽ ചിത്രീകരിക്കാം.
അല്ലെങ്കിൽ ഇങ്ങനെ ചിത്രീകരിക്കാം; നായകൻ ക്ലാസിലേക്ക് കയറിച്ചെല്ലുന്നു, ക്ലാസിനുപുറത്ത് നിൽക്കുന്ന പെൺകുട്ടിയോട് നായകന്റെ സഹോദരൻ ഒരു ഫ്ലാഷ്ബാക്ക് പറഞ്ഞു തുടങ്ങുന്നു. മുൻപ് നടന്ന ഒരു തല്ലിൽ നായകൻ എങ്ങനെയാണ് പ്രതികരിച്ചതെന്ന് വിശദീകരിച്ച് പെൺകുട്ടിയുടെ ഹൈപ്പ് കൂട്ടുന്നു. ആ ക്ലാസ് മുറിയിൽ ഇപ്പോൾ എന്താണ് നടക്കാൻ പോവുന്നതെന്ന് പ്രേക്ഷകർക്കും ആ പെൺകുട്ടിക്കും മനസിലാവുന്ന ആ നിമിഷം തന്നെ സീൻ ക്ലാസ് മുറിയിലേക്ക് തിരിച്ചെത്തുന്നു. ഫ്ലാഷ്ബാക്കിന്റെ ബാക്കി ക്ലാസ് മുറിയിൽ സംഭവിക്കുന്നു.
ഇതിൽ ആദ്യം പറഞ്ഞ രീതി കിംഗ് ഓഫ് കൊത്തയുടേതാണ്. നോ ഇമോഷൻ, നോ ടെൻഷൻ, ജസ്റ്റ് ആക്ഷൻ.
രണ്ടാമത് പറഞ്ഞത് ആർ.ഡി.എക്സിന്റെ രീതി. ഇത്തരത്തിൽ കൃത്യമായി ആക്ഷനും ആ ആക്ഷൻ പ്രേക്ഷകന് ഫീൽ ചെയ്യിക്കാനായി ഇമോഷനും ഇതിനൊക്കെ ഒരു ഫ്രെയിം എന്ന തരത്തിൽ ഒരു ഫാമിലി സ്റ്റോറിയും ഉൾപ്പെടുത്തിയാണ് സംവിധായകൻ നഹാസ് ഹിദായത്ത് ആർ.ഡി.എക്സ് പാക്ക് ചെയ്തിരിക്കുന്നത്.
റോബർട്ട്, ഡോണി, സേവ്യർ എന്നീ സുഹൃത്തുക്കൾ ഒരു കരാത്തെ അക്കാദമിയിലെ പരിശീലകരാണ്. നാട്ടിൽ ചെറിയ തല്ലും സ്പോർട്സുമായി നടന്ന ഈ മൂവർ സംഘം ഒരു പ്രശ്നത്തെ തുടർന്ന് ഒതുങ്ങുന്നു. ഡോണി കുറേക്കാലമായി അപ്പന്റെ കൂടെ ജോലി ചെയ്ത് കുടുംബമായി ജീവിക്കുകയാണ്. ഒരു പള്ളിപ്പെരുന്നാളിനിടെയുണ്ടായ അക്രമത്തിൽ അപ്പൻപെട്ടുപോയതോടെ ഡോണിക്ക് തല്ലിൽ ഇടപെടേണ്ടി വരുന്നു. അതോടെ ആർ.ഡി.എക്സിലെ 'തല്ലുമാല' തുടങ്ങുകയായി.
അടിപ്പടം എന്ന് പറയുമ്പോൾ ഒരു കൂട്ടപ്പൊരിച്ചിൽ ആയി ഫീൽ ചെയ്യുന്നതുകൊണ്ട് ഷൈൻ നിഗത്തിന്റെ അടി, ആന്റണി പെപെയുടെ അടി, നീരജ് മാധവന്റെ അടി എന്നിങ്ങനെ എടുത്തെടുത്ത് പറയാം. എടുത്തുപറയാനുള്ള ക്വാളിറ്റിയും വിഷ്വൽ ഇംപാക്ടും ഓരോരുത്തരും ഒറ്റയ്ക്കൊറ്റയ്ക്ക് നൽകുന്നുണ്ട്.
വളരെ ഗ്രിപ്പ് ആയി പാക്ക് ചെയ്ത എഴുത്തും സംവിധാനവും ആർ.ഡി.എക്സിൽ കാണാം. നവാഗത സംവിധായകനാണെന്ന് ഒരിടത്തും തോന്നിപ്പിക്കാത്ത തരത്തിൽ പോപ്പുലർ ഓഡിയൻസിനെ എല്ലാ തരത്തിലും എൻഗേജ് ചെയ്യിക്കുന്ന തരത്തിലാണ് നഹാസ് ഹിദായത്ത് ചിത്രം ഒരുക്കിയിരിക്കുന്നത്. അതായത് അടിപ്പടം എന്ന് പറയുമ്പോഴും ഓരോ തല്ലിന്റെയും ഇമോഷനൽ മോട്ടീവ്, ഈഗോ മോട്ടീവ്, ടെൻഷൻ ഒക്കെ പ്രേക്ഷകർക്ക് വളരെ കൺവിൻസിംഗ് ആണ്.
ഉദാഹരണത്തിന് ആദ്യ പകുതിക്കുശേഷം സിനിമ കുറച്ച് ലോ പേസിലേക്ക് മാറുന്നുണ്ട്. മാറുന്നതല്ല, മാറ്റുന്നതാണ്. പ്രേക്ഷകരിലേക്ക് ടെൻഷൻ ഡ്രിപ്പ് ചെയ്ത് ഇറക്കുകയാണ്. എത്രമാത്രം ഭീകരമായ തിരിച്ചടിയായിരിക്കണം നൽകേണ്ടതെന്ന് പ്രേക്ഷകരെക്കൊണ്ട് തന്നെ തീരുമാനമെടുപ്പിക്കും വിധം വളരെ ഡീറ്റെയിൽ ആയിട്ട് എൻഗേജിംഗ് ആയിട്ട് കൺവിൻസ് ചെയ്യിക്കുന്നു. ഇതിനുശേഷം നായകർ ഏത് അതിമാനുഷികതയിലേക്ക് പോയാലും കാഴ്ചക്കാർ അംഗീകരിച്ച് കൊടുക്കും. അതിന് യോജിച്ച രീതിയിൽ ക്ലൈമാക്സിലെ കൂട്ടപ്പൊരിച്ചിൽ കൂടെയാവുമ്പോൾ ആർ.ഡി.എക്സ് ഈ വർഷത്തെ ഏറ്റവും മികച്ച ആക്ഷൻ സിനിമയാവുന്നു.
ഷൈൻ നിഗത്തിന്റെ സ്ഥിരം വിഷാദമൂഡിൽ നിന്നുള്ള രക്ഷപ്പെടലാണ് ചിത്രം. ശരിക്കും ഷോ സ്റ്റീലർ. ആക്ഷനിലും ഡയലോഗ് ഡെലിവറിയിലുമൊക്കെ സ്റ്റൈലിഷായ മറ്റൊരു ഷൈൻ നിഗത്തെ ആർ.ഡി.എക്സിൽ കാണാം. ഡാൻസിലും പ്രണയരംഗങ്ങളിലും ഷൈൻ മിന്നുന്നുണ്ട്.
ആന്റണി പെപ്പെയുടെ കലിപ്പൻ റോളുകൾ മുൻപ് പല തവണ വന്നതാണെങ്കിലും അതിന്റെ ലാഞ്ഛനയൊന്നുമില്ലാത്ത തരത്തിൽ മറ്റൊരു പെപ്പെ ആക്ഷനാണ് ആർ.ഡി.എക്സിൽ. കുറേക്കൂടി ബെറ്ററാണ്.
നീരജ് മാധവനാണ് ഞെട്ടിച്ചത്. ഒരു ഡാൻസറുടെ കയ്യിൽ നഞ്ചക് കിട്ടിയാലെങ്ങനെയുണ്ടാവും? അത്രയധികം രസകരമായി നീരജിന്റെ ആക്ഷൻ പ്രകടനം ചിത്രത്തിന് മുതൽക്കൂട്ടാവുന്നു.
ബാബു ആന്റണിക്ക് ആകെ സ്ക്രീൻ ടൈം മൂന്നോ നാലോ മിനിറ്റ് മാത്രമേ ഉള്ളുവെങ്കിലും ഗംഭീര ഇംപാക്ട് ഉണ്ടാക്കുന്ന തരത്തിൽ പെർഫോം ചെയ്തിട്ടുണ്ട്. ബൈജുവിന്റെ പ്രകടനവും രസകരമായി. ലാൽ, മാല പാർവതി, മഹിമ നമ്പ്യാർ, തുടങ്ങിയവരും നന്നായി. വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യയുടെ 'പോൾസൺ' എന്ന വില്ലൻ വേഷം ഗംഭീരമായി.
അൻപരിവിന്റെ ആക്ഷൻ കൊറിയോഗ്രഫിയാണ് ആർ.ഡി.എക്സ് പ്രധാന ഹൈലൈറ്റ്. കെ.ജി.എഫിനും വിക്രത്തിനും ഗംഭീര ആക്ഷനൊരുക്കിയ അൻബരിവ് ആർ.ഡി.എക്സിനും അതിന്റെ കാൻവാസിന് യോജിച്ച തരത്തിൽ ഒരു ഗ്രാൻഡ് ആക്ഷൻ ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് ആക്ഷനിലെത്തുമ്പോൾ ലോകേഷ് യൂണിവേഴ്സ് പടങ്ങളുടെ മിന്നലാട്ടങ്ങൾ കാണാനാവും.
ആർ.ഡി.എക്സിന്റെ എനർജിക്ക് ചേർന്ന സംഗീതം തന്നെയാണ് സാം സി.എസ്. കൊടുത്തിരിക്കുന്നത്. സിനിമറ്റോഗ്രാഫർ അലക്സ് ജെ. പുളിക്കലും ഗംഭീരമാക്കി. ചമൻ ചാക്കോയുടെ എഡിറ്റിംഗ് മികവും ആർ.ഡി.എക്സിനെ വലിയ തോതിൽ പിന്തുണച്ചിട്ടുണ്ട്.