‘ആശ’യുണ്ടാകുന്നത്…

“മനോവിശ്ലേഷണ സാധ്യതകൾ പ്രയോജനപ്പെടുത്തിയ K.G. ജോർജിൻ്റെ ‘സ്വപ്നാടനം’ പോലെയും പി. ബാലചന്ദ്രൻ എഴുതിയ ‘ഉള്ളടക്കം’ പോലെയുമുള്ള ഗൗരവമാർന്ന ഒരു സമീപനം സഫർ കാണിക്കുന്നു എന്നതാണ് 'ആശ' സിനിമയുടെ സവിശേഷത. അതിനുതകുന്ന ഷോട്ടുകളും ഫ്രെയിമുകളും കളറിംഗും തെരഞ്ഞെടുക്കുന്നതിലും സംവിധായകൻ മികവ് പ്രകടിപ്പിക്കുന്നു.” Movie Review by പ്രൊഫ. എൽ. തോമസ് കുട്ടി.

ഫർ സനൽ എന്ന നവാഗത സംവിധായകനെ മലയാളം ഏറ്റെടുത്തിരിക്കുന്നു. 'ആശ' തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. വർഷങ്ങളായി ഈ മേഖലയിൽ എഴുത്തുകാരനായും സഹസംവിധായകനായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഫർ-ൻ്റെ (ഉണ്ണി) സ്വതന്ത്ര സംവിധാനത്തിലുള്ളപ്രഥമ ചിത്രമാണിത്. വിപുലവും സങ്കീർണവും അത്യധികം ക്ഷമയും ആവശ്യമുള്ള ഈ വ്യവസായത്തിൽ തൻ്റെ കയ്യൊപ്പ് വ്യക്തമായി പതിപ്പിക്കുവാൻ സംവിധായന് കഴിഞ്ഞിട്ടുണ്ട് എന്നത് പ്രസ്താവ്യം.

സമീപഭൂതകാലത്തിലെ വാണിജ്യ സിനിമകൾ Violence-നെയാണ് ഏറെ ആശ്രയിക്കുന്നതെന്ന് കാണാം. കട്ടച്ചോരകൊണ്ട് ജ്യൂസടിക്കുന്ന ഘട്ടം മുതൽ ട്രെൻഡായി മാറിയ കൂട്ടത്തല്ല് സിനിമകളേറെയും ഇരുണ്ട വാസനകളെ അമിതമായും അകാരണമായും ആശ്രയിക്കുന്നതും ശ്രദ്ധിക്കണം. കേരള സ്റ്റോറി പോലെ രാഷ്ട്രീയ ലാഭത്തിനായും അവ പ്രയോജനപ്പെടുത്തുന്നുണ്ട്. RRR, പുഷ്പ, ജയിലർ മാതൃകയിലുള്ള പെരുപ്പിച്ച നെഗറ്റീവ് ഹീറോകളും നിറഞ്ഞാടുന്നു. ആവേശാനന്തരമുള്ള തല്ലുമാലകളും ഉണ്ണി മുകുന്ദൻ അഭിനയിച്ച ബീഭത്സ ഹിംസാത്മക 'മാർക്കോ" ചിത്രങ്ങളും നമ്മുടെ അഭ്രപാളികളിൽ നിറഞ്ഞാടി. അവ പസോളിനി പടങ്ങളല്ലെന്നും ഓർക്കണം.

Viiolence-ന് വേണ്ടി മാത്രം violence വിശദാംശങ്ങളോടെ ആവിഷ്കരിക്കപ്പെട്ടു! കലയുടേയോ സർഗാത്മകതയുടേതോ ആയ ഘടകങ്ങൾ പാടേ അവഗണിക്കപ്പെട്ടു. അതോടൊപ്പം തന്നെ, സമീപകാലത്ത് എത്തിയ പൃഥ്വിരാജ് ചിത്രം (ഖലീഫ) സ്വർണക്കള്ളക്കടത്തിനെയും പാർവതി ചിത്രം (പ്രഥമദൃഷ്ടാ കുറ്റക്കാർ) MDMA-യെയും ഗ്ലോറിഫൈ ചെയ്യുന്നതായും സൂക്ഷ്മമായി നോക്കിയാൽ കാണാനാവും. ഇത്തരം സിനിമകളുണ്ടാക്കുന്ന വിവേകശൂന്യമായ പരിചരണങ്ങളിൽ നിന്നും അകലാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ (പ്രത്യേകിച്ചും കുടുംബ പ്രേക്ഷകർ) എത്തിച്ചേരുന്നത് ബത്ലഹേം കുടുംബ യൂണിറ്റ് പോലുള്ള Feel Good സിനിമകളിലാണ്. അവകളാകട്ടെ തികച്ചും ഉദാസീനമായും സീരിയൽമട്ടിൽ സൃഷ്ടിച്ചതുമാകുന്നു. അതി ലാഘവത്വം ഈ ധാരയുടെ പരിമിതിയാകുന്നു. കണിശമായ ഒരു കഥാതന്തുവോ ആഖ്യാന അനുധാവനമോ പോലും ആവശ്യമില്ലെന്ന മട്ടിലാണ് അത്തരം സിനിമകളുടെ പോക്ക്.

സഫർ സനൽ
സഫർ സനൽ

‘ആശ’ എന്ന വാണിജ്യ സിനിമയെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഇവിടെയും ആശ എന്ന നായികാപാത്രത്തിൻ്റെ Violence തന്നെയാണ് പ്രമേയകേന്ദ്രം. എന്നാൽ ആ കഥാപാത്രത്തിൻ്റെ സ്കിസോയ്ഡ് വ്യക്തിത്വത്തെയാണ് ആഖ്യാന വസ്തുവാക്കിയിരിക്കുന്നത്. ഒരു സൈക്കോത്രില്ലർ എന്ന നിലയിലാണ് പരിചരണം. ആശ മനോ ദൗർബല്യത്താൽ ഓരോ തെറ്റുകൾ ചെയ്യുകയും വീണ്ടും വീണ്ടും അതിൻ്റെ വ്യാപ്തി വർധിക്കുകയും ചെയ്യുന്നു. ഒഴിവാക്കാനാവാത്ത ഊരാക്കുടുക്കുകളിലേക്ക് മറ്റുള്ളവർ കൂടി പെട്ടു പോകുന്നു. സാമ്പ്രദായിക കഥാന്ത്യത്തിൽ പ്രത്യക്ഷപ്പെടുന്ന പശ്ചാത്താപവിവശയായ പാപിനി ഇവിടില്ല. എന്തെന്നാൽ അവർ രോഗിയാണ്, സമചിത്തത അവൾക്കപ്രാപ്യം. സിനിമയുടെ ആഖ്യാനത്തെ സന്തുലിതമാക്കുവാനും ആഭ്യന്തര യുക്തി പരിരക്ഷിക്കുവാനും ഇത്തരം സമീപനങ്ങളിലുടെ സംവിധായകന് സാധ്യമായിട്ടുണ്ട്.

എന്തുകൊണ്ട്
സിനിമയിൽ,
ജീവിതത്തിലും,
‘ആശ’യെപ്പോലൊരു
സ്ത്രീ?

മനോവിശ്ലേഷണ സാധ്യതകൾ പ്രയോജനപ്പെടുത്തിയ K.G. ജോർജിൻ്റെ ‘സ്വപ്നാടനം’ പോലെയും പി. ബാലചന്ദ്രൻ എഴുതിയ ‘ഉള്ളടക്കം’ പോലെയുമുള്ള ഗൗരവമാർന്ന ഒരു സമീപനം സഫർ കാണിക്കുന്നു എന്നതാണ് 'ആശ' സിനിമയുടെ സവിശേഷത. അതിനുതകുന്ന ഷോട്ടുകളും ഫ്രെയിമുകളും കളറിംഗും തെരഞ്ഞെടുക്കുന്നതിലും സംവിധായകൻ മികവ് പ്രകടിപ്പിക്കുന്നു. മുഖ്യപാത്രത്തെ അവതരിപ്പിക്കുന്ന ഉർവശി എന്ന നടിയുടെ പ്രകടനം ഗംഭീരമായിരുന്നു. മലയാളത്തിൽ തറഞ്ഞുപോയ ഏകമുഖമുള്ള കവിയൂർ പൊന്നമ്മയുടെ അമ്മ വേഷത്തിൻ്റെ മറുപുറം കാട്ടിത്തരാൻ അവർക്കാകുന്നു: ആ ജീവിതത്തെ സൂക്ഷ്മമായി ഒപ്പിയെടുക്കാൻ സംവിധായനും കഴിഞ്ഞിട്ടുണ്ട്.

ജോസഫിലൂടെ തൻ്റെ അഭിനയ മികവ് കാട്ടിത്തന്ന ജോജു ജോർജ്ജും കഥാപാത്രത്തിനിണങ്ങുന്ന മിതത്വം പാലിച്ചിരിക്കുന്നു.
ജോസഫിലൂടെ തൻ്റെ അഭിനയ മികവ് കാട്ടിത്തന്ന ജോജു ജോർജ്ജും കഥാപാത്രത്തിനിണങ്ങുന്ന മിതത്വം പാലിച്ചിരിക്കുന്നു.

ജോസഫിലൂടെ തൻ്റെ അഭിനയ മികവ് കാട്ടിത്തന്ന ജോജു ജോർജ്ജും കഥാപാത്രത്തിനിണങ്ങുന്ന മിതത്വം പാലിച്ചിരിക്കുന്നു. എൺപതുകളിലെ സിനിമാ ഫോർമുലകളിലുള്ള ആദ്യന്ത സുവ്യക്തത ഒരു ന്യൂനതയായി തോന്നുന്നു എന്ന കാര്യം കൂടി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും അവ്യക്തവും അജ്ഞാതവുമായ കുമാർഗങ്ങളിലൂടെയുള്ള മനമോട്ടത്തെ പ്രമേയമായി സ്വീകരിക്കുമ്പോൾ ആംബിക്വിറ്റിയുടെ നേർത്ത പടലം അതിൻ്റെ സൗന്ദര്യാത്മകമായ വശ്യത വർധിപ്പിക്കുമെന്നിരിക്കെ!! എന്തായാലും സഫറിൻ്റെ പ്രഥമ സംരംഭം വിജയിച്ചിരിക്കുന്നു, ഈ യുവാവിന് ഇനിയും ഒട്ടേറെ മുന്നേറാനുണ്ട്. ധാരാളം അവസരങ്ങൾ നിശ്ചയമായും അയാളെ തേടിയെത്തും. മലയാള സിനിമയുടെ നാളെകളിലേയ്ക്കുള്ള അയാളുടെ ദീർഘയാത്രയ്ക്കായി എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


Summary: Safar Sanal directed Urvashi Joju George psychological drama, family drama, and suspense thriller malayalam movie Aasha, review written by L Thomas Kutty.


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments