ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
സജാസ് റഹ്മാൻ: കാലഘട്ടത്തെ, അതിന്റെ വൈരുധ്യങ്ങളെ രേഖപ്പെടുത്തുക. ഏതൊരു കലാരൂപവും ചരിത്രത്തിലേക്കാണ് സംഭാവന ചെയ്യുന്നത്. രേഖപ്പെടുത്തപ്പെടാത്ത ചരിത്രയാഥാർഥ്യങ്ങൾ കണ്ടെത്താനാവുക ആ കാലഘട്ടത്തിലെ കലകളിലെ സൂക്ഷ്മനിരീക്ഷണങ്ങളിലൂടെയാണ്. സമൂഹത്തിൽ അതാത് കാലഘട്ടത്തിലെ മനുഷ്യരുടെ ആകുലതകൾ, സ്വപ്നങ്ങൾ, പ്രതിഷേധങ്ങൾ, അതിന്റെയൊക്കെ പ്രകാശനങ്ങളായി തന്നെ സിനിമയെയും കാണാനാണ് താൽപര്യം. നിലവിലെ വിശ്വാസങ്ങളെയും ചിന്തകളെയും രൂപങ്ങളേയും രൂപകങ്ങളെയും പുനർനിർമിക്കാൻ ശേഷിയുള്ള ഒരു മാധ്യമം കൂടിയാണല്ലോ സിനിമ. നിലവിലുള്ള ഒന്നിനെയും ഊട്ടിയുറപ്പിക്കാൻ ഞങ്ങൾ സിനിമയെ ഉപയോഗിക്കാറില്ല.
ഒരു ഇൻഡസ്ട്രി രൂപപ്പെടുത്തുന്ന ചട്ടക്കൂടുകൾക്കുള്ളിലല്ലാതെ, സ്വതന്ത്രമായി നിന്ന് സിനിമകൾ രൂപപ്പെടുത്താൻ എല്ലാവർക്കും കഴിയുന്നൊരു
കാലഘട്ടമെത്തിക്കഴിഞ്ഞു.
മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇനിയും അത് വലുതായി കൊണ്ടേയിരിക്കും. മറ എന്നത് നമ്മുടെയെല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. അത് പലരീതിയിൽ പ്രയോഗിച്ചു കൊണ്ടേയിരിക്കും. എല്ലാ കലാരൂപങ്ങളും നിരന്തര പഠനവും പരീക്ഷണങ്ങളും ആവശ്യപ്പെടുന്നുണ്ട്.
സിനിമ എത്തരത്തിലാണ് മാറിമറിയുന്നതെന്ന് കാണുന്നത്, കൗതുകമുള്ള കാഴ്ചയാണ്. ഇതൊരു ട്രാൻസ്‌ഫോർമേഷൻ പീരിയഡ് ആയിട്ടാണ് കരുതുന്നത്. കഴിഞ്ഞ പ്രളയത്തിൽ, ആലുവയിലൊക്കെ പല ഇടങ്ങളും മാറ്റപ്പെട്ടു, പല ഇടങ്ങൾക്കും രൂപമാറ്റം സംഭവിച്ചു. പലതും ഒലിച്ചുപോയി.
സിനിമയിലും ഈ കുത്തൊഴുക്ക് മാറി കൂടുതൽ വ്യക്തത തെളിഞ്ഞുവരും..
ഒരു ഇൻഡസ്ട്രി രൂപപ്പെടുത്തുന്ന ചട്ടക്കൂടുകൾക്കുള്ളിലല്ലാതെ, സ്വതന്ത്രമായി നിന്ന് സിനിമകൾ രൂപപ്പെടുത്താൻ എല്ലാവർക്കും കഴിയുന്നൊരു
കാലഘട്ടമെത്തിക്കഴിഞ്ഞു. മലയാള സിനിമയിൽ ഒരുപാട് നല്ല പരീക്ഷണങ്ങൾ നടക്കുന്നുണ്ട്, കണ്ടന്റുകളുടെ കുത്തൊഴുക്കിൽ പലതും മൂടപ്പെട്ടു പോകുന്നുമുണ്ട്.
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ഇന്റർവെൽ പോലും സിനിമയുടെ ആസ്വാദനത്തെ ശല്യപ്പെടുത്തുന്നതായാണ് കരുതുന്നത്. ചില സിനിമകൾ മുറിച്ചുമുറിച്ചു കണ്ടാലും കുഴപ്പമില്ലായിരിക്കാം. ഇമേജ് കൺസപ്ഷൻ നമ്മളിൽ അടിച്ചേൽപ്പിച്ച ലാഘവത്തിന്റെ ഫലമായിരിക്കാം അത്. സിനിമാ ആസ്വാദനം അങ്ങനെയല്ലല്ലോ. കല ആസ്വദിക്കാൻ പഠിക്കേണ്ടതുണ്ടെന്നുകരുതുന്നു. നമ്മുടെ നാട്ടിൽ ഫിലിം സൊസൈറ്റികളൊക്കെ ചെയ്തുകൊണ്ടിരുന്നത് അതാണ്.
കുറച്ച് കാലം മുമ്പുള്ള പല സിനിമകളും ഇപ്പോൾ കാണുമ്പോൾ എന്തൊരു സ്ത്രീ വിരുദ്ധമാണ് അതിലെ പല രംഗങ്ങളും സംഭാഷണങ്ങളും എന്ന് തോന്നുന്നത് കാലത്തിന്റെ രാഷ്ട്രീയശരികളുടെ മാറ്റത്തോട് ചേർത്തുവായിക്കേണ്ടതാണ്.
സിനിമ, കാഴ്ചകളുടെയും ശബ്ദങ്ങളുടെയും തുടർച്ചകളിലാണ് സംഭവിക്കുന്നത്. തുടർച്ചയായ മനനത്തിലാണ് സംഭവിക്കുന്നത്. തുടർച്ചയുള്ള ചിന്തകളിലൂടെയും. എങ്കിലും ഫിലിംമേക്കിങ്ങിൽ
കാലഘട്ടത്തിന്റെ വേഗത്തെ പ്രതി സിനിമയുടെ താളം, വേഗം എന്നിവയെക്കുറിച്ച് ബോധപൂർവം ചിന്തിക്കാറുണ്ട്.
ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?
രാഷ്ട്രീയ ശരിതെറ്റുകളെ ഊട്ടിയുറപ്പിക്കാനും, ചോദ്യം ചെയ്യാനും ഹാസ്യത്തിന് കഴിയും. എത്രയോ സിനിമകൾ ഉദാഹരണങ്ങളായുണ്ട്. കേവല വാർത്തമാനങ്ങളിൽ, നേരമ്പോക്കുകളിൽ അഭിരമിക്കുന്ന, ഏതുവിധേനയും ചിരിപ്പിക്കാൻ ക്വട്ടേഷനെടുക്കുന്ന സിനിമകളിലാണ് മേല്പറഞ്ഞ പ്രശ്‌നം ഉദിക്കുന്നത്.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ/ പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
ആൺകാഴ്ചകളിലൂടെ തന്നെയാണ് ചരിത്രവും സിനിമകളും രൂപപ്പെട്ടിട്ടുള്ളത്.
കുറച്ച് കാലം മുമ്പുള്ള പല സിനിമകളും ഇപ്പോൾ കാണുമ്പോൾ എന്തൊരു സ്ത്രീ വിരുദ്ധമാണ് അതിലെ പല രംഗങ്ങളും സംഭാഷണങ്ങളും എന്ന് തോന്നുന്നത് കാലത്തിന്റെ രാഷ്ട്രീയശരികളുടെ മാറ്റത്തോട് ചേർത്തുവായിക്കേണ്ടതാണ്.
യാഥാർഥ്യബോധം സൃഷ്ടിക്കാൻ സിനിമകളിലുപയോഗിക്കുന്ന ചില നുറുങ്ങു സംഭാഷണങ്ങളിൽ പോലും ഇത്തരം പ്രകടമായ അടിച്ചമർത്തൽ രാഷ്ട്രീയം കാണാം.
സ്ത്രീവിഷയങ്ങൾ അല്ലെങ്കിൽ അനുഭവങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഒരുപരിധിവരെയെങ്കിലും ഇന്ന് ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.
പക്ഷേ പലപ്പോഴും അത്തരം ഉദ്ദേശ്യങ്ങൾ തിരിഞ്ഞുകൊത്തുന്ന അവസ്ഥയുമുണ്ട്.
ജൻഡർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ , അത് സ്ത്രീ സംവിധായകർ ചെയ്യുന്ന സിനിമകളിൽ പോലും, തലമുറകളിലൂടെ കൈമാറിവന്ന ആൺബോധം അറിഞ്ഞോ അറിയാതെയോ പ്രകടമാകുന്ന അവസ്ഥയും കാണാം.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടു വെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?
മുഖ്യധാരയെന്നും സമാന്തരമെന്നുമുള്ള വേർതിരിവുകൾ ഇന്നും ഉണ്ടെന്നാണ് കരുതുന്നത്. എല്ലാ കാലത്തും ഉണ്ടാവുകയും ചെയ്യും. മാർക്കറ്റിന്റെ അന്വേഷണങ്ങൾ നടക്കുന്ന, സാധ്യതകൾ അന്വേഷിക്കുന്ന സിനിമകളും, മാധ്യമത്തിന്റെ സാധ്യതകളും അതിനുമേലുള്ള അന്വേഷങ്ങളും നടക്കുന്ന രണ്ടു തരം സിനിമകൾ എന്നുതന്നെ പറയാം. ഡിജിറ്റലിന്റെ വരവോടെ ഈ രണ്ട് ധാരകൾക്കും വലിയ രീതിയിൽ രൂപ- ഭാവ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്.
മധ്യവർത്തി സിനിമകൾ എക്കാലത്തും അതിന്റെ കടമയും നിർവഹിച്ചുപോരുന്നുണ്ട്. വലിയൊരു പ്രേക്ഷകസമൂഹത്തെ തൃപ്തിപ്പെടുത്തുന്നുമുണ്ട്, ചിലപ്പോളൊക്കെ ഇക്കിളിപ്പെടുത്തുന്നുമുണ്ട്.
2010നുശേഷം മലയാളത്തിലുണ്ടായിട്ടുള്ള ശക്തമായ, ശ്രദ്ധേയമായ സ്വതത്ര, സമാന്തര, കലാസിനിമകൾ നോക്കിയാൽ തന്നെ അത് വ്യക്തമാകും.
വിഷയത്തിലും രൂപത്തിലുമുള്ള സിനിമയുടെ വലിയ കുതിച്ചുചാട്ടം. അത്തരം സിനിമകളാണ് മലയാളസിനിമയെ തന്നെ എക്കാലത്തും രൂപപ്പെടുത്തിയിട്ടുള്ളത് എന്ന് കരുതുന്നു. മധ്യവർത്തി സിനിമകൾ എക്കാലത്തും അതിന്റെ കടമയും നിർവഹിച്ചുപോരുന്നുണ്ട്. വലിയൊരു പ്രേക്ഷകസമൂഹത്തെ തൃപ്തിപ്പെടുത്തുന്നുമുണ്ട്, ചിലപ്പോളൊക്കെ ഇക്കിളിപ്പെടുത്തുന്നുമുണ്ട്.
ഞങ്ങളുടെ കഴിഞ്ഞ മൂന്ന് സിനിമകളും- കളിപ്പാട്ടക്കാരൻ, വാസന്തി, ചവിട്ട്- സമാന്തരമെന്ന് പറയാവുന്ന സിനിമകളാണെന്ന് കരുതുന്നു. സിനിമയെന്ന മാധ്യമത്തിനുമേലുള്ള എല്ലാത്തരം പരീക്ഷണങ്ങളിലേക്കും ഞങ്ങൾ അതിനെ അഴിച്ചുവിട്ടിട്ടുണ്ട്. കൂടുതലായി ഫോമിൽ തന്നെ. ഫോമിലൂടെയാണ് വിഷയം കമ്യൂണിക്കേറ്റ് ചെയ്യുന്നത്. എത്തരത്തിൽ വിഷയം കമ്യൂണിക്കേറ്റ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത്. ഒരു കഥ പറയുക എന്നതിനേക്കാൾ അപ്പുറം ഒരു വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുക എന്ന രീതിയാണ്. മൂന്ന് സിനിമകളും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
ഈ സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഈ സിനിമകൾ മുഖ്യധാരയിൽ സജീവമാകുമെന്ന് കരുതുന്നില്ല. പക്ഷെ അത്തരം സിനിമകൾ കാണുന്ന, ആസ്വദിക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അത് ഈ മൂന്ന് സിനിമകളിലൂടെയുള്ള യാത്രയിൽ ബോധ്യമായിട്ടുള്ളതാണ്. ചെറുതല്ലാത്ത, വലിയ ആവേശമുള്ള ഒരു പ്രേക്ഷകസമൂഹം.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?
ഫിലിം ഫെസ്റ്റിവലുകളിലൂടെയാണ് അന്യഭാഷാ സിനിമകൾ കാണാൻ
കഴിയാറ്. താരതമ്യം ചെയ്യാനുള്ള കാഴ്ചാനുഭവം കുറവാണ്.എങ്കിലും സ്വാതന്ത്രമായ പരീക്ഷണങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്. ശക്തമായ സിനിമകൾ കന്നഡയിലും, മറാത്തിയിലും, ബംഗാളിലും, തമിഴിലും, മലയാളത്തിലും ഉണ്ടാകുന്നുണ്ട്. ആശയപരമായും രൂപപരമായും ചെറിയ വലിയ സിനിമകളാണ് എപ്പോഴും അത്ഭുതപ്പെടുത്താറുള്ളത്.
സോഷ്യൽ മീഡിയ റീലുകൾ വരെ സിനിമാരൂപത്തെ സൃഷ്ടിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ട്. സംവിധായകർ അറിഞ്ഞും അറിയാതെയുമാവാം ഈ സ്വാധീനം. ക്യാമറ പേന പോലെ ഉപയോഗിക്കുന്ന കാലത്ത്, സിനിമയുടെ വ്യാകരണ സങ്കൽപ്പങ്ങളും മാറിയേ പറ്റു.
ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്‌സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?
ഡിജിറ്റൽ കാലത്ത് വിഷ്വൽ സ്വാധീനങ്ങൾ നിരവധിയാണ്. സിനിമയുടെ ഗ്രാമർ എന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങളൊക്കെത്തന്നെ ഇന്ന് മാറുന്നു. ആ മാറ്റത്തിന്റെ സ്വാധീനം ഇത്തരം എല്ലാ വിഷ്വൽ കോൺടെന്റുകളിൽ നിന്നുമാണ്. സോഷ്യൽ മീഡിയ റീലുകൾ വരെ സിനിമാരൂപത്തെ സൃഷ്ടിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ട്. സംവിധായകർ അറിഞ്ഞും അറിയാതെയുമാവാം ഈ സ്വാധീനം. ക്യാമറ പേന പോലെ ഉപയോഗിക്കുന്ന കാലത്ത്, സിനിമയുടെ വ്യാകരണ സങ്കൽപ്പങ്ങളും മാറിയേ പറ്റു.
ഫിലിംമേക്കിങ്ങിന്റെ കാര്യത്തിൽ പ്രധാനമായും താളവേഗക്രമത്തിലാണ്
ഇത്തരം സ്വാധീനങ്ങൾ ചിന്തിപ്പിക്കാറ്. നമ്മുടെ ജീവിതത്തിന്റെ താളം, ഉറക്കത്തിന്റെ താളം, സോഷ്യൽ മീഡിയ താളം, വിരലുകൾ മൊബൈലിൽ തട്ടുന്ന താളം, ടി.വി റിമോട്ടിൽ തട്ടുന്ന താളം, നിശബ്ദമാകാൻ അനുവദിക്കാത്ത ഈ താളഭേദങ്ങൾ ഇടയ്ക്കു ഭയപ്പെടുത്താറുണ്ട്.
ഭാഗം രണ്ട്:
സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?
വായന എപ്പോഴുമുണ്ട്, നോവലുകളായിരുന്നു. ഇപ്പോൾ, ഏറെയും ചെറുകഥകളാണ്. കലാചരിത്രവും മാർക്‌സിയൻ ആശയങ്ങളും വായിക്കാൻ ഇഷ്ടമാണ്. കൂടുതൽ തിരയുന്നതും വൈരുധ്യങ്ങളെയാണ്, കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും കൂടികലർന്ന് നിസ്സഹായരാകുന്ന മനുഷ്യാവസ്ഥകളെയാണ്, വ്യക്തിയും സമൂഹവും തമ്മിലുള്ള നിത്യ സംഘർഷങ്ങളെയാണ്.
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ സ്വാധിനിച്ചിട്ടുള്ളത് അരവിന്ദന്റെ സിനിമകളാണ്. അരവിന്ദന്റെ എല്ലാ സിനിമകളും. അതുപോലെ, ജോൺ എബ്രഹാമിന്റെ എല്ലാ സിനിമകളും. കൊടിയേറ്റം,എലിപ്പത്തായം, അനന്തരം തുടങ്ങിയ അടൂർ ചിത്രങ്ങൾ. അങ്ങനെ ഒരുപാടുണ്ട്. ഇറാനിയൻ സിനിമകൾ എന്നും പ്രിയപ്പെട്ടതാണ്. സിനിമകൾ ചെയ്യണം എന്ന് തോന്നിപ്പിച്ചത്, ആവേശമുണ്ടാക്കിയത് മേൽപറഞ്ഞ സിനിമകളും സംവിധായകരുമാണ്.
ഡിജിറ്റൽ കാലത്തെ സിനിമകൾ തടയാൻ കഴിയുമോ? നിരോധിക്കാൻ കഴിയുമോ? ഡിജിറ്റലി തന്നെ പുതിയ വഴികൾ രൂപപ്പെടും. സാധ്യതകൾ അനന്തമാണെല്ലോ.കലകൾ ശബ്ദിച്ചു കൊണ്ടേയിരിക്കും.
വെറുതെ ഷോട്ടുകൾ എടുക്കുകയും ഒട്ടിച്ചുവെക്കുകയും അല്ല, അതിനപ്പുറം കമ്യൂണിക്കേഷൻ സാധ്യമാണെന്നും, വാക്കുകൾ കൊണ്ട് മാത്രമല്ലാതെ സംസാരിക്കാൻ കഴിയുമെന്നും, മനസിലാക്കിയത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. ഈ സിനിമകളിൽ, മാധ്യമത്തിനുമേൽ സംവിധായകർ എടുക്കുന്ന സ്വാതന്ത്ര്യബോധം, അത് എല്ലാ അർത്ഥത്തിലും സിനിമകൾ ചെയ്യാൻ ആവേശമുണ്ടാക്കിയിട്ടുണ്ട്.
ഞങ്ങളുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് 2014 ൽ ചിത്രീകരിച്ച ആദ്യ സിനിമയായ ‘കളിപ്പാട്ടക്കാരൻ ' (Toymaker) ആണ്. അത് അത്ര ശ്രദ്ധേയമായ സിനിമയായിരുന്നില്ല. പേർസണൽ സ്വഭാവമുള്ള ഒരു സിനിമയാണ്.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
ഇല്ല. ഇനി അത് സാധ്യമാണെന്ന് തോന്നുന്നുമില്ല . ഡിജിറ്റൽ കാലത്തെ സിനിമകൾ തടയാൻ കഴിയുമോ? നിരോധിക്കാൻ കഴിയുമോ? ഡിജിറ്റലി തന്നെ പുതിയ വഴികൾ രൂപപ്പെടും. സാധ്യതകൾ അനന്തമാണെല്ലോ.കലകൾ ശബ്ദിച്ചു കൊണ്ടേയിരിക്കും. എപ്പോഴും കലഹിച്ചു കൊണ്ടേയിരിക്കും എല്ലാ കാലത്തും.
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
ചിന്തകളും, സ്വപ്നങ്ങളും, പ്രതിഷേധങ്ങളും കോർത്തൊരുക്കുന്ന ഒരു മാല പോലെ സിനിമയെ സങ്കൽപ്പിക്കാനാണ് കൂടുതൽ ഇഷ്ടം. കാലം മാറുന്നതിനനുസരിച്ചു സങ്കല്പങ്ങളും മാറുന്നുണ്ട്. പൊതുവിൽ ഞങ്ങളുടെ സിനിമ വിജയ പരാജയങ്ങൾക്ക് പുറത്താണ് നിൽക്കാറ്. പരമാവധി കാഴ്ചക്കാരിലേക്ക് സിനിമ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എല്ലാ വഴികളും ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. തിയേറ്ററും, ഒ.ടി.ടിയും, ഫെസ്റ്റിവലുകളും, സമാന്തര പ്രദർശനങ്ങളും എല്ലാം. എപ്പോഴും ശ്രമങ്ങൾ വിജയിക്കാറില്ല. സിനിമക്ക് മുടക്കുന്ന മൂലധനം പതിയെ ആണെങ്കിൽ പോലും തിരിച്ചുകിട്ടിയാൽ സന്തോഷം.
ആത്മാർത്ഥമായി കെട്ടിപ്പുണരുന്ന ആസ്വാദകരെ ഇടക്ക് കണ്ടുമുട്ടുമ്പോൾ
സംവേദനചക്രം പൂർത്തിയാകുന്നതായി തോന്നാറുണ്ട്. ▮