അടിത്തട്ടി​ലെ മനുഷ്യർ നായകരായ സെർബിയൻ സിനിമ

ഇക്കുറി ഐ.എഫ്.എഫ്.കെ യിൽ ‘കൺട്രി ഫോക്കസ്’ വിഭാഗത്തിൽ ആറു സെർബിയൻ സിനിമകളുണ്ട്​. പാക്കേജിലെ മിക്ക സിനിമകളും ശ്രദ്ധേയചിത്രങ്ങളാവും എന്നുതന്നെയാണ് അവയ്ക്ക് ലഭിച്ച ഉന്നത പുരസ്‌കാരങ്ങളും റേറ്റിംഗുകളും സൂചിപ്പിക്കുന്നത്.

സെർബിയൻ സിനിമകൾക്ക് ലോകത്താകമാനം ഇന്ന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. സമീപകാലത്ത് കാനിൽ എട്ടു സെർബിയൻ സിനിമകളുടെ പ്രത്യേക പ്രദർശനം നടന്നത് ഇതിന്റെ പ്രത്യക്ഷ തെളിവാണ്. വെനീസ്, ബെർലിൻ അടക്കമുള്ള പ്രധാന മേളകളിലെല്ലാം സെർബിയൻ ചലച്ചിത്രങ്ങൾ പുരസ്‌കാരങ്ങൾ നേടുകയും വലിയ ആസ്വാദകപ്രീതി പിടിച്ചുപറ്റുകയും ചെയ്തുവരുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാവണം ഇക്കുറി ഐ.എഫ്.എഫ്.കെ യിൽ ‘കൺട്രി ഫോക്കസ്’ വിഭാഗത്തിൽ ആറു സെർബിയൻ സിനിമകൾ ഉൾപ്പെടുത്തിയത്.

ബാൾക്കൻ സിനിമകളുടെ വിശാല പരിപ്രേക്ഷ്യത്തിൽ മാത്രമേ സെർബിയൻ സിനിമകളെയും നോക്കിക്കാണാൻ കഴിയൂ. എമിർ കുസ്തുറിക്ക തന്റെ അതിശയകരമായ സിനിമകളിലൂടെ അവതരിപ്പിച്ച ബാൾക്കൻ ജനതയുടെ സവിശേഷതകൾ ഏറിയും കുറഞ്ഞും ആ പ്രദേശത്തെ പുതുതലമുറ സംവിധായകരുടെ രചനകളിലുമുണ്ട്.

സോഷ്യൽ റിയലിസത്തിൽ നിന്ന് ഫാന്റസിയിലേക്കും സാമൂഹിക വിമർശനത്തിൽ നിന്നും യുക്തിരഹിതമായ അതിശയോക്തിയിലേക്കും സെർബിയൻ സിനിമകൾ നിമിഷാർദ്ധം കൊണ്ട് തെന്നിമാറും. കറുത്തഹാസ്യം ഉപയോഗിക്കും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരെ അവർ കഥാപാത്രമാക്കും. സെർബിയൻ സിനിമയുടെ വർത്തമാനം അവതരിപ്പിക്കുന്ന പാക്കേജ് സവിശേഷം ശ്രദ്ധിക്കപ്പെടും എന്നാണ് ഞാൻ വിചാരിക്കുന്നത്.

മിലോസ്​ പുസിക്​ സംവിധാനം ചെയ്ത Working Class Heroes (2022/ 85 മി.) ഈ വിഭാഗത്തിലെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ്. പ്രാഥമികമായും അത് ബാൾക്കൻ സിനിമയുടെ പൊതുസ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്. രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങൾ അടിസ്ഥാന ജനതയുടെ കിടപ്പാടംവരെയില്ലാതാക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ സിനിമയുടെ പശ്ചാത്തലം. സാധാരണക്കാരായ മനുഷ്യർ ചെറിയ വാടകയിൽ താമസിക്കുന്ന ഒരു കെട്ടിടം വികസനം നടപ്പാക്കാനെന്ന പേരിൽ, അധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയാൽ ഒഴിപ്പിച്ചെടുത്ത്, മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുത്തൻ മുതലാളിമാരുടെയും അവർ വിലക്കെടുക്കുന്ന ‘വർക്കിംഗ് ക്ലാസ് ഹീറോ'കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.

വർക്കിംഗ് ക്ലാസ് ഹീറോസ്
വർക്കിംഗ് ക്ലാസ് ഹീറോസ്

കെട്ടിടത്തിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാനും ഒഴിപ്പിച്ചെടുത്ത കെട്ടിടം പാവപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കാനും മേൽനോട്ടം വഹിക്കുന്ന നീലക്കോളർ ഉദ്യോഗസ്ഥയാണ് ലിഡിജ. സ്വന്തം ഉപജീവനത്തിനുവേണ്ടിയാണ് അവർ തൊഴിലാളികളെ ചൂഷണം ചെയ്യുകയും അവരെ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന ഈ പണി ഏറ്റെടുത്തത്. അവരെ ഇക്കാര്യത്തിൽ സഹായിക്കാൻ ഒരു പ്രൊഫസറും ഉണ്ട്. (മുൻവർഷം ഐ.എഫ്​എഫ്​.കെയിൽ പ്രദർശിപ്പിച്ച ക്വോ വാഡിസ് ഐഡ എന്ന ചിത്രത്തിലെ അഭിനേതാക്കളായ Jansa Djuricic, Boris Isakovic എന്നിവർ തന്നെയാണ് ഈ സിനിമയിലെയും മുഖ്യതാരങ്ങൾ). ആ കെട്ടിടത്തിലെ അനധികൃത തൊഴിലാളികളെയും അവരെ നിരന്തരം ചൂഷണം ചെയ്യുന്ന ഉടമകളെയും കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്.

താൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ നിന്ന്​ വേതനം ലഭിക്കാതെ വഞ്ചിക്കപ്പെട്ട തൊഴിലാളിയായ നിക്കോളയുടെ പോരാട്ടങ്ങളാണ് ഈ പാക്കേജിലെ മറ്റൊരു ചിത്രമായ Father / Otac (2020/ 120 മി) കാട്ടിത്തരുന്നത്. നിരന്തര പട്ടിണിയാൽ രോഗബാധിതയായി ഭാര്യ ആശുപത്രിയിലായപ്പോൾ നഗരസഭ ബലമായി രണ്ടുമക്കളെയും അയാളിൽ നിന്ന്​ ഏറ്റെടുക്കുന്നു. കുട്ടികളെ പോറ്റിവളർത്തുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സാമ്പത്തികനേട്ടത്തിനായുള്ള ഒരു വഴിയാണ്. തന്റെ കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാൻ നിക്കോള ചെയ്യുന്ന അപാരമായ ത്യാഗങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അയാൾ സെർബിയയുടെ ഉൾഗ്രാമങ്ങളിലൂടെ തന്റെ പ്രതിഷേധം വ്യക്തമാക്കാൻ ദീർഘമായ ഒരു യാത്ര നടത്തുന്നു.

ഫാദർ (2020)
ഫാദർ (2020)

ബാൾക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും ഗ്രാമീണമേഖലകളിൽ ഇന്നും നിലനിൽക്കുന്ന കടുത്ത ദാരിദ്ര്യവും, പൗരന്മാർക്ക് അടിസ്ഥാന അവകാശങ്ങൾ പോലും നൽകാത്ത പ്രാദേശിക/ ദേശീയ സർക്കാറുകളുടെ പരാജയവും ഈ സിനിമ കാട്ടിത്തരുന്നു. യഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ സിനിമ, നിക്കോളയുടെ നൂറുകണക്കിന് മൈൽ നീണ്ട നടത്തത്തിന്റെ ഓരോ ചുവടും സ്‌ക്രീനിൽ അനുഭവപ്പെടുന്ന രീതിയിൽ, വൈകാരികതീവ്രമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

2020 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച യൂറോപ്യൻ സിനിമയ്ക്കുള്ള പുരസ്‌കാരമടക്കം പതിനാറോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സമ്മാനിതമായ Oasis / Oaza (സംവിധാനം: ഇവാൻ ഇക്കിച്ച് /2020/ 122 മി) സെർബിയൻ പാക്കേജിലെ ശ്രദ്ധേയ സിനിമയാകും. 2022 ലെ സെർബിയയുടെ ഔദ്യോഗിക ഓസ്‌കാർ നിർദ്ദേശവും ഈ സിനിമയായിരുന്നു. ജീവിതകാലം മുഴുവൻ സമൂഹത്തിൽനിന്ന് ഒളിച്ചോടാൻ വിധിക്കപ്പെട്ട മൂന്ന് കൗമാരക്കാരുടെ സ്വാതന്ത്ര്യത്തിനും പരസ്പരബന്ധത്തിനും വേണ്ടിയുള്ള അഗാധമായ അഭിവാഞ്ഛയാണ് ചിത്രത്തിന്റെ കേന്ദ്രം.

ഒയാസിസ് (2020)
ഒയാസിസ് (2020)

പ്രധാന കഥാപാത്രങ്ങളിൽ ഓരോരുത്തരുടെയും പേരുകൾ നൽകിയുള്ള മൂന്ന് അധ്യായങ്ങളാണ് ഈ സിനിമയ്ക്കുള്ളത്. ബെൽഗ്രേഡിലെ മാനസിക വൈകല്യമുള്ളവർക്കായുള്ള സ്ഥാപനത്തിൽ എത്തിച്ചേർന്ന കൗമാരക്കാരിയായ മരിജ മറ്റൊരു അന്തേവാസിയായ ഡ്രാഗനയുമായി വേഗത്തിൽ അടുക്കുന്നു. അവിടെ അടുക്കളയിൽ സഹായിക്കുന്ന ശാന്തനായ റോബർട്ടുമായി ഇരുവർക്കും തോന്നുന്ന ഇഷ്ടവും അവനെ സ്വന്തമാക്കുന്നതിനുള്ള മത്സരവും ആണ് സിനിമ വിഷയമാക്കുന്നത്. ഈ ത്രികോണപ്രണയം സൃഷ്ടിക്കുന്ന സംഘർഷങ്ങൾ പ്രണയത്തിന്റെയും മരണത്തിന്റെയും ദാർശനികമായ സമസ്യകളെ സ്പർശിക്കുന്നു. മെലോഡ്രാമയുടെയും ഡോക്യുമെന്ററിയുടെയും ഘടകങ്ങൾ സംയോജിപ്പിച്ചുള്ള വ്യത്യസ്തമായ ശൈലിയാണ് സിനിമയുടേത്. രേഖീയമായ ഇതിന്റെ ആഖ്യാനം ഒടുവിൽ നിർബന്ധിത ഒറ്റപ്പെടലെന്ന മനുഷ്യാസ്തിത്വത്തിന്റെ സാർവലൗകികരൂപകത്തിലേക്ക് എത്തിച്ചേരും.

കാർലോവി വേരി ഫിലിം ഫെസ്റ്റിവലിൽ ക്രിസ്റ്റൽ ഗ്ലോബ് അവാർഡ് നേടിയ As Far as I Can Walk(സംവിധാനം: Stefan Arsenijevic / 2021/ 92 മി) മധ്യകാല സെർബിയൻ ഇതിഹാസകാവ്യമായ ബാനോവിച്ച് സ്ട്രാഹിനിയയുടെ (Banovich Strahinya) പുനർവായനയാണ്. സെർബിയൻ ദേശീയ നായകരുടെ സ്ഥാനത്ത് ഈ സിനിമയിൽ ഘാനയിൽ നിന്നുള്ള കുടിയേറ്റക്കാരായ യുവദമ്പതികളായ സ്ട്രാഹിനിയയും അബാബുവോയും എത്തുന്നു. കുടിയേറ്റ പ്രതിസന്ധിയുടെ മൂർദ്ധന്യാവസ്ഥയിൽ ജർമനിയിലെത്തിയ അവരെ സെർബിയയിലേക്ക് നാടുകടത്തിയതാണ്. എന്നാൽ അതിൽ നിരാശപ്പെടാതെ, സെർബിയൻ സമൂഹത്തിന്റെ ഭാഗമാകുകയും റെഡ്‌ക്രോസിൽ സന്നദ്ധസേവനം നടത്തുകയും ഒരു സെമി- പ്രൊഫഷണൽ ടീമിനുവേണ്ടി സോക്കർ കളിക്കുകയും ചെയ്​ത്​ സ്ട്രാഹിഞ്ച ഈ അവസ്ഥയെ തനിക്ക് അനുകൂലമാക്കിയെടുക്കാൻ പരിശ്രമിക്കുന്നു.

ആസ് ഫാർ ആസ് ഐ കാൻ വാക്ക് (2021)
ആസ് ഫാർ ആസ് ഐ കാൻ വാക്ക് (2021)

മറുവശത്ത്, അബാബുവോയ്ക്ക് അത്ര ഭാഗ്യമുണ്ടായില്ല, കാരണം സെർബിയയിൽ ഒരു വിദേശ നടിയെന്ന നിലയിൽ അവൾക്ക് ഒട്ടും അവസരങ്ങൾ ലഭിക്കുന്നില്ല. ഒരുഘട്ടത്തിൽ അബാബുവോ ഇവിടം വിട്ടുപോകാൻ തീരുമാനിക്കുമ്പോൾ, സ്ട്രാഹിഞ്ച ഒരു തിരഞ്ഞെടുപ്പ് നടത്താൻ നിർബന്ധിതനാകുന്നു. ഒന്നുകിൽ അവന്റെ സ്വപ്നം പോലെ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനായി സെർബിയയിൽ തുടരുക, അല്ലെങ്കിൽ തന്റെ പ്രിയപ്പെട്ടവൾക്കൊപ്പം നിൽക്കുക. സ്വത്വം, പാരമ്പര്യം, സ്‌നേഹം എന്നിവയെ സംബന്ധിച്ച ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നരീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.

സിനിസ ക്വെറ്റിക്കിന്റെ The Beheading of St John the Baptist (2022/ 127 മി) അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ടും സംവിധായകന്റെ അസാധാരണമായ ഭാവനകൊണ്ടും ഹൃദ്യമായ സിനിമയാണ്. ഒരു അപ്പാർട്ട്‌മെന്റിന്റിൽ ഒത്തുചേരുന്ന ഒരു ബെൽഗ്രേഡ് കുടുംബത്തിന്റെ പരസ്പരബന്ധത്തിന്റെ ഇഴയടുപ്പം പലവഴിയിൽ പരിശോധിക്കുകയാണ് സിനിമ. സാമൂഹികമായ പ്രശ്നങ്ങളും നിരാശയും വ്യക്തിപരമായ ചിലരുടെ പ്രശ്‌നങ്ങളായി അവതരിപ്പിക്കുകയാണ് സംവിധായകൻ.

ദി ബിഹെഡിംഗ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (2022)
ദി ബിഹെഡിംഗ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (2022)

ബൈസന്റൈൻ എപിവാറ്റിൽ (ഇന്നത്തെ തുർക്കി) ജനിച്ച ഒരു സെർബിയൻ സന്യാസിനിയുടെ ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് A Cross in the Desert (സംവിധാനം: Hadzi-Aleksandar Djurovic/ 2021/ 127 മി). അവരുടെ സന്യാസജീവിതം, മരുഭൂമിയിലെ വാസം, ആന്തരികമായ പോരാട്ടം, പ്രാദേശിക ജനതയുമായുള്ള ഏറ്റുമുട്ടലുകൾ, സൗഹൃദം എന്നിവയിലൂടെ കടന്നുപോകുന്നു ഈ സിനിമ.

സെർബിയൻ പാക്കേജിലെ മിക്ക സിനിമകളും ഈ ഐ.എഫ്.എഫ്.കെയിലെ ശ്രദ്ധേയചിത്രങ്ങളാവും എന്നുതന്നെയാണ് അവയ്ക്ക് ലഭിച്ച ഉന്നത പുരസ്‌കാരങ്ങളും റേറ്റിംഗുകളും സൂചിപ്പിക്കുന്നത്.


Summary: ഇക്കുറി ഐ.എഫ്.എഫ്.കെ യിൽ ‘കൺട്രി ഫോക്കസ്’ വിഭാഗത്തിൽ ആറു സെർബിയൻ സിനിമകളുണ്ട്​. പാക്കേജിലെ മിക്ക സിനിമകളും ശ്രദ്ധേയചിത്രങ്ങളാവും എന്നുതന്നെയാണ് അവയ്ക്ക് ലഭിച്ച ഉന്നത പുരസ്‌കാരങ്ങളും റേറ്റിംഗുകളും സൂചിപ്പിക്കുന്നത്.


പി. പ്രേമചന്ദ്രൻ

അധ്യാപകൻ, ചലച്ചിത്ര പ്രവർത്തകൻ, എഴുത്തുകാരൻ.

Comments