ജീവിതത്തിൽ ആദ്യമായി ഒരു സിനിമ കാണുകയായിരുന്നു. കറുപ്പും വെളുപ്പും ചാരനിറവുമായി മിനുമിനുങ്ങിയ വെള്ളിത്തിരയിൽ സ്വപ്നം പോലെ പുഞ്ചിരിക്കുന്ന മനോഹരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. കരുണയുള്ള വലിയ കണ്ണുകളോടെ അവർ എന്നെ നോക്കി. രസകരമായി വർത്തമാനം പറഞ്ഞു. ഇടയ്ക്കിടെ നൃത്തമാടി. അത്രയും ഭംഗിയുള്ള ഒരു മനുഷ്യസ്ത്രീയെ അന്നോളം ഞാൻ കണ്ടിരുന്നില്ല. ഏതോ പൂന്തോട്ടത്തിൽ വിരിഞ്ഞ ഒരു റോസാപ്പൂവാണ് അവരുടെ മുഖമെന്ന് എനിക്ക് തോന്നി. ആ പൂവിന്റെ വാസന ഓലക്കൊട്ടകയിലുണ്ടായിരുന്ന എല്ലാറ്റിനെയും നറുമണമാക്കുന്നത് ഞാനറിഞ്ഞു. എന്നേക്കുമായി എന്റെ മനസ്സിൽ ഉറച്ചുപോയ ആ മുഖത്തിന്റെ പേര് ശാന്തി എന്നായിരുന്നു.
ഏഴു വയസ്സുള്ളപ്പോഴാണ് ‘സ്‌നാപകയോഹന്നാൻ’ കണ്ടതെങ്കിലും ഞാൻ ജനിക്കുന്നതിനും അഞ്ചുവർഷം മുമ്പ് ഇറങ്ങിയ പടമായിരുന്നു അത്. മൂന്ന് നായികമാരുണ്ടായിരുന്നു സിനിമയിൽ- മിസ് കുമാരി, എൽ. വിജയലക്ഷ്മി, കെ. വി. ശാന്തി. വിജയലക്ഷ്മി അഭിനയിച്ച കഥാപാത്രമായിരുന്നു നായകനായ പ്രേംനസീറിന്റെ കാമുകി. പക്ഷെ എന്റെ മനസ്സിൽ ഇടംപിടിച്ചത് കെ.വി. ശാന്തി മാത്രമായിരുന്നു. പിന്നീട് കുറേക്കാലം കണ്ട ഓരോ സിനിമയിലും കെ.വി. ശാന്തി വരുന്നുണ്ടോ എന്ന് ഒട്ടൊരു ചങ്കിടിപ്പോടെ ഞാൻ നോക്കിയിരുന്നു.
മലയാളത്തിന്റെ നായികയായി...
തിക്കുറിശ്ശി, സത്യൻ, പ്രേംനസീർ, മധു എന്നിവരോടെല്ലാമൊപ്പം എത്രയോ സിനിമകളിൽ നായിക, ഉപനായിക, പ്രതിനായക, കൂട്ടുകാരി, അനിയത്തി, മകൾ, നർത്തകി എന്നിങ്ങനെ പല വേഷത്തിൽ അഭിനയിച്ച കെ.വി. ശാന്തി പതിനാറാമത്തെ വയസ്സിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. പ്രേംനസീർ നായകനായ പൊൻകതിർ (1953) എന്ന സിനിമയിലെ ഒരു നൃത്തരംഗത്ത്.
കോട്ടയത്തിനടുത്ത് സംക്രാന്തിയിലായിരുന്നു അവരുടെ വീട്. പത്തുവയസ്സു മുതൽ നന്നായി നൃത്തം ചെയ്യുമായിരുന്നു ആ കുട്ടിയെ നാട്ടുകാരനും അതിനകം സിനിമയിൽ ഹാസ്യതാരമായി പ്രസിദ്ധനുമായിരുന്ന എസ്.പി. പിള്ളയാണ് നിർബ്ബന്ധിച്ച് സിനിമയിലെത്തിച്ചത്. നൃത്തം ചെയ്യാനുള്ള താൽപര്യം ഒന്നുകൊണ്ടു മാത്രമാണ് അവർ സിനിമയിൽ വന്നത്. നടിയാകാനൊന്നും താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ ‘പൊൻകതിർ’ അടുത്ത വർഷം ‘ഇരുളുക്കു പിൻ' എന്ന പേരിൽ തമിഴിൽ മൊഴിമാറി വിജയിച്ചതോടെ ശാന്തി ശ്രദ്ധിക്കപ്പെട്ടു. ചെന്നൈയിൽ ഡാൻസർ ഗോപാലകൃഷ്ണന്റെ നൃത്തസംഘത്തിൽ പ്രധാന നർത്തകിയായി ചേരാൻ ക്ഷണം വന്നു. അവരോടൊപ്പം ഒരുവർഷത്തോളം ഇന്ത്യയിലൊട്ടാകെ യാത്രചെയ്ത് നൃത്ത പരിപാടികൾ അവതരിപ്പിച്ചു.
ബോംബെയിൽ ഒരു പരിപാടിയിൽ കാഴ്ചക്കാരനായി വന്ന സംവിധായകൻ അനന്ത് താക്കൂർ താൻ സംവിധാനം ചെയ്യുന്ന ‘ചോരി ചോരി' എന്ന സിനിമയിൽ നൃത്തം ചെയ്യാൻ ശാന്തിയെ ക്ഷണിച്ചു. രാജ് കപൂർ നർഗീസുമൊത്ത് അഭിനയിച്ച ‘ചോരി ചോരി'യിലെ പ്രധാനപ്പെട്ട രണ്ട് ഗാനരംഗങ്ങളിൽ നൃത്തം ചെയ്യാനുള്ള അവസരം ശാന്തിക്ക് കിട്ടിയത് അങ്ങനെയാണ്. ‘ഉസ് പാർ സാജൻ' എന്ന പാട്ടിൽ പ്രധാന നൃത്തക്കാരിയായും ‘ജഹാം മേ ജാത്തീ ഹൂം' എന്ന ഗാനരംഗത്ത് രാജ് കപൂറിനും നർഗീസിനും ഒപ്പവും തിളങ്ങിയ ശാന്തിക്ക് ബോംബെയിൽ തുടരാനും പല പടങ്ങളിൽ നൃത്തം ചെയ്യാനും ധാരാളം അവസരം വന്നെങ്കിലും വെറും ഒരു നർത്തകിയായല്ല, മലയാള സിനിമയിൽ പ്രധാന നായികയായി ശാന്തി വളരും എന്ന് സ്വപ്നംകണ്ട വേണ്ടപ്പെട്ടവർ അവരെ ബോംബെയിലേക്ക് അയച്ചില്ല.
വൈകാതെ പി. സുബ്രഹ്മണ്യത്തിന്റെ തിരുവനന്തപുരത്തെ നീലാ പ്രൊഡക്ഷൻസ് / മെറിലാൻഡ് സ്റ്റുഡിയോയിൽ കരാർ അടിസ്ഥാനത്തിൽ ചേരുകയും അവരുടെ സിനിമകളിൽ സ്ഥിരമായി അഭിനയിച്ചു തുടങ്ങുകയും ചെയ്തു.
നീലായുടെ നസീർ നായകനായ ‘ജയിൽപ്പുള്ളി’യിൽ (1957) നായികയായിരുന്ന മിസ് കുമാരിയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ശാന്തി പ്രത്യക്ഷപ്പെട്ടത്. അതിലെ വൻ പ്രചാരം നേടിയ ‘നമസ്‌തേ കൈരളി' എന്ന നൃത്തം അവരെ കേരളത്തിൽ പ്രസിദ്ധയാക്കി.
ഉടൻ സത്യൻ നായകനായ ‘അച്ഛനും മകനും' എന്ന സിനിമ. കാറ്റേ നീ വീശരുതിപ്പോൾ തുടങ്ങിയ പ്രസിദ്ധമായ പാട്ടുകളുള്ള സിനിമയായിരുന്നു. തുടർന്ന് ‘മിന്നുന്നതെല്ലാം പൊന്നല്ല' എന്ന സിനിമയിൽ ഒരു പ്രധാന വേഷം, സത്യനോടൊപ്പം. ആ വർഷം തന്നെ, ഇതിഹാസ വിജയം നേടിയ ‘പാടാത്ത പൈങ്കിളി' എന്ന സിനിമയിൽ നസീറിന്റെ നായിക. മലയാള സിനിമയിലെ ഏറ്റവും പ്രധാന നടികളിൽ ഒരാളായി കെ. വി. ശാന്തി മാറിക്കഴിഞ്ഞിരുന്നു.
തുടർന്നങ്ങോട്ട് ഇരുപതു വർഷത്തോളം, അതായത് 1975ൽ വന്ന ‘കാമം ക്രോധം മോഹം' വരെ അറുപതോളം മലയാള സിനിമകളിൽ അവരഭിനയിച്ചു. മറിയക്കുട്ടി, ആന വളർത്തിയ വാനമ്പാടി, പൂത്താലി, ഭക്ത കുചേല, സ്‌നേഹദീപം, കാട്ടുമൈന, ഡോക്ടർ, കറുത്ത കൈ, അൾത്താര, പട്ടു തൂവാല, മായാവി, കാട്ടുമല്ലിക, കറുത്ത രാത്രികൾ, മാടത്തരുവി, ഹോട്ടൽ ഹൈറേഞ്ച്, അദ്ധ്യാപിക, ചട്ടമ്പിക്കവല, കാട്, നെല്ല്, ദേവി കന്യാകുമാരി, അക്കൽദാമ എന്നിവയൊക്ക അതിലുണ്ട്.
തമിഴിൽ ഇതിഹാസ വിജയങ്ങളായി മാറിയ ശിവാജി ഗണേശന്റെ മരുതനാട്ടു വീരൻ (1961), ജെമിനി ഗണേശന്റെ ആടിപ്പെരുക്ക് (1962 ) പോലെയുള്ള സിനിമകളിൽ അവർ അഭിനയിച്ചു. ‘ആടിപ്പെരുക്കി'ൽ മഹാനായ ചന്ദ്രബാബുവിന്റെ ജോടിയായിരുന്നു അവർ. ആ സിനിമയിലെ ‘കാവേരിയോരം കവി സൊന്ന കാതൽ' എന്ന ഗാനരംഗത്ത് കൂടെ അഭിനയിച്ച സരോജാദേവി, ജെമിനി ഗണേശൻ, ദേവിക, ചന്ദ്രബാബു എന്നിവരോട് കിടപിടിച്ചുകൊണ്ട് വശ്യമായി നൃത്തമാടുന്ന ശാന്തിയെ നമുക്ക് കാണാം.
മനോഹരങ്ങളായ എത്രയോ മലയാളം പാട്ടുകൾ പാടിയഭിനയിച്ച നടിയായിരുന്നു കെ വി ശാന്തി. ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നുംതോണി, പൂക്കൾ നല്ല പൂക്കൾ (പട്ടുതൂവാല), മാനത്തെ പെണ്ണേ മൈലാഞ്ചി പെണ്ണേ, കണ്ണുകൾ കണ്ണുകൾ (കറുത്ത കൈ), സംഗീതമേ ജീവിതം (ജെയിൽപ്പുള്ളി), വളകിലുക്കും വാനമ്പാടി, പവിഴക്കുന്നിൽ പളുങ്കുമലയിൽ (മായാവി), മധുമാസമായല്ലോ (പാടാത്ത പൈങ്കിളി), താഴത്തെ ചോലയിൽ, കാണാൻ കൊതിച്ചെന്നെ, വാർമുകിലേ (പുത്രി), ഈശ പുത്രനെ വാ, കൂട്ടിലൊരു തത്തമ്മ (മറിയക്കുട്ടി), അജ്ഞാത ഗായകാ (ഹോട്ടൽ ഹൈറേഞ്ച്), ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽ (സ്നേഹദീപം), വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന (ഡോക്ടർ) എന്നിങ്ങനെ മരണമില്ലാത്ത പല പാട്ടുകളിൽ ശോഭയോടെ അവർ അഭിനയിച്ചു.
മെറിലാന്റുമായി ഒപ്പുവെച്ചിരുന്ന കരാർ കാരണം നീലായുടെ ബാനറിൽ വരുന്ന സിനിമകളിലോ അല്ലെങ്കിൽ അവർ അനുവദിക്കുന്ന മറ്റ് സിനിമകളിലോ അല്ലാതെ വേറെ ഒന്നിലും അഭിനയിക്കാൻ അവർക്ക് കഴിയാതെ പോയി. പിന്നീട് വന്ന ശാരദ, ഷീല, ജയഭാരതി കാലഘട്ടത്തിൽ അവരോട് മത്സരിക്കാനും കെ. വി. ശാന്തിക്ക് കഴിഞ്ഞില്ല. കളർ സിനിമകളുടെ കാലം പൂർണമായി വന്നെത്തും മുമ്പേ കെ. വി. ശാന്തി സിനിമാ രംഗത്തോട് വിട പറഞ്ഞിരുന്നു.
ഒടുവിൽ ശാന്തിയമ്മയെ കണ്ടു...
കഴിഞ്ഞ നാൽപ്പത് വർഷമായി സിനിമാ രംഗവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു അവർ. ഭർത്താവ് ശശികുമാറും ഏക മകൻ ശ്യാംകുമാറുമൊത്ത് ചെന്നൈയിലെ വീട്ടിൽ സന്തുഷ്ടമായ കുടുംബ ജീവിതമാണ് അവർ നയിച്ചുപോന്നത്. ഭർത്താവിന്റെ മരണശേഷം താൻ മുമ്പൊരു വമ്പൻ സിനിമാ താരമായിരുന്നു എന്ന കാര്യമൊക്കെ പൂർണമായി മറന്ന് മകന്റെ കുടുംബത്തോടൊപ്പം സാധാരണ സ്ത്രീയെപ്പോലേ അവർ ജീവിച്ചു.
ഒരു തവണയെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. വർഷങ്ങളോളം തേടിയിട്ടും എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെതാണ് എന്ന് ഊഹിച്ച് പല ഫോൺനമ്പരുകളിലേക്ക് വിളിച്ച് പുലഭ്യവും കേട്ടിട്ടുണ്ട്. ഒടുവിൽ, എൺപതു വയസ്സിലെത്തി നിൽക്കുന്ന കാലത്താണ് ശാന്തിയമ്മയെ നേരിൽ കാണാൻ എനിക്ക് ഭാഗ്യമുണ്ടായത്.
അപ്പോഴേയ്ക്കും അടുത്തടുത്ത് നടന്ന കാര്യങ്ങൾ മറന്നുപോകുന്ന രോഗാവസ്ഥ അവരെ ബാധിച്ചിരുന്നു. പക്ഷെ പഴയ കാര്യങ്ങളൊക്കെ നല്ല ഓർമ്മയായിരുന്നു. ഞാൻ കണ്ടപ്പോഴൊക്കെ വളരെ സന്തോഷവതിയായിരുന്നു ശാന്തിയമ്മ. മകൻ ശ്യാമും ഭാര്യയും പൊന്നുപോലെയാണ് അവരെ നോക്കിയത്.
മലയാളത്തിൽ താൻ ചെയ്ത കാര്യങ്ങൾക്ക് ഒരുവിധം രേഖകളുണ്ട്, പക്ഷെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലെ സിനിമകളിൽ അഭിനയച്ചതിന്റെയും നൃത്തം ചെയ്തതിന്റെയും രേഖകളൊന്നും കൈവശവുമില്ല, എങ്ങും കിട്ടാനുമില്ല എന്ന് എന്നോട് ചെറിയ സങ്കടം പറഞ്ഞു. പഴയകാലങ്ങൾ പറഞ്ഞും ചിരിച്ചും കണ്ണുനിറഞ്ഞും കുറേനേരം അവരോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് എനിക്ക് ജീവിതത്തിലെ വലിയ ഭാഗ്യമായി. എന്റെ വീട്ടിൽ വരാമെന്നും ഒരുദിവസം ഞങ്ങളോടൊപ്പം ചെലവഴിക്കാമെന്നുമൊക്കെ സന്തോഷത്തോടെ പറഞ്ഞിരുന്നു. അതൊന്നും നടന്നില്ല.
ശാന്തിയമ്മയുടെ പേരമകൻ അവന്റെ അച്ഛമ്മ അഭിനയിച്ച ഒരു സിനിമപോലും കണ്ടിട്ടില്ല. പക്ഷെ ചില സമീപകാല തമിഴ് സിനിമകളിൽ എന്നെക്കണ്ടിട്ടുള്ള ആ പതിനഞ്ചുകാരൻ കണ്ടയുടനെ എന്നെ തിരിച്ചറിഞ്ഞു. എനിക്കതിൽ ഒട്ടും സന്തോഷം തോന്നിയില്ല. ‘കെ. വി. ശാന്തിയുടെ വീട്ടിൽ നിൽക്കുമ്പോൾ ഒരു സിനിമാനടൻ എന്ന പേരൊന്നും എനിക്ക് ചേരില്ല. പറ്റിയാൽ അച്ഛമ്മയുടെ സിനിമകളും പാട്ടുകളുമൊക്കെ കാണൂ. ഷി ഈസ് എ ലെജൻഡ്' എന്നുമാത്രം ഞാനാ കുട്ടിയോട് പറഞ്ഞു.
മനുഷ്യ ഹൃദയങ്ങളെ തൊട്ടു കടന്നുപോകുന്ന ഒരു കലാകാരനും കലാകാരിക്കും മരണമില്ല. കുഗ്രാമത്തിലെ ഒരു ഓലക്കൊട്ടകയിൽ നാല്പത്തഞ്ച് വർഷം മുമ്പ് ഞാൻ കണ്ട വാടാത്ത ആ റോസാപ്പൂ കൊഴിഞ്ഞെങ്കിലും അതിന്റെ വാസന ഒരിക്കലും അവസാനിക്കുന്നില്ല.