81⁄2 ഇന്റർകട്ട്‌സ്: മറ്റൊരാൾ കെ. ജി. ജോർജ്

‘സിനിമ എനിക്ക് ഒരു സ്വപ്നംപോലെ ആയിരുന്നു. പക്ഷെ സത്യത്തെ നോക്കിക്കൊണ്ടാണ് ഞാൻ സ്വപ്നം കണ്ടത്. ആഗ്രഹിച്ച പലതും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആ സങ്കടം അവസാനം വരെ നിലനിൽക്കും'- കെ.ജി. ജോർജ്​ പറയുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സംവിധായകരിൽ ഒരാളായ കെ.ജി. ജോർജിനെക്കുറിച്ചുള്ള 81⁄2 ഇന്റർകട്ട്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ലിജിൻ ജോസുമായി സംഭാഷണം. ഡോക്യുമെന്ററിക്കുപുറകിലെ അനുഭവങ്ങളിലൂടെ ആ അപൂർവ സിനിമ- വ്യക്​തി ജീവിതവും അനാവൃതമാകുന്നു

‘‘...ആരൊക്കെയോ ചേർന്ന് ഇരട്ടയാറ്റിൽ ഒരു ഫിലിം സൊസൈറ്റി തുടങ്ങി. പക്ഷെ ചേരാൻ ആളുവേണ്ടേ? ഒടുവിൽ, ടിക്കറ്റെടുത്താൽ ആർക്കും കയറാം എന്ന പരസ്യത്തോടെ ആഴ്ചയിൽ ഓരോ സിനിമ അവർ കാണിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത സിനിമകളാണ് ആദ്യം കൊണ്ടുവന്നത്. കോലങ്ങൾ, മണ്ണ്, ഉൾക്കടൽ, മേള... പ്രായപൂർത്തിയായവർ കാണേണ്ട പടങ്ങളാണ്. പക്ഷെ പടം കാണാൻ ആളുകൾ വരാഞ്ഞതുകൊണ്ട് ചോദിച്ചവർക്കൊക്കെ ടിക്കറ്റ് കിട്ടി. ആ നാലു സിനിമകളും ഞാൻ കണ്ടു. അത്തരം സിനിമകൾ ആദ്യമായി കാണുകയായിരുന്നു. ചുറ്റും കാണുന്ന പച്ചയായ ജീവിതം ആ സിനിമകൾ വലുതാക്കി കാണിച്ചുതന്നു. അവയിലെ നായകന്മാർ പരാജയപ്പെട്ടുപോകുന്ന സാധാരണ മനുഷ്യർ. ‘മണ്ണി'ലെ സോമന്റെയും ശാരദയുടേയും അഭിനയവും ‘അകലങ്ങളിലെ അത്ഭുതമേ അറിയുമോ നീ?' എന്ന പാട്ടും മനസ്സിൽ മങ്ങാതെ നിന്നു. ‘ഉൾക്കടലി'ലെ കാഴ്ചകളും ശരീരത്ത് ദശയേ ഇല്ലാത്ത ശോഭ എന്ന നായികയും പുതിയ അനുഭവങ്ങളായി. കൊഴുകൊഴുത്ത ഷീലയും ജയഭാരതിയും രാജശ്രീയും വിജയശ്രീയും ഒക്കെ ആയിരുന്നല്ലോ അതുവരെയുള്ള നായികമാർ. മേളയും കോലങ്ങളുമായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. തന്റെ കാൽമുട്ടുവരെ മാത്രം ഉയരമുള്ള ഒരു കുള്ളനാണ് തനിക്കു വരാൻ പോകുന്ന ഭർത്താവ് എന്നറിഞ്ഞുകൊണ്ട് സമ്മതത്തോടെയാണ് അയാളെ കല്യാണം കഴിച്ചതെങ്കിലും യാതൊരു വിലയുമില്ലാത്ത ഒരു മൂന്നാന്തരം സർക്കസ് കോമാളിയാണ് അയാൾ എന്ന് തിരിച്ചറിയുമ്പോൾ കടുത്ത നിരാശയിൽ ചെന്നുവീഴുന്ന സുന്ദരിയായ നായികയും ആത്മഹത്യയിൽ അഭയം തേടുന്ന നിസ്സഹായനായ ആ കുള്ളനും എന്നെ നൊമ്പരപ്പെടുത്തി. ‘ഫാ... അവരാതിമോളെ...' എന്ന് അയൽക്കാരിയെ പച്ചത്തെറി വിളിക്കുന്ന കോലങ്ങളിലെ സ്ത്രീയെപ്പോലെ എത്രയോ പെണ്ണുങ്ങളെ എന്റെ ഗ്രാമത്തിൽ ഞാൻ കണ്ടിട്ടുണ്ട്. സാധാരണ മനുഷ്യരുടെ ജീവിതത്തിൽനിന്ന് അസാധാരണമായ സിനിമകൾ ഉണ്ടാകും എന്ന് ആദ്യമായി ഞാൻ അറിയുന്നത് കെ. ജി. ജോർജിന്റെ സിനിമകളിലാണ്... (‘സിനിമാ പ്രാന്തിന്റെ 40 വർഷങ്ങൾ’ എന്ന പുസ്​തകത്തിൽനിന്ന്​).

കെ.ജി. ജോർജിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 81⁄2 ഇന്റർകട്ട്‌സ്. 2017ലെ കൊച്ചി ബിനാലെയിൽ ആദ്യമായി പ്രദർശിപ്പിച്ച ഈ സിനിമ പിന്നീട് ഗോവയിലെ IFFI പനോരമയിലും കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന IDSFKയിലും കാണിച്ചു. ഹബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ ഡൽഹി, തമിഴ് സ്റ്റുഡിയോ ചെന്നൈ, SIGNS തൃശൂർ, RIFFK കോഴിക്കോട് തുടങ്ങിയ മേളകളിൽ വലിയ സ്വീകരണമാണ് കിട്ടിയത്. ഒരു മണിക്കൂർ അമ്പത് മിനിറ്റ് നീളമുള്ള ഈ ഡോക്യുമെന്ററിയിൽ കെ.ജി. ജോർജിന്റെ കലയും ജീവിതവും വിശദ അന്വേഷണത്തിനും നിരീക്ഷണത്തിനും വിധേയമാകുന്നു.

81⁄2 ഇന്റർകട്ട്‌സ് റിലീസ്- കെ.ജി.ജോർജിനൊപ്പം സംവിധായകൻ ലിജിൻ ജോസ്​
81⁄2 ഇന്റർകട്ട്‌സ് റിലീസ്- കെ.ജി.ജോർജിനൊപ്പം സംവിധായകൻ ലിജിൻ ജോസ്​

കലാകാരന്മാരെക്കുറിച്ചുള്ള ഡോക്യുമെന്ററികൾക്ക് മാതൃകയാക്കാവുന്ന ഈ സിനിമ ലിജിൻ ജോസ് എന്ന സംവിധായകന്റെ നാല് വർഷത്തെ പരിശ്രമമാണ്. ജോർജിന്റെ സിനിമയെയും ജീവിതത്തെയും ഈ ഡോക്യുമെന്ററിയെയും കുറിച്ച് ലിജിൻ ജോസുമായി സംഭാഷണം.

ഷാജി: ഫ്രൈഡേ, ലോ പോയിന്റ്, 81⁄2 ഇന്റർകട്ട്‌സ് എന്നിവയാണ് ലിജിൻ ഇതുവരെ ചെയ്ത സിനിമകൾ. ഒരു ഇന്ത്യൻ സിനിമാ സംവിധായകനെക്കുറിച്ച് ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ഡോക്യുമെന്ററിയാണിത്.

ലിജിൻ: ജോർജ് സാറിനെക്കുറിച്ച് ഇതുവരെ ഒരു സിനിമ വരാഞ്ഞത് നിർഭാഗ്യകരമാണ്. ലോക നിലവാരമുള്ള സിനിമകളാണ് അദ്ദേഹം ചെയ്തുവെച്ചിരിക്കുന്നത്. അദ്ദേഹത്തെപ്പറ്റി ഒരു സിനിമ വരുമ്പോൾ അത് ഇത്രയെങ്കിലും നന്നായില്ലെങ്കിൽ കാര്യമില്ല. ഈ സിനിമ ചെയ്യുമ്പോൾ കാഴ്ച്ചക്കാർ ഇതെങ്ങനെ സ്വീകരിക്കുമെന്ന് ഞാൻ ആലോചിച്ചില്ല. ‘തരക്കേടില്ല' എന്നെങ്കിലും ജോർജ് സാർ പറയണം എന്നുമാത്രമാണ് ആഗ്രഹിച്ചത്.

ഷാജി: പടം തീരാൻ നാല് വർഷമെടുത്തു. സമയവും പണവും എങ്ങനെ കണ്ടെത്തി?

അത്ര താമസിച്ചതിന്റെ പ്രധാന കാരണം സാമ്പത്തിക പ്രശ്നങ്ങളാണ്. ജോർജ് സാറിനെക്കുറിച്ച് ആദ്യമായി വരുന്ന ഡോക്യുമെന്ററിയായതിനാൽ ഉയർന്ന ഒരു സ്‌കെയിലിൽ ആയിരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എല്ലായിടത്തും തടസ്സം. കെ.ജി. ജോർജിനെ ആരാധിക്കുന്ന ധാരാളം പേർ മലയാള സിനിമയിലുണ്ട്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ ആരും വന്നില്ല. എന്റെ കൈയിലുള്ളതും കടമെടുത്തതും വെച്ച് തുടങ്ങി. പിന്നീട് ഷിബു ജി. സുശീലൻ എന്ന സുഹൃത്ത് ചിത്രീകരണ ചെലവ് വഹിച്ചു. ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ കലാകാരന്മാർ സഹായിക്കാൻ മുന്നോട്ടുവന്നു. എം. ജെ. രാധാകൃഷ്ണനും നീൽ ഡി. കുഞ്ഞയുമാണ് ക്യാമറ ചെയ്തത്. സംഗീതം ബിജിബാൽ. എഡിറ്റിംഗ് അജിത്ത്. സിനിമകളുടെ നല്ല പ്രിന്റുകൾ എത്തിച്ചുതരുന്നതിലും മറ്റ് സാങ്കേതിക കാര്യങ്ങളിലും ചലച്ചിത്ര അക്കാദമിയും ആത്മാർത്ഥമായി സഹകരിച്ചു. എന്നാലും ചിത്രം പൂർത്തിയായപ്പോൾ 10 ലക്ഷത്തിലധികം ചെലവായി. ഒരു രൂപ പോലും തിരികെ കിട്ടുമെന്ന് ഉറപ്പില്ലാത്ത ഇത്തരമൊരു സിനിമയ്ക്ക് 10 ലക്ഷം വലിയ ബഡ്ജറ്റാണ്.

‘മേള’ യുടെ പോസ്​റ്റർ
‘മേള’ യുടെ പോസ്​റ്റർ

ഷാജി: മിക്കവരും പണം മാത്രം ലക്ഷ്യമിടുന്ന സിനിമാമേഖലയിൽ ലാഭം കിട്ടാൻ സാധ്യതയുള്ള മറ്റെന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിയുമായിരുന്നു. എന്തുകൊണ്ടാണ് കെ.ജി. ജോർജിനെക്കുറിച്ച്​ ഡോക്യുമെന്ററി? മലയാളത്തിലെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണോ അദ്ദേഹം?

ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംവിധായകരുടെ മുൻനിരയിലാണ് അദ്ദേഹം. ഇതുപോലെ ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങൾ ഉപയോഗിച്ച് ഏറ്റവും പുതുമയുള്ള സിനിമകൾ ചെയ്ത മറ്റൊരു സംവിധായകനും ഇല്ല. ആർട്ട്​സിനിമയുടെ ആശയങ്ങളും സമാന്തര സിനിമയുടെ പ്രത്യേകതകളും വ്യാപാര സിനിമയുടെ സാധ്യതകളും കലർത്തി സിനിമകളെടുത്ത സംവിധായകൻ. അദ്ദേഹത്തിന്റെ ഒരു സിനിമയും കാലഹരണപ്പെട്ടു എന്ന് പറയാൻ ഇന്നും ആർക്കും കഴിയില്ല. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് രീതികളെയും ജീവിതവും അടുത്തറിയാനുള്ള ആഗ്രഹം കൊണ്ടുകൂടിയാണ് ഈ ഡോക്യുമെന്ററി ചെയ്യാൻ ഇറങ്ങിത്തിരിച്ചത്.

ഷാജി: ജോർജിനെപ്പോലെ സാധാരണ കാഴ്ചക്കാരന്റെ സിനിമാ അഭിരുചി ഉയർത്തിയ സംവിധായകർ അധികമില്ല. ആർട്ട് സിനിമകൾ എടുക്കുന്ന സംവിധായകർ പൊതുവെ പിന്തുടരുന്ന രൂപകങ്ങൾ, സൂചനകൾ എന്നിവയൊന്നും അധികം ഉപയോഗിക്കാതെ, ബുദ്ധിജീവിത്തരങ്ങൾ ഒന്നും പ്രദർശിപ്പിക്കാതെയാണ് തന്റെ സിനിമകളുടെ രൂപം അദ്ദേഹം ഉണ്ടാക്കിയത്. എന്നാൽ മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവുമൊക്കെ പല അടുക്കുകളായി അവയ്ക്കുള്ളിലുണ്ട്. പക്ഷെ ആ സിനിമകൾ അടുത്തടുത്ത തലമുറകളിലേക്ക് വേണ്ടപോലെ ചെന്നെത്തിയില്ല. കെ.ജി. ജോർജ്​ എന്ന പേരേ കേട്ടിട്ടില്ലാത്ത സിനിമാപ്രേമികളായ ചെറുപ്പക്കാരെ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടയിൽ കണ്ടു എന്ന് നിങ്ങൾതന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തിന് പുറത്ത് ആ സിനിമകൾ വേണ്ടവണ്ണം കാണപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്തിട്ടില്ല. ഇവിടെ, തമിഴ്നാട്ടിൽ വളരെ കുറച്ച് ആളുകൾക്കേ അദ്ദേഹത്തെ അറിയൂ. അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം എന്നിവരെ അറിയാവുന്ന പലർക്കും കെ.ജി. ജോർജ്​ ആരാണെന്ന് അറിയില്ല. ഇതിന്റെ കാരണം എന്താണെന്നാണ് കരുതുന്നത്?

ഇത് ഞാൻ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണ്. രസകരമായ കഥാഗതി, പ്രമേയ വൈവിധ്യം, സൗന്ദര്യബോധം, കലാമൂല്യം എന്നിവയാണ് നല്ല സിനിമകൾക്കു വേണ്ടത് എങ്കിൽ ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ആഘോഷിക്കപ്പെടേണ്ട സംവിധായകനാണ് അദ്ദേഹം. പക്ഷെ അത് സംഭവിച്ചില്ല. അതിന്റെ കാരണത്തെപ്പറ്റി എന്റെ ചില ഊഹങ്ങൾ പറയാം. അദ്ദേഹം​ സ്വയം മാർക്കറ്റ് ചെയ്തില്ല. തന്നെത്താൻ പ്രൊമോട്ട് ചെയ്യൽ അദ്ദേഹത്തിന്റെ രീതിയല്ല. സിനിമ നന്നായി എടുക്കുക എന്നതല്ലാതെ മറ്റൊന്നിലും അദ്ദേഹം ശ്രദ്ധിച്ചില്ല. ഞാൻ കേട്ടിട്ടുള്ള മറ്റൊരു കാര്യം, അക്കാലത്തെ സിനിമാ നിരൂപകർ കെ. ജി. ജോർജിന്റെ സിനിമകളെ വ്യാപാര സിനിമകളായാണ് കണക്കാക്കിയത് എന്നാണ്. എല്ലാവർക്കും മനസ്സിലാകുന്ന, ധാരാളം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകളെ അവർ ശ്രദ്ധിക്കുമായിരുന്നില്ല. ഇനിയാണ് അദ്ദേഹത്തെ ലോകം കണ്ടെത്താൻ പോകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഷാജി: അദ്ദേഹവുമായി സംസാരിച്ചപ്പോഴൊക്കെ സിനിമകളുടെ വിതരണം, അവയിലൂടെ ഉണ്ടാക്കാൻ പറ്റുന്ന പണം, അവാർഡുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം കാര്യമായി ശ്രദ്ധിച്ചില്ല എന്നാണ് എനിക്കും തോന്നിയിട്ടുള്ളത്. തിരക്കഥകളുടെ ശൈലി ഓരോ സിനിമയിലും മാറിക്കൊണ്ടിരുന്നതിനാൽ നിരൂപകന്മാർ വേണ്ടതുപോലെ അവയെ വിലയിരുത്തിയില്ല. സിനിമകളുടെ ദൃശ്യഭാഷയിൽ തന്റെ ‘സിഗ്‌നേച്ചർ ഷോട്ടു'കൾ വയ്ക്കാൻ അദ്ദേഹം തയ്യാറായില്ല. കഥയ്ക്ക് അനുസരിച്ച് ദൃശ്യഭാഷയും മാറി. സിനിമയുടെ സ്ഥിരം നാടകങ്ങൾ ഒഴിവാക്കി. ഒരിക്കൽ ചെയ്ത കാര്യങ്ങൾ ആവർത്തിക്കില്ല എന്ന നിർബ്ബന്ധവും ഉണ്ടായിരുന്നു. ഇക്കാരണങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ ഓരോ സിനിമയും വേറെ വേറെ ആളുകൾ എടുത്തതുപോലെ തോന്നിച്ചു. മാനംമുട്ടുന്ന ഒരു വിഗ്രഹമായി മലയാളികൾക്കിടയിൽ കെ.ജി. ജോർജ്​ മാറാഞ്ഞത് ഇതുകൊണ്ടൊക്കെയാണെന്നാണ് ഞാൻ കരുതുന്നത്. ഋത്വിക് ഘട്ടക്, ഴാങ് കോക്ടെ, കോബയാഷി, മുർണൗ എന്നിവരെയൊക്കെ ഇപ്പോൾ ലോകം ആഘോഷിക്കുന്നതുപോലെ കെ.ജി. ജോർജിനെയും ആഘോഷിക്കുന്ന ഒരുകാലം തീർച്ചയായും വരും. കെ.ജി. ജോർജിന്റെ വ്യക്തിജീവിതത്തിലെ പല പ്രശ്‌നങ്ങളും പച്ചയായി ഡോക്യുമെൻററിയിൽ പറയുന്നു. കലയിലും ജീവിതത്തിലും ജോർജ് പിന്തുടർന്ന അപകടകരമായ സത്യസന്ധതയാണോ ഈ രീതിയിൽ ഡോക്യുമെന്ററി എടുക്കാൻ പ്രേരിപ്പിച്ചത്?

അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘സ്വപ്നാടന'ത്തിന്റെ (1976) തുടക്കത്തിൽ അതിലെ നായകൻ പറയുന്ന ഒരു വാക്യം ഉണ്ട്; ‘വൈ ഷുഡ് ഐ ഹൈഡ് എനിതിങ്? എനിക്ക് ഒളിക്കാൻ ഒന്നുമില്ല'. അയാൾക്ക് ശബ്ദം കൊടുത്തത് ജോർജ് സാർതന്നെ ആയിരുന്നു. കലയിലും ജീവിതത്തിലും ഒന്നും ഒളിച്ചുവെച്ച ആളല്ല അദ്ദേഹം​. പച്ചയായ നിലപാടുകൾ കാരണം പലതും നഷ്ടപ്പെടുത്തിയ ആളുമാണ്. പക്ഷേ ആ നഷ്ടങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചെന്ന് തോന്നുന്നില്ല. അങ്ങനെയൊക്കെ ജീവിച്ച ഒരാളെ അങ്ങനെത്തന്നെയല്ലേ നമ്മൾ അടയാളപ്പെടുത്തേണ്ടത്?

ഷാജി: ജോർജിനെ ലിജിൻ ആദ്യമായി നേരിൽ കാണുന്നത് എപ്പോഴാണ്? എന്തായിരുന്നു ആ അനുഭവം?

ഞാനെടുത്ത ‘ഫ്രൈഡേ' പുറത്തിറങ്ങിയ സമയത്ത്, അടുത്തിടെ കണ്ട ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽ ഫ്രൈഡേയും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത് എന്നെ ഞെട്ടിച്ചു. അതിനുള്ള സംഭവമൊന്നും ആ സിനിമയിൽ ഇല്ലായിരുന്നു. എങ്കിലും അദ്ദേഹത്തെ നേരിൽച്ചെന്ന് ഒന്ന് കണ്ടാലോ എന്ന് ആലോചിക്കാനുള്ള ധൈര്യം അതുകൊണ്ട് എനിക്കു കിട്ടി. സത്യസന്ധതയും വളച്ചുകെട്ടില്ലാത്ത സമീപനവും അദ്ദേഹത്തിൽ കണ്ടു. അദ്ദേഹത്തെപ്പോലെ ഒരാൾക്ക് ഇത്ര ലളിതമായി എല്ലാക്കാര്യങ്ങളെയും സമീപിക്കാൻ കഴിയുന്നത് എങ്ങനെയാണ് എന്നാലോചിച്ച് ഞാൻ അത്ഭുതപ്പെട്ടു.

കെ.ജി. ജോർജ്, ഷാജി ചെന്നൈ
കെ.ജി. ജോർജ്, ഷാജി ചെന്നൈ

ഷാജി: ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോഴാണോ ഈ ഡോക്യുമെന്ററിയുടെ ആശയം തോന്നിയത്?

അദ്ദേഹത്തിന്റെ വീടിരിക്കുന്ന സ്ഥലത്തുനിന്ന് ഏറെ ദൂരെയല്ല എന്റെ വീട്. പക്ഷെ ഒന്നു ചെന്നു കാണാൻ ധൈര്യം ഉണ്ടായില്ല. പിന്നെ ഡോക്യുമെന്ററി നിർമ്മിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടും? എഴുത്തുകാരിയായ ഷാഹിന റഫീഖ് ജോർജിനെക്കുറിച്ച് ഒരു പ്രബന്ധം എഴുതാൻ ശ്രമിച്ചതിന്റെ കഥ പറഞ്ഞു. അത് നടന്നില്ല. പക്ഷെ അതിനുവേണ്ടി തയ്യാറാക്കിയ കുറിപ്പുവെച്ച് ഒരു പുസ്തകമോ ഡോക്യുമെന്ററിയോ ചെയ്യാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ ജോർജ് ഭ്രാന്ത് കണ്ട ഷാഹിന ആ കുറിപ്പുകളെല്ലാം എനിക്ക് തന്നു. അവ ഉപയോഗിച്ച് ചെറിയ ഡോക്യുമെന്ററി എടുത്താലോ എന്ന് ചിന്തിച്ച് ഞാൻ അദ്ദേഹത്തെ കണ്ടു. ‘എന്നെക്കുറിച്ച് ഡോക്യുമെന്ററിയോ? എന്തിനാ? ഒരാവശ്യവുമില്ല' എന്നായിരുന്നു പ്രതികരണം. ‘സാറിന് ആവശ്യമില്ലെന്ന് അറിയാം, പക്ഷേ ഞങ്ങൾക്ക് ആവശ്യമുണ്ട്' എന്നു പറഞ്ഞപ്പോൾ കുറെ നേരം ആലോചിച്ച് ‘ഇന്നത്തെ കാലത്ത് ഇതൊക്കെ ആർക്കും എടുക്കാം. എടുക്കുന്നതിൽ കാര്യമില്ല. നന്നാകണം. നന്നാകുമോ?' എന്നു ചോദിച്ചു. ആ ചോദ്യം വലിയ ഉത്തരവാദിത്തമായി ഞാൻ കണ്ടു. എഴുത്ത് പൂർത്തിയായപ്പോൾ വീണ്ടും കണ്ടു. ഞാനെഴുതിയത് ഒന്നു നോക്കാൻപോലും അദ്ദേഹം കൂട്ടാക്കിയില്ല. ‘എന്നെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടാണ്. എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഞാൻ അതിൽ ഇടപെടുന്നത് ശരിയല്ല' എന്ന് പറഞ്ഞു.

ഷാജി: ഉള്ളത് ഉള്ളതുപോലെ രേഖപ്പെടുത്തുന്നതാണല്ലോ ഡോക്യുമെന്ററി. അദ്ദേഹം പറയാൻ ഉദ്ദേശിച്ചതും അതുതന്നെ ആയിരിക്കണം

കെ.ജി. ജോർജ്​ എന്നൊരു സംവിധായകൻ ഉണ്ടെന്ന് ഷാജി ആദ്യമായി കേട്ടത് എപ്പോഴാണ്? പിൽക്കാലത്ത് അദ്ദേഹത്തെ നേരിൽക്കണ്ട അനുഭവങ്ങൾ എന്തൊക്കെ ആയിരുന്നു?

ഷാജി: ഇടുക്കി ജില്ലയിലെ ഒരു കുഗ്രാമത്തിലാണ് ഞാൻ വളർന്നത്. നല്ല സിനിമകൾ കാണാനുള്ള യാതൊരു പാങ്ങും അവിടെ ഇല്ലായിരുന്നു. സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന ഇരട്ടയാർ എന്ന സ്ഥലത്ത് ഒരു ഫിലിം സൊസൈറ്റി തുടങ്ങി. ആദ്യം അവർ കാണിച്ചത് കെ.ജി. ജോർജ്​ സംവിധാനം ചെയ്ത സിനിമകളായിരുന്നു. സിനിമാ പ്രാന്ത് മുറ്റിക്കഴിഞ്ഞിരുന്ന ഞാനും പോയി ‘കോലങ്ങൾ’ കണ്ടു. അത് മറക്കാൻ പറ്റാത്ത അനുഭവമായി. ഞാൻ സ്ഥിരം കാണുന്ന മനുഷ്യരായിരുന്നു അതിലെ കഥാപാത്രങ്ങൾ. അവരുടെ വഴക്കും തെറിവിളിയുമൊക്കെ പച്ചയായി ആ സിനിമയിൽ ഉണ്ടായിരുന്നു. അതിൽ രസം പിടിച്ച് മറ്റ് സിനിമകളും പോയിക്കണ്ടു. വൈകാതെ ഫിലിം സൊസൈറ്റി പൂട്ടിയെങ്കിലും ഞാനൊരു കെ. ജി. ജോർജ് ആരാധകനായിക്കഴിഞ്ഞിരുന്നു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളും തേടിപ്പിടിച്ച് കണ്ടു. അദ്ദേഹത്തിന്റെ ലോകവീക്ഷണം വളരെ ലിബറേറ്റിങ്ങായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അദ്ദേഹത്തെ നേരിൽ കാണാൻ ഞാനും ശ്രമിച്ചില്ല. അദ്ദേഹത്തോട് സംസാരിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല എന്ന് ബോധ്യമുള്ളതുകൊണ്ട് ആ വഴിക്കേ പോയില്ല. ഏറെക്കാലം കഴിഞ്ഞാണ് ചെന്ന് കണ്ടത്. 2015ൽ എന്റെ ആദ്യ മലയാളം പുസ്തകം ‘പാട്ടല്ല സംഗീതം' പ്രകാശിപ്പിച്ചത് അദ്ദേഹമാണ്.

ജോർജ് സാറിന്റെ ഒരു സിനിമ പോലും ഞാൻ തിയറ്ററിൽ കണ്ടിട്ടില്ല. ആദ്യം ടെലിവിഷനിലും പിന്നീട് വി.സി.ആറിലും അതുകഴിഞ്ഞ് വി.സി.ഡിയിലും ഡി.വി ഡിയിലുമാണ് എല്ലാ സിനിമകളും കണ്ടത്. ഒരു സിനിമ സംവിധായകൻ ആകണം എന്നെനിക്ക് ആഗ്രഹം ഉണ്ടായത് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ്. ആ സിനിമകൾ ഉണ്ടാക്കിയ ഇംപാക്ട് കൊണ്ടാണ് സിനിമയിൽ ഞാൻ എത്തിപ്പെട്ടതെന്ന് അഭിമാനത്തോടെ പറയും.

ഷാജി: സിനിമകൾക്ക് ചേരുന്ന പേരുകൾ കൊടുക്കുന്നതിൽ കെ.ജി. ജോർജിനെപ്പോലെ മറ്റൊരാളില്ല. ആദ്യ സിനിമ സ്വപ്നാടനം (Dream Walk) ഒരാളുടെ സ്വപ്നസഞ്ചാരത്തെക്കുറിച്ചാണ്. ‘കോലങ്ങൾ' ഗ്രാമ ജീവിതത്തിൽ നാം കാണുന്ന കോലങ്ങളെ (Caricatures) പറ്റി. ‘മണ്ണ്' ആകട്ടെ സ്വന്തമായുള്ള ഒരുതരി മണ്ണ് കൈവിട്ടുപോകാതിരിക്കാൻ ഒരു മനുഷ്യൻ നടത്തുന്ന പോരാട്ടം. ‘മേള' (Colourful Fair), കടുംനിറങ്ങൾക്കു നടുവിൽ ജീവിക്കുന്ന സർക്കസ് കുള്ളന്മാരുടെ നിറങ്ങളില്ലാത്ത ജീവിതം. ഇരകൾ (Victims) കുടുംബ പശ്ചാത്തലം വേട്ടയാടുന്ന ഇരകളെക്കുറിച്ച്. യവനിക (Curtain) ഒരു നാടക സംഘത്തിൽ നടക്കുന്ന കൊലപാതകത്തെ മറയ്ക്കുന്ന തിരശ്ശീല. ഇങ്ങനെ ഓരോന്നും എടുത്തെടുത്ത് പറയാം. ഇറ്റാലിയൻ സിനിമയിലെ ഇതിഹാസമായിരുന്ന ഫെല്ലീനിയുടെ എട്ടര (81⁄2) എന്ന സിനിമയെ സൂചിപ്പിക്കുന്ന 81⁄2 ഇന്റർകട്ട്‌സ് എന്ന പേര് ഡോക്യുമെന്ററിക്ക് ഇടാൻ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

81⁄2 ഇന്റർകട്ട്‌സ്  പോസ്​റ്റർ
81⁄2 ഇന്റർകട്ട്‌സ് പോസ്​റ്റർ

അദ്ദേഹത്തിന്റെ സിനിമയായ ‘മറ്റൊരാൾ' എന്ന പേര്​ വെച്ചുകൊണ്ട് ‘മലയാള സിനിമയിലെ മറ്റൊരാൾ' എന്നൊരു ടൈറ്റിലാണ് ആദ്യം ആലോചിച്ചത്. പക്ഷെ എഡിറ്റിങ്ങിന്റെ സമയത്ത് അദ്ദേഹത്തിന്റെ എട്ടു സിനിമകളിൽ നിന്ന്​ ദൃശ്യങ്ങൾ ചേർക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഫെല്ലീനിയുടെ 81⁄2 ആണല്ലോ എന്നാലോചിക്കുന്നത്. ആ സിനിമ ജോർജ് സാർ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയോടെയാണ് പടം തുടങ്ങുന്നത്. പിന്നീട് എട്ടു ഭാഗങ്ങളായി സിനിമകളെപ്പറ്റി പറയുന്നു. നീളം കുറഞ്ഞ അവസാന ഭാഗം 1⁄2 ഭാഗമായി കണക്കാക്കി അതിൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അനുബന്ധവും ചേർത്തു. ഫെല്ലീനിയുടെ 81⁄2 യിൽ വരുന്ന പല സംഭവങ്ങളുമായി ജോർജ് സാറിന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങൾക്കും ബന്ധമുള്ളതുപോലെ തോന്നും. പ്രത്യേകിച്ച് ഭാര്യയുമായും മറ്റു സ്ത്രീകളുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിൽ. അക്കാര്യങ്ങളും രേഖപ്പെടുത്തി.

ഷാജി: ഈ സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യ സെൽമ പറയുന്നു; ‘മനുഷ്യൻ എന്ന നിലയിൽ ജോർജ് ഒരു വലിയ പരാജയമാണ്. ഭാര്യയേയും അമ്മയേയും അൽപംപോലും സ്‌നേഹിക്കാത്ത ഇദ്ദേഹം എടുത്ത പല സിനിമകളും സ്ത്രീകളുടെ വേദനകളെക്കുറിച്ചായത് വിരോധാഭാസമാണ്' എന്ന്. അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധങ്ങളെപ്പറ്റിയും മദ്യപാനത്തെപ്പറ്റിയുമൊക്കെ സെൽമ തുറന്നടിക്കുന്നു. അതിന് ഉത്തരമായി അദ്ദേഹം പറയുന്നത്; ‘എനിക്ക് ഭാര്യ, ഭാര്യയുടെ അമ്മ, മക്കൾ എന്നിങ്ങനെ ആരോടും പ്രത്യേകിച്ച് ഒരു താൽപര്യവുമില്ല. അവരെന്നെ ആശ്രയിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനോ ഉത്തരവാദിത്വബോധമുള്ളവനോ അല്ല' എന്നാണ്. ഇത് മാരകമായ ഒരു പ്രസ്താവനയല്ലേ?

മനുഷ്യൻ അടിസ്ഥാനപരമായി സ്വാർത്ഥനാണ്. പക്ഷെ ഒരാളും അത് സമ്മതിച്ചുതരില്ല. കെ.ജി. ജോർജ്​ അത് സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ സ്‌നേഹം മനുഷ്യകുലത്തോടാണ്. ഒറ്റപ്പെട്ട വ്യക്തികളോടല്ല. അപാരമായ മനുഷ്യസ്‌നേഹവും ഉത്തരവാദിത്തബോധവും സിനിമയിൽ വെളിപ്പെടുത്തിയ അദ്ദേഹത്തെക്കൊണ്ട് ജീവിതത്തിൽ അതൊന്നും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ലോകം മുഴുവനുമുള്ള പല മഹാപ്രതിഭകളുടെ ജീവിതം നോക്കിയാൽ ഇതൊക്കെത്തന്നെയാണ് കാണാൻ കഴിയുക. അദ്ദേഹം അത് തുറന്നു പറയുന്നു എന്നുമാത്രം. ആ സ്വഭാവരീതി അദ്ദേഹത്തിന്റെ ഭാര്യക്ക് ഒട്ടും ഉൾക്കൊള്ളാനാവുന്നില്ല എന്നത് സത്യം.

സെൽമ ജോർജും കെ.ജി. ജോർജും
സെൽമ ജോർജും കെ.ജി. ജോർജും

ഷാജി: ഡോക്യുമെന്ററിയിൽ ഒരിടത്ത് അദ്ദേഹത്തിന്റെ ഭാര്യ ‘ഞങ്ങളുടെ വിവാഹം സ്‌നേഹംകൊണ്ട് ഉണ്ടായതൊന്നുമല്ല. ഒരു സിനിമാ സംവിധായകനെ കല്ല്യാണം കഴിച്ചാൽ പിന്നണി ഗായിക ആകാനുള്ള എന്റെ ആഗ്രഹം നടക്കുമല്ലോ എന്ന് കണക്കുകൂട്ടിയാണ് ഞാനീ കല്ല്യാണത്തിന് സമ്മതിച്ചത്' എന്ന് പറയുന്നു. കെ.ജി. ജോർജാകട്ടെ സംഗീതസംവിധായകൻ എം. ബി. ശ്രീനിവാസനുമായി തന്റെ ഭാര്യ വലിയ സൗഹൃദത്തിലായിരുന്നു എന്ന് ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്. വിവാഹ ബന്ധങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന സ്‌നേഹം പൊതുവെ വെറും convenience ആണ് എന്നല്ലേ അവർ രണ്ടുപേരും ഈ സിനിമയിലൂടെ പറയുന്നത്?

അദ്ദേഹത്തെപ്പോലെ സത്യസന്ധനായ ഒരു മനുഷ്യനെ, തുറന്ന പുസ്തകങ്ങൾ എന്ന് സ്വയം പറയുന്ന ആളുകൾക്കിടയിൽപ്പോലും ഞാൻ കണ്ടിട്ടില്ല. ഒത്തുതീർപ്പും കാപട്യവും മാത്രം കൈമുതലാക്കിയ മലയാളികൾക്കിടയിൽ ഇങ്ങനെയൊരു മനുഷ്യൻ എങ്ങനെയാണ് ഇത്രയുംകാലം ജീവിച്ചത് എന്നതും എത്രയോ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ആ സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല എന്നതും വലിയൊരത്ഭുതമാണ്. പലതരം ശാരീരിക വിഷമതകളിൽ ബുദ്ധിമുട്ടി ഭാര്യയേയും മക്കളെയും ആശ്രയിച്ചു കഴിയുന്ന ഈ സമയത്തും അദ്ദേഹത്തിന്റെ രീതികളിൽ മാറ്റമില്ല.

ഷാജി: എല്ലാം വെട്ടിത്തുറന്നുപറയുന്ന രീതികൊണ്ട് നേട്ടങ്ങളേക്കാൾ നഷ്ടങ്ങളല്ലേ ഉണ്ടായിട്ടുള്ളത് എന്ന് ഞാനൊരിക്കൽ ചോദിച്ചു. ‘എനിക്ക് ഇതാണ് സൗകര്യം. നുണകളും കാപട്യവുംകൊണ്ട് എന്നെത്തന്നെ വഞ്ചിക്കാൻ എനിക്ക് പറ്റില്ല. മറ്റുള്ളവരോടും അതേ നിലപാട് എടുക്കുന്നു എന്നുമാത്രം. ഈ സമൂഹത്തിൽ അതിന് വലിയ വില കൊടുക്കേണ്ടി വരും. കൊടുത്തിട്ടുമുണ്ട്. പക്ഷെ ആ വില ഒരിക്കലും എനിക്കൊരു പ്രശ്‌നമായിരുന്നില്ല. സൗകര്യമാണ് പ്രധാനം. ഇതുവരെ വന്നതങ്ങനെയാണ്. ഇനിയങ്ങോട്ടും മറ്റൊരാളായി മാറാൻ സൗകര്യപ്പെടുമെന്ന് തോന്നുന്നില്ല' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ആരെയെങ്കിലും തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ അദ്ദേഹം ഒന്നും പറയുകയോ ചെയ്യുകയോ ഇല്ല. ആ ജോലി അദ്ദേഹം സിനിമകൾക്ക് വിട്ടുകൊടുത്തു എന്നാണ് തോന്നിയിട്ടുള്ളത്.

കഥപറച്ചിൽ രീതി വെച്ച്​ അങ്ങനെ പറയാൻ കഴിയുമെങ്കിലും സിനിമകളിലൂടെയും ഒട്ടും സുഖകരമല്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ‘മറ്റൊരാൾ' (1988) സിനിമയിലെ അണുകുടുംബം ഓർക്കുന്നുണ്ടല്ലോ. സ്ത്രീകളുടെ ത്യാഗത്തിലൂടെയും അധ്വാനത്തിലൂടെയും മാത്രമാണ് അണുകുടുംബങ്ങൾ നിലനിൽക്കുന്നത്. പുരുഷന്മാരെപ്പോലെ അവരും സ്വാതന്ത്ര്യം ആഘോഷിക്കാൻ പുറത്തിറങ്ങിയാൽ സോപ്പുകുമിള പോലെ പൊട്ടിപ്പോകാനുള്ളതേ ഉള്ളു നമ്മുടെ അണുകുടുംബങ്ങൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ കൂടുതൽ സിനിമകളും സ്ത്രീകളെക്കുറിച്ചാണ്. സ്ത്രീയുടെ മുന്നിൽ പുരുഷൻ ദുർബലനാണെന്നും സ്ത്രീകൾ എടുക്കുന്ന തീരുമാനങ്ങളാണ് ലോകത്തെ നയിക്കുന്നതെന്നും അ​ദ്ദേഹം പറയുന്നു. എന്നാൽ ശരീരശക്തി വെച്ച്​ പുരുഷൻ സ്ത്രീയെ അടിച്ചമർത്താൻ ശ്രമിക്കുന്നു. ‘മേള' (1980)യിലെ കുള്ളനായ ഭർത്താവ് ചാടിപ്പൊങ്ങിയാണ് ഭാര്യയെ വീണ്ടും വീണ്ടും അടിക്കുന്നത്. അടിച്ചാലും കൊന്നാലും സ്ത്രീയുടെ മുമ്പിൽ പൊക്കമില്ലാത്തവനാണ് പുരുഷൻ എന്നാണ് ഇതിലൂടെ അദ്ദേഹം പറയുന്നത്. പുരുഷന്മാരെ വല്ലാതെ അസ്വസ്ഥരാക്കുന്ന ആശയങ്ങളാണ് ഇതൊക്കെ.

81⁄2 ഇന്റർകട്ട്‌സ് ഷൂട്ടിംഗിനിടെ
81⁄2 ഇന്റർകട്ട്‌സ് ഷൂട്ടിംഗിനിടെ

ഷാജി: അദ്ദേഹത്തിന്റെ പല പടങ്ങളും വളരെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് പറയുന്നതെങ്കിലും അവയെല്ലാം മൊത്തം മനുഷ്യ സമൂഹത്തിന്റെയും കഥയാണ്. ഒരു ഗ്രാമത്തിലെ താഴേക്കിടയിലുള്ള മനുഷ്യരുടെ കഥയായി ആരംഭിക്കുന്ന ‘കോലങ്ങൾ’ ഒഴിവാക്കാനാവാത്ത മനുഷ്യ ദുരന്തത്തിന്റെ കഥയായി അവസാനിക്കുന്നു.

യവനിക (1982) യിൽ നാടകക്കമ്പനി അംഗങ്ങൾ ഓരോരുത്തരും പല ജീവിതങ്ങളാണ് ജീവിക്കുന്നത്. ഒരേസമയം പല സംഭവങ്ങളിൽ അവർ പങ്കെടുക്കുന്നു. സംഭാഷണങ്ങൾ ഇല്ലാതെ, പലപ്പോഴും ഒരുവാക്കുപോലും പറയാതെ വിഷ്വലുകളിലൂടെ മാത്രമാണ് ആ സംഭവങ്ങൾ വെളിപ്പെടുന്നത്. ഈയൊരു സമീപനം ഇന്ത്യൻ സിനിമയിലെ മറ്റൊരു സംവിധായകനിലും ഞാൻ കണ്ടിട്ടില്ല. യവനികയുടെ ഓരോ ഷോട്ടിലും ഇത്തരം സങ്കേതങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. കെ.ജി. ജോർജിന്റെ ഏറ്റവും കൂടുതൽ ഓടുകയും പണമുണ്ടാക്കുകയും ചെയ്ത സിനിമ യവനികയാണ്. കലാപരമായി അത് ഇന്ത്യൻ സിനിമയിലെ സമാനതകളില്ലാത്ത ചിത്രവുമാണ്. എന്നാൽ അദ്ദേഹത്തിന്റെ അടുത്ത സിനിമയായ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്കി’ൽ (1983) യവനികയുടെ വാങ്ങലുകൾ യാതൊന്നുമില്ല. ആ രീതി പിന്തുടരുന്ന ഒരു ഷോട്ട് പോലും ഇല്ല. മുമ്പുചെയ്ത പടങ്ങളിൽനിന്ന് ഒന്നും എടുക്കാതെ കൈയും വീശി അടുത്തത്തടുത്ത സിനിമകളിലേക്ക് പോകാൻ അദ്ദേഹത്തിന് സാധിച്ചു. ഓരോ സിനിമയും വേറെവേറെയാണെന്നും സ്വയം ആവർത്തിച്ച് ‘ജോർജ്ജിയൻ' ക്‌ളീഷേകൾ ഉണ്ടാക്കരുതെന്നും അദ്ദേഹത്തിന് നിർബ്ബന്ധമുണ്ടായിരുന്നു.

‘യവനിക’യിൽ ഗോപി, ജലജ
‘യവനിക’യിൽ ഗോപി, ജലജ

ഷാജി: പക്ഷേ അതുകൊണ്ടല്ലേ കെ.ജി. ജോർജിന്റെ ‘കൈയൊപ്പുള്ള' സിനിമകൾ ഉണ്ടാകാതെ പോയത്? മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അദ്ദേഹത്തിന്റെ സിനിമകൾ എത്താതിരുന്നതും ഇതുകൊണ്ടല്ലേ? കലയിലുള്ള ഈ സവിശേഷത അദ്ദേഹത്തിന്റെ ഒരു പരിമിതി ആയി മാറി എന്നാണോ മനസ്സിലാക്കേണ്ടത്?

ഒരു സംവിധായകന്റെ ലേബൽ തെളിഞ്ഞുകാണുന്ന സിനിമ ആ സംവിധായകന്റെ ബലഹീനത ആണെന്നേ ഞാൻ പറയൂ. കെ.ജി. ജോർജിന്റെ ഒന്നിനൊന്ന് വ്യത്യസ്തമായ 19 സിനിമകളും ഇതിന് തെളിവായി പറയാൻ കഴിയും. സംവിധായകന്റെ ബ്രാൻഡ് സിനിമയുടെ വ്യാപാരത്തെ സഹായിച്ചേക്കാം. അതുവഴി ആ സംവിധായകന് അഹങ്കരിക്കാനും സ്വയം വിറ്റഴിക്കാനും കഴിഞ്ഞേക്കാം. എന്നാൽ അത്തരം ‘ആത്മരതി' സംവിധായകർക്ക് കെ.ജി. ജോർജിന്റെ സിനിമകൾ കാഴ്ചക്കാരന് സമ്മാനിച്ച അനുഭവം നൽകാൻ കഴിയില്ല. ആ സിനിമകൾ എടുത്തപ്പോൾ അദ്ദേഹത്തിന് കിട്ടിയ സന്തോഷവും സംതൃപ്തിയും ഒരിക്കലും അവർക്ക് കിട്ടുകയുമില്ല.

ഷാജി: ലേഖയുടെ മരണം ഒരു ഫ്‌ളഷ്ബാക്കിനെപ്പറ്റി പറഞ്ഞു. കെ. ജി. ജോർജും ബാലു മഹേന്ദ്രയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജോർജ് തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന ‘നെല്ല്'(1974) ക്യമാറാമാൻ എന്ന നിലയിൽ ബാലു മഹേന്ദ്രയുടെ ആദ്യ ചിത്രമായിരുന്നു. പിന്നീട് കെ.ജി. ജോർജ്​ സംവിധാനം ചെയ്ത ‘ഉൾക്കടൽ'(1979) എന്ന ചിത്രത്തിന്റെ ക്യാമറാമാനും ബാലു മഹേന്ദ്ര ആയിരുന്നു. ഉൾക്കടലിലെ നായിക ആയിരുന്ന ശോഭയുമായി ബാലു മഹേന്ദ്രക്ക് ഉണ്ടായ പ്രണയവും പിന്നീട് ശോഭയുടെ ആത്മഹത്യയും പ്രമേയമാക്കി കെ. ജി. ജോർജ് ‘ലേഖയുടെ മരണം' എടുത്തതോടെ അവരുടെ സൗഹൃദം തകർന്നു. ആ സിനിമ കാണാൻപോലും ബാലു മഹേന്ദ്ര തയ്യാറായില്ല. ലിജിൻ ആവശ്യപ്പെട്ടതനുസരിച്ച് ഈ ഡോക്യുമെന്ററിക്കുവേണ്ടി ഒരു അഭിമുഖം തരാമോ എന്ന് ബാലു മഹേന്ദ്രയോട് ചോദിച്ചത് ഞാനാണല്ലോ. സാധ്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഒരു സുഹൃത്തിന്റെ ദുരന്തം ലോകത്തിന് മുമ്പിൽ കാണിച്ച് പണം സമ്പാദിക്കാൻ ജോർജിന് എങ്ങനെ മനസ്സ് വന്നു?' എന്നാണ് അദ്ദേഹം ചോദിച്ചത്. സിനിമകളിൽ നിന്ന് കെ. ജി. ജോർജ് പണം സമ്പാദിച്ചിട്ടില്ല എന്നും സ്വന്തമായി വീടോ കാറോ പോലും അദ്ദേഹം വാങ്ങിയിട്ടില്ലെന്നും ഞാൻ പറഞ്ഞപ്പോൾ അത് വിശ്വസിക്കാൻ ബാലു മഹേന്ദ്ര തയ്യാറായില്ല. ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്കിൽ ബാലു മഹേന്ദ്ര - ശോഭ ബന്ധത്തെപ്പറ്റി അന്ത്യവിധിയൊന്നും കെ.ജി. ജോർജ്​ പറഞ്ഞിട്ടില്ലായെന്ന് ബാലു മഹേന്ദ്രയെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഒരു തവണയെങ്കിലും ആ സിനിമ കാണാൻ അദ്ദേഹത്തോട് അപേക്ഷിച്ച് നല്ല ഒരു കോപ്പി എത്തിച്ചുകൊടുക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം അത് കണ്ടോ എന്ന് എനിക്കുറപ്പില്ല.

ലേഖയുടെ മരണം, ഒരു ഫ്ലാഷ്ബാക്ക്
ലേഖയുടെ മരണം, ഒരു ഫ്ലാഷ്ബാക്ക്

ജോർജ് ജീനിയസ്സാണ്, മികച്ച സംവിധായകനാണ് എന്നാണ് അഭിമുഖത്തിനിടെ ബാലു മഹേന്ദ്ര പറഞ്ഞത്. വളരെ മതിപ്പോടെയാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്. ചെറുപ്പത്തിൽ രണ്ടുപേർക്കുമിടയിൽ ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ഈ സിനിമയിൽ ബാലു മഹേന്ദ്രയെക്കുറിച്ച് സംസാരിക്കുന്നിടത്ത് ജോർജ് സാറിന്റെ കണ്ണുനിറയുന്നതും കാണാം. സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ബാലു മഹേന്ദ്ര - ശോഭ ബന്ധം സിനിമയാക്കാം എന്ന് ജോർജ് സാർ വിചാരിക്കാൻ ഇടയില്ല. നാടക രംഗത്തെക്കുറിച്ച് യവനിക എടുത്തതുപോലെ സിനിമാ രംഗത്തെക്കുറിച്ചും ഒരു സിനിമ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതിനു പറ്റിയ ഒരു കഥയായി അദ്ദേഹം ഇതിനെക്കണ്ടു എന്നാണ് മനസ്സിലാകുന്നത്. എന്നാൽ വലിയ വിമർശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പണം സമ്പാദിക്കാനാണെങ്കിൽ പിൽക്കാലത്ത് സിൽക്ക് സ്മിതയുടെ കഥ എന്ന പേരിൽ ‘ഡേർട്ടി പിക്ച്ചർ' എടുത്തതുപോലെ മഹാ മസാലയാക്കാൻ പറ്റുന്ന കഥയാണത്. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. വളരെയേറെ കലാമൂല്യമുള്ള സിനിമയാണ് ലേഖയുടെ മരണം. ‘സത്യങ്ങൾ എപ്പോഴും വേദന തരുന്നു. എന്റെ സിനിമകളിലൂടെ വേദനിപ്പിക്കുന്ന സത്യങ്ങളാണ് ഞാൻ പറഞ്ഞത്. എനിക്ക് വേറെ വഴികളില്ല' എന്നദ്ദേഹം ഈ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.

ഷാജി: രൂപത്തിലോ പെരുമാറ്റത്തിലോ ബാലു മഹേന്ദ്രയുമായി യാതൊരു സാമ്യവുമില്ലാത്ത ഭരത് ഗോപിയെ ആണ് ആ സംവിധായകന്റെ വേഷത്തിൽ അഭിനയിപ്പിച്ചത്. കെ. ജി. ജോർജിന്റെ സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പലരും ഏറ്റവും മോശം കാസ്റ്റിംഗ് ആണ് അതെന്ന് വിമർശിക്കുകയും ചെയ്തു. ഗോപിയിൽ ബാലു മഹേന്ദ്രയെ തേടിയതിന്റെ കുഴപ്പമാണോ അതെന്ന് സംശയമുണ്ട്. ബാലു മഹേന്ദ്ര - ശോഭ കഥയായിട്ടല്ലാതെ, സിനിമാ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംവിധായകനും നടിയുമായുള്ള പ്രണയവും അതുണ്ടാക്കുന്ന ദുരന്തവും പറയുന്ന കഥയായി ആ സിനിമ കണ്ടാൽ നൂറുശതമാനം ആ കഥാപാത്രം തന്നെയാണ് ഗോപി. ആ സിനിമയിലെ ഒരു കഥാപാത്രത്തെയും തെറ്റുകാരനോ തെറ്റുകാരിയോ ആയി ചിത്രീകരിക്കുന്നില്ല. എല്ലാവരും സാഹചര്യങ്ങളുടെ തടവുകാരാണ്. തന്റെ മറ്റു സിനിമകളിലും ഒരു കഥാപാത്രത്തെയും അദ്ദേഹം നായകനോ വില്ലനോ ആക്കിയിട്ടില്ല. ഇതാണ് മനുഷ്യൻ, ഇതാണ് അവന്റെ സ്വഭാവം, ഇതാണ് അവന്റെ ദുരന്തം, ഇങ്ങനെയാണ് ലോകം എന്ന് മാറിനിന്ന് അടയാളപ്പെടുത്തുകയാണ്. വിധി പറയൽ കെ. ജി. ജോർജിന്റെ രീതിയല്ല.

അ​​ദ്ദേഹം മനുഷ്യന്റെ സാഹചര്യങ്ങളാണ് ചിത്രീകരിക്കുന്നത്. ആ സിനിമകളിൽ പൂർണ്ണമായി നല്ലവരോ പൂർണ്ണമായി മോശക്കാരോ ഇല്ല. ആദാമിന്റെ വാരിയെല്ല് (1984), ഇരകൾ (1985) പോലെയുള്ള സിനിമകളിൽ എല്ലാവരും ചുറ്റുപാടുകളുടെ തടവുകാരാണ്. ആണിന്റെ വാരിയെല്ല് ഊരി അതിൽനിന്ന് സൃഷ്ടിച്ചതായി പറയപ്പെടുന്ന പെണ്ണിനോട് ആണ്​ എങ്ങനെയാണ് പെരുമാറുന്നത് എന്ന അന്വേഷണമാണ് ആദാമിന്റെ വാരിയെല്ല്. അതിൽ സുഹാസിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭർത്താവ് (വേണു നാഗവള്ളി) വില്ലനാണെന്ന് തോന്നാം.

ആദാമിന്റെ വാരിയെല്ല് ​പോസ്​റ്റർ
ആദാമിന്റെ വാരിയെല്ല് ​പോസ്​റ്റർ

പക്ഷേ അയാളും സാഹചര്യങ്ങളുടെ അടിമയാണ്. മകന്റെ പുരുഷാധിപത്യം ആസ്വദിക്കുന്ന അയാളുടെ അമ്മയും അയാൾ ജോലിചെയ്യുന്ന അന്തരീക്ഷവും ചേർന്ന് അയാളെ അങ്ങനെ ആക്കുകയാണ്. അയാളുടെ അടിച്ചമർത്തലിന് കീഴിൽ ജീവിക്കാൻ വിധിക്കപ്പെടുന്ന ഭാര്യ ഒടുവിൽ മനോരോഗിയായി മാറുന്നു. ഇരകളിൽ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രം ഭർത്താവിനെ അവജ്ഞയോടെ അവഗണിച്ച് വീട്ടുവേലക്കാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. അത് അവളുടെ സ്വാതന്ത്ര്യമാണെന്നാണ് സംവിധായകൻ പറയുന്നത്. സ്വയം മഹാന്മാരെന്ന് വിചാരിക്കുന്ന അവളുടെ ആങ്ങളമാർ കൊലപാതകമടക്കം എത്രയോ മോശം പ്രവൃത്തികൾ ചെയ്യുന്നുണ്ട്. ആണിന് ഒരു നീതി, പെണ്ണിന് മറ്റൊരു നീതി എന്ന സമൂഹ അവസ്ഥയെ കെ. ജി. ജോർജ് പരിഹസിക്കുന്നു. അതുപോലെ അദ്ദേഹത്തിന്റെ പല സിനിമകളുടെയും പ്രമേയം ലൈംഗികത ആണെങ്കിലും കാമം ഇളക്കാൻ ഉദ്ദേശിച്ചുള്ള ക്യാമറാ ആംഗിളോ അശ്ലീലത്തിന്റെ തുള്ളിയോ ആ സിനിമകളിൽ കാണാൻ കഴിയില്ല.

ഷാജി: കെ. ജി. ജോർജിന്റെ സിനിമകളുടെ സ്വാധീനത്തിൽ പിന്നീട് വന്ന സംവിധായകരെക്കുറിച്ചും സിനിമാ പ്രമുഖരെക്കുറിച്ചും പറയാമോ? ലോഹിതദാസ്, സിബി മലയിൽ, സംവിധായകൻ സിദ്ദിഖ് തുടങ്ങിയവർ കെ. ജി. ജോർജ് തങ്ങളുടെ ഏറ്റവും പ്രിയ സംവിധായകനാണ് എന്ന് പറഞ്ഞിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരി

ലോക സിനിമയിൽത്തന്നെ തന്റെ പ്രിയപ്പെട്ട സംവിധായകൻ കെ. ജി. ജോർജാണെന്ന് ലിജോ ജോസ് പെല്ലിശേരി പറഞ്ഞു. മലയാളത്തിലുണ്ടായ ഏറ്റവും നല്ല തിരക്കഥാകൃത്ത് കെ.ജി. ജോർജാണ് എന്ന് ശ്യാം പുഷ്‌കരൻ പറഞ്ഞത് കേട്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ കെ.ജി. ജോർജാണെന്ന് ഫഹദ് ഫാസിൽ പറയാറുണ്ട്. ഇരകൾ ഒരിക്കൽ കൂടി എടുക്കണമെന്നും അതിൽ ഗണേഷ് അഭിനയിച്ച വേഷം തനിക്ക് ചെയ്യണമെന്നും ഫഹദ് എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് നടപ്പുള്ള കാര്യമല്ല. തൊടാൻ പറ്റാത്ത സിനിമയാണത്. ഞാനൊരിക്കൽ ‘സാറിന്റെ സിനിമകൾ റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം' എന്ന് ചോദിച്ചു. ‘അത് ഒരു പ്രാവശ്യം മേക്ക് ചെയ്തതല്ലേ! ഉണ്ടാക്കിത്തീർന്ന ഒരു സാധനം വീണ്ടും ഉണ്ടാക്കുന്നത് എങ്ങനെയാണ്?' എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. കെ.ജി. ജോർജിനെപ്പോലെ മറ്റൊരു സംവിധായകൻ നമുക്കില്ല. കലയിലെ നയം, എഴുത്തിന്റെ ശക്തി, ചിത്രകലയിലുള്ള താൽപ്പര്യവും വാസനയും, കൃത്യമായ നിരീക്ഷണങ്ങൾ, എന്തുമേതും തുറന്നടിക്കാനുള്ള സത്യസന്ധത, ഒന്നിനെക്കുറിച്ചും ഭയമില്ലായ്മ, ദാർശനിക ബോധം എന്നിവയെല്ലാം ഒത്തുചേർന്ന മറ്റൊരാൾ ഇനി ജനിച്ചുവരണം.

ഷാജി: 81⁄2 ഇന്റർകട്ട്‌സ് പൊതുജങ്ങൾക്ക് എപ്പോഴാണ് കാണാൻ കിട്ടുക? ഒ.ടി.ടി എന്നറിയപ്പെടുന്ന സിനിമാ വെബ്സൈറ്റുകൾ ഒന്നിലും ഇതുവരെ ഈ സിനിമ വരാത്തത് എന്തുകൊണ്ടാണ്?

നെറ്റ്ഫ്‌ലിക്‌സ്, ആമസോൺ പോലെയുള്ളവരെ സമീപിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ താരമൂല്യമുള്ള വ്യാപാര സിനിമകളിലല്ലാതെ മറ്റൊന്നിലും അവർ താൽപര്യം കാണിക്കുന്നില്ല. പ്രത്യേകിച്ചും ഇത്തരം ഡോക്യുമെന്ററികളിൽ. ആമസോണിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരെ വരെ ഇതിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അവിടെ മലയാളത്തിന്റെ ചുമതലയുള്ളവരുടെ പ്രതികരണം ‘ഇത് ഇപ്പോൾ മുൻഗണന അർഹിക്കുന്ന പടമല്ല' എന്നായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒ.ടി.ടി കൾക്ക് അവരുടേതായ രീതികളും താല്പര്യങ്ങളുമുണ്ട്. MUBI പോലെയുള്ള ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. അതും പരാജയപ്പെട്ടാൽ വൈകാതെ യൂട്യൂബിൽ റിലീസ് ചെയ്യാനാണ് തീരുമാനം.

ഷാജി: കെ.ജി. ജോർജിന്റെ സിനിമയെയും ജീവിതത്തെയും പൂർണ്ണമായി ഉൾക്കൊള്ളാൻ ഡോക്യുമെന്ററിക്ക് കഴിഞ്ഞു എന്ന് കരുതുന്നുണ്ടോ?

അദ്ദേഹത്തെക്കുറിച്ച് വെവ്വേറെ ആംഗിളുകളിൽ നിന്ന് മൂന്നാല് ഡോക്യുമെന്ററികൾ കൂടി വന്നാലും അത് നടക്കുമോ എന്ന് സംശയമാണ്.

ഷാജി: ഒരു കലാകാരനും മനുഷ്യനും എന്ന നിലയിൽ കെ.ജി. ജോർജിനുള്ള ഏറ്റവും നല്ല ആമുഖമാണ് ഈ സിനിമ എന്നതിൽ ഇത് കണ്ട ആർക്കും സംശയം ഉണ്ടാകാനിടയില്ല. സിനിമ കണ്ട ശേഷം അദ്ദേഹം എന്താണ് പറഞ്ഞത്?

നാലുവർഷത്തെ കഷ്ടപ്പാട് പാഴായാലും പ്രശ്‌നമില്ല, സിനിമ നന്നല്ല എന്നദ്ദേഹം പറഞ്ഞാൽ ഇത് വലിച്ചെറിയും എന്ന ഉറച്ച തീരുമാനത്തോടെയാണ് മുക്കാലും തീർന്ന സിനിമ അദ്ദേഹത്തെ കാണിക്കാൻ കൊണ്ടുപോയത്.

പഴയൊരു ലൊക്കേഷനിൽ
പഴയൊരു ലൊക്കേഷനിൽ

കണ്ടുകൊണ്ടിരിക്കുമ്പോൾ പലയിടത്തും അദ്ദേഹത്തിന്റെ മുഖം തെളിയുന്നത് കാണാമായിരുന്നു. ചിലയിടങ്ങളിൽ കണ്ണാടി ഉയർത്തി കണ്ണുകൾ തുടയ്ക്കുന്നതും കണ്ടു. തീർന്നപ്പോൾ ഏറെ നേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. പിന്നെ ‘ഡിഫറന്റായ ഒരു ഡോക്യുമെന്ററി, ഇത് ഇങ്ങനെയായിരിക്കുമെന്ന് കരുതിയില്ല. എന്റെ മനസ്സിൽ മറ്റെന്തോ ആയിരുന്നു. എന്തായാലും നന്നായി' എന്നു പറഞ്ഞു. ‘ഇതിൽ എന്തൊക്കെയാണ് മാറ്റേണ്ടത് സർ?' എന്ന് ചോദിച്ചപ്പോൾ ‘ഇത് ഞാൻ എടുത്ത സിനിമയല്ല. എന്നെക്കുറിച്ചുള്ള നിങ്ങളുടെ സിനിമ, നിങ്ങളുടെ കാഴ്ച. അത് അങ്ങനെതന്നെ വേണം' എന്നാണ് പറഞ്ഞത്. കൊച്ചി ബിനാലെയിൽ വലിയ സ്‌ക്രീനിൽ റിലീസ് ചെയ്തപ്പോഴാണ് ചിത്രത്തിന്റെ അവസാന രൂപം അദ്ദേഹം കണ്ടത്. കഴിഞ്ഞപ്പോൾ മൈക്ക് കയ്യിൽ കൊടുത്തെങ്കിലും ഒന്നും മിണ്ടിയില്ല. ഒടുവിൽ ‘സിനിമ എനിക്ക് ഫീൽ ചെയ്തു. നന്ദി' എന്നുമാത്രം പറഞ്ഞു.

കെ.ജി. ജോർജ്​: ‘സിനിമ എനിക്ക് ഒരു സ്വപ്നംപോലെ ആയിരുന്നു. പക്ഷെ സത്യത്തെ നോക്കിക്കൊണ്ടാണ് ഞാൻ സ്വപ്നം കണ്ടത്. ആഗ്രഹിച്ച പലതും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആ സങ്കടം അവസാനം വരെ നിലനിൽക്കും'.
ഫെല്ലീനി: ‘അവസാനമില്ല, ആരംഭവുമില്ല. ജീവിതത്തോടുള്ള നിത്യമായ അഭിനിവേശം മാത്രം'.


Summary: ‘സിനിമ എനിക്ക് ഒരു സ്വപ്നംപോലെ ആയിരുന്നു. പക്ഷെ സത്യത്തെ നോക്കിക്കൊണ്ടാണ് ഞാൻ സ്വപ്നം കണ്ടത്. ആഗ്രഹിച്ച പലതും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ആ സങ്കടം അവസാനം വരെ നിലനിൽക്കും'- കെ.ജി. ജോർജ്​ പറയുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സംവിധായകരിൽ ഒരാളായ കെ.ജി. ജോർജിനെക്കുറിച്ചുള്ള 81⁄2 ഇന്റർകട്ട്‌സ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ ലിജിൻ ജോസുമായി സംഭാഷണം. ഡോക്യുമെന്ററിക്കുപുറകിലെ അനുഭവങ്ങളിലൂടെ ആ അപൂർവ സിനിമ- വ്യക്​തി ജീവിതവും അനാവൃതമാകുന്നു


Comments