ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
ഷനോജ് ആർ. ചന്ദ്രൻ: ഈ പറഞ്ഞ മാധ്യമങ്ങളെ പോലെ തന്നെ രസിപ്പിക്കുക, കലയുടെ ആത്യന്തികാനുഭൂതി ജനിപ്പിക്കുക എന്നതിനപ്പുറം എന്തെങ്കിലും സാമൂഹികദൗത്യം സിനിമക്കുമാത്രമായി നിർവഹിക്കേണ്ടതുണ്ട് എന്നുകരുതുന്നില്ല. കഥ പറയുന്നതിനപ്പുറം മറ്റൊന്നും കഥയെഴുതുമ്പോൾ ബാധ്യതയല്ല എന്ന് കരുതുന്നതുപോലെ തന്നെ. രാഷ്ട്രീയം, തത്വചിന്ത, ചരിത്രം എന്നിങ്ങനെയുള്ള അടരുകളൊന്നും അതിനുമേലെയല്ല. അഹിംസാവാദിയാണെങ്കിലും കൊലപാതകിയാണെങ്കിലും തീവ്രവാദിയാണെങ്കിലും സിനിമ കാണുമ്പോൾ അവരെ അത് രസിപ്പിക്കണം. അതിനുശേഷം ആ വ്യക്തി അവരുടെ ജോലിക്കു പോയാലോ പോകാതിരുന്നാലോ അത് സിനിമയുടെ ഉത്തരവാദിത്തമല്ലല്ലോ. സിനിമ കാണുന്ന സമയം രസകരമായാൽ ഒരാളുടെ വിധ്വംസകപ്രവർത്തനം കുറച്ചുനേരം നീട്ടിവെച്ചേക്കാം എന്നത് വേണമെങ്കിൽ വിജയിച്ച ഒരു സാമൂഹ്യദൗത്യമായി പറയാം.
മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മലയാളത്തിൽ മാത്രമല്ല മനുഷ്യന്റെ സാമൂഹിക ജീവിതത്തെ, മതത്തെ, രാഷ്ട്രീയത്തെ, പ്രേമത്തെ, ലൈംഗികജീവിതത്തെ, കലയെ എന്നിങ്ങനെ എല്ലാ ഇടങ്ങളിലും കോവിഡ് ഉണ്ടാക്കിയ അട്ടിമറി വളരെ വലുതാണ്. നമ്മുടെ മുൻഗണനാക്രമങ്ങളെയും ധാരണകളെയും അത് കീഴ്‌മേൽമറിച്ചു. അതുകൊണ്ട് കോവിഡിനുമുമ്പുണ്ടായിരുന്ന സിനിമ കാണുമ്പോൾ അത് വേറൊരു ലോകത്തെ ജീവിതം പോലെ തോന്നും. കോവിഡിനുമുമ്പുള്ള സിനിമയിലെ മനുഷ്യരല്ല പുതിയ സിനിമയിലെ മനുഷ്യർ. മേക്കിങ്ങിലും പ്രമേയത്തിലും സിനിമ മാറി. പുതിയ സിനിമ ഉണ്ടാക്കേണ്ടി വന്നു. എക്‌സ്പീരിയൻസ് ഉള്ളവരടക്കം എല്ലാവരും ആദ്യ സിനിമ ഉണ്ടാക്കുന്നവരെ പോലെ ഹരിശ്രീ തൊട്ട് തുടങ്ങി. അതുണ്ടാക്കിയ സ്‌പേസ് വളരെ വലുതാണ്.
അതുമാത്രമല്ല, കോവിഡ് കാലത്ത് വീട്ടിലടക്കപ്പെട്ട മനുഷ്യരും അവരുടെ ചിന്താലോകത്ത് സംഭവിച്ച അട്ടിമറിയും ഏതാണ്ട് ഒരേവിധമായതിനാൽ ലോകം മുഴുവൻ എല്ലാ മനുഷ്യരുടെയും അനുഭവലോകവും ഒരേ മട്ടിലായി. അത് സിനിമയുടെ പ്രാദേശിക സ്വഭാവങ്ങൾ തകർത്തുകളയുകയും ലോകത്തെ ഏത് മനുഷ്യന്റെയും അനുഭവത്തെ ആവിഷ്‌കരിക്കുന്ന ഒന്നായി മാറുകയും ചെയ്തു. നമ്മുടെ സിനിമ അവർക്കും അനുഭവിക്കാമെന്നായി. അങ്ങനെ വരുമ്പോൾ മലയാളത്തനിമ എന്നൊക്കെ പറഞ്ഞ് സിനിമ ചെയ്തിട്ട് കാര്യമില്ലാതായി. ലോകത്തെ മുഴുൻ മനുഷ്യനും അനുഭവിക്കേണ്ട സിനിമയാണ് നമ്മൾ ചെയ്യേണ്ടത്. നമ്മൾ ലോകസിനിമയാണ് ഉണ്ടാക്കേണ്ടത്. മലയാളിയുടെ ലോകസിനിമ ഇനിയാണ് വരാൻ പോകുന്നത്.
എല്ലാവരും സിനിമാക്കാരായി എന്നതാണ് മറ്റൊരു കാര്യം. കോവിഡ് കാലത്ത് മൊബൈൽ ഫോൺ കൊണ്ടെങ്കിലും സിനിമയുണ്ടാക്കാത്തവരുണ്ടാവില്ല. കഥയും കവിതയും പോലെ ആർക്കും വേണമെങ്കിൽ ഒന്നാവിഷ്‌കരിച്ച് നോക്കാവുന്ന മാധ്യമമായി സിനിമ മാറി. മലയാളത്തിലും സിനിമ ആത്യന്തികമായി സംവിധായകന്റെ / സംവിധായികയുടേതായി. രണ്ടര മണിക്കൂർ എന്ന നാട്ടു നടപ്പൊക്കെ വിട്ട് പ്രമേയം ആവശ്യപ്പെടുന്നതിനനുസരിച്ച് ഒന്നര മിനിട്ടിലും പത്തും പതിനഞ്ചും മിനിട്ടിലും ഒന്നര മണിക്കൂറിലും മൂന്നു മണിക്കൂറിലും സിനിമ വന്നു. പ്രമേയത്തിൽ വലിയ വൈവിധ്യങ്ങളെ ഫിലിം മേക്കേഴ്‌സ് അന്വേഷിച്ചു തുടങ്ങി. പുതിയ തലമുറയുടെ ഏതാണ്ട് മുഴുവൻ തന്നെ ആവിഷ്‌കാരമാധ്യമം സിനിമയായി.
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേക്കിംഗിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ചലച്ചിത്രം ആൾക്കൂട്ടത്തിനിടയിൽ നിന്ന് മാറി വ്യക്തിപരമായ അനുഭവമായി മാറിയെന്ന വാദം ഇതുപോലെ ഉയർന്നിട്ടുണ്ട്. എം.ടി എന്ന വലിയ എഴുത്തുകാരൻ/ചലച്ചിത്രപ്രവർത്തകൻ പുതിയ തലമുറയുടെ ആവിഷ്‌കാരങ്ങളെ കുറിച്ച് സന്ദേഹമുയർത്തിയ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച് മാത്രമല്ല പറയുന്നത്. സിനിമയെ കുറിച്ച് ചോദിക്കുമ്പോൾ എം.ടി, ‘ടി.വിയിൽ പലതും കാണുമ്പോൾ മുഴുവൻ കാണാൻ തോന്നാറില്ലെന്ന്' പറയുന്നുണ്ട്. ഒറ്റയിരിപ്പിന് കാണാതെ നിർത്തിപ്പോകാൻ പ്രേക്ഷകർക്ക് സാധ്യത കൊടുത്ത കാലമാണ് സിനിമയെ കുറിച്ച് എം.ടി പറഞ്ഞതിൽ ഞാനെടുക്കുന്ന പോയിൻറ്. സാവകാശം കുറച്ചുകഴിഞ്ഞ് കാണാൻ വേണ്ടി മാറ്റിവെക്കുന്ന ആസ്വാദനത്തെക്കുറിച്ചല്ല. അത് കൊള്ളാവുന്ന കാര്യമാണ്. അതാണെങ്കിലും എംടി പറഞ്ഞതാണെങ്കിലും പ്രേക്ഷകരായി അധികാരി. നേരത്തെ തിയേറ്ററിൽ അടച്ചുപൂട്ടി മടുപ്പിച്ച് സമയം കഴിഞ്ഞ് ഇറക്കിവിടുന്നതുപോലെയല്ല. സ്രഷ്ടാവിനുമേൽ ആസ്വാദകന്റെ മുമ്പെന്നത്തേക്കാളും അധികാരം സാധ്യമാക്കി ഒ.ടി.ടി അടക്കമുള്ള കുഞ്ഞു സ്‌ക്രീനുകൾ. അത് പ്രധാനമാണ്.
‘എന്താണ് പുതിയ സിനിമയിൽ അവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തവുമല്ല' എന്നും എം.ടി പറയുന്നു. ഇവിടെയും എം.ടി അധികാരം കൈവശം വെച്ച പ്രേക്ഷകനാണ്. മുൻവാചകത്തിൽ ആസ്വാദനത്തിന്റെ വിലങ്ങുതടിയെക്കുറിച്ച് പറയുന്ന എം.ടി, ഇവിടെ പ്രമേയത്തിന്റെ വ്യക്തതയില്ലായ്മയും ചൂണ്ടിക്കാട്ടുന്നു. പറഞ്ഞ ഈ രണ്ട് കാര്യത്തിലും പുതിയ പ്രേക്ഷകർ കുറച്ചെങ്കിലും പെർഫെക്ഷൻ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. ഉദ്ദേശ്യത്തിന്റെ വ്യക്തതയിലും മടുപ്പിക്കാതെ കാണിക്കുന്നതിലും. അല്ലെങ്കിൽ ടി.വി നിർത്തിപ്പോകും.
അതേസമയം, സിനിമ എനിക്ക് വ്യക്തിപരമായ അനുഭവമല്ലാത്തതിനാലും ആൾക്കൂട്ടത്തിനിടയിലിരുന്ന് കാണാനാഗ്രഹിക്കുന്നതിനാലും തറ ടിക്കറ്റ് പ്രേക്ഷകനായതിനാലും തിയേറ്ററാണ് എന്റെ ചോയ്‌സ്. ശരിക്കും തിയേറ്റർ തന്നെയാണ് സിനിമ എന്ന ആർട് ഫോമിന്റെ യോജിച്ച ആവിഷ്‌കാര ഇടം എന്നാണ് എന്റെ പക്ഷം. ചോദ്യത്തിൽ പറഞ്ഞപോലെ ഇരുട്ടും ആൾക്കൂട്ടവും നിർമിച്ച ഇടത്തിൽ സംഭവിക്കുന്ന ദൃശ്യ ശ്രാവ്യ ആർട്ട് തന്നെ അത്. അതിന്റെ വിഷ്വൽ ലാംഗ്വേജിൽ, സൗണ്ടിൽ, ഇഫക്ടുകളിൽ വലിയ സാങ്കേതിക സംവിധാനങ്ങൾ പ്രധാനമാണ്. സിനിമ കൂടുതൽ സംവേദനാത്മകമാകാൻ തിയേറ്റർ തന്നെയാണ് ശരി. കോവിഡ് കാലത്ത് അതിജീവിക്കാൻ സിനിമ സൃഷ്ടിച്ച താൽക്കാലിക ഇടം മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. പരിമിതികളിലെ സിനിമയുടെ നിലനിൽപായിരുന്നു അത്. ആ പരിമിതികൾ ഇല്ലാതെയാകുമ്പോൾ അതിന്റെ സർഗാത്മക ഊർജം കൂടുതൽ വിശാലമായി പ്രസരിപ്പിക്കാൻ തീയറ്റർ തന്നെ വേണ്ടി വരും. അതേ സമയം കോവിഡ് സിനിമയിൽ സൃഷ്ടിച്ച ആഖ്യാനത്തിലെയും പ്രമേയത്തിലെയും അട്ടിമറികൾ സിനിമയെ നവീകരിക്കുകയും ചെയ്യും.
ഹ്യൂമറും രഷ്ട്രീയ ശരിയും പരസ്പര വിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നു പോവും എന്ന് കരുതുന്നുണ്ടോ?
രാഷ്ട്രീയശരിയല്ലാത്ത ഒരു ഹ്യൂമർ, സിനിമയ്ക്ക് ആവശ്യമായി വന്നാൽ ഒരു കഥാപാത്രം അത് പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല. ആത്യന്തികമായി ആ സൃഷ്ടി സംവേദനം ചെയ്യുന്ന ആശയം പ്രതിലോമകരമല്ലെങ്കിൽ അതിൽ എന്ത് പ്രശ്‌നം?. സിനിമയിലെ രാജ്യം വേറൊരു രാജ്യമാണ്. സംവിധായകർ ആ പ്രതിലോമപരതയെ കൊണ്ടാടുന്നവരാണോ എന്നതാണ് പ്രശ്‌നം. അങ്ങനെയെങ്കിൽ അയാളെ ശിക്ഷിക്കാം. കഥാപാത്രങ്ങളെ ശിക്ഷിക്കാൻ ഒരു ശിക്ഷാനിയമത്തിലും വകുപ്പില്ലല്ലോ.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംഗിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
നമുക്ക് അറിയാവുന്നതാണ്. സ്ത്രീ വീട്ടകങ്ങളിലും പുരുഷൻ ലോകം ചുറ്റലും എന്ന നാട്ടുനടപ്പ് മുതലാക്കി മറ്റെല്ലാമിടങ്ങളിലേതുമെന്ന പോലെ സിനിമ ആണിന്റേതായിരുന്നു. ആശയത്തിൽ, മേക്കിങ്ങ് പ്രവർത്തനങ്ങളിൽ, അഭിനേതാക്കൾ എന്ന നിലയിൽ ഒക്കെ സ്ത്രീയെ സിനിമ ഉൾക്കൊണ്ടത് ആൺകേന്ദ്രീകൃതമായ ഒരു മാപിനി ഉപയോഗിച്ചാണ്.
ഇപ്പോൾ പക്ഷേ, സ്ത്രീകൾ സിനിമകൾ നിർമിച്ചുതുടങ്ങുന്നത് നമ്മൾ കാണുന്നു. ഇതുവരെ പ്രേക്ഷകർ കണ്ടുപരിചയിക്കാത്തതായതിനാൽ സ്ത്രീകളുടെ സിനിമാ വീക്ഷണം മുമ്പത്തെയെല്ലാറ്റിനെയും അട്ടിമറിക്കുന്നതായും ചലച്ചിത്രകലയെ ഫ്രഷാക്കുന്നതായും പ്രേക്ഷകന് അനുഭവപ്പെടുന്നു. പുതിയ സിനിമയെ നവീകരിക്കുന്നതിൽ സ്ത്രീകളായ അഭിനേതാക്കളും സംവിധായകരും സാങ്കേതികപ്രവർത്തകരുമാണ് പ്രധാന പങ്ക് വഹിക്കുന്നതെന്നുവരെ തോന്നിപ്പോകും വിധം ശക്തിമത്താണ് ആ ചെറിയ ചലനങ്ങൾ.
വരുംകാലത്തെ സിനിമ സ്ത്രീകളുടേതാണെന്നാണ് ഞാൻ കരുതുന്നത്. എത്രയോ കാലമായി കണ്ട് മടുപ്പിച്ച് തുടങ്ങിയിരിക്കുന്ന ആൺ വീക്ഷണ സിനിമകളെ ഇപ്പോൾ മാത്രം ആരംഭിച്ചുതുടങ്ങിയിരിക്കുന്ന സ്ത്രീസിനിമകൾ അതിന്റെ ഫ്രഷ് നെസ് കൊണ്ട് വെല്ലുവിളിക്കും.
അതേസമയം, സ്ത്രീപ്രേക്ഷകരെ സംബന്ധിച്ച് ഒരു ആകുലത തിയേറ്ററുകളിൽ നിന്ന്സിനിമ വീട്ടിലെ സ്‌ക്രീനിലേക്ക് ചുരുങ്ങിപ്പോയി എന്നതാണ്. തിയേറ്റർ എന്നത് സിനിമ കാണുന്നതിനപ്പുറം വീട്ടിൽനിന്ന് പുറത്തിറങ്ങാനുള്ള സ്ത്രീസ്വാതന്ത്ര്യ ഇടങ്ങളായിരുന്നു എന്നത് ഓർക്കണം. വീട്ടിലെ ചെറുസ്‌ക്രീനുകളിലേക്കുള്ള സിനിമയുടെ മാറ്റം ആ സ്ത്രീയാത്രകളെ ഇല്ലാതാക്കിയിട്ടുണ്ട്. തിയേറ്റർ തിരിച്ചു പിടിക്കേണ്ടത് ആ അർഥത്തിൽ സ്ത്രീകളുടെ ആവശ്യമാണ്. തിയേറ്ററിനോടുള്ള എന്റെ പക്ഷപാതം കൊണ്ട് പറയുന്നതല്ല.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടു വെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?
സിനിമയിലെ രാഷ്ട്രീയം, തത്വചിന്ത, ചരിത്രം ഇത്യാദി സംഗതികളൊക്കെ സെക്കൻറ് ഐറ്റംസാണ്. ആത്യന്തികമായി സിനിമയുണ്ടാക്കലാണ് പ്രധാനം. നിർമിച്ചു കഴിഞ്ഞ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ, തത്വചിന്തയെ ഒക്കെ പിന്നീട് ചർച്ച ചെയ്യാം എന്നേയുള്ളൂ. രാഷ്ട്രീയശരിയോ ശരിയില്ലായ്മയോ എന്തുമാകട്ടെ സിനിമയ്ക്ക് കലാപരമായ ഔന്നത്യമുണ്ടോ എന്നത് തന്നെ പ്രധാന കാര്യം.
മുഖ്യധാര- സമാന്തര ധാര എന്ന വേർതിരിവിനെ പുതിയ തലമുറ ബ്രേക്ക് ചെയ്തു എന്നതിനേക്കാൾ നമ്മൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിരുന്ന പ്രേക്ഷകർ ആ നിലയിൽ വളർന്നു എന്നതാണ് ശരി. നെറ്റിലൂടെയും മറ്റും ലോക സിനിമകൾ കണ്ട പ്രേക്ഷകൻ ഡിമാൻഡ് ചെയ്ത സിനിമകൾ ചെയ്യാൻ ശ്രമിക്കുകയാണ് പുതിയ തലമുറ ചെയ്യുന്നത്. പ്രേക്ഷകരോളം വളരാനുള്ള പുതുതലമുറ ഫിലിം മേക്കേഴ്‌സിന്റെ ശ്രമത്തിലാണ് ഈ പറയുന്ന അതിരുകൾ നേർത്തുപോയത്.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
ഭാവനയുടെ ലോകത്ത്, ഏതെങ്കിലും രാജ്യത്തെ ഭരണഘടനയും നിയമസംഹിതയും അനുസരിച്ച് വേണം കഥാപാത്രങ്ങൾ ജീവിക്കേണ്ടതെന്ന് പറയുന്നതിന്റെ യുക്തിയില്ലായ്മയോർത്താൽ ബുദ്ധിയുള്ള ഭരണാധികാരികൾ സിനിമ നിരോധിക്കില്ല.
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
സിനിമയുണ്ടാക്കുന്ന പ്രോസസിൽ കിട്ടുന്ന സന്തോഷത്തിനാവും ചലച്ചിത്രകാരന്മാരൊക്കെ ആത്യന്തികമായി സിനിമയുണ്ടാക്കുന്നതെന്നാണ് ഞാൻ വിചാരിക്കുന്നത്. ഞാനൊരു മുഴുവൻ സമയ, നടപ്പ് ചലച്ചിത്ര പ്രവർത്തകനൊന്നുമല്ല. ക്രിയേറ്റ് ചെയ്യുന്ന പ്രോസസിൽ താൽക്കാലികമായി കിട്ടുന്ന സന്തോഷം അനുഭവിക്കാൻ ഞാൻ വല്ലപ്പോഴും കഥയെഴുതുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമാണസംരംഭത്തിൽ ഞാൻ ചെയ്ത ആ ചെറുസിനിമയും അങ്ങനെ തന്നെ. വീണ്ടും ആ സന്തോഷം വേണമെന്ന് തോന്നുമ്പോൾ വീണ്ടും അതൊക്കെ ചെയ്ത് നോക്കുന്നു.
സിനിമ ആത്യന്തികമായി ഒരു കൂട്ടം പേരുടെ ഒരുമിച്ചുള്ള ആവിഷ്‌കാരമായതിനാൽ, അത് യൗവനത്തിന്റെ ആഘോഷമായതിനാലുമൊക്കെ എനിക്ക് ആ ഇടം ഇഷ്ടമാണ്. പ്രേക്ഷകർക്ക് ഇഷ്ടമാകുന്നതും, സിനിമ വിജയിക്കുന്നതും, പ്രൊഡ്യൂസർക്ക് കാശ് കിട്ടുന്നതും ക്രിമിനൽ കുറ്റമൊന്നുമല്ല. മറിച്ച് അത് ആഘോഷിക്കപ്പെടേണ്ട സംഗതിയുമാണ്. ▮