തോമസുകുട്ടീ വിട്ടോടാ...
(ഇനി അതത്ര എളുപ്പമാകില്ല)

‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു’’- ‘ഇൻ ഹരിഹർ നഗർ’ എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.

തൊണ്ണൂറുകളുടെ ആരംഭം മുതൽ കേരളം ഐകകണ്ഠേന സ്വീകരിച്ച ഏറ്റവും അരാഷ്ട്രീയമായ ‘മുങ്ങൽ’ ഡയലോഗാണ് ഇൻ ഹരിഹർ നഗർ (In Harihar Nagar) സിനിമ സംഭാവന ചെയ്ത ‘തോമസുകുട്ടീ വിട്ടോടാ…’.
അഭിമാനക്ഷതമേൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ എളുപ്പത്തിൽ എടുത്തുപയോഗിക്കാവുന്ന ഫയർ അലാറം പോലൊരു മുന്നറിയിപ്പ്. എന്നാൽ എളുപ്പത്തിൽ അപകടമണി മുഴക്കി രക്ഷപ്പെടാൻ സാധ്യമല്ല എന്നതിന്റെ സാക്ഷ്യപ്പെടുത്തലായി ചില സംഭവങ്ങൾ കേരളത്തിൽ ഈയടുത്ത് കണ്ടുവരുന്നുണ്ട്. തോമസുകുട്ടിമാർക്ക് അത്ര എളുപ്പത്തിൽ വിട്ടുപോകാൻ സാധിക്കാത്ത വിധം ഉണർവ്വും ബോധവും കേരളത്തെ ആവേശിച്ചിരിക്കുന്നു.

സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്ത് കൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു.

കൗമാരത്തിലും യൗവനത്തിലും തുടങ്ങി ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും മലയാളി ഇൻ ഹരിഹർ നഗർ കണ്ട് ആസ്വദിച്ചുകൊണ്ടേയിരുന്നു. മുംബൈയിൽ നിന്ന് വരുന്ന പരിഷ്കൃതയായ പെൺകുട്ടിയെ ഒറ്റനോട്ടത്തിൽ തന്നെ (ഒരു പക്ഷെ കാണുന്നതിന് മുൻപ് തന്നെ) തന്റേതാക്കണം എന്ന ഉറച്ച തീരുമാനത്തിൽ ഇറങ്ങിത്തിരിക്കുന്ന നാല് ചെറുപ്പക്കാർ. അവൾ എവിടേയ്ക്ക് പോയാലും വിടാതെ പിന്തുടരുകയും പല പല നുണകൾ പറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മത്സരാർത്ഥികളായി അവർ മാറുന്നു.

അശോകൻ, സിദ്ദീഖ് - ഇൻ ഹരിഹർ നഗർ
അശോകൻ, സിദ്ദീഖ് - ഇൻ ഹരിഹർ നഗർ

ഗൂഢാലോചന നടത്തി കഥകൾ മെനഞ്ഞുനടത്തുന്ന വളരെ സംഘടിതമായ പരിശ്രമമായി അത് മാറുന്നു. ജീവിതത്തിൽ മറ്റൊരു ലക്ഷ്യവുമില്ലാത്ത, കുടുംബത്തോടോ സമൂഹത്തോടോ സ്വന്തം സ്വത്വത്തോടൊ നീതി പുലർത്തുന്ന യാതൊരുവിധ പ്രവൃത്തിയിലും വ്യാപൃതരാവാത്ത നാല് ചെറുപ്പക്കാർ. ഈ പെൺകുട്ടിയെ കീഴ്പ്പെടുത്തുവാൻ വേണ്ടി അഹോരാത്രം അവർ പണിയെടുക്കുന്നു.

ആദ്യം അവളുടെ വീട്ടിലേക്കും സ്വകാര്യതയിലേക്കും ബൈനോക്കുലർ ഉപയോഗിച്ച് അതിക്രമിച്ചു കടക്കുന്നു. ശേഷം അവളുടെ കുളിമുറിയിലേക്ക് എത്തിനോക്കുന്നു. അപകടസാധ്യതകൾ അവഗണിച്ചുകൊണ്ട് രാത്രി പതുങ്ങിവന്ന് അയലത്തെ പെൺകുട്ടിയുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ.

ഒരു സ്കൂൾ കുട്ടിയായ എനിക്ക് ആ രംഗത്തിലെ മ്യൂസിക്ക് അത്ര രസകരമായി തോന്നാത്തതും വല്ലാത്ത അസ്വസ്ഥത ജനിപ്പിച്ചതും എന്നിലെ അരസികത്വമാണെന്ന് അന്ന് ഞാൻ പഴിച്ചു. കാരണം കേരളം ഒന്നടങ്കം ചിരിക്കുകയാണല്ലോ! ആ രംഗത്തിനൊടുവിൽ പെൺകുട്ടിയുടെ നഗ്നത അവർക്ക് കാണാൻ സാധിക്കുന്നില്ല എന്നത് സംവിധായകൻ തന്ത്രപൂർവ്വം നടത്തിയൊരു ഒഴിവാക്കലാണ്.

അവൾ ഷവർ തുറന്ന് വിടുമ്പോൾ, അവർ വെപ്രാളം പിടിക്കുകയാണ്, പരാക്രമങ്ങൾ അതിരു വിടുകയാണ്, കാരണം കുളി കഴിയും മുൻപ് ഈ രംഗം ഏതു വിധേനയും ആസ്വദിക്കണം. ഇപ്പോൾ ആ ഇടങ്ങളിലേക്ക് മൊബൈൽ ക്യാമറ കൂടി കടന്നുവന്നു എന്നത് മാത്രമാണ് പുതുകാലം കാഴ്ചവയ്ക്കുന്ന ഏക പുരോഗതി.

ഈ രംഗങ്ങളിലെല്ലാം കാണികളെ കുടുകുടെ ചിരിപ്പിക്കുന്ന കോമഡി പശ്ചാത്തല സംഗീതമാണ് എന്നത് അതിലേറെ വിചിത്രം. ഒരു സ്കൂൾ കുട്ടിയായ എനിക്ക് ആ രംഗത്തിൽ ഈ മ്യൂസിക്ക് അത്ര രസകരമായി തോന്നാത്തതും വല്ലാത്ത അസ്വസ്ഥത ജനിപ്പിച്ചതും എന്നിലെ അരസികത്വമാണെന്ന് അന്ന് ഞാൻ പഴിച്ചു. കാരണം കേരളം ഒന്നടങ്കം ചിരിക്കുകയാണല്ലോ. ആ രംഗത്തിനൊടുവിൽ പെൺകുട്ടിയുടെ നഗ്നത അവർക്ക് കാണാൻ സാധിക്കുന്നില്ല എന്നത് സംവിധായകൻ തന്ത്രപൂർവ്വം നടത്തിയൊരു ഒഴിവാക്കലാണ്. കാരണം അത് കണ്ടുകഴിഞ്ഞാൽ അവർ ആഭാസന്മാരായ നായകന്മാർ ആയിപ്പോകും, എന്നാൽ അത് കാണാൻ തന്നെയാണ് അവർ ഇത്രയും പ്രയത്നിച്ചതെന്ന വസ്തുത നാം സൗകര്യപൂർവ്വം മറക്കുന്നു.

റോഡിൽ അവൾ ടൂ വീലർ ഓടിച്ച് പോകുമ്പോൾ പിന്നാലെ പിന്തുടരുന്ന ആരാധകന്മാരായ നാല് പേരെ സ്ക്രീനിൽ കാണുമ്പോൾ പത്രങ്ങളിൽ വന്ന വാർത്തകളായിരുന്നു മനസ്സിൽ. പൂവാലന്മാരുടെ ശല്യം കാരണം സംഭവിച്ച പെൺകുട്ടികളുടെ റോഡ് ആക്സിഡന്റുകൾ പത്രങ്ങളിൽ വന്നത് ഓർമ്മയിൽ മിന്നിമറഞ്ഞു. അപ്പോൾ ഇങ്ങനെയാണ് ആ സംഭവങ്ങൾ ഉണ്ടായത് എന്നുള്ളത് പഠിക്കുവാൻ എനിക്ക് കിട്ടിയ അവസരം കൂടിയായിരുന്നു ഈ രംഗങ്ങൾ. ഇതൊക്കെ ‘ഈവ് ടീസിംഗ്’ ആണല്ലോ എന്ന ആശയക്കുഴപ്പം എന്നിൽ തോന്നുമ്പോഴും, ഇതൊന്നും അത്ര വലിയ പ്രശ്നമല്ല, ഇതൊക്കെ സ്വാഭാവികം എന്ന പാഠമാണ് സിനിമ പകർന്നുനല്കിയത്.

‘അവൾ ഈ നാട്ടിൽ കാലുകുത്തിയത് മുതൽ അവൾ നമ്മുടേതായി, ഇനി അവളെ വിവാഹം കഴിക്കുന്നതും നമ്മൾ തന്നെയായിരിക്കും.’ ഇത്തരത്തിൽ സ്വന്തം ഇഷ്ടങ്ങൾ തീരുമാനങ്ങൾ ആക്കി മാറ്റുന്ന കുലപതി ഡയലോഗുകൾ ആദ്യമായൊന്നുമല്ല സിനിമയിൽ കേൾക്കുന്നത് എന്നതുകൊണ്ട് ആരുമത് കാര്യമാക്കിയില്ല.

പെൺകുട്ടിയ്ക്കൊപ്പം താമസിക്കുന്ന അമ്മൂമ്മ വളരെ നേരത്തെ തന്നെ അപകടം മണക്കുകയും ഈ സ്ഥലം ശരിയല്ല നമുക്ക് നാട്ടിലേക്ക് പോകാമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് കാരണം ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ പൂവാലന്മാരുടെ ആക്രമണം തന്നെയാണ്.

എന്നാൽ പെൺകുട്ടി തന്റെ ഉദ്യമത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും നാട് വിട്ടു പോകാൻ വിസ്സമ്മതിക്കുകയും ചെയ്യുന്നു. പൂവാലന്മാരുടെ നീക്കങ്ങൾ കണ്ണിൽപെടാത്ത വണ്ണം അവളുടെ മനസ്സ് മറ്റൊന്നിൽ വ്യാപൃതമാണ്. തന്റെ സഹോദരന്റെ അസ്വാഭാവിക മരണകാരണം അന്വേഷിച്ചിറങ്ങിയ അവൾ മാനസികമായി ഏറെ തകർന്ന അവസ്ഥയിലുമാണ്.

അവൾ എന്തിനു വന്നവളെന്നോ, എവിടുന്ന് വന്നവളെന്നോ, ആരാണെന്നോ എന്നുള്ളത് ഇവർ നാല് പേരുടെയും വിഷയമല്ല. മഹാദേവന്റെ ഒരു ഡയലോഗ് തന്നെ അതിനുദാഹരണം - ‘അവൾ ഈ നാട്ടിൽ കാലുകുത്തിയത് മുതൽ അവൾ നമ്മുടേതായി, ഇനി അവളെ വിവാഹം കഴിക്കുന്നതും നമ്മൾ തന്നെയായിരിക്കും.’ ഇത്തരത്തിൽ സ്വന്തം ഇഷ്ടങ്ങൾ തീരുമാനങ്ങൾ ആക്കി മാറ്റുന്ന കുലപതി ഡയലോഗുകൾ ആദ്യമായൊന്നുമല്ല സിനിമയിൽ കേൾക്കുന്നത് എന്നതുകൊണ്ട് ആരുമത് കാര്യമാക്കിയില്ല.

സ്ത്രീ സുരക്ഷയുടെയും, അമ്മപെങ്ങന്മാരുടെ സംരക്ഷണത്തിൻെറയും വക്താക്കളായാണ് ഈ കഥാപാത്രങ്ങളെ സംവിധായകൻ തന്ത്രപൂർവ്വം അവതരിപ്പിക്കുന്നത്. തുടർന്ന് കാണാൻ പോകുന്ന ചൂഷണങ്ങൾക്കെല്ലാം ഒരു മറുമരുന്നായി ആദ്യം തന്നെ അതവിടെ വയ്ക്കുന്നു എന്നുവേണം മനസിലാക്കാൻ.

അവൾ പോകുന്ന ഇടങ്ങളിലെല്ലാം അവളറിയാതെ പിന്തുടരുകയും അവൾ മാതാപിതാക്കൾക്ക് അയക്കുന്ന കത്ത് പോസ്റ്റുമാൻ വരുന്ന സമയം നോക്കി കാത്തുനിന്ന് അയാൾക്ക് കൈക്കൂലി കൊടുത്തത് തപാൽപ്പെട്ടിയിൽ നിന്ന് മോഷ്ടിച്ച് വായിക്കുകയും ചെയ്യുന്നത് നമുക്ക് തമാശയായിരുന്നു. എന്തെന്നാൽ ഈ ചെറുപ്പക്കാരൻമാർ തമാശക്കാരാണെന്നും അവരിങ്ങനെ പല കുസൃതികളും കാട്ടുമെന്നും സിനിമ ഇതിനോടകം നമ്മളെ വിശ്വസിപ്പിച്ചു കഴിഞ്ഞു.

സിനിമ തുടങ്ങുന്നത് തന്നെ ഒരു കാറിൽ കേൾക്കുന്ന സ്ത്രീയുടെ നിലവിളിക്ക് പിന്നാലെ രക്ഷകരായി പായുന്ന ഈ നാല് ചെറുപ്പക്കാരെ കാണിച്ച് കൊണ്ടാണ്. അതൊരു ഗർഭിണിയായ സ്ത്രീ ആണെന്നത് മനസ്സിലാക്കാതെ അവർ അവരെ രക്ഷിക്കുവാൻ തുനിഞ്ഞിറങ്ങുന്നു.

അത്തരത്തിൽ സ്ത്രീസുരക്ഷയുടെയും, അമ്മപെങ്ങന്മാരുടെ സംരക്ഷണത്തിൻെറയും വക്താക്കളായാണ് ഈ കഥാപാത്രങ്ങളെ സംവിധായകൻ തന്ത്രപൂർവ്വം അവതരിപ്പിക്കുന്നത്. തുടർന്ന് കാണാൻ പോകുന്ന ചൂഷണങ്ങൾക്കെല്ലാം ഒരു മറുമരുന്നായി ആദ്യം തന്നെ അതവിടെ വയ്ക്കുന്നു എന്നുവേണം മനസിലാക്കാൻ.

സിനിമയിലെ മറ്റു സ്ത്രീകഥാപാത്രങ്ങളിൽ ഒന്ന് ഇടയ്ക്കിടെ മുഖം കാണിച്ചു പോകുന്ന മഹാദേവന്റെ അമ്മയാണ്, അവർ ഒരു ഗൾഫുകാരന്റെ ഭാര്യയാണ്. മകന്റെയും കൂട്ടുകാരുടെയും ശല്യവും പരാക്രമങ്ങളും സഹിക്കവയ്യാതെ അവർ പലവട്ടം മുകളിലേക്ക് കയറിവന്ന് അവരെ തന്റെ കൈവശമുള്ള ശകാരമെന്ന ഏക ആയുധത്താൽ പ്രഹരിക്കുന്നുണ്ട്.

കുളിമുറിയിൽ ഉളിഞ്ഞുനോക്കുന്നത് സ്വാഭാവികമാണെന്നും അത് കേവലം പുരുഷന്റെ ‘Naughtiness’ മാത്രമാണെന്നും പഠിപ്പിക്കുന്ന പിഴകൾ സംഭവിക്കാൻ പാടുള്ളതല്ല.

അപ്പോൾ അപ്പുക്കുട്ടൻ പറയുന്നത്, എല്ലാവരും യുദ്ധം കാരണം കുവൈറ്റിൽ നിന്ന് വന്നപ്പോഴും മഹാദേവന്റെ അച്ഛൻ മാത്രം അവിടെ തങ്ങിയത് ഈ ഭാര്യയെ സഹിക്കാൻ വയ്യാത്തോണ്ടാണെന്നാണ്. വളരെ ക്രൂരമായ അത്തരം തമാശകൾ നമുക്ക് ആസ്വദിക്കാൻ സാധിക്കുന്നു എന്നത് വിചിത്രം! പാർവതി തിരുവോത്ത് പറയുന്ന പൊളിറ്റിക്കൽ കറക്റ്റനസ്സ് കലയിൽ പ്രയോഗിക്കുക ക്രിയാത്മകമല്ല എന്ന് നാം വാദിക്കുമ്പോഴും അത്യന്തം ഹീനമായ ചില ദുഷിപ്പുകൾ ഒഴിവാക്കാവുന്നതാണ്. കുളിമുറിയിൽ ഉളിഞ്ഞു നോക്കുന്നത് സ്വാഭാവികമാണെന്നും അത് കേവലം പുരുഷന്റെ ‘Naughtiness’ മാത്രമാണെന്നും പഠിപ്പിക്കുന്ന പിഴകൾ സംഭവിക്കാൻ പാടുള്ളതല്ല.

പെൺകുട്ടിയെ ഏതു വിധേനയും നേടുക എന്ന മത്സരബുദ്ധിയോടെ എന്തും ചെയ്യാൻ തുനിഞ്ഞിറങ്ങിയ അവർ ഒടുവിൽ അവളുടെ മരണപ്പെട്ട സഹോദരന്റെ പഴയ കാല സുഹൃത്തുക്കളായി അഭിനയിക്കുന്നു. ഓരോ തന്ത്രങ്ങൾ ഫലിക്കുമ്പൊഴും മഹാദേവൻ പറയുന്നുണ്ട് ‘ഒത്തെടാ, ഒത്ത്’ എന്ന്. ഇത്തരത്തിൽ പലവിധ കുതന്ത്രങ്ങളിലൂടെ ഒപ്പിക്കേണ്ട ഒന്നാണ് പെണ്ണ് എന്നതിൽ പ്രേക്ഷകർക്ക് ആർക്കും സംശയം തോന്നിയതായി അന്ന് എവിടെയും കേൾക്കുകയുണ്ടായില്ല.

അവളുടെ ചേട്ടന്റെ ഫോട്ടോ തങ്ങളുടെ വീട്ടിൽ മാലയിട്ട് വച്ചിരിക്കുന്നത് കാണിച്ച് ആ പെൺകുട്ടിയെ വഴിതെറ്റിക്കാൻ ശ്രമിക്കുമ്പോഴും ആരും പറഞ്ഞില്ല ‘വല്ലാത്ത ഒപ്പിക്കൽ ആയിപ്പോയി മഹാദേവാ’ എന്ന്. ഈ വിധം ഒരു പെൺകുട്ടിയെ ഗൂഡാലോചന നടത്തി ട്രാപ്പ് ചെയ്യുന്നതിന് പിന്നിൽ ആ നാല് ചെറുപ്പക്കാരുടെ ക്രിമിനൽ മാനസികാവസ്ഥ തന്നെയാവില്ലേ പ്രവർത്തിച്ചിട്ടുണ്ടാവുക?

കള്ളക്കഥ പറഞ്ഞ് വിദഗ്ദമായി വഞ്ചിക്കുന്ന പല പല ആസൂത്രിത കുറ്റകൃത്യങ്ങളും ദിവസേന വാർത്തകളിൽ കണ്ടുകൊണ്ടിരുന്ന മലയാളിക്ക് മഹാദേവന്റെയും തോമസുകുട്ടിയുടെയും അപ്പുക്കുട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും ‘ട്രാപ്പ്’ അതിലൊന്നായി തോന്നിയില്ല.

ബോക്സിംഗ് അറിഞ്ഞുകൂടാത്ത അവർ അവളെ വിശ്വസിപ്പിക്കാൻ വേണ്ടി സഹോദരൻ പോകുന്ന ക്ലബ്ബിൽ ചെന്ന് ഇടികൂടി ഷോ ഓഫ് ചെയ്യുകയാണ്. ചതിയിലൂടെ അവളെയും അപ്പൂപ്പനെയും അമ്മൂമ്മയേയും അവിടെ വരുത്തി അവരും അവളുടെ സഹോദരനെപ്പോലെ ബോക്സിംഗിൽ തല്പരർ ആണെന്നും അയാളുടെ അടുത്ത സുഹൃത്തുക്കൾ ആണ് തങ്ങളെന്നും ബോധ്യപ്പെടുത്താൻ നടത്തുന്ന ശ്രമം വഞ്ചനയിലൂടെ കെണി വിരിച്ചത് തന്നെയല്ലേ? പക്ഷെ ഒക്കെ നമുക്ക് തമാശയാണ്.

കള്ളക്കഥ പറഞ്ഞ് വിദഗ്ദമായി വഞ്ചിക്കുന്ന പലപല ആസൂത്രിത കുറ്റകൃത്യങ്ങളും ദിവസേന വാർത്തകളിൽ കണ്ടുകൊണ്ടിരുന്ന മലയാളിക്ക് മഹാദേവന്റെയും തോമസുകുട്ടിയുടെയും അപ്പുക്കുട്ടന്റെയും ഗോവിന്ദൻകുട്ടിയുടെയും ‘ട്രാപ്പ്’ അതിലൊന്നായി തോന്നിയില്ല. അവൾ അവരുടെ ചതിക്കുഴിയിൽ വീണ് എല്ലാം വിശ്വസിച്ചെന്നുറപ്പായപ്പോൾ ഉടൻ അടുത്ത രംഗം പാട്ടാണ്. ഏകാന്ത ചന്ദ്രികേ…. നീ കുളിരിനാണോ കൂട്ടിനാണോ തേടുന്നതെന്ന് ചോദിച്ച് അവർ അവൾക്ക് ചുറ്റും ആടിക്കളിക്കുന്നു. എത്ര മനോഹരമായ സൗഹൃദം എന്നോർത്ത് നാം തരളിതരാകുന്നു.

തുടക്കത്തിലുണ്ടായ രംഗത്തിലെ സ്ത്രീസുരക്ഷാ വക്താക്കളായി അവർ ഒടുവിൽ പരിണമിക്കുന്നു. അവളുടെ സഹോദരന്റെ മരണകാരണം അന്വേഷിക്കുന്നതിൽ അവരും പങ്കാളികളാകുന്നു. അതോടെ, എല്ലാം ന്യായീകരിക്കപ്പെടുന്നു. കുളിമുറിയിൽ എത്തിനോക്കുന്നതും, ബൈനോക്കുലറിൽ കിടപ്പറ നിരീക്ഷിക്കുന്നതും, വഴി പിന്തുടരുന്നതും, കമന്റടിക്കുന്നതും, അശ്ളീല തമാശകൾ പറയുന്നതും, അനുവാദമില്ലാതെ സ്പർശിക്കുന്നതും ഒരു സ്ത്രീയും ആസ്വദിക്കുന്നില്ലെന്ന് നന്നായി അറിയാമെങ്കിലും അവരത് ചെയ്യുന്നു.

കാരണം അവളത് ആസ്വദിക്കുന്നില്ല, അവനത് ആസ്വദിക്കുന്നു എന്ന ‘വൺ സൈഡഡ് പ്ലെഷർ’ അതിൽ നിലനിൽക്കുന്നത് കൊണ്ടുതന്നെ. അതിലൂടെ ലഭിക്കുന്ന കീഴ്പ്പെടുത്തൽ സുഖത്തിൽ ആറാടുന്നു. സ്കൂൾ കുട്ടിയായിരുന്ന അവസ്ഥയിൽ തോന്നിയിരുന്ന അതേ വെറുപ്പ് തന്നെ ഇപ്പോഴും ഇൻ ഹരിഹർ നഗറിനോട് തോന്നുന്നത് അരസികത്വം കാരണമല്ല, മറിച്ച് മഹാദേവൻ വിട്ടോളാൻ പറയുമ്പോൾ വിട്ടോടാത്ത തോമസുകുട്ടിയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്.


Summary: Malayalam author Sonia Rafeeq explains how Siddique Lal's Malayalam comedy movie In Harihar Nagar becomes a traumatic experience for women.


സോണിയ റഫീക്ക്

കഥാകൃത്ത്, നോവലിസ്റ്റ്​, വിവർത്തക. ഇസ്​തിരി, പെൺകുരിശ്, ഭഗത് ഭാസിൽ (കഥാ സമാഹാരങ്ങൾ), ഹെർബേറിയം (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ. വെർജീനിയ വുൾഫിന്റെ ആത്മകഥാപാരമായ കുറിപ്പുകൾ സമാഹരിച്ച് പരിഭാഷപ്പെടുത്തിയ അപൂർണ വിഷാദങ്ങൾ എന്ന പുസ്തകവും​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. യു.എ .ഇ യിൽ താമസിക്കുന്നു.

Comments