ഈ യാത്രയിൽ ഞാൻ തനിച്ചാണ്

മരണം, മരണാനന്തര ജീവിതം, മരണഭീതി തുടങ്ങിയ ആശയങ്ങൾ പ്രമേയമോ പ്രമേയ പരിസരമോ ആവുന്ന സിനിമകളുടെ കാഴ്ചാനുഭവത്തിലൂടെ കടന്നുപോവുകയാണ് ശ്രീഹരി ശ്രീധരൻ. ഈ മാ യൗ , ദ ഫൗണ്ടൻ, കൊകോ, വോൾവർ, ഡിപാർച്ചേഴ്സ്, ശയനം, ശവം, കോൺസ്റ്റാൻറൈൻ തുടങ്ങിയ സിനിമകളാണ് മരണാനുഭവത്തിൻറെ അനുഭവിപ്പിക്കലിനായി തെരഞ്ഞെടുത്തിരിക്കുന്നത്

""The heart of Osiris has in very truth been weighed, and his Heart-soul has borne testimony on his behalf; his heart has been found right by the trial in the Great Balance.''

The Speech Of Thoth, Egyptian Book of the Dead.

നുഷ്യരല്ലാതെ മരിച്ച് പോയവരെ സംസ്‌കരിക്കുന്ന പ്രതിഭാസം ചില ഷഡ്പദങ്ങളിലും മറ്റും മാത്രമാണ് കണ്ടുവരുന്നത്. ഉറുമ്പുകൾ , തേനീച്ചകൾ, കടന്നലുകൾ മുതലായവ തങ്ങളുടെ കൂടുകളിൽ നിന്നും മരിച്ച് പോയവരെ മാറ്റി ദൂരെ സംസ്‌കരിക്കുന്നു. നിയാണ്ടർതാൽ മനുഷ്യർ മരിച്ചവരെ അടക്കം ചെയ്തിരുന്നുവോ എന്ന കാര്യത്തിൽ ശാസ്ത്രലോകം ഇരുതട്ടിലാണ്. നേരത്തെ നിയാണ്ടർതാൽ അസ്ഥികൂടങ്ങൾ കണ്ടെടുത്ത കുഴിമാടങ്ങളിൽ നിന്നും പൂമ്പൊടിയുടെ അംശങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെടുത്തത് വളരെക്കാലമായി ചർച്ചാവിഷയമായിരുന്നു. ഈയടുത്ത് ഇറാഖിൽ നിന്നും കണ്ടെടുത്ത നിയാണ്ടർത്താൽ അസ്ഥികളോടൊപ്പം പൂക്കളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത് നിയാണ്ടർത്താൽ മനുഷ്യർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യോപചാരങ്ങൾ അർപ്പിച്ചിരുന്നു എന്ന ചിന്തയെ ബലപ്പെടുത്തുകയാണ്.

ഉറൂമ്പുകളും തേനീച്ചകളും മറ്റും മനുഷ്യരെപ്പോലെ സാമൂഹ്യജീവിതം നയിക്കുന്ന ജീവികൾ ആണ്. അതിനാൽ തന്നെ അവയ്ക്കിടയിൽ ശവസംസ്‌കാരത്തിന്റെ ചില രൂപങ്ങൾ നിലനിൽക്കുന്നു എന്നതിൽ അത്ഭുതമില്ല.

ഉറുമ്പുകൾക്കിടയിൽ അന്ത്യകർമനിർവാഹകർ (undertaker) പ്രത്യേകമായി തന്നെ നിലനിൽക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പി.എഫ് മാത്യൂസ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2018 ഇൽ പുറത്ത് വന്ന ഈ. മ. യൗ. എന്ന ചിത്രത്തിന്റെ ആദ്യഷോട്ട് ഒരു ശവഘോഷയാത്രാസംഘത്തിന്റെയാണ്. നിരയായി നടന്ന് പോകുന്ന പുരോഹിതരും ബാൻഡ് മേളക്കാരും പതാകവാഹകരും ഒക്കെയടങ്ങിയ ആ സംഘം ഒരു ഉറുമ്പിൻ ചാലിനെ ഓർമിപ്പിക്കുന്നു.

ഈ. മ. യൗ.  സിനിമയിൽ നിന്നുള്ള ഫ്രെയിം
ഈ. മ. യൗ. സിനിമയിൽ നിന്നുള്ള ഫ്രെയിം

മനുഷ്യസാംസ്‌കാരികതയുടെ ആരംഭം മരണം എന്ന യാഥാർഥ്യത്തോടുള്ള പൊരുത്തപ്പെടലുമായി ബന്ധപ്പെട്ട് ആയിരിക്കാം എന്ന് ചിന്തകളുണ്ട്. ചരിത്രവും പുരാവസ്തുഗവേഷണവും എല്ലാം ഇതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. മതവിശ്വാസങ്ങളുടെ ആരംഭത്തിനും പൊരുളായത് എന്നെങ്കിലും മരണപ്പെട്ടേക്കുമെന്നും മരണത്തിന് ശേഷം എന്ത് സംഭവിക്കുമെന്നുമുള്ള മനുഷ്യന്റെ ആകുലതകൾ ആവാം. ഇംഗ്ലണ്ടിലെ ചരിത്രാതീതകാലസ്മാരകമാണ് വിൽറ്റ്ഷിർ കൗണ്ടിയിൽ കണ്ടെടുത്ത സ്റ്റോൺഹെൻജ്. അയ്യായിരത്തോളം വർഷം പഴക്കമുള്ള സ്റ്റോൺഹെൻജ് അന്നത്തെ മനുഷ്യർ ശവസംസ്‌കാരത്തിനും അന്ത്യോപചാരത്തിനുമായി ഉപയോഗിച്ചിരുന്ന പ്രദേശമായിരിക്കാൻ പുരാവസ്തുഗവേഷകർ സാധ്യത കല്പിക്കുന്നു. ധാരാളം മനുഷ്യാസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവിടം ഏതോ തരത്തിലുള്ള ആഘോഷങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും നിരീക്ഷിക്കപ്പെടുന്നു. മതത്തിന്റെ പ്രാഗ് രൂപങ്ങളിൽ ഒന്നാവാം ഉത്സവവും അന്ത്യോപചരാങ്ങളും നിലനിന്നിരുന്ന ഇവിടം.

സ്റ്റോൺഹെൻജ്
സ്റ്റോൺഹെൻജ്

പുരാതന ഈജിപ്ഷ്യൻ സാംസ്‌കാരികതയുടെ അടിസ്ഥാനശിലയായി നിലനിന്നിരുന്നത് മരണാനന്തരജീവിതയുമായി ബന്ധപ്പെട്ട മിത്തുകളാണ്. ഫറവോ മുതൽ അടിമകൾ വരെയുള്ളവർ ജീവിതകാലം വിനിയോഗിച്ചത് മരണാനന്തരം കൂടെ കൊണ്ട് പോകാൻ ഉള്ള വിശേഷവസ്തുക്കൾ സ്വരുക്കൂട്ടുന്നതിനായാണ്. മരണാനന്തരജീവിതത്തിലേക്ക് പ്രവേശിക്കാനായി ദൈവങ്ങളുടെ മുൻപിൽ മരിച്ചയാൾക്ക് വിവിധ പരീക്ഷണങ്ങൾ നേരിടേണ്ടതുണ്ട്. സമ്പത്ത് അതിൽ വലിയൊരു ഘടകമായി. മരിച്ചവരുടെ പുസ്തകം ഈജിപ്തിലെ വിശേഷപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നായിരുന്നു. പല നൂറ്റാണ്ടുകളിലായി പരന്നു കിടന്ന ഈജിപ്ഷ്യൻ സാംസ്‌കാരികത പിരമിഡുകളുടെയും മറ്റും രൂപത്തിൽ അവശേഷിപ്പിച്ച് വെച്ചത് മരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെ കണക്കിൽക്കൊള്ളാത്ത അത്രയും ഫോസിലുകൾ ആയിരുന്നു.

മനുഷ്യർ നശ്വരർ ആയിരുന്നില്ലെങ്കിൽ ചരിത്രവും മറ്റൊന്നായേനെ. നശ്വരത അനശ്വരതയെക്കുറിച്ചുള്ള ആഗ്രഹങ്ങളും സൃഷ്ടിക്കുന്നു. അതുപോലെ പ്രിയപ്പെട്ട ഒരാൾ പെട്ടെന്നില്ലാതെ ആകുന്നത് സൃഷ്ടിക്കുന്ന ശൂന്യത ചിന്തകളെ ആഴത്തിലേക്ക് വേരോടിക്കുന്നു. ആദിമ ചരിത്രം മുതൽ മരണം അത്രയധികം മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമാകുന്നത് ഇതുകൊണ്ടാവാം. യുക്തിയ്ക്ക് ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യങ്ങൾക്ക് ആദ്യകാലത്ത് വിശ്വാസ്യയോഗ്യമെന്ന് തോന്നുന്ന ഉത്തരങ്ങൾ നൽകിയിരുന്നത് വിശ്വാസങ്ങൾ ആയിരുന്നു. നമുക്ക് പ്രിയപ്പെട്ട ആൾ പെട്ടെന്ന് ഇല്ലാതെയാവുമ്പോൾ അയാൾക്ക് വിശേഷപ്പെട്ട ഒരു യാത്രയയപ്പെങ്കിലും നൽകേണ്ടത് മനുഷ്യർക്ക് ആവശ്യമായി തോന്നിയിരിക്കണം. ഈ. മ. യൗ. സിനിമയിലെ ഏറ്റവും ശക്തമായ രംഗങ്ങളിൽ ഒന്നാണ് പോലീസ് സ്റ്റേഷനിൽ അയ്യപ്പൻ നടത്തുന്ന സംഭാഷണം.

വാവച്ചൻ മേസ്തിരിയുടെ ശവസംസ്‌കാരം ആകെ കുഴഞ്ഞു പോയിരിക്കുന്ന അവസരത്തിലാണ് അയ്യപ്പൻ സഹായത്തിനായി പോലീസ് സ്റ്റേഷനിൽ എത്തുന്നത്. എന്നാൽ അയാൾക്ക് പറയാൻ ഉള്ളത് എന്താണെന്ന് കേൾക്കാതെ അയ്യപ്പനെ ഒരു പോലീസുദ്യോഗസ്ഥന്റെ യാത്രയയപ്പ് പരിപാടിയിൽ പ്രസംഗിക്കാനായി സി.ഐ നിർബന്ധിക്കുന്നു. അയ്യപ്പന്റെ വാക്കുകൾ : ""എല്ലാവരും ഒരൂസം പിരിഞ്ഞ് പോവും. അപ്പ ബാക്കീള്ള നമ്മളെല്ലാവരും കൂടി അവർക്കൊരു നല്ലൊരു യാത്രയപ്പ് കൊടുക്കണല്ലോ. അങ്ങനെ ഒക്കെ അല്ലേ? അല്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്തിനാണ് മനുഷ്യൻ എന്നൊക്കെ പറഞ്ഞ് ജീവിക്കണത്? എനിക്കൊന്നും പറയാൻ പറ്റണില്ല സാറെ.''

മരണം ഒരു യാത്രയുടെ ആരംഭമാണെന്ന വിശ്വാസം പല സംസ്‌കാരങ്ങളിലും പണ്ടു മുതലേ നിലനിൽക്കുന്നതാണ്. യാത്രയയപ്പ് ഗംഭീരമായില്ലെങ്കിൽ യാത്രയും മോശമാകും എന്ന് ഈ വിശ്വാസങ്ങൾ കൂട്ടിച്ചേർക്കുന്നു.

ഈ. മ. യൗ.  സിനിമയിൽ നിന്ന്
ഈ. മ. യൗ. സിനിമയിൽ നിന്ന്

മെസപ്പൊട്ടേമിയയിൽ സംസ്‌കാരത്തിന്റെ ഭാഗമായി ശവശരീരത്തോടൊപ്പം ഭക്ഷണവും പണിയായുധങ്ങളും അടക്കം ചെയ്തിരുന്നു. പുരാതന ഈജിപ്തിലെ ശവസംസ്‌കാരപരിപാടികൾ വളരെ വിപുലമായിരുന്നു. കേരളത്തിൽ കണ്ടെടുക്കുന്ന നന്നങ്ങാടികളും പല കഥകളും പറയുന്നു. പൗരസ്ത്യവിശ്വാസങ്ങൾ പ്രകാരം ആത്മാവ് മാസങ്ങളോളം സഞ്ചരിക്കേണ്ടതുണ്ട് പരലോകത്ത് എത്തിച്ചേരാൻ.

ഈജിപ്ഷ്യൻ വിശ്വാസപ്രകാരം മരിച്ചു പോയവരുടെ ആത്മാക്കൾ വിവിധ ഘട്ടങ്ങൾ തരണം ചെയ്താണ് മരിച്ചവരുടെ ലോകത്തിൽ എത്തിച്ചേരേണ്ടത്. നൂറ്റാണ്ടുകൾ നിലനിന്ന ഈജിപ്ഷ്യൻ സാംസ്‌കാരികതയുടെ പരിണാമങ്ങൾക്കൊപ്പം ആ വിശ്വാസങ്ങളിലും മാറ്റങ്ങളുണ്ടായി. ശ്രേണീബദ്ധമായി സാമൂഹ്യഘടന രൂപപ്പെട്ടതോടെ മരണാനന്തരയാത്രയിലും പരലോകജീവിതത്തിലും ശ്രേണികൾ വന്നുചേർന്നു. മരിച്ചയാളുടെ സാമൂഹ്യനില അനുസരിച്ച് മരണാനന്തരയാത്രയിൽ ഏതൊക്കെ ഘട്ടമാണ് തരണം ചെയ്യേണ്ടത് എന്നായി. മരണാനന്തരലോകത്തേക്ക് വഞ്ചിയിലുള്ള യാത്ര ഫറവോയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ന്യായവിധിയെപ്പറ്റി വിശദമായ വിശ്വാസങ്ങൾ പുരാതന ഈജ്പ്ഷ്യൻ വിശ്വാസം വെച്ചുപുലർത്തുന്നു. ജീവിച്ചിരുന്ന നാളുകളിൽ ചെയ്ത നല്ല പ്രവർത്തികളും ചീത്ത പ്രവർത്തികളും ന്യായവിധി സമയം മരിച്ചയാളിന്റെ ഹൃദയം തൂവലുമായി തുലനം ചെയ്ത് തൂക്കിനോക്കുന്നതിലൂടെ അനാവൃതമാകുന്നു. മരണാനന്തരലോകത്തേക്കുള്ള പ്രവേശനം ഇപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്. തൂവലിനേക്കാൾ ഭാരം കുറഞ്ഞ ഹൃദയമുള്ളവനാണ് പരലോകത്തേക്ക് പ്രവേശനം സാധ്യമാകുന്നത്.

മരണാനന്തരം എന്ത് സംഭവിക്കുമെന്ന ആകുലത ജീവിതകാലത്തെയും അത് വഴി സാംസ്‌കാരനിർമാണത്തെയും ബാധിച്ചിട്ടുണ്ടാവണം. പതിനാലാം നൂറ്റാണ്ടിൽ ദാന്തെ എഴുതിയ "ഡിവൈൻ കോമഡി' ഈ വിഷയത്തിൽ പാശ്ചാത്യദർശനത്തെയും ക്രിസ്തുമതവിശ്വാസത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്.

Dante shown holding a copy of the Divine Comedy, next to the entrance to Hell, the seven terraces of Mount Purgatory and the city of Florence, with the spheres of Heaven above, in Michelino's fresco
Dante shown holding a copy of the Divine Comedy, next to the entrance to Hell, the seven terraces of Mount Purgatory and the city of Florence, with the spheres of Heaven above, in Michelino's fresco

ദാന്തെയുടെ ദീർഘകാവ്യത്തിന്റെ ആദ്യഭാഗമായ ഇൻഫേണോയിൽ നരകത്തിലേക്കുള്ള യാത്രയാണ് ചിത്രസമാനമായ വിശദാംശങ്ങളോടെ ഭാവനപ്പെടുത്തിയിരിക്കുന്നത്. അകന്ന് നിൽക്കണമെന്ന് വിശ്വാസം സമർത്ഥിക്കുന്ന കൊടിയ പാപങ്ങൾ ഓരോന്നിനും വ്യത്യസ്തമായ ശിക്ഷാപദ്ധതികൾ നരകത്തിലുണ്ടെന്നും അവ എത്രമാത്രം ഭയാനകമാണെന്നുമാണ് ദാന്തെയുടെ കൃതി വിശദമാക്കുന്നത്.

ദാന്തെ കൃതിയ്ക്ക് പേരിട്ടത് വിശുദ്ധഹാസ്യമെന്നാണ്. ഈ.മ.യൗ. അതിനുള്ളിൽ തന്നെ ധാരാളമായി കറുത്ത ഹാസ്യം പേറുന്ന സിനിമയാണ്. കൃസ്തീയമതവിശ്വാസപ്രകാരം എപ്പോഴുമോർക്കേണ്ട നാലു കാര്യങ്ങൾ ആണ് മരണം, ന്യായവിധി, നരകം, സ്വർഗരാജ്യം എന്നിവ. എന്നാൽ ഒരു മരണവീടിന്റെ പരിസരങ്ങളിൽ പോലും വിശ്വാസം കൊടിയ പാപങ്ങൾ എന്ന് നിഷ്‌കർഷിക്കുന്നവ അരങ്ങേറുന്നു. വാവച്ചൻ മേസ്തിരി ഏഴാം പ്രമാണം തെറ്റിച്ച് ജീവിച്ചിരുന്നു എന്നാണ് കഥയുടെ ആരംഭത്തിലേ സൂചിപ്പിക്കുന്നത്. അയാളെ നേർവഴിക്ക് കൊണ്ടുവരാൻ വീട്ടുകാർ നടത്തിയ ശ്രമം വാവച്ചന്റെ മരണത്തിന് കാരണമായോ എന്നൊരു അവ്യക്തതയാണ് സിനിമയുടെ പ്രമേയത്തെ പിന്നീട് മുന്നോട്ട് നടത്തുന്നത്.

മരണാനന്തരം സമൂഹം വാവച്ചൻ മേസ്തിരിയുടെ അന്ത്യയാത്രയ്ക്കായി തയ്യാറെടുക്കേണ്ട സമയത്തും വിനാശകാരിയായ പാപങ്ങളിൽ ഇതരകഥാപാത്രങ്ങൾ ഏർപ്പെടുന്നു. മിക്ക കഥാപാത്രങ്ങളും ഓരോ പാപങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.

1.മരണവീട്ടിലും മരിച്ചയാളിന്റെ മകളെ കാമാസക്തിയോടെ സ്പർശിക്കുന്ന നിസയുടെ കാമുകൻ ശിവനപ്പൻ ( മോഹം - Lust ),
2.മരണവീട്ടിലും ആഭരണമണിയാതെ നിൽക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടുന്ന സബേത്ത്, പണമില്ലെങ്കിലും വിലകൂടിയ ശവപ്പെട്ടി തന്നെ വാങ്ങണമെന്ന നിർബന്ധബുദ്ധി കാട്ടുന്ന ഈശി, അത്തരമൊരാഗ്രഹം ഈശിയിലേക്കെത്തിച്ച, ഒറ്റത്തടി കൊണ്ട് പള്ളിയിലൾത്താര പണിത വാവച്ചൻ മേസ്തിരി (നിഗളം - pride)
3.ഉത്തരവാദിത്വങ്ങൾ സമയത്ത് ചെയ്യാൻ വിമുഖത കാട്ടിയ ഗർവാസീസ് ഡോക്ടർ, സർക്കിൾ ഇൻസ്‌പെക്ടർ, കെ.എസ്.ഈബി ലൈന്മാൻ ( അലസത - Sloth)
4.വാവച്ചന്റെ മരണശേഷവും അയാളോടുള്ള പക മനസിൽ വെച്ച് കൊണ്ട് അയാളുടെ മരണാനന്തര ചടങ്ങിൽ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ചൗരോ, ഈശിയോടുള്ള പക കാരണം വാവച്ചന്റെ മരണത്തെപ്പറ്റി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന ലാസർ ( കോപം - Wrath , അസൂയ - Envy )
5.വാവച്ചന്റെ മരണം സൃഷ്ടിച്ച അവസരം മുതലെടുത്ത് ഈശിയെ ചൂഷണം ചെയ്യുന്ന പലിശക്കാരൻ കൂർമൻ ദേവസിയും നിലവാരമില്ലാത്ത പെട്ടി ഉയർന്ന വിലയ്ക്ക് കച്ചവടം ചെയ്യുന്ന ശവപ്പെട്ടിക്കടക്കാരനും ( അത്യാഗ്രഹം - Greed )

കൂടാതെ ദുരാലോചനയും ദുർവാശി കയറ്റലും കൈമുതലായുള്ള പുരോഹിതടക്കം എല്ലാ കഥാപാത്രങ്ങളും മരണത്തോട് പ്രതികരിക്കുന്നത് അവരവരുടേതായ പാപചിന്തകളോടെയാണ്. അതേസമയം ജനാധിപത്യത്തെയും സഹജീവി സ്‌നേഹത്തെയും യുക്തിയെയും പ്രതിനിധീകരിക്കുന്നത് വിനായകൻ അവതരിപ്പിക്കുന്ന അയ്യപ്പൻ എന്ന ജനപ്രതിനിധിയാണ്.

ബർഗ് മാന്റെ പ്രശസ്തചിത്രം സെവൻത് സീലിന് ട്രിബ്യൂട്ട് എന്ന വിധം ചീട്ടുകളിച്ചിരിക്കുന്ന രണ്ട് പേരെ ഈ.മ.യൗവിൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രീകരിച്ചിരിക്കുന്നു. യൂറോപ്പിനെ ഉലച്ച പ്ലേഗ് മരണങ്ങൾ ആയിരുന്നു സെവൻത് സീലിന്റെ പ്രമേയപശ്ചാത്തലം. ദാന്തെ ഡിവൈൻ കോമഡി എഴുതി പൂർത്തിയാക്കി ഏതാനും വർഷങ്ങൾക്കുള്ളിലാണ് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്ലേഗ് കറുത്ത മരണം വിതയ്ക്കുന്നത്. മരണത്തെ തോൽപ്പിക്കാനായി മരണവുമായി ചെസ്സ് കളിയ്ക്കുന്ന നായകകഥാപാത്രത്തെയാണ് ബർഗ്മാൻ അവതരിപ്പിക്കുന്നത്. എന്നാൽ മരണം അനിവാര്യമാണെന്ന് വരുന്നു. മരണവുമായി മത്സരിച്ച് ജയിക്കൽ സാധ്യമല്ല. മത്സരം അനാവശ്യമാണ്. മരണം നിയമങ്ങളെ അനുസരിക്കുന്നില്ല, ഏത് മാർഗമുപയോഗിച്ചും അത് മനുഷ്യന് മേൽ വിജയം കൈവരിച്ചിരിക്കും.

ഡാരൺ അറൊണോവ്‌സ്‌കി
ഡാരൺ അറൊണോവ്‌സ്‌കി

ഡാരൺ അറൊണോവ്‌സ്‌കി സംവിധാനം ചെയ്ത "ദ ഫൗണ്ടെയ്ൻ' എന്ന സിനിമയിലെ നായകകഥാപാത്രവും മരണത്തെ തോല്പിക്കാൻ ആഗ്രഹിക്കുന്നയാളാണ്. ഹ്യൂ ജാക്മാൻ അവതരിപ്പിക്കുന്ന ഡോക്ടർ തോമസ് ക്രിയോ ബ്രെയ്ൻ ട്യൂമറിനുള്ള ചികിൽസ കണ്ടുപിടിക്കുന്നതിൽ വാപൃതനായിരിക്കുന്നു. അയാളുടെ ഭാര്യ ഇസി (റേച്ചൽ വൈസ്) ബ്രെയിൻ ട്യൂമർ പിടിപെട്ട് മരണത്തിന്റെ വക്കിലാണ്. ഡോക്ടർ ക്രിയോ വിശ്വസിക്കുന്നത് മരണവും വാർദ്ധക്യവും പ്രതിവിധി കണ്ടുപിടിക്കാവുന്ന വെറുമൊരു രോഗം മാത്രമാണ് എന്നാണ്. ഭാര്യയുമായി വേർപിരിയാൻ അയാൾക്ക് താല്പര്യമില്ല. എന്നാൽ ഇസി മരണം എന്ന യാഥാർത്ഥ്യത്തോട് ഇതിനോടകം പൊരുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മരണത്തെ അവൾ ഭയക്കുന്നില്ല. എന്നാൽ ഇസി പറയുന്നതൊന്നും മനസിലാക്കാൻ ക്രിയോയ്ക്ക് സാധിക്കുന്നില്ല.

മായൻ സംസ്‌കാരം മരണത്തെ നോക്കിക്കാണുന്നതിനെപ്പറ്റി ഇസി നേടിയ അറിവ് അവൾ ക്രിയോയുമായി പങ്ക് വെയ്ക്കുന്നു. ഷിബാൽബ എന്ന് വിളിയ്ക്കുന്ന മരിച്ചു കൊണ്ടിരിക്കുന്ന ഒരു നക്ഷത്രവും അതിനെ ചുറ്റിപ്പറ്റിയുള്ള നെബുലാസമൂഹവുമാണ് മായൻ വിശ്വാസത്തിലെ പരലോകം. അവിടെയെത്തുന്ന ആത്മാക്കൾ പുനർജനിയ്ക്ക് വിധേയമാകുന്നു. മായൻ വിശ്വാസപ്രകാരം മരണം സൃഷ്ടിയ്ക്ക് വഴി വെയ്ക്കുന്ന ഒന്നാണ്. ആദ്യസൃഷ്ടിയെപ്പറ്റി ഇങ്ങനെ : ആദിപിതാവ് മരണപ്പെട്ടപ്പോൾ അയാളുടെ ശരീരം മരങ്ങൾക്ക് വേരുകൾ ആയി. അവ പരന്ന് ഭൂമിയായി പരിണാമപ്പെട്ടു. അയാളുടെ ആത്മാവ് ആകാശത്തേക്കുയർന്ന് ചില്ലകളായി. അവ ആകാശമായി. പിന്നെ ആദിപിതാവിന്റെ ശിരസ്സ് മാത്രം ബാക്കിയായി. അദ്ദേഹത്തിന്റെ മക്കൾ ആ ശിരസ്സ് സ്വർഗലോകത്ത് തൂക്കിയിട്ടു. അത് ഷിബാൽബ എന്ന പരലോകം(നെബുല) ആയി.

ദി ഫൗണ്ടയ്ൻ സിനിമയിൽ നിന്നും
ദി ഫൗണ്ടയ്ൻ സിനിമയിൽ നിന്നും

മറ്റൊരു സീനിൽ താൻ മായൻ സാംസ്‌കാരികാവശിഷ്ടങ്ങൾ സന്ദർശിക്കാൻ പോയപ്പോൾ തന്റെ ഗൈഡ് പറഞ്ഞ കഥയും ഇസി പങ്കുവെയ്ക്കുന്നു. ഗൈഡ് അയാളുടെ മരിച്ച് പോയ അച്ഛനെ ഓർത്ത് സങ്കടപ്പെടുന്നില്ല. അച്ഛൻ മരിച്ചയിടത്തിൽ ഒരു മരം നട്ടിരുന്നു. ആ മരം വളർന്നു. അത് അച്ഛനെയും ഉൾക്കൊള്ളുന്നു. മരം പൂവിട്ടപ്പോൾ അതിൽ അച്ഛന്റെ അംശവും ഉൾക്കൊള്ളുന്നു. പിന്നിട് മരം കായ്ച്ചപ്പോൾ അത് ഭക്ഷിച്ച ഒരു പക്ഷി പറന്ന് നീങ്ങി. അത് വഴി അച്ഛനും ഗഗനസഞ്ചാരിയായി.

താൻ മരിച്ചാൽ ഒരു തോട്ടത്തിൽ തന്റെ ശവസംസ്‌കാരം നടത്തണമെന്ന ആഗ്രഹം ഇസി ക്രിയോയുമായി പങ്ക് വെയ്ക്കുന്നു. അയാൾക്കത് സ്വീകാര്യമല്ല. സമീപഭാവിയിൽ ഇസ്സിയുടെയോ പിന്നീട് തന്റെ തന്നെയോ മരണം സംഭവിക്കും എന്ന യാഥാർഥ്യം അയാളുടെ മനസിന് അംഗീകരിക്കാൻ സാധിക്കുന്നില്ല.

സ്പാനിഷ് ഇൻക്വിസിഷൻ കാലം പശ്ചാത്തലമാക്കി ഇസി എഴുതുന്ന നോവലിന്റെ പൂർത്തിയാവാത്ത കയ്യെഴുത്തുപ്രതി ഇസി ക്രിയോക്ക് സമ്മാനിക്കുന്നു.

ഈ കഥയിലെ അനശ്വരത കാംക്ഷിക്കുന്ന സ്പാനിഷ് രാജ്ഞിയ്ക്ക് ഇസിയുടെ ഛായ ആണ്. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഭാഗമായി സൗത്ത് അമേരിക്കയിൽ കണ്ടെത്തിയ മായൻ സംസ്‌കാരത്തിലെവിടെയോ അനശ്വരത പ്രദാനം ചെയ്യുന്ന ജീവൽവൃക്ഷം ( Tree of Life) നിലനിൽക്കുന്നുവെന്ന് അവർ മനസിലാക്കുന്നു. അത് കണ്ടെത്താനായി തന്റെ വിശ്വസ്തനായ സൈനികനെ (അയാൾക്ക് ഡോക്ടർ തോമസ് ക്രിയോയുടെ ഛായയാണ്) അവർ പറഞ്ഞയക്കുന്നു. കണ്ടെത്തിയാൽ ഇരുവർക്കും കമിതാക്കൾ ആയി അനശ്വരരായി ജീവിക്കാം എന്നാണ് രാജ്ഞിയുടെ വാഗ്ദാനം. എന്നാൽ രാജ്ഞിയുടെ ജീവിതം അപകടത്തിലാണ്. സഭ സ്‌പെയ്‌നിൽ ഇൻക്വിസിഷൻ ശക്തമാക്കിയിരിക്കയാണ്. അനശ്വരത കാംക്ഷിക്കുന്നത് പാപമാണെന്നാണ് ക്രിസ്തീയവിശ്വാസം നിഷ്‌കർഷിക്കുന്നത്. ശരീരം തടവറയാണ്. മരണം അനിവാര്യമാണ്. മരണമില്ലെങ്കിൽ ന്യായവിധി സാധ്യമല്ല. അനശ്വരത അതിനാൽ ദൈവനിഷേധമാണ്. രാജ്ഞിക്കെതിരെ ഇൻക്വിസിറ്റർ പടയൊരുക്കത്തിന് കോപ്പു കൂട്ടികയാണ്.

സിനിമ ആരംഭിക്കുന്നത് പറുദീസയിൽ നിന്നും മനുഷ്യൻ പുറത്താക്കപ്പെടുന്ന ആദിപാപത്തെക്കുറിച്ചുള്ള ബൈബിൾ വചനം കാണിച്ചുകൊണ്ടാണ്. ജ്ഞാനവൃക്ഷത്തിൽ നിന്നും പഴം ഭക്ഷിച്ച് പാപികളായ മനുഷ്യരിൽ നിന്നും ജീവന്റെ വൃക്ഷത്തെ ദൈവം മറച്ചുപിടിച്ചിരിക്കുന്നു. ഈ ജീവന്റെ വൃക്ഷമായിരിക്കാം മായൻ പ്രദേശത്തിൽ ഒളിച്ചിരിക്കുന്നത്. അങ്ങോട്ടേയ്ക്കാണ് തന്റെ ദിഗ് വിജയിയായ കമിതാവിനെ രാജ്ഞി പറഞ്ഞയക്കുന്നത്.

പൂർത്തിയാവാത്ത ഈ കഥ ക്രിയോ പൂർത്തിയാക്കണം എന്ന് ഇസി ആവശ്യപ്പെടുന്നു. നാളുകൾക്ക് ശേഷം ഇസി മരണപ്പെടുന്നു. എന്നാൽ മരണവുമായി പൊരുത്തപ്പെടാൻ സാധിക്കാഞ്ഞ ഡോക്ടർ ക്രിയോ ആ നോവൽ എഴുതി പൂർത്തിയാക്കാൻ തയ്യാറാവുന്നില്ല. അത് പൂർത്തിയാവുന്നത് മരണം പോലെ അവസാനത്തെ കുറിക്കുന്നത് ആവുമെന്ന് അയാൾ ഭയക്കുന്നുണ്ടാവണം. പകരം അനശ്വരതയ്ക്കുള്ള മരുന്ന് തേടുകയാണ് അയാൾ ചെയ്യുന്നത്.

ശയനം സിനിമയിലെ രംഗം
ശയനം സിനിമയിലെ രംഗം

അനശ്വരതയ്ക്കായുള്ള മരുന്നു തേടുന്ന അയാളുടെ ഉദ്യമം വിജയിച്ചിരിക്കാം എന്നാണ് സിനിമ സൂചിപ്പിക്കുന്നത്. സിനിമയ്ക്കുള്ളിലെ മൂന്നാമതൊരു കഥയിൽ വിദൂരഭാവിയിലെപ്പോഴോ മരണാസന്നമായ ഒരു മരവുമായി ബഹിരാകാശയാത്ര നടത്തുന്ന ഡോക്ടർ ക്രിയോയുടെ ഛായയുള്ള ഒരു യോഗിയെ കാണിക്കുന്നു. അത് ഇസിയുടെ ശവകുടീരത്തിൽ നിന്നും ഉരുവായ മരമായിരിക്കാം. ഷിബാൽബയിലേക്ക് ആണ് അവരുടെ യാത്ര. അവിടെ നിന്നും ഇരുവർക്കും പുനർജ്ജനി സാധ്യമാണോ എന്ന അന്വേഷണമായിരിക്കണം ഈ യാത്ര. മൂന്ന് കഥകൾ പരസ്പരം ഇഴ പിരിഞ്ഞുകൊണ്ടുള്ള കഥാകഥനമാണ് അറൊണോവ്‌സ്‌കി പിന്തുടരുന്നത്. ഇവയുടെ പരിണാമഗുപ്തികളും പരസ്പരം ഇടകലരുന്നു (ശേഷം സ്‌ക്രീനിൽ).

എം.പി. സുകുമാരൻ
എം.പി. സുകുമാരൻ

എം.പി. സുകുമാരൻ സംവിധാനം ചെയ്ത ശയനം എന്ന സിനിമ ആരംഭിക്കുന്നത് പള്ളിപ്പറമ്പിൽ അടക്കം ചെയ്ത ആളിന്റെ ശരീരം വർഷങ്ങൾക്ക് ശേഷം അഴുകാത്ത നിലയിൽ കണ്ടെടുക്കുന്നതോടെയാണ്. മരിച്ചയാൾ പുണ്യാളനായിരുന്നോ എന്ന അന്വേഷണം ഇടവകയിൽ ആരംഭിക്കേണ്ടി വരുന്നു. ഈ.മ.യൗ പോലെ കറുത്ത ഹാസ്യമാണ് ശയനത്തിന്റെയും ആഖ്യാനത്തിൽ ഉടനീളം. പാപി ആയത് കൊണ്ട് തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വന്ന ആളിന്റെ ശരീരമാണ് കണ്ടെത്തുന്നത്. അയാൾ വിശുദ്ധനാണോ എന്നാണ് കണ്ട് പിടിക്കേണ്ടത്. നിരവധി കഥാപാത്രങ്ങളുടെ ഫ്‌ളാഷ് ബാക്കിൽ കഥാനായകന്റെ പാപങ്ങൾ അത്രയും അയാളുടെ ചുറ്റുമുള്ള മനുഷ്യരുടെ വിവിധസ്വാർഥതാല്പര്യങ്ങൾക്ക് വേണ്ടി ചെയ്യിച്ചതായിരുന്നു എന്ന് ചുരുളഴിയുന്നു. വിചാരണ നീണ്ടുനീണ്ട് അവസാനം അത് പള്ളിയെ അടക്കം പ്രതിസ്ഥാനത്ത് എത്തിയ്ക്കുമെന്ന അവസ്ഥയിൽ അയാളുടെ ശരീരം വീണ്ടും പാപിയുടേത് എന്ന്മുദ്ര കുത്തി നിഷ്‌കാസനം ചെയ്യപ്പെടുകയാണ്.

കോൺസ്റ്റന്റൈൻ
കോൺസ്റ്റന്റൈൻ

പാപവും മരണവുമായുള്ള മല്ലിടലിനെ സൂചിപ്പിക്കുന്ന സിനിമയാണ് കീനു റീവ്‌സ് നായകൻ ആയ "കോൺസ്റ്റന്റൈൻ'. കീനു റീവ്‌സ് അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ജോൺ കോൺസ്റ്റന്റൈൻ ശ്വാസകോശത്തിന് മാരകമായ കാൻസർ പിടിപെട്ട് മരണം കാത്തിരിക്കുന്നയാളാണ്. പിശാച് ബാധിച്ച മൻഷ്യരെ ഉച്ചാടനത്തിലൂടെ രക്ഷിക്കുന്നതാണ് അയാളുടെ തൊഴിൽ.

ആ തൊഴിൽ അയാൾ തിരഞ്ഞെടുത്തതിന് ഒരു പ്രത്യേക കാരണമുണ്ട്. മുൻപ് അയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് അയാളുടെ ആത്മാവ് നരക വാതിൽക്കലോളം ചെയ്യെത്തിയ ശേഷം ഒരു മെഡിക്കൽ മിറാക്കിളിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. നരകയാത്ര ജോൺ കോൺസ്റ്റന്റൈന് ഉൾക്കാഴ്ച പകർന്നിരിക്കുന്നു. ആത്മഹത്യ ക്രിസ്ത്യൻ മതവിശ്വാസപ്രകാരം കൊടിയപാപമാണ്. താൻ മരിച്ചാൽ അതിനാൽ തന്നെ നിത്യനരകത്തിലേക്കായിരിക്കും യാത്ര എന്നയാൾ മനസിലാക്കുന്നു. അതിനാൽ മരണമെത്തും മുൻപേ പരമാവധി നല്ല കാര്യങ്ങൾ ചെയ്ത് പാപത്തിന്റെ അക്കൗണ്ട് ബുക്ക് തിരുത്താൻ ആണ് അയാൾ ശ്രമിക്കുന്നത്. കടുത്ത പുകവലിയ്ക്ക് അടിമയായ ജോൺ കോൺസ്‌റ്റൈന്റെ കാൻസർ മരണം വിദൂരമല്ല എന്നും അയാൾക്ക് പാപത്തിൽ നിന്നും മോചിതനാവാൻ അവസരം ലഭിക്കുകയില്ല എന്നും ഗബ്രിയേൽ മാലാഖ അയാളെ പരിഹസിക്കുന്നു. തുടർന്ന് കഥയിൽ അയാൾക്ക് പിശാചുക്കളും സാത്താനും ഗബ്രിയേൽ മാലാഖയുമൊക്കെ അടങ്ങിയ ഒരു ലോകത്തോട് പൊരുതേണ്ടി വരുന്നു.
****

"Furthermore, men are afraid of a high place and of terrors on the road; the almond tree blossoms, the grasshopper drags himself along, and the caper berry is ineffective. For man goes to his eternal home while mourners go about in the street' -

Ecclesiastes 12:5

ഇരുട്ട് വെളിച്ചത്തെയെന്ന പോലെ മരണം ജീവിതത്തെ പൊലിമയോടെ കാണിച്ചു തരുന്നു. മരണത്തിന്റെ ചുറ്റുപാടിലാണ് ജീവിതത്തെ അതിന്റെ ഏറ്റവും തനിമയോടെ കാണാൻ സാധിക്കുക. ഡോൺ പാലത്തറ എഴുതി സംവിധാനം ചെയ്ത "ശവം' അത്തരമൊരു ദൃശ്യതീവ്രതയെ (contrast) എടുത്ത് കാണിക്കുന്ന സിനിമയാണ്. അതിനാൽ തന്നെ കറുപ്പിലും വെളുപ്പിലുമാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ശവം - പോസ്റ്റർ
ശവം - പോസ്റ്റർ

താരതമ്യേന ചെറുപ്പത്തിൽ മരണപ്പെട്ട തോമസ് എന്നയാളിന്റെ ശവസംസ്‌കാരദിവസമാണ് ചിത്രത്തിന്റെ പ്രമേയം. തോമസിന്റെ മരണദിനത്തിന്റെ ചുറ്റുപാട് കൂടുതൽ തീവ്രതയോടെ അയാളുടെ ചുറ്റുമുള്ളവരുടെ ജീവിതം എടുത്ത് പിടിക്കുന്നു. ഓരോരുത്തരും അവരുടേതായ ഇടുങ്ങിയ കാഴ്ചപ്പാടിലും ചുരുങ്ങിയ ജീവിതപ്രശ്‌നങ്ങളിലും തന്നെ കുരുങ്ങിക്കിടക്കുകയാണ്. മരണമെന്ന അന്തിമയാഥാർഥ്യം അതിൽ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തുന്നില്ല. അതിൽ ബന്ധുക്കളും നാട്ടുകാരും പുരോഹിതരും എല്ലാം ഒരേ തലത്തിൽ തന്നെ നിലകൊള്ളുന്നു. ജീവിതം അതിന്റെ വഴിയിലൂടെ അനുസ്യൂതം പ്രവാഹം തുടരുകയാണ്

അനശ്വരതയിലേക്കുള്ള ഒരു വഴി സ്വയം ഫോസിലാക്കപ്പെടുന്നതിലാണ്.

ഡോൺ പാലത്തറ
ഡോൺ പാലത്തറ

ഏതെങ്കിലും രീതിയിൽ തന്റെ ഓർമകളെ വരും തലമുറകളിലേക്കും കൈമാറാൻ സാധിക്കുമ്പോൾ വ്യക്തികൾ അനശ്വരത ആർജ്ജിക്കുന്നുവെന്ന് പറയാം.

എല്ലാ വർഷവും മെക്‌സിക്കോയിൽ മരിച്ചവരുടെ ദിവസം (Día de Muertos) ആഘോഷിക്കുന്നു. പുരാതന ആസ്‌ടെക് സാംസ്‌കാരികതയിൽ നിന്നും ഉയിർ കൊണ്ട് വന്നതാണ് പിൽക്കാല മെക്‌സിക്കോയിലെ മരിച്ചവരുടെ ദിനാഘോഷങ്ങൾ. നവംബർ ഒന്നിന് മരിച്ച് പോയ കുഞ്ഞുങ്ങളെയും രണ്ടിന് മുതിർന്നവരെയും ഓർക്കാനും അവരുടെ ആത്മാക്കളുടെ സാന്നിദ്ധ്യം ആഘോഷിക്കാനും മെക്‌സിക്കൻ ജനത ഒത്തുകൂടുന്നു. ശവക്കല്ലറകൾ വൃത്തിയാക്കുകയും പൂക്കൾ കൊണ്ട് അലങ്കരിക്കുകയും മറ്റും ചെയ്യുന്നത് ആഘോഷത്തിന്റെ ഭാഗമാണ്. അതോടൊപ്പം വിട്ടുപോയവരെക്കുറിച്ചുള്ള ഓർമകൾ വീണ്ടെടുക്കുന്നു. മരിച്ച് പോയ കുട്ടികൾക്കായി കളിപ്പാട്ടങ്ങളും മുതിർന്നവർക്കായി മദ്യമടക്കമുള്ള ഭക്ഷ്യപാനീയങ്ങളുമർപ്പിക്കുകയും ചെയ്യുന്നു. ഓഫ്രേൻഡ (ofrenda) എന്ന് വിളിക്കുന്ന അൾത്താരകൾ ഇതിനായി ഒരുക്കുന്നു. അതിൽ മരിച്ച് പോയവരുടെ ഫോട്ടോകളും മറ്റും അലങ്കരിച്ചു വെയ്ക്കുന്നു. പിക്‌സാർ/ഡിസ്‌നി 2017 ഇൽ പുറത്തിറക്കിയ Coco എന്ന കുട്ടികൾക്കായുള്ള അനിമേഷൻ സിനിമയുടെ പ്രമേയപരിസരം ഇതാണ്. മരിച്ചു പോയവരെക്കുറിച്ചുള്ള ഓർമകളും മരണാനന്തരജീവിതവും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ടെന്ന വിശ്വാസത്തെയാണ് സിനിമ ദൃശ്യവൽക്കരിക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ മിഗ്വേൽ എന്ന പയ്യന് അവിചാരിതമായി മരിച്ചവരുടെ ലോകത്തേക്ക് യാത്ര ചെയ്യേണ്ടി വരികയാണ്. ഇഹലോകത്ത് ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ഓർമകളിൽ ഉള്ളവരുടെ ആത്മാക്കൾക്ക്, അവരുടെ ഓഫ്രെണ്ടേയിൽ ചിത്രങ്ങൾ ഉള്ളവർക്ക് മാത്രമേ മരിച്ചവരുടെ ദിവസം ഭൂമിയിൽ ബന്ധുക്കളെ സന്ദർശിക്കാൻ സാധിക്കുകയുള്ളൂ. മിഗ്വേൽ തന്റെ പ്രപിതാമഹനായ ഹെക്തോറിനെ മരിച്ചവരുടെ ലോകത്ത് കണ്ടെത്തുന്നു. എന്നാൽ ഒരു ചതിയിലൂടെ ഹെക്തോറിന്റെ നല്ലയോർമകൾ ഭൂമിയിൽ നിന്നും മാഞ്ഞു പോയ്‌ക്കൊണ്ടിരിക്കയാണ്. പൂർണമായും ഓർമകൾ ഇല്ലാതാവുന്നതോടെ മരിച്ചവരുടെ ലോകത്തും ഹെക്തോറിന്റെ അസ്തിത്വം ഇല്ലാതാവും.

Coco
Coco

ജീവിച്ചിരുന്നപ്പോൾ ഹെക്തോറിന്റെ "മ്യൂസിക് ലെഗസി' മറ്റൊരാൾ ചതിയിൽ തട്ടിയെടുത്തതാണ്. അത് മൂലമാണ് അയാളുടെ ഓർമകൾ ഭൂമിയിൽ നിന്നും മാഞ്ഞ് പോയ്‌ക്കൊണ്ടിരിക്കുന്നത്. അതിനാൽ പരലോകത്തും അയാളുടെ ആത്മാവ് അസ്തിത്വപ്രതിസന്ധി നേരിടുന്നു.

പിന്നീട് മരിച്ചവരുടെ ലോകത്ത് നിന്നും തിരിച്ചെത്തുന്ന മിഗ്വേൽ തന്റെ ഓർമകൾ നശിച്ച് തുടങ്ങികയ മുത്തശ്ശി കോക്കോയെ അവരുടെ അച്ഛനായ ഹെക്തോറിനെപ്പറ്റിയുള്ള ഓർമകൾ വീണ്ടെടുക്കാൻ സഹായിക്കുന്നു. ജീവിച്ചിരിക്കുന്നവരുടെ ഓർമകളിലൂടെ മരിച്ചവർ തുടർന്നും ജീവിക്കുന്നുവെന്നാണ് ഈ കഥ പറയുന്നത്.

Coco
Coco

പരലോകത്തേക്കുള്ള യാത്രയിൽ മിഗ്വേലിന് കൂട്ടായി ഒരു പട്ടിയുമുണ്ട് സിനിമയിൽ. മഹാഭാരതത്തിൽ ഉടലോടെ സ്വർഗത്തേയ്ക്ക് യാത്ര ചെയ്യുന്ന യുധിഷ്ഠിരന് കൂട്ടായി ഒരു പട്ടിയുമുണ്ടായിരുന്നു എന്നാണ് കഥകളിൽ. പാശ്ചാത്യസമൂഹത്തിലെന്ന പോലെ കിഴക്കും മരണാനന്തരജീവിതത്തെപ്പറ്റി വിശദമായ തത്വചിന്തകൾ അതിപ്രാചീനകാലം മുതൽക്കേ നിലവിലുണ്ട്. ഇവിടെയും മരണം ഒരു വലിയ യാത്രയുടെ തുടക്കമായാണ് വിശ്വാസങ്ങൾ കാണുന്നത്.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങൾ തുടച്ചുവൃത്തിയാക്കുന്ന സ്ത്രീകളാണ് സ്പാനിഷ് സിനിമയായ വോൾവറിന്റെ ആദ്യഷോട്ട്. പ്രധാനമായും സ്ത്രീപക്ഷപ്രമേയം കൈകാര്യം ചെയ്യുന്ന വോൾവറിൽ മരണം കഥയുടെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. തന്റെ അമ്മായിയുടെ മരണാനന്തരചടങ്ങുകൾക്കായി ഗ്രാമത്തിലെത്തുന്ന റെയ് മുണ്ട(പെൻലപ് ക്രൂസ്) വളരെപ്പണ്ട് മരിച്ച് പോയ അമ്മയുടെ പ്രേതത്തെ അവിടെ വെച്ച് കാണാൻ ഇടയാവുന്നു. ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന് സ്വന്തം വീട്ടിൽ റെയ് മുണ്ടയുടെ മകൾ പൗലാ തനിക്കെതിരെ ബലാൽസംഗശ്രമം നടത്തുന്ന അച്ഛനെ കുത്തിക്കൊല്ലുകയാണ്. മറ്റാരുമറിയാതെ അയാളുടെ ശവശരീരം മറവ് ചെയ്യാൻ റെയ് മുണ്ട നടത്തുന്ന ശ്രമങ്ങളാണ് പിന്നീടുള്ള രംഗങ്ങൾ. തുടർന്ന് റെയ് മുണ്ടയുടെ അമ്മയുടെ പ്രേതം പൗലയെയും റെയ് മുണ്ടയെയും കാണാൻ എത്തുന്നു. കഥയുടെ മറ്റൊരു ഭാഗത്ത് റെയ് മുണ്ടയുടെ സുഹൃത്തായ അഗസ്റ്റീനയ്ക്ക് തന്റെ അമ്മയെ നഷ്ടപ്പെട്ടിരിക്കുകയാണ്. റെയ് മുണ്ടയുടെ അമ്മയും അച്ഛനും അഗ്‌നിക്കിരയായി മരിച്ച അതേ ദിവസമാണ് അഗസ്റ്റീനയുടെ അമ്മയെ കാണാതായത്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ അതിനാൽ തന്നെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അഗസ്റ്റീന കരുതുന്നു. റെയ് മുണ്ട അമ്മയുടെ പ്രേതത്തോട് ഈ വിഷയം സംസാരിക്കണം എന്ന് അഗസ്റ്റീന ആവശ്യപ്പെടുന്നു. കാൻസർ രോഗം തന്റെ മരണം ആസന്നമാക്കിയിരിക്കുന്ന എന്നറിയുന്നതോടെ അഗസ്റ്റീന തന്റെ ആവശ്യം ലൈവ് ടെലിവിഷൻ പരിപാടിയിലൂടെ അവതരിപ്പിച്ച് റെയ് മുണ്ടയ്ക്ക് മേലെ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണ്. ആണധികാര വ്യവസ്ഥയുടെ ചൂഷണങ്ങൾ നിരന്തരമായി വോൾവറിലെ സ്ത്രീകൾക്ക് മേലെ ഭാരമാവുകയാണ്. ആ അധികഭാരത്തിനിടയിലും പ്രജ്ഞ വെടിയാതെ പോരാടുന്ന നിരവധി സ്ത്രീകളാണ് വോൾവറിലേത്. എന്നാൽ മരണം എപ്പോഴും ഋണാത്മകമായ ഒരനുഭവമാകണമെന്നില്ല. വോൾവറിൽ മറിച്ച് സ്ത്രീകളെ സംബന്ധിച്ച് ചില മരണങ്ങൾ അവർക്ക് അനുഗ്രഹമായിത്തീരുന്നു എന്ന് കഥയിൽ സൂചന.

സ്‌ക്രീനിൽ ഇടത്ത് നിന്നും വലത്തേക്കാണ് ചലനങ്ങൾ സ്വാഭാവികമായിട്ടുള്ളത്, ലാറ്റിൻ, ഇൻഡിക് ഭാഷകൾ കൈകാര്യം ചെയ്യുന്ന പ്രേക്ഷകരെ സംബന്ധിച്ച്. എന്നാൽ വോൾവറിലെ ആദ്യ സെമിത്തേരി ഷോട്ടിൽ ക്യാമറ വലത്ത് നിന്നും ഇടത്തോട്ടാണ് നീങ്ങുന്നതായാണ് സംവിധായകൻ പെഡ്രോ ആൽമോദൊവാർ ചിത്രീകരിച്ചിരിക്കുന്നത്. ഈ. മ. യൗവിന്റെ ആദ്യഷോട്ടിൽ ശവഘോഷയാത്രയും നിശ്ചലമായ സീനിൽ വലത്ത് നിന്നും ഇടത്തോട്ടാണ് നീങ്ങുന്നതായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി കാണിക്കുന്നത്. മടക്കയാത്ര എന്ന ആശയം ചിത്രീകരണത്തിന് പിറകിൽ കാണാം.

മരിച്ചവരെ ആദരവോട് കൂടി യാത്ര അയക്കാൻ താല്പര്യപ്പെടുമ്പോഴും മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട തൊഴിലുകൾ സമൂഹത്തിൽ തരം താണതായി കണക്കാക്കപ്പെടുത്തു. ഈ.മ.യൗവിലെ കുഴിവെട്ടി താൻ കുഴിച്ച കുഴിയിൽ തന്നെ വീണു മരിക്കുകയാണ്. മരിച്ച് പോയവരുടെ ശവശരീരം കഴുകി വൃത്തിയാക്കി സംസ്‌കാരത്തിനായി തയ്യാറാക്കുന്ന ജോലിയിലേർപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ് ജാപനീസ് സിനിമ Departures പറയുന്നത്.

Departures
Departures

തന്റെ നിലവിലെ ജോലി നഷ്ടപ്പെടുകയും ജീവിതമാർഗം അടയുകയും ചെയ്യുന്ന അവസരത്തിൽ ആണ് ഡെയ്‌ഗോ കൊബാഷി അത്തരമൊരു ജോലിയിൽ പ്രവേശിക്കുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യത്തിൽ "പുറപ്പെടുന്നതിൽ സഹായിക്കാൻ(assisting departures)' എന്നെഴുതിയിരിക്കുന്നത് കണ്ട് ഒരു പക്ഷെ ട്രാവൽ ഏജൻസിയിലേക്കുള്ള പരസ്യമാണ് എന്ന് ഡെയ്‌ഗോ കരുതുന്നു. എന്നാൽ അയാളെ കാത്തിരിക്കുന്നത് ശവശരീരം വൃത്തിയാക്കുന്ന ആളിന്റെ സഹായി ആയ ജോലിയാണ്. ആദ്യ അനുഭവങ്ങൾ പ്രയാസമുണ്ടാക്കുന്നുവെങ്കിലും ജോലിയുമായി പതിയെ ഡെയ്‌ഗോ പൊരുത്തപ്പെടുന്നു. ഗർഭിണിയായ ഭാര്യയിൽ നിന്നടക്കം പരിചയക്കാരിൽ നിന്നും ഡെയ്‌ഗോ നേരിടേണ്ടി വരുന്ന അയിത്തസമാനമായ മാറ്റി നിർത്തൽ അയാളെ തളർത്തുന്നു. എന്നാൽ പതിയെ ലോകവും അയാളോട് പൊരുത്തപ്പെടുന്നു. അയാളുടെ ജോലി മരണപ്പെട്ടവരുടെ ബന്ധുക്കളെ മാനസികമായി ഏറെ സഹായിക്കുന്നുവെന്ന് ഡെയ്‌ഗോയും ലോകവും തിരിച്ചറിയുന്നു. വൈകാരികമായ അനേകം മുഹൂർത്തങ്ങളാൽ സമ്പന്നമാണ് സിനിമ.

****

"Every man must do two things alone; he must do his own believing and his own dying.' -Martin Luther

ഈ.മ.യൗ സിനിമയുടെ അവസാനരംഗം അതിന്റെ പശ്ചാത്തലസംഗീതമുൾപ്പടെ പ്രേക്ഷകരിൽ ധാരാളം ചർച്ചകൾക്ക് കാരണമായിരുന്നു. ആ ദിവസം മരിച്ചുപോയ വാവച്ചൻ, കുഴിവെട്ടി, താറാവ്, പട്ടി എന്നിവർ മാലാഖമാർ എന്ന് കരുതാവുന്ന ഇരുവരോടൊപ്പം അന്ത്യയാത്രയ്ക്കുള്ള വഞ്ചിക്കായി കാത്തുനിൽക്കുന്നതാണ് ഈ രംഗം. ഇതിനെ പല രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുള്ളതായി പല നിരൂപണങ്ങളിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചകളിൽ നിന്നും മനസിലാക്കാം. ഒരു മാലാഖ (അല്ലെങ്കിൽ ദൈവദൂതൻ) കറുപ്പും മറ്റെയാൾ വെളുപ്പും വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അതേ പോലെ ഇരുവർക്കുമായി വരുന്ന രണ്ട് വഞ്ചികൾ രണ്ട് ദിശകളിൽ നിന്നാണ് വരുന്നതായി കാണിക്കുന്നത്.

ലിജോ ജോസ് പെല്ലിശേരി
ലിജോ ജോസ് പെല്ലിശേരി

ഒരു മനുഷ്യനും മൃഗവും സ്വർഗത്തിലേക്കും ഇതരജോടി നരകത്തിലേക്കും ആയിരിക്കാം യാത്ര. ഷൂട്ടിങ്ങിനിടയിൽ പെട്ടെന്ന് വന്ന ആശയത്തിന്റെ പുറത്ത് ചിത്രീകരിച്ച രംഗമാണെന്നാണ് ലിജോ പെല്ലിശ്ശേരി അഭിമുഖത്തിൽ ഇതിനെപ്പറ്റി പറയുന്നത്. അതിനാൽ തന്നെ നിയതമായ ഏതെങ്കിലും ഒരു വ്യാഖ്യാനം അതിവായന ആയിപ്പോകാൻ ഇടയുണ്ട്. അതോടൊപ്പം തന്നെ വാവച്ചന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെ പൂർണമായും വെളിപ്പെടുത്താൻ സിനിമ തയ്യാറാകുന്നില്ല. താറാവിറച്ചി, ചാരായം മുതലായവ മരിച്ചവർക്കിടയിൽ പൊതുഘടകമായി ഉണ്ട്. വാവച്ചൻ മരിക്കുന്ന രംഗം പ്രേക്ഷകൻ കാണുന്നുമില്ല. എന്നാൽ പ്രേക്ഷകനെ വൈകാരികമായി ഈശിയോടൊപ്പം ആണ് സിനിമ കൂടെ നടത്തുന്നത് എന്നതിനാൽ വാവച്ചന്റെ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ആരായുന്നതിൽ ശരികേടുണ്ട് എന്ന് വാദിക്കാവുന്നതാണ്.

"ദയവ് ചെയ്ത് നിഗൂഢതയെ അംഗീകരിക്കുക'.

Filmography
1.The Fountain(2006) - Darren Aronofsky
2.Coco (2017) - Adrian Molina,Lee Unkrich
3.Volver (2006) - Pedro Almodóvar
4.Departures (2008) - Yീjirീ Takita
5.Sayanam(2000) - M.P. Sukumaran Nair
6.Shavam (2015) - Don Palathara
7.Constantine (2009) - Francis Lawrence
8.Ee. Ma. Yau ( 2018) - Lijo Jose Pellissery

Reference :
1.https://www.researchgate.net/publication/260715254_The_funeral_ways_of_oscial_insects_Social_strategies_for_corpse_disposal
2.https://www.theguardian.com/science/2020/feb/18/scientists-discover-neanderthal-skeleton-in-an-iraqi-cave
3.Timing Out: The Politics of Death and Gender in Almodóvar'sVolver - https://doi.org/10.1179/1468273714Z.000000000111

ശ്രീഹരി ശ്രീധരന്റെ മറ്റു ലേഖനങ്ങൾ വായിക്കാം:

ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും

കഥാപാത്രങ്ങളെ അനുസരിച്ച ആക്ടർ

അമേരിക്കയിൽ ചരിഞ്ഞ ആന


Summary: മരണം, മരണാനന്തര ജീവിതം, മരണഭീതി തുടങ്ങിയ ആശയങ്ങൾ പ്രമേയമോ പ്രമേയ പരിസരമോ ആവുന്ന സിനിമകളുടെ കാഴ്ചാനുഭവത്തിലൂടെ കടന്നുപോവുകയാണ് ശ്രീഹരി ശ്രീധരൻ. ഈ മാ യൗ , ദ ഫൗണ്ടൻ, കൊകോ, വോൾവർ, ഡിപാർച്ചേഴ്സ്, ശയനം, ശവം, കോൺസ്റ്റാൻറൈൻ തുടങ്ങിയ സിനിമകളാണ് മരണാനുഭവത്തിൻറെ അനുഭവിപ്പിക്കലിനായി തെരഞ്ഞെടുത്തിരിക്കുന്നത്


Comments