സണ്ണി: മാനസികാരോഗ്യത്തെക്കുറിച്ച്​ അൽപം കൂടി തിരിച്ചറിവാകാം

ഒരു കഥാപാത്രത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന മഹാമാരിക്കാല ചലച്ചിത്രം എന്ന നിലയിലും മാനസിക വിമതത്വങ്ങളെ പ്രശ്നവൽകരിക്കാനെങ്കിലും കഴിഞ്ഞു എന്ന നിലയിലും ഈ ചിത്രം അംഗീകരിക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. എന്നാൽ, മാനസികാരോഗ്യത്തെയും അതിനെ സ്വാധീനിക്കുന്ന ബഹുസ്വര കാരണങ്ങളേയും പുതിയ കാലഘട്ടത്തെ മുൻനിർത്തി പരിശോധിക്കാനോ പഠിക്കാനോ സാധിക്കാതെപോവുന്ന മൂന്നാം ലോക ദുർവിധിയായും ഈ ചിത്രം മാറുന്നു.

മസോൺ പ്രൈം വീഡിയോസ് വഴി പുറത്തുവന്ന, രഞ്ജിത് ശങ്കർ എഴുതി സംവിധാനം ചെയ്ത സിനിമയാണ് "സണ്ണി'. ജയസൂര്യ എന്ന നടന്റെ നൂറാമത് ചിത്രവുമാണിത്. കോവിഡ് കാലത്ത് പുറത്തുവന്ന സിനിമകളിൽ വർത്തമാന കാലത്തെ അടയാളപ്പെടുത്തുന്നചുരുക്കം മലയാള ചിത്രങ്ങളിലൊന്നായും "സണ്ണി'യെ പരിഗണിക്കാം.

ക്വാറൻറയിനിൽ പ്രവേശിക്കാൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മുറിയെടുക്കുന്ന അപ്പർ മിഡിൽ ക്ലാസ് നായകനെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. ഇയാൾ മാനസിക പ്രതിസന്ധികൾ നേരിടുന്ന ഒരാളാണെന്ന വസ്തുത തുടക്കത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, പിന്നീടുള്ള തിരക്കഥ ചലിക്കുന്നത് അയാളുടെ മദ്യപാനത്തെ കേന്ദ്രീകരിച്ചാണ്. മദ്യാസക്തി, മറ്റ് ലഹരി ഉപയോഗങ്ങൾ എന്നിവ മാനസിക വിഭ്രാന്തികളുടെ ഉപോൽപന്നങ്ങളാണ് എന്ന ക്ലിനിക്കൽ യാഥാർത്ഥ്യത്തെ പാടേ അവഗണിക്കുന്ന ഒരു മുന്നോട്ടുപോക്കാണിത്. മദ്യാസക്തി ഇല്ലാതാവുന്നതോടെ, വിശാലാർത്ഥത്തിൽ; ആസക്തികൾ തന്നെ ഇല്ലാതാവുന്നതോടെ പ്രശ്ന പരിഹാരം സംഭവിക്കുന്നു എന്ന തുറന്ന സൂചനയും സിനിമ പ്രേക്ഷകരിൽ അടിച്ചേൽപിക്കുന്നു.

പാടേ അബദ്ധമെന്നും ഉപരിപ്ലവമെന്നും തോന്നിക്കുന്ന തരം സംഭാഷണങ്ങളുമായി ഒരു വൃദ്ധ തെറാപിസ്റ്റ് കഥാപാത്രം ശബ്ദം മാത്രമായി ഈ സിനിമയിലുണ്ട്. സണ്ണിയുടെ മാനസിക സംഘർഷങ്ങളെ മദ്യപാനത്തിന്റെ ദുർഗുണങ്ങൾ എന്ന പട്ടികയിൽ മാത്രമാണ് ഇയാൾ പെടുത്തിപ്പോരുന്നത്. മാനസികാരോഗ്യ സംബന്ധിയായ വിഷയങ്ങളിൽ നമ്മുടെ സമൂഹം പുലർത്തിപ്പോരുന്ന അജ്ഞതയെ സാധൂകരിക്കുന്ന തരം അവതരണമായി ഇതിനെ കണക്കാക്കാം.

മാനസിക പ്രതിസന്ധികൾ നേരിടുന്നവരുടെ വ്യക്തിത്വപരമായ ചിതറിച്ചകളെ അതായിത്തന്നെ ഉൾക്കൊള്ളേണ്ടതുണ്ട് എന്ന പരോക്ഷ പാഠവും ഈ സിനിമ പങ്കുവക്കുന്നു. പരിഹരിക്കപ്പെടേണ്ടതോ തിരുത്തപ്പെടേണ്ടതോ അല്ലാത്ത ഒരു പാപമായി മാസികാസ്വാസ്ഥ്യങ്ങളെ സമീപിച്ചുപോരുന്ന സാമൂഹിക പൊതുബോധമാണ് ഇവിടെയും പ്രവർത്തിച്ചു കാണുന്നത്.

മറ്റൊരു തരത്തിൽ പരിശോധിച്ചാൽ, സുതാര്യമായ വ്യക്തിത്വ ശൈഥില്യങ്ങൾ നായകനിൽ കണ്ടെത്താനും നമുക്ക് കഴിയും. സോഷ്യൽ മീഡിയ കയ്യടക്കിയ ഒരു ലോകക്രമത്തിൽ, അതോടൊപ്പം എത്തിച്ചേരാൻ കഴിയാത്ത ഒരു ഏകദേശ മധ്യവയസ്കൻ എന്ന വായന സാധ്യമാകുന്നത് ഇതിലൂടെയാണ്. "ബന്ധങ്ങളുടെ സാരള്യം' എന്ന വർത്തമാനകാല പൊതുരീതിയെ അംഗീകരിക്കാനാവാത്ത നായക രീതികളാണ് ഇത്തരമൊരു നിഗമനത്തിലെത്തിക്കുന്നത്. നായകനും അയാളെ കഴിഞ്ഞാൽ സിനിമയിൽ ഏറ്റവും വ്യക്തി വികാസമുള്ള മറ്റൊരു കഥാപാത്രവും തമ്മിലുള്ള ഇടപെടലുകൾ ഇതിന് അടിവരയിടുന്നു.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൃദുല- സമ്പന്ന രീതികളുമായി ഒട്ടും ഒത്തുപോകാൻ കഴിയാത്ത പ്രധാന കഥാപാത്രത്തിന്റെ അവസ്ഥ, അയാളുടെ വ്യക്തിത്വ വ്യഥയുടെ മറ്റൊരു ഉദാഹരണമാണ്. നാൽപതുകളിൽ എത്തിനിൽക്കുന്ന നായകൻ വർഗശ്രേണിയിൽ ക്രമാനുഗത മുന്നേറ്റം നടത്തിയ ഒരാളാണെന്ന വസ്തുത ഇതോടെ വെളിപ്പെടുന്നുമുണ്ട്. ഇതോടെ വർഗപരമായ കാരണങ്ങളിൽ ഊന്നി നിൽക്കുന്ന പ്രതിസന്ധികളും അയാളിൽ നിർമിതമാണെന്നു വരുന്നു.

ഇത്തരം പ്രശ്ന വിശാലതകളെ ഉൾക്കൊള്ളുന്നതിനും അനാവരണം ചെയ്യുന്നതിനും പകരം മദ്യം, കുടുംബ സദാചാരം എന്നീ പ്രമേയങ്ങളിൽ സിനിമാ സാധ്യതകളെ ഒതുക്കി നിർത്തുകയാണ് "സണ്ണി' ചെയ്യുന്നത്. ഒരു കഥാപാത്രത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന ഒരു മഹാമാരിക്കാല ചലച്ചിത്രം എന്ന നിലയിലും മാനസിക വിമതത്വങ്ങളെ / പ്രശ്ന​ങ്ങളെ പ്രശ്നവൽകരിക്കാനെങ്കിലും കഴിഞ്ഞു എന്ന നിലയിലും ഈ ചിത്രം അംഗീകരിക്കപ്പെടേണ്ടതാണെന്നതിൽ തർക്കമില്ല. എന്നാൽ, മാനസികാരോഗ്യത്തെയും അതിനെ സ്വാധീനിക്കുന്ന ബഹുസ്വര കാരണങ്ങളേയും പുതിയ കാലഘട്ടത്തെ മുൻനിർത്തി പരിശോധിക്കാനോ പഠിക്കാനോ സാധിക്കാതെപോവുന്ന മൂന്നാം ലോക ദുർവിധിയായും ഈ ചിത്രം മാറുന്നു.


സനൽ ഹരിദാസ്​

കവി, എഴുത്തുകാരൻ. റെബൽ നോട്ട്​സ്​, ദേശീയ വിദ്യാഭ്യാസ നയം : പൊരുളും പ്രത്യയശാസ്ത്രവും (എഡിറ്റർ), ഡയനീഷ്യൻ: കിം കിഡുക് പഠനങ്ങൾ(എഡിറ്റർ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments