'നൂറു തടവ്​ ശൊന്ന മാതിരി'
ജയിലർ മറ്റൊരു രജനി ബ്രാൻഡ് മാത്രം

‘1975- ൽ തുടങ്ങിയ സ്റ്റൈൽ തേരോട്ടത്തിൻ്റെ പരിണാമ ചരിത്രത്തിലെ ഒരു റഫറസ് പോയിൻ്റ് മാത്രമായി ജയിലർ. ചലനങ്ങളുടെ ചടുലത കുറഞ്ഞപ്പോൾ, തൻ്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കൊണ്ട്​ പുതിയ സിനിമാചരിത്രം കുറിക്കാനൊരുങ്ങുന്ന ജയിലർ ഒരു പുതിയ രജനി അധ്യായത്തിനു തുടക്കം കുറിക്കുന്നു’- രജനീകാന്ത്​ എന്ന ബ്രാൻഡിനെക്കുറിച്ച്​ ഒരു വിശകലനം.

ളരെ പ്രശസ്തനും, സിനിമാ പഠനമേഖലയിൽ പുതിയ വിചാര മാതൃകകളും ആശയങ്ങളും മുന്നോട്ടുവച്ച റിച്ചാർഡ് ഡയറിൻ്റെ താര ജനനത്തിൻ്റെ സൈദ്ധാന്തിക പരികല്പനകളിൽ ഒതുങ്ങാത്ത സൂപ്പർ താരമാണ് രജനീകാന്ത്. സ്റ്റാർസ് എന്ന പേരിലിറങ്ങിയ ഡയറിൻ്റെ ഗ്രന്ഥത്തിൽ, ഒരു താരമെന്ന നിലയിലേക്കെത്തുന്നതിൻ്റെ മൂന്ന് ഘടകങ്ങളെ വിശദീകരിക്കുന്നുണ്ട്.

ഒന്നാമതായി; താരം, അല്ലെങ്കിൽ താരപദവി ഒരു സാമൂഹിക നിർമ്മിതിയാണ്.
രണ്ടാമത്; താരം ഒരു ഉല്പന്നമാണ്.
മൂന്നാം തട്ടിൽ താരം ഒരു ആശയം തന്നെയായി മാറുകയാണ്.
ഈ താരപരിണാമ /നിർമ്മാണ ഘട്ടങ്ങളിൽ എതെങ്കിലും ഉല്പന്നങ്ങളുടെ ബ്രാൻഡ് അമ്പാസഡർമാരായി താരങ്ങൾ പരസ്യങ്ങളിലും മറ്റും വരുമ്പോൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ ഒരു അവശ്യ ഘടകമായി അവർ മാറുന്നു എന്ന് ഡയർ സമർത്ഥിക്കുന്നുണ്ട്. തൻ്റെ 47 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ ഒരിക്കൽ പോലും ഒരു ബ്രാൻഡിൻ്റെ പ്രചാരകനായി രജനീകാന്ത് മാറിയിട്ടില്ല എന്നത് ഡയറിൻ്റെ വിചാര മാതൃകയ്ക്കുള്ളിൽ അദ്ദേഹത്തിൻ്റെ താരശരീരം നിർവ്വചിക്കപ്പെടാതെ പോകുന്നു. രജനികാന്ത് അതിൽത്തന്നെ ഒരു സവിശേഷ ചലച്ചിത്ര ബ്രാൻഡായി ഇന്നും നിലനിൽക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. താൻ തന്നെ ഒരു ബ്രാൻഡായി മാറിയ പരിണാമത്തിലെ ഒരു കുടമാറ്റ പ്രകടനമാണ് ജയിലറിൽ കാണുന്നത്. ഒരു വൻ താരനിര തന്നെ ചുറ്റിനുമുള്ളപ്പോഴും രജനീകാന്തിൻ്റെ പ്രഭാവലയത്തിൽ അവരെല്ലാം നിക്ഷ്പ്രഭരായി മാറുന്ന കാഴ്ചയാണ് ജയിലർ സാധ്യമാക്കുന്നത്. രജനി എന്ന മഹാപ്രതിഭയ്ക്ക് മുന്നിൽ വരുമ്പോൾ, മറ്റു താരങ്ങളുടെ ഒരു ചങ്കിടിപ്പ് ജയിലർ സ്ക്രീനിൽ വ്യക്തമാക്കുന്നുണ്ട്. ഇത് രജനീകാന്ത്, രജനീകാന്ത് ആയതു കൊണ്ടു മാത്രം സംഭവിക്കുന്നതാണ്.

ജപ്പാനിലെ സാമ്പത്തിക മാന്ദ്യത്തിൻ്റെ കാലഘട്ടത്തിൽ തൊഴിലും, സമാധാനവും നഷ്ടപ്പെട്ട ജപ്പാൻകാർക്ക് ആശ്വാസം നൽകിയ ചലച്ചിത്രമായിരുന്നു മുത്തു.

ഫ്ലിപ്പിങ്ങിൻ്റെ രജനിസം

രജനികാന്തിൻ്റെ മാത്രം സ്വന്തമായ ചില സിനിമാ സ്റ്റൈലുകൾ തന്നെയാണ് രജനിസത്തിലെ പ്രധാന രസതന്ത്ര ഘടകം. ഇതിനെ നമ്മുക്കു ഫ്ലിപ്പിങ്ങിൻ്റെ രജനിസം എന്നു വേണമെങ്കിൽ സംഗ്രഹിക്കാം. ഇതിൽ രസം പിടിച്ചു ദക്ഷിണേന്ത്യൻ പ്രേക്ഷക ലോകമിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു പതിറ്റാണ്ടാകാറായി. കാലം ചെല്ലുംതോറും, പ്രേക്ഷകർക്ക് പ്രായം കൂടുകയും /കുറയുകയും ചെയ്യുമ്പോളും സിനിമാശാലയ്ക്കുള്ളിലെ രസത്തിനു യാതൊരു മാറ്റവുമില്ല എന്നു മാത്രമല്ല തമിഴ് ലോകത്തു നിന്നും അത് മറ്റ് ദേശങ്ങളിലേക്കും അതിർത്തികൾ ഭേദിച്ചു പ്രസരണം ചെയ്തു. മിമിക്രിയിലും സാധാരണ ജീവിതങ്ങളിലുമെല്ലാം ഇതിൻ്റെ അനുവർത്തനം നാം കണ്ടു കൊണ്ടേയിരിക്കുന്നു. ഇതിലൂടെ രജനികാന്ത് വളരാൻ തുടങ്ങിയിട്ടു കാലമേറെയായിരിക്കുന്നു. രജനീകാന്തിൻ്റെ സിനിമാറ്റിക് വളർച്ചയുടെ, ദേശാന്തരങ്ങളെ ഭേദിച്ച് പ്രേക്ഷകരെ ലോകമെങ്ങും ഉന്മാദത്തിലാഴ്ത്തുന്ന കാഴ്ചയാണ്, കൃത്യം പറഞ്ഞാൽ, മുത്തു എന്ന ചലച്ചിത്രത്തിനുശേഷം കാണുന്നത്. ജപ്പാനിലെ സാമ്പത്തിക മാന്ദ്യത്തിൻ്റെ കാലഘട്ടത്തിൽ തൊഴിലും, സമാധാനവും നഷ്ടപ്പെട്ട ജപ്പാൻകാർക്ക് ആശ്വാസം നൽകിയ ചലച്ചിത്രമായിരുന്നു മുത്തു. ചടുലമായ നൃത്തരംഗങ്ങളും, തമാശ നിറഞ്ഞ സംഭാഷണങ്ങളും, രജനി സ്റ്റൈലും ജപ്പാൻകാരുടെ മനസും ഹൃദയവും കവർന്നെടുത്തു. ജയിലർ റിലീസായ ദിവസം അതു കാണുവാൻ ചെന്നൈ നഗരത്തിലെത്തിയ ജപ്പാൻകാർ വിളിച്ചോതുന്ന രഹസ്യം രജനിസത്തിലെ സ്റ്റൈൽ മാത്രമാണ്‌. ജപ്പാൻ കീഴടക്കിയത് രജനി എന്ന സ്റ്റൈൽ മന്നൻ മാത്രമാണ്.

സിഗരറ്റു മുതൽ ച്യൂയിംഗം വരെ

രജനീകാന്തിന്റെ ഏറ്റവും മാന്ത്രികമായ രംഗങ്ങളിൽ ഒന്ന് അദ്ദേഹം സിഗരറ്റു കത്തിച്ച്​ വായിലേക്ക് കൃത്യമായി എറിഞ്ഞ് പിടിക്കുന്നതാണ്. ദൂരെ നിന്ന് സിഗരറ്റ് വായിലേക്ക് വലിച്ചെറിയുന്നത് മുതൽ അത് വായുവിൽ കറക്കി റിവോൾവർ ഉപയോഗിച്ച് കത്തിക്കുക തുടങ്ങി അദ്ദേഹത്തിനു നിരവധി സിഗരറ്റു വിദ്യകളുണ്ട്‌. ഇത് അനുകരിക്കുവാൻ പ്രായഭേദമെന്യേ ശ്രമിച്ചവർ ലോകത്ത്​ ധാരാളമുണ്ട്. ജയിലറിൽ അവസാനഭാഗത്ത് ഇങ്ങനെ ചുരുട്ടു കത്തിച്ചാണ് പ്രതിനായകനെ നിക്ഷ്പ്രഭനാക്കുന്ന രംഗം അദ്ദേഹം തുടങ്ങുന്നത്. അദ്ദേഹത്തിൻ്റെ ഈ സിഗരറ്റ് ഫ്ലിപ്പിങ്ങ് മാന്ത്രികശൈലി തന്നെയാണ് രജനിസത്തിലെ ഏറ്റവും കൂടുതൽ തവണ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം തന്നെയുള്ള സൺഗ്ലാസ് ഫ്ലിപ്പിങ്ങും പല ചലച്ചിത്രങ്ങളിലും കാണാം. അദ്ദേഹത്തിൻ്റെ മാത്രം സിഗ്നേച്ചർ ശൈലിയായ സൺഗ്ലാസ് ഫ്ലിപ്പിങ്ങും ധാരാളം പേർ വിവിധ സന്ദർഭങ്ങളിൽ അനുകരിച്ചു കൊണ്ടേയിരിക്കുന്നു. ഇതോടൊപ്പം സെക്കൻഡുകൾക്കുള്ളിൽ ച്യൂയിഗം പോപ്പിംഗ് നടത്തുന്ന രജനി സ്റ്റൈൽ ശിവാജി എന്ന ചലച്ചിത്രത്തിനുശേഷം വളരെ ജനപ്രിയത കൈവരിക്കുന്നുണ്ട്. രജനി സ്റ്റൈലിലെ മറ്റൊരു പ്രധാന നമ്പറാണ് അദ്ദേഹത്തിൻ്റെ നടത്തം. ഞൊടിയിടക്കുള്ളിൽ ജാക്കറ്റ് പിന്നിലേക്ക് അടിച്ചു നടന്നു വരുന്ന രജനീകാന്തിനെ കാണുവാൻ തന്നെ ഒരു ചന്തമാണ്. ഈ നടത്തം രജനിയുടെ ആത്മവിശ്വാസത്തിൻ്റെ പ്രതീകമാണെങ്കിൽ പ്രേക്ഷകരിലേക്കും അതു പകർന്നാടുന്നുണ്ട്. സാധാരണ ആളുകൾ ചെയ്യുന്നതിനേക്കാൾ അൽപ്പം വേഗത്തിൽ താരം നടക്കുന്നുണ്ടെങ്കിലും, സ്ലോ മോഷനിലൂടെ അതിൻ്റെ രസം ഇരട്ടിപ്പിക്കുന്നുണ്ട്. പല ചലച്ചിത്രങ്ങളിലും. പ്രേക്ഷകർക്ക്​ ഇതു നൽകുന്ന ഉന്മേഷം കൊണ്ടു മാത്രമാണ് അദ്ദേഹത്തിൻ്റെ നടപ്പ് റീവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും ചിലർ കണ്ടത്. രജനിസത്തിലെ മറ്റൊരു മൂല ഘടകമാണ് അദ്ദേഹത്തിൻ്റെ മാറാത്ത ഹെയർ സ്റ്റൈൽ. പ്രായമേറും തോറും സൂപ്പർസ്റ്റാർ പരിവേഷ പ്രശ്നങ്ങളൊന്നുമില്ലാതെ അതിലെ നരച്ച മുടികൾ കൂടുന്നുമുണ്ട് എന്നത് തന്നെയാണ് രജനിസത്തിൻ്റെ കാതൽ.

‘ ശിവാജി’ സിനിമയിൽ രജനീകാന്ത്
ശിവാജി’ സിനിമയിൽ രജനീകാന്ത്

സംഭാഷണങ്ങളിലെ രജനിസം

രജനികാന്തിൻ്റെ വേഗത കൂടിയ സംഭാഷണശൈലി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ഘടകമാണ്. പറയുന്നത് വളരെ വേഗതയിലാണെങ്കിലും പ്രേക്ഷകർക്ക് കൃത്യമായി എല്ലാ വാക്കുകളും കിട്ടുന്നു എന്നതാണ് രജനി സംഭാഷണ സ്റ്റൈലിൻ്റെ കൃത്യത. പക്ഷേ, ചില സംഭാഷണശകലങ്ങൾ രജനികാന്തിൻ്റെ സിനിമകളിൽനിന്നും നിത്യജീവിത സന്ദർഭങ്ങളിലേക്ക് പറന്നിറങ്ങുന്നുണ്ട്. എന്തെങ്കിലും കാര്യം ഉറപ്പിക്കുന്നതിനായി, പലരും അദ്ദേഹത്തിൻ്റെ ‘നാൻ ഒരു തടവു ശൊന്നാൽ നൂറു തടവു ശൊന്ന മാതിരി’ (ബാഷ, 1995) എന്ന സംഭാഷണം ആവർത്തിക്കാറുണ്ട്. ഈ പറയുന്ന വ്യക്തിക്കപ്പുറം നിൽക്കുന്ന രജനികാന്തിൻ്റെ ആധികാരികത കൂടിയാണ് ഈ സംഭാഷണ ശകലത്തെ ഊട്ടിയുറപ്പിക്കുന്നത്. നടക്കാൻ പ്രയാസമുള്ള കാര്യമാണെങ്കിലും രജനി ഭാഷണമായതുകൊണ്ട്, എന്തോ ഒരു വിശ്വാസ്യത അത് കൈവരിക്കുന്നു. സിനിമാറ്റിക് ലോജിക്കിൻ്റെ റിയലിസ്റ്റിക് സന്ദർഭവൽക്കരണമെന്ന് നമ്മുക്കിതിനെ വിശേഷിപ്പിക്കാം.

1995 ൽത്തന്നെ റിലീസ് ചെയ്ത മുത്തു എന്ന ചലച്ചിത്രത്തിലെ തുരപ്പൻ സംഭാഷണമാണ് (punch dialogue) നാൻ എപ്പ വരുവേൻ എപ്പടി വരുവേൻന്നു യാരുക്കും തെരിയാത്. ആനാ, വരവേണ്ടിയ നേരത്തു കറക്ടാ വരുവേൻ. ( ഞാൻ എപ്പോൾ / എങ്ങനെ വരുമെന്നാർക്കുമറിയില്ല. പക്ഷേ വരേണ്ട സമയത്ത് കൃത്യമായി ഞാനെത്തിയിരിക്കും).
ദൈവത്തിനു തുല്യമായ സ്ഥാനത്തേക്ക് രജനീകാന്തിനെ കൊണ്ടെത്തിക്കുന്ന സംഭാഷണ ശകലമാണിത്. ഒരു രക്ഷകൻ്റെ വരവിനെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ദൗത്യമാണ് ഈ സംഭാഷണം.

 ‘മുത്തു’  സിനിമയിൽ രജനീകാന്ത്
‘മുത്തു’ സിനിമയിൽ രജനീകാന്ത്

1992- ൽ ഇറങ്ങിയ അരുണാചലം എന്ന ചലച്ചിത്രത്തിലെ ഡയലോഗിലൂടെ രജനി ഈശ്വരൻ നിയമിച്ച നല്ലവനായി മാറുകയാണ്. തൻ്റെ ജീവിതത്തിലും കടുത്ത ഈശ്വരവിശ്വാസിയായ രജനീകാന്തിൻ്റെ വിശ്വാസം തന്നെയാണ് ഇതിലെ സംഭാഷണത്തിലൂടെ പുറത്തു വരുന്നത്; ആണ്ടവൻ സൊൽറാൻ, അരുണാചലം സെയ്റാൻ (ദൈവം ആജ്ഞാപിക്കുന്നു, അരുണാചലം അനുസരിക്കുന്നു). ചലച്ചിത്രത്തിലെ തൻ്റെ വീരപ്രവൃത്തികൾക്ക് ധാർമ്മികമായ അടിത്തറ നൽകുന്ന ഈ ചെറിയ സംഭാഷണ ശകലം തിയേറ്ററിനുള്ളിലെ പ്രേക്ഷകരിലേക്ക് ഈശ്വരൻ്റെ ദൂതനായ രജനിയെയാണ് അവതരിപ്പിക്കുന്നത്.

1999-ലെ പടയപ്പ എന്ന ചലച്ചിത്രത്തിൽ എൻ വഴി, തനി വഴി (എൻ്റെ വഴി, എൻ്റെ മാത്രം) എന്ന സംഭാഷണശകലം പ്രേക്ഷകകൂട്ടങ്ങളെ രജനിയുടെ താരവഴിയിലേക്കാണ്​ കൊണ്ടുപോകുന്നത്. തൻ്റെ ശക്തിയേയും കഴിവിനെയും ഊട്ടിയുറപ്പിക്കുന്ന സംഭാഷണങ്ങളും, ഒരു രാജാവിനെപ്പോലെ രജനി ശിവാജി എന്ന സിനിമയിൽ ഉരുവിടുന്നത്, സിംഹത്തിൻ്റെ രാജകീയതയിലേക്കും, ശക്തിദുർഗ്ഗത്തിലേക്കും താരത്തെ പ്രതിഷ്ഠിക്കുന്ന ശക്തമായ വാക്കുകളിലൂടെയാണ്, കണ്ണാ, പന്നി താൻ കൂട്ടമാവരും. സിംഗം സിംഗിളാ താൻ വരും (പന്നി കൂട്ടമായി വരും, സിംഹം ഒറ്റയ്ക്കേ വരൂ). ചരിത്രത്തിലേക്ക് നോക്കുമ്പോൾ താരശക്തിക്ക് ഉദാഹരണമായി രാജശക്തിയേയും പ്രതാപത്തേയും സൂചിപ്പിക്കുന്ന ചിഹ്നമായ സിംഹത്തെയാണ് രജനിക്കൊപ്പമാക്കുന്നത്. പ്രേക്ഷകരെ നല്ല മനുഷ്യരാകാൻ പ്രോത്സാഹിപ്പിക്കുന്ന സംഭാഷണ ശകലങ്ങളും രജനി ചിത്രങ്ങളിൽ ധാരാളമുണ്ട്. അണ്ണാമലൈയിൽ ‘കഷ്ടപ്പെടാമ എതുവും കിടയ്ക്കാത്, കഷ്ടപ്പൊടമ കെടച്ചാ എന്നേയ്ക്കും നിലയ്ക്കാത്’ (കഷ്ടപ്പെടാതെ ഒന്നും നേടാനാവില്ല, കഷ്ടപ്പെടാതെ കിട്ടുന്ന ഒന്നും നിലനിൽക്കില്ല) എന്ന രജനി ഉപദേശം യഥാർത്ഥ ജീവിതവിജയത്തിനായി എത്രയോ ആൾക്കാരെ സഹായിച്ചിരിക്കും. തങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്നു രക്ഷ നേടാനുള്ള ഒരു തുരത്താണ് രജനീചിത്രത്തിലെ സംഭാഷണങ്ങൾ. ഇതിലൂടെയാണ് രജനീകാന്ത് പ്രേക്ഷകരിലേക്ക് വീണ്ടും വീണ്ടുമെത്തുന്നത് - രജനി ബ്രാൻഡായി.

‘പടയപ്പ’ സിനിമയിൽ രജനീകാന്ത്
‘പടയപ്പ’ സിനിമയിൽ രജനീകാന്ത്

ഈ സംഭാഷണങ്ങളൊക്കെ മറ്റൊരു നടൻ്റെയും ശബ്ദത്തിലൂടെ വന്നാൽ അതിന്​ രജനി എഫക്ട് കിട്ടില്ല. അതു തന്നെയാണ് രജനിസത്തെ വ്യത്യസ്തമാക്കുന്നതും. ചെറിയ സംഭാഷണങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിപ്പറ്റുന്ന സ്വർഗ്ഗീയ താരത്തെത്തന്നെയാണ് രജനികാന്ത്. സംഭാഷണങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ ബിംബവൽക്കരിക്കപ്പെടുന്ന രജനിയുടെ പ്രഭാവം വീണ്ടും വീണ്ടുമുള്ള പ്രേക്ഷക സംഭാഷണങ്ങളിലൂടെ ഒരു പുതിയ ആർക്കൈവ്സായി മാറിയിരിക്കുന്നു.

രജനിസത്തിലെ
മെറ്റാമോർഫോസിസ്

യഥാർത്ഥ സാമൂഹിക ലോകത്തിൽ താരപരിവേഷവും, ചമയങ്ങളില്ലാത്തതുമായ രജനികാന്തിനെയാണ് നാം കാണുന്നത്. ഒരു കുർത്ത അല്ലെങ്കിൽ ഒരു സാധാരണ ഷർട്ടും, മുണ്ടുമാണ് രജനിയുടെ സാധാരണ വേഷം. വിഗ് വയ്ക്കാതെ, ഡൈ ചെയ്ത് നരച്ച തലമുടി കറുപ്പിക്കാതെ, വലിയ ജാട വർത്തമാനങ്ങളില്ലാതെ വരുന്ന രജനി. സിനിമക്കുപുറത്ത് സാധാരണ മനുഷ്യനായി, പഴയ ശിവജി ഗെയ്​ക്ക്​ വാദ്​ എന്ന കണ്ടക്ടറായി തൻ്റെ പൂർവ്വചരിത്രത്തെ തള്ളിക്കളയാതെ നീങ്ങുന്ന അപൂർവ്വ സൂപ്പർതാര ശരീരം. താൻ ഒരു സാധാരണക്കാരനാണെന്ന പറച്ചിൽ കൂടെക്കൂടെ നടത്തുന്ന രജനി, റോബോട്ട് എന്ന ചലച്ചിത്രത്തിൻ്റെ റിലീസിനുശേഷം നടത്തിയ ഒരു ചെറിയ പ്രസംഗത്തിൽ ഐശ്വര്യ റായി തൻ്റെ നായികയായി വന്നതുകേട്ട് ആശ്ചര്യപ്പെട്ട ഒരു നന്ദു ലാലിനെക്കുറിച്ച് പരാമർശിക്കുന്നത് വളരെ രസകരമാണ്. ബാംഗ്ളൂരിൽ വച്ച് ഒരു രാജസ്ഥാൻകാരനായ നന്ദു ലാൽ റോബോട്ടിൽ രജനി ഐശ്വര്യയുടെ നായകനാണെന്നറിഞ്ഞതിനു ശേഷം പുറത്തു ചെന്നു പറഞ്ഞത്രേ, അമിതാഭ് ബച്ചനും, അഭിഷേകും ഇതെങ്ങനെ സമ്മതിച്ചുവെന്ന്.
വേദിയിലിരിക്കുന്ന അമിതാഭും ഐശ്വര്യ റായിയും ഇതു കേട്ടു കുലുങ്ങിച്ചിരിക്കുമ്പോൾ, തൻ്റെ നായികയായി വന്ന ഐശ്വര്യക്ക് നന്ദി പറയുന്നുമുണ്ട്. ഇത് രജനിയുടെ ഒരു ഗിമ്മിക്കല്ല. തൻ്റെ സൂപ്പർതാര പദവിയിൽ നിന്ന്​ തൻ്റെ ശരീരത്തെ പച്ചയായി നോക്കിക്കാണുന്ന ധൈര്യമാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. മറെറാരു തരത്തിൽ ആർക്കു മുമ്പിലും തൻ്റെ ആത്മവിശ്വാസത്തെ തെളിയിക്കുന്ന നിലപാടായും നമ്മുക്കിതിനെ കാണാം.

താൻ നടനാകുന്ന സമയത്ത്, ക്യാമറക്കുമുന്നിൽ രണ്ടാം രജനി അവതാരത്തെയാണ് കാണുന്നത്. സ്വർഗ്ഗീയതാരവും (celestial star) രജനിയെന്ന പച്ചയായ മനുഷ്യനും തമ്മിൽ കൃത്യമായ ഒരു അതിര് സൃഷ്ടിക്കുവാൻ രജനിക്കു സാധിച്ചിരിക്കുന്നു. തൻ്റെ സ്റ്റൈൽ മന്നൻ സാമ്രാജ്യത്തിലേക്ക് ഞൊടിയിടക്കുള്ളിൽ രൂപം മാറ്റം നടത്തി പരകായപ്രവേശം നടത്തുന്ന രജനി തിരിച്ചിറങ്ങുമ്പോൾ സ്വർഗത്തിൽ നിന്ന്​ ഭൂമിയിലിറങ്ങുന്ന മനുഷ്യനായി മാറുന്ന കാഴ്ച അവിശ്വസനീയമാണ്.

രജനി സൂപ്പർ മാത്രം

1978 രജനികാന്തിനെ സംബന്ധിച്ച്​ ഭാഗ്യവർഷമായിരുന്നു. എം. ഭാസ്ക്കറിൻ്റെ ഭൈരവി എന്ന ചലച്ചിത്രത്തിലെ നായകനായ രജനിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേ വർഷം തന്നെയാണ് സൂപ്പർ സ്റ്റാർ എന്ന സ്ഥാനപ്പേര് രജനിക്കു ലഭിക്കുന്നതും. അതിനുശേഷം സൂപ്പർ സ്റ്റാറായി, തമിഴ് സിനിമാലോകത്തിലെയെന്നല്ല, ഇന്ത്യൻ സിനിമാരംഗത്തെ സ്റ്റൈൽ മന്നനായ രജനി, സൂപ്പർ സ്റ്റാർ എന്ന പദത്തിനു പകരമായി മെഗാസ്റ്റാറെന്നോ, യൂണിവേഴ്ൽ സ്റ്റാറെന്നോ ഒന്നും തന്നെ അംഗീകരിച്ചിട്ടില്ല. സൂപ്പർ എന്നത് ജനപ്രിയതയും, എല്ലാ മനുഷ്യജീവിത വിജയങ്ങളിലും ഉപയോഗിക്കുന്ന ഒരു വാക്കായതിനാലും, മെഗാ എന്നത് തന്നെ മാത്രം മറ്റെന്തോ ആക്കി മാറ്റുന്ന ഒരു തരം വരേണ്യ പ്രകൃതത്തെ സൂചിപ്പിക്കുന്നതിനാലുമായിരിക്കാം രജനികാന്ത് ഇന്നും സൂപ്പറായി തുടരുന്നത്. മെഗാസ്റ്റാറുകളുടെ ഇടയിലെ സൂപ്പർ രജനി. ഈ സൂപ്പർ സ്ഥാനത്തെ ഒന്നുകൂടി ഉറപ്പിക്കുന്ന ചലച്ചിത്രം മാത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യനെന്ന ടൈഗറിൻ്റെ മുന്നിൽ മറ്റൊല്ലാവരും മിന്നി മായുന്ന ചില വേഷങ്ങൾ മാത്രം.

'ഭൈരവി’ സിനിമയിൽ രജനീകാന്ത്
'ഭൈരവി’ സിനിമയിൽ രജനീകാന്ത്

1975- ൽ തുടങ്ങിയ സ്റ്റൈൽ തേരോട്ടത്തിൻ്റെ പരിണാമ ചരിത്രത്തിലെ ഒരു റഫറസ് പോയിൻ്റ് മാത്രമായി ജയിലർ. ചലനങ്ങളുടെ ചടുലത കുറഞ്ഞപ്പോൾ, തൻ്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കൊണ്ട്​ പുതിയ സിനിമാചരിത്രം കുറിക്കാനൊരുങ്ങുന്ന ജയിലർ ഒരു പുതിയ രജനി അധ്യായത്തിനു തുടക്കം കുറിക്കുന്നു. മറ്റു താരരാജാക്കന്മാരുടെയും താരങ്ങളുടെയും സാന്നിധ്യം സിനിമാവ്യവസായ താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പൊടിക്കൈകൾ മാത്രമാകുമ്പോൾ, ജയിലറിലെ സൂപ്പറായി രജനി തന്നെ വിജയക്കൊടി പാറിക്കുന്നു.

ജയിലർ, ഒരു രജനി 2023 എഡിഷൻ മാത്രം.

Comments