മനസ്സിലെ നീറ്റലാണിപ്പോഴും മമ്മൂട്ടിയുടെ ആ കണ്ണുകൾ

മികച്ച സിനിമയായിരുന്നിട്ടുകൂടി രണ്ടാമതൊന്ന് കാണാൻ മനസുകൊണ്ട് ധൈര്യം ലഭിച്ചിട്ടില്ലാത്ത ഒരുപിടി സിനിമകളുണ്ട് മലയാളത്തിൽ. അതിൽ പ്രഥമസ്ഥാനം "തനിയാവർത്തന’ത്തിനാണ്. മൂന്നര പതിറ്റാണ്ട്​ പൂർത്തിയാക്കുന്ന സിനിമ വീണ്ടും കാണുന്നു.

കുടുംബത്തിൽ തലമുറകളായി വിടാതെ പിന്തുടരുന്ന മാനസികരോഗവും അന്ധവിശ്വാസവും, അതിന്റെ ഇങ്ങേയറ്റത്തെ അവസാന കണ്ണിയാവാൻ വിധിക്കപ്പെട്ട ബാലൻ മാഷും ഇന്നും നീറുന്ന ഓർമയാണ്. മികച്ച സിനിമയായിരുന്നിട്ടുകൂടി രണ്ടാമതൊന്ന് കാണാൻ മനസുകൊണ്ട് ധൈര്യം ലഭിച്ചിട്ടില്ലാത്ത ഒരുപിടി സിനിമകളുണ്ട് മലയാളത്തിൽ. അതിൽ പ്രഥമസ്ഥാനം "തനിയാവർത്തന’ത്തിനാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്നത്
ലോഹിതദാസ് എന്ന മലയാളിയുടെ എക്കാലത്തെയും പ്രിയ തിരക്കഥാകൃത്താണ്.

ഭ്രാന്തിന്റെ ചങ്ങലക്കണ്ണികളാൽ വിളക്കിച്ചേർക്കാൻ വിധിക്കപ്പെട്ട തലമുറകൾ എന്ന അപഖ്യാതിയാണ് ക്ഷയിച്ചുതുടങ്ങിയതെങ്കിലും "മരുത്തേമ്പള്ളി’ എന്ന നായർ തറവാടിനുള്ളത്. ഓരോ തലമുറയിലെയും ഒരു പുരുഷന് എന്ന രീതിയിൽ മുജ്ജന്മപാപത്തിന്റെ ഫലമായി, ദേവതയുടെ കോപം മൂലം മാനസികരോഗം വരും എന്ന അന്ധവിശ്വാസം കൊണ്ട് ജീവിക്കുന്നവരാണ് ആ തറവാട്ടിലും, നാട്ടിലും ഉള്ളവർ. ആ തലമുറയിലെ ഇങ്ങേയറ്റത്തെ കണ്ണിയിലുള്ളത് ബാലനും(മമ്മൂട്ടി), അനിയൻ ഗോപിയും(മുകേഷ്) ആണ്. പ്രേമനൈരാശ്യം മൂലം ബാലന്റെ മുൻതലമുറക്കാരനായ അമ്മാവൻ ശ്രീധരനും(ബാബു നമ്പൂതിരി) ഒരു ദുഃസ്വപ്നത്തിന്റെ അകമ്പടിയോടെ ഭ്രാന്തിന്റെ ചങ്ങലയിൽ ബന്ധിക്കപ്പെട്ടു അകത്തെ ഇരുട്ടുമുറിയിൽ ആയതോടെ ആ വിശ്വാസത്തിനു ആക്കം കൂടുന്നു.

‘തനിയാവർത്തന’ത്തിൽനിന്ന്​
‘തനിയാവർത്തന’ത്തിൽനിന്ന്​

ഒരു സർക്കാർ സ്കൂളിലെ ചിത്രം വര പഠിപ്പിക്കുന്ന അധ്യാപകനാണ് ബാലഗോപാലൻ എന്ന ബാലൻ. ഭാര്യ, രണ്ടു മക്കൾ, അമ്മ, അനിയൻ, അനിയത്തി, അമ്മാവന്മാർ എന്നിങ്ങനെ ഒരു നായർകൂട്ടുകുടുംബത്തിലെ സമാധാനജീവിതം നയിച്ചു വരുകയായിരുന്നു ബാലൻ. മുതിർന്ന തലമുറയിൽപെട്ടവരെല്ലാം നാട്ടിലെ പലരെയും പോലെ പാരമ്പര്യത്തിലും അന്ധവിശ്വാസത്തിലും കടുത്ത വിശ്വാസം അർപ്പിച്ചുപോന്നിരുന്നു.

"ഭ്രാന്തനായ അമ്മാവൻ" ഒരു ദിവസം മരണത്തിനു കീഴടങ്ങുന്നതോടെ ഈ തലമുറയിൽ ഇനി ആരാണ് പാരമ്പര്യം അനുസരിച്ച്​ ഭ്രാന്തിനു കീഴ്പ്പെടാൻ പോകുന്നതെന്ന ചോദ്യം വീട്ടിലും നാട്ടിലും ബലപ്പെടുന്നു. "ഇനിയാര് - ബാലനോ ഗോപിയോ? "

അങ്ങനെയിരിക്കെയാണ് ഒരു രാത്രി ബാലൻ ഒരു ദുഃസ്വപ്നം കണ്ട് തറവാട് മുഴങ്ങുമാറുച്ചത്തിൽ പേടിച്ചു നിലവിളിക്കുന്നത്. ശ്രീധരനും ഇതുപോലെ ഒരു ദുഃസ്വപ്നം കണ്ടതിനു പിന്നാലെയാണ് ഭ്രാന്തായത് എന്ന് ഓർത്തെടുക്കുന്ന തറവാട്ടിലെ കാരണവന്മാർക്ക്, ഇതോടെ ബാലനും ഭ്രാന്താവുകയാണോ എന്നൊരു സംശയമുദിക്കുന്നു. ഈ വാർത്ത കാട്ടുതീ പോലെ നാട്ടിലും പരക്കുന്നു. കാരണവന്മാർക്കു വന്നതുപോലെ ഈ തലമുറയിൽ, ഇനി ബാലനും ഭ്രാന്തിന്റെ പടികൾ കയറിത്തുടങ്ങുകയാണെന്ന് നാട്ടുകാരും വിശ്വസിക്കുന്നു. അതോടെ ബാലന്റെ ഓരോ ചുവടുവെപ്പും, ഓരോ ചലനങ്ങളും, നോട്ടവും, സംസാരവും എല്ലാം ആ സംശയത്തോടെ നോക്കിക്കാണുകയും അയാൾക്ക് ഭ്രാന്താണെന്ന് അവർ സ്വയം വിധിയെഴുതുകയും ചെയ്യുന്നു. ആകെ വിഷമത്തിലാവുന്ന ബാലൻ സ്കൂളിൽ നിന്നും ദീർഘകാല അവധിക്കും ട്രാൻസ്ഫെറിനും ശ്രമിക്കുന്നതോടെ അയാൾക്ക് പൂർണമായും ഭ്രാന്താണെന്ന് വീട്ടുകാരും വിധിയെഴുതുന്നു. ഈ അവസ്ഥ ബാലനെ വല്ലാതെ നിരാശനാക്കുന്നത് കാണുന്ന ഗോപി, ബാലനെയും കൊണ്ട് ഒരു ഡോക്ടറെ കാണുന്നു. ഡോക്ടർ അയാൾക്ക് ഭ്രാന്തില്ല എന്നുപറയുന്നു. എങ്കിലും അത് ശരിവെക്കാൻ നാട്ടുകാരോ വീട്ടുകാരോ തയ്യാറാവുന്നില്ല. അവരുടെയെല്ലാം കണ്ണിൽ ബാലനാണ് ഈ തലമുറയിലെ "ഭ്രാന്തൻ".

‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയും സരിതയും
‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയും സരിതയും

മക്കളെയും കൊണ്ട് ബാലന്റെ ഭാര്യ ഇന്ദു (സരിത) സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിതയാകുന്നതും, അനിയത്തിയുടെ വിവാഹം ബാലനെ മറച്ചുവെച്ചു കൊണ്ടു നടത്തുന്നതും എല്ലാം അയാളെ വല്ലാതെ ഉലക്കുന്നു. ഭ്രാന്തില്ലാതെ തന്നെ ഒരാളെ എങ്ങനെയൊക്കെ ഭ്രാന്തനാക്കാം എന്ന് നമുക്ക് തോന്നിപ്പോവുന്ന അവസരത്തിൽ അയാളെ ഭ്രാന്താശുപത്രിയിൽ കൂടി പ്രവേശിപ്പിക്കുന്നതോടെ ബാലൻ മാനസികമായി തളരുന്നു. അവിടെനിന്നു തിരികെ വരുന്ന ബാലൻ തന്റെ അമ്മാവൻ കിടന്നിരുന്ന ആ ഇരുട്ടുമുറിയിൽ അഭയം പ്രാപിക്കുന്നു.

ദേവിക്ക് കളമെഴുത്തും പാട്ടും നേദിച്ചു "ദേവീകോപം" മാറ്റുന്ന ആ രാത്രിയിൽ ബാലന്റെ അമ്മ(കവിയൂർ പൊന്നമ്മ) വിഷം ചേർത്ത ചോറ് ഒരു കൈക്കുഞ്ഞിനെന്ന പോലെ ഊട്ടി, ഈ ലോകത്ത് നിന്ന് അവനെ സ്വതന്ത്രനാക്കുന്നു.

സമൂഹം ഒരാളെ എങ്ങനെ ഭ്രാന്തനാക്കുന്നു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ലോഹിയുടെ ഈ കഥ. ഇതിലെ വല്യമ്മാവൻ(തിലകൻ) കുടുംബത്തിലെ ഓരോ കാര്യങ്ങളിലും തലയിടുകയും വലുതാക്കുകയും ചെയ്യുകയും, ഒരാളെ ഭ്രാന്തിലേക്ക് പതിയെ തള്ളിവിടുന്നതിൽ ഒരു തരം ആനന്ദം അനുഭവിക്കുകയും ചെയ്യുന്നുണ്ടോ എന്നുപോലും സംശയം തോന്നുമാറ് ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ചവെച്ചത്. തിലകൻ തന്നെയാണ് ബാലൻ മാഷാവാൻ മമ്മൂട്ടിയുടെ പേര് റെക്കമെൻറ്​ ചെയ്തതെന്ന് മുൻപെവിടെയോ വായിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരന്റെ മഷിയിൽ പിറവികൊണ്ടതാണെങ്കിലും സമൂഹത്തിലെവിടെയൊക്കെയോ നമുക്ക് ഒരക്ഷരം കൊണ്ടുപോലും പ്രതിക്കാരനാവാതെ, മറ്റുള്ളവരാൽ ഭ്രാന്തനാക്കപ്പെട്ട ബാലൻമാരെ ഇന്നും കാണാം. ബാലന് ഭ്രാന്തില്ലെന്ന്, കാണുന്ന നമുക്കും ബാലനും ലോഹിക്കുമല്ലാതെ മറ്റാർക്കും അറിയില്ലല്ലോ എന്നത് എനിക്ക് ഒരു വല്ലാത്ത വേദനയാണിന്നും. കൂടുതൽ അനുഭവിക്കാൻ വിടാതെ ബാലനെ കൊന്നുകളഞ്ഞതാണ് അയാളോട് എഴുത്തുകാരൻ ചെയ്ത ഏറ്റവും വലിയ നീതി എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. ആ രംഗത്തെ മമ്മൂട്ടിയുടെ ഭാവം, ആ കണ്ണുകൾ ഇന്നും മനസ്സിലങ്ങനെ വല്ലാത്ത ഒരു നീറ്റലായി നിൽക്കുന്നു.

അന്ധവിശ്വാസത്തിന്റെ വേരിൽ കെട്ടി, ഭ്രാന്തില്ലാത്ത ഒരുവനെ ഭ്രാന്തനാക്കുന്നതിൽ സമൂഹത്തിനുള്ള വ്യഗ്രത, മറ്റുള്ളവന്റെ വേദനയിൽ ആനന്ദിക്കുന്നവന്റെ ആ മാനസികാവസ്ഥ എത്ര കൃത്യമായാണ് ഈ സിനിമ നമുക്ക് വരച്ചുകാട്ടിയത്. എല്ലാവരാലും അപമാനിതനാകേണ്ടി വരുന്ന ഒരുവനെ, ഭ്രാന്തൻ എന്ന മുദ്ര കുത്തപ്പെടേണ്ടി വരുന്ന ഒരുവന്റെ മാനസികമായ വേദനകളുടെ കൊടുമുടിയെയാണ് നമുക്കുമുന്നിൽ ലോഹിയും സിബി മലയിലും കൂടി ചിത്രീകരിച്ചത്. ജോൺസൻ മാഷിന്റെ പശ്ചാത്തല സംഗീതവും കൂടെ ചേർന്നതോടെ കൂടുതൽ ഹൃദയഹാരിയായ ഒന്നായി തനിയാവർത്തനം.

മാനസികരോഗിയായ തന്റെ അധ്യാപകനെ കാണാൻ പോകുന്ന ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോഴാണ് തനിയാവർത്തനം എന്ന സിനിമക്കുള്ള ത്രെഡ് കിട്ടിയതെന്ന് ലോഹി ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. സിനിമയുടെ അവസാനം "ശുഭം" എന്ന് മനസ്സിൽപോലും പറയാൻ കഴിയാത്തവിധം ആന്റിക്ലൈമാക്സുകൾ നിറഞ്ഞവയായിരുന്നു ലോഹിയുടെ സിനിമകളിൽ അധികവും.

മികച്ച കഥക്കുള്ള അവാർഡടക്കം, ആ വർഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് തനിയാവർത്തനത്തിന് ലഭിച്ചത്.


Summary: മികച്ച സിനിമയായിരുന്നിട്ടുകൂടി രണ്ടാമതൊന്ന് കാണാൻ മനസുകൊണ്ട് ധൈര്യം ലഭിച്ചിട്ടില്ലാത്ത ഒരുപിടി സിനിമകളുണ്ട് മലയാളത്തിൽ. അതിൽ പ്രഥമസ്ഥാനം "തനിയാവർത്തന’ത്തിനാണ്. മൂന്നര പതിറ്റാണ്ട്​ പൂർത്തിയാക്കുന്ന സിനിമ വീണ്ടും കാണുന്നു.


വിപിൻ മോഹൻ

എഴുത്തുകാരൻ, ഗൾഫിൽ ജോലി​ ചെയ്യുന്നു.

Comments