The Disciple; സംഗീതം പാരമ്പര്യം ആധുനികത- ഒരു ശിഷ്യ സംഘർഷം

പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വ്യവഹാരങ്ങൾ കലയെ അവയുടെ ആദർശങ്ങളിലും പ്രയോജനത്തിലും മാത്രം നിർത്തി ഉപയോഗിക്കുമ്പോൾ കല അതിജീവിക്കാൻ ആശ്രയിക്കുന്നത് അടിസ്ഥാനവർഗ്ഗത്തെ തന്നെയാണ്. കലയിൽ മുഴുകി പ്രവർത്തിപ്പിക്കുന്ന, യശോപ്രാർത്ഥികളല്ലാത്ത, ജീവിതത്തെ തിമിർത്ത് ആഘോഷിക്കാത്ത ദരിദ്രരിലാണ് സംഗീതം മഹത്ത്വവൽക്കരിക്കപ്പെടുന്നത്. സംഗീതം; ഏതൊരു കലയും, അതിജീവിക്കുന്നത് അവരിലൂടെയാണ്. 2020 വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള അവാർഡും FIPRESCI ജൂറി അവാർഡും നേടിയ തമാനേയുടെ 'ശിഷ്യൻ' (The Disciple) എന്ന പുതിയ സിനിമയെ കുറിച്ച്

ചൈതന്യ തമാനേ സാക്ഷാത്ക്കരിച്ച ‘കോടതി' (ദി കോർട്ട് ) എന്ന മറാത്തി ചലച്ചിത്രം ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലേക്കു തുറന്നുവച്ച കണ്ണായിരുന്നു. കോടതിയിലെത്തുന്ന മനുഷ്യാവകാശസംബന്ധിയായ ഒരു വ്യവഹാരത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്തമായ കോടതിമുറിയെയാണ് ചൈതന്യയുടെ ആദ്യചലച്ചിത്രം അവതരിപ്പിച്ചത്. നമ്മുടെ മുഖ്യധാരാചിത്രങ്ങളിലെ കോടതിമുറികളിൽ നിന്ന് തീർത്തും വിഭിന്നമായത്, എന്നാൽ, ഏറെ യഥാതഥം. തമാനേയുടെ പുതിയ ചലച്ചിത്രം ശിഷ്യൻ (The Disciple) പുറത്തിറങ്ങുന്നതിനുമുമ്പേ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ അത് മികച്ച തിരക്കഥക്ക് അവാർഡ് നേടിയ വാർത്ത പുറത്തുവന്നിരിക്കുന്നു. FIPRESCI ജൂറിയുടെ അവാർഡും ഈ സിനിമ നേടി.

പുതിയ ചലച്ചിത്രത്തിന്റെ പ്രമേയം സംഗീതവുമായി ബന്ധപ്പെട്ടതാണ്. ശുദ്ധസംഗീതത്തെ കുറിച്ച്, ശുദ്ധകലയെ കുറിച്ച്, സംഗീതത്തിന്റെ പാരമ്പര്യവഴികളെ കുറിച്ച് അഭിമാനമുള്ള ശരത് നെരുൽക്കർ എന്ന യുവാവിന്റെ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണിതെന്ന് ആദ്യനോട്ടത്തിൽ പറയാം. വാൾട്ടർ ബെൻയാമിന്റെ വാക്കുകളിൽ പറഞ്ഞാൽ, കലാകാരനുചുറ്റുമുള്ള ദിവ്യപരിവേഷത്തിൽ അയാൾ വിശ്വസിക്കുന്നു. തന്റെ ഗുരുക്കന്മാരിൽ ആ പരിവേഷം അയാൾ കണ്ടെത്തുന്നു. സംഗീതത്തെ നിഗൂഢമായ ശേഷിയോ വരമോ ആയി കാണുന്ന ഒരു മനോനില അയാളിലുണ്ട്. ശാസ്ത്രീയസംഗീതം അഭ്യസിക്കാൻ ശ്രമിക്കുന്ന ശരത്തിന്റെ അർപ്പണബുദ്ധിയുടേയും പ്രതിജ്ഞാബദ്ധതയുടേയും അയാൾ അനുഭവിക്കുന്ന ധൈഷണികസംഘർഷങ്ങളുടേയും ആവിഷ്‌കാരം കൂടിയാണിത്. സംഗീതത്തിനു വേണ്ടിയുള്ള ശരത്തിന്റെ കഠിനപ്രയത്നത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ചൈതന്യ തമാനേ പ്രശ്നീകരണങ്ങളുടെ അനേകം പ്രകരണങ്ങളെ സൃഷ്ടിച്ചുകൊണ്ട് ബഹുലമായ അർത്ഥങ്ങളെ സൃഷ്ടിക്കുന്നു. ചലച്ചിത്രത്തിന്റെ ശീർഷകം വിദ്യാർത്ഥി എന്നല്ല, ശിഷ്യൻ എന്നാണ്. ആ വാക്ക് കൊണ്ടു വരുന്ന ചില മൂല്യലോകങ്ങളുണ്ട്. ആധുനികതയുടെ മൂല്യലോകങ്ങളുമായി സംഘർഷത്തിലാകുന്ന ചിലത്. ഈ സംഘർഷമാണ് തമാനേയുടെ ചലച്ചിത്രത്തിന്റെ കാതൽ.

സംഗീതം തന്നെ ജീവിതം

വിനായക്പ്രധാൻ എന്ന സംഗീതജ്ഞന്റെ ശിഷ്യനാണ്, ശരത്. തന്റെ പിതാവ് ആലപിക്കുന്ന സംഗീതവും അദ്ദേഹം പറയുന്ന സംഗീതത്തെ കുറിച്ചുള്ള വാക്കുകളും കേട്ടാണ് ശരത് വളരുന്നത്. പിതാവിൽ നിന്ന് അയാൾക്കു ലഭിച്ച സംഗീതവാസനകളെ മായിയുടെ എപ്പോഴും ഓർമ്മിക്കുന്ന വാക്കുകളും ഗുരുസാമീപ്യവും ചേർന്ന് ശരത്തിൽ ഊട്ടിയുറപ്പിക്കപ്പെടുന്നു. സംഗീതപഠനത്തിന് ഏറെ ബുദ്ധിമുട്ടും വിഷമതകളും അനുഭവിക്കുമ്പോഴും സ്വയം താൽപ്പര്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതിനെ മനസ്സിലേറ്റി അതിനുവേണ്ടി കഷ്ടപ്പെട്ടു പ്രവർത്തിക്കുന്നു, അയാൾ. സഹപാഠികളെ പോലെ നന്നായി പാടാൻ ശരത്തിനു കഴിയുന്നില്ല. എന്നാൽ, അയാൾ താൻ ഏർപ്പെട്ടിരിക്കുന്ന പ്രവൃത്തിയുടെ മഹത്ത്വം നന്നായി അറിയുകയും അതിൽ മുഴുകുകയും ചെയ്യുന്നുണ്ട്. സംഗീതത്തിനുവേണ്ടി അയാൾ ജീവിതത്തെ മാറ്റിവക്കുന്നുവെന്നു പോലും പറയാം. നാൽപ്പതു വയസ്സിനു ശേഷം വിവാഹിതനായാൽ മതിയെന്ന്, തനിക്കു ഭാര്യയായി വിവാഹമോചനം നേടിയവരോ വിധവയോ ആരെങ്കിലും മതിയെന്നു പറയുന്നവനെ നാം കാണുന്നു. ശരത് തന്റെ ശാരീരിക ആവശ്യങ്ങൾ മാറ്റിവക്കുന്നതിനു പോലും സന്നദ്ധനാണ്. അയാൾ സ്വയംഭോഗം ചെയ്യുന്നതിന്റെ രണ്ടു രംഗങ്ങൾ ചലച്ചിത്രത്തിലുണ്ട്. തന്റെ വാസനകളേയും താൽപര്യങ്ങളേയും സ്വയം ശമിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പ്രവർത്തനം അയാളിൽ നടക്കുന്നുണ്ട്. ഒരു പക്ഷേ, അയാൾ തന്നിലേക്ക് ഒതുങ്ങിയിരിക്കുന്നവനാണ്. എന്നാൽ, പൂർണമായും ആത്മാനുരാഗത്തിൽ മുഴുകിയ ഒരാളായി ശരത്തിനെ കാണാനും കഴിയില്ല. പുതിയ കാലത്തിന്റെ മൂല്യങ്ങളുമായി മുഖാമുഖം വരുമ്പോൾ അയാൾ പരീക്ഷീണനാകുന്ന നിരവധി പ്രകരണങ്ങളെ ചലച്ചിത്രകാരൻ ഒരുക്കുന്നുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും മറ്റും സംഗീതത്തിലെ താരങ്ങളായി മാറാൻ വെമ്പുന്നവരുടെ വെപ്രാളങ്ങളെ ചലച്ചിത്രത്തിന്റെ മുഖ്യപ്രമേയവുമായി ചേർത്തുവച്ചുകൊണ്ട് താരതമ്യം ചെയ്യുന്ന സന്ദർഭങ്ങൾ ചലച്ചിത്രകാരൻ സൃഷ്ടിക്കുന്നു. മുതലാളിത്ത സംസ്‌കാരം കലയെ എങ്ങനെ മാറ്റിത്തീർക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ ദൃശ്യങ്ങൾ ചലച്ചിത്രത്തിൽ രേഖപ്പെട്ടിരിക്കുന്നു.

ചൈതന്യ തമാനേ
ചൈതന്യ തമാനേ

സംഗീതത്തിന്റെ പരമ്പരാഗതരീതികളെയാണ് ശരത് പിന്തുടരുന്നത്. പാടാൻ സദസ്സുകളിലേക്ക് പോകുന്നതിനുമുമ്പ് അയാൾ മായിയുടെ വാക്കുകൾ മനസ്സിൽ കേൾക്കുന്നു. മായിയുടെ ആലാപനം ശരത് കേട്ടിട്ടില്ല. സംഗീതത്തെ കുറിച്ച് അവർ പറയുന്ന വാക്കുകൾ അവരറിയാതെ റിക്കാർഡു ചെയ്തതാണ് ശരത് കേട്ടിട്ടുള്ളത്. ഇത് അയാൾക്ക് വലിയ പ്രചോദനം നൽകുന്നുണ്ട്. തന്റെ സംഗീതം റിക്കാർഡു ചെയ്യുന്നതിന് മായിക്ക് സമ്മതമുണ്ടായിരുന്നില്ല. യാന്ത്രികയുഗത്തിനു മുമ്പേയുള്ള ഒരു കാലത്തിന്റെ സംഗീതജ്ഞയാണ് അവർ. ഇപ്പോൾ അവരുടെ പാട്ടുകൾ ആരും കേൾക്കുന്നില്ല. കേൾക്കാത്ത സംഗീതത്തിന്റെ മധുരമായി ആ ഗുരു ശരത്തിന്റെ മനസ്സിൽ നിൽക്കുന്നു. എല്ലാക്കാലത്തേക്കും നിലനിൽക്കുകയെന്ന ആഗ്രഹങ്ങളില്ലാത്ത, സാധാരണ മനുഷ്യരായി ജീവിക്കുന്ന, തന്റെ ജീവിതകാലത്ത് തന്റെ സങ്കൽപ്പനങ്ങൾക്കനുസരിച്ച് സുന്ദരമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ശരത് തന്റെ ആദർശബിംബമാക്കുന്നു. കർണ്ണാടകസംഗീതത്തിന്റെ യന്ത്രപകർപ്പുകൾ തയ്യാറാക്കുന്നതിൽ സഹകരിക്കാതിരുന്ന പ്രമുഖരായ വാഗ്ഗേയകാരന്മാർ ചരിത്രത്തിലെ പ്രാമുഖ്യമുള്ള പദവിയിൽ നിന്നും തിരസ്‌ക്കൃതരാകുകയും അതിനു തയ്യാറാകുന്ന സുബ്ബലക്ഷ്മിയെ പോലുള്ള ഗായികമാർ സംഗീതചരിത്രത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നത് നമുക്കറിയാവുന്ന കാര്യമാണ്. അത്തരമൊരു പ്രകരണത്തെയാണ് മറ്റു മാനങ്ങളിൽ ചലച്ചിത്രകാരൻ ആവിഷ്‌ക്കരിക്കുന്നത്.

പാരമ്പര്യവാദികളെ ആകർഷിക്കുന്ന നായകസ്വരൂപം

ശരത് വൃദ്ധനായ ഗുരുവിന് വേണ്ട ശുശ്രൂഷകൾ നൽകുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയിൽ പരിചരിക്കുന്നു. തന്റെ ആലാപനത്തിലെ കുറവുകളെ കുറിച്ച് ഗുരു പറയുന്നത് കേൾക്കുന്നു. വലിയ വിദ്വാന്മാരായി തീരുന്നവരും മിടുക്കരുമായ ശിഷ്യന്മാരെ അപേക്ഷിച്ച് ഗുരുജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുകയും അവരെ ഓർക്കുകയും ചെയ്യുന്നത് സാധാരണക്കാരായ പിൻബഞ്ചിലിരിക്കുന്ന വിദ്യാർത്ഥികളാണ്. അവരെ കുറിച്ച് അദ്ധ്യാപകർ പറയുന്ന നല്ല വാക്കുകൾ, അവർക്കു നൽകുന്ന നിർദ്ദേശങ്ങൾ, പ്രശംസകൾ എല്ലാം അവർ ഓർത്തിരിക്കുന്നു. ഒരു പക്ഷേ, അദ്ധ്യാപകരെ അറിയുന്നതും ഉൾക്കൊള്ളുന്നതും കാലങ്ങൾക്കു ശേഷവും സംവദിക്കുന്നതും അവരാണ്. ശരത്തിൽ അങ്ങനെയൊരു ശിഷ്യനുണ്ട്. ഗുരുകുലവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ചവനെ പോലെ പെരുമാറുന്ന ശരത്ത് പാരമ്പര്യവാദികളെ ആകർഷിക്കുന്ന നായകസ്വരൂപമാണ്.

സംഗീതാഭ്യസനത്തിന്റെ പാരമ്പര്യവഴികളിലും യോഗാഭ്യാസരീതികളിലും ഊന്നുന്ന നായകന്റെ ജീവിതാദർശം പാരമ്പര്യത്തെ ഫാസിസത്തിനു നടക്കാനുള്ള വഴിയാക്കി മാറ്റിത്തീർത്തു കൊണ്ടിരിക്കുന്ന സമകാലത്ത് പ്രതിലോമകരമായ ചില ദൗത്യങ്ങളെ ഏറ്റെടുത്തേക്കും. ഉത്തരാധുനിക ചലച്ചിത്ര സങ്കൽപ്പനത്തിന്റെ ഇരുതലമൂർച്ചയുള്ള വാളിനെ പരിചയപ്പെടുന്നതിനുള്ള അവസരമാണിത്. എന്നാൽ, പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമാകുന്ന ചില മൂലകങ്ങളെ ശരത്തിൽ കാണാം. അയാൾ ശാസ്ത്രീയസംഗീതത്തെ കാസറ്റുകളിലാക്കി സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. കലയുടെ യാന്ത്രികമായ പുനരുൽപ്പാദനം അയാൾ നിർവ്വഹിക്കുന്നു. മായി അറിയാതെ റിക്കാർഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളിൽ നിന്നാണ് ആ സംഗീതപ്രതിഭയുടെ മഹത്ത്വം അയാൾ അറിയുന്നത്. തന്റെ വാക്കുകളുടെയോ സംഗീതത്തിന്റെയോ യാന്ത്രികമായ പുനരുൽപ്പാദനം മായി ഇഷ്ടപ്പെട്ടിരുന്നില്ലല്ലോ. അഥവാ അവരുടെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായ ഒരു പ്രവൃത്തിയാണ് ശരത്തിനെ പോലെ ഒരു സംഗീതപ്രേമിക്ക് അവരുടെ വാക്കുകൾ കേൾക്കാൻ പോലും സഹായകമാകുന്നത്. ചലച്ചിത്രകാരൻ ഒരുക്കുന്ന ഈ വിഭിന്നപ്രകരണങ്ങൾ ആധുനികതയെ പൂർത്തീകരിക്കപ്പെടാത്ത ഒരു പദ്ധതിയായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ്.

ചില വിമർശപാഠങ്ങൾ

പാരമ്പര്യത്തോടുള്ള ശരത്തിന്റെ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ കലയെ കുറിച്ചുള്ള പ്രശ്നീകരണങ്ങളുടെ ഒരു വലിയ ലോകം തുറക്കാൻ ചലച്ചിത്രകാരൻ ശ്രമിക്കുന്നുണ്ട്. ശരത്തും സുഹൃത്തും ഒരു സംഗീതനിരൂപകനുമായി സംഭാഷണങ്ങളിലേർപ്പെടുന്ന രംഗങ്ങൾ ചലച്ചിത്രത്തിലുണ്ട്. മായിയെ കുറിച്ചും അവരുടെ ശിഷ്യനായ വിനായക് പ്രധാനെ കുറിച്ചും വിമർശനവാക്കുകളാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ മായിയുടെ റിക്കാർഡുകൾ കേട്ടിട്ടുണ്ടോയെന്ന ശരത്തിന്റെ ചോദ്യത്തിന് ചിലതൊക്കെ കേട്ടിട്ടുണ്ടെന്ന് അയാൾ മറുപടി നൽകുന്നു. മായിക്ക് റിക്കാർഡുകളില്ലല്ലോ എന്നു ശരത് പറയുമ്പോൾ അവർ പൊതുവിടങ്ങളിൽ സംഗീതം അവതരിപ്പിക്കാൻ സന്നദ്ധയാകാത്തതു കൊണ്ടാണെന്ന് നിരൂപകന്റെ മറുപടി. അത് അങ്ങനെയല്ലെന്ന് ശരത് തർക്കിക്കുന്നു.

The Disciple സിനിമയിലെ ഒരു രംഗം
The Disciple സിനിമയിലെ ഒരു രംഗം

സാംസ്‌കാരികവിമർശകരുടെ പൊങ്ങച്ചവാക്കുകൾ ചിലതെങ്കിലും ആ നിരൂപകനിൽ നിന്ന് കേൾക്കാമെങ്കിലും അയാളിൽ നിന്ന് ചില വിമർശപാഠങ്ങൾ നമുക്കു ലഭ്യമാകുന്നുണ്ട്. ആ സംഗീതനിരൂപകൻ പറയുന്ന കാര്യങ്ങൾ ശരത്തിനു താങ്ങാൻ കഴിയാത്തതായിരുന്നു. മായിക്ക് സംഗീതാവതരണത്തിന് താൽപ്പര്യമുണ്ടായിരുന്നില്ലെന്നും അവർ വിമോഹാവസ്ഥയിൽ നിരന്തരം സംഗീതം അഭ്യസിക്കുകയായിരുന്നെന്നും മറ്റുമുള്ള പ്രചാരണങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് നിരൂപകൻ പറയുന്നു. അവതരണത്തിൽ താൽപ്പര്യമില്ലാത്ത കലാകാരന്മാരുണ്ടോ? സ്പഷ്ടമായും അവർ ഉന്മത്തയായിരുന്നു. ഏതാണ്ട് മുപ്പതു വർഷം മുമ്പ് നിങ്ങളുടെ പ്രായത്തിൽ അവരുടെ വീട്ടിലിരുന്ന് ഞാൻ ആ സംഗീതം കേട്ടിട്ടുണ്ട്. അവർ നല്ല സംഗീതജ്ഞയാണ്. പക്ഷേ, ഒരു മനുഷ്യസ്ത്രീയെന്ന നിലക്ക് നിന്ദ്യയാണ്. അവരുടെ മകളുടെ ഭാവി തന്നെ അവർ നശിപ്പിച്ചു, മുഗളർ നമ്മുടെ സംഗീതത്തെ മലിനീകരിച്ചുവെന്നും താൻ മുസ്‌ലിം സംഗീതം ആലപിക്കുകയില്ലെന്നും പറഞ്ഞ മായി മറ്റുള്ളവരേക്കാൾ മെച്ചമാണെന്നു സ്വയം അഭിമാനിച്ചിരുന്ന വരേണ്യവാദിയായിരുന്നവെന്ന് അയാൾ പറയുന്നു. തന്റെ ഗുരുവിനെ വിമർശിച്ച് അയാൾ സംസാരിക്കാൻ തുടങ്ങുമ്പോൾ ശരത് തന്റെ മുന്നിലിരുന്ന പാനീയമെടുത്ത് അയാളുടെ മുഖത്തൊഴിക്കുന്നു. വലിയ പ്രശ്നീകരണത്തിന്റെ ഈ സന്ദർഭങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നെങ്കിൽ തമാനേയുടെ ചലച്ചിത്രം മിക്കവാറും ഏകതാനമായ ആദർശലോകത്തിന്റെ പ്രചാരണമായി മാറിത്തീരുമായിരുന്നു!

തമാനേയുടെ ചലച്ചിത്രത്തിലെ ലോങ്ഷോട്ടുകൾ സവിശേഷശ്രദ്ധ ആകർഷിക്കുന്നതാണ്. സംഗീതസദസ്സുകളേയും ഹാളുകളേയും മുറികളേയും ഫോക്കസ് ചെയ്യുന്ന രീതി വ്യത്യസ്തതയുള്ളതായി നമുക്ക് അനുഭവപ്പെടുന്നു. സംഗീതത്തിന്റെ ഒരു മായികലോകം ഈ ചലച്ചിത്രത്തിലുണ്ട്. അത്യന്തം ഹൃദയാവർജ്ജകമായി അവ ചിത്രീകരിച്ചിരിക്കുന്നു. ശാസ്ത്രീയസംഗീതകാരന്മാരുടെ അർപ്പണബുദ്ധിയേയും മറ്റും എടുത്തു കാണിക്കുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ദൃശ്യങ്ങളുടെ മുറിക്കലും ഒട്ടിക്കലും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

കലയുടെ മഹത്ത്വത്തെ കുറിച്ചുള്ള കുറിച്ചുള്ള ചിന്തകൾ ഈ ചലച്ചിത്രത്തിന്റെ ആധാരശ്രുതിയായിരിക്കുന്നു. എന്നാൽ, ചലച്ചിത്രത്തിന്റെ അന്ത്യരംഗത്തിൽ തീവണ്ടിയിൽ പാടുന്ന ഗായകനെ കാണിക്കുന്ന ചലച്ചിത്രകാരൻ കലയുടെ വേരുകൾ അടിസ്ഥാനവർഗ്ഗത്തിലാണെന്നു സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വ്യവഹാരങ്ങൾ കലയെ അവയുടെ ആദർശങ്ങളിലും പ്രയോജനത്തിലും മാത്രം നിർത്തി ഉപയോഗിക്കുമ്പോൾ കല അതിജീവിക്കാൻ ആശ്രയിക്കുന്നത് അടിസ്ഥാനവർഗ്ഗത്തെ തന്നെയാണ്. കലയിൽ മുഴുകി പ്രവർത്തിപ്പിക്കുന്ന, യശോഃപ്രാർത്ഥികളല്ലാത്ത, ജീവിതത്തെ തിമിർത്ത് ആഘോഷിക്കാത്ത ദരിദ്രരിലാണ് സംഗീതം മഹത്ത്വവൽക്കരിക്കപ്പെടുന്നത്. സംഗീതം; ഏതൊരു കലയും, അതിജീവിക്കുന്നത് അവരിലൂടെയാണ്.


Summary: പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വ്യവഹാരങ്ങൾ കലയെ അവയുടെ ആദർശങ്ങളിലും പ്രയോജനത്തിലും മാത്രം നിർത്തി ഉപയോഗിക്കുമ്പോൾ കല അതിജീവിക്കാൻ ആശ്രയിക്കുന്നത് അടിസ്ഥാനവർഗ്ഗത്തെ തന്നെയാണ്. കലയിൽ മുഴുകി പ്രവർത്തിപ്പിക്കുന്ന, യശോപ്രാർത്ഥികളല്ലാത്ത, ജീവിതത്തെ തിമിർത്ത് ആഘോഷിക്കാത്ത ദരിദ്രരിലാണ് സംഗീതം മഹത്ത്വവൽക്കരിക്കപ്പെടുന്നത്. സംഗീതം; ഏതൊരു കലയും, അതിജീവിക്കുന്നത് അവരിലൂടെയാണ്. 2020 വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള അവാർഡും FIPRESCI ജൂറി അവാർഡും നേടിയ തമാനേയുടെ 'ശിഷ്യൻ' (The Disciple) എന്ന പുതിയ സിനിമയെ കുറിച്ച്


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments