'പെർഫെക്റ്റ് ആയ അമ്മ എന്നൊന്നില്ല'; ദി ലോസ്റ്റ് ഡോട്ടർ റിവ്യു

മാതൃത്വം അത്ര സ്വാഭാവികമായ ഒന്നല്ല എന്ന് സിനിമയും സാഹിത്യവും കുറച്ചുകാലങ്ങളായിനമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. എങ്കിലും മാതൃത്വ ഗ്ലോറിഫിക്കേഷനിൽ നിന്നും നാം ഇന്നും മുക്തരല്ല.

അത്ര “സ്വാഭാവികം” അല്ലാത്ത ഒരു അമ്മയെ ആണ് മാഗി ജിലന്ഹോയുടെ “ദി ലോസ്റ്റ് ഡോട്ടറിൽ” കാണാൻ കഴിയുക. എലേന ഫെറാൻറെയുടെ ദി ലോസ്റ്റ്‌ ഡോട്ടർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇറ്റലിയിൽ ഒരു കടൽത്തീരത്ത് വെക്കേഷൻ ആസ്വദിക്കാൻ എത്തുന്ന പ്രോഫസറായ ലേഡയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. വാർധക്യത്തോടടുത്തുനിൽക്കുന്ന ലേഡ, ഏകാന്തതയെ ആസ്വദിക്കുന്നതായി ആദ്യം മുതൽ തന്നെ പ്രേക്ഷകർക്ക് മനസ്സിലാവും. എന്നാൽ അത് കടൽത്തീരത്ത് എത്തുന്ന മറ്റൊരു കുടുംബത്തിൻറെ ആരവങ്ങളിലുടെ ഇല്ലാതെയാവുന്നു. ആ ബഹളങ്ങൾക്കിടയിൽ, വായിച്ചു കൊണ്ടിരുന്ന ലേഡ തൻറെ പുസ്തകം മടക്കി വെക്കുന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരിയായ നിനയും മകൾ എലേനയും ലേഡയെ അവളുടെ ഭൂതകാലം ഓർമിപ്പിക്കുന്നു.

ഫ്ലാഷ് ബാക്ക്കളുടെ മിന്നി മറയലിൽ ചെറുപ്പക്കാരിയായ ലേഡയെയും രണ്ട് പെൺകുട്ടികളെയും കാണാം. മക്കളുടെ സാനിദ്ധ്യം പലപ്പോഴും ലേഡക്ക് അരോചകമായി മാറുന്നുണ്ട്. എഴുത്തിലോ ജോലിയിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമ്മതിക്കാതെ രണ്ടു പെൺകുട്ടികളും അവർക്ക് ചുറ്റും എല്ലായ്പോഴും ഉണ്ട്. നിനയും സമാനമായ ബുദ്ധിമുട്ടിലൂടെ കടന്നു പോവുകയാണ്. കുഞ്ഞിനെ കൊണ്ട് അവർക്കും മടുക്കുന്നുണ്ട്. അത് ലേഡ മാത്രം അനുഭവിച്ചറിയുന്നു. സ്വന്തം വീട്ടിൽ നിന്നും അമ്മയിൽ നിന്നും കരിയറിന് വേണ്ടി ഓടി പോകുകയും അത് സ്വപ്നം കണ്ടു കൊണ്ട് തന്നെ വിവാഹം ചെയ്യുകയും ചെയ്ത ആളാണ്‌ ലേഡ. എന്നാൽ മാതൃത്വം അവരെ വീണ്ടും കുരുക്കിൽ ആക്കുന്നു. അവരുടെ സ്വപ്നങ്ങൾക്ക് ചുറ്റും രണ്ട് പെൺകുഞ്ഞുങ്ങൾ വേലികൾ നിർമ്മിച്ച് കളിച്ച് കൊണ്ടിരുന്നു. ഭർത്താവാകട്ടെ ആ വേലികൾക്ക് പുറത്ത് നിൽക്കുക മാത്രം ചെയ്തു.

ദി ലോസ്റ്റ് ഡോട്ടറിൽ നിന്ന്
ദി ലോസ്റ്റ് ഡോട്ടറിൽ നിന്ന്

ഒരിക്കൽ അക്കാദമിക് ആവശ്യങ്ങൾക്ക് ആയി വിട്ടിൽ നിന്നും മാറി നിൽക്കുകയും ഒരാളുമായി പ്രണയത്തിലാകുകയും ചെയ്ത നിമിഷത്തിൽ ലേഡ രണ്ട് മക്കളെയും ഉപേക്ഷിച്ച് വീടുവിട്ടു പോകുന്നു. എന്നാൽ മൂന്നു വർഷത്തിനുശേഷം തിരിച്ചുവരികയും ചെയ്യുന്നു. മക്കളെ ഉപേക്ഷിച്ച് പോയതിലുള്ള കുറ്റബോധം അവരെ വേട്ടയാടിയിരുന്നുവെങ്കിലും ആ മൂന്ന് വർഷം ജീവിതത്തിൽ ഏറ്റവും മനോഹരമായ സമയമായിരുന്നു എന്ന് അവർക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. അവിടെയാണ് സിനിമ “I’m a very unnatural mother” എന്ന ലേഡയുടെ വാചകത്തെ പ്രേക്ഷകന് വ്യക്തമാക്കി കൊടുക്കുന്നത്.

കടൽത്തീരത്ത് വെച്ച് എലേനയുടെ കയ്യിൽ നിന്നും ഒരു പാവയെ ലേഡ മോഷ്ടിക്കുന്നുണ്ട്. ഫ്ലാഷ് ബാക്കുകളിൽ ലേഡ തന്റെ ചെറുപ്പത്തിലെ പാവയെ മകൾക്ക് കൊടുക്കുന്നുണ്ട്. അവളത് നശിപ്പിക്കുമ്പോൾ ലേഡയുടെ ഹൃദയം തകരുന്നു. മുതിർന്ന് കഴിയുമ്പോൾ, അമ്മയായി കഴിയുമ്പോൾ പോലും ഒരു പാവക്കുട്ടിയോട് താല്പര്യം തോന്നുന്നത് വളരെ സ്വാഭാവികമായ ഒന്നായി സിനിമയിൽ കാണാം. എലേന കരഞ്ഞു ബഹളം ഉണ്ടാക്കിയിട്ടും അസ്വസ്ഥതയോടെ ഉറങ്ങാതെ ദിവസങ്ങൾ തള്ളി നീക്കിയിട്ടും ആ പാവയെ തിരികെ നൽകാതെ തൻറെ സ്വകാര്യ സന്തോഷമായി ലേഡ കൊണ്ട് നടക്കുന്നു. അവരതിനെ ഒരു കുഞ്ഞിനെ എന്നപോലെ കുളിപ്പിച്ച് പുതിയ ഉടുപ്പ് ഉടുപ്പിക്കുന്നു. അതിൻറെ വായിൽ നിന്നും ഒരു പഴുതാരയെ പുറത്തിറക്കുന്നു. തനിക്ക് നഷ്ടപ്പെട്ട പാവക്കുട്ടിയെയും “മാതൃത്വം” അവർക്ക് നിഷേധിച്ച അവരുടെ സ്വപ്നങ്ങളെയും ആണ് ലേഡ അവിടെ വീണ്ടെടുക്കുന്നത്.

എത്ര സൂക്ഷ്മമായ ഭാവങ്ങളും തൻറെ കയ്യിൽ ഭദ്രമാണ് എന്ന് ഒലീവിയ കോൾമാൻ ലേഡയിലുടെ വീണ്ടും തെളിയിക്കുന്നു. പാവക്കുട്ടിയോട് ഇഷ്ടം തോന്നുന്ന, മക്കളിൽ നിന്നും അകന്നു പോയ ഒരു അമ്മ വളരെ സ്വാഭാവികമാവുന്നിടതാണ് സിനിമ വിജയിക്കുന്നത്. സമീപ കാലത്തെ ചില സിനിമകളിൽ കാണും പോലെ രാഷ്ട്രീയം പറയാൻ വേണ്ടി രാഷ്ട്രീയം പറയുകയല്ല ലോസ്റ്റ്‌ ഡോട്ടറിലുടെ മാഗി ജിലന്ഹോ ചെയ്യുന്നത്.അത്തരം സിനിമകളിൽ പലപ്പോഴും സിനിമയുടെ സൗന്ദര്യാത്മകത നഷ്ടപ്പെട്ട് പോകുന്നത് കാണാൻ കഴിയും. എന്നാൽ രാഷ്ട്രീയം പറയുമ്പോൾ തന്നെ അത്യന്തികമായി ദി ലോസ്റ്റ്‌ ഡോട്ടർ ഒരു മികച്ച കലാസൃഷ്ടി ആയി നിലനിൽക്കുന്നു.

ഏറ്റവും മികച്ച, പെർഫെക്റ്റ് ആയ അമ്മ എന്നൊന്നില്ല. ഓരോ അമ്മമാരും തങ്ങളാൽ കഴിയും വിധം കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്. അമ്മ എന്ന ഒറ്റ വാക്കിൽ അതിനെ ഉൾക്കൊള്ളിക്കാൻ കഴിയുകയുമില്ല. അതിൽ പരാജയപ്പെട്ട് പോകുന്നതും വളരെ സ്വാഭാവികമാണ് എന്ന് ദി ലോസ്റ്റ്‌ ഡോട്ടർ നമ്മളെ ഓർമിപ്പിക്കുന്നു. തുടക്കത്തിലെ പതിഞ്ഞ താളത്തിലുള്ള ത്രില്ലിംഗ് ഫീൽ പിന്നീട് എന്തെങ്കിലും കുറ്റകൃത്യങ്ങളിലേക്കുള്ള കോണിപ്പടി ആണോ എന്ന് തോന്നിപ്പിക്കും വിധമാണ്. പക്ഷേ രക്തക്കറകൾ ഇല്ലാതെ തന്നെ വളരെ സ്വാഭാവികമായി ഒരു അസ്വാഭാവികമായ കഥ പറയുകയാണ് ഇവിടെ.

Comments