'ദ ഓൾഡ് ഓക്ക്'
ഭാവിക്കുവേണ്ടിയുള്ള രാഷ്ട്രീയ സിനിമ

ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകൾ വെറുപ്പിൻ്റെ, അപരവിദ്വേഷത്തിൻ്റെ വിഷപ്പല്ലുകൾ കൊഴിപ്പിക്കുക തന്നെ ചെയ്യും എന്ന ശുഭപ്രതീക്ഷയാണ് IFFK- യിൽ പ്രദർശിപ്പിച്ച കെൻ ലോച്ചിൻ്റെ 'ദ ഓൾഡ് ഓക്ക് ' എന്ന സിനിമ പ്രകടിപ്പിക്കുന്നത്.

വെറുപ്പിൻ്റെ ചോരമണക്കുന്ന തെറിവാക്കുകൾ അനുതാപത്തിലേക്ക്, ചേർന്നുനിൽക്കലിലേക്ക്  പരിവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയാണ് കെൻ ലോച്ച് 87-ാമത്തെ വയസ്സിലും വെച്ചു പുലർത്തുന്നത്. അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ 'പഴയ ഓക്കുമര'ത്തിൽ (ദ ഓൾഡ് ഓക്ക്) ഉച്ചരിക്കപ്പെടുന്ന തെറിവാക്കുകൾക്ക് കണക്കില്ല. പലതും ബ്രിട്ടനിലെ ദുർഹാം പ്രവിശ്യയിൽ പ്രചാരത്തിലുള്ള പ്രാദേശിക തെറിവാക്കുകൾ. 'ഫക്ക് ' എന്നത് മിക്കവാറും എല്ലാത്തിനെയും കുറിച്ച് പറയാനുപയോഗിക്കുന്ന ഒന്നാണ്. വ്യക്തികളെ, സംഭവങ്ങളെ, പ്രവർത്തനങ്ങളെ, സ്ഥലങ്ങളെ എല്ലാം പരാമർശിക്കുമ്പോൾ അതിനു മുന്നിൽ ‘ഫക്ക്’ എന്നു ചേർക്കുന്ന ഒരു ദേശവും കാലവുമാണ് ഇതിലുള്ളത്. അപരവിദ്വേഷത്തിൻ്റെ തുറന്നതും കുലീനവുമായ പ്രയോഗങ്ങൾ ഇവിടെയുണ്ട്.

വംശീയതയുടെ, അപരത്വത്തിൻ്റെ, സ്വന്തം സ്വത്വത്തിലും സംസ്കാരത്തിലുമുള്ള അന്ധമായ വിശ്വാസത്തിൻ്റെ ജീർണ്ണബോധ്യം പേറുന്ന പല തലമുറയിലെ മനുഷ്യർ ഈ ചിത്രത്തിലുണ്ട്. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ ആരും അതിൽ നിന്ന് മുക്തരല്ല. എന്നാൽ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകൾ വെറുപ്പിൻ്റെ, അപരവിദ്വേഷത്തിൻ്റെ വിഷപ്പല്ലുകൾ കൊഴിപ്പിക്കുക തന്നെ ചെയ്യും എന്ന ശുഭപ്രതീക്ഷയാണ് സിനിമ മുന്നോട്ടുവെക്കുന്നത്.

ദ ഓൾഡ് ഓക്ക് എന്ന സിനിമയിൽനിന്ന്.

ആഭ്യന്തര യുദ്ധത്തിൻ്റെ ഇരകളായ ഒരു പറ്റം മനുഷ്യർ ഉടുതുണിയുമായി ഇംഗ്ലണ്ടിലെ ദുർഹാം പ്രവിശ്യയിൽ ചില സന്നദ്ധ പ്രവർത്തകരുടെ മുൻകൈയിൽ എത്തിച്ചേരുന്നിടത്താണ് 'ഓൾഡ് ഓക്ക്' ആരംഭിക്കുന്നത്. ദുർഹാം വലിയ ഖനികളുണ്ടായിരുന്ന ഒരു പ്രദേശമാണ്. ഓരോ ഖനിക്കു ചുറ്റും വികസിച്ചുവന്ന ടൗൺഷിപ്പുകളാണ് അവിടെയുള്ളത്. ഖനികളില്ലാതായതോടെ പലരും കിട്ടിയ വിലക്ക് അവരുടെ കെട്ടിടങ്ങൾ വിറ്റുതുലച്ച് സ്ഥലം വിടുന്നു. അപ്രകാരം ഓൺലൈൻ ലേലംവിളിയിൽ പിടിച്ച കെട്ടിടങ്ങളിലേക്കാണ് ഈ സിറിയൻ അഭയാർത്ഥികളെ കൊണ്ടുവരുന്നത്. അവിടെ അവശേഷിക്കുന്ന തങ്ങളുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും ഊറ്റം കൊള്ളുന്ന ജനതയ്ക്കാവട്ടെ ഇവരെ ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നുമില്ല. സിറിയക്കാർ അവർ വന്ന ബസിൽനിന്നിറങ്ങുമ്പോൾ തന്നെ ഈ സംഘർഷം തുടങ്ങുന്നുണ്ട്. അതിൽപ്പെട്ടാണ് സിനിമയിലെ മുഖ്യ കഥാപാത്രമായ യാരയുടെ ക്യാമറ തകരുന്നത്. ആ ക്യാമറ അവൾക്ക് ജീവനാണ്. തൻ്റെ കാണാതായ അച്ഛൻ്റെ ഓർമയാണ് അതവൾക്ക്. തൻ്റെ ജീവിതത്തെ സഹ്യമാക്കിത്തീർക്കുന്ന അതിജീവനോപാധിയാണ്.

സിറിയയിലെ ഭീതിദമായ കാഴ്ചകൾ അവളെത്തളർത്തിയപ്പോൾ ക്യാമറക്കണ്ണിലൂടെയുള്ള മറ്റൊരു കാഴ്ചയാണ് തനിക്ക് പ്രതീക്ഷയും കരുത്തും നൽകിയത് എന്നവൾ പറയുന്നുണ്ട്. അവളുടെ ഫോട്ടോഗ്രാഫുകൾ ഒരു ചലച്ചിത്രമെന്നപോലെ സംഗീതത്തിൻ്റെ അകമ്പടിയോടെ സിനിമയിൽ ഒരു ഹാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സിനിമയെക്കുറച്ചുള്ള മറ്റു ചില പരാമർശങ്ങളും 'ദ ഓൾഡ് ഓക്കി'ലുണ്ട്. സിനിമയും മറ്റൊരു ക്യാമറക്കാഴ്ചയാണ്. അതിജീവനത്തിനുള്ള ഉപാധിയായി മാത്രം സിനിമയെക്കാണുന്ന കെൻ ലോച്ചിൻ്റെ ആത്മഗതം കൂടിയാണിത്, ഓൾഡ് ഓക്ക് അതിൻ്റെ സാക്ഷ്യപത്രവും.

മുഖ്യ കഥാപാത്രമായ യാരക്ക് അവളുടെ ജീവനാണ്. തൻ്റെ കാണാതായ അച്ഛൻ്റെ ഓർമയാണ് അതവൾക്ക്. തൻ്റെ ജീവിതത്തെ സഹ്യമാക്കിത്തീർക്കുന്ന അതിജീവനോപാധിയാണ്.

കെൻ ലോച്ചിൻ്റെ ശ്രദ്ധേയ സിനിമയായ 'ഐ ഡാനിയൽ ബ്ലേക്കി'ലെ മുഖ്യ കഥാപാത്രമായ ഡാനിയൽ ബ്ലേക്കിനെ അവതരിപ്പിച്ച ഡേവ് ടർണർ തന്നെയാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രമായ, എല്ലാവരും ടി.ജെ എന്ന് വിളിക്കുന്ന ടോമി ജോസ് ബാലൻ്റൈൻ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുള്ളത്. ഡാനിയേൽ ബ്ലേക്കിനെപ്പോലെ സമൂഹത്തിൻ്റെ പൊതുബോധത്തോട് നിരന്തരം കലഹിക്കുന്ന ഒരാളാണ് ഇതിലെ ടി.ജെയും. പരമ്പരയായി ഖനിത്തൊഴിലിൽ ഏർപ്പെട്ടിരുന്ന അവിടുത്തുകാരുടെ പ്രതിനിധിയായിരുന്നു അയാളും. തൻ്റെ അച്ഛൻ ഖനിത്തൊഴിലാളികൾക്കുവേണ്ടി നടത്തിയ സമരങ്ങളെ, പ്രതിഷേധങ്ങളെ അയാൾ ഓർക്കുന്നുണ്ട്. യാരയുമായി അയാൾക്കുണ്ടാകുന്ന അടുപ്പത്തിൻ്റെ ഒരിഴ വീണുകിടക്കുന്നത് ക്യാമറയിലും ഫോട്ടോഗ്രാഫിയിലുമാണ്. മറ്റൊന്ന് സമൂഹത്തിനുവേണ്ടി, തൻ്റെ മാതാപിതാക്കളെപ്പോലെത്തന്നെ പ്രവർത്തിക്കാനുള്ള ഉന്മേഷത്തിലും.
യാരയുടെ തകർക്കപ്പെട്ട ക്യാമറ നന്നാക്കിക്കൊടുക്കുന്നത് ടി.ജെയാണ്. അതിനയാൾക്ക് ഫോട്ടോഗ്രാഫറായ അമ്മാവൻ അവശേഷിപ്പിച്ച രണ്ടു ക്യാമറകൾ വിൽക്കേണ്ടി വന്നു. അമ്മാവൻ എടുത്ത ഖനിത്തൊഴിലാളികളുടെ ജീവിതരേഖയായ ഫോട്ടോകൾ, തൻ്റെ ഇരുപതു വർഷമായി പൂട്ടിയിട്ട ഒരു മുറിയിൽ അയാൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അതയാളുടെ നഷ്ട ജീവിത സൗഭാഗ്യങ്ങളുടെ ശേഷിപ്പുകൾ കൂടിയാണ്. ഖനികൾ പൂട്ടപ്പെട്ടശേഷം അയാൾ ടൗൺഷിപ്പിൽ ഒരു പബ് നടത്തുകയാണ്. തങ്ങളുടെ നാട്ടിലെത്തിയ സിറിയൻ അഭയാർത്ഥികളെ സ്വീകരിക്കാനും അവർക്ക് സൗകര്യങ്ങളൊരുക്കാനും അയാൾ മുന്നിലുണ്ട്. ടൗൺഷിപ്പിലെ മുസ്‍ലിം വിരോധികളുടെയും വംശീയബോധം വെച്ചു പുലർത്തുന്നവരുമായ തദ്ദേശീയരുടെയും അവിടെ അധിവസിക്കാനെത്തിയ സിറിയക്കാരുടെയും ഇടയിലെ കണ്ണിയാണയാൾ. അയാൾ അനുഭവിക്കുന്ന സംഘർഷങ്ങൾക്ക് പ്രധാന കാരണം തന്നെ അതാണ്.

ടി.ജെയും യാരയും

വൃത്തികെട്ട ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു എന്ന് ടി.ജെ യാരയോട് പറയുന്നുണ്ട്. തൻ്റെ സ്വഭാവം കൊണ്ടുമാത്രം തന്നെ വിട്ടുപോയ ഒരു നല്ല സ്ത്രീയായാണ് അയാൾ ഡൈവോഴ്സ് നേടിയ ഭാര്യയെ പരിചയപ്പെടുത്തുന്നത്. തന്നോട് മിണ്ടാതായ മകനെയും അയാൾ കുറ്റപ്പെടുത്തില്ല. മറ്റു പലതിലും വ്യാപരിച്ച തൻ്റെ ജീവിതമാണ് അവരെ അതിനെല്ലാം പ്രേരിപ്പിച്ചത് എന്നയാൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. തൻ്റെ വ്യർത്ഥമായ ജീവിതത്തെ ഓർത്ത്, അപ്പൻ അപകടത്തിൽപ്പെട്ടു മരിച്ച കടലിൽ ചാടി അയാൾ ഒരിക്കൽ മരിക്കാനൊരുങ്ങിയതാണ്. അന്നയാളെ അതിൽ നിന്നു രക്ഷിച്ചത് ഒരു കൊച്ചു നാടൻപട്ടിയാണ്. മാര എന്നയാൾ വിളിക്കുന്ന ആ നായ ഇതിലെ അർത്ഥവത്തായ ഒരിമേജാണ്. മാരാ എന്നെഴുതിയ ഒരു മുദ്ര അയാളുടെ അടുത്തെത്തുമ്പോൾത്തന്നെ ആ പട്ടിയുടെ കഴുത്തിൽ കെട്ടി ഞാത്തിയിട്ടുണ്ടായിരുന്നു. മാരാ എന്ന വാക്കിന് ചങ്ങാതി എന്നാണ് മൈനിംഗ് തൊഴിലാളികൾക്കിടയിലെ അർത്ഥം. പിന്നീടയാളുടെ ജീവിതത്തിൻ്റെ കേന്ദ്രം അവളാകുന്നുണ്ട്. മാര (ചങ്ങാതി) എന്ന പേരിൽ തുല്യതയും പരസ്പര ബഹുമാനവുമുണ്ട്. സാമൂഹികമായും ഈ തുല്യതയേയും പരസ്പര സഹകരണത്തെയുമാണ് സിനിമ മുന്നോട്ടു വെക്കുന്നത്. അത് മനുഷ്യർ തമ്മിലായാലും മറ്റു ചരാചരങ്ങളുമായാലും.

വംശീയതയും വ്യക്തിവിദ്വേഷവും മനുഷ്യരെ ഏതറ്റം വരെയെത്തിക്കും എന്ന് 'പഴയ ഓക്കുമരം' പ്രകടമായും കാട്ടിത്തരുന്നുണ്ട്.

എന്നാൽ, ശരീരികമായ കരുത്തിനാൽ, ഒരു പറ്റം ക്രൂരരായ നായകളാൽ മാര ദാരുണമായി വേട്ടയാടപ്പെടുന്നു. അവരവളെ കടിച്ചുകീറുന്നു. ഈ കടിച്ചുകീറൽ തന്നെയാണ് പലയിടത്തും വെച്ച് സിറിയൻ അഭയാർത്ഥികളോട് അവിടുത്തെ തദ്ദേശീയരും കാട്ടുന്നത്. യാരയുടെ സഹോദരനെ വംശീയ വിഷംമുറ്റിയ സഹപാഠികൾ സ്കൂളിൽ വെച്ച് മർദ്ദിച്ചവശനാക്കുന്നുണ്ട്. രണ്ടിടത്താണെങ്കിലും ഈ രണ്ടു സീക്വൻസുകളും പരസ്പരം ചേർന്നുനിൽക്കുന്നതാണ്. ചിലർ ഭൗതികമായി കടിച്ചുകീറുമ്പോൾ സമൂഹത്തിൽ മാന്യതയുള്ളവർ ചീത്ത വാക്കുകളാൽ അഭയാർത്ഥികളെ പിച്ചിചീന്തുന്നു. ഭീകരവാദികൾ, കുറ്റവാളികൾ, വൃത്തിയില്ലാത്തവർ, സംസ്കാരമില്ലാത്തവർ, ഇംഗ്ലീഷ് പറയാനറിയാത്തവർ, കീടങ്ങൾ, ഭ്രാന്തന്മാർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ ... അവരെ പരസ്യമായി ഇങ്ങനെ വിശേഷിപ്പിക്കാൻ 'സംസ്കാര സമ്പന്നരായ' തദ്ദേശീയർക്ക് മടിയേതുമില്ല. അതവരുടെ അവകാശമാണ് എന്നാണവർ ധരിച്ചു വെച്ചിരിക്കുന്നത്.

അന്യദേശത്തു നിന്നെത്തിയ സഹോദരങ്ങളെ, പ്രത്യേകിച്ച്, അവർ മുസ്‍ലിംകളാണെന്ന ബോധ്യത്താൽ നികൃഷ്ടരായി കാണുന്ന തദ്ദേശീയരിൽ പലരും അയർലണ്ടിൽ നിന്നും മറ്റും ഒരു തലമുറ മുമ്പ് അവിടേക്ക് കുടിയേറിയവരാണ്. തങ്ങൾ വംശീയവാദികളല്ല, എന്ന ആമുഖത്തോടെ ഉള്ളിലെ വംശീയ വിദ്വേഷത്തെ അലംകൃതമായ വാക്കുകളിൽ പൊതിഞ്ഞവതരിപ്പിക്കുന്ന കുലീനരും തദ്ദേശീയർക്കിടയിലുണ്ട്. ഒരധ്യാപിക സ്കൂളിലെത്തിയ സിറിയൻ കുഞ്ഞുങ്ങളെക്കുറിച്ച് അങ്ങനെയാണ് പറയുക. സ്കൂളിലെ അച്ചടക്കം പോയി, നിലവാരം താഴേക്കു പോയി, അതൊരു ഇംഗ്ലീഷ് സ്കൂൾ അല്ലാതായി മാറി എന്നൊക്കെ.


വംശീയതയും വ്യക്തിവിദ്വേഷവും മനുഷ്യരെ ഏതറ്റം വരെയെത്തിക്കും എന്ന് 'പഴയ ഓക്കുമരം' പ്രകടമായും കാട്ടിത്തരുന്നുണ്ട്. അടുത്ത സുഹൃത്തുക്കളായ രണ്ടു ഖനിത്തൊഴിലാളികളുടെ മക്കളാണ് ടി.ജെയും ചാർലിയും. കുഞ്ഞുനാൾ തൊട്ട്  സുഹൃത്തുക്കളും സഹപാഠികളും. പ്രദേശത്തെ പൗരപ്രമുഖനായ ചാർലി സിറിയൻ കുടുംബങ്ങളുടെ ദേശത്തേക്കുള്ള വരവിൽ അങ്ങേയറ്റം അസന്തുഷ്ടനാണ്. അവർക്കെതിരായ നീക്കങ്ങളുടെ ആണിക്കല്ല് അയാളാണ്. അവരെ ഭർസിക്കാൻ കിട്ടുന്ന ഒരവസരവും അയാൾ പാഴാക്കില്ല. ഒരിക്കൽ അയാൾ അഭയാർത്ഥികൾക്കെതിരെ നാട്ടുകാരെയും നിയമപാലകരെയും തിരിച്ചുവിടാൻ ഒരു യോഗം നടത്താനാലോചിക്കുന്നുണ്ട്. അതിനായി അയാൾ ഇരുപതു കൊല്ലമായി ഉപയോഗക്കാതെ പൂട്ടിയിട്ടിരിക്കുന്ന ടി.ജെയുടെ നിലവറ ആവശ്യപ്പെടുന്നുണ്ട്. ടി.ജെ ആ ആവശ്യം നിരസിക്കും. പിന്നീടൊരു ഘട്ടത്തിൽ അഭയാർത്ഥികളെയും തദ്ദേശീയരെയും കൂട്ടിയോജിപ്പിക്കാനുള്ള ഒരുപായമായി യാര മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിക്കായി അതവർക്ക് അയാൾ തുറന്നുകൊടുക്കുകയും ചെയ്യും.

തൻ്റെ പിതാവ് ഭൂതങ്ങൾ എന്നർത്ഥമുള്ള 'ഷബിത' എന്ന, സിറിയൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന സിവിൽ പട്ടാളത്തിൻ്റെ പിടിയിലാവുന്നതും ഭീകരമായ പീഡനങ്ങൾക്കും നരകയാതനകൾക്കും ഇരയായി മരിക്കുന്നതും യാരയുടെ അനുഭവമാണ്.

തദ്ദേശീയരിലും ഒറ്റപ്പെട്ടു കഴിയുന്നവരും ദരിദ്രരുമുണ്ട്. അഭിമാനംമൂലം പഞ്ഞം പുറത്തു കാട്ടാതെ പട്ടിണി കിടക്കുന്നവരുണ്ട്. അവർക്കെല്ലാം പരസ്പരം കൂട്ടുചേരാനും പങ്കുവെക്കാനും അതിജീവിക്കാനും കഴിയുന്ന രീതിയിൽ സാമൂഹികമായ ഭക്ഷണപ്പുരകൾ തീർക്കുക എന്നതാണ് അവളുടെ ആശയം. രണ്ടു ജനതയെയും പരസ്പരം ബന്ധിപ്പിക്കാനുള്ള ഒരിഴ കൂടിയാണിത്. സർക്കാരിനും ഖനിയുടമകൾക്കുമെതിരായി ഖനിത്തൊഴിലാളികൾ നടത്തിയ സമരങ്ങൾ വിജയിച്ചത് ഒരുമിച്ച് ആഹാരം കഴിക്കുന്നതിനുള്ള സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ടാണ് എന്ന് ടി.ജെ പറയുന്നുണ്ട്. ഒരുമിച്ച് മനുഷ്യർ ആഹാരം കഴിക്കുന്ന ഫോട്ടോ പ്രദർശിപ്പിച്ചതിനു താഴെ എഴുതിവെച്ച ഒരു വാക്യം സവിശേഷം സിനിമ കാട്ടിത്തരുന്നുണ്ട്. "ഒരുമിച്ചാഹരിക്കുമ്പോൾ നിങ്ങൾ ഒറ്റക്കെട്ടാവുന്നു" എന്നതാണത്. സിറിയൻ യുദ്ധത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ അഞ്ഞൂറോളം പേർക്ക് ഒരുമിച്ച് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്ത് അവരെ ആത്മവിശ്വാസമുള്ളവരാക്കിയതിൻ്റെ അനുഭവം യാരയ്ക്കുമുണ്ട്.

തങ്ങൾ ആവശ്യപ്പെട്ടപ്പോൾ പലവിധ ന്യായീകരണങ്ങൾ നിരത്തി ഒഴിഞ്ഞുമാറിയ ടി.ജെ, നിലവറ ദരിദ്രരായ അഭയാർത്ഥികൾ ആവശ്യപ്പെട്ടപ്പോൾ നൽകിയത് ചാർലിയെ തെല്ലൊന്നുമല്ല അപമാനിതനാക്കിയത്. അവിടുത്തെ തീവ്ര കുടിയേറ്റ വിരുദ്ധരുമായി ചേർന്ന് അയാൾ ഒരു രാത്രിയിൽ നിലവറയിലെ പ്ലംബിംഗ് സംവിധാനവും ഇലക്ട്രിസിറ്റിയും തകരാറിലാക്കുകയും പുനർനിർമിക്കാൻ സാധ്യമല്ലാത്തവിധം നശിപ്പിക്കുകയും ചെയ്യും. മറ്റാരത് ചെയ്താലും ചാർലി അതിലുണ്ടാവില്ല എന്ന് ടി.ജെ കരുതുന്നുണ്ട്. ഒന്നിച്ച് കളിച്ചുവളർന്ന അവർ ഒന്നിച്ചാഹരിച്ചവരുമാണ്. അത്രമാത്രം പരസ്പരം കെട്ടപ്പെട്ടവരാണ്. വംശീയതയുടെ വിഷം ആത്മാവിൽ പരക്കുമ്പോൾ മനുഷ്യർ താഴ്‌ന്നുപോകുന്ന പതാളങ്ങളെ ഇതടിവരയിടുന്നു.

തൻ്റെ പ്രിയ വളർത്തുനായ ദാരുണമായി കൊല ചെയ്യപ്പെട്ടപ്പോൾ തകർന്നുപോകുന്ന ടി.ജെക്ക് യാരയും അമ്മയും ചേർന്ന് ഭക്ഷണം നൽകുന്ന രംഗം സിനിമയിലുണ്ട്. "ജീവിതത്തിൽ ചിലപ്പോൾ വാക്കുകളല്ല; ആഹാരമാണാവശ്യം" എന്നവൾ അപ്പോൾ പറയും. അതുകേട്ട് ലജ്ജിക്കുന്ന അയാളോട്, "സ്നേഹത്തിൽ ലജ്ജിക്കാൻ ഒന്നുമില്ലെന്നും" അവൾ കൂട്ടിച്ചേർക്കും. യാരയുടെ പിതാവ് മരിച്ചതറിഞ്ഞ് അൽപം ആഹാരവുമായിത്തന്നെയാണ് ടി.ജെ അവരുടെ വീട്ടിൽ ലജ്ജിക്കാതെ പിന്നീടൊരിക്കൽ കടന്നുചെല്ലുന്നത്. ദാരിദ്രവും കഷ്ടപ്പാടും ഒരു ജനതയുടെ മാത്രം വിധിയല്ല ഈ ചിത്രത്തിൽ. ഉള്ളതെല്ലാം നഷ്ടപ്പെട്ട് അഭയാർത്ഥികളായി എത്തിയ സിറിയക്കാരെപ്പോലെത്തന്നെ ഒന്നുമില്ലായ്മയിൽ കഴിഞ്ഞുകൂടുന്ന തദ്ദേശീയരും ഇതിലുണ്ട്. ടി.ജെയും സംഘവും വിളമ്പുന്ന സൗജന്യ ഭക്ഷണപ്പുരകളിലെത്തിയ ഒട്ടേറെപ്പേർക്ക് ഇത് സൗജന്യമാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. മുതലാളിത്തത്തിൻ്റെ കഴുത്തറുപ്പൻ ജീവിതവ്യവസ്ഥയിൽ വളരുന്ന അവരെ സംബന്ധിച്ച് സാമൂഹികമായ സുരക്ഷ, കരുതൽ, ചേർന്നുനിൽപ്പ് ഇതെല്ലാം പരിചയത്തിനപ്പുറത്തുള്ള സംഗതികളായിരുന്നു. "തൻ്റെ കുഞ്ഞിനെപ്പോറ്റാൻ സാധിക്കാത്ത ഒരമ്മയെ, തണുപ്പിൽ ചൂടുപിടിപ്പിക്കാൻ ഒരു വിറകുകൊള്ളിയില്ലാതെ മരവിക്കുന്ന മനുഷ്യരെ സഹായിക്കാത്ത’’ തൻ്റെ 'സമ്പന്ന' രാജ്യത്തെക്കുറിച്ചോർത്ത് സിനിമയ്ക്കൊടുവിൽ ടി.ജെ സ്വയം ലജ്ജിക്കുന്നുമുണ്ട്.

മുസ്‍ലിം / കൃസ്ത്യൻ എന്ന വിഭജനം ആത്മീയതയുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും അവ ഭൗതികമായ നേട്ടങ്ങൾക്കും സ്വാർത്ഥതയ്ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പ്രേക്ഷകരും വൈകാരികമായി അനുഭവിക്കുന്നു.

ദരിദ്രരോടും നിരാലംബരോടും ചേർന്നു നിൽക്കാനുള്ള ഒരു മാനസികാവസ്ഥ ടി.ജെയിലും യാരയിലും ഉണ്ടാവുന്നത് സമരങ്ങളുടെ, സഹനങ്ങളുടെ ഒരു ഭൂതകാലം അവർക്കുള്ളതുകൊണ്ടാണ്. അവർ ചെയ്യുന്ന പ്രവർത്തനങ്ങളെ 'ചാരിറ്റി' യായല്ല 'സോളിഡാരിറ്റി' യായാണ് അവർ കാണുന്നത്. ആ രണ്ടു വാക്കുകളും രണ്ട് വ്യവസ്ഥയുടെ, മനോഭാവങ്ങളുടെ ഉത്പന്നങ്ങളാണ്. ചാരിറ്റി ഒരു വ്യവസ്ഥയുടെ സേഫ്റ്റിവാൾവാണ്, സോളിഡാരിറ്റി ലോകത്തിൻ്റെ ഇരകൾക്കൊപ്പമുള്ള ചേർന്നുനിൽപ്പും. തൊഴിലാളി സമരങ്ങളുടെ പഴയ ചിത്രങ്ങൾക്കുമുന്നിൽ നിൽക്കുമ്പോൾ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന ഒരാളുടെ ഫോട്ടോ ടി.ജെ എടുത്തുപറയുന്നുണ്ട്. തൻ്റെ പിതാവ് എപ്പോഴും പറയുന്ന ഒരു കാര്യം അപ്പോൾ അയാൾ ഓർക്കും: "തൊഴിലാളികൾ അവരുടെ യഥാർത്ഥ ശക്തി എന്തെന്ന് ശരിക്കും തിരിച്ചറിഞ്ഞാൽ, അത് പ്രയോഗിക്കാൻ അവർ ആത്മവിശ്വാസം നേടിയാൽ അന്ന് നമുക്കീ ലോകത്തെ മാറ്റിത്തീർക്കാം. പക്ഷേ നമ്മളത് ഒരിക്കലും നേടില്ല".
തൻ്റെ പിതാവ് ഭൂതങ്ങൾ എന്നർത്ഥമുള്ള 'ഷബിത' എന്ന, സിറിയൻ ഭരണകൂടം സ്പോൺസർ ചെയ്യുന്ന സിവിൽ പട്ടാളത്തിൻ്റെ പിടിയിലാവുന്നതും ഭീകരമായ പീഡനങ്ങൾക്കും നരകയാതനകൾക്കും ഇരയായി മരിക്കുന്നതും യാരയുടെ അനുഭവമാണ്. അഭയാർത്ഥി ക്യാമ്പുകളിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കുന്നുണ്ട് യുദ്ധകാലങ്ങളിൽ അവൾ.
ദൈവികമല്ലാത്ത ഒരു ആത്മീയതലവും 'ദ ഓൾഡ് ഓക്കി'നുണ്ട്. കത്തീഡ്രലിൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ടി.ജെയും യാരയും അതിന് വിധേയരാവുന്നുണ്ട്. ദൈവത്തിലും മരണാനന്തര ജീവിതത്തിലും താൻ വിശ്വസിക്കുന്നില്ല എന്നയാൾ തൊട്ടുമുമ്പ് തുറന്നു പറഞ്ഞതേയുള്ളൂ. ഈ കത്തീഡ്രൽ ചർച്ചിൻ്റേതല്ല, അതു നിർമിച്ച തൊഴിലാളികളുടേതാണെന്നാണ് വിപ്ലവകാരിയായ പിതാവ് അയാളെ പഠിപ്പിച്ചിരുന്നത്. എങ്കിലും പള്ളിയിൽ നിന്ന്  മനോഹരമായ ക്വയർ കേൾക്കുമ്പോൾ ദുഃഖകരമായ പലതരം അവസ്ഥകളിലൂടെ കടന്നുപോകുന്ന യാര കണ്ണീരിൽ കുതിരുന്നു. മുസ്‍ലിം / കൃസ്ത്യൻ എന്ന വിഭജനം ആത്മീയതയുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും അവ ഭൗതികമായ നേട്ടങ്ങൾക്കും സ്വാർത്ഥതയ്ക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും അപ്പോൾ പ്രേക്ഷകരും വൈകാരികമായി അനുഭവിക്കും. പള്ളി നിർമാണത്തിലെ അതിശയകരമായ കരവിരുതിനെക്കുറിച്ച് അവൾ അപ്പോൾ ഓർക്കുന്നുണ്ട്. അതുപോലെ, റോമൻസ് സിറിയയിലെ പാൽമിറയിൽ സ്ഥാപിച്ച പൗരാണിക ക്ഷേത്രത്തെക്കുറിച്ചും അത് തകർത്ത സിറിയൻ ഇസ്‍ലാമിസ്റ്റുകളെക്കുറിച്ചും അവൾ പറയുന്നുണ്ട്. വർഷങ്ങളെടുത്ത് കല്ലുകൾ കൊത്തിയെടുത്ത്, ഉയരങ്ങളിലേക്ക് ഭാരമെടുത്ത്, വെളിച്ചം ക്രമീകരിച്ച് എത്രയോ പ്രതിഭാശാലികൾ തീർത്ത, വരും തലമുറയ്ക്ക് വിസ്മയമാകേണ്ട ഒരു സാംസ്കാരികമായ ഈടുവെപ്പിനെ തകർത്ത മലിനമനസ്സുകളോടുള്ള അവളുടെ വിപ്രതിപത്തി അവിടെ പ്രകടമാവുന്നുണ്ട്.


വെറുപ്പിൻ്റെ ക്ഷുദ്രവിചാരങ്ങൾ മതാത്മകമല്ലാത്ത ഈ ഒരാത്മീയതയുടെ ഉൾപ്രേരണയാൽ കൂടിയാണ് സിനിമയുടെ അന്ത്യത്തിൽ എല്ലാവരിൽ നിന്നും ഊർന്നുപോകുന്നത്. തങ്ങളുടെ തെറ്റുകളുടെ ആഴങ്ങൾ ഓരോരുത്തരും തിരിച്ചറിയുന്ന ലളിതമായ സന്ദർഭങ്ങളാണ് അവിടെയുള്ളത്. തൻ്റെ പ്രയത്നങ്ങളെ ഇരുട്ടിൽ തകർത്തെറിഞ്ഞവരോട് ടി. ജെ പ്രതികാരം ചെയ്യുന്നില്ല. തങ്ങൾ അത്രമാത്രം ചേർന്നുനിന്ന ഭൂതകാലത്തെ അയാൾ തൊട്ടു കാട്ടുന്നതേയുള്ളൂ, കുറ്റബോധത്താൽ ചാർലി അകംപുറം മാറും. അയാൾ ഉൾപ്പെടെ ടൗൺഷിപ്പിലെ മുഴുവൻ മനുഷ്യരും, സിറിയൻ തടവിൽ മരിച്ച യാരയുടെ പിതാവിനുള്ള അനുശോചനവുമായി, പൂക്കളും ആദരവ് രേഖപ്പെടുത്തിയ കാർഡുകളുമായി അവരുടെ വീട്ടിലെത്തുകയും ദുഃഖിതരായ അവരെ ആശ്വസിപ്പിക്കുകയും ചേർന്നുനിൽക്കുകയും ചെയ്യും. മതവും വംശീയതയും തദ്ദേശീയ / കുടിയേറ്റ സംഘർഷങ്ങളുമില്ലാതെ എല്ലാവരും പൂക്കളർപ്പിച്ച യാരയുടെ പിതാവിൻ്റെ ചിത്രത്തിനു മുന്നിൽ അവൾ തൻ്റെ ക്യാമറ തന്നെ അദ്ദേഹത്തിനുള്ള അന്ത്യാഞ്ജലിയായി സമർപ്പിക്കും. യാരയുടെയും കെൻ ലോച്ചിൻ്റെയും ക്യാമറകൾ ഒരുമയുടെ മഹാപ്രവാഹത്തിന് സാക്ഷിയും നിമിത്തവുമാകുമ്പോഴാണ് 'ദ ഓൾഡ് ഓക്ക് ' ഭാവിക്കുവേണ്ടിയുള്ള രാഷ്ട്രീയ സിനിമയാകുന്നത്.

Comments