"ദ റേപ്പിസ്റ്റ്' എന്നത് ഒരു പ്രഖ്യാപനമോ കൃത്യമായ അടയാളപ്പെടുത്തലോ ആണ്. ആധുനിക സമൂഹത്തിൽ വെച്ചുപൊറുപ്പിക്കാൻ പറ്റാത്ത ഒരാൾ. എന്നാൽ അപർണാ സെന്നിന്റെ പുതിയ സിനിമ "ദ റേപ്പിസ്റ്റ്' ഒരു വ്യക്തിയെ മാത്രമല്ല റേപ്പിസ്റ്റ് ആയി ചൂണ്ടിക്കാട്ടുന്നത്. ഒരു സമൂഹത്തിന്റെ വിവിധ അടരുകളിലെ മനുഷ്യർ ഒട്ടൊക്കെ ആ വിളിപ്പേരിന് അർഹമാണ് എന്ന് സിനിമ മറച്ചുവെക്കാതെ പറയുന്നുണ്ട്.
ചിലപ്പോൾ ബലാത്കാരം ചെയ്ത വ്യക്തിയേക്കാൾ, ബലാത്കാരത്തിന് ഇരയാക്കപ്പെട്ട സ്ത്രീയോട് അതിനീചമായ രീതിയിൽ പെരുമാറുന്ന പോലീസിൽ, വൃത്തികെട്ട രീതിയിൽ കോടതി മുറിയിൽ അവളെ വിചാരണ ചെയ്യുന്ന വക്കീലിൽ, അവളെ മാത്രം കുറ്റം പറയുന്ന ബന്ധുജനങ്ങളിൽ, അവളെ ഒഴിവാക്കാൻ ഭർത്താവിനോട് ഉപദേശിക്കുന്ന സമൂഹത്തിലെ ഉന്നത വ്യക്തികളിൽ, ജോലിയിൽ നിന്നും ഒഴിവാക്കുന്നവരിൽ, പൊതിയുന്ന മാധ്യമ രീതികളിൽ എല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുന്നത് റേപ്പിസ്റ്റിന്റെ മനോഭാവം തന്നെയാണ് എന്ന് സിനിമ കാട്ടിത്തരുന്നുണ്ട്.
"ബാക്ക് ഡ്രോപ്പ് 'മുതൽ "ജസ്റ്റിസ്' വരെയുള്ള എട്ട് അധ്യായങ്ങളിലായാണ് അപർണാ സെൻ "ദ റേപ്പിസ്റ്റ്' നെ ഒരുക്കിയിരിക്കുന്നത്. റേപ്പിസ്റ്റിന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ അവസാനിക്കുന്നില്ല സിനിമ. എന്തുകൊണ്ട് ഒരാൾ റേപ്പിസ്റ്റായി മാറുന്നു എന്ന അന്വേഷണമാണ് സിനിമയുടെ കേന്ദ്രം. ഒരാളും റേപ്പിസ്റ്റായി ജനിക്കുന്നില്ല എന്ന് റേപ്പിന് വിധേയയായ നൈന തന്നെ പറയുന്നുണ്ട്. ആ അന്വേഷണം മറ്റുള്ളവരെ ഏൽപ്പിക്കുകയല്ല അവൾ ചെയ്യുന്നത്. അവളുടെ അന്വേഷണത്തിന് കരുത്തു പകർന്നത് അവൾ കടന്നു പോകുന്ന കൊടിയ വേദനകളാണ്. റേപ്പിന് വിധേയയായ ഒരുവൾ കടന്നു പോകുന്ന വിവരണാതീതമായ ട്രോമകളെ അതിതീവ്രമായാണ് സിനിമ പകർത്തുന്നത്.
സിനിമയുടെ മുഖ്യ കഥയോട് ഇഴചേർത്ത് പറയുന്ന നിരവധി റേപ്പുകളും ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. നൈനയുടെ വീട്ടിലെ ജോലിക്കാരി റേപ്പ് ചെയ്ത ആളെത്തന്നെ വിവാഹം കഴിക്കേണ്ടി വന്ന ഒരുവളാണ്. അയാളോടുള്ള വെറുപ്പ് കാലങ്ങൾ കഴിഞ്ഞിട്ടും അവളിൽ പുകയുന്നുണ്ട്. സ്വന്തം ഭർത്താവിനാൽ അതിക്രൂരമായ പീഡനത്തിന് നിരന്തരം ഇരയാവുന്ന റേപ്പിസ്റ്റിന്റെ അമ്മയുടെ അവസ്ഥയും സിനിമ കാട്ടിത്തരുന്നു. റേപ്പിസ്റ്റ് തന്നെ പലപ്പോഴും പീഢനത്തിന് ഇരയാവേണ്ടി വന്ന ഒരാളാണ്.
നൈന ജയിലിലെത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റേപ്പിസ്റ്റിനെ ഗവഷണത്തിന്റെ ഭാഗമായി നിരന്തരം അഭിമുഖം ചെയ്യുന്നുണ്ട്. വധശിക്ഷയുടെ അവസാന നിമിഷം വരെ അയാളുടെ അഭ്യർത്ഥന മാനിച്ച് കൂട്ടിരിക്കുന്നുണ്ട്. അത് പക്ഷേ തന്റെ കുഞ്ഞിന്റെ "അച്ഛൻ' എന്ന നിലയിലല്ല, ഒരു ക്രിമിനലിന് ലഭിക്കുന്ന ശിക്ഷയുടെ ഓരോ ഘട്ടവും അടയാളപ്പെടുത്താനാണ്.
അയാളുടെ മാനസാന്തരം അവളുടെ ലക്ഷ്യമല്ല. അത് സംഭവിക്കുന്നുമില്ല. കൊലമരത്തിലേക്ക് നടക്കുമ്പോഴും അയാൾ ശേഷിക്കുന്ന ജീവിതത്തിലും അവൾക്ക് സ്വസ്ഥതയില്ലാതാവാൻ ശപിക്കുകയാണ്. വേശ്യ എന്ന് വിളിച്ച് അവളെ അധിക്ഷേപിക്കുകയാണ്.
മറ്റ് അക്രമങ്ങൾപ്പോലെ ശരീരത്തെ കുറച്ചുകാലം വേദനിപ്പിക്കുന്ന കുറ്റമല്ല റേപ്പ് എന്നും അതിന് ഇരയാക്കപ്പെടുന്നവൾ ജീവിതത്തിലുടനീളം മാനസികമായും സാമൂഹികമായും നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും"ദ റേപ്പിസ്റ്റ്' കാട്ടിത്തരുന്നു. ആ പീഡനവും മറ്റൊരു തരം റേപ്പ് തന്നെയാണ്. അതിനെ അതിജീവിക്കാൻ അവൾക്ക് കൂടെയുണ്ടാകേണ്ടത് ആധുനിക സമൂഹത്തിന്റെ അടിസ്ഥാന സങ്കൽപ്പനമാണ് എന്നുകൂടി സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.