വി.എസ്. സനോജ്

സാധ്യതകളുടെ വിപ്ലവമാണ്
​ഇനി നടക്കാൻ പോകുന്നത്

ഷോട്ടുകൾ ഡിസൈൻ ചെയ്യുന്നതിൽ പോലും തിയ്യറ്റർ ഷോട്ടുകൾക്കും ഒ.ടി.ടി. സിനിമകളുടെ ദൃശ്യപരമായ പങ്കുവെക്കലുകൾക്കും പോലും വ്യത്യാസം വരുത്താനാകുന്ന തരത്തിൽ സാങ്കേതികവിദ്യ സൗകര്യം ചെയ്തുതരുന്നുണ്ട്. ഫിലിം മേക്കിങിന്റെ വൾണറബിലിറ്റി കൂടുക തന്നെയാണ്.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

വി.എസ്​. സനോജ്​: സിനിമ എന്നല്ല ഏതുകലയും ആത്യന്തികമായി മനുഷ്യനെ സന്തോഷിപ്പിക്കാനോ പ്രചോദിപ്പിക്കാനോ സംഭവിച്ചുപോയതാണ്. തൊഴിലെടുക്കുന്നവരുടെ ഒഴിവുസമയ ഊർജ്ജമായി സംഭവിച്ചതാവും അവരുടെ കലാപ്രകടനങ്ങളും, പഴയ കാലത്ത്. ഫ്രഞ്ച് വിപ്ലവകാലത്തെ കലാ കൂട്ടായ്മകളെക്കുറിച്ച് വായിച്ചിട്ടുള്ളത് അങ്ങനെയാണല്ലോ. പണിയിപ്പിക്കുന്നവരുടെ സമീപനങ്ങളെ ചെറുക്കാനും ഇത്തരം പ്രകടനങ്ങൾക്ക്​ശക്തിവന്നു പിന്നീട്. അതൊരു പ്രതിരോധ പ്രവർത്തനമായി മാറി. നിങ്ങൾ പറഞ്ഞ സാമൂഹ്യ ഉത്തരവാദിത്തമൊക്കെ വന്നത് അങ്ങനെയാകും. കലക്കുമാത്രമായി സത്യത്തിലൊരു സാമൂഹ്യദൗത്യമില്ല. പക്ഷേ അത്തരം പ്രതിരോധങ്ങൾക്ക് മനുഷ്യനെ സംഘടിപ്പിക്കാനോ ചിന്തിപ്പിക്കാനോ ആയേക്കും.

ഒരുകാലത്ത് ഒരു വിഭാഗത്തിനും ചില പാരമ്പര്യ തലമുറകൾക്കും മാത്രം സാധ്യമായിരുന്നത് ബ്രേക്ക് ചെയ്യുന്നുണ്ട് പുതിയ കാലവും പുതിയ മനുഷ്യരും.

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

സിനിമയുടെ സെൻസിബിലിറ്റിയെക്കുറിച്ച് പറയുന്നില്ല, അത് എക്കാലത്തും പുതിയ ചിന്തകളെ ഉത്പാദിപ്പിച്ചിട്ടുണ്ട്. പുതിയ തരംഗങ്ങൾ എക്കാലത്തും ഉണ്ടായിട്ടുമുണ്ട്. പക്ഷേ ഇപ്പോഴത്തെ പ്രത്യേകത സിനിമാ നരേറ്റീവുകളുടെ മാറ്റം എന്നതിലുപരി ഫിലിം മേക്കിങ് എന്ന സങ്കേതം കൂടുതൽ ലിബറലൈസ്ഡ് ആയി എന്നതാണ്. ഫിലിം മേക്കിങിന്റെ വൾണറബിലിറ്റി കൂടി. ഒരുകാലത്ത് ഒരു വിഭാഗത്തിനും ചില പാരമ്പര്യ തലമുറകൾക്കും മാത്രം സാധ്യമായിരുന്നത് ബ്രേക്ക് ചെയ്യുന്നുണ്ട് പുതിയ കാലവും പുതിയ മനുഷ്യരും. സെൻസിബിലിറ്റിയുണ്ടെങ്കിൽ ആർക്കും സാധ്യമാണ് ഫിലിം മേക്കിങ് എന്നതിലേക്ക് കാലം മാറുന്നുണ്ട്. അതൊരു പോസറ്റീവ് തോട്ടാണ്, വിപ്ലവമാണ് എന്നുതന്നെ പറയാം.

സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രത്തിൽ നിന്ന്

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

മാറുന്ന സെൻസിബിലിറ്റിയുടേയും സാങ്കേതികത്വത്തിന്റേയും മാറ്റമാണിതെല്ലാം. സിനിമ ആൾക്കൂട്ട ആസ്വാദനകലയിൽനിന്ന് വ്യക്തി അധിഷ്ഠിത ആസ്വാദനമെന്നതിലേക്ക് വരുന്നുവെന്ന് പറയുമ്പോഴും പുതിയ പ്ലാറ്റ്‌ഫോമുകളിലെ ഏകാന്ത പ്രൊജക്ഷൻ അനുഭവം ആസ്വാദനത്തെ മെച്ചപ്പെടുത്തുക തന്നെയാണ്. ലോകത്തിന് ഓരോ പ്രാദേശിക ഭാഷാ ചിത്രവും കാണാനാകും എന്നതൊരു വലിയ സാധ്യതയാണിപ്പോൾ. ചില സിനിമകൾ ഒറ്റയ്ക്കിരുന്നത് കാണണം എന്ന ആഗ്രഹത്തെ പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നുവെങ്കിൽ അതുമൊരു നല്ല സാധ്യതയല്ലേ. സ്വാഭാവികമായും കണ്ടൻറ്​ ഡ്രിവൺ ഫിലിം മേക്കിങിന് ഒ.ടി.ടി. മാറ്റം ഗുണം ചെയ്യുകതന്നെയാണ്. മേക്കിങിന് കൂടുതൽ സ്വാതന്ത്ര്യവും അത് നൽകുന്നു.

Photo : unsplash.com

ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?

പഴയകാലത്ത് തമാശയെന്നത് അശ്ലീലമായിരുന്നു, ആ പാരമ്പര്യമാണ് നമുക്കുള്ളത്. പുരാണനാടകങ്ങളിലെ ഫലിതം കണ്ടാലറിയാം. പൊറാട്ട് നാടകത്തിലും ചാക്യാരുടെ രീതികളിലുമെല്ലാമുള്ളത് പരിഹാസവും അശ്ലീലവും തന്നെയാണ്. ഏത് ഭാഷയിലെയും പഴയ കലാപ്രകടനങ്ങളെ നോക്കിയാൽ അതിൽ ഇപ്പോഴത്തെ രാഷ്ട്രീയശരിയില്ലായ്മകൾ നിഴലിച്ചുകാണും. അന്നത് ആളെ കൂട്ടാനുള്ളതോ ചിരിയ്ക്കാൻ വേണ്ടിയുള്ളതോ മാത്രമായിരുന്നു. സമൂഹം മാറുന്നതിനനുസരിച്ച് ശരികളും തെറ്റുകളും മാറിവരേണ്ടതുണ്ട്. കാലഘട്ടത്തിന്റെ മാറ്റമാണത്. പക്ഷേ രാഷ്ട്രീയശരിയുടെ ഫ്രെയിം വർക്കിൽ നിന്നുകൊണ്ടേ കല ചെയ്യൂ എന്ന് വാശിപിടിച്ചാൽ, സർഗാത്മകതയെ ബാധിക്കാനിടയാവരുത്. നൈസർഗികമല്ലാത്ത സാങ്കേതിക രാഷ്ട്രീയശരികളെ മാത്രം ഉയർത്തിപ്പിടിക്കാതെ, പുരോഗമനപരമായ തെരഞ്ഞെടുപ്പുകളെ ചൂസ് ചെയ്യുമ്പോൾ, സ്വതന്ത്രമായ ധാരണ വെച്ച് സിനിമയെടുക്കുക എന്നതേ ചെയ്യാനുള്ളൂ. അതൊരു വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്.

ഇനിയുള്ള കാലം സ്ത്രീകളുടേതാണ്. കൂടുതൽ സാങ്കേതികപ്രവർത്തകരും സംവിധായകരും മറ്റൊരു കാലത്തും ഇല്ലാത്ത വിധം ഇനിയാണ് വരാനിരിക്കുന്നത്. അങ്ങനെയാണ് സംഭവിക്കേണ്ടതും.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ/ പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

സമൂഹം പൊതുവിൽ പുരുഷാധികാരകേന്ദ്രീകൃതമാണല്ലോ. സ്വഭാവികമായും സാമൂഹ്യപരമായ ഹൈറാർക്കിയുടേയും ലിംഗ വിവേചനത്തിന്റേയും പ്രശ്‌നം സിനിമയിലുമുണ്ട്. വിനോദമെന്ന ആസ്വാദനത്തിൽ സ്ത്രീകളുടെ സ്ഥാനം അരാഷ്ട്രീയമായി പ്ലേസ് ചെയ്യപ്പെട്ടതാണ് കാലാകാലങ്ങളായി. ഇപ്പോൾ പക്ഷേ ആ കാലം മാറുകയാണ്. സ്ത്രീകളുടെ ക്രിയേറ്റീവിറ്റിക്കും സ്വതന്ത്രമായ വർക്ക് സ്‌പേസിനും വിസിബിലിറ്റിയും ആക്‌സപ്റ്റൻസും കൂടുകയാണ്, അതായത് അത്തരം വ്യക്തികൾക്ക് സിനിമ ചെയ്യാനുള്ള സാധ്യതയുടെ കാര്യമാണ് ഞാൻ പറയുന്നത്. ഇനിയുള്ള കാലം സ്ത്രീകളുടേതാണ്. കൂടുതൽ സാങ്കേതികപ്രവർത്തകരും സംവിധായകരും മറ്റൊരു കാലത്തും ഇല്ലാത്ത വിധം ഇനിയാണ് വരാനിരിക്കുന്നത്. അങ്ങനെയാണ് സംഭവിക്കേണ്ടതും. കാലം മാറും, ഇനിയുള്ളകാലം ജെൻഡർ ബയസുകളെ അതിജീവിക്കും, പുതിയ വനിതാ സങ്കേതിക പ്രവർത്തകരും സിനിമകളും വരും, കാലത്തിന് മാറാതെ പറ്റില്ല. ഇനി വനിതാ സിനിമാ പ്രവർത്തകരുടെ കാലമാണ്.

Photo : unsplash.com

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?

മധ്യമാർഗത്തിലാണ് എന്റെ സിനിമ സഞ്ചരിക്കേണ്ടത് എന്നാണാഗ്രഹം. സിനിമ പല സ്ട്രീമിലുള്ള പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നത് മോശം കാര്യമൊന്നുമല്ല. അത് കൂടുതലായി കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത് അശ്ലീലമല്ല. സിനിമാഖ്യാനത്തിലെ മെത്തഡോളജി മാറിവരേണ്ടതുണ്ട്. ആർട്ട്​ ഫിലിം എന്ന പേരിൽ പലതും കാണുമ്പോൾ ഇതിലും ഭേദമാണല്ലോ പല കമേഴ്‌സ്യൽ സിനിമകളും എന്നും തോന്നാറുണ്ട്. ഗൊദാർദ്ദ് ബ്രെത്ത് ലെസ് ചെയ്തപ്പോൾ ഫാസ്റ്റ് കട്ടുകളും അതിഗംഭീരമായ എഡിറ്റും ഉപയോഗിച്ചു, 60- കളിൽ. അക്കാലത്തെ മലയാളസിനിമയുടെ പ്രൊഡക്ഷൻ മറ്റൊരു പേസിലാണ് പോയത്. ഫ്രാൻസിസ്‌കോ ടട്ടിയുടെ സിനിമ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും. ആ കട്ടുകളും ഷോട്ട് ഡിവിഷനുകളും, അതും അക്കാലത്ത്. വാണിജ്യസിനിമ, അമച്വർ സിനിമ എന്നതിന്റെ വേർതിരിവുകൾ മാറണം. അത്തരം വേർതിരിവുകളുടെ കാലം കഴിഞ്ഞു.

ബ്രെത്ത് ലെസിൽ നിന്ന്

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

ഭാഷയ്ക്കതീതമായി തന്നെ സിനിമ എന്ന മാധ്യമം വളരുകയാണ്. സിനിമയുടെ ദൃശ്യപരവും വ്യാഖ്യാനപരവും വാണിജ്യപരവുമായ എക്‌സ്‌പോഷർ കൂടുകയാണ്. തമിഴിൽ നല്ല രാഷ്ട്രീയസിനിമകളുണ്ടാകുന്നു. മറാഠി സിനിമ കാര്യമായ മുന്നേറ്റമുണ്ടാക്കുന്നു. തെലുങ്കിൽ പോലും വിചാരിക്കാത്ത രീതിയിലുള്ള രാഷ്ട്രീയ പ്രമേയം കടന്നുവരുന്നു. ഹിന്ദി സിനിമയിലെ ഒരു ശാഖ കാര്യക്ഷമമായ രീതിയിൽ പുതിയ പ്രമേയങ്ങളെ സ്വീകരിക്കുന്നുണ്ട്. റിമ ദാസിനെ പോലുള്ളവർ നോർത്ത് ഈസ്റ്റിൽ നിന്ന്​ പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. സിനിമയുടെ സാധ്യതകൾ വളരുകയാണ്. അത് ഭാഷാപരമായ വേർതിരിവുകൾക്കപ്പുറം ക്രിയേറ്റീവായി മുന്നോട്ടുതന്നെ പോകും.

റിമ ദാസ് / Photo : Rima Das, FB

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്‌സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

സാധ്യതകളുടെ വിപ്ലവമാണ് ഇനി നടക്കാൻ പോകുന്നത്. ഷോട്ടുകൾ ഡിസൈൻ ചെയ്യുന്നതിൽ പോലും തിയ്യറ്റർ ഷോട്ടുകൾക്കും ഒ.ടി.ടി. സിനിമകളുടെ ദൃശ്യപരമായ പങ്കുവെക്കലുകൾക്കും പോലും വ്യത്യാസം വരുത്താനാകുന്ന തരത്തിൽ സാങ്കേതികവിദ്യ സൗകര്യം ചെയ്തുതരുന്നുണ്ട്. ഉദാഹരണത്തിന് ക്ലോസ് ഷോട്ടുകളുടെ കാര്യത്തിൽ. ഫിലിം മേക്കിങിന്റെ വൾണറബിലിറ്റി കൂടുക തന്നെയാണ്.

സെൻസർഷിപ്പുകളുടെ ആഘാതങ്ങളെ ഒരുതരം നിരോധനമായി തന്നെ കാണണം എന്നുതോന്നുന്നു. കല എന്നതിന്റെ -അനാവശ്യ-ത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ അധികം പറച്ചിലുകൾക്കിടെ തന്നെ, ലോകസിനിമ അതിനെ അതിജീവിച്ച്​ മുന്നോട്ടുപോകുന്നുണ്ട്.

ഭാഗം രണ്ട്​

സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

സാഹിത്യരൂപങ്ങളിൽ പ്രചോദനം കൊണ്ടുള്ള സിനിമാ പരിശ്രമങ്ങളോട് മലയാളസിനിമ മുഖംതിരിച്ചു നിൽക്കുന്നുണ്ട് ഏറെക്കാലമായി. ഹോളിവുഡിലടക്കം പുസ്തകങ്ങളെ അടിസ്ഥാനമാക്കി നല്ല ചിത്രങ്ങൾ സംഭവിക്കുന്നു. ബംഗാളി സിനിമകളടക്കം സാഹിത്യപ്രചോദിതമായ സിനിമകൾ വരുന്നു ഇപ്പോഴും. മലയാളം പക്ഷേ അത്തരം സിനിമയെ അമച്വർ സിനിമാ പാറ്റേൺ എന്ന ടാഗിലേക്ക് പരിമിതപ്പെടുത്താറുണ്ട്. ഒരു കാലഘട്ടത്തിനുശേഷം സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ സംഭവിക്കുന്നില്ല മലയാളത്തിൽ. പക്ഷേ എന്നെ സംബന്ധിച്ച് ഒരു നോവലോ കഥയോ സിനിമയാക്കുക എന്നതിനേക്കാൾ കുട്ടിക്കാലം മുതലേ തുടങ്ങുന്ന ശീലം സൃഷ്ടിക്കുന്ന സെൻസിബിലിറ്റി നമ്മളറിയാതെ നമ്മളെ വളർത്തും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. വായനാനുഭവം എന്നത് അക്യുമിലേറ്റ് ചെയ്യപ്പെടുന്ന സർ ഗാത്മകതയാണ്. അത് നമ്മളിൽ സംഭവിക്കുന്ന ക്രിയേറ്റീവ് എനർജി വലുതാണ്. അത് മതിയാകും.

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും?

മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ചോദിച്ചാൽ കൺഫ്യൂസ്ഡ് ആവും. അത്രമേൽ മികച്ച ഡസൻ സിനിമയെങ്കിലും പറയാനാഗ്രഹം വരും. അനന്തരം, ചിദംബരം, പെരുവഴിയമ്പലം, യവനിക തുടങ്ങി എത്രയോ സിനിമകൾ. ഇഷ്ടപ്പെട്ട ഫിലിം മേക്കറെ ഒറ്റ പേരിൽ നിർത്തേണ്ടിവരുന്നതുകൊണ്ട് കെ.ജി. ജോർജ്.

ബേണിങ് സിനിമയുടെ ചിത്രീകരണത്തിനിടെ വി.എസ്. സനോജ്

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

ഭരണകൂട- മതസങ്കുചിത താൽപര്യങ്ങളുടേ ഭാഗമായി സിനിമ നിരോധിക്കപ്പെടുന്നത് ഇപ്പോഴുമുണ്ടല്ലോ. ഇറാനിലെ സിനിമാനുഭവങ്ങൾ നോക്കുക. സങ്കുചിത ദേശീയതയുടെ ഭാഗമായുള്ള ഇന്ത്യൻ അനുഭവങ്ങൾ നോക്കുക. ഇതെല്ലാം പ്രതിലോമകരമല്ലേ. സെൻസർഷിപ്പുകളുടെ ആഘാതങ്ങളെ ഒരുതരം നിരോധനമായി തന്നെ കാണണം എന്നുതോന്നുന്നു. കല എന്നതിന്റെ -അനാവശ്യ-ത്തെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ അധികം പറച്ചിലുകൾക്കിടെ തന്നെ, ലോകസിനിമ അതിനെ അതിജീവിച്ച്​ മുന്നോട്ടുപോകുന്നുണ്ട്.

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?

സിനിമ അതിജീവിക്കേണ്ട കലയാണ്. അതിന് മുടക്കുമുതലുണ്ട്. അത് തിരിച്ചുകിട്ടപ്പെടേണ്ടത് സിനിമയുടെ വാണിജ്യപരമായ നിലനിൽപ്പിന് അനിവാര്യമാണ്. പക്ഷേ സിനിമയുടെ അജണ്ട സെറ്റ് ചെയ്യാനോ രാഷ്ട്രീയ-സാമൂഹ്യ പ്രതിരോധങ്ങൾ ഇറേസ് ചെയ്യപ്പെടാനും അത്തരം വാണിജ്യതാൽപര്യങ്ങൾ കാരണമാകരുത് എന്നതിൽ തീർച്ചയായും വ്യക്തിപരമായി വ്യക്തതയുണ്ട്, ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ. നൂറ് കോടി ക്ലബ്ബുകളേക്കാൾ തീർച്ചയായും മികച്ച സിനിമാനുഭവങ്ങൾ ഉണ്ടാകണം, സെൻസിബിലിറ്റി വളരണം, സിനിമ മാറുകയാണ്, അത് ഇനിയും വളരണം എല്ലാ അർത്ഥത്തിലും ഒപ്പം ഈ ഇൻഡസ്ട്രി നിലനിൽക്കുകയും വേണം. ▮


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments