THE SEED OF THE SACRED FIG:
ഇറാനിൽനിന്ന്, ചാട്ടവാറടിക്ക് ശിക്ഷിക്കപ്പെട്ട സംവിധായകന്റെ സംഘർഷ സിനിമ

ഇറാനിലെ പ്രമുഖ ചലച്ചിത്രകാരനായ മുഹമ്മദ് റസൂലോഫ് തന്റെ THE SEED OF THE SACRED FIG എന്ന സിനിമയുമായി 2024 മെയ് 24-ന് കാൻ ഫെസ്റ്റിവലിൽ എത്തുന്നത് സ്വന്തം രാജ്യത്തുനിന്ന് ഒളിച്ചുകടന്നാണ്. ഇറാനിലെ സമകാലിക സംഘർഷ ജീവിതം പകർത്തുന്ന ആ സിനിമ​യുടെ കാഴ്ചാനുഭവമാണ് വി. വിജയകുമാർ എഴുതുന്നത്.

ജീവിതം സംഘർഷഭരിതമായ സമൂഹങ്ങളിലാണ് ഭാവുകത്വത്തെ നവീകരിക്കുന്ന സാഹിത്യവും മറ്റു കലാസൃഷ്ടികളും ഉരുവം കൊള്ളുന്നതെന്ന് സാമാന്യമായി പറയാറുണ്ട്. സാമാന്യവൽക്കരണത്തിന്റെ പരിമിതികളുണ്ടെങ്കിലും ഈ നിരീക്ഷണം തീർത്തും പാഴായി പോകുന്ന ഒന്നല്ല. ഇറാനിൽ നിന്ന് ഈയിടെ പുറത്തുവന്ന ചലച്ചിത്രങ്ങൾ ആ രാഷ്ട്രസമൂഹത്തിൽ സ്‌ത്രൈണരാഷ്ട്രീയം സൃഷ്ടിക്കുന്ന സംഘർഷങ്ങളെയും ഭാവപ്പകർച്ചകളെയും ആവിഷ്‌ക്കരിക്കുന്നതിലൂടെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെയും സ്വത്വബോധത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തി ഇറാനിലെ സ്ത്രീകൾ ഹിജാബിനെതിരെയും മറ്റും നടത്തിയ പ്രക്ഷോഭങ്ങൾ ചലച്ചിത്രകലയിലും ചില ഭാവുകത്വപ്പകർച്ചകളെ സൃഷ്ടിച്ചിരിക്കുന്നു. ഇറാനിലെ പ്രമുഖ ചലച്ചിത്രകാരനായ മുഹമ്മദ് റസൂലോഫിന്റെ THE SEED OF THE SACRED FIG (വിശുദ്ധ അത്തിയുടെ വിത്ത്) എന്ന ചലച്ചിത്രം ഇതിന് ഉത്തമോദാഹരണമാണ്.

മുഹമ്മദ് റസൂലോഫ്
മുഹമ്മദ് റസൂലോഫ്

സമൂഹത്തിലെ ജീവിതസംഘർഷങ്ങൾ തെരുവിലെ മുദ്രാവാക്യങ്ങളുടെയും കലാപങ്ങളുടെയും ഭരണകൂടം പൗരജനങ്ങളിലേൽപ്പിക്കുന്ന പീഡനങ്ങളുടെയും ദൃശ്യചിത്രണങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നതിലുപരി വ്യക്തിജീവിതത്തിലെ ആന്തരികസംഘർഷങ്ങളിലൂടെയും മനുഷ്യമനസ്സിന്റെ ദുർഗ്ഗമപഥങ്ങളുടെയും ചിത്രീകരണത്തിലൂടെ സാദ്ധ്യമാക്കുന്ന ചലച്ചിത്രകാരൻ മതവും ഭരണകൂടവും പുരുഷാധികാരവും ഒന്നുചേർന്നു രൂപം കൊള്ളുന്ന മനുഷ്യത്വവിരുദ്ധമായ ഭീമാകാരത്തെ വെള്ളിത്തിരയിൽ കാണിച്ചുതരുന്നു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സാ അമിനി എന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് ആരംഭിച്ച 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന പ്രതിഷേധരൂപം ടെഹ്‌റാനെ പ്രകമ്പനം കൊള്ളിക്കുന്ന കാലയളവാണ് ഈ ചലച്ചിത്രത്തി്‌ന്റെ പ്രമേയകാലം. അഭിഭാഷകനായ ഇമാൻ, ഭാര്യ നജ്മയ്ക്കും അവരുടെ പെൺമക്കളായ റെസ്‌വാനും സനയ്ക്കും ഒപ്പം താമസിക്കുന്നു. അർപ്പണബോധമുള്ള കുടുംബക്കാരനായിട്ടാണ് ഇമാൻ ചലച്ചിത്രത്തിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നത്. റസുലോഫ് ഇക്കാര്യം വളരെ ശ്രദ്ധയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അയാൾ ദിവസവും രാവിലെ നജ്മയ്‌ക്കൊപ്പം പ്രാർത്ഥിക്കുന്നു. അവൻ തന്റെ പെൺമക്കളെ കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ, അവർ പിൻസീറ്റിൽ ഉറങ്ങുന്നു. ഇമാൻ തന്റെ ജോലിയിൽ കർത്തവ്യനിരതനാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും പെൺമക്കളും കരുതുന്നു. ഇപ്പോൾ, ടെഹ്‌റാനിലെ വിപ്ലവക്കോടതിയിൽ അന്വേഷണ ജഡ്ജിയായി ഇമാൻ നിയമിതനായിരിക്കുന്നു. പുതിയ സ്ഥാനക്കയറ്റം അയാൾക്ക് ഉയർന്ന ശമ്പളവും വലിയ അപ്പാർട്ട്‌മെന്റിലെ താമസസൗകര്യവും നൽകുന്നതാണ്. നജ്മ അയാളുടെ സ്ഥാനക്കയറ്റത്തിൽ ആഹ്ലാദിക്കുന്നു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സാ അമിനി എന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് ആരംഭിച്ച  'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന പ്രതിഷേധരൂപം ടെഹ്‌റാനെ പ്രകമ്പനം കൊള്ളിക്കുന്ന കാലയളവാണ് ഈ ചലച്ചിത്രത്തി്‌ന്റെ പ്രമേയകാലം.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സാ അമിനി എന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് ആരംഭിച്ച 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്ന പ്രതിഷേധരൂപം ടെഹ്‌റാനെ പ്രകമ്പനം കൊള്ളിക്കുന്ന കാലയളവാണ് ഈ ചലച്ചിത്രത്തി്‌ന്റെ പ്രമേയകാലം.

എന്നാൽ, സർക്കാരിനെതിരെ രാജ്യവ്യാപകമായ രാഷ്ട്രീയപ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ കുറ്റം ചുമത്തപ്പെട്ടവരെ വിചാരണ നടത്താതെ, കേസ് ഡയറി പഠിക്കുക പോലും ചെയ്യാതെ, വധശിക്ഷയ്ക്കുള്ള ഉത്തരവുകളിൽ ഒപ്പിടാൻ ഭരണകൂടം അയാളെ നിർബന്ധിക്കുന്നു. ഇങ്ങനെ വിധിന്യായങ്ങളിൽ ഒപ്പിടാൻ വിസമ്മതിച്ച ജഡ്ജിയുടെ ഒഴിവിലാണ് താൻ നിയമിക്കപ്പെട്ടിരിക്കുന്നതെന്ന് അയാൾക്കു മനസ്സിലാകുന്നുണ്ട്. ഇമാന്റെ ജീവിതം സമ്മർദ്ദം മൂലം അവിശ്വാസവും കാലുഷ്യവും മനോനില തെറ്റിക്കുന്നതുമായി മാറിത്തീരുകയാണ്. അജ്ഞാതനായി കഴിയണമെന്ന നിർദ്ദേശവും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നു നിർദ്ദേശിക്കപ്പെടുന്നു. അയാളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി സർക്കാർ ഒരു കൈത്തോക്ക് നൽകുന്നുമുണ്ട്. സ്വയം കീറിപ്പോയ ഇമാൻ, ഭരണകൂടം തന്നോട് ചെയ്യാൻ ആവശ്യപ്പെടുന്നതെന്താണെന്ന് ഭാര്യയോട് പറയുന്നു. രാജ്യത്തിന്റെ നിയമങ്ങൾ ദൈവത്തിന്റെ നിയമങ്ങളാണെന്നും പ്രോസിക്യൂട്ടർമാരുടെ ശുപാർശകൾ മറികടക്കുന്നത് തന്റെ ധാർമ്മിക ഉത്തരവാദിത്തമല്ലെന്നും അയാളും നജ്മയും ന്യായവാദം ചെയ്യുന്നു. അവർ ആഗ്രഹിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും സമൃദ്ധിയുമാണ്.

രാജ്യത്ത് സ്ഥിതിഗതികൾ വഷളാകുമ്പോൾ ഇമാന്റെ കുടുംബം അപകടത്തിലേക്ക് കൂടുതൽ അടുക്കുന്നു. തന്നെ സ്വയം പരിരക്ഷിക്കാൻ, വ്യക്തിയെ പ്രീതിപ്പെടുത്തുന്ന അധികാരികളിൽ നിന്ന് ഇമാൻ തോക്ക് വാങ്ങുമ്പോൾ ഉള്ളിൽ നിന്നു വരുന്ന അപകടത്തിന്റെ വിത്ത് പാകിക്കഴിഞ്ഞു. അത് മുളച്ചുവരുന്നു. അത്തിമരത്തിന്റെ വിത്തു പോലെ, മുളച്ചുകഴിഞ്ഞാൽ പിന്നോട്ടു പോകില്ല. താനൊരു വിശ്വാസിയാണെന്ന് ഇമാൻ അവകാശപ്പെടുന്നു, എന്നാൽ തന്റെ ജഡ്ജി പദവി നിലനിർത്താൻ അയാൾ മനസ്സാക്ഷിയെ ലംഘിക്കുമ്പോൾ അത് ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയായി മാറുന്നു.

സർക്കാരിനെതിരെ രാജ്യവ്യാപകമായ രാഷ്ട്രീയപ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ കുറ്റം ചുമത്തപ്പെട്ടവരെ വിചാരണ നടത്താതെ, കേസ് ഡയറി പഠിക്കുക പോലും ചെയ്യാതെ, വധശിക്ഷയ്ക്കുള്ള ഉത്തരവുകളിൽ ഒപ്പിടാൻ ഭരണകൂടം അയാളെ നിർബന്ധിക്കുന്നു.
സർക്കാരിനെതിരെ രാജ്യവ്യാപകമായ രാഷ്ട്രീയപ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ കുറ്റം ചുമത്തപ്പെട്ടവരെ വിചാരണ നടത്താതെ, കേസ് ഡയറി പഠിക്കുക പോലും ചെയ്യാതെ, വധശിക്ഷയ്ക്കുള്ള ഉത്തരവുകളിൽ ഒപ്പിടാൻ ഭരണകൂടം അയാളെ നിർബന്ധിക്കുന്നു.

ന്യായവൃത്തിയെ അന്യായവൃത്തിയായി മാറ്റിത്തീർത്ത ഒരു സർക്കാരാണ് അധികാരത്തിലുള്ളതെന്ന് നാം ഗ്രഹിക്കുന്നു. ആ രാജ്യത്തെ പൗരജനങ്ങളെ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നുവെന്ന ഏകകാരണം കൊണ്ട് കൊന്നുകളയാൻ കോടതിയോട് ആവശ്യപ്പെടുന്ന സർക്കാരാണത്. ജനങ്ങളുടെ പേരിൽ അധികാരത്തിൽ വരുന്ന സർക്കാരുകൾ തങ്ങളുടെ ഹിതത്തിന് എതിരു നിൽക്കുന്ന പൗരജനങ്ങളെ കൊന്നുകളയുകയും വിചാരണകളേതുമില്ലാതെ വർഷങ്ങളോളം തടവിൽ പാർപ്പിക്കുകയും ചെയ്യുന്ന സ്ഥിതി ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തന്നെ തകർക്കുന്നതാണ്. ഇറാനിൽ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ, ഇന്ത്യയിലും, ഏറിയും കുറഞ്ഞും ഇതരരൂപങ്ങളിലും ഇതു സംഭവിച്ചു കൊണ്ടിരിക്കുന്നു. അത് സമകാലത്തെ പ്രക്ഷോഭങ്ങളുടെയും ജനകീയപ്രതിരോധങ്ങളുടെയും കാലമാക്കി മാറ്റുന്നു. ഇറാനിൽ, ദൈവത്തിന്റെ പേരിൽ ഭരിക്കുന്നവരാണ് ഈ നൃശംസത ചെയ്യുന്നതെന്ന കാര്യം ഭരണത്തിനെതിരെ പ്രതികരിക്കുന്നവരെ ദൈവനിയമങ്ങൾക്കു വിരുദ്ധരായി അവതരിപ്പിക്കാൻ അവർക്കു അവസരം നൽകുന്നതാണ്.

പെൺമക്കളോട് നജ്മ പറയുന്ന വാക്കുകളിൽ ദൈവനിയമത്തിന്റെ അലംഘനീയതയെ കുറിച്ചു നാം കേൾക്കുന്നു. ഇമാനെ പോലെ തന്നെ മതവിശ്വാസിയായ നജ്മ തന്റെ പെൺമക്കളോട് അവരുടെ ദുർമാർഗ്ഗികളായ സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കാൻ ഉപദേശിക്കുന്നു. പിതാവിന്റെ പുതിയ ഔദ്യോഗിക പദവിയെ അപകടത്തിലാക്കാതിരിക്കാൻ തന്റെ പെൺമക്കൾക്ക് സുഹൃത്തുക്കൾ ഉണ്ടാകാൻ പോലും നജ്മ ആഗ്രഹിക്കുന്നില്ല. പുറത്ത് പ്രതിഷേധങ്ങൾ മൂർച്ഛിക്കുമ്പോൾ മക്കളോടുള്ള നജ്മയുടെ യാഥാസ്ഥിതിക വാചാടോപം വർദ്ധിക്കുന്നു, അവർ സുരക്ഷിതമായിരിക്കുന്നതിന് അനുസരണയുള്ളവരായിരിക്കണമെന്ന് നജ്മ ആഗ്രഹിക്കുന്നു. എന്നാൽ, റെസ്‌വാനും സനയും രാജ്യമെമ്പാടും പെൺകുട്ടികൾ ഉയർത്തിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവാഞ്ഛയോടൊപ്പമാണ്. ആ പെൺമക്കളിൽ സ്വാതന്ത്ര്യത്തിന്റെ വിത്ത് മുളച്ചിരിക്കുന്നു. അവർ സർക്കാരിനെതിരായ പ്രതിഷേധങ്ങൾ പല ജാലകങ്ങളിലൂടെ നിരീക്ഷിക്കുന്നു - അവരുടെ കിടപ്പുമുറിയിലെ ജാലകങ്ങൾ, അവരുടെ ഫോണുകൾ നൽകുന്ന ജനാലകൾ. അവർ അത് സാമൂഹികമാദ്ധ്യമങ്ങളിൽ നിന്ന് കാണുന്നു, തങ്ങളുടെ സഹപാഠിയിൽ നിന്നു കാണുന്നു; പിന്നെ, അടിച്ചമർത്തൽ വ്യവസ്ഥയുടെ ഇരയായി തീരുന്ന തങ്ങളുടെ പിതാവിൽ നിന്നു കാണുന്നു. ഭരണകൂടം പൗരജനങ്ങളുടെ സ്വകാര്യതയെ എങ്ങനെ ആക്രമിക്കുന്നുവെന്ന് അവർ കാണുന്നു. പലപ്പോഴും സർക്കാരിന്റെ ടി.വിയിൽ കാണുന്നത് അവരുടെ സ്വന്തം കണ്ണുകളുടെ തെളിവുകളുമായി നിഷേധത്തിലാകുന്നത് അറിയുന്നു. യുക്തിരഹിതമായ ഭരണകൂടത്തിന്റെ നിർബ്ബന്ധങ്ങളെ തങ്ങളുടെ വീടിന്റെ സ്വകാര്യ മണ്ഡലത്തിലേക്ക് തങ്ങളുടെ പിതാവ് കൊണ്ടുവരുന്നത് അനുഭവിക്കുന്നു.

ഇമാനെ പോലെ തന്നെ മതവിശ്വാസിയായ നജ്മ തന്റെ പെൺമക്കളോട് അവരുടെ ദുർമാർഗ്ഗികളായ സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കാൻ ഉപദേശിക്കുന്നു. പിതാവിന്റെ പുതിയ ഔദ്യോഗിക പദവിയെ അപകടത്തിലാക്കാതിരിക്കാൻ തന്റെ പെൺമക്കൾക്ക് സുഹൃത്തുക്കൾ ഉണ്ടാകാൻ പോലും നജ്മ ആഗ്രഹിക്കുന്നില്ല.
ഇമാനെ പോലെ തന്നെ മതവിശ്വാസിയായ നജ്മ തന്റെ പെൺമക്കളോട് അവരുടെ ദുർമാർഗ്ഗികളായ സുഹൃത്തുക്കളിൽ നിന്ന് അകന്നുനിൽക്കാൻ ഉപദേശിക്കുന്നു. പിതാവിന്റെ പുതിയ ഔദ്യോഗിക പദവിയെ അപകടത്തിലാക്കാതിരിക്കാൻ തന്റെ പെൺമക്കൾക്ക് സുഹൃത്തുക്കൾ ഉണ്ടാകാൻ പോലും നജ്മ ആഗ്രഹിക്കുന്നില്ല.

നിർബന്ധിത ഹിജാബിനെതിരായ പ്രകടനത്തിനിടെ റെസ്‌വാന്റെ സുഹൃത്തായ സദാഫിനു തെരുവിൽ വച്ച് മുഖത്ത് വെടിയേറ്റപ്പോൾ അവരുടെ അപ്പാർട്ട്‌മെന്റിൽ പ്രഥമശുശ്രൂഷ നൽകുന്നുണ്ട്. നജ്മ ഇപ്പോൾ അവളുടെ പെൺമക്കളോടൊപ്പം അവരുടെ സുഹൃത്തിനു ശുശ്രൂഷ നൽകുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്. സദാഫിന്റെ മുഖം വൃത്തിയാക്കി മരുന്നു വയ്ക്കുന്നത് നജ്മയാണ്. സദാഫ് റെസ്‌വാന്റെ അഥിഥിയായി വീട്ടിൽ വരുന്നതിനെയും സദാഫിനെ അവരുടെ കാറിൽ കയറ്റി യാത്ര ചെയ്യുന്നതിനെയും തങ്ങളുടെ സുരക്ഷിതത്വത്തിന്റെയും ഇമാന്റെ ജഡ്ജി പദവിയുടെയും പേരിൽ നജ്മ എതിർക്കുന്നുണ്ടെങ്കിലും അവൾക്ക് പെൺമക്കളുടെ ഇംഗിതങ്ങൾക്ക് ഭാഗികമായെങ്കിലും സമ്മതം നൽകേണ്ടിവരുന്നുണ്ട്. നജ്മയുടെ സ്വഭാവഘടന സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്ന സ്ത്രീസ്വത്വബോധത്തിന്റെയും രാജ്യത്തിന്റെ നിയമങ്ങൾ ദൈവത്തിന്റെ നിയമങ്ങളാണെന്ന അടിയുറച്ച വിശ്വാസത്തിന്റെയും ഇടയിൽ അനിശ്ചിതമായ നിലയിൽ ആടിയുലയുന്നതാണെന്നു നമുക്കു തോന്നിയേക്കാം. അവർ മൂന്നുപേരും ഇമാന്റെ സുഹൃത്തായ അലിരേസയുടെ അടുത്ത് ചോദ്യം ചെയ്യലിനായി എത്തുമ്പോൾ അവൾ പ്രകടിപ്പിക്കുന്ന ഭാവഹാദികളിൽ നജ്മയ്ക്കു തന്റെ പെൺമക്കളോടുള്ള സ്‌നേഹം എത്രമാത്രം നിരുപാധികമാണെന്ന് പ്രത്യക്ഷമാകുന്നുണ്ട്. സദാഫ് അപ്പാർട്ടുമെന്റിൽ വന്നതും അവൾക്കു ശുശ്രൂഷ നൽകിയതും ഇമാനിൽ നിന്ന് മറച്ചുവെക്കാൻ നജ്മയും പെൺമക്കളും തീരുമാനിക്കുന്നതിലും മക്കളോടുള്ള നജ്മയുടെ സഹഭാവം കാണാം, അത് ഒരിക്കലും ഏറെ പ്രത്യക്ഷമായി അവൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും. പുരുഷാധികാരത്തിന്റെ പാരുഷ്യത്തിനു പുറത്ത് സ്ത്രീകൾ മറ്റു സ്ത്രീകളുടെ മനസ്സിനെ അറിയുന്നതിന്റെയും ദുഃഖങ്ങൾ പരസ്പരം പങ്കിടുന്നതിന്റെയും ചിത്രണമായി ഇതിനെ കാണണം. ഇമാൻ തന്റെ പെൺമക്കളെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന പ്രതീതി സൃഷ്ടിക്കുമ്പോഴും രാജ്യത്തിന്റെ നിയമങ്ങൾക്കപ്പുറത്തേക്കു കടക്കാൻ അനുവദിക്കാത്ത രീതിയിൽ സോപാധികമായ സ്‌നേഹമാണതെന്ന് കാണികൾക്കു ഗ്രഹിക്കാൻ കഴിയുന്നുമുണ്ട്. അത് പുരുഷാധികാരത്തിന്റെ അതിഭീകരരൂപം കൈവരിക്കുന്നത് പിന്നെ നാം കാണുന്നുമുണ്ട്.

അവരുടെ അപ്പാർട്ട്‌മെന്റിൽ നിന്ന് പുറത്തുപോയ ഉടനെ സദാഫ് അറസ്റ്റിലാവുന്നു. രാജ്യവ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പെൺമക്കളും പിതാവും തീൻമേശയിൽ വാഗ്വാദത്തിൽ ഏർപ്പെടുന്നു. സ്‌ത്രൈണവൈകാരികതയുടെ പേരിൽ ഇമാൻ അവരെ ശകാരിക്കുന്നു. സർക്കാർ മാധ്യമങ്ങൾ യാഥാർത്ഥ്യത്തെ സെൻസർ ചെയ്യുകയാണെന്ന പെൺമക്കളുടെ വാക്കുകളെ ഇമാൻ തള്ളിക്കളയുന്നു. അത് ശത്രുക്കളുടെ പ്രചാരണമാണെന്ന് അദ്ദേഹം പറയുന്നു. റെസ്‌വാന പ്രസക്തമായ നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നു. പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞ പെൺകുട്ടി സ്‌ട്രോക്കു മൂലമാണ് മറിച്ചതെന്ന ഭരണകൂടവ്യാഖ്യാനം ഇമാൻ ആവർത്തിക്കുമ്പോൾ അങ്ങനെയെങ്കിൽ ആ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് അവൾ ചോദിക്കുന്നു. ഒരു പെൺകുട്ടിയെ കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിനെ മറയ്ക്കുന്നതിനുവേണ്ടി എത്ര മനുഷ്യരെയാണ് കൊലപ്പെടുത്തുന്നതെന്നു ചോദിക്കുന്നു. ഇരുപതു വർഷത്തോളമായി വിപ്ലവസർക്കാരിൽ പ്രവൃത്തിയെടുക്കുന്ന തന്റെ വാക്കുകളെ മകൾ വിശ്വസിക്കുന്നില്ലേയെന്ന ഇമാന്റെ ചോദ്യത്തിന് ഇല്ലെന്നാണ് റെസ്‌വാന മറുപടി പറയുന്നത്. ഇമാൻ ഭരണത്തിനുള്ളിലാണെന്നും അതിന്റെ ഭാഗമാണെന്നും അവൾ പറയുന്നു. ഈ കുടുംബനാടകം മുഴുവൻ രാജ്യത്തിന്റെയും ചെറിയ മാതൃകയായി നമുക്ക് അനുഭവപ്പെടുന്നു. കുടുംബാംഗങ്ങൾ പരസ്പരം സംശയം പ്രകടിപ്പിക്കുന്നതോടെ അവർ നേർക്കുനേർ തിരിയുന്നു. ആ വീട് ഒരു തടവറയാണെന്ന് തോന്നിത്തുടങ്ങുന്നു.

 രാജ്യവ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പെൺമക്കളും പിതാവും  തീൻമേശയിൽ വാഗ്വാദത്തിൽ ഏർപ്പെടുന്നു.
രാജ്യവ്യാപകമായ രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ പെൺമക്കളും പിതാവും തീൻമേശയിൽ വാഗ്വാദത്തിൽ ഏർപ്പെടുന്നു.

വിശുദ്ധ സർക്കാരിനും പിതാവിനെ കുറിച്ചുള്ള വിശുദ്ധസങ്കൽപ്പനങ്ങൾക്കും എതിരെ പ്രതിഷേധത്തിന്റെ വിത്തുകൾ മുളച്ചിരിക്കുന്നതാണ് നാം കാണുന്നത്. ചലച്ചിത്രശീർഷകത്തിന്റെ വ്യാഖ്യാനമായി പിതാവും മകളും തമ്മിലുള്ള വാഗ്വാദദൃശ്യം മാറിത്തീരുന്നുണ്ട്. പവിത്രമായ അത്തിമരത്തിന്റെ വിത്ത് വ്യക്തിപരമായത് രാഷ്ട്രീയമാണെന്ന് തെളിയിച്ചു കാണിക്കുന്നു. തന്റെ ആഖ്യാനത്തിൽ യഥാർത്ഥ സംഭവത്തെ കുറിച്ചുള്ള ആധികാരിക രേഖകൾ ഉൾപ്പെടുത്തുന്ന ചലച്ചിത്രകാരൻ തന്റെ നായകൻ യാഥാർത്ഥ്യത്തെ നിഷേധിക്കുകയാണെന്നതിൽ ഊന്നുകയാണെന്നു കാണികൾക്കു തോന്നുന്നുമുണ്ട്. തന്റെ പെൺമക്കളുടെ വാക്കുകളെ ഗൗരവപൂർവ്വം കാണാനുള്ള ഇമാന്റെ വിസമ്മതം മതഭരണകൂടത്തോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും പറയണം. തുടക്കത്തിലുള്ള ചലച്ചിത്രണം പോലെ ഇമാൻ ഒരു നല്ല മനുഷ്യനായിരിക്കാം. എന്നാൽ നല്ല മനുഷ്യർ പോലും അമിതാധികാരികളായി മാറുമ്പോൾ ഏറെ നിരാശാജനകമായി ദുഷിപ്പിക്കപ്പെടുന്നു. തന്റെ രാജ്യത്തിന് നല്ല താൽപ്പര്യങ്ങളുണ്ടെന്നും തന്റെ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ ചുറ്റുമുള്ളവരെ സംരക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അന്ധമായി വിശ്വസിക്കുകയാണ്. ഇമാന്റെ കുടുംബത്തിന്റെ ചെറുത്തുനിൽപ്പ് അവരോടുള്ള വാത്സല്യത്തിന്റെ പേരിൽ പോലും അവനെ അനുസരിക്കണമെന്നുള്ള അയാളുടെ ദൃഢനിശ്ചയത്തെ തീവ്രമാക്കുന്നു. അവരുടെ മനുഷ്യാവകാശങ്ങളും വിശ്വാസങ്ങളും നിഷേധിക്കുന്നതിലൂടെ താൻ സേവിക്കുന്ന ഭരണം സൃഷ്ടിക്കുന്ന അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും പ്രതിനിധാനമായി അയാൾ മാറുന്നു.

ഇമാന് ലഭിച്ച തോക്ക് കാണാതാകുകയും തന്റെ മക്കൾ അത് മോഷ്ടിച്ചതാണെന്ന് സംശയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ ചലച്ചിത്രം ഹൃദയഭേദകമായ വഴിത്തിരിവിലേക്കു നീങ്ങുന്നു. പിതാവും പെൺമക്കളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. അവരിൽ ആരോ ഒരാൾ തന്റെ തോക്ക് എടുത്തിട്ടുണ്ടെന്നും തന്നോട് കള്ളം പറയുകയാണെന്നും അയാൾ കരുതുന്നു. കൈത്തോക്ക് കാണാതായതിന്റെ പേരിൽ തന്റെ പെൺമക്കളെയും ഭാര്യയെയും സഹപ്രവർത്തകനായ അലിരേസയുടെ അടുത്തേക്ക് ചോദ്യം ചെയ്യലിനായി അയക്കാൻ ഇമാന് വൈമുഖ്യമോ ജാള്യതയോ തോന്നുന്നില്ല. തന്റെ കുടുംബത്തെ വിശ്വസിക്കാൻ കഴിയാതായിരിക്കുന്നുവെന്നും സ്വന്തം വീട്ടിൽ താൻ സുരക്ഷിതനല്ലെന്നും പറഞ്ഞുകൊണ്ട് ഇമാൻ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു. അലിരേസയുടെ മുന്നിൽ സ്ത്രീകൾ മാനസികമായി പീഡിപ്പിക്കപ്പെടുന്നത് നാം കാണുന്നു. ഇമാന്റെ പേരും വിലാസവും ഫോട്ടോയും പ്രക്ഷോഭകരുടെ സാമൂഹികമാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നതോടെ സ്വയംസംരക്ഷണത്തിനായി, അയാൾ ഭാര്യയോടും പെൺമക്കളോടും ഒപ്പം തന്റെ ബാല്യകാല വീട്ടിലേക്ക് പോകാൻ തീരുമാനിക്കുന്നു. തുടക്കത്തിൽ കളിച്ചിരുന്ന കുടുംബനാടകം പ്രക്ഷുബ്ധമായ അക്രമത്തിന്റെ ദൃശ്യങ്ങളായി മാറിത്തീരുന്നതാണ് പിന്നെ നാം കാണുന്നത്. ഈ മാറ്റം ഇമാൻ ഒരു പിശാചായി മാറുന്നതിനെ സ്ഥാപിക്കുകയാണ്. ഇമാൻ എത്രത്തോളം ഭീകരനായി തീർന്നുവെന്നും തങ്ങൾക്ക് നന്നായറിയുമെന്ന് സ്ത്രീകൾ കരുതിയിരുന്ന ആൾ അവരെ എത്രമാത്രം ഭയപ്പെടുത്തുന്നുവെന്നും അറിയിക്കുന്ന ദൃശ്യങ്ങളിലേക്ക് നാം പ്രവേശിക്കുന്നു. മതവും ഭരണകൂടാധികാരവും പുരുഷാധികാരവും പിതൃമേൽക്കോയ്മയും എല്ലാം ഒന്നുചേർന്നു നിൽക്കുന്ന, അവയെല്ലാം ഒന്നു തന്നെയെന്ന അതിഭീകരമായ യാഥാർത്ഥ്യത്തെ ചലച്ചിത്രകാരൻ അനാവൃതമാക്കുന്നു. പുരുഷന്റെയും ദൈവത്തിന്റെയും (യഥാർത്ഥത്തിൽ, മതത്തിന്റെ) അധികാരത്തിൽ നിന്നുകൊണ്ട് ഒരു പിതാവ് സ്വന്തം മാംസത്തിനും രക്തത്തിനും എതിരായി തിരിയുന്നത് നാം കാണുന്നു. അത് എത്ര ക്രൂരമാണെന്നു ധ്വനിപ്പിക്കുന്നു. ഇമാൻ നിൽക്കുന്ന നിലം വെടിയുണ്ടയേറ്റു തകർന്ന് അയാൾ കിടങ്ങിലേക്കു പതിക്കുന്ന ദുശ്യം സ്വേച്ഛാധിപത്യത്തിന്റെ നിലങ്ങളുടെ തകർച്ചയെയും പതനത്തെയും പ്രവചിക്കുന്നതാണ്.

കൈത്തോക്ക് കാണാതായതിന്റെ പേരിൽ തന്റെ പെൺമക്കളെയും ഭാര്യയെയും സഹപ്രവർത്തകനായ അലിരേസയുടെ അടുത്തേക്ക് ചോദ്യം ചെയ്യലിനായി അയക്കാൻ ഇമാന് വൈമുഖ്യമോ ജാള്യതയോ തോന്നുന്നില്ല. തന്റെ കുടുംബത്തെ വിശ്വസിക്കാൻ കഴിയാതായിരിക്കുന്നുവെന്നും സ്വന്തം വീട്ടിൽ താൻ സുരക്ഷിതനല്ലെന്നും പറഞ്ഞുകൊണ്ട് ഇമാൻ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു.
കൈത്തോക്ക് കാണാതായതിന്റെ പേരിൽ തന്റെ പെൺമക്കളെയും ഭാര്യയെയും സഹപ്രവർത്തകനായ അലിരേസയുടെ അടുത്തേക്ക് ചോദ്യം ചെയ്യലിനായി അയക്കാൻ ഇമാന് വൈമുഖ്യമോ ജാള്യതയോ തോന്നുന്നില്ല. തന്റെ കുടുംബത്തെ വിശ്വസിക്കാൻ കഴിയാതായിരിക്കുന്നുവെന്നും സ്വന്തം വീട്ടിൽ താൻ സുരക്ഷിതനല്ലെന്നും പറഞ്ഞുകൊണ്ട് ഇമാൻ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു.

ഭരണകൂടത്തെ എതിർക്കുന്ന വീക്ഷണങ്ങൾ പുലർത്തിക്കൊണ്ട് ഇറാനിൽ ജീവിക്കുന്നതിലെ വൈകാരിക യാഥാർത്ഥ്യത്തെ ഈ ചലച്ചിത്രം അനാവരണം ചെയ്യുന്നു. ഈ ചലച്ചിത്രം തുറന്ന സ്ഥലങ്ങളിൽ വച്ച് ചിത്രീകരിക്കാനാവാത്തതു മൂലം റസൂലോഫ് ഇതിലുടനീളം പ്രതിഷേധപ്രകടനങ്ങളുടെ യഥാർത്ഥ ദൃശ്യങ്ങൾ വിന്യസിച്ചു. മൊബൈൽ ഫോണുകൾ തികഞ്ഞ നിരീക്ഷണയന്ത്രങ്ങളായി മാറ്റപ്പെട്ടത് നാം കാണുന്നു. എവിടെയും എന്തും ചിത്രീകരിക്കാൻ കഴിവുള്ള സ്മാർട്ട്‌ഫോണുകളുടെ സർവ്വവ്യാപിത്വം സ്വേച്ഛാധിപത്യ സർക്കാരുകൾക്ക് ശാപമായി മാറിയിരിക്കുന്നു. അവ പ്രതിഷേധങ്ങളെയും വിപ്ലവങ്ങളെയും ചിത്രീകരിക്കുകയും ലോകമെമ്പാടും പ്രക്ഷേപണം ചെയ്യാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയാണ്. വിയോജിപ്പുകളെ ഇല്ലാതാക്കാനുള്ള സ്വേച്ഛാധിപതിയുടെ ശ്രമത്തെ ഇത് കഠിനമാക്കുന്നു. 2022-ലെ പ്രതിഷേധത്തിന്റെ കൂടുതൽ ദൃശ്യങ്ങളോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. ടെഹ്‌റാനിലെ തെരുവുകളിൽ സ്ത്രീകൾ അഭിമാനത്തോടെ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ. ഈ ക്ലിപ്പുകൾ രാജ്യത്തിന്റെ പ്രക്ഷുബ്ധതയുടെ അതിയാഥാർത്ഥ്യത്തെ പിടിച്ചെടുക്കുന്നതാണ്. തൊട്ടുമുമ്പു കണ്ട ഉയർന്ന ജീവിതനിമിഷങ്ങളുമായി തികച്ചും വ്യത്യസ്തമായി ഇവ നിലകൊള്ളുന്നു.

മുഹമ്മദ് റസൂലോഫിന്റെ ചലച്ചിത്രജീവിതം ഇറാനിലെ മതഭരണകൂടവുമായുള്ള സംഘർഷങ്ങളുടെ കഥയാണ്. തന്റെ ചലച്ചിത്രങ്ങളുടെ പേരിൽ ഇദ്ദേഹം വിചാരണകൾക്കും ജയിൽശിക്ഷയ്ക്കും വിധേയനായി. 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സരത്തിലേക്ക് പുതിയ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇറാനിയൻ അധികൃതർ ചോദ്യം ചെയ്യുകയും രാജ്യം വിടുന്നത് വിലക്കുകയും ചെയ്തിരുന്നു. ചലച്ചിത്രം പിൻവലിക്കാൻ റസൂലോഫിന്റെ മേൽ സമ്മർദ്ദമുണ്ടായി. 2024 മെയ് 8-ന് എട്ട് വർഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടുകെട്ടുന്നതിനും ശിക്ഷിച്ചതായി ഈ ചലച്ചിത്രകാരനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. താമസിയാതെ, റസൂലോഫിനും ചില സഹപ്രവർത്തകർക്കും ഇറാനിൽ നിന്ന് പലായനം ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം ഇറാനിൽ നിന്ന് ദീർഘവും സങ്കീർണ്ണവുമായ ഒരു യാത്ര ആസൂത്രണം ചെയ്യുകയായിരുന്നു. കാൽനടയായും മറ്റും 28 ദിവസത്തെ യാത്രക്കുശേഷം അദ്ദേഹം ഇറാനിയൻ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലെ സുരക്ഷിതഭവനത്തിലെത്തി. അവിടെ കുറേക്കാലം കാത്തിരുന്നു. തുടർന്ന് ജർമ്മൻ കോൺസുലേറ്റുള്ള ഒരു പട്ടണത്തിലേക്ക് മാറി. ഇറാൻ അധികൃതർ റസുലോഫിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തിരുന്നു, അദ്ദേഹം ജർമ്മൻ അധികാരികളുമായി ബന്ധപ്പെട്ടു. റസൂലോഫ് മുമ്പ് ജർമ്മനിയിൽ താമസിച്ചിരുന്നതിനാൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തെ തിരിച്ചറിയുകയും ജർമ്മനിയിലേക്ക് പോകുന്നതിന് ഒരു താൽക്കാലിക യാത്രാരേഖ നൽകുകയും ചെയ്തു. ഇങ്ങനെയാണ് 2024 മെയ് 24-ന് കാനിലെ ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുത്തത്.

 2024 മെയ് 8-ന് എട്ട് വർഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടുകെട്ടുന്നതിനും ശിക്ഷിച്ചതായി ഈ ചലച്ചിത്രകാരനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. താമസിയാതെ, റസൂലോഫിനും ചില സഹപ്രവർത്തകർക്കും ഇറാനിൽ നിന്ന് പലായനം ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം ഇറാനിൽ നിന്ന് ദീർഘവും സങ്കീർണ്ണവുമായ ഒരു യാത്ര ആസൂത്രണം ചെയ്യുകയായിരുന്നു.
2024 മെയ് 8-ന് എട്ട് വർഷത്തെ തടവിനും ചാട്ടവാറടിക്കും പിഴയ്ക്കും സ്വത്ത് കണ്ടുകെട്ടുന്നതിനും ശിക്ഷിച്ചതായി ഈ ചലച്ചിത്രകാരനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. താമസിയാതെ, റസൂലോഫിനും ചില സഹപ്രവർത്തകർക്കും ഇറാനിൽ നിന്ന് പലായനം ചെയ്യാൻ കഴിഞ്ഞു. അദ്ദേഹം ഇറാനിൽ നിന്ന് ദീർഘവും സങ്കീർണ്ണവുമായ ഒരു യാത്ര ആസൂത്രണം ചെയ്യുകയായിരുന്നു.

മാറ്റത്തിനുവേണ്ടിയുള്ള പൗരപ്രക്ഷോഭങ്ങളെ സർക്കാർ നിരാകരിക്കുന്നത് റസുലോഫിന് വേദന നിറഞ്ഞ സ്വന്തം ജീവിതാനുഭവമാണ്. തന്നെ നാടുകടത്തിയ മാതൃരാജ്യത്തിലെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെ എങ്ങനെ റസൂലോഫ് കാണുന്നു എന്നതിന്റെ ഛായാചിത്രമാണ് ഈ ചലച്ചിത്രം. എന്തുകൊണ്ടാണ് ഇത് ഇത്ര അപകടകരമായി തോന്നിയതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. അത് വ്രണപ്പെടുത്തുന്ന സത്യങ്ങളെ പറ്റി പറയുന്നു. റസൂലോഫിന്റെ അഭിനിവേശം പ്രശംസനീയമാണ്, പക്ഷേ, ഭാവിയിൽ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ലാത്ത പരാമർശങ്ങളിൽ വേരൂന്നിയ ചലച്ചിത്രമാണിത്.

ഈ ചലച്ചിത്രം കാണുന്ന ഏതൊരു ഇന്ത്യക്കാരും സമകാല ഇന്ത്യൻ യാഥാർത്ഥ്യത്തെ ഈ ചലച്ചിത്ര യാഥാർത്ഥ്യവുമായി താരതമ്യം ചെയ്യുമെന്നു തീർച്ചയാണ്. നിരന്തരം നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഭരണാധികാരികളെ അനുസരിക്കാത്ത ജഡ്ജിമാർ ദുരൂഹമായി മരിച്ച സംഭവങ്ങൾ, ബുദ്ധിജീവികളും എഴുത്തുകാരും അദ്ധ്യാപകരും വിദ്യാർത്ഥികളും സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥന്മാരും കാരണങ്ങളേതുമില്ലാതെയും വിചാരണകളില്ലാതെയും വർഷങ്ങളോളം തുറുങ്കിലടയ്ക്കപ്പെടുന്ന സംഭവങ്ങൾ, ന്യൂനപക്ഷ- ദലിത് വിഭാഗ ജനങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ, ഭരണഘടനയെ കുറിച്ചു പറയാതെ ദൈവത്തെയും പൗരാണിക സ്മൃതികളെയും കുറിച്ചു നീതിന്യായകോടതി പറയുന്ന സന്ദർഭങ്ങൾ, തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്ന സംഭവങ്ങൾ, ജനപ്രതിനിധികളെ പണം നൽകി കക്ഷി മാറ്റുന്ന സന്ദർഭങ്ങൾ... ഈ രാജ്യവും ഇതരരൂപങ്ങളിലാണെങ്കിലും സമാനമായ അവസ്ഥയിലാണ്. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ നിരാലംബമായ സ്ഥിതിയോർത്ത് ഒരു അഭിഭാഷകൻ ടെലിവിഷൻ അഭിമുഖത്തിന്നിടയിൽ പൊട്ടിക്കരയുന്നത് നാം കാണുന്നു.

ഈ ഹതാശമായ അവസ്ഥയിലും നമ്മുടെ കലയും ബുദ്ധിജീവിതവും ഉണർന്നിരിക്കുന്നുണ്ടോയെന്ന ചോദ്യം ഉന്നയിക്കാൻ കൂടി മുഹമ്മദ് റസുലോഫിന്റെ ചിത്രം കാരണമാകുന്നു. ബാബരി മസ്ജിദിനെ കുറിച്ചുള്ള കോടതിവിധിയെ ദൈവനിശ്ചയമായി അവതരിപ്പിച്ച ചീഫ് ജസ്റ്റിസിനെ ഹാംലറ്റ് അനുഭവിച്ച അനിശ്ചിതത്വത്തിനു സമാനമായി ചിത്രണം ചെയ്തുകൊണ്ട്, ആ പാപകർമ്മത്തെ ലഘൂകരിച്ചുകാണുന്ന ബുദ്ധിജീവികൾ കേരളത്തിൽ തന്നെയുണ്ട്. രാജ്യത്തിന്റെ ഹതാശമായ സാമൂഹികാവസ്ഥയെ വ്യക്തികളുടെ അനുഭവലോകങ്ങളും ജീവിതയാഥാർത്ഥ്യവും ആയി പുനഃസൃഷ്ടിക്കാൻ, ചലച്ചിത്രകലയുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താൻ, അങ്ങനെ സാമാന്യജനതയുടെ ബോധത്തിലേക്കു സമകാലയാഥാർത്ഥ്യത്തെ കുറിച്ചു വെളിച്ചം നൽകാൻ നമ്മുടെ ചലച്ചിത്രകാരന്മാർക്കു കഴിയുന്നുണ്ടോ?


Summary: Mohammad Rasoulof's 2024 Iranian political thriller drama movie The Seed of the Sacred Fig which screened in cannes film festival, review by V Vijayakumar


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments