വി.സി. അഭിലാഷ്. / Photo : Salish Peringottukara

പ്ലാറ്റ്​ഫോം മാറി,കണ്ടൻറ്​ ക്രിയേറ്റിവിറ്റി?

മറ്റൊരാളിന്റെ ലക്ഷക്കണക്കിന് പണം സ്വീകരിച്ച് സിനിമ ചെയ്യാൻ നിർബന്ധിതനാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും കൊമേഴ്‌സ്യൽ സിനിമയുടെ സാധ്യത അന്വേഷിക്കേണ്ടിവരും. കൊമേഴ്‌സ്യൽ സിനിമയിൽ എന്തെല്ലാം നുണ പറയേണ്ടിവരും, എന്തെല്ലാം വിട്ടുവീഴ്ച ചെയ്യേണ്ടിവരും, അതെല്ലാം ചെയ്യേണ്ടിവരും.

രുപാട് കാലപ്പഴക്കമുള്ള സിനിമേതര കലാരൂപങ്ങൾ​, അതായത്​, കഥകളി, നാടൻപാട്ട്​, നാടകം, സാഹിത്യം, സംഗീതം തുടങ്ങിയവ​ പൊതുമനസ്സിന്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങിയതുപോലെ, ഒറ്റ നൂറ്റാണ്ടിന്റെ മാത്രം ചരിത്രപാശ്ചാത്തലമുള്ള സിനിമ എന്ന കലാരൂപത്തിന് സാധ്യമായി എന്നുഞാൻ വിശ്വസിക്കുന്നില്ല.

നെറ്റി ചുളിക്കാൻ പോന്ന ഒരു പ്രസ്താവനയാകാം ഇത്.

കാരണം, ഇത്രയേറെ ആളുകൾ, എത്രയോ വലിയ വിനോദമായി കാണുന്ന കലാരൂപമാണ് സിനിമ. എന്നാൽ, ആഴത്തിൽ പഠിക്കുമ്പോൾ ഈ പറഞ്ഞതിലെ വാസ്തവം ബോധ്യപ്പെടും. അത്​ ഒന്ന്​ വിശദീകരിക്കാൻ ശ്രമിക്കാം. ഒരു അടിസ്ഥാന കൃഷിക്കാരന്റെ ജീവിതശൈലിയോട് അയാളിലെ കല എപ്പോഴും അടയാളപ്പെട്ടിരിക്കും. കൊയ്യാൻ പോകുമ്പോഴും അയാളുടെ സകല താളങ്ങളിലും ആ കലയുണ്ടാകും. ഓരോ ഗ്രാമജീവിതത്തിനും ഓരോ കലയുണ്ട്.

ഒരുപാട് കാലപ്പഴക്കമുള്ള സിനിമേതര കലാരൂപങ്ങൾ പൊതുമനസ്സിന്റെ  അടിത്തട്ടിൽ ആഴ്ന്നിറങ്ങിയതുപോലെ, ഒറ്റ നൂറ്റാണ്ടിന്റെ മാത്രം ചരിത്രപാശ്ചാത്തലമുള്ള സിനിമ എന്ന കലാരൂപത്തിന് അത് സാധ്യമായി എന്നുഞാൻ വിശ്വസിക്കുന്നില്ല. / Photo : Pexels.com
ഒരുപാട് കാലപ്പഴക്കമുള്ള സിനിമേതര കലാരൂപങ്ങൾ പൊതുമനസ്സിന്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങിയതുപോലെ, ഒറ്റ നൂറ്റാണ്ടിന്റെ മാത്രം ചരിത്രപാശ്ചാത്തലമുള്ള സിനിമ എന്ന കലാരൂപത്തിന് അത് സാധ്യമായി എന്നുഞാൻ വിശ്വസിക്കുന്നില്ല. / Photo : Pexels.com

നഗരജീവിയായി മാറിക്കഴിഞ്ഞാലും ആ കലയുടെ ഒരു ബോധം അയാളിലുണ്ടാകും. ചിലപ്പോൾ ഒരു മഴ പെയ്യുമ്പോഴാകും അവർ അത് തിരിച്ചറിയുക. ഒരു ചായക്കപ്പ് നിലത്തുവീണ്, ചായ പടർന്ന് അതൊരു ഛായാചിത്രമായി മാറുമ്പോഴായിരിക്കും അവരിലെ കല ഉണരുക. ഈ അടിസ്ഥാന ചിന്ത സിനിമയുമായി ബന്ധപ്പെട്ട്​ ഉണ്ടായിവരണമെങ്കിൽ, അത് പൊതുസമൂഹത്തെ അത്രമാത്രം സ്വാധീനിക്കണം. കുറച്ച് വ്യക്തികൾക്ക് ഇത്തരമൊരു ബോധ്യമുണ്ടായേക്കാം. ഞാൻ അത്തരമൊരു വ്യക്തിയാണ്. സിനിമ എന്നിൽ കുഞ്ഞുനാളുമുതലേ ഉള്ളതുകൊണ്ട് എനിക്കതിനെക്കുറിച്ച് ബോധ്യമുണ്ട്. അതായത്​, ചായക്കപ്പ് നിലത്തുവീണ് ചായ പടർന്നുപന്തലിക്കുന്ന ഗതിയിൽ, ഒരു സിനിമാക്കഥയോ കഥയു​ടെ വഴിയോ സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കും. എന്നാൽ ഒരു സാധാരണക്കാരന് അത് കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല. ഒരുപക്ഷേ, അവർ കണ്ടെത്തുന്നത്, ഒഴുക്കിലൂടെ പോകുന്ന ഒരു ജലച്ചിത്രമായിട്ടായിരിക്കും. അല്ലെങ്കിൽ, ചായക്കപ്പ് വീണ് പൊട്ടിയതിന്റെ താളക്രമത്തെക്കുറിച്ചായിരിക്കും അയാൾ ചിന്തിക്കുക. മറ്റുള്ളവർ അവരുടെ മറ്റു മാനസികവ്യാപാരങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തുമ്പോഴാണ്​ കലയ്ക്കും പ്രസക്തിയുണ്ടാകുന്നത്. തിരക്കുപിടിച്ച ജീവിതം ജീവിക്കുന്ന ഒരാൾക്ക്​, അത്തരമൊരു ചിന്തയിലേക്കെത്താൻ കഴിഞ്ഞെന്നുവരില്ല. രാവിലെ കുഞ്ഞിനെ റെഡിയാക്കിയശേഷം എത്രയും വേഗം ജോലിക്കുപോകാൻ തിരക്കുകൂട്ടുന്ന നാട്ടിൻപുറത്തുകാരായ ഇന്നത്തെ നഗരജീവിക്ക്​ ചായക്കപ്പ് നിലത്തുവീണ്​ പൊട്ടുന്നതിൽ കല കണ്ടെത്താൻ കഴിയണമെന്നില്ല. അതേസമയം, ഏറ്റവും സ്വസ്ഥമായിരിക്കുന്ന സമയത്ത്​, ഒരു മഴ പെയ്യുന്നതിൽ ആർട്ട് കണ്ടെത്താനാകും. എന്നാൽ, സിനിമ എന്ന കലാരൂപവുമായി ബന്ധപ്പെട്ട് സാധാരണക്കാർക്ക്​ ഇത്തരം അനുഭവങ്ങളുണ്ടാകാറില്ല. എന്റെ കാഴ്ചപ്പാടിൽ അവർക്ക് സിനിമ എന്നു പറയുന്നത് ഒരു എന്റർടെയ്‌നറാണ്. അതിനപ്പുറത്തേക്ക് സിനിമ സാധാരണക്കാരെ എത്ര സ്വാധീനിച്ചിട്ടുണ്ട്?.

ആളൊരുക്കത്തിൻറെ ഷൂട്ടിങ്ങിനിടെ ഇന്ദ്രൻസും വി.സി. അഭിലാഷും. / Photo : VC Abhilash, Fb Page
ആളൊരുക്കത്തിൻറെ ഷൂട്ടിങ്ങിനിടെ ഇന്ദ്രൻസും വി.സി. അഭിലാഷും. / Photo : VC Abhilash, Fb Page

എവിടെയൊക്കെയോ കലയെ ഒളിപ്പിച്ചുവക്കുന്നവരും എന്നാൽ, കലാകാരരായി അറിയപ്പെടാൻ ആഗ്രഹിക്കാത്തവരുമായ ചിലരുണ്ട്. അവർ പലപ്പോഴും ഫ്രെയിമുകളുടെ ദൃശ്യചാരുതയെക്കുറിച്ചൊക്കെ പറയും. അങ്കമാലി കാർണിവൽ സിനിമാസിൽ എന്റെ ആദ്യ സിനിമ ‘ആളൊരുക്കം’ പ്രദർശിപ്പിച്ച സമയത്ത്, ഒരു ബീഡിതെറുപ്പുതൊഴിലാളി പടം കാണാനെത്തിയിരുന്നു. പടം കണ്ട് ഇറങ്ങിവന്ന അദ്ദേഹം എന്നോടു സംസാരിച്ചുതുടങ്ങിയത്​, ‘നിങ്ങളുടെ ആദ്യ ഫ്രെയിം മുതൽ ഞാൻ...' എന്നു പറഞ്ഞാണ്. ഫ്രെയിം എന്ന വാക്കൊക്കെ ഉപയോഗിക്കാൻ തക്കവണ്ണം അദ്ദേഹം ഈ കലയുമായി ഇഴുകിച്ചേർന്ന ഒരാളാണെന്ന ബോധ്യം എനിക്കുണ്ടാവുകയാണ്. ഇത് എല്ലാ കലയിലും സംഭവിച്ചപോലെ സിനിമയിൽ വന്നിട്ടില്ല എന്നാണ്​ പറയാനുദ്ദേശിച്ചത്​. അതായത്, സിനിമ ഉള്ളിൽ കയറുന്നത് അപൂർവം ചിലരിൽ മാത്രമായിരിക്കും. പൊതുസമൂഹത്തിൽ സിനിമക്കുള്ള സ്വാധീനം എത്രയാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ വരുന്നതും അതുകൊണ്ടുതന്നെയാണ്.

എല്ലാ സിനിമകളും സാമൂഹിക ഉത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. സമൂഹത്തെ നന്നാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഒരു സിനിമക്കോ സിനിമാക്കാരനോ ഇല്ല.

പൊതുസമൂഹത്തിൽ സിനിമക്ക് ഏറെ പ്രസക്തിയുണ്ട്. പല കാര്യങ്ങളും കൺവിൻസ് ചെയ്യിക്കാനും കമ്യൂണിക്കേറ്റ് ചെയ്യാനും പറ്റിയേക്കും. എന്നാൽ, സിനിമക്ക് പൂർണാർഥത്തിൽ സാമൂഹിക ഉത്തരവാദിത്തമുണ്ട് എന്ന വാദത്തോട് ഒരു ഘട്ടത്തിൽ പോലും യോജിക്കുന്ന ആളല്ല ഞാൻ. ആദ്യ സിനിമക്ക്, സാമൂഹികപ്രതിബദ്ധതക്കുള്ള സർക്കാർ അവാർഡ് ലഭിച്ചയാളാണ് ഞാൻ എന്നുകൂടി പറയ​ട്ടെ. ആ ഞാൻ പറയുന്നു, എല്ലാ സിനിമകളും സാമൂഹിക ഉത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. സമൂഹത്തെ നന്നാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഒരു സിനിമക്കോ സിനിമാക്കാരനോ ഇല്ല. എന്നാൽ, ചില സിനിമകളിൽ അത് സാധിക്കുന്ന കാര്യവുമാണ്. ആ സാഹചര്യങ്ങളെ നമ്മൾ മുന്നോട്ട്​ കൊണ്ടുപോകുകയും വേണം.

Photo : Vc Abhilash, Fb Page
Photo : Vc Abhilash, Fb Page

എന്റെ എല്ലാ സിനിമകളിലും സാമൂഹികദൗത്യം ഉണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. എന്നാൽ, നമ്മളറിയാതെ തന്നെ ചില സാമൂഹിക യാഥാർഥ്യങ്ങളെ സിനിമയിൽ കാണിക്കേണ്ടതായും വരും. ഉദാഹരണത്തിന് ‘സബാഷ്ചന്ദ്രബോസി'ൽ ഞാൻ കണ്ടും കേട്ടും ശീലിച്ച ചില തെറിവാക്കുകൾ ഷൂട്ട് ചെയ്തിരുന്നുവെങ്കിലും ഡബ്ബിംഗിനുമുമ്പായി ബോധപൂർവം ഒഴിവാക്കി. എനിക്കറിയാം, ആ വാക്കായിരിക്കും ഏറ്റവുമാദ്യം കൈയടിയുണ്ടാക്കുക. എന്നാൽ, പൊളിറ്റിക്കൽ കറക്റ്റ്‌നസ് ആവശ്യപ്പെടുന്ന സമൂഹത്തിന് അത് നല്ല സന്ദേശം നൽകില്ല എന്ന വിശ്വാസത്തോടെ തന്നെയാണ്​ അത് ഒഴിവാക്കിയത്​. ഇക്കാര്യം ശ്രദ്ധിക്കാറുണ്ടെങ്കിൽ പോലും എല്ലാ ഘട്ടത്തിലും ഇത് ശ്രദ്ധിക്കേണ്ടതില്ല എന്നാണ് എന്റെ ചിന്ത.

ഞാനൊക്കെ അസിസ്റ്റന്റാകാൻ ഏറെ കഷ്ടപ്പെട്ടിരുന്നു, എന്നിട്ടും ആർക്കും ഒപ്പം അസിസ്റ്റന്റാകാൻ കഴിയാതെ പോയ ആളുമാണ്. ആത്മാർഥമായി ശ്രമിച്ചാൽ ഇന്നത്തെ കാലത്ത്​, ഒരു വർഷം കൊണ്ട് ആർക്കും ഒരാളുടെ അസിസ്റ്റന്റായി മാറാം, രണ്ടുവർഷം കൊണ്ട് അവർക്ക്​ സ്വതന്ത്ര ഫിലിം മേക്കറായി മാറാനും പറ്റും.

പുതിയ സിനിമ, പുതിയ ഫിലിം മേക്കേഴ്​സ്​

ഞാൻ തിരുവനന്തപുരം നഗരത്തിന്റെ സന്തതിയാണ്. നെടുമങ്ങാടും തിരുവനന്തപുരവും തമ്മിൽ വലിയ ദൂരമില്ല. നെടുമങ്ങാടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയും ഇതിനപ്പുറം മറ്റൊരു സിനിമാലോകമില്ലെന്ന് ചിന്തിക്കുകയും ചെയ്തിരുന്ന യൗവനമാണ് എന്റേത്. ആദ്യ സിനിമക്കുപോലും ഞാൻ എറണാകുളത്തെ ആശ്രയിച്ചിരുന്നില്ല. എന്നാൽ, രണ്ടാമത്തെ സിനിമയിലേക്കെത്തുമ്പോഴാണ്, പൂർണമായും ആ സിനിമ എറണാകുളം നഗരത്തിൽ ചിത്രീകരിക്കുമ്പോഴാണ്, ആ സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി മാത്രമാണ് മറ്റൊരു നഗരത്തിലേക്കുപോകുന്നത്. അതിന്റെ പ്രീ- പോസ്റ്റ് പ്രൊഡക്ഷനുകൾ എറണാകുളം നഗരത്തിൽ ചിത്രീകരിക്കാൻ പോകുമ്പോൾ ഒരു വലിയ സത്യം ഞാൻ മനസ്സിലാക്കി; നടന്നുപോകുന്ന നമുക്കെതിരെവന്ന് ദേഹത്തുമുട്ടുന്ന ഒരു വ്യക്തി പോലും സിനിമാസ്വപ്‌നവുമായി എറണാകുളം നഗരത്തിലേക്ക് വന്ന ഒരാളായിരിക്കാം. നമ്മൾ ചായക്കടയിലിരുന്ന് ചായ കുടിക്കുമ്പോൾ, അങ്ങേയറ്റത്തിരുന്ന് പരിപ്പുവട തിന്നുന്ന വ്യക്തി, ഒരു ഷോർട്ട് ഫിലിം എടുക്കുകയെന്ന സ്വപ്‌നവും പേറി നടക്കുന്ന സംവിധാനകനായിരിക്കാം. ഇങ്ങനെയുള്ളവരിൽനിന്ന് ഒരുപാട് പേർ സിനിമയിലെത്തുന്നുണ്ട്. പണ്ടത്തെപ്പോലെ, അസിസ്റ്റന്റുമാരാകാൻ ഇന്ന് വലിയ ബുദ്ധിമുട്ടില്ല. ഞാനൊക്കെ അസിസ്റ്റന്റാകാൻ ഏറെ കഷ്ടപ്പെട്ടിരുന്നു, എന്നിട്ടും ആർക്കും ഒപ്പം അസിസ്റ്റന്റാകാൻ കഴിയാതെ പോയ ആളുമാണ്. ആത്മാർഥമായി ശ്രമിച്ചാൽ ഇന്നത്തെ കാലത്ത്​, ഒരു വർഷം കൊണ്ട് ആർക്കും ഒരാളുടെ അസിസ്റ്റന്റായി മാറാം, രണ്ടുവർഷം കൊണ്ട് അവർക്ക്​ സ്വതന്ത്ര ഫിലിം മേക്കറായി മാറാനും പറ്റും. പക്ഷെ, ഇതിനൊരു മറുപുറവുമുണ്ട്​. ഇവരിൽ പലരും ചെയ്യുന്ന സിനിമകൾ നിലനിൽക്കുന്ന സിസ്റ്റത്തിന്റെയോ വന്നുകൊണ്ടിരിക്കുന്ന സിനിമകളുടെയോ കോപ്പിയായി മാറുന്ന പ്രവണതയുണ്ട്. ഈ പ്രവണതയിൽനിന്ന്​ രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്റെ സിനിമകളിൽ കുറഞ്ഞപക്ഷം കോപ്പിയിങ് പരിപാടി ഒഴിവാക്കാൻ ശ്രമിക്കുന്നത്. ‘ആളൊരുക്കം' ചെയ്യുന്നതിനുമുമ്പ് അതുപോലൊരു പടം ഞാൻ കണ്ടിട്ടില്ല, അതിനുശേഷവും അതുപോലൊരു വിഷയം വച്ചൊരു പടവും ഞാൻ കണ്ടിട്ടില്ല, ട്രാൻസ്‌ജെൻഡർ വിഷയം വന്നിട്ടുണ്ടെങ്കിൽ പോലും.

ആളൊരുക്കത്തിൽ നിന്ന്
ആളൊരുക്കത്തിൽ നിന്ന്

ട്രാൻസ്‌ജെൻഡറായി മാറിയ മകനോടും ആ വ്യക്തിയെ വിവാഹം കഴിച്ച പുരുഷനോടും പിന്നീട് ദത്തെടുത്ത മകളോടും ഒപ്പം ജീവിക്കേണ്ടിവരുന്ന ഓട്ടംതുള്ളൽ കലാകാരനായ, യാഥാസ്ഥിതികനായ ഒരു വയോധികന്റെ ജീവിതം കാണിക്കുന്ന സിനിമയെടുക്കുമ്പോൾ എനിക്ക് ഭയാശങ്കകളുണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷെ, അത് നിലവിലുള്ള പ്രവണതകളെ ഒഴിവാക്കിയാണ്​മറികടക്കേണ്ടത് എന്നതുകൊണ്ടാണ് ആ സിനിമ ചെയ്തത്. എന്നാൽ, ഇതിൽനിന്നും മാറിയിട്ടാണ് കൊമേഴ്​സ്യൽ എന്റർടെയ്‌നർ എന്ന നിലയ്​ക്ക്​ ‘സബാഷ്​ചന്ദ്രബോസ്’ ചെയ്യുന്നത്. 35 വർഷത്തിനുമുമ്പുള്ള കേരളത്തെ റീഗ്രേറ്റ് ചെയ്​ത്​ എങ്ങനെ സിമ്പിളായി ഒരു സിനിമ അവതരിപ്പിക്കാം എന്നാണ്​ ഇവിടെ ഞാൻ ആലോചിച്ചത്​. അതുകൊണ്ടുതന്നെ, ഈ സിനിമയിൽ ഒരുപാട് കാമറാ ടെക്‌നിക്കുകൾ ഉപയോഗിച്ചിട്ടില്ല.

എന്റെ ആദ്യ സിനിമയിൽ നാടകീയത ഒരുപാടുണ്ടായി എന്ന് തോന്നിയിട്ടുണ്ട്, പിന്നീട്. അതുകൊണ്ടുതന്നെ, ഇന്നത്തെ കാഴ്ചപ്പാടിൽ ആ സിനിമക്ക് കുറെ ദൗർബല്യങ്ങളുണ്ടായിരുന്നു എന്ന്​ തിരിച്ചറിയുന്നു. അത് മാറ്റാനാണ് ‘ചന്ദ്രബോസി’ൽ ശ്രമിച്ചത്. എന്നിട്ടും ദൗർബല്യങ്ങൾ അവശേഷിക്കുന്ന ഒരു ഫിലിം മേക്കർ തന്നെയാണ് ഞാൻ

പുതിയ ഫിലിം മേക്കേഴ്‌സിൽ എന്നെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ട്. എന്നാൽ വേറെ ചിലരാകട്ടെ, സ്ഥിരമായ പ്രമേയപരതയുടെയും മറ്റും ഉള്ളിൽ കുടുങ്ങി ക്കിടക്കുകയാണ്​. ഉദാഹരണത്തിന്, കുറെക്കാലം മലയാളത്തിന്റെ ദൗർബല്യമായിരുന്നു ഹെലികാം ഷോട്ടുകൾ. ഒരു വാഹനം സഞ്ചരിക്കുന്നുണ്ടെങ്കിൽ, പ്രത്യേകിച്ച് അത് കാട്ടിലൂടെയാണെങ്കിൽ, ഹെലികാം ഷോട്ട് മസ്റ്റ് ആയിരുന്നു, 2010 നുശേഷമുള്ള മലയാള സിനിമയിൽ. ‘സബാഷ്ചന്ദ്രബോസി'ൽ ഇത്തരം ഷോട്ടുകൾ വളരെ ആവശ്യമുണ്ടെന്ന് കണ്ട രണ്ടോ മൂന്നോ ഇടത്തുമാത്രമാണ് ഉപയോഗിച്ചത്, അല്ലാത്തിടത്ത് ഒഴിവാക്കുകയായിരുന്നു. ഇങ്ങനെ, വിദേശ സിനിമകൾ ചവച്ചുതുപ്പിക്കഴിഞ്ഞ പല ഷോട്ട് ടെക്‌നോളജികളും ഗിമ്മിക്കുകളും മലയാള സിനിമ പിന്തുടരുന്നതായി തോന്നിയിട്ടുണ്ട്. അത്തരം മാർഗങ്ങളില്ലാതെ, ഫ്രഷ്​ ആയ കാഴ്ചയും സംവേദനവും സാധ്യമാക്കിത്തരുന്ന ഫിലിം മേക്കേഴ്‌സിനോടാണ് എനിക്ക് കമ്പം.

ദിലീഷ് പോത്തൻ, ലിജോ ജോസ് പല്ലിശ്ശേരി
ദിലീഷ് പോത്തൻ, ലിജോ ജോസ് പല്ലിശ്ശേരി

അതുകൊണ്ടാണ് എനിക്ക് ദിലീഷ് പോത്തനെയും ലിജോയെയും ഇഷ്​ടം, ശ്യാം പുഷ്‌കരന്റെ എഴുത്തുരീതി ഇഷ്ടം, രാജീവ് രവിയുടെയും റോഷൻ ആൻഡ്രൂസിന്റെയും സിനിമകൾക്കുവേണ്ടിയുള്ള കാത്തിരിപ്പ്​. വ്യത്യസ്ത സിനിമകൾ കിട്ടുന്നത് ഇങ്ങനെ ചില വ്യത്യസ്തരിൽനിന്നാണ്. അവർക്ക് മനസ്സിലാകുന്നുണ്ട്, സിനിമയുടെ ഭാഷയിൽ എന്താണ് പുതുതായി അപ്ലൈ ചെയ്യേണ്ടത് എന്ന്. വിദേശസിനിമകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് എഴുതുന്ന തിരക്കഥകളിൽനിന്നെടുക്കുന്ന സിനിമകളിൽ പോലും അവർ മാറ്റം വരുത്താൻ ശ്രമിക്കുന്നു.

ഈയടുത്ത കാലത്ത്, നമ്മുടെ സിനിമകളിൽ ഒരുപാട് കോടതിമുറികളും ഒരുപാട് പൊലീസ് സ്‌റ്റേഷനുകളും കാണുന്നു, ഒരേസാധനം തന്നെ പലപ്പോഴും ആവർത്തിച്ചുവരുന്നു.

ഇരകളു’ടെ പുതിയകാല സൃഷ്ടിയാണ് ‘ജോജി’ എന്ന ദിലീഷ് പോത്തൻ ചിത്രം എന്ന് പറയാറുണ്ട്​. ഞാനും ആദ്യം അങ്ങനെയാണ് അതിനെ കണ്ടിരുന്നത്. ‘ഇരകളു’ടെ സാന്നിധ്യവും സാമീപ്യവും ആ ചിത്രത്തിനുണ്ടെങ്കിൽ പോലും, രണ്ട് കഥാപാത്രങ്ങളും തമ്മിൽ സാമ്യമുണ്ടെങ്കിൽ പോലും, കഥ പറയുന്ന രീതിക്കാണ് കൈയടി. അതിന്റെ സംവേദനത്വമാണ് ഏറ്റവും പ്രധാനം എന്നു ഞാൻ വിശ്വസിക്കുന്നു. നാടകീയത ഒഴിവാക്കിക്കൊണ്ടുള്ള സിനിമ എന്നതിലാണ് എന്റെയും വിശ്വാസം. ‘ചന്ദ്രബോസി’ൽ ഞാനതിന്​ കുറെ ശ്രമിച്ചിട്ടുണ്ട്. എന്റെ ആദ്യ സിനിമയിൽ നാടകീയത ഒരുപാടുണ്ടായി എന്ന് തോന്നിയിട്ടുണ്ട്, പിന്നീട്. അതുകൊണ്ടുതന്നെ, ഇന്നത്തെ കാഴ്ചപ്പാടിൽ ആ സിനിമക്ക് കുറെ ദൗർബല്യങ്ങളുണ്ടായിരുന്നു എന്ന്​ തിരിച്ചറിയുന്നു. അത് മാറ്റാനാണ് ‘ചന്ദ്രബോസി’ൽ ശ്രമിച്ചത്. എന്നിട്ടും ദൗർബല്യങ്ങൾ അവശേഷിക്കുന്ന ഒരു ഫിലിം മേക്കർ തന്നെയാണ് ഞാൻ, അത് അടുത്ത സിനിമയിൽ മാറ്റാൻ ശ്രമിക്കണമെന്നാഗ്രഹിക്കുന്ന ഒരാൾ കൂടിയാണ്. അതുകൊണ്ടുതന്നെ ഒരുപാട് ദൗർബല്യങ്ങളുള്ള സിനിമകളും കാണുന്നുണ്ട്.

'ജോജി' സിനിമയിലെ ഒരു രംഗം
'ജോജി' സിനിമയിലെ ഒരു രംഗം

ഈയടുത്ത കാലത്ത്, നമ്മുടെ സിനിമകളിൽ ഒരുപാട് കോടതിമുറികളും ഒരുപാട് പൊലീസ് സ്‌റ്റേഷനുകളും കാണുന്നു, ഒരേസാധനം തന്നെ പലപ്പോഴും ആവർത്തിച്ചുവരുന്നു. ‘ആക്ഷൻ ഹീറോ ബിജു’വും ‘തൊണ്ടിമുതലും’ പൊലീസ് സ്‌റ്റേഷന്റെ എക്‌സ്ട്രീം ലെവൽ എങ്ങനെയാണെന്ന്​ അവതരിപ്പിക്കുമ്പോൾ പിന്നീടുവരുന്ന സിനിമകളിൽ, അതേ പൊലീസ് സ്‌റ്റേഷനുകൾ ആവർത്തിക്കുന്നു, കുറെക്കൂടി റിയലാവുന്നു. ഗാന്ധിപ്പടമില്ലാത്ത പൊലീസ് സ്‌റ്റേഷനുകൾ വരുന്നു. മലയാളത്തിനുപുറത്തുള്ള ഒരു സിനിമയിൽ കോടതി മുറിയുടെ ശരിയായ ആവിഷ്‌കാരം വന്നപ്പോൾ അതിനു​ശേഷം, മലയാളത്തിലിറങ്ങിയ പല സിനിമകളിലും കോടതി മുറികൾ റിയൽ ആയി അവതരിപ്പിച്ചു. എന്നിട്ടും ഇപ്പോഴും ഏറ്റവും റിയൽ ആയ കോടതി മുറി കണ്ടതായി ഞാനോർക്കുന്നില്ല. ഇനിയൂം സാധ്യതകളുണ്ട് എന്ന ചിന്തയാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ഞാൻ ഒരു കോടതി സിനിമയാണ് എഴുതിക്കൊണ്ടിരുന്നത്. അപ്പോഴാണ് മഴവെള്ളപ്പാച്ചിൽ പോലെ കോടതിക്കഥകൾ വന്നത്. അതുകൊണ്ട് ഞാനത് മാറ്റിവക്കുകയായിരുന്നു. പ്രതിഭകളുടെ ഒരു വിളയാട്ടഭൂമിയായി മലയാള സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിൽ സത്ത് എന്നുപറയുന്നത് നിലനിൽക്കുകയും അസത്ത് എന്നു പറയാവുന്നവ മാഞ്ഞുപോകുകയും ചെയ്യും.

ഒരു ക്രൗഡിലിരുന്ന് സിനിമ കാണുമ്പോൾ, നിങ്ങൾ ചെയ്യുന്ന സിനിമ പൂർണമായും ആളുകളെ രസിപ്പിക്കുന്നതാണ് എന്നുണ്ടെങ്കിൽ, ചെറിയൊരനക്കമോ ചെറിയൊരു തമാശയോ പോലും കൂട്ടച്ചിരിയായി മാറും

കുഞ്ഞുസ്​ക്രീനുകളിലെ നഷ്​ടം

‘ചന്ദ്രബോസി’നുമുമ്പ് ഞാൻ ചെയ്ത ‘ആളൊരുക്കം’ ഒരു തമാശ സിനിമയായിരുന്നില്ല. അത് തിയറ്ററിൽ കുറച്ചുപേർ മാത്രമുള്ള സദസ്സിനുമുന്നിൽ പ്രദർശിപ്പിക്കുകയാണ്​. തമാശ അല്ലെങ്കിൽ പോലും പ്രധാന കഥാപാത്രമായ പപ്പു പിഷാരടി പറയുന്ന ഒരു വാചകത്തിന് സദസ്സിലുള്ള ഒരാളുടെ ഒരൽപം ചിരി അൽപം ഉറക്കെയായി. ആ തിയറ്ററിന്റെ ഒരു മൂലയിൽ പടം കണ്ടുകൊണ്ടിരുന്ന എന്നിൽ ആ ചിരിയുണ്ടാക്കിയ കോരിത്തരിപ്പ് ഞാൻ മുമ്പ്​ പറഞ്ഞിട്ടുണ്ട്. അതിൽനിന്നാണ്, ആളുകളെ രസിപ്പിക്കുന്ന, ആളുകൾ ആസ്വദിക്കുന്നു എന്ന് നമുക്ക് തോന്നുന്ന സിനിമകളുണ്ടാക്കണമെന്ന് എനിക്കുതോന്നുന്നത്. അതിൽനിന്നാണ് ‘സബാഷ്ചന്ദ്രബോസ്’.

തിയറ്ററിൽനിന്ന് സിനിമ കുഞ്ഞുസ്‌ക്രീനുകളിലേക്കുപോകുമ്പോൾ സംഭവിക്കുന്ന വലിയ നഷ്ടത്തെക്കുറിച്ചാണ്​ ഞാൻ പറയുന്നത്​. ഒരു ക്രൗഡിലിരുന്ന് സിനിമ കാണുമ്പോൾ, നിങ്ങൾ ചെയ്യുന്ന സിനിമ പൂർണമായും ആളുകളെ രസിപ്പിക്കുന്നതാണ് എന്നുണ്ടെങ്കിൽ, ചെറിയൊരനക്കമോ ചെറിയൊരു തമാശയോ പോലും കൂട്ടച്ചിരിയായി മാറും. ആളുകൾ അലമുറയിട്ട് ചിരിക്കുന്ന അവസ്ഥയുണ്ടാകും. കരയാൻ പാടില്ലല്ലോ എന്ന ചിന്ത വിട്ട്​, ഇരുട്ടത്താണല്ലോ എന്നോർത്ത് ആളുകൾ കരയും.

തിയേറ്ററിലേക്കല്ലല്ലോ, ഒ.ടി.ടിയിലേക്കല്ലേ എന്നു ചിന്തിച്ച് ടെക്‌നോളജിയിൽ പലതരം മാറ്റം വരുത്തുകയാണ്. / Photo : Wikimedia Commons
തിയേറ്ററിലേക്കല്ലല്ലോ, ഒ.ടി.ടിയിലേക്കല്ലേ എന്നു ചിന്തിച്ച് ടെക്‌നോളജിയിൽ പലതരം മാറ്റം വരുത്തുകയാണ്. / Photo : Wikimedia Commons

കുഞ്ഞുസ്‌ക്രീനിലേക്ക് മാറുമ്പോൾ, ആളുകൾ ചിരിക്കാൻ ഒന്ന് മടിക്കും. രാത്രി ബെഡ്‌റൂമിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞശേഷമായിരിക്കും പലരും സിനിമ കാണുന്നത്. ഒന്ന് പൊട്ടിച്ചിരിച്ചാൽ ഒപ്പമുറങ്ങുന്നയാൾ ഉണരുമോ എന്നു ഭയന്ന് ചിരിക്കാൻ മടിക്കുന്നവരുണ്ടാകും. മൊബൈലിൽ, ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുമ്പോൾ എനിക്ക് തോന്നിയ കാര്യമാണിത്. അതുകൊണ്ട്, ആ സംഗതി ഞാൻ അവസാനിപ്പിച്ചതുമാണ്. ഒരു സിനിമ കണ്ടപ്പോൾ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല. ഭാര്യ ഉണർന്നുവരികയും കുഞ്ഞ് ഉണരുകയും ചെയ്യുന്ന സാഹചര്യമുണ്ടായപ്പോൾ ഞാൻ മുറിക്കുപുറത്തേക്കുപോന്നു. ശരിക്കും സിനിമ കൂട്ടമായിരുന്ന് കാണേണ്ടതാണ്. തിയറ്ററിൽ സിനിമ കാണുന്നതിന്റെ അനുഭവം വേറെ തന്നെയാണ്.

അത് മേക്കിംഗിനെയും ബാധിക്കുന്നുണ്ട്​. തിയേറ്ററിലേക്കല്ലല്ലോ, ഒ.ടി.ടിയിലേക്കല്ലേ എന്നു ചിന്തിച്ച് ടെക്‌നോളജിയിൽ പലതരം മാറ്റം വരുത്തുകയാണ്. ഞാൻ അങ്ങനെ ചിന്തിക്കുന്ന സംവിധായകനല്ല. തിയറ്ററാണെങ്കിലും ഒ.ടി.ടിയാണെങ്കിലും മേക്കിംഗ് ഒരേപോലെയാണ് എന്നതാണ് എന്റെയൊരു ചിന്താപദ്ധതി. തിയറ്ററിലേക്കുവേണ്ടി എന്തെങ്കിലും കുടുതലായി അപ്ലൈ ചെയ്യാറില്ല. ഇപ്പോൾ ഒരു ഫോർമുലയുണ്ട്. തിയറ്ററിലും ഒ.ടി.ടിയിലും ലാഗ് ആളുകളെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ച് വിശദ പഠനം നടക്കുന്നുണ്ട്. കൃത്യമായ ബോധ്യത്തോടെ സിനിമയെടുത്താൽ ഏത് മേഖലയിലേക്കുപോയാലും ആ സിനിമക്ക് വിജയം നേടാൻ കഴിയുമെന്നാണ് എനിക്കുതോന്നുന്നത്.

പ്രേംനസീറും കെ.പി. ഉമ്മറുമെല്ലാം ഭീകരമായി അപമാനിക്കപ്പെടുന്ന സ്ഥിതിയുണ്ടായിട്ടും നമ്മൾ പ്രതികരിക്കുന്നില്ല. അതിനെ തമാശയായി കണ്ടുകൂടേ എന്നാണ് പലരും ചോദിക്കുന്നത്.​.

സിനിമയുടെ രാഷ്​ട്രീയശരി

സാ​ങ്കേതികവിദ്യയിൽ സംഭവിച്ച​ മാറ്റങ്ങളെപ്പോലെ തന്നെ, പ്രമേയപരമായ ചർച്ചകളും ഇപ്പോൾ സജീവമാണ്​. സിനിമയിലെ രാഷ്​ട്രീയശരിയെക്കുറിച്ച​ ചർച്ചകളാണ്​ ഇതിൽ പ്രധാനം. സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതെന്ന് നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ, അതായത്​ ബോഡി ഷെയ്​മിങ്​, പീഡനങ്ങൾ, ആളുകളെ അപമാനിക്കൽ, സ്ത്രീ പുരുഷന് അടിമപ്പെട്ട് ജീവിക്കേണ്ടതാണെന്ന പൊതുകാഴ്ചപ്പാടിനെ പിന്തുണക്കുന്ന കാര്യങ്ങൾ, ഇവയൊക്കെ സിനിമയിൽനിന്നും ഒഴിവാക്കുക എന്ന ശ്രദ്ധയാണ്​ ഇത്തരം ചർച്ചകളുടെ അടിസ്​ഥാനം. എന്താണ് ലിംഗസമത്വം എന്നൊക്കെ ബോധ്യം വരുന്ന തരത്തിലുള്ള കലാസൃഷ്ടികളുടെ പ്രസക്തി കൂടിവരുന്ന കാലമാണിത്.

സത്യനും പ്രേംനസീറും കെ.പി. ഉമ്മറുമെല്ലാം ഇത്തരത്തിൽ ഭീകരമായി അപമാനിക്കപ്പെടുന്ന സ്ഥിതിയുണ്ടായിട്ടും നമ്മൾ പ്രതികരിക്കുന്നില്ല. അതിനെ തമാശയായി കണ്ടുകൂടേ എന്നാണ് പലരും ചോദിക്കുന്നത്. ഇങ്ങനെയൊരു സമൂഹത്തിൽനിന്നുകൊണ്ടാണ്​, ‘എനിക്കൊരു റേപ്പ് വച്ചുകൊടുക്കാൻ തോന്നി’ എന്ന് നായകനെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള സിനിമാസങ്കേതം അവസാനിപ്പിക്കണമെന്ന് നമ്മൾ പറയുന്നത്. കേവലം സത്യനെപ്പോലൊരു നടനെ ആക്ഷേപിക്കുന്ന വിഷയത്തോടുപോലും നിശ്ശബ്​ദത പുലർത്തുന്നവർ, വെർബൽ റേപ്പിനെയും ന്യായീകരിക്കാനേ ശ്രമിക്കൂ, അതിലും ഹ്യുമറേ കാണൂ.

സത്യൻ
സത്യൻ

ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ പോലും ഇത്തരം പ്രയോഗങ്ങൾ കാണാം. ഈയടുത്ത്​ കണ്ട, മഹാരഥനായ ഒരാളുടെ സിനിമയിൽ, ഒരു ദലിത് നേതാവിനെ അപഹാസ്യനാക്കി ചിത്രീകരിച്ചിട്ടുണ്ട്. സെൻസർ ബോർഡിനെപ്പോലുള്ള ഒരു പരിശോധനാവാതിലിലൂടെയാണ്​ ഇത്തരം സിനിമകൾ സ്‌ക്രീനിലെത്തുന്നത്. പ്രതികരിക്കുന്ന പൊതുസമൂഹത്തിലെ നൂറിൽ തൊണ്ണൂറുപേരും ചിരിക്കും, പത്തുപേർ മാത്രം അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് പറയും. ‘ഒരു റേപ്പ് വച്ചുകൊടുത്താലെന്താ എന്ന് തോന്നിപ്പോയി’ എന്ന ഡയലോഗ് കേട്ടിട്ടും അതിൽ ചിരി കാണുന്ന സ്ത്രീകളുൾപ്പെടെയുള്ള തൊണ്ണൂറുശതമാനത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. ബാക്കിയുള്ള പത്തുശതമാനത്തിന്​ ഇന്ന് വിലയുണ്ട്. ജൻഡർ ഇക്വാലിറ്റി എന്നു പറയുന്നതിന്റെ പ്രസക്തിയെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, സിനിമാ മേക്കിംഗിൽ കുറെക്കൂടി സൂക്ഷ്മത പുലർത്താൻ പറ്റണം. ഈ സിനിമ നാളെ കാണുമ്പോൾ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്ന് വിചാരിക്കുന്നതിനുപകരം, ഇന്ന് ഈ സിനിമ ചോദ്യം ചെയ്യപ്പെടാനിടയുണ്ട് എന്ന ചിന്തയാണ്​ വേണ്ടത്​. അത്തരം സിനിമാ മേക്കിംഗ് എത്രത്തോളം നടക്കുന്നുണ്ട്?.

ഇപ്പോൾ, ഫിലിം മേക്കേഴ്‌സിനിടയിൽ കുറെ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്​. എങ്കിലും ചിലയിടങ്ങളിൽ ചിലതൊക്കെ അവശേഷിക്കുന്നു. രാഷ്ട്രീയശരി നിലനിർത്തിക്കൊണ്ട് സിനിമ ചെയ്യേണ്ടത് പ്രധാനം തന്നെയാണ്. എന്നാൽ, ചില സിനിമകളിൽ അത് ഒഴിവാക്കേണ്ടിവരും എന്നും എനിക്കറിയാം. ആ സിനിമ ചെയ്യുന്നവർ രാഷ്ട്രീയശരിയിൽ വിശ്വസിക്കാത്തവരായതുകൊണ്ടല്ല. ഇങ്ങനെ ചില തെറ്റായ പ്രവണത സമൂഹത്തിലുണ്ട് എന്നു കാണിക്കാൻ ചിലത് ചെയ്യേണ്ടതായി വരും. അത് ഞാനാണെങ്കിലും ചെയ്യും. എന്നാൽ, ആത്യന്തികമായി ആ സിനിമ ഇത്തരം പ്രവണതകളെ പിന്തുണക്കുന്ന നിലപാടാണ്​ സ്വീകരിക്കുന്നത്​ എങ്കിൽ, ഏറ്റവും മഹാനായ സംവിധായകന്റേതാണെങ്കിൽ പോലും, ആ സിനിമ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

പൂർവകാല മലയാള സിനിമയിൽ ജൻഡർ ഇക്വാലിറ്റി ഉണ്ടായിരുന്നില്ല എന്നുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അത്, എന്റെ ചരിത്രവായനയുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്, അത് തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുന്നതുവരെ ഈ ധാരണയുമായി മുന്നോട്ടുപോകും. എന്നാൽ, പുതിയ കാലത്തെ ചില വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഈ സംവാദം മുന്നോട്ടുവച്ചാൽ, സമത്വവുമായി ബന്ധപ്പെട്ട്​ ഏതുവേദിയിലും ആദ്യം ഉയർന്നുവരുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. അവിടെ എനിക്ക് വിഭിന്ന അഭിപ്രായമാണുള്ളത്. സിനിമയിൽ പ്രതിഫലം സ്ത്രീയായതുകൊണ്ട് കുറച്ചും പുരുഷനായതുകൊണ്ട് കൂടുതലും എന്നുള്ളതായി തോന്നിയിട്ടില്ല, പ്രത്യേകിച്ച്, കഴിഞ്ഞ അഞ്ചുവർഷമായി മലയാളം സിനിമാ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയ്​ക്ക്​. രണ്ട് സിനിമകളുടെ പൂർണമായ നിയന്ത്രണം കൈവശമുണ്ടായിരുന്ന സാഹചര്യത്തിലും എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്, ചെയ്യുന്ന ജോലിയുടെ വലുപ്പത്തെയും വിപണനമൂല്യത്തെയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത് എന്നാണ്​. സ്ത്രീകളേക്കാൾ കുറവ് ശമ്പളം വാങ്ങുന്ന നിരവധി പുരുഷന്മാരുണ്ട്, പുരുഷന്മാരേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്ന നിരവധി സ്ത്രീകളും സിനിമയിലുണ്ട്. എന്റെ സിനിമയിലും അത് സംഭവിച്ചിട്ടുണ്ട്. പ്രതിഫലത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു ഏറ്റക്കുറച്ചിലില്ല. മാത്രമല്ല, യൂണിറ്റ് ബോയ്‌സോ ലൈറ്റ് ബോയ്‌സോ ആയി സ്​ത്രീകളെ അധികം കണ്ടിട്ടില്ല. ഏത് ഏരിയയിലാണെങ്കിലും, മേക്കപ്പ് അസിസ്റ്റന്റാണെങ്കിലും കോസ്​റ്റ്യൂം അസിസ്റ്റന്റാണെങ്കിലും, ഈ ഇക്വാലിറ്റിയിലാണ് കാര്യങ്ങൾ പോകുന്നത്. പുരുഷനായതുകൊണ്ട് കൂടുതൽ, സ്ത്രീയായതുകൊണ്ട് കുറവ് എന്ന വേർതിരിവ് ഇല്ല. സ്ത്രീയായതുകൊണ്ട്, ‘അവളെക്കൊണ്ട് പറ്റില്ല’ എന്നു പറഞ്ഞ് ഒരു വർക്കിൽനിന്ന് മാറ്റിനിർത്തുന്ന സംഭവം മലയാള സിനിമയിൽ നടക്കുന്നതായി എന്റെ അനുഭവത്തിലില്ല.

സ്ത്രീ കഴിവ് തെളിയിച്ച് ഇൻഡസ്ട്രിയിൽ തിളങ്ങിനിൽക്കുകയാണെങ്കിൽ അവർക്കെതിരെ സദാചാരക്കുരു പൊട്ടിക്കുന്ന ആളുകൾ എല്ലാ ഇൻഡസ്ട്രിയിലേതും പേലെ സിനിമയിലുമുണ്ട്. / Photo : Pixabay.com
സ്ത്രീ കഴിവ് തെളിയിച്ച് ഇൻഡസ്ട്രിയിൽ തിളങ്ങിനിൽക്കുകയാണെങ്കിൽ അവർക്കെതിരെ സദാചാരക്കുരു പൊട്ടിക്കുന്ന ആളുകൾ എല്ലാ ഇൻഡസ്ട്രിയിലേതും പേലെ സിനിമയിലുമുണ്ട്. / Photo : Pixabay.com

അ​തേസമയം, സിനിമയിൽ സ്ത്രീകളോടുള്ള സമീപനം പ്രധാനമാണ്. സിനിമയിൽ ജോലിക്ക് കയറുന്ന ഒരു സ്​ത്രീ ചോദ്യം ചെയ്യലുകളും പുരികംചുളിക്കലുകളും നേരിടേണ്ടിവരുന്നുണ്ട്​, നടിയാണെങ്കിലും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന ആളാണെങ്കിലും. ഒരു പുരുഷന് നേരിടേണ്ടതില്ലാത്ത ചോദ്യങ്ങളും സംശയമുനകളും സ്ത്രീക്ക്​ നേരിടേണ്ടിവരുന്നുണ്ട്. സാമൂഹികമായ ബോധ്യങ്ങളുണ്ടായ ഈ കാലത്തുപോലും ഇത് തുടരുന്നുണ്ട്. സ്ത്രീ കഴിവ് തെളിയിച്ച് ഇൻഡസ്ട്രിയിൽ തിളങ്ങിനിൽക്കുകയാണെങ്കിൽ അവർക്കെതിരെ സദാചാരക്കുരു പൊട്ടിക്കുന്ന ആളുകൾ എല്ലാ ഇൻഡസ്ട്രിയിലേതും പോലെ സിനിമയിലുമുണ്ട്. ഒരു പുരുഷന് അത്തരം അപമാനം നേരിടേണ്ടിവരുമെന്ന് തോന്നുന്നില്ല.

ലൈംഗികതയുമായി ബന്ധപ്പെട്ടും മറ്റും, സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സദാചാര ആക്രമണം നേരിടേണ്ടിവരുന്ന ഒരു ഇൻഡസ്ട്രിയാണ് സിനിമ. ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു സിനിമാ സെറ്റുമായി ബന്ധപ്പെട്ട ഒരു ഹോട്ടൽ റൂമിൽ അടുത്തടുത്ത മുറികളിൽ ഒരു സ്ത്രീയും പുരുഷനും ഉണ്ട് എങ്കിൽ സ്ത്രീക്ക് എപ്പോഴും അവളുടെ മുറി ലോക്ക് ചെയ്യാതെ സ്വതന്ത്രമായി കഴിയാൻ പറ്റുന്ന സാഹചര്യം ഇപ്പോഴും മലയാള സിനിമയിലുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നില്ല. അത്തരം സംഭവങ്ങൾ അടുത്തകാലത്ത് വാർത്തകളായി കേട്ടിട്ടുണ്ട്. എന്നുകരുതി ഇൻഡസ്ട്രി മുഴുവൻ ഈ രീതി പിന്തുടരുന്നു എന്നും ഞാൻ വിശ്വസിക്കുന്നില്ല. അപൂർവമെന്ന് പറയാൻ പറ്റില്ലെങ്കിലും ഇത്തരം നിരവധി പരാതികൾ കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പെൺസുഹൃത്ത് എന്നോടു പറഞ്ഞു, ഒരു വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാൻ ചില അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാണോ എന്ന്​അവരോട്​ ചോദിച്ചുവെന്ന്​. എന്താണുദ്ദേശിച്ചത് എന്ന്​ തിരിച്ചുചോദിച്ചപ്പോൾ, അയാൾ പെട്ടെന്ന് പതറി, ശമ്പളക്കാര്യമാണ് ഉദ്ദേശിച്ചതെന്ന് മറുപടി പറഞ്ഞ്, സോറിയും പറഞ്ഞ് ഫോൺ വക്കുകയായിരുന്നുവത്രേ. ഈ പ്രവണത പണ്ടുകാലം മുതലേ ഉണ്ട്, ഇപ്പോഴും തുടരുകയുമാണ്. നമ്മളെക്കുറിച്ച് നമുക്കുതന്നെയുണ്ടാകേണ്ട ഒരാത്മവിശ്വാസമുണ്ട്, അതുണ്ടായാലേ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയൂ. ഒരു സ്ത്രീക്ക് എവിടെയാണ് തന്റെ കൈവിരൽ ചൂണ്ടേണ്ടത് എന്ന ബോധ്യമുള്ളിടത്തോളം കാലം അധികം പ്രശ്‌നങ്ങൾ അവൾക്ക് നേരിടേണ്ടിവരില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈംഗികാക്രമണങ്ങൾ നേരിടേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. പക്ഷെ, അവളുടെ ചൂണ്ടുവിരലുകളെയും മറികടന്നുള്ള ഹരാസ്‌മെന്റുകൾ സിനിമാ ഇൻഡസ്ട്രിയിൽ നടക്കുന്നുണ്ട് എന്ന് എന്റെ തന്നെ പെൺസുഹൃത്തുക്കൾ പറഞ്ഞ് ഞാൻ മനസ്സിലാക്കുന്നുണ്ട്. അത് അഡ്രസ് ചെയ്യാതെ മുന്നോട്ടുപോകാനാകില്ല.

മലയാള സിനിമയിലെ കഥാപാത്രങ്ങളിലും ആശയത്തിലുമുള്ള സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ച്​ ആലോചിച്ചാൽ, മലയാളത്തിൽ എക്കാലത്തും സ്ത്രീപ്രാധാന്യമുള്ള നിരവധി സിനിമകളുണ്ടായിട്ടുണ്ട് എന്നു കാണാം. പക്ഷെ, അവയെല്ലാം നിലനിന്നിരുന്ന സമൂഹത്തിന്റെ ചട്ടക്കൂടുകളെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു. കുലസ്ത്രീ സങ്കൽപങ്ങളിൽനിന്ന് വേറിട്ടൊരു ചിന്ത സാധ്യമല്ലെന്ന ആശയം പ്രകീർത്തിക്കുന്ന നിരവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. പറയാതെ പറയുകയാണ് പതിവ്. നേര്യതും മുണ്ടുമുടുത്ത അമ്മമാരും അച്ഛന് അത്രയും വില കൊടുക്കണമെന്നു പറയുന്ന വീട്ടമ്മമാരും അടുക്കളപ്പണി ചെയ്യേണ്ടവരാണ് സ്ത്രീകളെന്ന് ഉദ്‌ഘോഷിക്കുന്ന നായികമാരും ഒക്കെയുള്ള കണ്ണീർപുത്രികളുടെ ലോകമായിരുന്നു മലയാള സിനിമ. അവിടെ നിന്ന് 2022ൽ എത്തിനിൽക്കുമ്പോൾ ഒരുപാട് പുരോഗമനപരമായ ആശയങ്ങൾ സിനിമയുടെ കാതലിൽ വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി മലയാള സിനിമ ഇപ്പോഴും നിൽക്കുന്നത് യാഥാസ്ഥിതിക കുലസ്ത്രീമനോഭാവത്തിൽ തന്നെയാണ്. ഒരു ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ അല്ലാതെ, സ്ത്രീയുടെ ഉണർവിനെ ഉദ്‌ഘോഷിക്കുന്ന സിനിമകൾ അടുത്തകാലത്ത് എത്ര കാണാൻ കഴിഞ്ഞിട്ടുണ്ട്? 22 ഫീമെയിൽ കോട്ടയം എന്ന സിനിമയുണ്ട്​.

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിന്ന്
ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ നിന്ന്

സ്വയം വിമർശനപരമായിട്ടാണ് ഇത് പറയുന്നത്. ഒരുപാട് സമാന്തര സിനിമകൾ ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്. അത്തരം സിനിമകളുടെ കാര്യമല്ല, കൊമേഴ്‌സ്യൽ സിനിമാ വിപണിയെക്കുറിച്ചാണ് പറയുന്നത്​. അവിടെയാണല്ലോ ആളുകളിൽ കൂടുതൽ സ്വാധീനം ചെലുത്താൻ പറ്റുന്ന സൃഷ്ടികളുണ്ടാകുന്നത്. സ്ത്രീകൾ കേവലം വീട്ടമ്മമാരല്ല എന്ന് കാണിക്കുന്ന, അവരുടെ മാനസികാവസ്ഥയെ അഡ്രസ് ചെയ്യുന്ന കഥകളോ പ്രമേയങ്ങളോ എന്തുകൊണ്ടാണ് മലയാള സിനിമ ഇനിയും സംസാരിക്കാത്തത് എന്ന കാര്യത്തിൽ ചർച്ച ആവശ്യമാണ്. അവിടെ ഒരു വലിയ പ്രശ്‌നം നിലനിൽക്കുന്നു. സ്ത്രീയെ പ്രധാന കഥാപാത്രമായി ഒരു കൊമേഴ്‌സ്യൽ സിനിമയെടുക്കുമ്പോൾ അത്​ വിപണിസാധ്യതയുണ്ടാക്കുന്നതാണ് എന്ന് തെളിയിക്കുന്ന എന്തെങ്കിലുമൊരു ഘടകമില്ലെങ്കിൽ ഒരു നിർമാതാവും അത്തരമൊരു സിനിമക്കുവേണ്ടി രംഗത്തിറങ്ങാൻ സാധ്യത കുറവാണ്. ഇങ്ങനെയൊരു സിനിമക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കാൻ കഴിയുമോ എന്നൊരു ചിന്തയുണ്ട്. അടുത്ത കാലത്ത് സ്ത്രീഉദ്‌ബോധനം എന്നു പറഞ്ഞ് ഇറങ്ങിയ പല സിനിമകളും, നേർക്കാഴ്ച കാണിക്കുന്നുണ്ടെങ്കിൽ പോലും, കൊമേഴ്‌സ്യൽ സാധ്യതകൾക്കുവേണ്ടി വിട്ടുവീഴ്ച ചെയ്തു എന്നു കാണാം. ഒരു സ്ത്രീ പ്രധാന കഥാപാത്രമാകുന്ന, അവർ അനുഭവിച്ച ഒരു പ്രശ്‌നം അഡ്രസ് ചെയ്യുന്ന, അതിനെ അതിജീവിക്കാൻ അവർ നടത്തിയ നിയമപോരാട്ടത്തിന്റെ കഥ ഈയിടെ ഞാൻ ആലോചിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രധാന ആർട്ടിസ്റ്റിനോട് ഇക്കാര്യം സംസാരിച്ചു. എന്നാൽ, നിർമാതാവിലേക്ക് എത്താൻ സാധിച്ചില്ല. എന്റെ തന്നെ മറ്റൊരു കഥ ചെയ്യാൻ തയാറുമായിരുന്നു ഇതേ നിർമാതാവ്. സ്ത്രീയെ മുഖ്യകഥാപാത്രമാക്കി സിനിമ ചെയ്യു്‌മ്പോഴുള്ള പ്രശ്‌നങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കുറച്ചുകാലമായി ഈ പ്രവണതക്ക് മാറ്റം വരുന്നുണ്ട്. സ്ത്രീകളുടെ പേരിലുള്ള സിനിമകൾ വരുന്നുണ്ടെങ്കിലും അവ വിട്ടുവീഴ്ചകൾ നിറഞ്ഞ കൊമേഴ്‌സ്യൽ സിനിമകളാകുമ്പോഴാണ് പ്രശ്‌നം. വിട്ടുവീഴ്ചകൾ നിറഞ്ഞ കൊമേഴ്‌സ്യൽ സിനിമകൾ പാടില്ല എന്നല്ല. ആ സിനിമകൾ മുന്നോട്ടുവക്കുന്ന ആശയങ്ങൾ പൊതുസമൂഹത്തിലെ ജൻഡർ ഇക്വാലിറ്റിയെ എത്രമാത്രം സപ്പോർട്ട് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ട വിഷയമാണ്.

സിനിമയുടെ രാഷ്ട്രീയം

എന്റെ സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ സാധിക്കുന്നില്ല എന്നതാണ് എന്റെ രാഷ്ട്രീയം. കാരണം, ഞാൻ സിനിമ ചെയ്യമ്പോൾ, ചിലതൊന്നും അതിലുണ്ടാകില്ല എന്ന് സ്വയം ഒരു ബോധ്യമുണ്ടാകും. അതുണ്ടാകരുത് എന്ന് ആഗ്രഹിച്ചു ചെയ്യുന്നതല്ല, ജന്യുവിനായി തന്നെ ആ സ്‌ക്രിപ്റ്റിൽ അങ്ങനെയൊരു കാര്യമുണ്ടാകില്ല എന്ന് എനിക്കറിയാം. അതാണ് എന്റെ രാഷ്ട്രീയം. എന്താണ് നിങ്ങളുടെ രാഷ്ട്രീയം എന്നൊരു ചോദ്യം എന്റെ നേരെ വന്നാൽ, ഇടതുപക്ഷ രാഷ്ട്രീയമാണ് എന്നെനിക്ക് പറയാൻ പറ്റും. എന്നാൽ, എന്റെ സിനിമയുടെ രാഷ്ട്രീയം എന്താണ് എന്നു ചോദിച്ചാൽ ഞാൻ പറയുക ഇതായിരിക്കും- ചിലതൊന്നും നമ്മുടെ സമൂഹത്തിന് അഭികാമ്യമല്ല എന്നും ചിലതൊക്കെ ഉണ്ടെങ്കിലേ സമൂഹം പുരോഗമനപരമായി മുന്നേറൂ എന്നുമുള്ള ബോധ്യമുള്ളതുകൊണ്ട് അത്തരം തെറ്റായ കാര്യങ്ങൾ എന്റെ സ്‌ക്രിപ്റ്റിലോ സിനിമയിലോ ഉണ്ടാകില്ല എന്നതാണ് എന്റെ രാഷ്ട്രീയം. ഇത്തരം കാര്യങ്ങൾ ‘ആളൊരുക്ക’ത്തിലുണ്ടായിരുന്നില്ല, ‘സബാഷ്ചന്ദ്രബോസി’ലുണ്ടായിരുന്നില്ല, ഇപ്പോൾ എഴുതുന്ന സ്‌ക്രിപ്റ്റിലും ഉണ്ടാകില്ല. നമ്മുടെ പൊതുസമൂഹത്തിൽ ഒരിക്കലും പാടില്ല എന്നു കരുതുന്ന കാര്യങ്ങളായിരിക്കാം അത്. ഉദാഹരണത്തിന്, ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള അശ്ലീല തമാശ ഒരിക്കലും എന്റെ സിനിമയിലുണ്ടാകില്ല.

അതേസമയം, നമ്മുടെ നാട്ടിൽ നടന്ന ചില സംഭവങ്ങളെ സിനിമയിലേക്ക് ആവിഷ്‌കരിക്കാൻ എനിക്കാഗ്രഹമുണ്ട്. ഒരു സ്ത്രീ അപമാനിക്കപ്പെട്ട സംഭവമാണ് ഞാൻ സിനിമായക്കുന്നത് എന്നിരിക്കട്ടെ, ടോട്ടാലിറ്റിയിൽ അവളുടെ പോരാട്ടമാണ് സിനിമയാക്കുന്നത് എങ്കിൽ, എങ്ങനെയാണ് അവൾ അപമാനിക്കപ്പെട്ടത് എന്ന് കാണിക്കേണ്ടിവരും. അത്തരം കാണിക്കലുകളല്ലാതെ, അതിനെ ജസ്റ്റിഫൈ ചെയ്യുന്ന വെർബലായോ അല്ലാത്തതോ ആയ പറച്ചിലുകളുണ്ടാവുകയില്ല. അവൾ നേരിട്ട പ്രശ്​നത്തെ എങ്ങനെ എതിർക്കണം എന്ന് കാണിച്ചു കൊടുക്കുന്നതായിരിക്കും എന്റെ സിനിമ, അതാണ് സിനിമയിലെ എന്റെ രാഷ്ട്രീയം.

എൻറെ സിനിമയുടെ രാഷ്ട്രീയം എന്താണ് എന്നു ചോദിച്ചാൽ ഞാൻ പറയുക ഇതായിരിക്കും- ചിലതൊന്നും നമ്മുടെ സമൂഹത്തിന് അഭികാമ്യമല്ല എന്നും ചിലതൊക്കെ ഉണ്ടെങ്കിലേ സമൂഹം പുരോഗമനപരമായി മുന്നേറൂ എന്നുമുള്ള ബോധ്യമുള്ളതുകൊണ്ട് അത്തരം തെറ്റായ കാര്യങ്ങൾ എന്റെ സ്‌ക്രിപ്റ്റിലോ സിനിമയിലോ ഉണ്ടാകില്ല എന്നതാണ് എന്റെ രാഷ്ട്രീയം.
എൻറെ സിനിമയുടെ രാഷ്ട്രീയം എന്താണ് എന്നു ചോദിച്ചാൽ ഞാൻ പറയുക ഇതായിരിക്കും- ചിലതൊന്നും നമ്മുടെ സമൂഹത്തിന് അഭികാമ്യമല്ല എന്നും ചിലതൊക്കെ ഉണ്ടെങ്കിലേ സമൂഹം പുരോഗമനപരമായി മുന്നേറൂ എന്നുമുള്ള ബോധ്യമുള്ളതുകൊണ്ട് അത്തരം തെറ്റായ കാര്യങ്ങൾ എന്റെ സ്‌ക്രിപ്റ്റിലോ സിനിമയിലോ ഉണ്ടാകില്ല എന്നതാണ് എന്റെ രാഷ്ട്രീയം.

മേക്കിംഗിൽ ഞാനുണ്ടാക്കിയെടുക്കുന്ന ചില ഷോട്ടുകൾ പരി​ശോധിച്ചാൽ, എന്നിലെ ക്രിയേറ്റീവായ രാഷ്ട്രീയപരത മനസ്സിലാകും. സബാഷ്ചന്ദ്രബോസ് എന്ന സിനിമയിൽ ഒരു നെൽവയലും ഒരു വീടും സെറ്റിട്ട് ചെയ്തിട്ടുണ്ട്. വേറൊരു വീടായിരുന്നുവെങ്കിൽ സെറ്റിടാതെ തന്നെ ഒരു ലൊക്കേഷൻ കിട്ടുമായിരുന്നു. എന്നാൽ, അവിടെ ആ വീട് വേണം. അതിന് ഈ തരത്തിലുള്ള ഓടും തൂണുകളും വേണം, ഈ തരം മുറ്റമായിരിക്കണം, മുന്നിലുണ്ടാകേണ്ടത് ഈ തരം ചെടികളായിരിക്കണം, അതിന്റെ കിണറിന് ഈ തരത്തിൽ പഴക്കം വേണം, അവിടത്തെ കക്കൂസ് ഈ തരം അസൗകര്യം നിറഞ്ഞതായിരിക്കണം, വഴിയിൽനിന്ന് പെറുക്കിയെടുക്കുന്ന വിറകുകൾ ചേർത്തുവച്ച പരിസരമായിരിക്കണം, അടുക്കള ഈ തരത്തിലായിരിക്കണം, മുറ്റത്ത് ഓല മെടയുന്ന അമ്മയെ കാണിക്കണം എന്നൊക്കെ കൃത്യമായി ചിന്തിച്ച് ഒരു കാലത്തെ അടയാളപ്പെടുത്തുമ്പോൾ അതിനകത്ത് ഒരു രാഷ്ട്രീയമുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽനിന്നുമാറി ഉയർന്ന ഒരു ഭൂപ്രദേശത്ത് ആ വീട് പ്ലേസ് ചെയ്യുന്നതിൽ പോലും ഒരു രാഷ്ട്രീയമുണ്ട്. ആ സ്ഥലവും ഈ സ്ഥലവും തമ്മിലുള്ള ഇരിപ്പുവശത്തിന്റെ രാഷ്ട്രീയമുണ്ട്. അത് പ്രേക്ഷകർക്ക് പിടികിട്ടിയില്ലെങ്കിൽ ഞാൻ എന്തു രാഷ്ട്രീയം പറഞ്ഞിട്ടും കാര്യമില്ല, അതാണ് അതിന്റെ ഏറ്റവും വലിയ തമാശ.

പുതിയ മേക്കിംഗ്​, പുതിയ പ്ലാറ്റ്​ഫോം

മറ്റു ഭാഷകളിലുണ്ടാകുന്ന സിനിമകൾ കാണുന്നവർ പറയുന്നത്, ഏറ്റവും ശക്തമായ സിനിമകളുണ്ടാകുന്നത് മലയാളത്തിലാണ് എന്നാണ്. ഒരുപരിധിവരെ അത് ശരിയാണ്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും നല്ല സിനിമകളുണ്ടാകുന്നത് മറാഠി ഭാഷയിലാണ്. കണ്ടൻറ്​, ഫിലിം മേക്കിംഗ് എന്നിവയുടെ കാര്യത്തിൽ പിന്നെയൊരു മാറ്റം കാണുന്നത് തമിഴിലാണ്, എന്റെ അനുഭവത്തിൽ. മേക്കിംഗിൽ, സിനിമകളുടെ കോൺസെപ്റ്റിൽ മറാഠി സിനിമകളുണ്ടാക്കുന്ന അൽഭുതം വച്ചുനോക്കുമ്പോൾ നമ്മുടെ സിനിമ ഇനിയും മുന്നോട്ടുപോകാനുണ്ട്. 2010നു മുമ്പുവരെ, നമ്മുടെ സിനിമയുടെ വലിയൊരു പ്രശ്‌നം ഷോട്ടുകളുടെ പരിമിതിയായിരുന്നു. തുച്ഛമായ ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കാൻ ആവശ്യമുള്ള ഷോട്ട് മാത്രം എടുക്കുക എന്നതായിരുന്നു രീതി. മൃഗയ, അമരം പോലുള്ള സിനിമകളും ഐ.വി. ശശിയുടെയും ഭരതന്റെയും പദ്​മരാജ​ന്റെയും സിനിമകളുമൊക്കെ ഇത്തരം പരിമിതികളിൽനിന്നുതന്നെ മനോഹരമായ ഷോട്ടുകളിലൂടെ അൽഭുതം സൃഷ്ടിച്ചിട്ടുണ്ട്. താഴ്‌വാരം ഇനി എടുക്കുകയാണെങ്കിൽ പോലും ഇത്രയും ഷോട്ടുകൾ മതി എന്ന തരത്തിലാണ് അതിന്റെ മേക്കിംഗ്. ഷോട്ടുകളുടെ പരിമിതിയുണ്ടായിരുന്ന കാലം കഴിയുകയും സിനിമ ഡിജിറ്റലാകുകയും ഇപ്പോൾ എത്ര ഷോട്ട് വേണമെങ്കിലും എടുക്കാൻ പറ്റുന്ന മേക്കിംഗ് പരിസരമുണ്ടാകുകയും​ ചെയ്​തപ്പോൾ അതിനനുസരിച്ച് നമ്മുടെ ക്രിയാത്മകത എത്രത്തോളം വളർന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ കണ്ടൻറ്​ ക്രിയേറ്റിവിറ്റിയെ ഏതുതരത്തിലാണ് പ്രയോജനപ്പെടുത്തുന്നത് എന്നത് വലിയൊരു ചോദ്യമാണ്.

തുച്ഛമായ ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കാൻ ആവശ്യമുള്ള ഷോട്ട് മാത്രം എടുക്കുക എന്ന പരിമിധിക്കുള്ളിൽ നിന്നുകൊണ്ടും ഐ.വി. ശശി ഭരതൻ പദ്​മരാജൻ  സിനിമകൾക്ക് മനോഹരമായ ഷോട്ടുകളെടുത്ത് അൽഭുതം സൃഷ്ടിക്കാനായിട്ടുണ്ട്. 'അമരം' സിനിമയിൽ നിന്ന
തുച്ഛമായ ദിവസത്തിനുള്ളിൽ ഷൂട്ട് തീർക്കാൻ ആവശ്യമുള്ള ഷോട്ട് മാത്രം എടുക്കുക എന്ന പരിമിധിക്കുള്ളിൽ നിന്നുകൊണ്ടും ഐ.വി. ശശി ഭരതൻ പദ്​മരാജൻ സിനിമകൾക്ക് മനോഹരമായ ഷോട്ടുകളെടുത്ത് അൽഭുതം സൃഷ്ടിക്കാനായിട്ടുണ്ട്. 'അമരം' സിനിമയിൽ നിന്ന

ഇപ്പോൾ ഞാനൊരു തിരക്കഥ പൂർത്തീകരിച്ച് മറ്റു പ്രവർത്തനങ്ങളിലേക്കിറങ്ങാൻ തുടങ്ങുകയാണ്. അപ്പോൾ ഒരു കൺഫ്യൂഷനുണ്ട്. കോവിഡ് കാലത്തിനുമുമ്പുണ്ടായിരുന്നപോലെയല്ല, മാർക്കറ്റിംഗിന്റെ ഫോർമുലകൾ. മൊത്തം മാറിപ്പോയി. വിപ്ലവകരമായ മാറ്റമുണ്ടായി. മുമ്പ് തിയറ്റർ വിപണിയും സാറ്റലൈറ്റ് വിപണിയുമാണ് സിനിമക്ക് ബിസിനസ് സാധ്യതയുണ്ടാക്കിയിരുന്നത്. അനുബന്ധമായി, റീമേക്ക്- ഡബ്ബിംഗ് അവകാശം, ഓവർസീസ്, നോൺ എക്‌സ്‌ക്ലൂസീവായി പോകുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എന്നിവ ചെറിയ രീതിയിൽ വരുമാനമുണ്ടാക്കിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ കോവിഡിനുമുമ്പ് കാര്യമായ വരുമാന സോഴ്‌സായിരുന്നില്ല. പകരം, സിനിമ റിലീസായി ഒരു വർഷമോ ആറുമാസമോ കഴിയുമ്പോഴായിരിക്കും പ്രധാന ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ അത് പർച്ചേസ് ചെയ്യുക. അതുതന്നെ ഒന്നോ രണ്ടോ വർഷത്തേക്കായിരിക്കും. ആളൊരുക്കം നെറ്റ്ഫ്‌ളിക്‌സിന് മൂന്നുവർഷത്തേക്ക് സ്​ട്രീം ചെയ്തിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല. ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിനുവേണ്ടിയെന്ന മട്ടിൽ സിനിമകളിറങ്ങുന്നു. അതുണ്ടാക്കുന്ന ആശയക്കുഴപ്പമുണ്ട്. നിർമിക്കുമ്പോൾ തന്നെ ഏതുതരം സിനിമ നിർമിക്കണം എന്ന ചിന്ത. ഉദാഹരണത്തിന്, ഒരു സിനിമ കൊമേഴ്‌സ്യലി വിജയിക്കണമെങ്കിൽ, തിയേറ്ററിൽ ആളെക്കൂട്ടുകയാണോ വേണ്ടത് അതല്ല,​ ഒ.ടി.ടിയിൽ ആളുകൾ കണ്ട് സാമ്പത്തികമായി സേഫ് ആക്കുകയാണോ വേണ്ടത് എന്നൊരുതരം പുതിയ ഗണിതശാസ്ത്രം രൂപപ്പെട്ടിട്ടുണ്ട്. ഒരു പുതിയ വിപണന ഫോർമുല. കൊമേഴ്‌സ്യൽ സിനിമയെ സംബന്ധിച്ച് ഇത് വർക്കൗട്ട് ആകുന്നുമുണ്ട്. എന്നാൽ, സമാന്തരമായതോ കലാമൂല്യമുള്ളത് എന്ന് വിശേഷിപ്പിക്കുന്നതോ ആയ സിനിമകളെ സംബന്ധിച്ച് ഇത് രണ്ടും പ്രയോജനപ്പെടുന്നില്ല. അതായത്, ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ കച്ചവടമാകുന്ന സിനിമകൾ എപ്പാഴും കൊമേഴ്‌സ്യൽ വിപണിയിൽ ശ്രദ്ധിക്കപ്പെടുകയോ വിജയമുണ്ടാക്കുകയോ ചെയ്യാത്ത സിനിമകളാണ്. കൊമേഴ്‌സ്യൽ ഘടകം മാത്രമാണ് ഇതിനെ ആശ്രയിച്ചിരിക്കുന്നത്. അതായത്, കലാമൂല്യമുള്ള സിനിമകളുടെ കണക്ക് ഇതിൽ പെടുന്നില്ല.

സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുമ്പോൾ, തിയേറ്ററിലെയും ഒ.ടി.ടിയിലെയും പ്രേക്ഷകർ രണ്ടു തരത്തിലുള്ളവരാണ്​ എന്നത്​ കാണണം. സാറ്റലൈറ്റ് പ്രേക്ഷകരും വേറെയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമ കാണുന്നത്, അവരുടെ പേഴ്‌സണൽ സ്‌പെയ്‌സിലിരുന്നാണ്. അച്ഛനും അമ്മയും കുട്ടികളും ഒരുമിച്ചിരുന്ന് കാണുന്നുണ്ടെങ്കിൽ പോലും ആ കുടുംബത്തിന്റെ പേഴ്‌സണൽ സ്‌പെയ്‌സ് ആകുന്നുണ്ട് അത്. ഇവർ തന്നെ അവരുടെ മൊബൈലിൽ സിനിമ കാണുമ്പോൾ അത് അവരുടെ വ്യക്തിപരമായ സ്‌പെയ്‌സ് ആയി മാറുന്നു. തിയറ്ററിൽ അങ്ങനെയല്ല, അവിടെയുള്ളത് ഒരു ഗ്രൂപ്പാണ്. ഇതെല്ലാം കൊമേഴ്‌സ്യൽ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന ചിന്ത ഫിലിം മേക്കേഴ്‌സിന് വരും. എഴുതാൻ പോകുന്ന സ്‌ക്രിപ്റ്റ് ഏതുതരത്തിൽ വേണമെന്ന ഒരു തോട്ട് പ്രോസസ് തുടക്കം മുതലേയുണ്ടാകുന്നു. അത് മാറ്റിയെഴുതേണ്ടിവരുന്നു. അല്ലെങ്കിൽ വിപണന സാധ്യത പരിശോധിക്കുന്നവർ അത് മാറ്റിയെഴുതാൻ ആവശ്യപ്പെടുന്നു. തിയേറ്ററിന്റെ ടേം ആയിരുന്ന ലാഗ് ഒ.ടി.ടിക്കും ബാധകമായിത്തുടങ്ങി. ലാഗുള്ളപ്പോൾ അത് അടിച്ചുകളയാനുള്ള ‘സൗകര്യ'മുണ്ടാകുന്നു. ഫോർവേഡ് സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തി, അതിവേഗം, കാണേണ്ട കാര്യങ്ങൾ മാത്രം കാണുക. ഈ തരത്തിൽ നിരവധി ഓപ്ഷനുകൾ വരുന്ന കാലത്ത്, ദൃശ്യഭാഷയിലെ ആവിഷ്‌കാരങ്ങളെ മുഴുവൻ പരിഗണിക്കേണ്ടിവരുമ്പോൾ, വലിയ രീതിയിലുള്ള ആശയക്കുഴപ്പം ഫിലിം മേക്കർക്കുണ്ടാകുന്നുണ്ട്. അത് വളരെ പ്രധാനമാണ്.

സിനിമ കൊമേഴ്‌സ്യലി വിജയിക്കണമെങ്കിൽ, തിയേറ്ററിൽ ആളെക്കൂട്ടുകയാണോ വേണ്ടത് അതല്ല,​ ഒ.ടി.ടിയിൽ ആളുകൾ കണ്ട് സാമ്പത്തികമായി സേഫ് ആക്കുകയാണോ വേണ്ടത് എന്നൊരുതരം പുതിയ ഗണിതശാസ്ത്രം രൂപപ്പെട്ടിട്ടുണ്ട്.
സിനിമ കൊമേഴ്‌സ്യലി വിജയിക്കണമെങ്കിൽ, തിയേറ്ററിൽ ആളെക്കൂട്ടുകയാണോ വേണ്ടത് അതല്ല,​ ഒ.ടി.ടിയിൽ ആളുകൾ കണ്ട് സാമ്പത്തികമായി സേഫ് ആക്കുകയാണോ വേണ്ടത് എന്നൊരുതരം പുതിയ ഗണിതശാസ്ത്രം രൂപപ്പെട്ടിട്ടുണ്ട്.

ചെയ്യാൻ പോകുന്ന സിനിമ, വ്യക്തമായ ധാരണയോടെ വേണം ഒരു പ്രൊജക്റ്റായി മുന്നോട്ടുകൊണ്ടുപോകാൻ. ആദ്യഘട്ടത്തിൽ തന്നെ ഇത് തിയേറ്റർ സിനിമയാണോ ഒ.ടി.ടി സിനിമയാണോ എന്ന് തീരുമാനമെടുക്കേണ്ടിവരും. സബാഷ്ചന്ദ്രബോസ് തിയേറ്ററിനുവേണ്ടി പൂർത്തീകരിച്ചതാണ്. പിന്നീട്, ഒ.ടി.ടിയിൽ ബിസിനസ് ചെയ്യാൻ ശ്രമിച്ചപ്പോൾ എനിക്ക്​ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അസ്ഥാനത്താണെന്ന് പിന്നീട്​ മറ്റു സിനിമകളുടെ റിലീസോടെ വ്യക്തമായി. തിയേറ്ററിൽ വർക്കൗട്ട് ആകാത്ത ചില സിനിമകൾക്ക്​ ഒ.ടി.ടിയിൽ സ്വീകാര്യത കിട്ടുന്നു. എന്നാൽ, തിയേറ്ററിൽ വന്ന് വലിയ ചർച്ചയായ ചില സിനിമകൾ ഒ.ടി.ടിയിലേക്കുവരുമ്പോൾ വലിയ ചർച്ചയിലേക്ക് പോകുന്നില്ല. അതുകൊണ്ട് പ്രൊഡക്ഷൻ ഹൗസുകൾ സിനിമ എടുക്കുന്ന രീതിയിൽ വരുത്തിയ മാറ്റങ്ങൾ വരാൻ പോകുന്ന സിനിമകൾക്ക് ബാധകമാണ്.

വിഷ്വൽ ഇഫക്റ്റ്‌സിന്റെ സ്വാധീനം സിനിമയിൽ കൂടിവരുന്നുണ്ട്. അത് ഒ.ടി.ടിയിൽ എത്ര ഗുണകരമാണ് എന്നതിൽ എനിക്ക് സംശയമുണ്ട്. കാരണം, അവ തിയേറ്റർ സ്‌പെയ്‌സിൽ കാണേണ്ട സിനിമകളാണ്, വിഷ്വൽ ഇഫക്റ്റ്‌സിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ട സിനിമകളാണ്. ഇൻഡോർ സിനിമകളാണ്, ലോകത്തെങ്ങും ഇറങ്ങുന്ന ദൃശ്യവിസ്മയങ്ങളായ സിനിമകളെല്ലാം. സ്റ്റുഡിയോ ഫ്‌ളോറിനകത്ത്, ആധുനിക ദൃശ്യഭാഷാ സാങ്കേതികവിദ്യയുടെ സൗകര്യത്തോടെ ഷൂട്ട് ചെയ്‌തെടുക്കുന്നവ. എന്നാൽ, ഒരു ഹെഡ്‌സെറ്റുണ്ടെങ്കിൽ തിയേറ്റർ സൗകര്യം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയും എന്നുവിശ്വസിക്കുന്ന ഒരു തലമുറയോട് തർക്കിക്കാൻ നിന്നാൽ, തർക്കിക്കുന്നവർ പരാജയപ്പെട്ടുപോകും എന്നാണ് എന്റെ അടിയുറച്ച വിശ്വാസം.

ഫിലിം​ മേക്കറു​ടെ വായന

നമ്മുടെ സിനിമയിൽ സാഹിത്യരൂപങ്ങളുടെ ആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തും ഫിലിം​ മേക്കറെ സംബന്ധിച്ച്​ വായന പ്രധാനമാണ്​. വായനയുമായി ബന്ധപ്പെട്ട എന്റെ അഭിപ്രായങ്ങൾ അൽപം പ്രകോപനപരമാണ്, എനിക്കല്ല, എന്നെ വായിക്കുന്ന ചിലർക്കെങ്കിലും.

മുമ്പുള്ള എഴുത്തുകാരായ ബഷീർ, കാരൂർ, മാധവിക്കുട്ടി, എം.ടി, മുട്ടത്തുവർക്കി, കാനം, പാറപ്പുറത്ത്, ലളിതാംബിക അന്തർജനം തുടങ്ങിയവരിൽ ആരുടെയെങ്കിലും ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ഒരു താളു മാത്രം കീറിയെടുത്ത്​, ഇത് ഏത് എഴുത്തുകാരുടേതാണ്​ എന്നു ചോദിച്ചാൽ കൃതിയുടെ പേര്​ പറയാൻ സാധിച്ചില്ലെങ്കിൽ പോലും, ആ വരികളിൽ നിന്ന് അവരുടെ ശൈലി മനസ്സിലാക്കി അത് ഏത് എഴുത്തുകാരാണ് എന്നു പറയാൻ കഴിയും. അത്ര വ്യത്യസ്തമായ ശൈലീവ്യക്തിത്വങ്ങളുള്ളവരായിരുന്നു അവർ. നമ്മുടെ കഥാകൃത്തുക്കളിൽ, 2000 വരെയുള്ളവരിൽ അത് പ്രകടമാണ്. അവർക്ക് വ്യത്യസ്തമായ എഴുത്തുഭാഷയും ശൈലിയുമുണ്ടായിരുന്നു. 2000നുശേഷം ഇത് കൈമോശം വന്നിട്ടുണ്ട്. ഒന്നുരണ്ടുപേരെ ഞാൻ മാറ്റിനിർത്തും, ബാക്കിയുള്ളവരുടെ എഴുത്തുഭാഷ നോക്കൂ, ഏതാണ്ട് സമമാണ്. ഏത് എഴുത്തുകാരാണ് എന്ന് തിരിച്ചറിയാൻ കഴിയില്ല. അയ്മനം ജോണിന്റെ കഥയാണ് എന്ന് തിരിച്ചറിയാൻ കഴിയുന്ന ഒരു ശൈലി അദ്ദേഹത്തിന്റെ കഥകൾക്കുണ്ട് എന്നുഞാൻ വിശ്വസിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ഫോളോ ചെയ്യുന്ന എഴുത്തുകാരനും അദ്ദേഹമാണ്. ബഷീറിനെയും വി.കെ.എന്നിനെയുമൊക്കെ പറ്റി ചിന്തിക്കുമ്പോൾ, എന്തുമാറ്റമാണ് നമ്മുടെ പുതുകാല കഥക്ക്, കഥാരൂപങ്ങൾക്ക്​, ഭാവുകത്വത്തിന്​ ഉണ്ടായത്​ എന്നാലോചിക്കാറുണ്ട്. എന്തെങ്കിലുമൊരു പുതുമയോ മാറ്റമോ കൊണ്ടുവരാൻ കഥയ്​ക്ക്​ കഴിഞ്ഞിട്ടുണ്ടോ? സത്യത്തിൽ എനിക്ക് ആശങ്കയുണ്ട്.

വി.കെ.എൻ/ ഫോട്ടോ: പുനലൂർ രാജൻ
വി.കെ.എൻ/ ഫോട്ടോ: പുനലൂർ രാജൻ

ഞാൻ പ്രധാനമായും വായിക്കുന്നത്​ ചരിത്രമാണ്. ചരിത്രത്തിലെ ഒരു ക്രൈം ആയിരിക്കാം, രാജസിംഹാസനത്തിന്റെ തകർച്ചയായിരിക്കാം, സ്വാതന്ത്ര്യസമരമായിരിക്കാം, ചലച്ചിത്രമേഖലയിലെ ഒരാളുടെ ആത്മകഥയായിരിക്കാം- ഇത്തരം വായനകളാണ് എന്നെ നയിക്കുന്നത്. അടുത്ത കാലത്ത് ഒരു സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്​റ്റിൽ, ഒരു ക്രൈമിന്റെ കഥ എഴുതിയിരുന്നു. വളരെ താൽപര്യത്തോടെ ഞാനത് ഫോളോ ചെയ്യുന്നു. ഇപ്പോൾ വായിക്കുന്നത് സർവീസ് സ്‌റ്റോറികളാണ്. വിരമിച്ച പൊലീസുകാർ, അവരുടെ രാഷ്ട്രീയം വെളിപ്പെടുത്തി എഴുതുന്നത്​ വായിക്കുമ്പോൾ, അൽപം കാപട്യം കലർത്തിയവയാണെങ്കിൽ പോലും, വായിക്കാൻ രസമുണ്ട്. ഏതാണ് സത്യം എന്ന് മറ്റൊരു പുസ്തകം വരുന്നതുവരെ ഇയാളെ എനിക്ക് വിശ്വസിച്ചേ പറ്റൂ എന്നും ചിന്തിക്കാറുണ്ട്.

പ്രിയ സിനിമകൾ

ഒരു ഫിലിം മേക്കർ എന്ന നിലയ്​ക്ക്​, മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകൾ തെരഞ്ഞെടുക്കാൻ കഴിയും. മേക്കിംഗ്, സ്‌ക്രിപ്റ്റിംഗ്, കാസ്റ്റിംഗ്, ചെയ്ത രീതി എന്നിവയുടെ കാര്യത്തിൽ എന്നെ ആകർഷിച്ച സിനിമകളാണിവ. മതിലുകൾ; ഒരു സാഹിത്യസൃഷ്ടിയെ പുതിയ കാലത്തേക്ക് ഇതിലും മനോഹരമായി അപ്ലൈ ചെയ്യാൻ സാധിക്കില്ല. ബഷീർ ജയിൽ മുറിയിൽനിന്ന് ഒരു ബക്കറ്റെടുത്തുകൊണ്ടുപോയി പൈപ്പിൽ ചുവട്ടിൽനിന്ന് വെള്ളം പിടിച്ച് ജയിൽമുറിയിലേക്ക് പോകുന്നതുവരെയുള്ള ഓരോ മൊമന്റിലും പൊളിറ്റിക്‌സുണ്ട്, കലയുണ്ട്. എന്നെ അൽഭുതപ്പെടുത്തിയ ഒരു കലാസൃഷ്ടിയാണ് മതിലുകൾ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കണ്ടതും കേട്ടതും എന്നെ സംബന്ധിച്ച് ഒരൽഭുതമാണ്. അന്നുവരെയുണ്ടായിരുന്ന മലയാളത്തിലെ കൊമേഴ്‌സ്യൽ സിനിമയുടെ പാറ്റേണിൽനിന്ന് മാറിയാണ് ആദ്യ ഷോട്ടുമുതൽ ആ സിനിമ സഞ്ചരിക്കുന്നത്. ഒരു അടിയിലൂടെയാണ്​ നായകനെ പരിചയപ്പെടുത്തുന്നത്. തനതുവ്യക്തിത്വമുള്ള സിനിമ. വോയ്‌സ് നരേഷൻ, കഥയുടെ സഞ്ചാരഗതി എന്നിവക്കെല്ലാം പ്രത്യേക തലമുണ്ട്. കുടുംബസിനിമ എന്ന് പൂർണമായി പറയാനാകില്ലെങ്കിലും ബാലചന്ദ്രമേനോന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് കണ്ടതും കേട്ടതും തന്നെയാണ്.

മോഹൻ സംവിധാനം ചെയ്ത മുഖം, എന്റെ ഫേവറിറ്റാണ്. ഒരു സൈക്കോ ത്രില്ലർ എന്നതിലുപരിയായി മേക്കിംഗ്, ഡയലോഗുകൾ, സംവിധായകന്റെ ഇടപെടൽ കൃത്യമായി അനുഭവിപ്പിക്കുന്ന സീൻ ക്രിയേഷൻ, സീനുകൾ തമ്മിലുള്ള കണക്ഷൻ എന്നിവയെല്ലാം ഏറെ ആകർഷിച്ചു. ഒരു സൈക്കോ കില്ലറുടെ സിനിമ എടുക്കാനാഗ്രഹിക്കുകയാണെങ്കിൽ ഞാൻ റഫറൻസ് ആയി എടുക്കുക മുഖം ആയിരിക്കും.

'മതിലുകൾ' സിനിമയിൽ മമ്മൂട്ടി
'മതിലുകൾ' സിനിമയിൽ മമ്മൂട്ടി

‘ഇരകൾ' എന്നെ അൽഭുതപ്പെടുത്തുന്നത് സ്‌ക്രിപ്റ്റിന്റെ കാര്യത്തിലാണ്. സ്‌ക്രിപ്റ്റിൽ ഇന്ന് കാണുമ്പോൾ ന്യൂനത തോന്നുന്ന സ്ഥലങ്ങൾ പോലും നമ്മൾ തന്നെ ഫിൽ ചെയ്യുന്ന തരത്തിലാണ്, റബർ തോട്ടവും ഭൂപ്രകൃതിയുമായി കെ.ജി. ജോർജ് കണക്റ്റു ചെയ്തിരിക്കുന്നത്. നായക കഥാപാത്രം റബർതോട്ടത്തിലൂടെ ഒരു കൊലയാളിയെപ്പോലെ മറ്റൊരാളെ പിന്തുടരുന്നതിന്റെ ഷോട്ട് വച്ചിരിക്കുന്നത് കണ്ടപ്പോൾ, ഈ മനുഷ്യൻ വിദേശസിനിമകളിലെവിടെയോ ജനിച്ചുവളർന്ന് ഇവിടെ സിനിമ ചെയ്യാൻ വന്ന ആളാണെന്ന് തോന്നിപ്പോകും.

പൊതുവെ ജി. അരവിന്ദൻ സിനിമകളോട് എനിക്കൊരനിഷ്ടമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ മറ്റു സിനിമകളോടുള്ള അനിഷ്ടമെല്ലാം മാറ്റിവക്കുന്ന തരത്തിൽ എന്നെ സ്വാധീനിച്ച സിനിമയാണ് കുമ്മാട്ടി. ആ കഥാപാത്രത്തിന്റെ കാസ്റ്റിംഗ്, സംഗീതം, കാലം, ഗ്രാമം...ഈ സിനിമയുടെ അത്യാധുനികമായ ഒരു പതിപ്പ് ലഭ്യമാണ് എന്നു കേട്ടപ്പോൾ ഏറ്റവും സന്തോഷിക്കുന്ന ഒരാൾ ഞാനാണ്.

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത കടൽപ്പാലം സത്യൻ എന്ന അനശ്വരപ്രതിഭയോടുള്ള ഇഷ്ടം കൊണ്ടാണ് കാണുന്നത്. എന്നാൽ, ഒരുപാട് അഭിനയമുഹൂർത്തങ്ങളും പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്ന ഡയലോഗുകളും ഈ സിനിമയെ ആകർഷകമാക്കുന്നു. നാടകമായ കഥ സിനിമയാക്കുമ്പോൾ, നാടകത്വം നിറഞ്ഞുനിൽക്കുമ്പോൾ തന്നെ സിനിമയുടെ ഭാഷയിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രമേയവും ഏറെ ആകർഷിച്ചു. കുറച്ചുകാലം കാഴ്ചയില്ലാത്തവനായി ജീവിച്ച് മറ്റുള്ളവരെ ശ്രദ്ധിക്കുന്ന ഒരു കഥാപാത്രം, അദ്ദേഹത്തിന്റെ മകനായി സത്യൻ തന്നെ അവതരിപ്പിക്കുന്ന മറ്റൊരു കഥാപാത്രം- വേറെ ഒരു തലത്തിൽ നിൽക്കുന്ന സിനിമയാണ് കടൽപ്പാലം.

സൈക്കോളജി പറഞ്ഞ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ വടക്കുനോക്കിയന്ത്രമാണ്. ഒരു ശ്രീനിവാസൻ സിനിമയായതുകൊണ്ട് കൊമേഴ്‌സ്യൽ പൈങ്കിളി സിനിമയായി പലരും വ്യാഖ്യാനിക്കാറുണ്ടെങ്കിലും ഏറ്റവും മികച്ച സിനിമക്കുള്ള സംസ്ഥാന അവാർഡ് ആ വർഷം ഈ സിനിമക്കായിരുന്നു. ഈ ചിത്രത്തിന്റെ ഓരോ ഷോട്ടും സീനും ഒരൽഭുതമാണ്.

പൊന്മുട്ടയിടുന്ന താറാവ് എനിക്ക് പ്രിയപ്പെട്ടതാകുന്നത് അതിന്റെ കാലം, ദേശം, ഭാഷ എന്നിവയൊക്കെ കൊണ്ടാണ്​. ഒരു നാട്ടിൻപുറത്തുകാരന് പ്രതികാരം ചെയ്യാൻ ഇങ്ങനെയൊക്കെയാണ് കഴിയുക എന്നു തെളിയിച്ച രസമുള്ള സിനിമ. സബാഷ് ചന്ദ്രബോസ് ചെയ്യുമ്പോൾ എവിടെയൊക്കെയോ പൊന്മുട്ടയിടുന്ന താറാവിലെ കഥാപാത്രങ്ങളുടെ ഫ്‌ളേവർ കയറിവന്നിട്ടുണ്ടാകമെന്ന് കരുതുന്നു. അതിനുകാരണം, ഞാൻ ആ സിനിമയുടെ ഒരു ഹാർഡ്‌കോർ ആരാധകനാണ് എന്നതാണ്.

എന്റെ സ്വപ്‌ന സിനിമകളിലൊന്ന്, എന്നെന്നും കണ്ണേട്ടൻ എന്ന സിനിമയുടെ ഫ്‌ളേവറുള്ള സിനിമയാണ്. ഇൻഡസ്ട്രിയിൽ വലിയ വിപണിമൂല്യമുള്ള സംവിധായകനായി മാറിയശേഷം പുതിയ താരങ്ങളെവച്ച് ചെയ്യണമെന്നാഗ്രഹിക്കുന്ന സിനിമയാണത്. അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നുതന്നെയാണ് വിശ്വാസം. അതിലെ പ്രണയത്തോളം എന്നെ സ്പർശിച്ച മറ്റൊരു പ്രണയവും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടാണ് തികച്ചും ഒരു പൈങ്കിളിയായി നിന്നുകൊണ്ട്, എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ, എന്റെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ പെടുത്തുന്നത്.

നിങ്ങൾ സിനിമയിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ, ആളുകൾ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, മറ്റൊരാളുടെ പണമുപയോഗിച്ച് സ്വന്തം സംതൃപ്തി വരുത്തൽ എന്ന പരിപാടിയിൽനിന്ന് നിങ്ങൾ പിന്മാറണം.

സ്വന്തം സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്​? ഒരു പത്ത് സിനിമകൾ സംവിധാനം ചെയ്തശേഷം പറയാൻ വച്ചിരിക്കുന്ന ഉത്തരമാണിത്​, അത് അപ്പോൾ പറയാം. ആളൊരുക്കം 2018ലാണ്​ റിലീസായത്​. സംവിധായകൻ സനൽകുമാർ ശശിധരൻ സിനിമ കണ്ട് വിളിച്ചു. സിനിമ ഇഷ്ടപ്പെ​ട്ടെന്നും എന്നാൽ കൊമേഴ്‌സ്യൽ വിട്ടുവീഴ്ചക്കുവേണ്ടി എവിടെയോ എത്തിച്ചേരേണ്ടിയിരുന്ന ഒരു വലിയ പ്രമേയത്തെ എത്തേണ്ട സ്ഥാനത്ത് എത്തിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
വിട്ടുവീഴ്ച ചെയ്തു എന്നത് ഞാൻ അഭിമാനത്തോടെ അംഗീകരിക്കുന്ന കാര്യമാണ്. കാരണം, നിങ്ങൾ സിനിമയിൽ വിശ്വസിക്കുന്നുണ്ട് എങ്കിൽ, ആളുകൾ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ, മറ്റൊരാളുടെ പണമുപയോഗിച്ച് സ്വന്തം സംതൃപ്തി വരുത്തൽ എന്ന പരിപാടിയിൽനിന്ന് നിങ്ങൾ പിന്മാറണം. എന്നിട്ട്, കുറഞ്ഞ പൈസക്കും നിങ്ങൾ വിശ്വസിക്കുന്ന കലാമൂല്യത്തിനനുസരിച്ചും നിങ്ങളുടെ മാനസിക സംതൃപ്തിക്കുവേണ്ടിയുമൊക്കെ സിനിമ ഉണ്ടാക്കാം. മറ്റൊരാളിന്റെ ലക്ഷക്കണക്കിന് പണം സ്വീകരിച്ച് സിനിമ ചെയ്യാൻ നിർബന്ധിതനാവുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും കൊമേഴ്‌സ്യൽ സിനിമയുടെ സാധ്യത അന്വേഷിക്കേണ്ടിവരും. കൊമേഴ്‌സ്യൽ സിനിമയിൽ എന്തെല്ലാം നുണ പറയേണ്ടിവരും, എന്തെല്ലാം വിട്ടുവീഴ്ച ചെയ്യേണ്ടിവരും, അതെല്ലാം ചെയ്യേണ്ടിവരും.

ജി. അരവിന്ദൻ സിനിമകളോട് പൊതുവേ എനിയ്ക്കുള്ള അനിഷ്ടമെല്ലാം മാറ്റിവക്കുന്ന തരത്തിൽ എന്നെ സ്വാധീനിച്ച സിനിമയാണ് കുമ്മാട്ടി. കുമ്മാട്ടി സിനിമയിൽ നിന്ന്
ജി. അരവിന്ദൻ സിനിമകളോട് പൊതുവേ എനിയ്ക്കുള്ള അനിഷ്ടമെല്ലാം മാറ്റിവക്കുന്ന തരത്തിൽ എന്നെ സ്വാധീനിച്ച സിനിമയാണ് കുമ്മാട്ടി. കുമ്മാട്ടി സിനിമയിൽ നിന്ന്

അതല്ല, നിങ്ങളുടെ സ്വന്തം ഇഷ്ടം പാലിച്ചെടുക്കൽ മാത്രമാണ് ഒരു സിനിമയുടെ ദൗത്യം എന്ന് ചിന്തിച്ചാൽ, കൊമേഴ്‌സ്യൽ സിനിമയിൽനിന്ന് മാറി ഒരു ആർട്ട്ഹൗസ് സിനിമയുടെ ആളായി നിൽക്കണം. അങ്ങനെ സ്വതന്ത്രമായി നിൽക്കാൻ കഴിയണം. എന്റെ അറിവിൽ അത്തരമൊരു നിൽപ് നിന്നിട്ടുള്ളത് മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണൻ മാത്രമേയുള്ളൂ. ‘എന്റെ സിനിമയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല’ എന്ന് പ്രഖ്യാപിച്ച മറ്റൊരു സംവിധായകനില്ല. അദ്ദേഹത്തിന്റെ സിനിമകൾ നമുക്ക് പ്രിയങ്കരമായി തുടരുമ്പോൾ, ചില ഉറച്ച സാഹചര്യങ്ങൾ കൂടി അദ്ദേഹത്തിന് ഉണ്ടായിവന്നിട്ടുണ്ട് എന്നതും പ്രധാനമാണ്​. ഇപ്പോൾ പോലും മലയാളത്തിലെ മഹാരഥന്മാരായ നടന്മാർ അദ്ദേഹത്തിന് ഡേറ്റ് കൊടുക്കാൻ തയാറായി നിൽക്കുകയാണെന്ന് നമുക്കറിയാം. അങ്ങനെയല്ല എല്ലാവരുടെയും കാര്യം. എനിക്ക് ഒരു സിനിമ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ, ആ സിനിമക്ക് എനിക്ക് മഹാരഥനായ ഒരു നടന്റെ ഡേറ്റല്ല, പുതിയ ഒരു നടന്റെ ഡേറ്റാണ് ആവശ്യമെങ്കിൽ അത് ചെയ്യാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടാകണം. ആ സിനിമ ചെയ്യുമ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നാൽ അത് ചെയ്യാനുള്ള സാഹചര്യവും എനിക്കുണ്ടാകണം. വ്യവസായത്തിനുവേണ്ടി സിനിമയെടുക്കുകയാണെങ്കിൽ വ്യവസായം തന്നെയായിരിക്കണം എന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു.

സിനിമ നിരോധിക്കപ്പെട്ടാൽ?

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലം സങ്കൽപ്പിക്കാനാകുമോ? അങ്ങനെയൊരു കാലം വരാനിടയില്ല. അത് അതിഭാവുകത്വം കലർന്ന ചിന്തായായിപ്പോകും. എന്നാൽ, അങ്ങനെയൊരു കാലത്തെക്കുറിച്ച് ചിന്തിച്ചും നോക്കാവുന്നതാണ്. അങ്ങനെ നിരോധിക്കപ്പെട്ടാൽ പ്രപഞ്ചത്തിന്റെ എല്ലാ സൗന്ദര്യവും നഷ്ടമായിപ്പോകുമെന്നാണ് എന്റെ വിശ്വാസം. സിനിമ ഇല്ലാതിരുന്ന 19ാം നൂറ്റാണ്ടിനെപ്പോലെയല്ല, സിനിമ എന്ത് എന്നറിഞ്ഞ 21ാം നൂറ്റാണ്ട്. ഇവിടെനിന്ന് 19ാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകാൻ സാധ്യമല്ല. സിനിമ ഇല്ലാതാകുമ്പോഴായിരിക്കും മനുഷ്യരെല്ലാവരും, ഒരാളും മാറിനിൽക്കാതെ, ആത്മഹത്യ ചെയ്യുക എന്ന്​ പാതി തമാശയായും അതിൽപാതി ഗൗരവത്തോടെയും ഞാൻ വിശ്വസിക്കുന്നു. സിനിമയില്ലാത്ത കാലത്തിന്റെ അനന്തരസൃഷ്ടി കൂട്ടക്കൊലയായിരിക്കും. ▮


വി.സി. അഭിലാഷ്

സംവിധായകൻ, തിരക്കഥാകൃത്ത്. സാമൂഹിക പ്രസക്തിയുള്ള സിനിമക്കുള്ള ദേശീയ അവാർഡും ഇന്ദ്രൻസിന്​ മികച്ച നടനുള്ള സംസ്​ഥാന അവാർഡും നേടിക്കൊടുത്ത ​​​​​​​ആളൊരുക്കം ആദ്യചിത്രം. സബാഷ് ചന്ദ്രബോസ് എന്ന സിനിമയും സംവിധാനം ചെയ്​തു.

Comments