വിധു വിൻസെൻറ്​

മലയാളി ​പ്രേക്ഷകർ തിയേറ്ററിൽ വന്ന്​വിജയിപ്പിക്കുന്നത്​ ഏതുതരം സിനിമകളെയാണ്​?

മറാത്തി, തമിഴ്​ സിനിമക​ളെ അമ്പരപ്പിക്കുന്ന സിനിമകൾ മലയാളത്തിലുണ്ടാവുന്നുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്കെത്തുന്നില്ല. മണ്ടേല പോലൊരു സിനിമ മലയാളത്തിലുണ്ടായാൽ അത് എത്രമാത്രം പ്രേക്ഷകരിലേക്കെത്തുന്നു, പ്രേക്ഷകർ അത് എത്രമാത്രം സ്വീകരിക്കുന്നു എന്നിടത്ത് അതൊരു ഭയങ്കര പ്രശ്നം തന്നെയാണ്.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

വിധു വിൻസെൻറ്​: ലെനിൻ സിനിമയെ വിശേഷിപ്പിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയ്ക്കായിരുന്നു. ലെനിൻ ജീവിച്ചിരുന്ന നൂറ്റാണ്ട് കഴിഞ്ഞ് അടുത്ത നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും നമുക്കിപ്പോഴും നിസ്സംശയം അങ്ങനെ തന്നെ പറയാൻ പറ്റും. സിനിമയുടെ രൂപഘടനയിലൊക്കെ എന്ത് മാറ്റമുണ്ടായാലും ഇനി അങ്ങോട്ടുള്ള ഏതാനും നൂറ്റാണ്ടുകൾ വരെയെങ്കിലും സിനിമ അതിശക്തമായ മാധ്യമമായി തന്നെ തുടരും

മനുഷ്യന്റെ അല്ലെങ്കിൽ സിനിമ ചിത്രീകരിക്കപ്പെടുന്ന കാലത്ത് ജീവിക്കുന്ന മനുഷ്യരുടെ ജീവിതവ്യവഹാരങ്ങളെയാണ് സിനിമ ഉണ്ടായ കാലം മുതൽ ഇന്നുവരെയും പലരീതികളിൽ സിനിമ അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. സിനിമ മനുഷ്യരുടെയും മനുഷ്യർ സിനിമയുടെയും വ്യവഹാരങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. അത്​ കൊണ്ടും കൊടുത്തുമെന്ന നിലയ്ക്കാണ് മുന്നോട്ടുപോകുന്നത്. ഇതിനപ്പുറത്തേക്ക് പ്രത്യേകമായ സാമൂഹിക ദൗത്യം എന്ന തരത്തിൽ സിനിമയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് ചോദിച്ചാൽ, അത് കുറച്ചുകൂടി ആ മാധ്യമം കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ താൽപര്യങ്ങളെകൂടി ആശ്രയിച്ചിരിയ്ക്കും.

‘മണ്ടേല' യിലെ ഒരു രംഗം
‘മണ്ടേല' യിലെ ഒരു രംഗം

സിനിമ കൈകാര്യം ചെയ്യുന്ന ഒരാൾ ചിലപ്പോൾ സിനിമയെ വിനോദോപാധി എന്ന നിലയ്ക്കാണ് ആലോചിക്കുന്നതെങ്കിൽ മറ്റൊരാൾ സിനിമയിലൂടെ ചിലത് പഠിപ്പിയ്ക്കുക, സമൂഹത്തെ ചിലത് ബോധ്യപ്പെടുത്തുക, ചില ധാരണകളെ തിരുത്തിക്കുറിക്കേണ്ടുന്ന ഉപാധിയായി ഉപയോഗിക്കുക എന്ന നിലയ്ക്കാവും കാണുന്നുണ്ടാവുക. സിനിമയെ അവരവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. സിനിമയ്ക്ക് എക്കാലത്തേയ്ക്കുമായി നിർവ്വഹിക്കാനുള്ള ഒരു സാമൂഹിക ദൗത്യമുണ്ട് എന്ന് ഞാൻ വിചാരിക്കുന്നില്ല. ലെനിൻ സിനിമയെക്കുറിച്ച് അങ്ങനെ പറഞ്ഞത് പ്രത്യയശാസ്ത്രപരമായ ടൂൾ എന്ന നിലയിൽ സിനിമയെ ഉപയോഗപ്പെടുത്താൻ പറ്റും എന്ന അതിന്റെ ഒരു നിഗ്രഹാനുഗ്രഹശക്തി തിരിച്ചറിഞ്ഞിട്ടായിരുന്നു. ഓരോ കാലഘട്ടത്തിലും സിനിമയുടെ ശക്തിവിശേഷങ്ങളെ പല രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നവർ ഉപയോഗിക്കുക.

പുതിയ ആസ്വാദനത്തിന് എന്ത് നൽകണമെന്നും, എവിടെയാണ് കാണിക്കേണ്ടതെന്നും, ആരാണ് നമ്മുടെ ടാർഗറ്റ് ഓഡിയൻസായി മാറാൻ പോവുന്നതെന്നുമുള്ള ആലോചനകളെ കരുതാതെ നമുക്കിപ്പോൾ സിനിമയെടുക്കാൻ സാധ്യമല്ല.

മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കോവിഡാനന്തര കാലത്ത് സിനിമകൾ അങ്ങനെ ഒഴുകുകയാണ്, സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാകുന്നു എന്നൊക്കെ പറയുന്നത് തീർച്ചയായും ശരിയാണ്. സിനിമാസ്വാദകരും സിനിമാ പ്രവർത്തകരും ഒരുപോലെ അമ്പരപ്പിലും അനിശ്ചിതത്വത്തിലും ആയ കാലമായിരുന്നു അത്. പക്ഷേ കോവിഡ് കാലത്തുതന്നെ കോവിഡിനെ പ്രതിരോധിച്ചുകൊണ്ടോ അല്ലെങ്കിൽ അത് വേറൊരു സാധ്യതയാക്കിക്കൊണ്ടോ എങ്ങനെ സിനിമകളുണ്ടാക്കാം എന്ന മട്ടിൽ ചില പരീക്ഷണങ്ങൾ നമ്മൾ കണ്ടു. ഒരു മുറിയിലിരുന്ന്​, പല മുറിയിലിരുന്ന്​, പല സ്ഥലങ്ങളിലിരുന്ന്​ ആളുകൾ ഷൂട്ട് ചെയ്​തുണ്ടാക്കിയിട്ടുള്ള ചിത്രങ്ങൾ നമ്മൾ കാണുന്നുണ്ട്, സീ യൂ സൂൺ പോലുള്ള സിനിമകൾ. അത്തരം പരീക്ഷണങ്ങളടക്കമുള്ള സിനിമകൾ വന്നുകഴിഞ്ഞു. എനിക്ക് തോന്നുന്നു, "ഇരുണ്ട കാലത്ത് ഇരുണ്ട കാലത്തെ കവിതകളുണ്ടാവുന്നു' എന്ന് പറഞ്ഞതുപോലെ ഇരുണ്ട കാലങ്ങൾ ഇരുണ്ട കാലങ്ങളുടെ സാധ്യതകളെ വെളിപ്പെടുത്തുന്നുണ്ട് എന്ന തരത്തിൽ വേണം ഇതിനെ മനസ്സിലാക്കാൻ.

സീ.യു സൂണിൽ നിന്ന്
സീ.യു സൂണിൽ നിന്ന്

കോവിഡ് വന്നതോടെ ഒരു ഭാവുകത്വ മാറ്റം സിനിമയിൽ സംഭവിച്ചിട്ടുണ്ട്. അത് ആസ്വാദനത്തിൽ അതിശക്തമായി പ്രതിഫലിച്ചിട്ടുമുണ്ട്. ആസ്വാദനത്തിൽ അങ്ങനെ സംഭവിക്കുമ്പോൾ എന്ത് സിനിമ കാണണം, ഏത് കാണണം, എങ്ങനെ കാണണം എന്നതിനെ സംബന്ധിച്ച പ്രേക്ഷകതാൽപര്യങ്ങളെ മാനിക്കാനും അത് ഗൗരവത്തിലെടുത്തും അനുസരിച്ചുകൊണ്ടുമുള്ള സിനിമാ വ്യവഹാരത്തിൽ ഏർപ്പെടേണ്ടതുണ്ട് എന്നു തിരിച്ചറിയാനും സിനിമാ പ്രവർത്തകരെ കുറച്ചുകൂടി ജാഗ്രപ്പെടുത്തിയിട്ടുണ്ട്. ആ നിലയ്ക്ക് വന്നുപോയ പ്രതിസന്ധി സിനിമയെ എല്ലാ അർഥത്തിലും പുതുക്കിപ്പണിയാൻ സഹായിച്ചിട്ടുണ്ട്. അത് എത്രമാത്രം നന്നായിട്ടുണ്ട് അല്ലെങ്കിൽ അതിന് പോസറ്റീവ് വശം മാത്രമേ ഉള്ളോ എന്നുചോദിച്ചാൽ അല്ല. ഒരു നിഗ്രഹാനുഗ്രഹ ശക്തിവിശേഷമായിട്ടാണ് അത് മാറിയിരിക്കുന്നത്. ആ മാറ്റങ്ങൾ സിനിമാപ്രവർത്തനങ്ങളി‍ൽ എങ്ങനെയൊക്കെയാണ് പ്രതിഫലിക്കാൻ പോവുന്നത് എന്നത് ശരിക്കും കാണാനിരിക്കുന്നതേയുള്ളൂ. ഈ മാറിയ ഭാവുകത്വ പരിസരത്തിൽ നിന്നുകൊണ്ട് പുതിയ ആലോചനകളിലേക്കാണ് പോവേണ്ടത്. കാരണം, കോവിഡിനുമുൻപ് ചിന്തിച്ച പല കാര്യങ്ങളും ഇപ്പോൾ അപ്രസക്തമായിട്ടുണ്ട്.

ഇപ്പോൾ തിയേറ്ററിലിറങ്ങുന്ന ഒരു സിനിമ ഒരു മാസം കഴിയുമ്പോഴേയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെത്തും, അപ്പോൾ നമുക്ക് കാണാം. ഒരു സിനിമ കാണാൻ പോവുന്ന സമയത്തുണ്ടാവുന്ന ചെലവുകൾ അങ്ങനെ കട്ട്ഷോട്ട് ചെയ്യാം.

പുതിയ ആസ്വാദനത്തിന് എന്ത് നൽകണമെന്നും, എവിടെയാണ് കാണിക്കേണ്ടതെന്നും, ആരാണ് നമ്മുടെ ടാർഗറ്റ് ഓഡിയൻസായി മാറാൻ പോവുന്നതെന്നുമുള്ള ആലോചനകളെ കരുതാതെ നമുക്കിപ്പോൾ സിനിമയെടുക്കാൻ സാധ്യമല്ല. അതുകൊണ്ട്, സിനിമാ നിർമാണമെന്നത് കുറച്ചുകൂടി ഗൗരവപ്പെട്ട, കുറച്ചുകൂടി ആലോചനയും ചിന്തയും ആവശ്യമുള്ള, കുറച്ചുകൂടി സംഘടിതമായ ഒരു പ്രവർത്തനമായി മാറിയിട്ടുണ്ട്. പല സൗഹൃദകൂട്ടായ്മകളും ഇപ്പോൾ ഇതിനകത്തേക്ക് കടന്നുവരുന്നുണ്ട്. നേരത്തേ ഒരു തിരക്കഥാകൃത്ത് വരുന്നു, ഒരു സംവിധായകനെ കണ്ടുപിടിക്കുന്നു അങ്ങനെയൊക്കെയായിരുന്നെങ്കിൽ ഇപ്പോൾ ഒരു ഗ്രൂപ്പിനിടയിൽ നിന്ന് സിനിമ വരുന്നുണ്ട്. ആ ഗ്രൂപ്പുതന്നെ അതിന്റെ മുതൽമുടക്കും നിർവ്വഹിക്കുന്ന രീതിയിലേക്ക് സിനിമാപ്രവർത്തനം മാറി. നേരത്തേ ഇവിടെയുണ്ടായിരുന്ന പ്രഖ്യാപിതരായ നിർമ്മാതാക്കളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വന്നു. ഇത്തരം സൗഹൃദകൂട്ടങ്ങളിൽ നിരന്തരം ഭാഗമാകുന്ന ആക്ടേഴ്സും മറ്റ് അണിയറപ്രവർത്തകരുമൊക്കെയുണ്ട്. അതൊരു സൗഹൃദത്തിന്റെ പിൻബലത്തിലാണ് മുന്നോട്ട് പോവുന്നത്. ഒരു പക്ഷേ ഇൻഡസ്ട്രിയിൽ അതൊരു പുതിയ പ്രവർത്തന ശൈലി കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന് അതിന്റേതായ പ്രശ്നങ്ങൾ വേറെയുണ്ട് താനും.

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്ക്കൊരാൾ തന്റെ കുഞ്ഞുസ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

കോവിഡ് കാലത്ത് തിയേറ്ററിലേക്ക് പോവാതെ സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ, ഹോം തിയേറ്ററിൽ നമ്മൾ സിനിമ കാണാൻ തുടങ്ങി. ക്രമേണ നമുക്കത് പരിചയമാകാനും തുടങ്ങി. അപ്പോൾ ഒരു വീടിനുള്ളിലെ നിരന്തര കുടുംബ വ്യവഹാരങ്ങൾക്കിടയിലും സിനിമ കാണാൻ കഴിയുന്നുണ്ട്, അല്ലെങ്കിൽ അത്തരം പ്രതിബന്ധങ്ങൾ ബാധിക്കാതെ സമയ സൗകര്യങ്ങൾക്കനുസരിച്ച് സിനിമ കാണാൻ കഴിയുന്നു എന്ന യാഥാർഥ്യത്തിലേക്ക് നമ്മളെത്തിച്ചേർന്നു. ഇപ്പോൾ തിയേറ്ററിലിറങ്ങുന്ന ഒരു സിനിമ ഒരു മാസം കഴിയുമ്പോഴേയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെത്തും, അപ്പോൾ നമുക്ക് കാണാം. ഒരു സിനിമ കാണാൻ പോവുന്ന സമയത്തുണ്ടാവുന്ന ചെലവുകൾ അങ്ങനെ കട്ട്ഷോട്ട് ചെയ്യാം. അതുവഴിയുണ്ടാവുന്ന മറ്റ് അസ്വസ്ഥതകളെ കുറയ്ക്കാം, ഇങ്ങനെയൊക്കെയുള്ള ആലോചനകളിലേക്ക് മനുഷ്യൻ പരുവപ്പെട്ട് തുടങ്ങി. അത് സിനിമയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

Photo : unsplash.com
Photo : unsplash.com

നമ്മൾ എന്തിന് തിയേറ്ററിൽ സിനിമ കാണാൻ പോകണം എന്നതിൻമേൽ പ്രേക്ഷകർ ചില മാനദണ്ഡങ്ങൾ വെച്ചുതുടങ്ങി. തിയേറ്ററിൽ ആഘോഷമാകാൻ പറ്റുന്ന, തിയേറ്റർ സാധ്യമാക്കുന്ന വലിയ ആരവവും ആഘോഷവും കൊണ്ടുവരുന്ന തരം കണ്ടൻറുകൾ മാത്രം തിയേറ്ററിൽ പോയി കാണാം, അത്രയും ആരവങ്ങളില്ലാത്ത സിനിമകളെ ഒ.ടി.ടികളിൽ കാണാം എന്ന ചിന്ത പ്രേക്ഷകരിൽ വന്നുതുടങ്ങി. അപ്പോൾ തിയേറ്ററിൽ ആളില്ലാതായി. അതുകൊണ്ടുതന്നെ വലിയ മുതൽമുടക്കിലുണ്ടാക്കുന്ന വലിയ സിനിമകൾക്ക് മാത്രം പ്രേക്ഷകരുണ്ടാവുകയും തിയേറ്ററിലെത്തുന്ന ചെറിയ സിനിമകൾ പലപ്പോഴും പിന്തള്ളപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. നേരത്തേ മിക്കവാറും സിനിമകളെല്ലാം ഒ.ടി.ടിയിലേക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോൾ, തിയേറ്ററിൽ ആദ്യം കാണിച്ച്, അവിടെയുണ്ടാകുന്ന പ്രതികരണമനുസരിച്ചുമാത്രം ഒ.ടി.ടിയിലേക്കുള്ള പ്രവേശനം സാധ്യമാക്കാം എന്ന നിബന്ധന അവർ വെച്ചുതുടങ്ങിയിട്ടുണ്ട്. അപ്പോൾ, ആളും ആരവവും ഇല്ലാത്ത സിനിമകൾ തിയേറ്ററിൽ പിന്തള്ളപ്പെടുകയും ആളുകൾ കാണാതെ പോവുകയും അത് പിന്നെ ഒ.ടി.ടിയിൽ വരാതിരിക്കുകയും അങ്ങനെ അത് കാണാനും ആസ്വദിക്കാനുള്ള സാധ്യത തുലോം കുറവാവുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ വന്നുതുടങ്ങി. ഒരു പക്ഷേ സിനിമാവ്യവസായത്തെ അതിരൂക്ഷമായി ബാധിക്കുന്ന ഒരു പ്രതിസന്ധി ഇതുമൂലം ഉണ്ടാകാനിടയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ച് മലയാളത്തിൽ വലിയ നിർമാതാക്കൾ എന്നുപറയാൻ അങ്ങനെ ആളുകളില്ല. വിരലിലെണ്ണാവുന്നവർ മാത്രമേയുള്ളൂ. ഏറിയ ശതമാനവും ഇടത്തരം നിർമാതാക്കളാണ്. അവരുടെ സിനിമകൾ, പലപ്പോഴും വലിയ ശബ്ദഘോഷവും അതിഭയങ്കര ദൃശ്യവിരുന്നും ഉള്ളതാകണമെന്നില്ല. അത് കാണാൻ പ്രേക്ഷകരില്ല എന്നുണ്ടെങ്കിൽ ഒരു പക്ഷേ ഇത് ഈ വ്യവസായത്തെത്തന്നെ മോശമായി ബാധിക്കുന്ന അവസ്​ഥയുണ്ടാക്കാം. അതേസമയം, കണ്ടൻറ് ഹീറോ ആവുന്ന, അല്ലെങ്കിൽ കഥ ഹീറോ ആവുന്ന ഒരവസ്ഥയും നിലനിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നു, മാർക്കറ്റിങ്​ സ്ട്രാറ്റജിയടക്കം ഭയങ്കരമായി വ്യത്യാസപ്പെട്ടിട്ടുണ്ട്. കഥ നല്ലതാണെങ്കിൽ, നമ്മൾ ആ സിനിമയിലേക്കെത്തണമെങ്കിൽ, ആ സിനിമ കാണണമെങ്കിൽ, ആ സിനിമ കാണണമെന്ന് നമ്മൾ തീരുമാനിക്കണമെങ്കിൽ ഒക്കെ തീർച്ചയായും മാർക്കറ്റിങ്ങ് സ്ട്രാറ്റജി വ്യത്യാസമാകേണ്ടതുണ്ട്.

ഞാൻ ഒരു ഫെമിനിസ്റ്റാണ് എന്നവകാശപ്പെടുന്നു, എന്റെ രാഷ്ട്രീയശരികൾ എന്താണ്? അപ്പുറത്ത് നിൽക്കുന്ന ആൾ ഒരു ഇസ്​ലാമിസ്​റ്റാണ്​. അയാളുടെ രാഷ്ട്രീയശരികൾ എന്താണ്?

ഹ്യൂമറും രഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?

നമ്പൂതിരി ഫലിതങ്ങൾ ഉണ്ടാക്കിയിട്ടുള്ള ഹ്യൂമർ നമുക്കറിയാം. അതിന്റെയൊരു തുടർച്ചയെന്നോണം സിനിമകളിലും അത്തരം ഫലിതങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്പൂതിരി ഫലിതങ്ങൾ എല്ലാ സമയത്തും കീഴാളനെയോ കാര്യസ്ഥനെയോ ബോഡി ഷെയ്മിങ്ങ് നടത്തുന്ന, അല്ലെങ്കിൽ അവരുടെ അവസ്ഥയെയോ സാമൂഹിക ചുറ്റുപാടിനെയോ സൂചിപ്പിക്കുന്ന പരിഹാസങ്ങളായിരുന്നു തമാശകളായി രൂപപ്പെട്ടിരുന്നത്. പിന്നീട് സിനിമകളിൽ നമ്മളത് കണ്ടു. സിനിമകളിൽ പലപ്പോഴും ഒരു ഹീറോ, ഹീറോയ്ക്ക് ചുറ്റുമുള്ള രണ്ടോ മൂന്നോ തോഴൻമാർ, അവരുടെ നിറത്തേയും ശരീരത്തേയും ബുദ്ധിയേയും ഒക്കെ പരിഹസിക്കുന്ന രീതിയിലുള്ള സംഗതികൾ, തമാശകളായി രൂപപ്പെടുകയും അതിന് നമ്മൾ ചിരിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. അതിനകത്ത് ഭയങ്കര പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയല്ല ഹ്യൂമർ വേണ്ടത് എന്ന് നമ്മൾ ആലോചിച്ച് തുടങ്ങിയത്. അങ്ങനെയല്ല ഹ്യൂമർ എന്നാലോചിച്ച് തുടങ്ങിയ ചില ആളുകൾ, അങ്ങനെയല്ലാത്ത ഹ്യൂമർ സിനിമയിൽ ഉണ്ടാക്കുന്നതിൽ വിജയിച്ചിട്ടുമുണ്ട്. അതിന് വേറെയും പോസിബിലിറ്റികളുണ്ട്. അപ്പുറത്ത് നിൽക്കുന്ന ആളിനെ പരിഹസിച്ചുകൊണ്ടല്ല ഇതുണ്ടാകേണ്ടത് എന്ന തിരിച്ചറിവിലേക്ക് നമ്മൾ എത്തിയിട്ടുണ്ട്.

 മാൻഹോൾ എന്ന സിനിമയിൽ നിന്ന്
മാൻഹോൾ എന്ന സിനിമയിൽ നിന്ന്

പക്ഷേ പൊളിറ്റിക്കൽ കറക്ട്നെസുമായി ഇതിനെ ചേർത്ത് വായിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. എന്താണ് പൊളിറ്റിക്കൽ കറക്ട്നെസ് അല്ലെങ്കിൽ രാഷ്ട്രീയശരി എന്നതിനെ സംബന്ധിച്ച ചർച്ച കുറച്ചുകൂടി വൈവിധ്യപ്പെടേണ്ടതുണ്ട് എന്നുതോന്നുന്നു. വൈവിധ്യമുള്ള ചിന്തകൾ അതിനകത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്. കാരണം ആരുടെ ശരിയെ കുറിച്ചാണ് സംസാരിക്കുന്നത്? എന്റെ ശരി നിങ്ങളുടെ ശരി അല്ലാതാവുന്നുണ്ടോ? ഞാൻ ഒരു ഫെമിനിസ്റ്റാണ് എന്നവകാശപ്പെടുന്നു, എന്റെ രാഷ്ട്രീയശരികൾ എന്താണ്? അപ്പുറത്ത് നിൽക്കുന്ന ആൾ ഒരു ഇസ്​ലാമിസ്​റ്റാണ്​. അയാളുടെ രാഷ്ട്രീയശരികൾ എന്താണ്? അതിനപ്പുറത്ത് നിൽക്കുന്നയാൾ മറ്റൊരു രാഷ്ട്രീയ സംഹിതയിൽ വിശ്വസിക്കുന്നയാളാണ്, അയാളുടെ രാഷ്ട്രീയശരി എന്താണ്, അപ്പോൾ ഏത് രാഷ്ട്രീയശരിയാണ് ഡോമിനൻറായി വർക്ക് ചെയ്യുന്നത്. അതിന് ഭരിക്കുന്ന രാഷ്ട്രീയവുമായിട്ടോ സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രവുമായിട്ടോ ബന്ധമുണ്ടോ- ഇങ്ങനെയൊക്കെയുള്ള ഒരുപാട് സംഗതികളുണ്ട്. ചില രാഷ്ട്രീയശരികൾ, ശരിയാണ് എന്ന് നാം പൊതുവിൽ വിലയിരുത്തുമ്പോൾ റദ്ദാക്കപ്പെടുന്ന മനുഷ്യരുണ്ടോ, റദ്ദാക്കപ്പെടുന്ന ശരികളുണ്ടോ, റദ്ദാക്കപ്പെടുന്ന ജീവിതങ്ങളുണ്ടോ എന്നീ കാര്യങ്ങൾ ആലോചിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള വൈവിധ്യത്തിൽ വേണം ആ സങ്കൽപ്പത്തെ സൂക്ഷ്മമായ ആലോചനകൾക്ക് വിധേയമാക്കാൻ. അതല്ലാതെ കണ്ണടച്ചുകൊണ്ട് പൊളിറ്റിക്കൽ കറക്ട്നെസ് എന്ന വാക്ക് ഉപയോഗിക്കുന്നതിനകത്ത് ഭയങ്കര പ്രശ്നമുണ്ട്​.

സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ /മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

ഒരു സമയത്ത് അരങ്ങിൽ മാത്രമായിരുന്നു സ്ത്രീകളുടെ സാന്നിധ്യം. അണിയറപ്രവർത്തനങ്ങളി‍ൽ സ്ത്രീസാന്നിധ്യം വളരെ കുറവായിരുന്നു, കുറവായിരുന്നു എന്നല്ല കാണാൻ തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ സ്ഥിതിഗതി മാറിയിട്ടുണ്ട്. വിഗതകുമാരനിൽ അഭിനയിച്ച റോസിക്കുണ്ടായ അവസ്ഥയിലല്ല ഇന്നത്തെ സ്ത്രീകൾ അരങ്ങിൽ നിൽക്കുന്നത്. അവരുടെ ഒരു സാമൂഹ്യാവസ്ഥയിലും നിലനിൽപ്പിലും ഭയങ്കര മാറ്റം സംഭവിച്ചിട്ടുണ്ട്. സിനിമ ഒരു വ്യവസായമായി മാറിയിട്ടുണ്ട്. നേരത്തേ ഒളിച്ചും പാത്തും പതുങ്ങിയും ആണ് സിനിമയിൽ ഇടപെടാൻ ആളുകൾ വന്നിരുന്നതെങ്കിൽ ഇന്ന് സിനിമ മറ്റേതൊരു തൊഴിലും പോലെ അന്തസ്സുള്ള പ്രവർത്തനമെഖലയായി മാറി. വർക്ക് ചെയ്യാൻ പറ്റുന്ന, നിലനിൽപ്പ് സാധ്യമാകുന്ന ഒരിടം എന്ന നിലയിലേക്ക് സിനിമാ മേഖലയുടെ അന്തസ്സ് ഉയർന്നിട്ടുണ്ട്.

സ്ത്രീകൾക്ക് അരക്ഷിതത്വം ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റിടങ്ങളിലും കാണുന്നുണ്ട്. മറ്റിടങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിൽ സിനിമയിൽ അത്തരമൊരു സംവിധാനം കാര്യക്ഷമമായിരുന്നില്ല.

പക്ഷേ ഇപ്പോഴും നിലനിൽക്കുന്ന പ്രശ്നം, അതിനകത്ത് സ്ത്രീകൾ എത്രമാത്രം അന്തസ്സിലേക്ക് വന്നിട്ടുണ്ട്, സ്ത്രീകൾക്കെത്രത്തോളം ആ അന്തസ്സ് ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. അതിനെക്കുറിച്ച് പരിശോധിക്കുമ്പോൾ നമ്മൾ ഒരുപാട് ദൂരമൊന്നും മുന്നോട്ട് സഞ്ചരിച്ചിട്ടില്ല എന്നതാണ് വാസ്തവം. അരങ്ങിലല്ല അണിയറയിൽ പ്രവർത്തിക്കുന്ന കാര്യമാണെങ്കിൽ, സ്ത്രീകൾക്ക് പഴയതിൽ നിന്ന് വ്യത്യസ്തമായി ഒരു സ്പെയ്സ് ഉണ്ടായിട്ടുണ്ട് എന്ന കാര്യം സമ്മതിക്കാതെ വയ്യ. നേരത്തേ നമുക്ക് സിനിമയിൽ പ്രവർത്തിക്കുക, ജോലിചെയ്യുക എന്ന് പറയുന്നത് പേടിയുണ്ടാക്കുന്ന, അരക്ഷിതത്വം ഉണ്ടാക്കുന്ന കാര്യമായിരുന്നെങ്കൽ ഇന്ന് അത്യാവശ്യം ആത്മധൈര്യമുള്ളവർക്ക് ഈ മേഖലയിലേക്ക് വരാം, ഇവിടെയുണ്ടാവുന്ന പ്രശ്നങ്ങളെ നമുക്ക് കൈകാര്യം ചെയ്യാം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്, എന്നൊക്കെതരത്തിലുള്ള ആത്മവിശ്വാസത്തിലേക്ക് എത്താനുള്ള അരങ്ങ് ഒരുക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അപ്പോഴും അത് പൂർണമൊന്നുമല്ല. ഒരു പക്ഷേ സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരും അത്തരം മാറ്റങ്ങൾ സ്വീകരിക്കാൻ തക്ക വിധത്തിലുള്ള മാനസിക വളർച്ചയിലേക്കൊന്നും എത്തപ്പെട്ടിട്ടില്ല. അതൊരു വലിയ പ്രോസസാണ്. അത് പെ​ട്ടെന്ന് സംഭവിക്കുന്ന കാര്യമല്ല. മാറുമറയ്​ക്കാനുള്ള സ്വാതന്ത്ര്യത്തിന് സമരം നടത്തിയിട്ടുള്ള നാടാണ് നമ്മുടേത്. അതൊന്നും വളരെ ചെറിയ ഒരു കാലത്തിനുള്ളിൽ സംഭവിച്ച മാറ്റമല്ല. ആളുകളുടെ മാനസിക വ്യാപാരത്തിലും മാനസിക ഘടനയിലുമൊക്കെ ഉണ്ടാകേണ്ട, ഉണ്ടാക്കിയെടുക്കേണ്ടുന്ന മാറ്റങ്ങൾ വളരെ പ്രധാനമാണ്. അപ്പോൾ അതിനുതകുന്ന രാഷ്ട്രീയപ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും സിനിക്കകത്തും പുറത്തുമായി നടക്കുന്നുണ്ട്. സ്വാഭാവികമായും അതിൻറെ അനുരണനങ്ങൾ സിനിമാപ്രവർത്തകർക്കിടയിലും സിനിമാ വ്യവസായത്തിലും പ്രതിഫലിക്കുന്നുണ്ട് എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്.

ഉദാഹരണത്തിന്, ഫെഫ്ക എന്ന സംഘടനയിലെ മേക്കപ്പ് യൂണിയൻ, സ്ത്രീകൾക്ക് യൂണിയനിൽ പ്രവർത്തിക്കുന്നതിനാവശ്യമായ അംഗത്വ കാർഡ് കൊടുത്തിരുന്നില്ല. അതിന് അവരുടേതായ പഞ്ചൻ വിശദീകരണങ്ങളൊക്കെയുണ്ട്. പക്ഷേ ഒരു സമയത്ത്, ആ പഴഞ്ചൻ വിശദീകരണങ്ങൾ അപ്രസക്തമാണെന്നും അത് മണ്ടത്തരമാണെന്നും നിയമലംഘനമാണെന്നും അവരെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ചുറ്റുമുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്ന സമയത്ത്, അവർക്ക് അതിൽ നിന്ന്​ മാറി നടക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാകുന്ന പക്ഷം, സ്ത്രീകളെ ആശ്ലേഷിക്കാൻ പറ്റുന്ന രീതിയിൽ ഈ മേഖല വികസിക്കും, മാറും എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട് സിനിമയിലുണ്ടാവുന്ന പ്രശ്നങ്ങൾ, അല്ലെങ്കിൽ സ്ത്രീകൾക്ക് അരക്ഷിതത്വം ഉണ്ടാകുന്ന പ്രശ്നങ്ങൾ മറ്റിടങ്ങളിലും കാണുന്നുണ്ട്. മറ്റിടങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിൽ ഇവിടെ അത്തരമൊരു സംവിധാനം കാര്യക്ഷമമായിരുന്നില്ല. അല്ലെങ്കിൽ ഇല്ലായിരുന്നു. അത് ഉണ്ടായിതുടങ്ങുന്ന ഒരു സമയത്ത് കുറച്ചുകൂടി സ്ത്രീകളെ ഉൾക്കൊള്ളാൻ സജ്ജമാകുന്നുണ്ട് എന്ന തരത്തിലാണ് ഞാൻ മനസ്സിലാക്കുന്നത്.

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?

സിനിമ ഡിജിറ്റലായതോടെ ഏവർക്കും സിനിമയെടുക്കൽ സാധ്യമാണ് എന്ന തരത്തിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. സിനിമ സ്വപ്നമായിട്ടുള്ള ഏതൊരാൾക്കും സിനിമയെടുക്കാൻ പറ്റും എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. മുൻപുണ്ടായിരുന്ന തരത്തിലുള്ള ഇൻവെസ്റ്റ്മെൻറുകളും ചെലവുകളുമില്ലാതെ തന്നെ നമുക്ക് സിനിമയിലെത്താൻ പറ്റും. പക്ഷേ മൊബൈൽ വിപ്ലവം സംഭവിച്ചതോടെ സിനിമ നമ്മുടെ അത്രയും കൈപ്പിടിയിലൊതുങ്ങി. ഇപ്പോൾ, അത്യാവശ്യം നല്ലൊരു ഐ ഫോണുണ്ടെങ്കിൽ സിനിമയെടുക്കാൻ പറ്റും. സിനിമ എന്ന മാധ്യമത്തിന്റെ രൂപം തന്നെ മാറി. ആളുകൾ ദിവസവും റീലുകൾ ചെയ്ത് ഇട്ടുകൊണ്ടിരിക്കുകയാണ്. ഞാനൊക്കെ വളരെ കൗതുകത്തോടെ റീലിനെ നോക്കാറുണ്ട്. പുതിയ ആങ്കിളോടെയും, ഷോട്ടിനെ വേറൊരു രീതിയിൽ ഡീകൺസ്ട്രക്ട് ചെയ്​തുമാണ്​അവതരിപ്പിക്കുന്നത്. നമ്മൾ അതിനകത്തുനിന്ന് എടുക്കേണ്ട പാഠങ്ങളുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. ആളുകൾ ബോഡി ഉപയോഗിക്കുന്നത് സംബന്ധിച്ചൊക്കെ പുതിയ പാഠങ്ങളാണ്​ കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമാപ്രവർത്തകരെ സംബന്ധിച്ച്​ കൗതുകകരമായി പഠിക്കേണ്ട ലേണിങ്ങ് ടൂളായിട്ടാണ് പുതിയ കാഴ്ചകളെ കാണുന്നത്.

മലയാളത്തിൽ, മറ്റു ഭാഷകളിലുള്ളതിനേക്കാൾ നല്ല സിനിമകളുണ്ടാകുന്നുണ്ട് എന്നാണ് എനിക്കുതോന്നുന്നത്. ആ സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ വരികയും സ്വീകരിക്കാതെ പോവുകയും ചെയ്യുന്നു എന്നിടത്ത്, മലയാളി പ്രേക്ഷകരുടെ ആസ്വാദനം ഇപ്പോൾ എവിടെ നിൽക്കുന്നു എന്നതിനെ കാര്യമായി വിലയിരുത്തേണ്ടതുണ്ട്

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

കഴിഞ്ഞ പത്ത് വർഷം എന്നുപറയുന്നത് ഒരു പക്ഷേ ഇന്ത്യയിൽ സിനിമയെടുത്തുകൊണ്ടിരിക്കുന്ന എല്ലാഭാഷകളിലും, പ്രത്യേകിച്ച് മലയാളത്തിലും മറാഠിയിലും തമിഴിലും ശക്തമായ സിനിമകളുണ്ടാകുന്നുണ്ട്. എത്രയോ ഉദാഹരണങ്ങൾ പറയാൻ പറ്റും. തമിഴിലൊക്കെ വരുന്ന ചില സിനിമകൾ അമ്പരപ്പിക്കുന്നതും അൽഭുതപ്പെടുത്തുന്നതുമാണ്. മറാഠിയിലുണ്ടായിട്ടുള്ള ഫാൻട്രി, സൈറാത്ത് പോലുള്ള സിനിമകൾ ഉദാഹരണം. എനിക്ക് തോന്നുന്ന ഒരു കാര്യം, മലയാളത്തിൽ ഈ ഭാഷകളെയൊക്കെ അമ്പരപ്പിക്കുന്ന ചിത്രങ്ങളുണ്ടാവുന്നുണ്ട്. പക്ഷേ അത് പ്രേക്ഷകരിലേക്കെത്തുന്നില്ല. മണ്ടേല പോലൊരു സിനിമ മലയാളത്തിലുണ്ടായാൽ അത് എത്രമാത്രം പ്രേക്ഷകരിലേക്കെത്തുന്നു, പ്രേക്ഷകർ അത് എത്രമാത്രം സ്വീകരിക്കുന്നു എന്നിടത്ത് അതൊരു ഭയങ്കര പ്രശ്നം തന്നെയാണ്. നല്ല സിനിമകൾ ഉണ്ടാകുന്നില്ല എന്നതല്ല, നല്ല സിനിമകൾ തന്നെയാണോ പ്രേക്ഷകർ സ്വീകരിക്കുന്നത്, ബോക്സോഫീസിൽ ഹിറ്റാകുന്നത്, വിജയിക്കുന്നത്, വിജയിക്കുന്ന ചിത്രം നല്ലതാണോ, നല്ല ചിത്രം വിജയിക്കുന്നുണ്ടോ, വിജയ ഫോർമുലയെന്താണ്, നല്ല ചിത്രങ്ങളുടെ ഫോർമുലയെന്താണ് തുടങ്ങിയ കാര്യങ്ങൾക്കകത്ത്​ ഭയങ്കര പ്രശ്നമുണ്ട്. അത് ഭയങ്കര പ്രശ്നം തന്നെയാണ്. അപൂർവ്വമായി ചില സിനിമകൾ അതിർവരമ്പ് മുറിച്ചുകളഞ്ഞിട്ടുണ്ടെങ്കിലും ആളുകൾ എന്തുതരം സിനിമകളെയാണ് തിയേറ്ററിൽ വന്ന് കണ്ട് വിജയിപ്പിക്കുന്നത്, അവർ ആഘോഷിക്കുന്നത് എന്തുതരം സിനിമകളെയാണ്, എന്ന തരത്തിൽ അതൊരു പ്രശ്നം തന്നെയാണ്.

മലയാളത്തിൽ, മറ്റു ഭാഷകളിലുള്ളതിനേക്കാൾ നല്ല സിനിമകളുണ്ടാകുന്നുണ്ട് എന്നാണ് എനിക്കുതോന്നുന്നത്. വേറൊരു ശ്രേണിയിൽ നിൽക്കുന്ന സിനിമകൾ മലയാളത്തിൽ അധികം കാണാൻ പറ്റിയിട്ടുണ്ട്. ആ സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ വരികയും സ്വീകരിക്കാതെ പോവുകയും ചെയ്യുന്നു എന്നിടത്ത്, മലയാളി പ്രേക്ഷകരുടെ ആസ്വാദനം ഇപ്പോൾ എവിടെ നിൽക്കുന്നു എന്നതിനെ കാര്യമായി വിലയിരുത്തേണ്ടതുണ്ട്, ഈ ആസ്വാദനം എന്താണ് ആവശ്യപ്പെടുന്നത് എന്നത് സംബന്ധിച്ച്. അത് പ്രശ്നം പിടിച്ച ഏരിയ തന്നെയാണ്. ട്രാൻസ് ജെൻഡർ വിഷയവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളെ മലയാളികൾ എങ്ങനെയാണ് കാണുന്നത്. അത്തരം സിനിമകൾ കൊമേഴ്​സ്യലി ഹിറ്റാകുന്ന അവസ്ഥ ഇപ്പോഴും മലയാളത്തിലില്ല. കാരണം, ഭൂരിപക്ഷം പ്രേക്ഷക സമൂഹവും അത്തരം സിനിമകളോട് മുഖം തിരിക്കുന്ന സമീപനം തന്നെയാണ് പുലർത്തുന്നത്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയാണ് ഇപ്പോഴും വിജയിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ മലയാളിയുടെ ആസ്വാദന ശേഷിയെ ക്രിട്ടിക്കലി കാണുകയും അതിനെ പ്രശ്നവൽക്കരിക്കുകയും വേണമെന്നാണ് തോന്നുന്നത്.

എഴുത്ത് നിരോധിക്കപ്പെടുന്ന കാലത്ത് തീർച്ചയായും സിനിമയും നിരോധിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അപ്പോൾ പുതിയ രൂപങ്ങൾ നമ്മൾ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും.

ഭാഗം രണ്ട്​

സാഹിത്യരൂപങ്ങളുടെ സിനിമാ ആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

ഒരു കാലത്ത് സാഹിത്യരൂപങ്ങളായിരുന്നു സിനിമയ്ക്ക് പ്രചോദനമായിരുന്നതെങ്കിൽ പിന്നീട് അത്​ മാറി സ്വതന്ത്രമായ കഥകളുണ്ടാവുകയും സിനിമക്കുവേണ്ടിയുള്ള കഥകളുണ്ടാവുകയും ആ കഥകളിൽ നിന്ന് തിരക്കഥകൾ രൂപപ്പെടുകയും ചെയ്യുന്ന സമീപനത്തിലേക്ക് എത്രയോ കാലമായി നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഈ അടുത്തകാലത്ത് സാഹിത്യരൂപങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് വന്നിട്ടുണ്ട്. ജി.ആർ. ഇന്ദുഗോപന്റെയും പി.എഫ്. മാത്യൂസിന്റെയും പി.എസ്​. റഫീഖിന്റെയും കഥകളെ മുൻനിർത്തി തിരക്കഥ രൂപപ്പെടുത്തുന്ന ആലോചന വന്നിട്ടുണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷം നൽകുന്നുണ്ട്. കാരണം, ബേസിക്കലി എനിക്ക് വായിക്കാനിഷ്ടമാണ്, നമുക്കിഷ്ടപ്പെട കഥാകാരരുണ്ട്. പലപ്പോഴും അത്തരം കഥകൾ വായിക്കുമ്പോൾ അതൊക്കെ സിനിമയാക്കാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ തോന്നും. എം. മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ സിനിമയായി കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്. മാതൃഭൂമിയിൽ വന്ന കഥയായിരുന്നു അത്. ആ കഥ വായിക്കുമ്പോൾ തന്നെ നമുക്കു തോന്നും, ഇത് രസമായിരിക്കുമല്ലോ സിനിമയായാൽ എന്ന്​. ആ രീതിയൽ ആളുകൾ വീണ്ടും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇതാണ് നല്ലത്, മറ്റേത് മോശം എന്നുഞാൻ വിചാരിക്കുന്നില്ല. പക്ഷേ സാഹിത്യരൂപങ്ങൾക്ക് എല്ലാക്കാലത്തും ശക്തിയുണ്ട്,ഘടനയുടെ കാര്യത്തിലാണെങ്കിലും ആളുകളിലേക്ക് എത്തിപ്പെടുന്ന അവസ്ഥയിലാണെങ്കിലും. കഥാകാരരുണ്ടാക്കുന്ന വായനാപ്രപഞ്ചവും ആസ്വാദന പ്രപഞ്ചവുമുണ്ടല്ലോ. സിനിമയ്ക്ക് ആ സാധ്യത ഉപയോഗിക്കാൻ പറ്റണം എന്നുതന്നെയാണ് ഞാൻ വിചാരിക്കുന്നത്.

​മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും?

മലയാളത്തിൽ എനിക്കിഷ്ടപ്പെട്ട സിനിമകൾ മാറിമാറി വരും. എല്ലാക്കാലത്തേക്കുമായി ഒരു സിനിമ ഇഷ്ടപ്പെട്ടു എന്നുപറയാൻ പറ്റുമോ എന്ന് അറിയില്ല. അഞ്ച് വർഷം മുൻപ് ഞാനിഷ്ടപ്പെട്ട സിനിമ മാറി ഇപ്പോൾ വേറെ സിനിമയായിട്ടുണ്ട്. പക്ഷേ, ഇപ്പോൾ തോന്നുന്നത്, എനിക്ക് ദിലീഷ് പോത്തന്റെ സിനിമകൾ ഇഷ്ടമാണ്, ആഷിക്ക് അബുവിന്റെ ചില സിനിമകൾ ഇഷ്ടമാണ്, ശ്യാം പുഷ്ക്കരന്റെ കഥാകഥന രീതി ഇഷ്ടമാണ്. നായാട്ടിന്റെ എഴുത്തകാരൻ ഷാഫിയുടെ റൈറ്റിങ്ങ് ഇഷ്ടമാണ്. അങ്ങനെ പോവുന്നു.

നായാട്ടിൽ നിന്ന്
നായാട്ടിൽ നിന്ന്

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

സിനിമ നിരോധിക്കപ്പെടുന്ന കാലത്തെക്കുറിച്ച്​ ഇടയ്ക്ക് ഞാൻ വിചാരിച്ചിരുന്നു, അത്​ ഇനി അധികം വിദൂരത്തിലല്ല എന്ന്​. എഴുത്ത് നിരോധിക്കപ്പെടുന്ന കാലത്ത് തീർച്ചയായും സിനിമയും നിരോധിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ അപ്പോൾ പുതിയ രൂപങ്ങൾ നമ്മൾ കണ്ടുപിടിച്ചുകൊണ്ടേയിരിക്കും. ഇരുണ്ട കാലത്ത് പുതിയ സാധ്യതകളെ നമ്മൾ തുറക്കും എന്നുപറയുന്നതുപോലെ. ആത്മപ്രകാശനത്തിനും പ്രതിരോധത്തിനുമായി മനുഷ്യർ പുതിയ സംഗതികൾ ഉണ്ടാക്കുക തന്നെ ചെയ്യും. ഇപ്പോൾ ഇറാനിൽ സിനിമ പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞിടത്താണല്ലോ ജാഫർ പനാഹി അടക്കമുള്ള സംവിധായകർ സിനിമ പിടിക്കുകയും നമ്മളത് കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത്. തീർച്ചയായും അങ്ങനെ ഒരവസ്ഥയുണ്ടെങ്കിൽ നമ്മൾ അതിനപ്പുറത്തേക്കുള്ള ഒരു മാധ്യമത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കും, അല്ലെങ്കിൽ അതിനപ്പുറത്തേക്കുള്ള ഒരാവിഷ്ക്കാരത്തിനുള്ള സാധ്യതയെക്കുറിച്ച്. കാരണം മനുഷ്യന് സ്വയം പ്രകാശിപ്പിക്കാതിരിക്കാൻ പറ്റില്ല. ▮


വിധു വിൻസെന്റ്‌

ചലച്ചിത്ര സംവിധായിക, മാധ്യമപ്രവർത്തക, എഴുത്തുകാരി. മാൻഹോൾ, സ്റ്റാൻഡ് അപ്പ്, വൈറൽ സെബി എന്നീ സിനിമകൾ സംവിധാനം ചെയ്തു. 2016 ൽ മാൻഹോൾഎന്ന സിനിമയിലൂടെ കേരള സർക്കാരിന്റെ മികച്ച സംവിധായകയ്ക്കും മികച്ച ചലച്ചിത്രത്തിനുമുള്ള അവാർഡുകൾ നേടി.

Comments