വീരപ്പൻ, തമിഴ് ദേശീയത, വിടുതലൈ...

നിലനിൽക്കുന്ന സാമൂഹികാവസ്ഥയുടെ പ്രതിനിധികളായ ജനകീയ നേതാക്കൾ, ജനങ്ങളെ ആക്രമിക്കുന്ന അധികാരിവർഗം, അന്വേഷണത്തിന്റെ പേരിലുള്ള പ്രഹസനങ്ങൾ, ആദിവാസികളും മറ്റു സാധാരണ ജനങ്ങളും നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കാതലായ വിഷയങ്ങൾ വെട്രിമാരന്റെ ‘വിടുതലൈ’ എന്ന സിനിമ ചർച്ച ചെയ്യുന്നു​.

മിഴ് സിനിമകളിൽ വിപ്ലവകാരികളായി സാധാരണ കാണാറ്​, ദാരിദ്ര്യത്തിൽ നിന്നും ചൂഷണങ്ങളിൽ നിന്നും ഉയർന്നുവരുന്നവരെയാണ്. ജനങ്ങളെയും അവരുടെ ജീവിതത്തെയും നന്നായി മനസ്സിലാക്കുന്ന പ്ര​മേയങ്ങളും ഭരണകൂടങ്ങൾക്കെതിരായ പോരാട്ടങ്ങളും ചിത്രീകരിക്കുന്ന തിരക്കഥകളാണ് തമിഴ് സിനിമ പൊതുവെ കൈകാര്യം ചെയ്​തുവരുന്നത്​. ഒരു കാലത്ത് സൂപ്പർ ഹീറോകളായിരുന്ന എം.ജി.ആർ, ശിവാജി ഗണേശൻ, മുത്തുരാമൻ, എം. ആർ. രാധ തുടങ്ങിയവർ ‘ഈ ദൗത്യം’ കൃത്യമായി നിറവേറ്റി. തമിഴ് പ്രേക്ഷകരുടെ നെഞ്ചിലെ സൂപ്പർ ഹീറോ എം. ജി. ആർ തന്നെയായിരുന്നു. എം. ജി. രാമചന്ദ്രൻ എങ്ങനെ എം.ജി.ആർ ആയി എന്നത്, സിനിമക്കുപുറത്തെ വലിയ ജനകീയ ചരിത്രം കൂടിയാണ്​. പാവങ്ങളുടെ പടത്തലവനും രക്ഷകനുമായിരുന്ന സിനിമയിലെ എം.ജി.ആർ സംസ്​ഥാനത്തെ വലിയ രാഷ്​ട്രീയ നേതാവായി മാറിയ ചരിത്രം​. അദ്ദേഹത്തിന്റെ പടക്കോട്ടി, റിക്ഷാക്കാരൻ, നാടോടി മന്നൻ, മാട്ടുക്കാര വേലൻ തുടങ്ങിയ സിനിമകൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്​. സമാനമായി ശിവാജി ഗണേശന്റെ വീരപാണ്ടിയ കട്ടപ്പൊമ്മൻ, പരാശക്തി, രാജപാട്ട് രങ്കതുറൈ തുടങ്ങിയ സിനിമകളും തമിഴ് സമൂഹം കൈവരിക്കേണ്ട മാറ്റങ്ങളെ ചൂണ്ടിക്കാണിച്ചു.

1995- നുശേഷം വന്ന മമ്മട്ടിയാൻ, ഇരണിയൻ തുടങ്ങിയ സിനിമകൾ സുപ്രീം ഹിറോയിസം തമിഴ് സമൂഹത്തിന് പരിചയപ്പെടുത്തി. ജാതിയുടെയും സാമ്പത്തികത്തിന്റെയും പേരിൽ ഭരണകൂടവും മറ്റു സംവിധാനങ്ങളും ഒറ്റപ്പെടുത്തപ്പെടുന്ന ഗ്രാമീണ മനുഷ്യരെ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ ഒരു രക്ഷകൻ അനിവാര്യമാണെന്ന് ഈ സിനിമകൾ പറഞ്ഞുവച്ചു.

വിടുതലൈ (പാർട്ട് വൺ) സിനിമയിൽ നിന്ന്

തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽ ജാതി അയിത്തം നിലനിൽക്കുന്നുണ്ട്. പരിയേറും പെരുമാൾ എന്ന സിനിമ കൃത്യമായി ഈ അവസ്ഥ പ്രതിപാദിക്കുമ്പോൾ ജയ് ഭീം, കടലൂർ ജില്ലയിൽ നാടോടികളായി ജീവിച്ചിരുന്ന ഇരുളരുടെ അവസ്ഥ ചൂണ്ടിക്കാട്ടി. ജാതിയുടെ പേരിലുള്ള ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട രാജാകണ്ണന് നീതി കിട്ടാൻ കമ്യൂണിസ്​റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലോടെയും ജസ്റ്റിസ് ചന്ദ്രുവിന്റെ സഹായത്തോടെയും 23 വർഷമായി നിയമപോരാട്ടം തുടരുന്ന പാർവതി അമ്മ എന്ന ആദിവാസി സ്ത്രീയുടെ ജീവിതമാണ് ഈ ചിത്രം പ്ര​മേയമാക്കിയത്. കേസന്വേഷിക്കുമ്പോൾ ഒരു ഘട്ടത്തിൽ പാർവ്വതി അമ്മയുടെ മൂത്ത മകന്റെ ചെവിയടിച്ചു പൊട്ടിച്ചു, അന്നത്തെ തമിഴ്‌നാട് പോലീസ്. ഈ ക്രൂരത ജാതി അയിത്തവും ജാതിമാടമ്പികളുടെ അധികാരപ്രയോഗവുമാണ് തെളിയിച്ചത്​. അന്നത്തെ പോലീസ് അധികാരിയായിരുന്ന വന്നിയർ സമുദായത്തിൽ പെട്ട പോലീസ് ഇൻസ്‌പെക്ടർ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ഇത്തരം ക്രൂരതകൾ അരങ്ങേറിയത്. ഈ സംഭവം ആദിവാസികൾ എന്നും അടിമകളായി തുടരണമെന്ന അവസ്ഥ കൃത്യമായി കാണിക്കുന്നു. എന്നാൽ ഇതിന്റെ തുടർച്ചയാണ് വിടുതലൈ (പാർട്ട് വൺ) എന്ന വെട്രിമാരൻ സിനിമ എന്ന് തീർത്തുപറയാൻ കഴിയില്ല.

വിടുതലൈ, രണ്ട് ചരിത്ര സംഭവങ്ങളെ മുൻനിർത്തുന്നു.

1984- ൽ അരിയലൂർ, കടലൂർ, പെരുമ്പലൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മനുഷ്യാവകാശ സംഘടനയാണ് തമിഴ്‌നാട് വിടുതലൈ ഇയക്കം അഥവാ Tamil Nadu liberation movement. ഇതിന്റെ തലവനായിരുന്നു പെരുമാൾ. ആദിവാസി- ദലിത് സംരക്ഷണം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയായിരുന്നു ഈ സംഘം. 1987-ൽ അരിയല്ലൂർ ജില്ലയിൽ മധുരക്കടുത്ത് നടന്ന ബോംബ് സ്​ഫോടനം യഥാർത്ഥ സംഭവമാണ്. ഈ കേസിന്റെ അന്വേഷണം ഇപ്പോഴും തുടരുന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്​. എങ്കിൽ പോലും സിനിമയിലെ രംഗങ്ങൾ ഭാവനയിലുള്ളതാണ് എന്ന് ആദ്യം തന്നെ വെട്രിമാരൻ എടുത്തുപറയുന്നു. ഈ സിനിമയിലെ ആദ്യ ഭാഗങ്ങൾ ഈ ചരിത്രസംഭവം അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ടതാണ്. ഈ ഭാഗം തമിഴ് ദേശീയതയെ പ്രതിപാദിക്കുന്നു എന്ന വാദവും ഉയർന്നുവരുന്നുണ്ട്​. പിന്നീട് വരുന്ന കഥകളെല്ലാം ധർമപുരി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചന്ദനക്കടത്തുകാരൻ വീരപ്പന്റെ ജീവിത കഥ കൂടിയാണ്.

വീരപ്പനെ പിടിക്കാൻ തമിഴ്‌നാട്- കർണാടക സർക്കാറുകൾ ചേർന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. 14 വർഷം കഴിഞ്ഞിട്ടും അവർക്ക് വീരപ്പനെ പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ പൊലീസ് പാപ്പനൻപ്പെട്ടി ഗ്രാമം വളഞ്ഞു. ആ ഗ്രാമത്തിലുള്ളവരാണ് വീരപ്പനെ സംരക്ഷിക്കുന്നത് എന്ന് സ്‌ക്വാഡ് കണ്ടെത്തുന്നു. വീരപ്പന്റെ കൂട്ടുകാരെയും ബന്ധുക്കളെയും സ്‌പെഷ്യൽ സ്‌ക്വാഡ് ടാർജറ്റ് ചെയ്യുന്നു. ഗ്രാമീണരെ വേട്ടയാടുകയും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നു. ചൂഷണത്തിനിരയായത് മുപ്പതിൽപരം സ്ത്രീകൾ എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എന്നാൽ, നൂറുകണക്കിന് സ്ത്രീകൾ എന്നാണ് ഗ്രാമീണർ പറയുന്നത്. വീരപ്പനെ പിടിക്കാനുള്ള അധികാരം വളരെ ഹീനമായി അവിടത്തെ സാധാരണ മനുഷ്യരുടെ മേൽ പ്രയോഗിക്കുകയായിരുന്നുവെന്ന് നക്കീരൻ ഗോപാൽ എന്ന തമിഴ് മാധ്യമപ്രവർത്തകൻ പറയുന്നു. സിനിമയിലെ രണ്ടാം ഭാഗം കൃത്യമായി ക്രൂരമായ ഈ സ്ത്രീപീഡനം അവതരിപ്പിക്കുന്നു.

വീരപ്പനെ കണ്ടെത്താനും ഇന്റർവ്യൂ എടുക്കാനും സത്യമംഗലം കാട്ടിൽ കയറിയ ആദ്യ ജേണലിസ്റ്റ് ആയ നക്കീരൻ ഗോപാൽ സൺ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വർഷങ്ങൾക്കു മുമ്പേ ഇത് സൂചിപ്പിച്ചിരുന്നു. പിന്നീട് വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി മാധ്യമങ്ങളോട് ഇക്കാര്യം പറയുകയും ചെയ്തു. എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ആ സ്​ത്രീകൾക്ക് ​നീതി ലഭിച്ചില്ല. പലപ്പോഴും വീരപ്പൻ അധികാരികളോട് പറഞ്ഞത്, സ്ത്രീകളെ ആക്രമിക്കരുത്, നമുക്ക് നേരിട്ട് ഏറ്റുമുട്ടാം എന്നാണ്. നക്കീരൻ ഗോപലന് നൽകിയ അഭിമുഖത്തിൽ വീരപ്പൻ ഇങ്ങനെ പറയുന്നുണ്ട്​. വീരപ്പൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് എങ്കിലും വീരപ്പന് ശക്തമായ ജനപിന്തുണ ഉണ്ടായിരുന്നു എന്നും നക്കീരൻ ഗോപാൽ പറയുന്നു. വീരപ്പന്റെ അനിയനായ അർജുനനെയും ഉറ്റ സുഹൃത്തുക്കളേയും പോലീസ് വധിക്കുന്നതോടുകൂടി വീരപ്പൻ പോലീസുമായി നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറാവുന്നു. ഈ കാലഘട്ടത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡിൽ സ്‌പെഷൽ ഇൻസ്‌പെക്ടറായിരുന്ന അശോക് കുമാറാണ് വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന് മുത്തുലക്ഷ്​മിക്കും പാപ്പനപ്പെട്ടി ഗ്രാമത്തിലെ സ്ത്രീകൾക്കെതിരായും ലൈംഗിക ആക്രമണം അഴിച്ചുവിടുന്നത്. ആ സമയത്ത് തമിഴ്‌നാട് എസ്.ബി ആയിരുന്നു റാംബോ ഗോപാലകൃഷ്ണൻ.

1993-ൽ ആക്രമണം സഹിക്കാനാകാതെ വീരപ്പൻ ഗോപാലകൃഷ്ണന് ഒരു മെസ്സേജ് അയക്കുന്നുണ്ട്: ‘ധൈര്യം ഇരുന്താ നേരിൽ വാടാ, പാക്കലാം പൊമ്പളങ്ക കിട്ടെ ഓ വീരത്തക്കാട്ടതെ' എന്നതായിരുന്നു ആ സന്ദേശം. പിന്നീട് റാംബോ ഗോപാലകൃഷ്ണൻ സ്‌പെഷ്യൽ പോലീസുമായി വീരപ്പൻ പറഞ്ഞ കൊള്ളിമല കാട്ടിലേക്ക് ചെല്ലുന്നു. വീരപ്പൻ എറിഞ്ഞ ബോംബ് സ്‌പെഷൽ ഫോഴ്‌സിന്റെ വാൻ തകർത്തു, 22 പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. തലനാരിലക്കാണ്​റാംബോ രക്ഷപ്പെട്ടത്​. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, പാപ്പനംപെട്ടിയിലെ സ്ത്രീകൾക്ക് നേരിടേണ്ടിവന്ന ലൈംഗികാക്രമണ ത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ​മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇതാണ് വിടുതലൈയിലെ പ്രമേയം. ആദ്യ ഭാഗത്ത് മൈനിങ്ങിനെതിരായി പോരാടിയ തമിഴ്‌നാട് വിടുതലൈ ഇയക്കത്തിന്റ തലവൻ പെരുമാളിന്റെ പ്രവർത്തനങ്ങളും രണ്ടാം ഭാഗത്ത് ചന്ദനക്കടത്തുകാരൻ വീരപ്പനെ പിടികൂടുന്നതിന്റെ മറവിൽ പോലീസ് സ്ത്രീകൾക്കെതിരെ നടത്തിയ അതിക്രൂരമായ ആക്രമണങ്ങളും. ഒപ്പം, സ്വാതന്ത്ര്യം ആരിൽ നിന്നും എന്തിൽ നിന്നും എന്ന വലിയ ചോദ്യം കൂടി ഈ സിനിമ മുൻനിർത്തുന്നു.

നിലനിൽക്കുന്ന സാമൂഹികാവസ്ഥയുടെ പ്രതിനിധികളായ ജനകീയ നേതാക്കൾ, ജനങ്ങളെ ആക്രമിക്കുന്ന അധികാരിവർഗം, അന്വേഷണത്തിന്റെ പേരിലുള്ള പ്രഹസനങ്ങൾ, ആദിവാസികളും മറ്റു സാധാരണ ജനങ്ങളും നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ തുടങ്ങി നിരവധി കാതലായ വിഷയങ്ങൾ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്​.


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments