‘‘Never forget that it only takes one political, economic or religious crisis for women's rights to be put in jeopardy. Those rights are never to be taken for granted; you must remain vigilant throughout your life’’.
- ‘The Second Sex’, Simon De Beauvoir
▮
സ്ത്രീകളുടെ അവകാശങ്ങൾ അപകടത്തിലാകാൻ ഒരു രാഷ്ട്രീയ, സാമ്പത്തിക, മത പ്രതിസന്ധി മാത്രമേ ആവശ്യമുള്ളൂ എന്ന കാര്യം മറക്കരുത്. ആ അവകാശങ്ങളെ നിസ്സാരമായി കാണരുത്; ജീവിതകാലം മുഴുവൻ നിങ്ങൾ ജാഗ്രത പാലിക്കണം: 20-ാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് ചിന്തകയായ സിമോൻ ദി ബുവേയുടെ വാക്കുകളാണ്.
സ്ത്രീമുന്നേറ്റങ്ങളുടെ സുവർണ്ണപാതയിൽ കൊത്തി വച്ച ഈ വാക്കുകൾ ധ്വനിപ്പിക്കുന്നതുപോലെ സാമ്പത്തികമോ മതപരമോ ആയ ചെറിയ പ്രതിസന്ധി മതി, ഒരു സ്ത്രീയുടെ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടാൻ. ഒരുപക്ഷെ അങ്ങനെയൊരു ചെറുപ്രതിസന്ധിയാകാം ഒരു സ്ത്രീയെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നത്. ഈ വലിയ ഫെമിനിസ്റ്റ് ആശയം അതിഗംഭീരമായ നിലയിൽ പറയുന്ന സിനിമയാണ് ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ.

പദ്മരാജൻ പുരസ്‌കാരസമർപ്പണചടങ്ങിന്റെ സ്വപ്നതുല്യമായ വേദിയിൽ, എക്സൈറ്റ്മെന്റ് അതിന്റെ ഏറ്റവും ഹൈപ്പിൽ നിൽക്കുമ്പോഴാണ് ഞാൻ ആദ്യമായി ഫാസിലിനെ കാണുന്നതും ഫെമിനിച്ചി ഫാത്തിമ വാരിക്കൂട്ടിയ അവാർഡുകളുടെ നീണ്ട നിര ശ്രദ്ധിക്കുന്നതും. അന്ന് ലാലേട്ടൻ, ടി.കെ. രാജീവ് കുമാർ, ഇന്ദുഗോപൻ തുടങ്ങി സിനിമ -സാഹിത്യ മേഖലയിലെ നിരവധി മഹാരഥന്മാർ നിരന്ന വേദിയിൽ ഏറ്റവും ചർച്ചയായതും ഫാസിലിന്റെ തിരക്കഥയായിരുന്നു.
കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂഷനുള്ളിലെ മൈക്രോ ലെവലിൽ ഫെമിനിസം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സർകാസ്റ്റിക്കലി, അതീവ സൂക്ഷ്മമായി ഈ സിനിമയിൽ പറഞ്ഞിട്ടുണ്ട്. പാട്രിയാർക്കിയൽ വ്യവസ്ഥക്കുള്ളിലായി പുരുഷനു കീഴിൽ ജീവിച്ചു തുടങ്ങുന്ന ഒരു സ്ത്രീ കൃത്യമായ നിലയിൽ അവൾക്ക് ചുറ്റുമുള്ള പരിതസ്ഥിതികളോട് കണ്ടിഷൻ ചെയ്യപ്പെടുകയാണ്. തുടക്കത്തിൽ പറഞ്ഞ സിമോൻ ദി ബുവേയുടെ വാക്കുകളിലെ പോലെ ഒരു പ്രതിസന്ധിയുണ്ടാകുന്നതുവരെ അവൾ തന്റെ അവകാശങ്ങളുടെ പ്രസക്തി അറിയുന്നില്ല. സിനിമയിലെ ഫാത്തിമയും തന്റെ ജീവിതത്തിലേക്ക് ഒരു പ്രതിസന്ധി വരുന്നതു വരെയും അവരുടെ സാമ്പത്തികസ്വാതന്ത്ര്യത്തെ പറ്റിയോ കുടുംബത്തിൽ ഒരു കിടക്കയെ പ്രതിയാണെങ്കിൽ പോലും തീരുമാനമെടുക്കാനുള്ള തന്റെ അവകാശത്തെ പറ്റിയോ തിരിച്ചറിയുന്നില്ല.
ഈ പ്രതിസന്ധിയിൽ നിന്ന് എങ്ങനെയാണ് ഫാത്തിമ തന്റെ സ്വത്വം, കുടുംബത്തിലെ തന്റെ ഇടം എന്നത് കണ്ടെത്തുന്നു എന്നതിലാണ് തിരക്കഥയുടെ ബ്രില്യൻസ് പ്രകടമാകുന്നത്. ഈ ചിത്രവുമായി പരക്കെ താരതമ്യം ചെയ്യപ്പെടുന്ന ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട ശേഷം പലരും ചോദിച്ച മറുചോദ്യമാണ്: “നായികക്കും ആ കിച്ചൻ സിങ്ക് നന്നാക്കിക്കാമായിരുന്നല്ലോ” എന്ന്.
എന്തു കൊണ്ടാണ് സ്ത്രീകൾ പാട്രിയാർക്കിയുടെ മറ്റൊരു ഇരയായ ഭർത്താവ് എന്ന പുരുഷനെയോ ആ സിസ്റ്റത്തെയോ നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്താത്തത്, പകരം എല്ലാ ഫെമിനിസ്റ്റ് സിനിമകളും എന്തിനാണ് ഡിവോഴ്സിലേക്കും കുടുംബം എന്നത് തന്നെ തകർത്ത് പുറത്തു വരുന്നതിലേക്കും നീങ്ങുന്നത് എന്ന്. ഒരു പക്ഷെ മറ്റെല്ലാ ഫെമിനിസ്റ്റ് സിനിമകളിൽ നിന്നും ഈ സിനിമ മാറിനടക്കുന്നത് ഇവിടെയാണ്. കുടുംബം എന്ന ഇൻസ്റ്റിറ്റ്യൂഷനെ അപ്പാടെ തകർത്തെറിയാതെ, അതിനുള്ളിൽ നിന്നുകൊണ്ട് അതിന്റെ ഏറ്റവും സൂക്ഷ്മമായ തലത്തിലേക്ക് സ്ത്രീസ്വാതന്ത്ര്യത്തെ എങ്ങനെയൊക്കെ കടത്തി വിടാം എന്ന് കാണിക്കുന്നതുവഴി വളരെ റിയലിസ്റ്റിക്കായ ഒരു വിപ്ലവാത്മക സ്വഭാവം തിരക്കഥക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സിനിമയുടെ ഏറ്റവും വലിയ കലാമികവായി തിരക്കഥ നിലകൊള്ളുന്നു. കുടുംബത്തിലെ തന്റെതായ ഇടം കണ്ടെത്തി, തന്റെ ഉറക്കം ചരിത്രത്തിൽ എഴുതിച്ചേർക്കുന്ന നായികയിലൂടെ സിനിമ കുടുംബം എന്ന അടിസ്ഥാന യൂണിറ്റിന്റെ തന്നെ സ്ത്രീ കേന്ദ്രീകൃത നവീകരണത്തെ ഉയർത്തി കാണിക്കുന്നു.
ഫിലിം ഫെസ്റ്റിവലുകളിലെ പ്രദർശനവേദികളിൽ ജനശ്രദ്ധപിടിച്ചു പറ്റിയ സിനിമ ഒക്ടോബർ 10 മുതൽക്കാണ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നത്. ദുൽക്കർ സൽമാന്റെ ‘വേ ഫെയറേർസ് മൂവീസാ’ണ് സിനിമയുടെ വിതരണം ഏറ്റടുത്തിരിക്കുന്നത്.
Read More: ‘ഫെമിനിച്ചി ഫാത്തിമ’, IFFK-യിലെ മികച്ച മലയാള ചിത്രം, ജനപ്രിയ സിനിമയും
നിലവിൽ ഇന്ത്യയിൽ ‘fear culture’, ‘government sponsored movies’, ‘propaganda movies’, ‘award favouritism’ ഇങ്ങനെയുള്ള ഫാഷിസ്റ്റ് ഹൈജാക്കിങ് ഏറ്റവുമധികം നടക്കുന്ന കലാരംഗം സിനിമയാണ്. ഇന്ത്യൻ സിനിമ ഏറ്റവും ഗുരുതരമായ ഇരുണ്ട കാലഘട്ടത്തിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. സർക്കാരിന് അഭിമതരായവർക്കുമാത്രം അവാർഡുകൾ നൽകുക, അല്ലാത്തവർക്ക് നേരെ അന്വേഷണങ്ങൾ അഴിച്ചുവിടുക, യാതൊരു ക്വാളിറ്റിയുമില്ലാത്ത സിനിമകൾക്ക് ദേശീയ പുരസ്‌കാരം നൽകുക തുടങ്ങി സിനിമ എന്ന ആർട്ട് നേരിടുന്ന വെല്ലുവിളി ഇന്നത്തെ ഇന്ത്യയിൽ വളരെ വലുതാണ്. കലാപരമായി മികച്ചുനിൽക്കുന്ന സിനിമകൾ തിയേറ്ററുകളിൽ വൻ വിജയമാകേണ്ടത് ഒരു ചെറുത്തുനിൽപ്പ് കൂടിയാവുകയാണിപ്പോൾ. എന്തു കൊണ്ട് ഫെമിനിച്ചി ഫാത്തിമ തിയേറ്ററിൽ പോയി കാണണം എന്നതിനുള്ള ഉത്തരവും ഇതു തന്നെയാണ്. എന്നും എല്ലാ കാലത്തും മലയാളസിനിമ ദേശീയ തലത്തിൽ തലയുയർത്തി നിന്നിട്ടുള്ളത് അതിന്റെ കലാമികവു കൊണ്ടു തന്നെയാണ്. ഫെമിനിസം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ഗംഭീര വിഷയങ്ങളിൽ ആയിരം പ്രബന്ധങ്ങൾ വരുന്നതിലും സ്ഫോടനാത്മകതയുണ്ട് ഈ ഒരൊറ്റ സിനിമയിൽ. നർമ്മ കൊണ്ട് പൊതിഞ്ഞ ഈ സിനിമ കേരളത്തിലെ ഓരോ സ്ത്രീയും എന്തിന് കാണണം എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ:

“ഫാത്തിമയുടെ നിസ്സഹായത സ്വന്തം സ്വത്വം കണ്ടെടുക്കാൻ ശ്രമിക്കുന്ന ഓരോ സ്ത്രീയുടെയും വിങ്ങലാണ്. അരിക്കലത്തിനുള്ളിലും മണിപേഴ്സിലും തുടങ്ങി സേവിങ്സ് അക്കൗണ്ടു വരെ നീളുന്ന തുരുത്തുകളിലായി ഉറുമ്പുശേഖരം കണക്ക് കാശ് ഈട്ടം കൂട്ടുന്ന ഓരോ വീട്ടമ്മയുടെയും കഥയാണ്. അവർ വീടകങ്ങളിൽ നടത്തിയെടുക്കുന്ന ചെറിയ വലിയ വിപ്ലവങ്ങളുടെ നേർകാഴ്ചയാണ്. കലാപരമായി മികച്ചു നിൽക്കുന്ന ചെറിയ സിനിമകൾ തിയേറ്ററുകളിൽ ചെന്ന് കാണുക എന്നതും ഒരു ചെറുത്തുനിൽപ്പാണെന്ന് നാം ഓർക്കേണ്ടതുണ്ട്.’’

