സങ്കടങ്ങൾ നിറഞ്ഞ ലോകത്ത്
ചെറു കിളികളുടെ നേർത്ത ശബ്ദത്തിൽ
സന്തോഷം കണ്ടെത്തുന്ന ഒരേകാകി

2020 ഒക്ടോബറിലെ കണക്ക് പ്രകാരം അഞ്ച് മില്യൺ ആളുകളാണ് ജപ്പാനിൽ ഗൗരവസ്വഭാവമുള്ള മാനസിക പ്രശ്നങ്ങൾക്കു ചികിത്സ തേടുന്നത്. പാൻഡമിക്കിനുശേഷം അതിൽ വലിയ വർദ്ധനവുണ്ടായി. ലോകം മുഴുവൻ സങ്കടം പടരുന്ന കാലത്ത് ഹിരായാമ എന്ന മനുഷ്യന്റെ അതിജീവനശ്രമമാണ് വിം വെൻഡേഴ്സ് സംവിധാനം ചെയ്ത 'പെർഫക്ട് ഡെയ്സ്' എന്ന സിനിമ.

Dragonfly out in the sun, you know what I mean, don't you know?
Butterflies all havin' fun, you know what I mean
Sleep in peace when day is done, that's what I mean
And this old world, is a new world, and a bold world
For me, For me!
- Nina Simone/I Put a Spell on You(1965)
(Lyrics: Anthony Newley & Leslie Bricusse)

ണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ജാപ്പനീസ് ജനത രാജ്യത്തെ പുനർനിർമിക്കുന്നതിന് അധിക സമയം ജോലി ചെയ്യുന്നത് സർവ സാധാരണമായിരുന്നു. അവർ നഗരങ്ങളിലേക്ക് കുടിയേറി. ഭൂചലനവും മറ്റു പ്രകൃതിദുരന്തങ്ങളും തുടർച്ചയായെങ്കിലും ആ നാട്ടിലെ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിൽ ജപ്പാൻ വളർന്നു. എന്നാൽ അടുത്ത കാലത്തായി കണ്ടുവരുന്നത്, ഉയർന്ന ആത്മഹത്യാനിരക്കുള്ള ലോകരാജ്യങ്ങളിൽ ഒന്നായി ജപ്പാൻ മാറുന്നതാണ്. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്, അമിതമായ ജോലിക്രമമാണ് (കറോഷി). 2020 ഒക്ടോബറിലെ കണക്ക് പ്രകാരം അഞ്ച് മില്യൺ ആളുകളാണ് ഗൗരവസ്വഭാവമുള്ള മാനസിക പ്രശ്നങ്ങൾക്കു ചികിത്സ തേടുന്നത്. പാൻഡമിക്കിനുശേഷം അതിൽ വലിയ വർദ്ധനവുണ്ടായി. അങ്ങനെ ലോകം മുഴുവൻ സങ്കടം പടരുന്ന കാലത്ത് ഹിരായാമ എന്ന മനുഷ്യന്റെ അതിജീവനശ്രമമാണ് വിം വെൻഡേഴ്സ് സംവിധാനം ചെയ്ത 'പെർഫക്ട് ഡെയ്സ്' എന്ന സിനിമ.

പെർഫക്ട് ഡെയ്സ് എന്ന സിനിമയിൽ നിന്ന്

‘ടോക്യോ ടോയ്‌ലറ്റിലെ’ ശുചീകരണ തൊഴിലാളിയാണ് ഹിരായാമ എന്ന മധ്യവയസ്കൻ. ലളിതമായും സൂക്ഷ്മമായും ജീവിക്കുന്ന ഏകാകി. അയാളുടെ ജീവിതത്തിലെ രണ്ടാഴ്ചകളാണ് സിനിമ. ഒരാൾ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന തൊഴിൽ സ്വയം തിരഞ്ഞെടുക്കുന്നതും, അത് ചെയ്യാൻ നിർബന്ധിതരാകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് അയാൾ തിരഞ്ഞെടുത്ത ജോലിയാണ്. ജീവിതത്തിലെ മറ്റു കാര്യങ്ങൾ എന്നപോലെ അയാൾ തൻ്റെ ജോലിയും സൂക്ഷ്മതയോടെയാണ് പൂർത്തിയാക്കുന്നത്.

ഹിരായാമ രാവിലെ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെയുള്ള സാധാരണ ജീവിതമാണ് നമ്മൾ കാണുന്നത്. അതിൽ അസാധാരണത്വമുണ്ടുതാനും. ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും അയാൾ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നുണ്ട്, അതിൽ സർവ ചരാചരങ്ങളോടുമുള്ള അനുകമ്പയുണ്ട്, സ്നേഹമുണ്ട്, കവിതയുമുണ്ട്. രാവിലെ വീട്ടിൽ വളർത്തുന്ന ചെടികൾക്ക് വെള്ളമൊഴിച്ച് അയാൾ ആ ചെടികളെ നോക്കി ചിരിക്കുന്നതുകാണാം. വീട്ടിൽ നിന്നിറങ്ങുമ്പോൾ ആകാശത്തേക്കു നോക്കി, നിഴലുകളിലും ഇലപ്പടർപ്പുകളിലും കാറ്റ് വീശുമ്പോഴുള്ള അതിന്റെ നേരിയ ചലനങ്ങളിൽ, അപരിചിതനായ ഒരാളുമായി Tic-tac-toe കളിക്കുന്നതിൽ, വഴിയിൽ നിന്ന് കൈയ്യിൽ കരുതിയിരിക്കുന്ന ചെറു കൂടകളിൽ തൈകൾ ശേഖരിക്കുന്നതിൽ, ഫിലിം ക്യാമറയിൽ ഒരേ മരത്തിന്റെ ചിത്രം പകർത്തുന്നതിൽ, വൃത്തിയാക്കുന്നതിൽ, ചെറു കിളികളുടെ നേർത്ത ശബ്ദത്തിൽ, ഒക്കെ അയാൾ സന്തോഷം കണ്ടെത്തുന്നു. ശാന്തമായൊരു കടലിലേക്ക് നോക്കും പോലെ ധ്യാനാത്മകമാണ് അയാളുടെ ചിരി. അയാൾ ഒരു സമയം ഒരു പുസ്തകമാണ് വാങ്ങുക. അത് വായിച്ചു തീർത്തശേഷമേ മറ്റൊന്ന് വാങ്ങൂ. ലോകത്തിന്റെ വേഗതയിൽ അരികു ചേർന്ന്, താൻ ഇവിടെ ഉണ്ടായിരുന്നെന്നു പോലും ഓർമിപ്പിക്കാതെ കടന്നുപോകുകയാണയാൾ.

വീടോ മനുഷ്യരോ ഇല്ലാത്ത ഒരു വൃദ്ധൻ ഇടക്കിടക്ക് വന്നുപോകുന്നുണ്ട്. അയാളെ കാണുമ്പോൾ ഹിരായാമ അസ്വസ്ഥനാകുന്നതു കാണാം. ഒരു പക്ഷെ ആ വൃദ്ധനെ മറ്റാരും കാണുന്നുണ്ടാവില്ല. ഹിരായാമ ഒരിക്കലും അഭിമുഖീകരിക്കാൻ ഇഷ്ടപ്പെടാത്ത അയാളുടെ പഴയ കാലത്തിൽ നിന്നുള്ള രക്ഷപ്പെടലുമാകാം ഈ ജീവിതം. ഹിരായാമ കാസറ്റ് ടേപ്പിലിടുന്ന പാട്ടുകളിലൊക്കെ വല്ലാത്ത ഏകാന്തതയും ഒറ്റപ്പെടലുമുണ്ട്, നഷ്ടപ്പെട്ട മനുഷ്യരെ കുറിച്ചുള്ള ഓർമകളുണ്ട്. I Put a Spell on You (1965) എന്ന ആൽബത്തിൽ നീന സൈമൺ പാടിയ ‘ഫീലിംഗ് ഗുഡ്’ എന്ന പാട്ടിൽ ഡ്രൈവ് ചെയ്ത് പോകുന്ന ഹിരായമയുടെ ദൃശ്യത്തിലാണ് സിനിമ തീരുന്നത്, അതിലയാളുടെ കണ്ണുകൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഒക്കെ നിറയുന്നത് കാണാം. ആ പാട്ടിനോട് കാണിക്കുന്ന അതേ പാഷൻ തന്നെയാണ് അയാൾക്ക് ജീവിതത്തോടുള്ളത്, അതേ സാന്ദ്രത തന്നെയാണ് ജീവിതത്തിലെ ഓരോ നിമിഷങ്ങളോടും അയാൾ പങ്കുവയ്ക്കുന്നത്.

ശാന്തമായൊരു കടലിലേക്ക് നോക്കും പോലെ ധ്യാനാത്മകമാണ് അയാളുടെ ചിരി.

ശിബുയ എന്ന സ്ഥലത്തെ 17 ഇടങ്ങളിലായി 16 കലാകാരന്മാർ നിർമിച്ച 'ടോക്യോ ടോയ്‌ലെറ്റ്' എന്ന അതിബൃഹത്തായ നിർമാണ സമുച്ചയങ്ങൾ ഡോക്യുമെൻ്റ് ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് വെണ്ടേഴ്സ് പാണ്ടമിക്കിനു ശേഷം ജപ്പാനിലേക്ക് പോകുന്നത്. "ഒരു സ്ഥലത്തെ അടയാളപ്പെടുത്താൻ ഏറ്റവും നല്ല മാധ്യമം ഫിക്ഷൻ" ആണെന്ന് ക്യാൻസ്സിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. സഹ രചയിതാവായ ടാക്കുമ ടകാസാക്കിയുടെ വരവോടെ ഒരു മുഴുനീള സിനിമയിലേക്കും ഹിരായാമയിലേക്കും ഒക്കെ ആ പ്രോജക്ട് രൂപപ്പെടുന്നു.

'പെർഫെക്റ്റ് ഡെയ്സ്' എനിക്ക് ഒസുവിൻ്റെ കുറച്ചു ദിവസത്തെ ഡയറി വായിക്കുന്നതുപോലെയാണ്. കാറ്റ് വീശിയതിനെയും ഇലകളെയും കണ്ടു മുട്ടിയ ആളുകളെയും കേട്ട പാട്ടുകളെയും പറ്റി, കള്ളു കുടിയെ കുറിച്ച്. ഒസു ഓരോ ദിവസത്തെയും അത്ര സൂക്ഷ്മമായി ഡയറിയിൽ എഴുതിയിരുന്നു. ഒന്നും അയാൾ കനമുള്ള ഭാഷയിൽ പകർത്തിയില്ല, എല്ലാം ലളിതമായി പറഞ്ഞുപോയി. വിം വേണ്ടേഴ്‌സിനെ സംബന്ധിച്ച് ജപ്പാനിലേക്കുള്ള ഓരോ യാത്രയും ഒരു തീർത്ഥാടനം പോലെയാണെന്ന് അയാൾ പറയുന്നുണ്ട്. ഒസുവിൻ്റെ സിനിമകളോടുള്ള തൻ്റെ താത്പര്യം വേണ്ടെഴ്സ് പല സ്ഥലത്തും വ്യക്തമാക്കിയിട്ടുള്ളതുമാണ്. ‘ടോക്യോ ഗാ’ എന്ന, 1985-ൽ വിം വെണ്ടെഴ്സ് സംവിധാനം ചെയ്ത ഒസുവിന്റെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള ഡോക്യുമെൻ്ററിയിൽ അയാൾ ഇങ്ങനെ പറയുന്നു:

ടോക്യോ ഗാ ഡോക്യുമെൻ്ററിയുടെ ഷൂട്ടിങ്ങിനിടയിൽ വിം വെണ്ടെഴ്സ്

“ഒസുവിൻ്റെ സിനിമകൾ വീണ്ടും വീണ്ടും ലളിതമായ അതേ കഥ തന്നെ പറഞ്ഞുകൊണ്ടിരുന്നു, അതേ ആളുകളെ കുറിച്ച്, ടോക്യോ എന്ന അതേ പട്ടണത്തെ കുറിച്ച്, പക്ഷേ അതൊന്നും ഒരേ സിനിമ ആയിരുന്നില്ല. ജപ്പാൻ്റെ കഥ പറയുമ്പോഴും അത് ലോകത്തിൻ്റെ കഥയായിരുന്നു. കാലാവർത്തിയായി നിധി പോലെ സൂക്ഷിക്കേണ്ട ഒരു സിനിമാ ശേഖരമുണ്ടെങ്കിൽ എന്നെ സംബന്ധിച്ച് അത് ജാപ്പനീസ് ഡയറക്ടർ യസുജിരോ ഒസുവിൻ്റെ 54 സിനിമകളാണ്.”

ഹിരായാമ എന്ന പേരുപോലും ഒസുവിൻ്റെ ടോക്യോ സ്റ്റോറിയിലെ കേന്ദ്ര കഥാപാത്രമായ വൃദ്ധ ദമ്പതികളുടെയാണ്. വളരെ രസകരമായി മദ്യപിക്കുന്ന, ഒരു സിനിമയുടെ ക്വാളിറ്റി അത് എഴുതുന്ന സമയത്ത് കുടിച്ച മദ്യക്കുപ്പിയുടെ എണ്ണം വെച്ച് തീരുമാനിക്കുന്ന, തികച്ചും ഏകാകിയായ, ജീവിതത്തെ അത്രയേറെ ആസ്വദിച്ച, ലളിതമായും സൂക്ഷ്മമായും ഓരോ ചെറിയ കാര്യങ്ങളോടും - ജീവിതത്തിലും സിനിമയിലും സംവദിച്ച, കല്ലറയിൽ ജീവിതത്തെ 'nothingness' എന്ന് കുറിച്ചിട്ട ഒസുവിനെ ഹിരായമയിൽ ഞാൻ ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടി. ജപ്പാനിൽ വന്ന് ഒരു സിനിമ ചെയ്യുമ്പോൾവെൻഡേഴ്സിന് ഒസു ഇല്ലതെയൊന്നും പറയാനാവുമെന്ന് തോന്നുന്നില്ല. അറിഞ്ഞോ അറിയാതെയോ 'പെർഫെക്റ്റ് ഡെയ്സ്' തന്റെ മാസ്റ്ററിനുള്ള സിനിമാറ്റിക് ട്രൈബ്യൂട്ട് ആണ്.

സംവിധായകൻ വിം വെണ്ടെഴ്സ്

ബിജിപാൽ ശ്രീജാ ശ്യാമിന് കഴിഞ്ഞ വർഷം കൊടുത്ത അഭിമുഖത്തിൽ, അയാൾ എങ്ങനെയാണ് ജീവിതത്തിലുണ്ടായ ആഘാതത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതെന്ന് പറയുന്നുണ്ട്. അയാൾ ഉണ്ടാക്കിയ ഒരു ഡിസൈൻ അതിൽ ഇങ്ങനെ വിശദീകരിക്കാൻ ശ്രമിക്കുകയാണ്. സങ്കടങ്ങളെ ഒഴിവാക്കിയിട്ടൊന്നും നമുക്ക് മുൻപോട്ടു പോകാനാകില്ല. ഒന്നിൽ നിന്നും അങ്ങനെ വിട്ടുപോകുക എന്നതും സാധ്യമല്ല. നമ്മുടെ സങ്കടങ്ങളൊക്കെ സങ്കടങ്ങളായി തന്നെ കൂടെ കാണും. നമ്മൾ മുൻപോട്ടു പോകുക. അല്ലാതൊന്നും നമുക്ക് ചെയ്യാനില്ല. ഹാപ്പിയായി ഇരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.

ഈ സിനിമയും ഒരു ഡിസൈൻ ആണ്, ഇലപ്പടർപ്പുകൾക്കിടയിലൂടെ വെളിച്ചം കാണുന്ന ‘കോമോറെബി’ എന്ന ഡിസൈൻ.

Comments