സെലിൻ സിയാമയുടെ ‘യങ് മദർ’ എന്ന സിനിമയിൽനിന്ന്​

എട്ടു വയസ്സുള്ള
നാല്​ ​പെൺ കണ്ണുകൾ

പ്രശസ്ത ചലച്ചിത്രകാരിയായ സെലിൻ സിയാമയുടെ ഏറ്റവും പുതിയ സിനിമ ‘യങ് മദർ ’ ബാല്യകാല യാഥാർത്ഥ്യങ്ങളാണ്​ പ്രമേയമാക്കുന്നത്​. കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോൾ നിങ്ങൾക്കൊരു കുട്ടിക്കാലമില്ലേ എന്ന യുവകവിയോടുള്ള റിൽക്കേയുടെ ചോദ്യം നമ്മുടെ ഓർമകളിലേക്കു വരുന്നു.

‘‘നിങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടേയില്ല.’’ ‘‘നമ്മൾ അതിനെ കുറിച്ച് എപ്പോഴും സംസാരിക്കുന്നുണ്ട്.’’ ‘‘ഉവ്വ്, പക്ഷേ, അത് ചെറിയ കഥകൾ മാത്രം.’’

‘‘നീ അതെന്താണ് അങ്ങനെ പറഞ്ഞത്.’’ ‘‘നിങ്ങൾക്കു ലഭിച്ചിരുന്ന ക്രിസ്​മസ് സമ്മാനങ്ങൾ, പിസ്സ ഇഷ്ടമായിരുന്ന കാര്യം...അതൊക്കെ എനിക്കറിയാം. എന്നാൽ യഥാർത്ഥ കാര്യങ്ങളെ കുറിച്ച് എനിക്കറിയില്ല.’’ ‘‘യഥാർത്ഥ കാര്യങ്ങൾ എന്നുവച്ചാൽ എന്താണ്? ’’ ‘‘ഉദാഹരണത്തിന്, നിങ്ങൾ പേടിച്ചിരുന്ന കാര്യങ്ങൾ.’’ ‘‘എല്ലാവരേയും പോലെ ഞാൻ പല കാര്യങ്ങളേയും ഭയപ്പെട്ടിരുന്നു.’’ ‘‘ഒരു കാര്യത്തെ കുറിച്ച് എന്നോടു പറയൂ. മറന്നുപോയോ?’’ ‘‘ഇല്ല. മറന്നിട്ടില്ല. (അടുത്തുവന്ന് ചെവിയിൽ പറയുന്നു) എനിക്ക് എന്റെ അച്ഛനെ പേടിയായിരുന്നു.’’

ഒരു അച്ഛനും എട്ടു വയസ്സായ മകളും തമ്മിലുള്ള സംഭാഷണമാണിത്.
മകൾ നെല്ലി സഹാനുഭൂതിയുള്ള ബുദ്ധിമതിയായ പെൺകുട്ടിയാണ്. നെല്ലിയുടെ അമ്മമ്മയുടെ മരണത്തെ തുടർന്ന് പഴയ വീട്ടിലെ വസ്തുക്കൾ എടുക്കാൻ രണ്ടു മൂന്നു ദിവസത്തേക്ക് എത്തുകയാണ് അവർ. വീടിനു പിന്നിലെ നാലു മരങ്ങൾക്കിടയിൽ അമ്മ ബാല്യത്തിൽ കുടിൽ കെട്ടി കളിച്ചിരുന്നതിനെ കുറിച്ച് അവൾക്കറിയാം. അമ്മ അവളോട് അതു പറഞ്ഞിട്ടുണ്ട്. അമ്മമ്മ സൂക്ഷിച്ചുവച്ച അമ്മയുടെ പഴയ പുസ്തകങ്ങളും കുട്ടിക്കാലത്തു വരച്ച ചിത്രങ്ങളും അവൾ കാണുന്നുണ്ട്. അമ്മയോടൊപ്പം ആ പുസ്തകങ്ങൾ അവൾ മറിച്ചു നോക്കുകയും വായിക്കുകയും ചെയ്യുന്നു. അമ്മ ബാല്യത്തിൽ വരച്ച ചിത്രങ്ങൾ നോക്കി നിങ്ങൾ നന്നായി വരയ്ക്കുമായിരുന്നുവെന്ന് നെല്ലി പറയുന്നു. ആ പുകവലിക്കുന്ന കുറുക്കനെ നോക്കൂ, നന്നായി വരച്ചിട്ടുണ്ട്.

സെലിൻ സിയാമ

പ്രശസ്ത ചലച്ചിത്രകാരിയായ സെലിൻ സിയാമ ആവിഷ്‌ക്കരിച്ച ബാല്യകാല യാഥാർത്ഥ്യത്തെ കുറിച്ചുള്ള ചലച്ചിത്രത്തിലാണ് നെല്ലി എന്ന എട്ടു വയസ്സുകാരി പ്രത്യക്ഷപ്പെടുന്നത്. അവളുടെ കണ്ണിൽ ബാല്യകാലത്തിലെ മുഴുവൻ ആകാംക്ഷകളും നിറഞ്ഞുനിൽക്കുന്നു. മാതാപിതാക്കളുടെ ബാല്യം എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷകൾ അവൾ പ്രകടിപ്പിക്കുന്നു. അവളുടെ ജിജ്​ഞാസയുടെ ഭാഗമായിരിക്കുമ്പോഴും കുട്ടിക്കാലത്തെ കുറിച്ച് അച്ഛനോടുള്ള ചോദ്യങ്ങളേക്കാൾ അമ്മയുടെ ബാല്യം അവളെ അത്യധികമായി സ്വാധീനിക്കുന്നതിനെ കുറിച്ചാണ് യങ് മദർ (പെറ്റിറ്റ് മാമൻ- Petite Maman) എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. കവിത പോലുള്ള ഈ ചലച്ചിത്രം കാണുമ്പോൾ നിങ്ങൾക്കൊരു കുട്ടിക്കാലമില്ലേ എന്ന യുവകവിയോടുള്ള റിൽക്കേയുടെ ചോദ്യം നമ്മുടെ ഓർമ്മകളിലേയ്ക്കു വരുന്നു. എത്ര മഹത്തായ കവിതകൾ ബാല്യത്തിന്റെ സ്മരണയിൽ രചിക്കപ്പെട്ടു കൂടാ. എന്നാൽ, ഏതു കവിതയേക്കാളും മനോഹരമായി ബാല്യകാലം നിലകൊള്ളുന്നു, ഒരിക്കലും പൂർണമായും ആവിഷ്‌ക്കരിക്കപ്പെടാത്ത കവിതയായി. ചലച്ചിത്രത്തെ ദൃശ്യത്തിലെ കവിതയോ കവിതയെ ചലച്ചിത്രമോ ആക്കി മാറ്റുന്ന പ്രവർത്തനമാണ് ചലച്ചിത്രകാരിയായ സെലിൻ സിയാമ നിർവ്വഹിച്ചിരിക്കുന്നത്. ലളിതവും മനോഹരവുമായ ചലച്ചിത്രം.

അമ്മ ബാല്യകാലം കഴിച്ച വീട്ടിലാണ് അവർ എത്തിയിരിക്കുന്നത്. രാത്രി അമ്മയോടൊപ്പം കിടക്കുമ്പോൾ തന്റെ ദുഃഖം അവൾ പറയുന്നുണ്ട്. അമ്മമ്മയ്ക്ക് ശരിയായ രീതിയിൽ അവസാനത്തെ ഗുഡ്‌ബൈ പറയാൻ കഴിയാത്തതിൽ നെല്ലി ഖേദിക്കുന്നു. അടുത്ത ദിവസം നേരം പുലരുമ്പോൾ അമ്മ വീട്ടിലില്ല. നെല്ലിയുടെ അമ്മയ്ക്ക് പുലർച്ചെ തന്നെ പോകേണ്ടിയിരുന്നുവെന്ന് അച്ഛൻ അവളോട് പറയുന്നുണ്ട്. പിന്നെ, നെല്ലി ആ വീടിനു പുറത്തേക്കിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ വിടരുന്നു. ഒരു അത്ഭുതലോകത്തിലേക്കാണ് അവൾ ഇറങ്ങിച്ചെല്ലുന്നത്. ചതുരാകൃതിയിൽ നിൽക്കുന്ന നാലു മരങ്ങൾക്കു ചുറ്റും വൃക്ഷശിഖരങ്ങൾ കൊണ്ട് കുടിൽ കെട്ടുന്ന മറിയോൺ എന്ന പെൺകുട്ടിയെ അവൾ കാണുന്നു. അവൾ നെല്ലിയെ പോലെ തന്നെ. അതേ പ്രായം. അവർ കൂട്ടുകാരാകുന്നു. മഴ വരുമ്പോൾ മറിയോണിന്റെ വീട്ടിലേക്ക് അവർ ഓടിക്കയറുന്നു. നെല്ലിയുടെ അമ്മയുടേതു പോലുള്ള വീടാണത്, അതേ വീടാണത്.

ഏകാന്തതയുടേയും കൂടിച്ചേരലിന്റെയും ഇടയിലെ പ്രശാന്തമായ വഴുതലുകളെ ചലച്ചിത്രകാരി സവിശേഷ ചാതുരിയോടെ ആവിഷ്‌കരിക്കുന്നു.

മറിയോണിന്റെ കാലിന് ഒരു ശസ്ത്രക്രിയ വേണം. തൊട്ടടുത്ത ദിവസം അതിന്നായി ആശുപത്രിയിലേക്കു പോകണം. ആ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ മറിയോണിന്റെ അമ്മയെ പോലെ തന്നെ അവളുടെ കാലിനും മുടന്തു വരും. ഈ കുട്ടികൾ സ്വയം പാചകം ചെയ്യുന്നതിന്റെയും മറിയോണിന്റെ അമ്മ അവർക്കു ഭക്ഷണം നൽകുന്നതിന്റെയും അവർ ഒരുമിച്ചിരുന്നു കളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചലച്ചിത്രകാരി ഒരുക്കിയിട്ടുണ്ട്. മറിയോൺ ആശുപത്രിയിലേക്ക്​ പോകുന്നതിനു മുന്നേയുള്ള രാത്രിയിൽ നെല്ലി കൂട്ടുകാരിയോടൊപ്പം അവളുടെ വീട്ടിലാണ് ഉറങ്ങുന്നത്. അവൾ മറിയോണിനേയും അമ്മയേയും ആശുപത്രിയിലേയ്ക്കു പോകാൻ യാത്രയാക്കുന്നു. മടങ്ങി വീട്ടിലെത്തുന്ന നെല്ലി അമ്മ മടങ്ങി വന്നതായി കാണുന്നു. അവൾ അമ്മയെ മരിയോനെന്ന പേരു ചൊല്ലി വിളിക്കുന്നു. നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുകയോ സമയയാത്ര നടത്തുകയോ ചെയ്യുകയായിരുന്നുവെന്ന് നമുക്കു തോന്നുന്നു.

നെല്ലി പ്രസന്നയും തുറന്ന മനസ്സുള്ളവളുമാണ്. ഇത് അവളുടെ ആത്മാർത്ഥതയെ കാണിക്കുന്നു. ആ ബാലികയുടെ മുഖഭാവത്തിലും വാക്കുകളിലും പ്രവൃത്തികളിലും വ്യസനം നിറഞ്ഞു നിൽക്കുന്നുണ്ട്. അത് ചലച്ചിത്രത്തിലെ മിക്കവാറും ദൃശ്യങ്ങളിലേക്കും വ്യാപിച്ചുനിൽക്കുന്നു. അമ്മമ്മ വേർപിരിഞ്ഞതിന്റെ ദുഃഖം അവളെ വല്ലാതെ ബാധിച്ചിരിക്കുന്നു. അമ്മമ്മയോട് ശരിയായ രീതിയിൽ ഗുഡ്‌ബൈ പറയാൻ കഴിയാത്തതിൽ തനിക്കുള്ള ദുഃഖം അമ്മയോടു പങ്കിടുന്ന ദൃശ്യം അവളുടെ വ്യസനത്തിന്റെ ആഴം എടുത്തു കാണിക്കുന്നുണ്ട്. അമ്മമ്മയുടെ വീടിന്റെ ഓരോ കോണിലും വീടിന്റെ ചുറ്റുമുള്ള വൃക്ഷക്കൂട്ടങ്ങൾക്കിടയിലും; അത് ഒരു ചെറിയ വനമാണ്, തന്റെ അമ്മയുടെ അമ്മമ്മയോടൊപ്പമുള്ള ബാല്യത്തെ തിരയുന്ന ബാലികയാണ് പിന്നീട് ഭൂതകാലത്തിലേക്ക് ഭാവനയിലൂടെ സഞ്ചരിക്കുന്നതും അമ്മ മറിയോണിനെ തന്നെപ്പോലുള്ള ഒരു ബാലികയായി കണ്ടുമുട്ടുന്നതും. ബാലികയുടെ രൂപത്തിൽ നെല്ലിയുടെ അടുത്തെത്തുന്ന അമ്മ അവർക്കിടയിലെ എല്ലാ ഭേദങ്ങളേയും ഇല്ലാതാക്കുകയും ഒരേ രീതിയിൽ സംസാരിക്കുകയും ഒരേ കളികളിൽ മുഴുകുകയും ചെയ്യുന്നു. ആ ബാലികമാർ തുടർച്ചയായി മുതിർന്നവരെ പോലെ പെരുമാറുന്നതിനു ശ്രമിക്കുന്നതു കാണാം, അവർ മുതിർന്നവരെ അനുകരിക്കുന്നു. മഴയിൽ നിന്നും കയറി മുറിയിലെത്തുന്നവർ അലമാരിയിൽ നിന്ന്​ കൈലേസെടുത്തു തല തോർത്തുന്ന ദൃശ്യത്തിൽ ഇതു നമുക്കു ശരിക്കും അനുഭവിക്കാൻ കഴിയും. അവർ പൂർണമായും മുതിർന്നവരെ പോലെ പെരുമാറുന്നു, എന്നാൽ അവരുടെ തിരുമ്മലിൽ തലയിൽ നിന്നും വെള്ളം പോകുന്നില്ല.

മുതിർന്നവരുടെ പ്രവൃത്തികളിൽ അവർ എത്രമാത്രം മുഴുകിയിട്ടുണ്ടെന്നും എന്നിട്ടും അവർ അതു മുഴുവനായി പഠിച്ചിട്ടില്ലെന്നും നമുക്കു തോന്നുന്നു. മരിച്ചുപോയ അമ്മമ്മ കുഞ്ഞുമരിയോണിന്റെ അമ്മയായി നെല്ലിയുടെ മുന്നിലെത്തുന്നത് അവളുടെ വ്യസനത്തിന്റെ പരിണിതഫലം കൂടിയാകണം. ഏകാന്തതയുടേയും കൂടിച്ചേരലിന്റെയും ഇടയിലെ പ്രശാന്തമായ വഴുതലുകളെ ചലച്ചിത്രകാരി സവിശേഷ ചാതുരിയോടെ ആവിഷ്‌കരിക്കുന്നു. അഗ്​നിയിലകപ്പെട്ട സ്ത്രീയുടെ ഛായാചിത്രം എന്ന തന്റെ മുൻ ചലച്ചിത്രത്തെ ഒരു പരോക്ഷ ​പ്രേതകഥയായി നമ്മുടെ ചലച്ചിത്രകാരി മാറ്റിത്തീർത്തതു പോലെ ഈ ചലച്ചിത്രത്തിലും നെല്ലിയുടെ അമ്മയുടെ ആത്​മാവിനെ ഒരു പെൺകുട്ടിയുടെ രൂപത്തിൽ അവതരിപ്പിക്കുകയാണെന്നു പറയണം.

സെലിൻ സിയാമ ഒരു ഫെമിനിസ്റ്റാണ്. അവർ ഒരു ലെസ്ബിയനാണ്. സ്ത്രീകളുടെ വൈകാരികലോകം സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയവുമാണ്. സ്ത്രീകൾ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാൻ സെലിൻ സിയാമ ഉത്സുകയാണ്.

നെല്ലി തന്റെ അമ്മയുടെ ബാല്യത്തിലേക്കു നടത്തുന്ന ഭാവനയിലെ യാത്രയെ ചലച്ചിത്രീകരിക്കുന്ന സെലിൻ സിയാമ ബാലികാമനസ്സുകളിലൂടെ സഞ്ചരിക്കുകയും നമ്മളെ അവരോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. സെലിൻ സിയാമ ഒരു ഫെമിനിസ്റ്റാണ്. അവർ ഒരു ലെസ്ബിയനാണ്. സ്ത്രീകളുടെ വൈകാരികലോകം സിയാമയുടെ ചലച്ചിത്രങ്ങളുടെ പ്രധാനപ്രമേയവുമാണ്. സ്ത്രീകൾ കൂടിച്ചേരുന്ന ഇടങ്ങളെ സൃഷ്ടിക്കാൻ സെലിൻ സിയാമ ഉത്സുകയാണ്. ഈ ചലച്ചിത്രത്തിൽ എട്ടു വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ നിഷ്‌ക്കളങ്കമായ കണ്ണുകളിലൂടെ അവർ ലോകത്തെ കാണിച്ചു തരുന്നു. തലമുറകൾക്കിടയിലെ സൂക്ഷ്മവും മോഹനവുമായ സംഭാഷണമായി ഇത് നമുക്ക് അനുഭവപ്പെടുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments