പശ്ചാത്തല സംഗീതത്തിന്റെ ജോൺസൺ

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ജോൺസൺ വിട പറഞ്ഞിട്ട് ഇന്ന് 13 വർഷം തികയുന്നു.

രു സിനിമാരംഗത്തിന് അതിന്റേതായ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ പശ്ചാത്തലസംഗീതം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അത്തരത്തിൽ പശ്ചാത്തല സംഗീതം കൊണ്ട് മലയാള സിനിമയിൽ മായാജാലം കാണിച്ച അതുല്യ പ്രതിഭയാണ് ജോൺസൺ.

ഭരതന്റെ 'ആരവം' എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് സ്വതന്ത്ര സംഗീത സംവിധായകൻ എന്ന നിലയിൽ, ജോൺസൺ സിനിമാലോകത്ത് സാന്നിധ്യമറിയിക്കുന്നത്. തുടർന്ന് ഭരതന്റെ തന്നെ തകരയ്ക്കും, ചാമരത്തിനും പശ്ചാത്തല സംഗീതമൊരുക്കി. എൺപതുകളിലെയും തൊണ്ണൂറുകളുടെ തുടക്കത്തിലെയും ഒട്ടുമിക്ക നൊസ്റ്റാൾജിക് സിനിമകളുടെയും ബി ജി എം സ്കോർ ചിട്ടപ്പെടുത്തിയത് ജോൺസനാണ്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ

പ്രണയം, വാത്സല്യം, പക, പ്രതികാരം, ദേഷ്യം, വിരഹം, ദുഃഖം എന്നിങ്ങനെ മനുഷ്യന്റെ എല്ലാവിധ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ബി ജി എം സ്കോറുകൾ ജോൺസൺ ഒരുക്കി. ഭരതന്റെയും പത്മരാജന്റെയും ഒട്ടുമിക്ക സിനിമകളെയും ക്ലാസിക് നിലവാരത്തിലേക്ക് ഉയർത്തിയതിൽ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. ഇവർക്കുപുറമെ ടി. വി ചന്ദ്രൻ, ആർ. സുകുമാരൻ, മോഹൻ, ഹരികുമാർ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ, പ്രിയദർശൻ, ബാലചന്ദ്രമേനോൻ, ഫാസിൽ തുടങ്ങി അക്കാലത്തെ ഒട്ടുമിക്ക സംവിധായകരുടെയും പല സിനിമകൾക്കും പശ്ചാത്തലസംഗീതം ഒരുക്കിയത് ജോൺസനായിരുന്നു.

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജോൺസന്റെ സംഗീതത്തിലും, ബി ജി എം സ്കോറുകളിലും എല്ലാ ടൈപ്പ് മ്യൂസിക് ഴോണറുകളും കടന്നുവന്നിരുന്നു. ക്ലാസിക്, സെമി ക്ലാസിക്, ഫോക്ക്, വെസ്റ്റേൺ എന്നിങ്ങനെയെല്ലാം.

"നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന പത്മരാജൻ സിനിമയിൽ, സോളമൻ തന്റെ പ്രണയം സോഫിയയോട് പറയുന്ന രംഗത്ത് വരുന്ന പശ്ചാത്തല സംഗീതമില്ലെങ്കിൽ അവരുടെ പ്രണയം ഇത്രയേറെ ആഴത്തിൽ നമുക്ക് അനുഭവപ്പെടുമായിരുന്നോ? മൈസൂരിലെ കാറ്റുപോലും ആ സിനിമയിലെ ബി ജി എം സ്കോറിലൂടെ അവരുടെ പ്രണയവും പേറി നമ്മിലേക്ക് വീശി.

തൂവാനത്തുമ്പികൾ
തൂവാനത്തുമ്പികൾ

അതുപോലെതന്നെ പ്രണയത്തിന്റെ തീവ്രത വിളിച്ചോതുന്ന ബി ജി എം സ്കോറാണ് 'ക്ലാര', ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് മഴയുടെ അകമ്പടിയോടെ കടന്നുവരുന്നതായുള്ളത്. "തൂവാനത്തുമ്പികൾ" എന്ന പത്മരാജൻ സിനിമയിൽ ജയകൃഷ്ണന്റെ രണ്ട് പ്രണയവും രണ്ട് തലങ്ങളിലുള്ളവയാണ്. ആ ഒരു വ്യത്യാസം നമ്മിലേക്ക് പകർന്നു തരാനും ജോൺസന്റെ ബി ജി എമ്മിനായി. ക്ലൈമാക്സിൽ റെയിൽവെ സ്റ്റേഷനിലെ രംഗത്ത് ക്ലാരയെ അവസാനമായി കാണുന്ന ജയകൃഷ്ണന്റെ പ്രണയം ക്ലാരയിൽ നിന്ന് ഒരു ട്രെയിൻ സൈറനോടുകൂടി രാധയിലേക്ക് മാറുകയാണ്. ആ സമയത്തെ ബി ജി എം ട്രാൻസിഷൻ എക്കാലത്തും എടുത്തുപറയത്തക്ക വിധം ക്ലാസിക്കാണ്.

ഭരതൻ സംവിധാനം ചെയ്ത "ചാട്ട" എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതം ഏറെ ശ്രദ്ധേയമാണ്. വടക്കാഞ്ചേരിയിൽ നിന്നും കൊമ്പും, കുഴലുമൊക്കെ വായിക്കുന്ന നാടൻ കലാകാരന്മാരെ ഭരതൻ ഇതിനുവേണ്ടി ജോൺസന്റെ അടുത്ത് കൊണ്ടുവന്നിരുന്നു. ഭരതന്റെ നിർബന്ധപ്രകാരം അവരെക്കൂടി ഉൾപ്പെടുത്തി ഓർക്കിസ്ട്ര മിക്സ് ചെയ്താണ് ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയതെന്ന് ജോൺസൺ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

കരിയിലക്കാറ്റുപോലെ
കരിയിലക്കാറ്റുപോലെ

"കരിയിലക്കാറ്റുപോലെ" എന്ന സിനിമയിൽ എഴുത്തുകാരനായ ഹരികൃഷ്ണനെ കാണാൻ, വിവാഹപൂർവ്വ ബന്ധത്തിൽ അദ്ദേഹത്തിനുണ്ടായ മകൾ ശില്പ, ഒരു ആരാധികയായി അയാളുടെ പിറന്നാളിന് സമ്മാനവുമായി വരുന്ന രംഗത്ത് ഒരു രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ബി ജി എം സ്കോറുണ്ട്. ഒരു പിതാവിന് മകളോടുള്ള വാത്സല്യം മമ്മൂട്ടിയുടെ അഭിനയത്തിലൂടെയും ആ ബി ജി എം സ്കോറിലൂടെയും മനസ്സിലിടം നേടി. അതേപോലെ തന്നെയാണ് അമരം എന്ന സിനിമയിലെ അച്ഛൻ - മകൾ രംഗങ്ങൾക്ക് അകമ്പടിയായി വരുന്ന ബി ജി എം സ്‌കോറുകളും.

"സദയം" എന്ന ചിത്രത്തിൽ, സത്യനാഥന് മരണവാറണ്ട് വരുന്നത് മുതൽ ഒരു സ്കോറുണ്ട് . കൗണ്ട് ഡൗണിനെ അനുസ്മരിപ്പിക്കും വിധം ഒരു ക്ലോക്കിന്റെ ടിക് ടിക് ശബ്ദം. ഏറ്റവും സെൻസിബിളായി ശബ്ദവും നിശബ്ദതയും ഉപയോഗപ്പെടുത്തുക എന്നത് ഒരുപക്ഷെ ജോൺസന് മാത്രം സാധ്യമാവുന്ന ഒന്നാണ്. ഒരു വെസ്റ്റേൺ കൗബോയ് ടൈപ്പ് ബി ജി എമ്മിനൊപ്പം തന്നെ നിശബ്ദതയും ഇടകലർത്തി "താഴ്‌വാരം" എന്ന എം. ടി - ഭരതൻ കോമ്പോ ക്ലാസിക്കിനെ ജോൺസൺ മറ്റൊരു തരത്തിലേക്കുയർത്തി.

സദയം
സദയം

വീണകൊണ്ട് ഹൊറർ മൂഡ് ക്രിയേറ്റ് ചെയ്യുക എന്നത് നിസ്സാരകാര്യമല്ല. മണിച്ചിത്രത്താഴിലെ ബി ജി എം മലയാളികൾക്ക് കാണാപ്പാഠമായിരിക്കും. നാഗവല്ലിയെ കാണിക്കാതെ തന്നെ വെറും ബി ജി എം കൊണ്ട് മാത്രം കാണികളെ ഭയപ്പെടുത്താൻ ജോൺസന് സാധിച്ചു.

"ഭൂതക്കണ്ണാടി" എന്ന ലോഹിതദാസ് സിനിമയിൽ, വിദ്യാധരന്റെ ഭാവനാലോകത്ത് കാണുന്ന കാഴ്ച്ചകൾക്ക് അകമ്പടിയായി വരുന്ന ബി ജി എം സ്കോർ എടുത്തുപറയേണ്ടതാണ്. പത്മരാജന്റെ "അപരൻ" എന്ന സിനിമയിലെ ക്ലൈമാക്സിൽ നായകനാണോ അതോ അപരനാണോ കൊല്ലപ്പെട്ടത് എന്ന കൺഫ്യൂഷൻ നിലനിൽക്കാനും ജോൺസന്റെ പശ്ചാത്തല സംഗീതം ഒരു കാരണമാണ്.

"പൊന്തൻമാട’’യിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാർഡ് ആദ്യമായി മലയാളത്തിലേക്കെത്തിച്ച ജോൺസൺ അതിനെ തുടർന്നുള്ള വർഷവും ആ അവാർഡിനർഹനായി. "സുകൃതം" എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിലൂടെയാണ് അദ്ദേഹം ആ നേട്ടത്തിനർഹനായത്. കാൻസറിനെ പൊരുതിത്തോൽപ്പിച്ചിട്ടും ജീവിതത്തിൽ തോറ്റുപോയ രവിശങ്കർ, സിനിമയുടെ ക്ലൈമാക്സിൽ റെയിൽപ്പാളത്തിലൂടെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ റെയിൽവേ ടണലിനുള്ളിലേക്ക് നടന്നകലുന്ന രംഗത്ത് പിന്നണിയിൽ വരുന്ന സ്കോർ മനസ്സിലൊരു നോവുന്നർത്തും.

ബി ജി എം ഇൻസ്ട്രുമെന്റൽ സ്കോർ പോലെത്തന്നെ എടുത്തു പറയേണ്ടതാണ് ജോൺസൺ സംഗീതം നൽകിയ ഹമ്മിങ് ബി ജി എം സ്കോറുകൾ. ചിത്രം, കേളി, വന്ദനം, താളവട്ടം, അമരം എന്നിങ്ങനെ പല സിനിമകളിലെയും ബി ജി എമ്മിലെ ഹമ്മിങ്ങുകൾ ശ്രദ്ധേയമായി.

സാക്ഷാൽ ദേവരാജൻ മാഷിന്റെ ശിഷ്യനായി സിനിമാജീവിതം ആരംഭിച്ച ജോൺസൺ, ദേവരാജന് ശേഷം ഏറ്റവും അധികം സിനിമകൾക്ക് സംഗീതം നൽകി എന്ന ബഹുമതിയും നേടി. ഒട്ടുമിക്ക വാദ്യോപകരണങ്ങളും സ്വപ്രയത്നത്താൽ പഠിച്ചെടുത്ത ജോൺസൺ, തന്റെ മ്യൂസിക്ക് വർക്കുകളിൽ വയലിന് ഒരല്പം പ്രാധാന്യം അധികം നൽകി. "ഓർമ്മയ്ക്കായി" എന്ന സിനിമയിൽ മാധവിയുടെ ട്രാൻസിഷൻ കാണിക്കുന്ന രംഗത്തൊക്കെ വയലിൻ കൊണ്ടുള്ള മാജിക്കാണ്.

ഒരേസമയം പാട്ടുകൾ കൊണ്ടും പശ്ചാത്തല സംഗീതം കൊണ്ടും മലയാളിയെ ഇത്രയേറെ വിസ്മയിപ്പിച്ച മറ്റൊരു സംഗീത സംവിധായകൻ വേറെയില്ല. മലയാള സിനിമാ പശ്ചാത്തല സംഗീതത്തെ, ' ജോൺസന് മുൻപും ജോൺസന് ശേഷവും' എന്നു മാത്രമേ ഇന്നും വിശേഷിപ്പിക്കാൻ സാധിക്കൂ.

Comments