രശ്​മി സതീഷ്​

ലൈവ്​ ഷോകളിൽനിന്ന്​ എന്നിലേക്ക്​
പ്രവഹിക്കുന്ന ഊർജം, അത്​ നഷ്​ടമായ ഒരു കാലം

മ്യുസിഷൻ എന്ന നിലക്ക് ലൈവ് ഷോ ചെയ്യാനാഗ്രഹിക്കുന്നൊരാളാണ് ഞാൻ. അത്തരം ഷോകളിൽനിന്ന്​ എന്നിലേക്ക്​ പ്രവഹിക്കുന്ന ഊർജ്ജം, കഴിഞ്ഞ മൂന്നുവർഷം വല്ലാതെ മിസ്​ ചെയ്​തിരുന്നു. അതില്ലാതെ ഞാൻ ശരിക്കും സ്​ട്രഗ്​ൾ ചെയ്​തു.

കോവിഡിനുമുമ്പും ശേഷവും എന്ന ഒരു വിഭജനം ജീവിതത്തിലുണ്ടായ കാലമാണിത്​- ഒരു സാധാരണ മനുഷ്യനെന്ന നിലയ്​ക്കും മ്യുസിഷനെന്ന നിലയ്​ക്കും ഒരു സമൂഹ ജീവിയെന്ന നിലയ്​ക്കും. പക്ഷേ, അങ്ങനെ മാത്രമായിട്ടും കാണുന്നില്ല. എവിഡൻറ്​ ആയ ഒരു സെപറേഷൻ എന്ന നിലയ്​ക്കുമാത്രമാണ്​ കോവിഡിനെ കാണുന്നത്​ എന്നുമാത്രം.

ഒരു മനുഷ്യനെന്ന നിലയിൽ കോവിഡിനുമുമ്പുതന്നെ നമ്മൾ പല കാര്യങ്ങളിലും കൺഫ്യൂസ്ഡ് ആയിരുന്നു, ശരിയോ തെറ്റോ എന്ന ആകുലതകളുണ്ടായിരുന്നു. ഇങ്ങനെയാണോ വേണ്ടത്, പരസ്പരമുള്ള പരിഗണനക്കും മനുഷ്യത്വപരമായ കാര്യങ്ങൾക്കും രാഷ്​ട്രീയ കാര്യങ്ങൾക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് തുടങ്ങിയ കൺഫ്യൂഷനുകൾ. സാമ്പത്തികം, രാഷ്ട്രീയം, ജാതി, മതം, നിറം എന്നിവയുടെ പേരിൽ മനുഷ്യനും മനുഷ്യനുമായി പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനിന്നിരുന്ന സമയമാണ്. ആ സമയത്ത് തന്നെയാണ് കോവിഡിന്റെ വരവ്. തൊട്ടുമുമ്പ്​ നാം അനുഭവിച്ച പ്രളയം എന്ന പ്രകൃതി ദുരന്തം പോലെയായിരുന്നില്ല ഇത്​. ഒരാൾക്ക് ഒരാളെ ചെന്ന് സഹായിക്കാൻ പറ്റുന്ന അവസ്ഥപോലുമില്ലായിരുന്നു. ആരോഗ്യപരമായി ബാധിക്കുന്നതുകൊണ്ടും ഐസൊലേഷൻ ആവശ്യപ്പെടുന്നതുകൊണ്ടും പരസ്പരം മനുഷ്യർ കണ്ടുനിൽക്കുക, കേട്ടുനിൽക്കുക, അനുഭവിച്ച് തീർക്കുക എന്നതിനപ്പുറത്തേക്ക് ആരോഗ്യ പ്രവർത്തകരൊഴികെ എല്ലാവർക്കും പല തരത്തിൽ നിയന്ത്രണങ്ങൾക്ക്​ വിധേയരാകേണ്ടിവന്നു.

പെ​ട്ടെന്ന് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ, പ്രൊഫഷണലി ഉള്ള ഒരു ടൈം സമയ സൂചികയിലില്ലാതായി. ക്ലോക്ക്​ എന്നുപറയുന്ന സാധനത്തോട് നമ്മൾ കമ്മിറ്റഡ് ആവാതെയായി. കാരണം, ചുറ്റുമുള്ളതൊന്നും പ്രവർത്തിക്കുന്നില്ല. മിക്കവാറുമുള്ള മനുഷ്യരെല്ലാം വീടുകളിൽ തന്നെയാണ്. എന്തെന്നറിയാത്ത പുതിയൊരു രോഗമാണ് പടർന്നുകൊണ്ടിരിക്കുന്നത്. ഒരു ചെറിയ സ്ഥലത്തുമാത്രമല്ല ലോകമെമ്പാടും അതിന്റെ ആഘാതമുണ്ടാകുന്നുണ്ട്. ശരിക്കു പറഞ്ഞാൽ എല്ലാ സ്ഥലത്തുമുള്ള മനുഷ്യരും അവരവരുടെ അനുഭവങ്ങളിൽ നിന്നും ജീവിതസാഹചര്യങ്ങളിൽ നിന്നും ഒരുപാട് മനസ്സിലാക്കലുകൾ ഉണ്ടാക്കിയിട്ടുണ്ടാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. കാരണമെന്തന്നുവെച്ചാൽ, വളരെ എവിഡൻറായി ഒരു സിനിമ പോലെ നമ്മൾ അത് കണ്ടു.

മൂന്നുവർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ, ജീവിതം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിൽ മനുഷ്യർ വലുതായിട്ടൊന്നും മാറിയിട്ടില്ല എന്ന്​ മനസ്സിലാകുന്നു. എന്റെയൊരു ചിന്തയിൽ, വളരെ ഒരു ചെറിയ ശതമാനം, അതായത്​, ഒരു രണ്ട് ശതമാനമെങ്കിലും മനുഷ്യർ തീർച്ചയായും മാറിയിട്ടുണ്ട്.

ജീവിതമെന്നുപറഞ്ഞാൽ എത്ര നൈമിഷികമാണ്, എന്തും സംഭവിക്കാം. നമ്മുടെ ഒരോ അവസ്ഥക്കും എത്ര സ്ഥിരതയുണ്ട്. എത്ര സ്ഥിരതയില്ലായ്മയി​ൽ കൂടിയാണ് മനുഷ്യൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ യാത്ര ചെയ്യുമ്പോൾ എന്തിനാണ് പരസ്പരം വിദ്വേഷവും, വെറുപ്പും, അക്രമവും എന്ന് ചിന്തിപ്പിച്ചു. ആ ഒരു കാര്യത്തിൽ പോസ്റ്റീവായ കാര്യം, നമ്മൾ നമ്മളിലേക്കും ചുറ്റുമുള്ളവരിലേക്കും ഒരുപാട് യാത്ര ചെയ്​തു. നമ്മൾ നമ്മളല്ലാതെ മറ്റുള്ളവരായി നിന്ന് ചിന്തിക്കാനും അനുഭവിക്കാനും ശ്രമിച്ചിരുന്നു. അത് കഴിഞ്ഞപ്പോൾ നമ്മൾ കരുതുന്നത്, എല്ലാ മനുഷ്യരിലും അത്തരത്തിലൊരു വളർച്ചയും വീക്ഷണവുമുണ്ടായിക്കഴിഞ്ഞിരിക്കാം എന്നാണ്​. എല്ലാവരും ജീവനും ജീവിതത്തിനും വേണ്ടിയാണല്ലോ ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത്. ‘സർവൈവൽ ഓഫ്​ ദ ഫിറ്റസ്​റ്റ്’​ ആയിരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതൊക്കെ അതിനുവേണ്ടിയാണ്​. ഇങ്ങനെയൊരു ജീവിതത്തിന്റെ, അത്​ജോലി ആയാലും പേഴ്‌സണൽ ആയാലും, അതിന്റെയൊക്കെ അസ്​തിത്വം മനസിലാക്കി കഴിയുമ്പോൾ, മനുഷ്യന്മാർ പരസ്പരം തല്ല് കൂടേണ്ടതില്ല എന്നും വെറുക്കേണ്ടതില്ല എന്നും കുറച്ചുകൂടി സഹിഷ്ണുതയുണ്ടാകുമെന്നൊക്കെ പ്രതീക്ഷിച്ചു.

മൂന്നുവർഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ, ജീവിതം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിൽ മനുഷ്യർ വലുതായിട്ടൊന്നും മാറിയിട്ടില്ല എന്ന്​ മനസ്സിലാകുന്നു. എന്റെയൊരു ചിന്തയിൽ, വളരെ ഒരു ചെറിയ ശതമാനം, അതായത്​, ഒരു രണ്ട് ശതമാനമെങ്കിലും മനുഷ്യർ തീർച്ചയായും മാറിയിട്ടുണ്ട്. അവർ യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ട്, എങ്ങനെയാണൊരു ജീവിതം കടന്നുപോകുക, എങ്ങനെയൊക്കെ പോയേക്കാം എന്നൊക്കെയുള്ള തിരിച്ചറിവുകളുണ്ടായിട്ടുണ്ട്​. അതിനപ്പുറം, ഭൂരിഭാഗം ആൾക്കാരും, ചില സമയങ്ങളിൽ നമ്മളുൾപ്പടെ എല്ലാവരും, നഷ്ടപ്പെട്ട ഈ മൂന്നുവർഷം എങ്ങനെ തിരികെ പിടിക്കാമെന്നാലോചിച്ച് പഴയതിനേക്കാളേറെ വേഗതയിൽ തിരിച്ച് ജീവിതത്തിലേക്കിറങ്ങി ക്കഴിഞ്ഞിരിക്കുന്നു.

ഇപ്പോഴും പലതരം കൺഫ്യൂഷനുകളുണ്ട്​. നമ്മുടെ തോട്ട്​ പ്രോസസ്​ ശരിയാണോ, അതോ ഇനി ഈ വഴി തന്നെയാണോ പിന്തുടരേണ്ടത്​?, ഭൂരിഭാഗം പേരും ചെയ്യുന്നത് നമ്മൾ ചെയ്യേണ്ടേ? അങ്ങനെ ചെയ്യാത്തതുകൊണ്ടാണോ നമ്മൾ പവർഫുൾ അല്ലാത്തത്. എന്നുവച്ചാൽ, സാമ്പത്തികമായും സാംസ്​കാരികമായും മറ്റും നല്ല അവസ്​ഥയിലല്ലാത്തത്‌. ഞാനൊരു മ്യുസിഷനാണ്. ആ കാര്യത്തിലൊക്കെ ഒരു അപ്​ഡേഷൻ ഉണ്ടാവാത്തതെല്ലാം ഇതുകൊണ്ടാണോ എന്നൊക്കെയുള്ള ​ഒരു കൺഫ്യൂഷനുണ്ട്​.

വ്യക്തിപരമായി പറയുകയാണെങ്കിൽ, ഒരു മ്യുസിഷൻ എന്ന നിലക്ക് കൂടുതലും ലൈവ് ഷോ ചെയ്യാനാഗ്രഹിക്കുന്നൊരാളാണ് ഞാൻ. ഞാൻ മനുഷ്യരുമായി സംവദിക്കാനിഷ്ടപ്പെടുന്നൊരാളാണ്. ഇതാണ്​ ഞാൻ ഏറ്റവും കൂടുതൽ മിസ്​ ചെയ്​തത്​. ലൈവ് ഷോകളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പെർഫോർമറും കാണികളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ്. ഞാനൊരു കാര്യം കൊടുക്കുന്നു, അവരൊരളവിൽ തിരിച്ചുതരുന്നു. അതിന്റെ രണ്ടിരട്ടി വീണ്ടും ഞാൻ കൊടുക്കുന്നു, നാലിരട്ടി അവർ തിരിച്ചു തരുന്നു. അതിന്റെ എത്രയോ ഇരട്ടിയിൽ ഞാൻ കൊടുക്കുന്നു... ഇങ്ങനെ നിരന്തരമായ കൊടുക്കൽ വാങ്ങലുകളാണ് ഒരു ലൈവ് പരിപാടിയിൽ നടക്കുന്നത്. ആ കൊടുക്കൽ വാങ്ങലിലൂടെ എന്നിലേക്കൊരു ഊർജം പ്രവഹിക്കുന്നുണ്ട്​, തിരിച്ച് അവർക്കും പറയാം, അത് എങ്ങനെയാണ് ഫീൽ ചെയ്യുന്നത്​ എന്ന്​. ഇങ്ങനെ എന്നിലേക്കെത്തുന്ന ഊർജമാണ് എന്നെ എപ്പോഴും നയിക്കുന്നത്. ​കോവിഡ്​ കാലത്ത്​, ഈ കഴിഞ്ഞ മൂന്ന് വർഷം ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ്​ ചെയ്​തത്​ അതായിരുന്നു, അല്ലാതെ സാമ്പത്തികാവസ്ഥയോ ജോലിയുടെ അവസ്ഥയോ ആയിരുന്നില്ല. അവയേക്കാളേറെ എന്നെ ഏറെ മുന്നോട്ട് നയിക്കുന്ന ആ ഊർജ്ജം... അത് വല്ലാതെ മിസ്​ ചെയ്​തിരുന്നു. അതില്ലാതെ ഞാൻ ശരിക്കും സ്​ട്രഗ്​ൾ ചെയ്​തു. വളരെ അടുപ്പമുള്ള സുഹൃത്തുക്കളോടൊക്കെ ഞാനിതിനെപറ്റി സംസാരിച്ചിരുന്നു.

ഇപ്പോൾ ഷോകൾ തുടങ്ങുന്നതേയുള്ളൂ.

പണ്ട് ഒരു പരിപാടി കഴിഞ്ഞുവന്നാൽ, സാധാരണഗതിയിൽ ക്ഷീണമുണ്ടാകും, കിടന്നുറങ്ങും എന്നൊക്കെയാണ് എല്ലാവരും പറയുക. എന്നെ സംബന്ധിച്ച്​ ഏത് സ്റ്റേജ് ഷോ കഴിഞ്ഞ് വീട്ടിലെത്തിയാൽ, തീർച്ചയായും വിശ്രമിക്കും, ക്ഷീണം തോന്നും. പക്ഷേ എനിക്ക് ഉറങ്ങാൻ കഴിയാറില്ല. ഞാൻ ക്ഷീണിച്ചിട്ടില്ലെന്ന് എനിക്ക് പറയേണ്ടിവരും. ഞാൻ ഭയങ്കര ‘ഓൺ’ ആണ്. ഒരുതരം എക്​സ്​റ്റസി​ മോഡാണ്. ഒട്ടും ക്ഷീണം തോന്നാറില്ല, ഉറങ്ങാൻ പറ്റാറില്ല, മിക്കവാറും. ഉറങ്ങാത്തതിന്റെ ക്ഷീണം പിറ്റേന്ന് തോന്നാറുമില്ല. അത്രയും ശരീരത്തിൽ സന്തോഷം കേറിയിട്ടുണ്ട്. അല്ലെങ്കിൽ അത്തരം ഹോർമോണുകൾ കിട്ടിയിട്ടുണ്ട്. ഓരോ തവണയും അങ്ങനെ നമുക്കുകിട്ടുന്ന ഊർജമാണ് നമ്മളെ പോസിറ്റീവായി നിർത്തുന്നതും മുന്നോട്ടുപോകാൻ നയിക്കുന്നതും. അത് മിസ്​ ചെയ്യുമ്പോൾ മനുഷ്യൻ കഷ്ടപ്പെടും.

ഇപ്പോൾ ഒരുപാട് വിർച്വൽ സ്പേസുകളുണ്ടല്ലോ; വീഡിയോ ഉണ്ട്, വീഡിയോകോളുണ്ട്, റീൽസുണ്ട്. ഇവയ്​ക്കൊന്നും സാധിക്കാത്ത കാര്യങ്ങളുണ്ട്. മനുഷ്യൻ മനുഷ്യനെ നേരിട്ട് കാണുക, സംസാരിക്കുക, അവർക്കൊപ്പമിരുന്ന് ​അവരുടെ എനർജി ഫീൽ ചെയ്യുക, ചിന്തകളും ഇമോഷനുകളും ഷെയർ ചെയ്യുക തുടങ്ങിയ സാധ്യതകൾ വിർച്വൽ സ്​പെയ്​സിനില്ല.

ഒരു മ്യൂസിക്കൽ കോൺടെക്​സ്​റ്റ്​ വച്ചാണ്​ ഇത്​ പറയുന്നതെങ്കിലും എല്ലാ മനുഷ്യർക്കും ഇതുണ്ടാകും. ചായക്കടകൾ, കഫേകൾ, കൂട്ടുകാരുടെ വീടുകൾ തുടങ്ങി പലതരം സോഷ്യൽ മീറ്റിങ്ങുകളിലും സാമൂഹിക ഇടങ്ങളിലുമെല്ലാം മനുഷ്യർക്ക്​ ഇത്തരം അനുഭവങ്ങളുണ്ടാകാം. ഇപ്പോൾ ഒരുപാട് വിർച്വൽ സ്പേസുകളുണ്ടല്ലോ; വീഡിയോ ഉണ്ട്, റീൽസുണ്ട്. ഇവയ്​ക്കൊന്നും സാധിക്കാത്ത കാര്യങ്ങളുണ്ട്. മനുഷ്യൻ മനുഷ്യനെ നേരിട്ട് കാണുക, സംസാരിക്കുക, അവർക്കൊപ്പമിരുന്ന് ​അവരുടെ എനർജി ഫീൽ ചെയ്യുക, ചിന്തകളും ഇമോഷനുകളും ഷെയർ ചെയ്യുക തുടങ്ങിയ സാധ്യതകൾ വിർച്വൽ സ്​പെയ്​സിനില്ല.

ഒരുപാട് നാളുകളുകൾക്കുശേഷം ഒരു സെമിനാറിൽ വെച്ചും, ഒരു സുഹൃത്തിന്റെ മരണവീട്ടിൽ വെച്ചുമൊക്കെയാണ് പല സുഹൃത്തുക്കളെയും വർഷങ്ങൾക്കുശേഷം കാണാൻ കഴിഞ്ഞത്‌. അവിടെവെച്ച് പലരും ജോലിക്ക് പോകാൻ പറ്റാത്തതിന്റെയും ജോലിയും കച്ചവടവുമെല്ലാം നഷ്ടപ്പെട്ടതിന്റെയും ദാരിദ്ര്യത്തിന്റെയും ഒരുപാട് കാര്യങ്ങൾ പങ്കുവെച്ചു. പക്ഷേ എനിക്ക് തോന്നിയത്
ഇതൊക്കെ നമുക്ക് വളരെ പതുക്കെയാണെങ്കിലും തിരിച്ചുപിടിക്കാം, പക്ഷേ, നമുക്ക്‌ നമ്മളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊർജ്ജമില്ലെങ്കിൽ ഇതെല്ലാം തിരിച്ചുപിടിക്കാൻ നമുക്കൊരു കാലെടുത്തു വെക്കാൻ പോലും കഴിയില്ലെന്നാണ്‌. ▮


രശ്​മി സതീഷ്​

ഗായിക, സൗണ്ട് റെക്കോർഡിസ്റ്റ്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ സഹ സംവിധായികയായിരുന്നു. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ അഭിനയിച്ചു. വയനാട്ടിലെ ആദിവാസി ഊരുകളിൽ സഞ്ചരിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ വിഷയമാക്കി ‘ട്വൽത്ത്​ അവർ സോംഗ്' എന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തു.

Comments