പി. ഭാസ്കരന്‍

പി. ഭാസ്‍ക്കരൻ; മണ്ണിനൊപ്പം, മനുഷ്യനൊപ്പം

ഒരു ജനതയുടെ ഭൂപ്രകൃതിയും സ്വപ്നങ്ങളും പാട്ടിൽ രേഖപ്പെടുത്തി സൂക്ഷിച്ച പി. ഭാസ്കരൻ എന്ന മഹാനായ കലാകാരന് 2024 ഏപ്രിൽ 21 ന് നൂറ് വർഷം തികഞ്ഞു. ലോകത്ത് മലയാളികളുള്ള എവിടെ വെച്ചും പി. ഭാസ്ക്കരൻ എഴുതിയ ഒരു പാട്ട് നമ്മോട് ഒന്ന് ലോഹ്യം പറഞ്ഞു പിരിയും- ശിഹാബുദ്ദീൻ ​പൊയ്ത്തുംകടവ് എഴുതുന്നു.

ഴുത്തുകാരിൽ രണ്ടു വിധമുണ്ട്.
ഒന്നാമത്തെ വിഭാഗം: തങ്ങളുടെ യശസ്സിൻ്റെ ഭംഗി കൊണ്ടും സുപ്രധാനമായ സംഭാവന കൊണ്ടും നമ്മുടെ മുന്നിൽ സദാ ഉയർന്നുനിൽക്കുന്ന, പ്രൗഢിയുള്ള കെട്ടിടമായിത്തീർന്നവർ.

നമ്മുടെ ഹൃദയത്തിൻ്റെയും ജീവിതത്തിൻ്റെയും ഭാഗമായിത്തീരുകയും നമ്മുടെ വീട്ടിൽ നമ്മിലോരുത്തരോടൊപ്പവും താമസിക്കുന്നവരുമാണ് രണ്ടാമത്തെ വിഭാഗം.

ബഷീർ, മാധവിക്കുട്ടി, പി. ഭാസ്ക്കരൻ എന്നിവർ രണ്ടാമത്തെ വിഭാഗത്തിലുള്ളവരാണ്.
പണ്ഡിതർക്കും പാമരർക്കുമൊപ്പം അവർക്ക് താമസിക്കാൻ പറ്റും. പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ എന്ന് പാടുമ്പോൾ പാമരരും പണ്ഡിതരും ഒന്നായിത്തീരുന്ന ഒരു സ്വപ്നത്തിൻ്റെ തേങ്ങൽ അതിനകത്ത് പെട്ടെന്ന് രൂപപ്പെടുന്നുണ്ട്. ബഷീറിൻ്റെ കഥയ്ക്കും പണ്ഡിത പാമര ഭേദമില്ല. തനിക്ക് അനുജൻ അബ്ദുൽ ഖാദറിൻ്റെയത്ര ഭാഷയറിവല്ലെന്ന് പറയുകയും ലൊട്ട് ലൊട്ക്കൂസ് അഖ്യാത ആഖ്യാവും എന്ന് കളിയാക്കി പറയുമ്പോഴും അതുതന്നെ സംഭവിക്കുന്നു.

മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീര്‍

മാധവിക്കുട്ടിയിലും ഈ അംശം കാണാം. കോലാട്, ഇന്ത്യാ ഭൂഖണ്ഡത്തിൻ്റെ മുഴുവൻ സ്ത്രീകഥയായിരിക്കേ പണ്ഡിതരുടെയും പാമരരുടേതും കൂടിയുമാണ്. കേവലം ജയപ്രിയമായതൊക്കെ കാലം കാത്തുസൂക്ഷിക്കില്ല. അത് ഉപയോഗിച്ച് കളയാനുള്ളതാണ്. ജനപ്രിയ സാഹിത്യവും സിനിമയും കാമം പോലെ അധിക സമയം കഴിയും മുമ്പ് കെട്ടടങ്ങുന്നതാണ്; കാല വ്യാപ്തിയുള്ള രസച്ചേർച്ചയുള്ള പ്രണയത്തിന് തലമുറകൾ പിന്നിടാനാവുന്നു.

‘നാഴിയുരി പാലു കൊണ്ട് നാടാകെ കല്യാണം
നാലഞ്ച് തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം...’
എന്ന് പി. ഭാസ്ക്കരൻ എഴുതുമ്പോൾ വസ്തുവിൻ്റെ അളവ് എന്ന മനുഷ്യസങ്കല്പം തകർത്തു കളയുകയാണ്. അളവിൽക്കവിഞ്ഞവ ഒന്നുമല്ലാതായിപ്പോവുന്നുണ്ട് എന്ന ആത്മീയ പരിസരത്തിലേക്കാണ് ഭാസ്ക്കരൻ മാഷ് ക്ഷണിക്കുന്നത്. ഭൗതികമായ അളവുകളല്ല, ആത്മീയമായ അളവുകളെയാണ് ശ്രദ്ധിക്കേണ്ടതെന്ന്, എഴുതിയതിൽ പലതിലും ബഷീറിനെപ്പോലെ ഭാസ്ക്കരൻ മാഷും പറയുന്നുണ്ട്.

ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന വാക്കു കൊണ്ട് ബഷീർ അളവുകളുടെ ഭൗതികസങ്കല്പത്തെ അട്ടിമറിച്ചത് എങ്ങനെയാണെന്ന് ശ്രദ്ധിച്ചാലറിയാം. പി.ഭാസ്കരൻ എന്ന ഗാനരചയിതാവിനോട് സാദൃശ്യമുള്ള ഒരു ഗാനരചയിതാവും അതുവരെ വന്നിട്ടില്ല. പിൽക്കാലത്ത് അദ്ദേഹത്തെ ഓർപ്പിക്കുന്ന വരികൾ പലരുടെയും പാട്ട് വരിയിൽ കലർന്നുണ്ടായിട്ടുമുണ്ട്.

പി. ഭാസ്കരന്‍

ഭാസ്കരൻ മാഷിൻ്റെ വരികളുടെ പ്രധാന പ്രത്യേകത, അവിടെ സാധാരണക്കാർക്കും ജനവാസം സാധ്യമാണ് എന്നതാണ്. സാധാരണക്കാർ എന്നാൽ ബുദ്ധിയില്ലാത്തവരാണെന്ന് വിശ്വസിക്കുന്ന ഒരുപാട് മണ്ടന്മാരെ ഈ കുറിപ്പുകാരനു കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ബുദ്ധിയെ ഭൗതികതയുടെ അളവു കൊണ്ട് അളന്നു ശീലിച്ചവരാണവർ.

ചിത്രകലയാവട്ടെ, സിനിമയാവട്ടെ, സാഹിത്യമാവട്ടെ സർഗാത്മകതയിലെ ബുദ്ധിരാജ്യത്ത് പി.എസ്.സി പരീക്ഷയ്ക്ക് വലിയ സ്ഥാനമില്ല എന്നതാണ് യാഥാർത്ഥ്യം. ബുദ്ധി വേണ്ടേ? വേണം. ഹൃദയം വേണ്ടേ? വേണം. സത്യത്തിൽ, ബുദ്ധി ഹൃദയത്തിന് കാവലിരിക്കുന്ന സ്ഥലമാണ് യഥാർത്ഥ സർഗ്ഗാത്മക പ്രദേശം. ഒരു കച്ചവട സിനിമയിൽ പോലും അത് സാധ്യമാകും. ആർട്ട് സിനിമ എന്നവകാശപ്പെടുന്നവയിൽ അത് സാധ്യമല്ലാതെ പോയ പോഴത്തത്തിന് അനവധി ഉദാഹരണങ്ങളുണ്ട്.

എന്തുകൊണ്ടാണ് പി. ഭാസ്ക്കരൻ എഴുതിയ വരികൾ കാലം വിട്ടുപോകാതെ ഇപ്പോഴും പ്രായ ഭേദമന്യേ ലൈവ് ആയിട്ടിരിക്കുന്നത്? ധൈഷണികതയുടെയും പൊതുസമൂഹത്തിൻ്റെ വൈകാരികതകളുടെയും വാക്കിൻ്റെ പക്ഷികളെയാണ് ഭൂമിയിൽ നിന്നുയർത്തി ഭാസ്ക്കരൻ മാഷ് പറപ്പിച്ചു വിട്ടത്. അത് ആകാശത്തുനിന്ന് തലമുറകളോട് സംവദിക്കുന്നു.

നമ്മളുണ്ടാക്കിയ ബുദ്ധിജീവി സിനിമയും അവരുടെ ഒക്കച്ചങ്ങാതിമാർ എഴുതിവിട്ട കവർ സ്റ്റോറികളും ഇന്ന് വീണ്ടും വായിച്ചു നോക്കുവാൻ ധൈര്യമുള്ളവർ കൈ പൊക്കുക, പൊതു സമൂഹത്തെ കാണാനുള്ള ധൈഷണിക സത്യസന്ധത അത്തരം സിനിമകളിൽ മിക്കവയ്ക്കും ഉണ്ടായിരുന്നില്ലെന്ന് ഇന്ന് നമുക്ക് തിരിച്ചറിയാം. ഒരു സമൂഹത്തിൻ്റെ സ്വപ്നങ്ങൾക്കും സങ്കടങ്ങൾക്കും ചിറകു നല്കി എന്നതാണ് പി. ഭാസ്ക്കരനെഴുതിയ ലിറിക്സുകളുടെ വശ്യതയും അനശ്വര ഭംഗിയും.

വി. ആർ. ഗോപിനാഥ് 1987- ൽ സംവിധാനം ചെയ്ത ഒരു മെയ് മാസപുലരിയിൽ എന്ന സിനിമയിൽ പുലർകാല സുന്ദരസ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്ന് മാറി എന്ന് പി.ഭാസ്ക്കരൻ എഴുതുന്നത് ഫ്രാൻസ് കാഫ്ക്കയുടെ മെറ്റമോർഫോസിസ് എന്ന നോവലിൻ്റെ ആദ്യ വരികളെ ഓർമിപ്പിക്കും വിധമുള്ള ഗാനരൂപകമായിട്ടാണ്. പൂമ്പാറ്റയുടെ രൂപകം കൊണ്ട് അദ്ദേഹം മലയാളി സമൂഹത്തിലെ നിരക്ഷരരെപ്പോലും ഉള്ളുണർത്തിവിട്ടു.

ഒരു ജനതയുടെ ഭൂപ്രകൃതിയും സ്വപ്നങ്ങളും പാട്ടിൽ രേഖപ്പെടുത്തി സൂക്ഷിച്ച ആ മഹാനായ കലാകാരന് 2024 ഏപ്രിൽ 21 ന് നൂറ് വർഷം തികയുന്നു.
മലയാളി മനസ്സിൻ്റെ മണ്ണിലും ഹൃദയത്തിലും ചുണ്ടുകളിലും അദ്ദേഹമെഴുതിയ വരികൾ പക്ഷികളെപ്പോലെയും പൂമ്പാറ്റയെപ്പോലെയും പാറി നടക്കുന്നു.
എപ്പോഴും സർഗ്ഗാത്മക സാമൂഹ്യ ജീവിതം അദ്ദേഹത്തിലുണ്ടായിരുന്നു. പാട്ടിൽ ഒറ്റയ്ക്കായ മനുഷ്യരും സാമൂഹ്യാംശത്തിൽ ജീവിച്ചു. മനുഷ്യപക്ഷത്ത് എന്നും അദ്ദേഹമുണ്ടായിരുന്നു.

പഴയ തിരുവിതാംകൂറിൽ അദ്ദേഹത്തിൻ്റെ പാട്ട് നിരോധിക്കുകയുണ്ടായി. ദിവാൻ സി.പി. രാമസ്വാമി അയ്യർയക്കാണ് ആ ‘ഭാഗ്യം’ സിദ്ധിച്ചത് . തിരുവിതാംകൂർ സംസ്ഥാനത്തുനിന്ന് പി. ഭാസ്ക്കരൻ മാഷെ നാട് കടത്തുകയും ചെയ്തു. ഒരു പാട്ടെഴുതി എന്നതിൻ്റെ പേരിൽ കേരള പ്രവിശ്യയിലെവിടെയെങ്കിലും മറ്റൊരാൾ നാട് കടത്തലിന്ന് വിധേയമായിട്ടുണ്ടോ? ഇല്ലെന്നു തന്നെയെന്നാണ് ഈ കുറിപ്പുകാരൻ്റെ അറിവ്. കേരളീയ ഗ്രാമങ്ങളടെ ചിത്രങ്ങൾ നിറച്ച ആർക്കൈവ്സ് കൂടിയാണ് ഭാസ്കരൻ മാഷിൻ്റെ പാട്ടുകൾ. പല ഗാനങ്ങളിലും ചിത്രകല ഓളം വെട്ടുന്നത് കാണാം. മാഷിൻ്റെ ഏകാന്തതയുടെ പാട്ടുകളിൽ പോലും മനുഷ്യൻ ഒറ്റയ്ക്കല്ല എന്നു കാണാം.

എം.എസ്. ബാബുരാജ്, കെ.ജെ. യേശുദാസ്, പി. ഭാസ്കരന്‍

ഗാനരചയിതാവ് എന്നതുപോലെ തന്നെ മലയാളത്തിലെ മികച്ച കവി കൂടിയാണ് അദ്ദേഹമെന്ന് നമുക്കറിയാം. മൂകമാം മാവിൻ തോപ്പിൽ ഉറങ്ങുന്ന മധ്യാഹ്നത്തെ മറ്റൊരു കവിതയിലും ആരും വരച്ചിട്ടില്ല. സ്വാതന്ത്ര്യ സമര പോരാളി, ആദ്യകാല ഇടതുപക്ഷ സഹയാത്രികൻ പ്രമുഖ സിനിമകളുടെ സംവിധായകൻ, നടൻ, നിർമാതാവ്, പത്രാധിപൻ, ഏഷ്യാനെറ്റ് ചാനലിൻ്റെ സ്ഥാപക ചെയർമാൻ, നിരവധി പുരസ്ക്കാരങ്ങളാൽ ആദരിക്കപ്പെട്ട ഒരാൾ .... പി. ഭാസ്ക്കരൻ താൻ കൈ വെച്ച മേഖലകളിലൊക്കെ വസന്തം വിരിയിച്ചു.

പി ഭാസ്ക്കരനും ബാബുരാജും ഒരുമിക്കുമ്പോഴൊക്കെ അത്ഭുതകരമായ ഒരുതരം കെമസ്ട്രി രൂപപ്പെടുന്നത് കാണാം. ഒരാൾ സാധാരണ മനുഷ്യർക്കിടയിൽ പാടി നടന്നു ജീവിച്ച ആളും മറ്റേ ആൾ സാധാരണക്കാർക്കുവേണ്ടി പാട്ടെഴുതിയ ആളുമായിരുന്നല്ലോ.
മലയാളി സാംസ്ക്കാരികതയുടെ മഹത്തും ജനകീയവുമായ വരികൾ തന്ന വഴിയിലൂടെയാണ് മലയാളി ജീവചരിത്രം മുന്നോട്ടുപോയത്. ലോകത്ത് മലയാളികളുള്ള എവിടെ വെച്ചും പി. ഭാസ്ക്കരൻ എഴുതിയ ഒരു പാട്ട് നമ്മോട് ഒന്ന് ലോഹ്യം പറഞ്ഞു പിരിയും. ധന്യവും അർത്ഥവത്തായതുമായ ആ ജന്മം രണ്ടാം നൂറ്റാണ്ടിലേക്ക് കടന്നിരിക്കുന്നു.


ശിഹാബുദ്ദീൻ പൊയ്​ത്തുംകടവ്​

കഥാകൃത്ത്, നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്. ആർക്കും വേണ്ടാത്ത ഒരു കണ്ണ്, ഈർച്ച, കടൽമരുഭൂമിയിലെ വീട്, ആലി വൈദ്യൻ, ഈ സ്‌റ്റേഷനിൽ ഒറ്റക്ക്, ശിഹാബുദ്ദീന്റെ കഥകൾ, നിലാവിനറിയാം എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments