ഇരുളിലൊരു കൈത്തിരി പോലെ തലത്ത് മഹമൂദ്

എത്രയേറെ പാട്ടുകാർ ഉണ്ടായിട്ടും എന്ത് കൊണ്ട് തലത്ത് മഹമൂദിനെത്തന്നെ ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന്, നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ട് എന്നാണ് രവിമേനോന്റെ ഉത്തരം. പാട്ടിനോടുള്ള ഇഷ്ടങ്ങൾക്ക് അതുമായി ബന്ധപ്പെട്ട ഓർമകൾ തന്നെയാവും എല്ലാവർക്കും കാരണം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദം പേറുന്ന തലത്തിന്റെയും തലത്തിന്റെ പാട്ടുകളുടേയും ഓർമകൾ പങ്കുവെയ്ക്കുകയാണ് പാട്ടെഴുത്തുകാരനായ രവിമേനോൻ

തുറന്നിട്ട ജനാലയ്ക്കപ്പുറത്ത് നിലാവ് പെയ്യുന്നു. ആകാശത്ത് താരകൾ കൺചിമ്മുന്നു. ഇളംകാറ്റിൽ രാപ്പൂക്കളുടെ സൗരഭ്യം നിറയുന്നു. പകരം വെക്കാനില്ലാത്ത ഈ മായികാനുഭൂതിയെ മറ്റെന്തു വിളിക്കും ഞാൻ .... തലത്ത് മഹമൂദ് എന്നല്ലാതെ?

തലത്ത് മഹ്മൂദ്
തലത്ത് മഹ്മൂദ്

ഏകാന്തരാവുകളിൽ ഇന്നും കൂട്ട് തലത്തിന്റെ ഗാനങ്ങൾ തന്നെ. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്ന് ഈ കോവിഡ് കാലത്തും കാതുകളിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു ആ പാട്ടുകൾ. ഇരുട്ട് കട്ടപിടിച്ച ഈ നീണ്ട ഇടനാഴിയുടെ അറ്റത്ത് ഒരു തുള്ളി വെളിച്ചമുണ്ടെന്നും.

ഫിർ വഹീ ശാം വഹീ ഗം വഹീ തൻഹായീ ഹേ, ദിൽ കോ സംജാനേ തേരി യാദ് ചലീ ആയീ ഹേ..'' -- ഭരത് ഭൂഷൺ അവതരിപ്പിച്ച മിർസാ യൂസുഫ് ചെങ്കാസി എന്ന വിരഹിയായ കാമുകന് വേണ്ടി തലത്ത് പാടുകയാണ്ജഹനാര'' എന്ന ചിത്രത്തിൽ: വീണ്ടും ആ പഴയ സന്ധ്യ, അതേ വേദന, അതേ ഏകാന്തത..നിന്റെ ഓർമ്മകൾ തിരികെ വരുന്നു; എന്റെ ഹൃദയത്തിന് തണലേകാൻ .... രാജേന്ദ്ര കിഷന്റെ വരികളും മദൻമോഹന്റെ മാന്ത്രികസംഗീതവും തലത്തിന്റെ തെല്ലു വിറയാർന്ന ശബ്ദവും ചേർന്ന് മാഞ്ഞുപോയ ഒരു കാലം വീണ്ടെടുക്കുകയാണ്.

തീർന്നില്ല. ``ഫിർ തസവ്വൂർ തേരേ പെഹലൂ മേ ബിഠാ ജായേഗാ, ഫിർ ഗയാ വഖ്ത് ഘടി ഭർ കോ പലട് ആയേഗാ, ദിൽ ബഹൽ ജായേഗാ ആഖിർ കോ തോ സൗദായി ഹേ...'' ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങൾ സ്വപ്നത്തിലെങ്കിലും വീണ്ടെടുക്കാൻ മോഹിക്കുന്ന കാമുകമനസ്സുണ്ട് രജീന്ദർ കിഷന്റെ വരികളിൽ. തലത്ത് ആ മോഹത്തിന് ശബ്ദചിറകുകൾ നൽകുന്നു; പ്രണയാർദ്രമായ ആലാപനത്തിലൂടെ. മദൻ മോഹൻ ആ ചിറകുകളെ ഈണം കൊണ്ട് തഴുകുന്നു.

ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദമാണ് തലത്തിന്റേത് എന്ന് തോന്നും ചിലപ്പോൾ. ഏകാകിയുടെ എല്ലാ ആഹ്ലാദങ്ങളും വേദനകളും വിഹ്വലതകളും നിറഞ്ഞ ആത്മഗീതം. നിത്യജീവിതത്തിലെ നെറികെട്ട പന്തയങ്ങളുടെ ഭാഗമാകാൻ കഴിയാത്ത, തീർത്തും അന്തർമുഖനും നിസ്സഹായനുമായ ഒരാളുടെ മനസ്സുണ്ടതിൽ. ഏതു തിരക്കിലും ബഹളത്തിലും സ്വന്തം ലോകത്തേക്ക് ഉൾവലിയാനും പുറത്തെ ശബ്ദഘോഷങ്ങൾക്കുമേൽ കാതുകൾ കൊട്ടിയടയ്ക്കാനും എന്നെ സഹായിക്കുന്നു ആ പാട്ടുകൾ. ഈ ദുരിതകാലത്തും ഏറ്റവുമടുത്ത കൂട്ടുകാരനെപ്പോലെ തൊട്ടരികെയിരുന്ന് പാടിക്കൊണ്ടിരിക്കുന്നു തലത്ത് .-- മ്യൂസിക് സിസ്റ്റത്തിൽ, കംപ്യൂട്ടറിൽ, മൊബൈൽ ഫോണിൽ. ഒരു പക്ഷേ ഈ ലോക്ക് ഡൗൺ കാലം എന്റെ മനസ്സിൽ അവശേഷിപ്പിക്കാൻ പോകുന്ന പ്രസാദമധുരമായ ഒരേയൊരു ഓർമ്മയും ആ കേൾവിയുടെ ഇന്ദ്രജാലമാകാം.

മദൻ മോഹനും തലത്തും
മദൻ മോഹനും തലത്തും

മുഹമ്മദ് റഫിയും കിഷോർ കുമാറും അവരുടെ കാക്കത്തൊള്ളായിരം അനുകർത്താക്കളും ഉള്ളപ്പോൾ എന്തുകൊണ്ട് തലത്ത് മഹമൂദ് എന്ന് ചോദിച്ചിട്ടുണ്ട് പലരും. ഒരു പാട്ടുകാരനോടും അകൽച്ചയില്ല എനിക്ക്. എല്ലാവരും ഹൃദയത്തിന്റെ ഭാഗം. റഫിയുടെ പ്രണയവും കിഷോറിന്റെ വിഷാദമാധുര്യവും ഹേമന്ത് കുമാറിന്റെ ആർദ്രതയും മുകേഷിന്റെ ഗദ്ഗദവും മന്നാഡേയുടെ ഭാവമാധുര്യവും ഭുപീന്ദറിന്റെ പ്രസാദാത്മകതയുമെല്ലാം ഒരുപോലെ പ്രിയങ്കരം. എങ്കിലും പൊടി ഇഷ്ടം കൂടുതലുണ്ട് തലത്തിനോട്.

നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ടാവാം. അല്ലെങ്കിൽ അങ്ങനെ തോന്നിപ്പിക്കാൻ കഴിയുന്നതു കൊണ്ടാവാം. ഏതെങ്കിലുമൊരു പാട്ടിന്റെ കൈപിടിച്ച് മരണതീരത്തേക്ക് യാത്രചെയ്യാൻ ഈശ്വരൻ അനുവദിക്കുകയാണെങ്കിൽ കണ്ണും ചിമ്മി ഞാൻ തിരഞ്ഞെടുക്കുക ``ജൽത്തേ ഹേ ജിസ്‌കേലിയേ'' ആയിരിക്കുമെന്ന് ഒരിക്കൽ എഴുതിപ്പോയതും അതുകൊണ്ടുതന്നെ.

പാതിരാവിൽ ഞെട്ടിയുണർന്ന് ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകളുമായി ഉറക്കം വരാതെ കിടക്കുമ്പോഴെല്ലാം ഉപബോധമനസ്സ് തലത്തിനെ തേടും. പാതിമയക്കത്തിൽ തലത്തിനെ കേൾക്കുന്നതോളം ലഹരി നിറഞ്ഞ അനുഭവം മറ്റെന്തുണ്ട്? സിന്ദഗി ദേനേവാലെ സുൻ, ജായേ തോ ജായേ കഹാം, അന്ധേ ജഹാം കേ, തസ് വീർ ബനാത്താ ഹൂ, മേരി യാദ് മേ തും നാ, സീനേ മേ സുലഗ്താ, മേ പാഗൽ മേരാ മൻവാ പാഗൽ, മേ ദിൽ ഹൂം ഏക് അർമാൻ ഭരാ....എല്ലാം എന്റെ നിദ്രാവിഹീനനിശകളിൽ സ്വപ്നം നിറയ്ക്കുന്ന പാട്ടുകൾ. നൂറു തവണ, ചിലപ്പോൾ ആയിരം തവണയെങ്കിലും കേട്ടിരിക്കും അവയിൽ പലതും. പക്ഷെ, ഇന്നും ആദ്യ കേൾവിയിലെ അതേ അനുഭൂതി പകരുന്നു ആ പാട്ടുകളെല്ലാം.

എന്നായിരിക്കണം തലത്തിനെ കാതുകൾ ആദ്യമായി തിരിച്ചറിഞ്ഞതും സ്‌നേഹിച്ചു തുടങ്ങിയതും? വൈകി മാത്രം വീട്ടിലെത്തുന്ന അച്ഛന്റെ മോട്ടോർ സൈക്കിളിന്റെ വിദൂരശബ്ദത്തിന് കാതോർത്ത് വയനാട്ടിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിന്റെ മുറ്റത്ത്, മുന്നിലെ കൂരിരുട്ടിലേക്ക് ഭയപ്പാടോടെ നോക്കിയിരുന്ന ഏകാകിയായ സ്‌കൂൾ കുട്ടിയെ ഒരു രാത്രി വന്ന് ചേർത്തു പിടിക്കുകയായിരുന്നു ആ ശബ്ദം -- `ജൽത്തേ ഹേ ജിസ്‌കേലിയേ'' എന്ന ഗാനത്തിന്റെ രൂപത്തിൽ. റേഡിയോ സിലോണിൽ നിന്ന് തരംഗമാലകളായി ഒഴുകിവന്ന ആ ഗാനം അവനെ പൊടുന്നനെ ഉറക്കച്ചടവിൽ നിന്നുണർത്തി; വിഹ്വല ചിന്തകളിൽ നിന്നും. ഉള്ളിലടക്കിപ്പിടിച്ച ഭയത്തെ പോലും തുടച്ചുനീക്കാൻ പോന്ന എന്തോ ഒരു മാജിക് ഉണ്ടായിരുന്നു തലത്തിന്റെ ശബ്ദത്തിൽ. ഈ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന സത്യം ഒരു പാട്ടിലൂടെ അവൻ ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരിക്കണം.

തലത്തിൻറെ കുടുംബം
തലത്തിൻറെ കുടുംബം

തലത്ത് മഹമൂദിന്റെ ആദ്യത്തെ കോഴിക്കോടൻ സന്ദർശനത്തെ കുറിച്ച് പ്രിയസുഹൃത്തും പഴയ തലമുറയിലെ സംഘാടകനുമായ അരങ്ങിൽ വാസുദേവൻ പങ്കുവെച്ച ഒരോർമ്മയുണ്ട്. 1960 ലെ കഥ. 1500 പേർക്ക് ഇരിക്കാൻ കഴിയുന്ന കോഴിക്കോട്ടെ ബി ഇ എം ഹൈസ്‌കൂൾ മൈതാനത്ത് വൈകുന്നേരം പരിപാടി തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് അപ്രതീക്ഷിതമായി മഴ പെയ്തു. തോരാത്ത മഴ. സ്‌കൂൾ ഹാളിനകത്തേക്ക് വേദി മാറ്റുകയല്ലാതെ ഗത്യന്തരമില്ലാതായി സംഘാടകർക്ക്. അപ്പോൾ വേറൊരു പ്രശ്‌നം. അകത്ത് 500 പേർക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. ടിക്കറ്റ് ഉള്ളവരും ഇല്ലാത്തവരുമായി ആയിരത്തിലേറെ പേർ പുറത്ത്. ബഹളമുണ്ടാകാൻ മറ്റു കാരണങ്ങൾ വേണോ? ക്ഷുഭിതരായ ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി സംഘാടകർ. അന്തരീക്ഷം ശാന്തമാക്കാൻ കോഴിക്കോടിന്റെ അഭിമാനമായ എം.എസ് ബാബുരാജിന്റെ സോളോ ഹാർമോണിയം കച്ചേരി വരെ പെട്ടെന്ന് തട്ടിക്കൂട്ടി. സാധാരണ ഗതിയിൽ ബാബുക്കയുടെ മാന്ത്രിക വിരലുകൾ ഹാർമോണിയത്തിൽ ഒഴുകിതുടങ്ങിയാൽ നിശബ്ദരായി അതിൽ അലിയേണ്ടതാണ് കോഴിക്കോട്ടുകാർ. പക്ഷെ അന്ന് ബാബുരാജിന് പോലും സദസ്സിന്റെ രോഷം ശമിപ്പിക്കാനായില്ല. ആരൊക്കെയോ ചേർന്നു സ്റ്റേജിൽ ഓടിക്കയറി കർട്ടൻ വലിച്ചുകീറി. അന്തരീക്ഷം ആകെ പ്രക്ഷുബ്ധം .

തിരക്കിനും ബഹളത്തിനും പ്രതിഷേധത്തിനും ഇടയ്ക്ക് തലത്ത് മഹമൂദ് പിന്നിലൂടെ വേദിയിൽ കടന്നു വന്നത് തന്നെ ആരും അറിഞ്ഞില്ല. പിന്നീടുള്ള കഥ അന്ന് ആ പരിപാടിക്ക് സാക്ഷ്യം വഹിച്ച വാസുദേവന്റെ വാക്കുകളിൽ: `ഹാളിനുള്ളിലും പുറത്തുമായി വലിച്ചു കെട്ടിയിരുന്ന കോളാമ്പി സ്പീക്കറുകളിലൂടെ തലത്തിന്റെ ശബ്ദം ഒഴുകി വന്നത് തീർത്തും അപ്രതീക്ഷിതമായാണ്:`തസ് വീർ തേരി ദിൽ മേരാ ബഹലാന സകേഗി ...'' എങ്ങനെയാണ് ആ അനുഭൂതി വിശദീകരിക്കേണ്ടത് എന്നറിയില്ല. സ്വിച്ചിട്ടപോലെ സദസ്സിലെ കോലാഹലം നിന്നു. ഹാളിലും പുറത്തും സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. തലത്തിന്റെ ശബ്ദത്തിന്റെ മാസ്മരലഹരിയിലായിരുന്നു സദസ്സ്. ഹാളിൽ തിക്കിത്തിരക്കിയിരുന്ന ജനം പതുക്കെ പുറത്തേക്ക് ഇറങ്ങിനിന്നു. തലത്തിന്റെ മുഗ്ദ്ധമധുരമായ ആലാപനത്തിൽ മുഴുകി നിന്ന അവർ മറ്റെല്ലാ പ്രശ്‌നങ്ങളും പരാതികളും മറന്നുപോയിരുന്നു. കോരിച്ചൊരിയുന്ന മഴ പോലും പ്രശ്‌നമായില്ല അവർക്ക്. ഒരു ശബ്ദത്തിന് എത്രത്തോളം തീവ്രമായി നമ്മുടെ ഹൃദയത്തെ സ്പർശിക്കാനും കീഴടക്കാനും കഴിയുമെന്ന് അന്ന് മനസ്സിലായി.''

തലത്തും മുഹമ്മദ് റഫിയും
തലത്തും മുഹമ്മദ് റഫിയും

തലത്ത് പിന്നീട് മൂന്ന് തവണ കൂടി കോഴിക്കോട്ടെത്തി. 1966 ലും 68 ലും 80 ലും. 1966 ഫെബ്രുവരി 27 ന് മാനാഞ്ചിറ മൈതാനിയിൽ എം ഇ എസ് സംഘടിപ്പിച്ച ഗാനമേള ആയിരുന്നു ഇവയിൽ ഏറെ കേമം. ഗായകരായി മുഹമ്മദ് റഫിയും തലത്തും. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും പ്രശസ്തരായ രണ്ടു ഗായകരുടെ അപൂർവ സംഗമം. ഗായികയായി മീനു പുരുഷോത്തമും ഉണ്ട് കൂടെ. റഫിയോടൊപ്പം വേദി പങ്കിടാൻ തലത്തിന് സങ്കോചമുണ്ടായിരുന്നു ,'' -- വാസുദേവന്റെ ഓർമ്മ. രണ്ടു പേരും വ്യത്യസ്ത ശൈലികളുടെ ഉടമകൾ. ചടുലമായ പാട്ടുകളും ഒപ്പം മെലഡികളും പാടി സദസ്സിനെ ഇളക്കിമറിക്കും റഫി. തലത്താകട്ടെ അധികവും ലളിതവും പ്രണയാർദ്രവുമായ ഗസലുകളാണ് പാടുക. റഫിയുടെ കടുത്ത ആരാധകർക്ക് തലത്തിന്റെ സൗമ്യ മധുരമായ ഗാനങ്ങൾ ആസ്വദിക്കാൻ കഴിയണം എന്നില്ല. അതുപോലെ മറിച്ചും. റഫിയ്‌ക്കൊപ്പമാണ് പാടേണ്ടതെന്നു തലത്ത് അറിയുന്നത് തന്നെ ഇവിടെ വന്ന ശേഷമാണ്. സ്വാഭാവികമായും അദ്ദേഹം അസ്വസ്ഥനായി. ഒരു മത്സരത്തിനുള്ള മൂഡിലായിരുന്നില്ല രണ്ടു പേരും.''

തലത്ത് മഹമൂദ്, മുഹമ്മദ് റഫി, ജെ.ഇ ജോർജ്, ലത മങ്കേഷ്‌കർ
തലത്ത് മഹമൂദ്, മുഹമ്മദ് റഫി, ജെ.ഇ ജോർജ്, ലത മങ്കേഷ്‌കർ

എന്നാൽ, മാനാഞ്ചിറ മൈതാനം നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം അന്ന് കണ്ടത് രണ്ടു ഗായകരുടെ മത്സരമല്ല; രണ്ടു ലജൻഡുകൾ ചേർന്നുള്ള അപൂർവ ജുഗൽബന്ദി'' ആയിരുന്നു. റഫിയ്ക്ക് വേണ്ടി ആർത്തുവിളിച്ചു കൊണ്ടിരുന്ന ജനക്കൂട്ടത്തിനു മുന്നിലേക്ക് തലത്ത് എത്തിയത്ഏക് സാൽ'' എന്ന സിനിമയിൽ രവി ചിട്ടപ്പെടുത്തിയ `സബ് കുച്ഛ് ലുടാ കെ ഹോഷ് മേ '' എന്ന സുന്ദരഗാനവുമായാണ്. റഫിയാകട്ടെ കോഹിനൂറിലെ മധുബൻ മേ രാധിക എന്ന ക്ലാസിക് ഗാനം പാടി ജനത്തെ കയ്യിലെടുത്തു. ദോസ്തി എന്ന ചിത്രത്തിലെ ചാഹൂംഗ മേ തുജെ , ദിൽ തേരാ ദീവാനയിലെ ദിൽ തേരാ ദീവാന ഹേ സനം എന്നീ ഗാനങ്ങൾ ആണ് റഫി തകർത്തു പാടിയത്. തലത്ത് ആകട്ടെ ആർദ്ര പ്രണയഗാനങ്ങളും വിഷാദ ഗാനങ്ങളും ആലപിച്ചു സദസ്സിന്റെ ഹൃദയം കവർന്നു. ആലാപന ശൈലികളിലെ ഈ കൗതുകകരമായ വൈരുധ്യം ജനങ്ങൾ അതിന്റെ സ്പിരിറ്റിൽ സ്വീകരിച്ചു എന്നതാണ് കൗതുകകരം. ഇന്നും പ്രതീക്ഷാനിർഭരമായ ഒരു കാത്തിരിപ്പിന്റെ സുഖം പകരുന്നു എനിക്ക് തലത്തിന്റെ പാട്ടുകൾ. ഏറെ പ്രിയപ്പെട്ട ഒരാളുടെ സാമീപ്യത്തിനായുള്ള കാത്തിരിപ്പ്. **[ശാം-എ-ഗം കി കസം ആജ് ഗംഗീ ഹേ ഹം, ആഭിജാ ആഭിജാ ആജ് മേരെ സനം, ദിൽ പരേശാൻ ഹേ രാത് വീരാൻ ഹേ ദേഖ് ജാ കിസ് തരഹ് ആജ് തൻഹാ ഹേ ഹം...''](https://www.youtube.com/watch?v=Zgla37GgYWM)** ഹൃദയം അകാരണമായി അസ്വസ്ഥമാകുന്ന രാത്രികളിൽ ഏറ്റവും പ്രിയപ്പെട്ട ഗാനവുമായി കടന്നു വരാതിരിക്കില്ല തലത്ത്; ക്ഷണിക്കാതെ തന്നെ.

രവി മേനോന്റെ മറ്റ് എഴുത്തുകൾ വായിക്കാം

കൽപ്പന തുന്നിയ പട്ടുറുമാൽ

"ചൗദ് വീ കാ ചാന്ദ് ഹോ' അറുപതാം വയസ്സിലേക്ക്


Summary: എത്രയേറെ പാട്ടുകാർ ഉണ്ടായിട്ടും എന്ത് കൊണ്ട് തലത്ത് മഹമൂദിനെത്തന്നെ ഏറ്റവും ഇഷ്ടം എന്ന ചോദ്യത്തിന്, നമുക്ക് വേണ്ടി മാത്രം പാടുന്നതു കൊണ്ട് എന്നാണ് രവിമേനോന്റെ ഉത്തരം. പാട്ടിനോടുള്ള ഇഷ്ടങ്ങൾക്ക് അതുമായി ബന്ധപ്പെട്ട ഓർമകൾ തന്നെയാവും എല്ലാവർക്കും കാരണം. ആൾക്കൂട്ടത്തിൽ ഒറ്റപ്പെടുന്ന പാവം മനുഷ്യന്റെ ശബ്ദം പേറുന്ന തലത്തിന്റെയും തലത്തിന്റെ പാട്ടുകളുടേയും ഓർമകൾ പങ്കുവെയ്ക്കുകയാണ് പാട്ടെഴുത്തുകാരനായ രവിമേനോൻ


രവിമേനോൻ

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ

Comments