ഇളയരാജ, ദേവരാജൻ മാസ്റ്റർ, എം എസ് ബാബുരാജ്

തമിഴും ​മലയാളവുംനെഞ്ചോടുനെഞ്ചുചേർത്ത്​
കേട്ട പാട്ടുകൾ

തമിഴ്​ സിനിമകളുടെ ശബ്​ദവും സംഗീതവുമായി മാറിയ മലയാളി ഗായകരും സംഗീതജ്​ഞരും, മലയാളത്തി​ന്റേതായി മാറിയ തമിഴ്​ സംഗീതജ്​ഞർ. അതിർത്തികടന്നെത്തിയ പാട്ടുവഴികളെക്കുറിച്ച്​.

110 വർഷമായി; ഇന്നും പാട്ടുകൾ ഒഴിവാക്കാൻ ഇന്ത്യൻ സിനിമക്ക് കഴിഞ്ഞിട്ടില്ല. നിശ്ശബ്ദ സിനിമയുടെ കാലത്തുപോലും പടമോടുന്ന തിരശ്ശീലക്ക് പിന്നിലിരുന്നുകൊണ്ട് നമ്മുടെ സംഗീതക്കാർ പാട്ടുകൾ പാടി. ലോക സിനിമ സംസാരിച്ചു തുടങ്ങിയപ്പോൾ ഇന്ത്യൻ സിനിമ പാടാനാണ് തുടങ്ങിയത്. ആദ്യ ശബ്ദ ചിത്രമായ ‘ആലം ആര'യിൽ ഏഴുപാട്ടുകൾ. അതിൽ വസീർ മുഹമ്മദ് ഖാൻ എന്ന ഗായകൻ പാടിയ ‘ദേ ദേ ഖുദാ കേ നാം പേ പ്യാരേ' എന്ന പാട്ടാണ് ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രഗാനം. ലോകത്തിലെ ആദ്യത്തെ സിനിമാപ്പാട്ടാണ് ഇത് എന്ന് പറയുന്നവരുമുണ്ട്.

ഇതേകാലത്ത് പുറത്തുവന്ന ‘കാളിദാസ്' എന്ന ചിത്രം തമിഴിലായിരുന്നെങ്കിലും അതിലെ പാട്ടുകൾ തെലുങ്കിലായിരുന്നു. മഹാകവി കാളിദാസന്റെ കഥ പറഞ്ഞ ഈ സിനിമയിൽ ത്യാഗരാജ കീർത്തനങ്ങൾക്കൊപ്പം കോൺഗ്രസ് പാർട്ടിയുടെ പ്രചാരണഗാനങ്ങളും ഉണ്ടായിരുന്നു എന്നത് ഇന്ന് വലിയ തമാശയായി തോന്നാം. അക്കാലത്തു പുറത്തിറങ്ങിയ ‘ഇന്ദ്രസഭ' എന്ന ഹിന്ദി സിനിമയിൽ 72 പാട്ടുകളാണുണ്ടായിരുന്നത്. സംഭാഷണങ്ങളെല്ലാം പാട്ടുകൾ. ലോകത്തിൽ ഇതുവരെ ഉണ്ടായതിൽവെച്ച് ഏറ്റവും കൂടുതൽ പാട്ടുകളുള്ള സിനിമ ഇന്ദ്രസഭയാണ് എന്ന് പറയപ്പെടുന്നു.

ഇന്ത്യൻ സിനിമയുടെ ആദ്യകാലങ്ങളിൽ നല്ല ശബ്ദവും സംഗീതത്തിലുള്ള അറിവുമാണ് അഭിനയിക്കാനുള്ള യോഗ്യതയായി കണക്കാക്കിയിരുന്നത്. അങ്ങനെയാണ് ശാസ്ത്രീയഗായകന്മാരായ ‘ഭാഗവതൻ'മാർ സിനിമാ നായകന്മാരായത്. ഇവരിൽ, എം. കെ. ത്യാഗരാജ ഭാഗവതരാണ് തമിഴ്‌നാടിന്റെ ഹൃദയം കവർന്ന ആദ്യ ചലച്ചിത്രതാരം. അദ്ദേഹത്തിന്റെ ‘പവളക്കൊടി' എന്ന സിനിമയിൽ അമ്പത് പാട്ടുണ്ടായിരുന്നു. ‘ശ്രീകൃഷ്ണ ലീലലു' എന്ന അക്കാലത്തെ ഒരു തെലുങ്ക് ചിത്രത്തിൽ 62 പാട്ടുകൾ. വേദിയിൽ വർഷക്കണക്കിന് ഓടി പേരെടുത്ത സംഗീതനാടകങ്ങൾ അതേപടി സിനിമയാക്കിയതിന്റെ വിനയായിരുന്നു ഇത്തരം പാട്ടുസിനിമകൾ.

എം. കെ. ത്യാഗരാജ ഭാഗവതർ

അന്നൊക്കെ ഒരു സിനിമ കാണുക എന്നാൽ വെള്ളിത്തിരയിൽ പാട്ടുകൾ കാണുക എന്നായിരുന്നു അർത്ഥം. ഇതുകണ്ട് മനം മടുത്ത സംവിധായകൻ ജെ.ബി.എച്ച്. വാഡിയ തന്റെ ഹിന്ദി ചിത്രമായ നൗജവാനിൽ ഒരു പാട്ടുപോലും ചേർത്തില്ല. പക്ഷെ അത്തരം ശ്രമങ്ങളൊന്നും കാഴ്ചക്കാരിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. തമിഴ് സിനിമാ ലോകം എം. കെ. ത്യാഗരാജ ഭാഗവതരുടെ ‘സ്വപ്നജീവിതത്തിൽ ആഹ്‌ളാദിച്ച്' (സൊപ്പന വാഴ്​വിൽ മകിഴ്ന്ത്) കിടപ്പായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്ത ഗാനമായ ‘വദനമേ ചന്ദ്രബിംബമോ' മാത്രമല്ല അദ്ദേഹത്തിന്റെ സമകാലികനായിരുന്ന പി.യു. ചിന്നപ്പയുടെ ‘കാതൽ കനിരസമേ', ‘അൻപിൽ വിളൈന്ത അമുദമേ' തുടങ്ങിയ പാട്ടുകളും ആളുകളെ മയക്കിക്കിടത്തി.

മലയാള സിനിമ സംസാരിച്ചു തുടങ്ങിയത് ‘ബാലൻ' എന്ന ചിത്രത്തിലൂടെയായിരുന്നല്ലോ. അന്നത്തെ ജനപ്രിയ തമിഴ് സിനിമകളെ അനുകരിച്ച് നിർമിച്ച ആ സിനിമയിൽ, പ്രസിദ്ധമായ തമിഴ് പാട്ടുകളുടെ ഈണത്തിൽ 23 പാട്ടുണ്ടായിരുന്നു.

പാട്ടുകേൾക്കാൻ അതിർത്തി താണ്ടിയ മലയാളി

അക്കാലത്തെ കേരളത്തിലും ഈ പാട്ടുകൾക്ക് വൻ പ്രചാരമായിരുന്നു. മലയാള സിനിമാപ്പാട്ട് എന്നൊരു സംഭവം അക്കാലത്തുണ്ടായിരുന്നില്ല എന്നോർക്കുക. മലയാള ഭാഷയിൽ സിനിമയേ വന്നിരുന്നില്ല. സിനിമയൊക്കെ വരുന്നതിന് വളരെ മുമ്പുതന്നെ, പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന ചെങ്കോട്ടയിൽ ജനിച്ച എസ്. ജി. കിട്ടപ്പ നാടകങ്ങളിൽ പാടി നടിച്ച് പേരും പെരുമയും നേടിയിരുന്നു. ‘എല്ലോരൈയും പോലെ എന്നൈ എണ്ണലാകുമോടീ', ‘കായാത കാനകത്തേ' തുടങ്ങിയ തമിഴ് പാട്ടുകൾ കേരളത്തിലും അദ്ദേഹത്തിന് പതിനായിരക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു. ആ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം കേരളത്തിലെ സംഗീത ആരാധകരും വിദ്വാൻമാരും പാട്ടുകാരും അതിർത്തി താണ്ടി തമിഴ്നാട്ടിലെത്തി. കഷ്ടമെന്നു പറയട്ടെ, ഇന്ത്യൻ സിനിമ പാടിത്തെളിയുന്നതിനു മുമ്പേ, വെറും 29 വയസ്സിൽ കിട്ടപ്പ പാടിപ്പാടി മരിച്ചുപോയി.

കെ.സി. ഡേ, ആർ. സി. ബൊറാൽ, എസ്. ജി. കിട്ടപ്പ

നടന്മാർക്കുവേണ്ടി പാട്ടുകാർ പിന്നണി പാടുന്ന സമ്പ്രദായം ഹിന്ദിയിലും ബംഗാളിയിലും ഒരേസമയം പുറത്തുവന്ന ‘ധൂപ് ഛാവോം' (1935) എന്ന സിനിമയിൽത്തന്നെ ആരംഭിച്ചിരുന്നു. ആ ചിത്രത്തിൽ ആർ. സി. ബൊറാൽ സംഗീതം നൽകി പാട്ടുകാരി പാരുൽ ഘോഷിനൊപ്പം കെ.സി. ഡേ, ഹരിമതി, സുപ്രഭ സർക്കാർ എന്നിവർ ചേർന്ന് പാടിയ ‘മേ ഖുഷ് ഹോനാ ചാഹൂം' എന്ന പാട്ടാണ് ഇന്ത്യയിലെ ആദ്യത്തെ പിന്നണി ഗാനം.

ഗായകനടന്മാരില്ലാത്ത മലയാളം

മലയാള സിനിമ സംസാരിച്ചു തുടങ്ങിയത് ‘ബാലൻ' എന്ന ചിത്രത്തിലൂടെയായിരുന്നല്ലോ. അന്നത്തെ ജനപ്രിയ തമിഴ് സിനിമകളെ അനുകരിച്ച് നിർമിച്ച ആ സിനിമയിൽ, പ്രസിദ്ധമായ തമിഴ് പാട്ടുകളുടെ ഈണത്തിൽ 23 പാട്ടുണ്ടായിരുന്നു. അടുത്ത മലയാള സിനിമ ‘ജ്ഞാനാംബിക'യിൽ തമിഴനായ ടി. കെ. ജയരാമ അയ്യർ ഈണമിട്ട ധാരാളം പാട്ടുണ്ടായിരുന്നു. ഈ സിനിമയിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ പാടിയ ‘കഥയിതു കേൾക്കാൻ സഹജരേ വാ' എന്ന പാട്ടാണ് മലയാളത്തിലെ ആദ്യ ഹിറ്റ് സിനിമാ ഗാനം.
ഇതേത്തുടർന്നാണ് മലയാളത്തിലെ ആദ്യ പുണ്യപുരാണ ചിത്രമായ ‘പ്രഹ്ളാദ' പുറത്തുവരുന്നത്. 25 പാട്ടുകൾ. ഒരു വർഷം മുമ്പ് തമിഴിൽ വന്ന ഇതേ പേരുള്ള സിനിമയുടെ റീമേക്കായിരുന്നു ഈ മലയാളം പ്രഹ്‌ളാദൻ. തമിഴിൽ നാനൂറിലധികം പാട്ടുകൾ എഴുതിയ പാപനാശം ശിവൻ ഈ സിനിമയിലെ പാട്ടുകൾ പാടി അഭിനയിച്ചു.

‘നിർമ്മല' തമിഴ് പാട്ടുകളുടെ പിടിയിൽ നിന്ന് കരകയറാനുള്ള മലയാള സിനിമയുടെ ശ്രമമായിരുന്നു എന്നുപറയാം. പിന്നണി ഗായകരെക്കൊണ്ട് പാട്ടുകൾ പാടിപ്പിക്കുന്ന രീതി ഈ ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി വരുന്നത്.

പിന്നീട് ആറുവർഷം മലയാളത്തിൽ സിനിമകളൊന്നും പുറത്തിറങ്ങിയില്ല. ഇക്കാലത്താണ് തമിഴിൽ ത്യാഗരാജ ഭാഗവതരുടെ ‘ശിവകവി', ‘ഹരിദാസ്', ചിന്നപ്പയുടെ ‘ആര്യമാല', ‘ഹരിശ്ചന്ദ്ര' തുടങ്ങിയവ പുറത്തിറങ്ങി വൻ വിജയങ്ങളായത്. കിട്ടപ്പയുടെ സംഗീതശൈലി പിന്തുടർന്ന ടി. ആർ. മഹാലിംഗം നായകനായ ‘ശ്രീവല്ലി', ‘നാം ഇരുവർ' തുടങ്ങിയ ചിത്രങ്ങളും ഇക്കാലത്തെ വമ്പൻ ഹിറ്റുകളായി. ഈ സിനിമകളും അവയിലെ പാട്ടുകളും കേരളത്തെയും കീഴടക്കി.
അഞ്ചുവർഷം കഴിഞ്ഞ് വന്ന ‘നിർമ്മല' തമിഴ് പാട്ടുകളുടെ പിടിയിൽ നിന്ന് കരകയറാനുള്ള മലയാള സിനിമയുടെ ശ്രമമായിരുന്നു എന്നുപറയാം. പിന്നണി ഗായകരെക്കൊണ്ട് പാട്ടുകൾ പാടിപ്പിക്കുന്ന രീതി ഈ ചിത്രത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി വരുന്നത്. തമിഴിലെ ത്യാഗരാജ ഭാഗവതരെയും ചിന്നപ്പ ഭാഗവതരെയും ജി.എൻ. ബാലസുബ്രമണ്യത്തെയും പോലെ പാടി അഭിനയിക്കാൻ ശേഷിയുള്ള ഗായകനടന്മാർ മലയാളത്തിലില്ലെന്ന തിരിച്ചറിവായിരുന്നു സത്യത്തിൽ ഇവിടെ പിന്നണിപ്പാട്ടിന് തുടക്കമിട്ടത്.

ചിന്നപ്പ ഭാഗവതർ, ജി.എൻ. ബാലസുബ്രമണ്യം

ആദ്യ ജ്ഞാനപീഠം നേടിയ ജി. ശങ്കരക്കുറുപ്പാണ് നിർമ്മലയിലെ ഗാനങ്ങൾ എഴുതിയത്. പി. എസ്. ദിവാകറും ഇ. ഐ. വാര്യരും ഒരുക്കിയ സംഗീതം ടി. കെ. ഗോവിന്ദ റാവും സരോജിനിയും ചേർന്നു പാടി. അങ്ങനെ അവർ ഇരുവരും മലയാളത്തിലെ ആദ്യ പിന്നണിഗായകരായി. ഈ ചിത്രത്തിലെ ‘കേരളമേ ലോക നന്ദനം' എന്ന ഗാനം പാടിയ പാലക്കാട്ടുകാരിയായ പൊറായത്ത് ലീല എന്ന പി. ലീല അതിനകം തമിഴിൽ പ്രശസ്തയായിരുന്നു. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നൂറുകണക്കിന് ഗാനങ്ങൾ അവർ പാടി. മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലെത്തി വിജയിച്ച ആദ്യ ഗായികയാണ് പി. ലീല.

തമിഴ്‌നാട്ടിൽ നിന്നുവന്ന സംഗീതസംവിധായകൻ ബി. എ. ചിദംബരനാഥ് ‘വെള്ളി നക്ഷത്രം' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പകൽക്കിനാവിൻ സുന്ദരമാകും, കുങ്കുമപ്പൂവുകൾ പൂത്തു, കരയുന്നോ പുഴ ചിരിക്കുന്നോ, കേശാദിപാദം തൊഴുന്നേൻ, സുറുമ നല്ല സുറുമ... മലയാളത്തിന് മറക്കാൻ കഴിയാത്ത പല പാട്ടുകൾ ഒരുക്കിയ ചിദംബരനാഥ് 2007ൽ ചെന്നൈയിൽ മരിക്കുന്നതുവരെ മലയാള സിനിമയുടെ പഴയ കാലത്തെക്കുറിച്ചും സംഗീതജീവിതത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുമായിരുന്നു.

മലയാളത്തിലെ പ്രശസ്തമായ ‘ജീവിതനൗക'യ്ക്ക് ദക്ഷിണാമൂർത്തി നൽകിയ സംഗീതം ഹിന്ദിപ്പാട്ടുകളുടെ ഈണത്തിലായിരുന്നു. അതിൽ മലയാളികളല്ലാത്ത പാട്ടുകാർ തമിഴ് ഉച്ചാരണത്തോടെ മലയാളം പാടി.

എം.എസ്​. വിശ്വനാഥനും എം.ബി. ശ്രീനിവാസനും

കേരളത്തിലാണ് ജനിച്ചതെങ്കിലും മാതൃഭാഷകൊണ്ട് തമിഴനായിരുന്ന ദക്ഷിണാമൂർത്തി ‘നല്ല തങ്ക' എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി. ചില തമിഴ് സിനിമകളിൽ നേരത്തെ പാടിയിട്ടുള്ള വൈക്കം മണിയും യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫും ഈ ചിത്രത്തിൽ പാടി. അക്കാലത്തെ മലയാളം സംഗീതസംവിധായകർ തമിഴ്, ഹിന്ദി ഗാനങ്ങളുടെ ഈണത്തിലായിരുന്നു അധികം പാട്ടും ഉണ്ടാക്കിക്കൊണ്ടിരുന്നത്. അതേ വഴിയാണ് ദക്ഷിണാമൂർത്തിയും പിന്തുടർന്നത്.

മലയാളത്തിലെ പ്രശസ്തമായ ‘ജീവിതനൗക'യ്ക്ക് ദക്ഷിണാമൂർത്തി നൽകിയ സംഗീതം ഹിന്ദിപ്പാട്ടുകളുടെ ഈണത്തിലായിരുന്നു. അതിൽ മലയാളികളല്ലാത്ത പാട്ടുകാർ തമിഴ് ഉച്ചാരണത്തോടെ മലയാളം പാടി. തമിഴ് ചിത്രമായ മന്ത്രികുമാരിയിൽ ‘വാരായ് നീ വാരായ്' എന്ന ഗാനം പാടി പ്രസിദ്ധനായ ട്രിച്ചി ലോകനാഥൻ 'ജീവിത നൗക'യിൽ നല്ല തമിഴ് ഉച്ചാരണത്തോടെ പാടി. ജ്ഞാനമണി, എസ്. എൻ. ചാമി, ടി. ആർ. പാപ്പ, ബ്രദർ ലക്ഷ്മണൻ എന്നിവരും തമിഴിൽനിന്ന് മലയാളത്തിലേക്ക് വന്ന സംഗീതസംവിധായകരായിരുന്നു.
ഇതിൽ ടി. ആർ. പാപ്പ സംഗീതം നൽകിയ ‘ദേവസുന്ദരി' ആണ് മലയാളത്തിൽ ഇന്നുവരെ വന്നതിൽ ഏറ്റവും കൂടുതൽ പാട്ടുള്ള ചിത്രം. ആവർത്തനങ്ങൾ അടക്കം 30 പാട്ടുണ്ടായിരുന്നു ഈ സിനിമയിൽ. ഒരേസമയം അഞ്ച് ഭാഷകളിൽ നിർമ്മിച്ച് റിക്കാർഡ് സ്ഥാപിച്ച ചിത്രവുമായിരുന്നു ദേവസുന്ദരി.

എം.എസ്​. വിശ്വനാഥനും എം.ബി. ശ്രീനിവാസനും

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെത്തി ഇവിടെ മിന്നും താരമായി മാറിയ ആദ്യ സംഗീതസംവിധായകൻ ബ്രദർ ലക്ഷ്മണനാണ്. ഇരുപതിലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ‘അഞ്ജന ശ്രീധര ചാരുമൂർത്തേ കൃഷ്ണാ', ‘ആത്മവിദ്യാലയമേ', ‘ഈശ്വരചിന്തയിതൊന്നേ', ‘സംഗീതമേ ജീവിതം' തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേരളത്തിലെ സംഗീത സംസ്‌കാരത്തിന്റെ ഭാഗമാണല്ലോ.

തമിഴ് സംസ്‌കാരത്തിനും സംഗീതത്തിനും കേരളം നൽകിയ ഏറ്റവും വലിയ സംഭാവന എം.എസ്​. വിശ്വനാഥൻ തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ കേരളീയ സംസ്‌കാരത്തിന്റെ അടയാളങ്ങൾ ഇല്ലായിരുന്നു എന്നതും നാം ഓർക്കേണ്ടതുണ്ട്.

ജന്മംകൊണ്ട് മലയാളിയായ എം. ജി. ആറിനെ നായകനാക്കി തമിഴിലും മലയാളത്തിലും ഒരേസമയത്ത് നിർമിക്കപ്പെട്ട ‘ജെനോവ' (1953) എന്ന സിനിമയിലൂടെ, കേരളത്തിൽ പാലക്കാട്ടെ എലപ്പുള്ളി ഗ്രാമത്തിൽ ജനിച്ച്, കണ്ണൂരിൽ വളർന്ന മനയങ്കത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന എം. എസ്. വിശ്വനാഥൻ തമിഴ് സിനിമാസംഗീതത്തിൽ എത്തിച്ചേർന്നു. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ തമിഴ് ഗാനങ്ങളുടെ ഗതിയെത്തന്നെ മാറ്റിമറിച്ച് തമിഴകത്തിന്റെ സംഗീത രാജാവായി അദ്ദേഹം. തമിഴിലും മറ്റ് ഭാഷകളിലുമായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതം നൽകിയ വിശ്വനാഥൻ മലയാളത്തിലും അറുപത് സിനിമകൾ ചെയ്തു. അവയിൽ കേരളം ഒരിക്കലും മറക്കാത്ത പാട്ടുകളുണ്ട്. തമിഴ് സംസ്‌കാരത്തിനും സംഗീതത്തിനും കേരളം നൽകിയ ഏറ്റവും വലിയ സംഭാവന വിശ്വനാഥൻ തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ സംഗീതത്തിൽ കേരളീയ സംസ്‌കാരത്തിന്റെ അടയാളങ്ങൾ ഇല്ലായിരുന്നു എന്നതും നാം ഓർക്കേണ്ടതുണ്ട്.

തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലെത്തി നിരവധി മനോഹര ഗാനങ്ങൾ ചിട്ടപ്പെടുത്തി അവിസ്മരണീയനായി മാറിയ സംഗീതജ്ഞനാണ് എം. ബി. ശ്രീനിവാസൻ. 54 മലയാള സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. അഞ്ച് തവണ കേരള സർക്കാരിന്റെ അവാർഡ് നേടി. യേശുദാസിനെ ഗായകനായി സിനിമയിൽ കൊണ്ടുവന്നത് എം. ബി. ശ്രീനിവാസനാണ്. അടൂർ ഗോപാലകൃഷ്ണന്റെ ‘കൊടിയേറ്റം', ‘സ്വയംവരം', കെ. ജി. ജോർജിന്റെ ‘യവനിക', ‘ഉൾക്കടൽ' തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനും അദ്ദേഹമായിരുന്നു.

‘ഹരിശ്​ചന്ദ്ര’ എന്ന സിനിമയിൽ, ബ്രദർ ലക്ഷ്മണൻ സംഗീത സംവിധാനം ചെയ്ത ‘ആത്മവിദ്യാലയമേ' എന്ന പാട്ടിലെ രംഗം / Photo: YouTube Sccreenshot

മലയാളിയുടെ ഇളയരാജ

ദക്ഷിണാമൂർത്തിയുടെ ശിഷ്യനായി മലയാള സിനിമയിലെത്തിയ ആർ. കെ. ശേഖർ 25 മലയാള സിനിമകൾക്ക് സംഗീതം നൽകി. ഉപകരണ സംഗീത സംവിധായകനെന്ന നിലയിൽ അക്കാലത്തെ ഒട്ടുമിക്ക മലയാള സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മകൻ എ. ആർ. റഹ്​മാന്​ സംഗീത സംവിധായകനാകാനുള്ള ആദ്യ അവസരം നൽകിയതും മലയാളമായിരുന്നു.

തന്റെ ചില സിനിമകളിൽ കേരളീയ നാട്ടിൻപുറ സംഗീതം മികച്ച രീതിയിൽ ഉപയോഗിക്കാനും ഇളയരാജയ്ക്ക് സാധിച്ചു. തമിഴിലേതിനേക്കാൾ സൂക്ഷ്മമായ പല പാട്ടുകൾ ഇളയരാജ മലയാളത്തിൽ നിർമിച്ചിട്ടുണ്ട്.

സലിൽ ചൗധരിയുടെ സഹായിയായി മലയാള സിനിമയിലെത്തി 250ലധികം സിനിമകൾക്ക് സംഗീതം നിർവ്വഹിച്ച ശ്യാം കേരളത്തിന്റെ സംഗീതത്തിൽ തനതായ മുദ്ര പതിപ്പിച്ച തമിഴ്നാട്ടുകാരനാണ്. ഇവിടെ നൂറുകണക്കിന് മധുരഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി. ‘മഴൈ തരുമോ എൻ മേഘം' തുടങ്ങിയ മികച്ച പാട്ടുകൾ തമിഴിലും അദ്ദേഹം ചെയ്തിട്ടുണ്ട്.

തമിഴിലെ ഇതിഹാസ സംഗീതസംവിധായകൻ കെ. വി. മഹാദേവൻ മലയാളത്തിൽ പത്ത് സിനിമകൾക്ക് സംഗീതം നൽകി. ‘കായലും കയറും' എന്ന ചിത്രത്തിലെ ‘ശരറാന്തൽ തിരി താണു' തുടങ്ങിയ ഗാനങ്ങൾ മലയാളി മനസ്സിൽ ഇന്നും നിറം മങ്ങാതെ നിൽക്കുന്നുണ്ട്. മഹാദേവന്റെ ഒട്ടുമിക്ക ഗാനങ്ങൾക്കും ഉപകരണ സംഗീതം ചിട്ടപ്പെടുത്തിയ പുകഴേന്തി മലയാളിയായിരുന്നു. പതിനഞ്ചോളം സിനിമകളിൽ സ്വതന്ത്ര സംഗീത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തമിഴരായ ശങ്കർ ഗണേഷ്, എസ്. ഡി. ശേഖർ, രംഗനാഥൻ തുടങ്ങിയവരും മലയാള സിനിമകൾക്ക് സംഗീതം നൽകി. സംഗീതരാജൻ എന്ന എസ്. പി. വെങ്കടേഷ് 90കളിലെ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. ഗംഗൈ അമരനും മലയാളത്തിൽ പല സിനിമകൾക്ക് സംഗീതം നൽകി.

ആർ. കെ. ശേഖർ, എ ആർ റഹ്‌മാൻ

1978ൽ കെ. ജി. ജോർജ് സംവിധാനം ചെയ്ത ‘വ്യാമോഹം' എന്ന ചിത്രത്തിൽ തുടങ്ങി, മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുവന്ന ചില ചിത്രങ്ങൾ അടക്കം 89 മലയാള സിനിമകൾക്ക് ഇളയരാജ സംഗീതം നൽകി. തന്റെ ചില സിനിമകളിൽ കേരളീയ നാട്ടിൻപുറ സംഗീതം മികച്ച രീതിയിൽ ഉപയോഗിക്കാനും ഇളയരാജയ്ക്ക് സാധിച്ചു. തമിഴിലേതിനേക്കാൾ സൂക്ഷ്മമായ പല പാട്ടുകൾ ഇളയരാജ മലയാളത്തിൽ നിർമിച്ചിട്ടുണ്ട്. കണ്ണൂർ രാജൻ സംഗീതം നൽകിയ ‘പാറ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ പാടിയ ‘അരുവികൾ ഓളം തുള്ളും താഴ്വരയിൽ' അദ്ദേഹം പാടിയ മികച്ച ഗാനങ്ങളിൽ ഒന്നാണ്. മലയാളത്തിൽ പതിനഞ്ചോളം പാട്ടുകൾ ഇളയരാജ പാടി.

തമിഴ് സംഗീതസംവിധായകരെ കേരളം ഇരുകൈയും നീട്ടി സ്വീകരിച്ചുവെങ്കിലും എം. എസ്. വിശ്വനാഥൻ ഒഴികെ കേരളത്തിൽ നിന്നു പോയ സംഗീതസംവിധായകർ ആരും തമിഴിൽ ശോഭിച്ചില്ല. മലയാളത്തിൽ നിന്ന് തമിഴിലേക്ക് മൊഴി മാറ്റിയ ‘ഏഴിസൈ ഗീതമേ' (ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം) പോലെയുള്ള പാട്ടുകളിലൂടെ രവീന്ദ്രൻ തമിഴിൽ കുറച്ചൊക്കെ ശ്രദ്ധനേടി. ദേവരാജൻ മാസ്റ്ററും തമിഴിൽ ചില സിനിമകൾക്ക് സംഗീതം നൽകി. ‘അന്തരംഗം' എന്ന ചിത്രത്തിലെ ‘ഞായിറു ഒളിമഴൈയിൽ' എന്ന ഗാനത്തിലൂടെ നടൻ കമൽഹാസനെ ഒരു ഗായകനായി അവതരിപ്പിച്ചു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ സംഭാവന തമിഴിൽ കാര്യമായി ഒന്നുമില്ല. സ്വയം പാടിയ ‘ശിവഗംഗൈ കരൈയിനിലേ' എന്ന ഭക്തി ഗാനവും ശീർകാഴി ഗോവിന്ദരാജൻ പാടിയ ഒന്നുരണ്ട് ഭക്തിഗാനങ്ങളും ചെയ്തതൊഴിച്ചാൽ ബാബുരാജിനും തമിഴിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഷാജി ചെന്നൈ

തമിഴിലെ മലയാളിശബ്​ദങ്ങൾ

തമിഴ് ഗായകരായ എൽ.ആർ. ഈശ്വരിയും വാണി ജയറാമും മലയാളത്തിൽ പല പാട്ടുകൾ പാടി. തമിഴുകാരിയായ മാധുരി ദേവരാജൻ മാസ്റ്ററുടെ ഒട്ടേറെ ഗാനങ്ങൾ പാടി. ജനപ്രിയമായില്ലെങ്കിലും ടി. എം. സൗന്ദരരാജൻ, ശീർകാഴി ഗോവിന്ദരാജൻ എന്നിവരും മലയാളത്തിൽ ഒന്ന് രണ്ടു പാട്ടുപാടി. തമിഴ് മാതൃഭാഷക്കാരനായ ശ്രീനിവാസ് ഏതാനും മലയാളം പാട്ടുകൾ പാടി വിജയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു.

മലയാള സംഗീത സംവിധായകർ തമിഴിൽ നേട്ടമുണ്ടാക്കിയില്ലെങ്കിലും മലയാളം മാതൃഭാഷയായ പാട്ടുകാർ വലിയ വിജയമാണ് തമിഴിൽ നേടിയത്. പി. ലീലക്കുശേഷം യേശുദാസ്, മലേഷ്യ വാസുദേവൻ, ജയചന്ദ്രൻ, ചിത്ര, ജെൻസി, സ്വർണലത, മിന്മിനി, സുജാത, ഉണ്ണി മേനോൻ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ തമിഴിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചവരാണ്. ആ നിര ഇന്ന് വിജയ് യേശുദാസിലേക്കും മധു ബാലകൃഷ്ണനിലേക്കും യാസിൻ നിസ്സാറിലേക്കും നീളുന്നു.

ജി. രാമനാഥൻ, എം. എസ്. വിശ്വനാഥൻ, ഇളയരാജ, എ. ആർ. റഹ്​മാൻ എന്നീ സംഗീതസംവിധായകർ മാത്രമാണ് തമിഴ് സിനിമാപ്പാട്ടിന്റെ കാലങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയത്.

വ്യത്യസ്തമായ സംഗീത വ്യക്തിത്വവും മനോഭാവവുമുള്ള ഇരുപത്തഞ്ചോളം സംഗീതസംവിധായകർ ഒരേസമയത്ത് മലയാളത്തിൽ പ്രവർത്തിച്ച കാലമുണ്ട്. വടക്കൻ കേരളത്തിലെ നാടൻ സംഗീതത്തിലൂന്നിയ കെ. രാഘവന്റെ പാട്ടുകൾ മുതൽ രാജസ്ഥാൻകാരനായിരുന്ന വേദ്പാൽ വർമ്മയുടെ ‘ഏഴിലം പാലപ്പൂ'വിനെ വരെ മലയാള സിനിമാസംഗീതം സ്വീകരിച്ചു. ഇങ്ങനെയാണ് പല രീതികളിലുള്ള പാട്ടുകളും സംഗീതശൈലികളും മലയാളത്തിൽ സംഭവിക്കുന്നത്. എന്നാൽ തമിഴിൽ ഓരോ കാലത്തും ഒരു സംഗീതസംവിധായകൻ മാത്രമാണ് ആധിപത്യം പുലർത്തിയത്. മറ്റുള്ള സംഗീത സംവിധായകർ ആധിപത്യമുള്ള ആളിന്റെ വഴി പിന്തുടരുകയാണ് ചെയ്തത്.

സലിൽ ചൗധരി, ബോംബെ രവി, ഉഷാ ഖന്ന, രവീന്ദ്ര ജെയിൻ

ജി. രാമനാഥൻ, എം. എസ്. വിശ്വനാഥൻ, ഇളയരാജ, എ. ആർ. റഹ്​മാൻ എന്നീ സംഗീതസംവിധായകർ മാത്രമാണ് തമിഴ് സിനിമാപ്പാട്ടിന്റെ കാലങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയത്. എം. എസ്. വിശ്വനാഥന്റെ സമകാലികനായിരുന്ന കെ. വി. മഹാദേവൻ മാത്രമാണ് ഇതിന് അപവാദം. സംഗീതത്തിൽ ഇവരുടെ നേട്ടങ്ങൾ മഹത്തരമാണെങ്കിലും തമിഴ് സിനിമാപാട്ടുകളിൽ മലയാളത്തിലേതുപോലെയുള്ള വൈവിധ്യവും ബഹുസ്വരതയും കുറവാണ് എന്നുകാണാം.

ആരംഭകാലം മുതലുള്ള മലയാളം സിനിമാപ്പാട്ടുകൾ ശ്രദ്ധിച്ചു കേൾക്കുന്നവരോട് അവർക്ക് മറക്കാനാവാത്ത ചില ഗാനങ്ങൾ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ അതിൽ സലിൽ ചൗധരി, ബോംബെ രവി, ഉഷാ ഖന്ന, രവീന്ദ്ര ജെയിൻ, ബ്രദർ ലക്ഷ്മണൻ, ആർ.കെ. ശേഖർ, എം. ബി. ശ്രീനിവാസൻ, ശ്യാം, വിദ്യാസാഗർ തുടങ്ങി മലയാളികളല്ലാത്തവർ സംവിധാനം ചെയ്ത പാട്ടുകളായിരിക്കും അധികം. അതുപോലെ എം. എസ്. വിശ്വനാഥൻ എന്ന മലയാളിയെ തമിഴ് സംസ്‌കാരത്തിൽനിന്നും സംഗീതത്തിൽ നിന്നും ഒരിക്കലും പിരിക്കാനാവില്ല. സംഗീതം അതിരുകൾക്കതീതമായ വിശാല ലോകമാണെന്ന് മഹാന്മാരായ നമ്മുടെ സംഗീത സംവിധായകർ എന്നേ തെളിയിച്ചുകഴിഞ്ഞു. ▮

(Timeline : ആലം ആര -1931, കാളിദാസ് -1931, ഇന്ദ്രസഭ -1932, പവളക്കൊടി -1934, നൗജവാൻ-1937, ബാലൻ -1938, ജ്ഞാനാംബിക -1940, വെള്ളി നക്ഷത്രം -1949, നല്ല തങ്ക -1950, ജീവിത നൗക -1951, ദേവസുന്ദരി -1957 )


ഷാജി ചെന്നൈ

എഴുത്തുകാരൻ, സംഗീത നിരൂപകൻ, വിവർത്തകൻ, വിമർശകൻ, സിനിമാ നടൻ.

Comments