ഇളയരാജയുടെ സ്വന്തം പെരിയരാജ

''നാട്ടുതമിഴന് മനസ്സിലാവുന്ന നാടൻതമിഴിൽ പാവലർ പാടി, പ്രസംഗിച്ചു. തമിഴ് മക്കൾ ഏറ്റു പാടി. പാവലറുടെ പാട്ടും പ്രസംഗവും കേൾക്കാൻ ആളു കൂടി. പാവലറെ കാണാൻ വേണ്ടി മാത്രമായി തേയില തൊഴിലാളികൾ പണിതീർത്ത് വൈകുന്നേരങ്ങളിൽ കാത്തിരുന്നു. ആക്ഷേപഹാസ്യമായിരുന്നു പാട്ടുകളും പ്രസംഗവും. കോൺഗ്രസ്സിന്റെ ജന്മിത്വ ചൂഷണ കഥകളും കമ്യൂണിസ്റ്റ്കാരുടെ പോരാട്ട ചരിത്രവും വിവരിക്കും. എന്നിട്ട് സദസ്സിനോട് ചോദിക്കും: '.... അപ്പടിപ്പട്ട കാങ്ഗ്രസ് കച്ചിക്ക് ഓട്ട് പോടുവീങ്കളാ?' 'ഇല്ലൈ ഇല്ലൈ '' എന്ന് സദസ്സ് ആർത്തിരമ്പും.''

ചെന്നൈയിലെ കോവളം കടപ്പുറത്ത് ഇരിക്കുകയായിരുന്നു അവർ.
കടല കൊറിക്കുന്നുണ്ടായിരുന്നു.
കടല പൊതിഞ്ഞു കിട്ടിയ കടലാസിലെ കുനുകുനെ കവിത അയാളാണ് കണ്ടത്.
"പാവലർ വരദരാജന്റെ പാട്ട്!'' അയാൾ കൗതുകത്തോടെ പറഞ്ഞു.

പാവലർ വരദരാജൻ ! ആ പേര് അവൾ കേട്ടിട്ടില്ലെന്ന് തോന്നുന്നു. ആ കടലാസ് വാങ്ങി അവൾ അത് ഉറക്കെ വായിച്ചു; അയാൾ കേൾക്കാൻ തന്നെ.
"മണ്ണിൽ ഇന്ത കാതലൻട്രി യാരും വാഴ്തൽ കൂടുമോ....
എണ്ണം കന്നിപ്പാവയിൻട്രി ഏഴു സ്വരം താൻ പാടുമോ.....'

പ്രണയമില്ലാതെ എന്തു ജീവിതം?
പ്രിയപ്പെട്ടവളെ കേൾപ്പിക്കാനല്ലാതെ എന്തുപാട്ട്?...

"" പാടാൻ അറിയാമോ?'' അവൾ ചോദിക്കുന്നു.

""ഒരു വിധം '' അയാളുടെ മറുപടി. ""ഇന്ന് ഞാൻ ഈ പാട്ട് പാടും, ശ്വാസം വിടാതെ ''.

""ശ്വാസം വിടാതെ ! അതും നിങ്ങൾ!''
അവൾ പരിഹസിച്ച് ചിരിച്ചു.

110 കിലോ ഭാരമുള്ള ശരീരം ആയാസത്തോടെ ചലിപ്പിച്ചു കൊണ്ട് അയാൾ കോവളം കടപ്പുറത്ത് കൂടെ നടന്നു. പാവലർ വരദരാജന്റെ വരികൾ ശ്വാസം വിടാതെ അയാൾ പാടി. താളമിട്ട് തിരമാലകൾ. വരികൾക്കിടയിലെ നിശ്ശബ്ദതകളിൽ നുരഞ്ഞും പതഞ്ഞും ഇളയരാജയുടെ സിംഫണിമധുരത്തിരകൾ.

ഇന്നും എത്രയോ വേദികളിൽ അയാൾ ആ പാട്ട് പാടിക്കൊണ്ടിരിക്കുന്നു.
ഇന്നും, ഓരോ തവണ പാടുന്നതിന്റെ മുമ്പും എസ്.പി.ബാലസുബ്രമണ്യം അത് ഏറ്റു പറയും: "നോക്കൂ, നിങ്ങൾ ആ സിനിമയിൽ കണ്ടത് ഒരു വലിയ തട്ടിപ്പ് ആയിരുന്നു. ആ പാട്ട് റിക്കാഡ് ചെയ്യുന്നതിന്റെ ഇടയിൽ എത്രയോ തവണ ഞാൻ ശ്വാസമെടുത്തിട്ടുണ്ട്'.

എന്നിട്ടും, ഓരോ തവണ എസ്.പി.ബി. ആ പാട്ട് പാടി നിർത്തുമ്പോളും നമുക്ക് തോന്നും, 30 കൊല്ലം മുമ്പ് മദ്രാസ് കടപ്പുറത്തു നിന്ന് പാടിത്തുടങ്ങിയ ശേഷം ഇന്നുവരെ ഇയാൾ ശ്വാസമെടുത്തിട്ടില്ലല്ലോ എന്ന്.
ശ്വാസം വിടാതെയല്ല എസ്.പി.ബി.അത് പാടിയതെങ്കിലും പിൽക്കാലത്ത് എത്രയെത്ര ചെറുപ്പക്കാർ ശ്വാസം പിടിച്ച് ആ പാട്ട് ഗാനമേളകളിൽ പാടിയിട്ടുണ്ട്. ശ്വാസം അടക്കിപ്പിടിച്ച് സദസ്സ് അത് കേട്ടിരിക്കുന്നുമുണ്ട്.

സത്യത്തിൽ, ആ പാട്ട് പാടുന്ന പാട്ടുകാരന് ഒരായുഷ്‌ക്കാലത്തേക്ക് വേണ്ടത്ര ശ്വാസം, ജീവവായു, ആ പാട്ടിന്റെ വരികളിലുണ്ട്.

എസ്.ബി ബാലസുബ്രഹ്മണ്യവും ഇളയരാജയും.

പെൺവിരുദ്ധമെന്നോ, ആൺകാഴ്ചയെന്നോ ആരോപിക്കാവുന്നവ തന്നെയാണ് ആ വരികൾ. പക്ഷേ, ആരോഹണാവരോഹണങ്ങളാൽ അതിശയിപ്പിക്കുന്ന അസാധ്യമായ താളമുണ്ട് പാവലർ വരദരാജന്റെ ആ വരികളിൽ. പാട്ട് പാടുന്നൊരാൾക്ക് മാത്രം എഴുതാൻ കഴിയുന്നൊരു പാട്ട്. പേരുകേട്ട പാട്ടുകാരനായിരുന്ന പാവലർ ആ പാട്ട് എത്രയോ വേദികളിൽ പാടിയിട്ടുണ്ടാവണം.

എന്തായിരുന്നു പാവലർ ആ പാട്ടിനിട്ട ഈണമെന്ന് എവിടെയും കണ്ടിട്ടില്ല. അണ്ണന്റെ ഗാനമേളകളിൽ ഹാർമോണിയപ്പെട്ടി വായിച്ചിരുന്ന അനിയൻ രാസയ്യയും അത് എവിടെയും പറഞ്ഞതായി അറിയില്ല. പാവലർ വരദരാജൻ എന്ന പേര് പോലും ഇന്ന് തമിഴൻ ഓർക്കുന്നുണ്ടാവുമോ? തോറ്റുപോയവരുടെ ചരിത്ര പുസ്തകത്തിലാണ് ഇന്ന് പാവലറുടെ പേര് കാണുക,

ഇളയരാജയെ വളർത്തിയ പെരിയരാജ

തേനി പണ്ണൈപുരത്തെ ദരിദ്ര ദളിത കർഷകൻ ഡാനിയൽ രാമസ്വാമിയുടെ മൂത്ത മകൻ വരദരാജൻ ഒരു കാലം തമിഴ്‌നാട്ടിലെ വിപ്ലവകവിയും വിപ്ലവഗായകനും കമ്യൂണിസ്റ്റ് വേദികളിലെ തീക്കതിർ വാഗ്മിയുമായിരുന്നു.

പാവലർ വരദരാജൻ

തെല്ല് തെക്കുപടിഞ്ഞാറ് മാറിയാണ് പിറന്നതെങ്കിൽ വയലാറിനു തുല്യം വളരുമായിരുന്നു. മദിരാശിയിലായിരുന്നെങ്കിൽ കണ്ണദാസനെ കടത്തിവെട്ടുമായിരുന്നു.
ചരിത്രം പക്ഷേ വരദരാജനെ രേഖപ്പെടുത്തിയത് വേറെ മാതിരിയാണ്. ഡാനിയൽ രാമസ്വാമിയുടെ മൂന്നാമത്തെ മകൻ - രണ്ടാംഭാര്യയിലെ രണ്ടാമത്തെ മകൻ -ഡാനിയൽ രാസയ്യയെ ഇന്ത്യൻ സിനിമാ സംഗീതത്തിലെ എക്കാലത്തെയും ഇളയരാജ (the ever fresh King) യാക്കി വാർത്തെടുത്ത ജ്യേഷ്ഠസഹോദരനായി അയാൾ അറിയപ്പെട്ടു.

(സത്യത്തിൽ വരദരാജൻ അനിയനെ ഒന്നും പഠിപ്പിച്ചില്ല. അയാൾ പുതുതായി വാങ്ങിയ ഹാർമോണിയപ്പെട്ടിയിൽ, അയാൾ വീട്ടിലില്ലാത്ത നേരത്ത്, ചുമ്മാ വിരലോടിച്ചു നോക്കിയതിന് അനുജനെ അടിച്ച് തൊലി പൊളിക്കുക വരെ ചെയ്തിട്ടുണ്ട്. എന്നിട്ടും അണ്ണൻ കാണാതെ ആ ഹാർമോണിയത്തിലെ ഓരോ കട്ടയും കണ്ടും കട്ടും പഠിച്ചു അവൻ. ഇളയരാജ ഇന്നും പറയും: "അണ്ണനില്ലെങ്കിൽ ഞാനില്ല.')
കമ്പം-തേനി പരിസരങ്ങളിലെ ചിന്ന ചിന്ന ഉൽസവങ്ങളിലും നാട്ടുകൂട്ടങ്ങളിലുമാണ് വരദരാജൻ ആദ്യകാലത്ത് പാടിയിരുന്നത്.

കമ്യൂണിസ്റ്റ് പാർടിയോട് സവിശേഷ താൽപര്യമുണ്ടായിരുന്നു. അതു കൊണ്ട് പാർടി പരിപാടികളിലും പാടും. ട്രൂപ്പ് എന്ന് പറയാനൊന്നുമില്ല.
ആദ്യകാലത്ത് ഉപകരണങ്ങുടെ അകമ്പടിയുണ്ടായിരുന്നില്ല. പിന്നെയൊരു ഹാർമോണിയം തരപ്പെടുത്തി. സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അനിയൻ രാസയ്യയാണ് ഡ്യുവറ്റുകളിൽ പെൺശബ്ദത്തിൽ പാടുക.

ഇളയരാജയും ഗംഗൈ അമരനും

രാസയ്യയുടെ തൊട്ടു മൂത്ത ചേട്ടൻ ഭാസ്‌കർ ഇടക്ക് തബല വായിക്കും. പിന്നീട് ഗിറ്റാറിൽ രാസയ്യയുടെ അനിയൻ അമർസിങ്ങും (പിൽക്കാല ഗംഗൈ അമരൻ ) കൂടി.
തമിഴിലെയും ഹിന്ദിയിലെയും ഹിറ്റ് സിനിമാപ്പാട്ടുകളോ അവയുടെ പൊളിറ്റിക്കൽ പാരഡികളോ ആണ് വരദരാജൻ പാടിയത്. നാടകങ്ങളും എഴുതി അവതരിപ്പിക്കുമായിരുന്നു. നായകനായി അഭിനയിച്ചിട്ടുമുണ്ട്. അനിയന്മാരും അമ്മയും പോലും ആ നാടകങ്ങളിൽ അരങ്ങിലെത്തിയിരുന്നു.

സമ്പാദിക്കാൻ തക്ക വരുമാനമൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഊര് വിട്ട് ഊര് തോറും പാടി നടന്നു വരദരാജനും തമ്പികളും. ആസ്വാദകർ ഏറെയുണ്ടായി, ആരാധകരും. അവരാണ് ""പാവലർ'' (ജ്ഞാനിയായ കവി) എന്ന പട്ടം സമ്മാനിച്ചത്.

അങ്ങനെയങ്ങനെ, കമ്പം തേനിയിലെ തെരുവോര സ്റ്റേജുകളിൽ പാടിത്തീരുമായിരുന്നു വരദരാജന്റെയും അനുജന്മാരുടെയും സംഗീത ജീവിതം , 1958 മെയ് മാസത്തിൽ കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് മൂന്നാർ റേസ് കോഴ്‌സ് ഗ്രൗണ്ടിലെ ആ വേദിയിലേക്ക് വരദരാജനെ വിളിച്ചു വരുത്തിയില്ലായിരുന്നുവെങ്കിൽ.

ഇ.എം.എസ്

ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലർ വരദരാജൻ ആരാണ്?'

കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായിരുന്നുവല്ലോ വരദരാജൻ. തേനിയിൽ അക്കാലത്ത് തോട്ടം തൊഴിലാളികൾക്കിടയിൽ പാർട്ടി സജീവമാണ്. കോൺഗ്രസും ഡി.എം.കെയും തോട്ടം മേഖലക്ക് വേണ്ടത്ര പരിഗണന കൊടുക്കാതിരുന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി തേയില തൊഴിലാളികൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിച്ച കാലം.
1950 കളുടെ അവസാന കാലത്ത് തേയില തൊഴിലാളി മേഖലയിൽ യൂണിയൻ പ്രവർത്തിക്കാൻ വരദരാജൻ ദേവികുളത്തെത്തി. തൊഴിലാളികളെ അയാൾ പാട്ടുംപാടി കയ്യിലെടുത്തു. അക്കാലത്ത് വരദരാജൻ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായിരുന്നു. 1957. ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. ലോകത്തിലാദ്യമായി ഒരു കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നു. ഇ.എം.എസ്. മന്ത്രിസഭ. ദേവികുളം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് സി.പി.ഐ.സ്ഥാനാർത്ഥി റോസമ്മ പുന്നൂസ്. കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ.നായരുടെ പത്രിക തള്ളിപ്പോയിരുന്നു. നായർ കോടതിയെ സമീപിച്ചു. ദേവികുളത്തെ തെരഞ്ഞെടുപ്പ് ഫലം ഇലക്ഷൻ

റോസമ്മ പുന്നൂസ്

ട്രിബ്യൂണൽ റദ്ദാക്കി. 58ൽ ഉപതെരഞ്ഞെടുപ്പ്. കേരള നിയമസഭയിലേക്കുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി റോസമ്മ പുന്നൂസ് വീണ്ടും. എതിരാളി ബി.കെ.നായർ തന്നെ. ഇരുകക്ഷികൾക്കും പ്രസ്റ്റീജ് മത്സരം.

റോസമ്മ തോറ്റാൽ ഇ.എം.എസ്. ഗവൺമെന്റിനെതിരായ ജനഹിതമായി വ്യാഖ്യാനിക്കപ്പെടും. ജയിച്ചേ തീരൂ. ജയിക്കുമെന്ന് ഉറപ്പിക്കാൻ വയ്യ. തമിഴ് സംസാരിക്കുന്ന തോട്ടം തൊഴിലാളികളാണ് വോട്ടർമാരിൽ വലിയ പങ്കും.
സാക്ഷാൽ കാമരാജിനെയും, പ്രധാനമന്ത്രി നെഹ്‌റുവിന്റെ മകൾ ഇന്ദിരാഗാന്ധിയെയും വരെ രംഗത്തിറക്കി കോൺഗ്രസ് പ്രചാരണം കൊഴുപ്പിച്ചു.
സി.പി.ഐയും വെറുതെയിരുന്നില്ല. വി.എസ്. അച്ചുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിന്റെ ഇലക്ഷൻ സെക്രട്ടറി. തേക്കടിയിൽ ഏതോ തമിഴ് പടത്തിന്റെ ഷൂട്ടിങ്ങിനു വന്ന എം.ജി.ആറിനെ വി.എസ്.പൊക്കി ദേവികുളത്ത് പ്രചരണത്തിനിറക്കി. (എം.ജി.ആർ.അന്ന് കോൺഗ്രസ് വിട്ട് ഡി.എം.കെയിൽ ചേർന്നിരുന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.)
പക്ഷേ അന്ന് ദേവികുളത്തെ ചായത്തോട്ടങ്ങളിൽ കാമരാജിനേക്കാൾ, ഇന്ദിരയേക്കാൾ, എം.ജി.ആറിനേക്കാൾ ഓളം തീർത്തത് മറ്റൊരാളായിരുന്നു: പാവലർ വരദരാജൻ.

നാട്ടുതമിഴന് മനസ്സിലാവുന്ന നാടൻതമിഴിൽ പാവലർ പാടി, പ്രസംഗിച്ചു. തമിഴ് മക്കൾ ഏറ്റു പാടി.
പാവലറുടെ പാട്ടും പ്രസംഗവും കേൾക്കാൻ ആളു കൂടി. പാവലറെ കാണാൻ വേണ്ടി മാത്രമായി തേയില തൊഴിലാളികൾ പണിതീർത്ത് വൈകുന്നേരങ്ങളിൽ കാത്തിരുന്നു.

ആക്ഷേപഹാസ്യമായിരുന്നു പാട്ടുകളും പ്രസംഗവും. കോൺഗ്രസ്സിന്റെ ജന്മിത്വ ചൂഷണ കഥകളും കമ്യൂണിസ്റ്റ്കാരുടെ പോരാട്ട ചരിത്രവും വിവരിക്കും. എന്നിട്ട് സദസ്സിനോട് ചോദിക്കും: ".... അപ്പടിപ്പട്ട കാങ്ഗ്രസ് കച്ചിക്ക് ഓട്ട് പോടുവീങ്കളാ?'
""ഇല്ലൈ ഇല്ലൈ '' എന്ന് സദസ്സ് ആർത്തിരമ്പും.

അടുത്തയിടെ ഒരു അഭിമുഖത്തിൽ ഇളയരാജ ആ നാളുകളെ ഓർത്ത് പറഞ്ഞു: "തേയിലത്തോട്ടങ്ങൾക്കിടയിലൂടെ ഞങ്ങൾ ജീപ്പിലിങ്ങനെ സഞ്ചരിക്കും. തൊഴിലാളികളുടെ കൂട്ടം കാണുന്നിടത്തെല്ലാം വണ്ടി നിർത്തി അണ്ണൻ പാട്ട് പാടും. ഒരു പാട്ട് കൂടി ഒരു പാട്ട് കൂടി എന്ന് അവർ ആർത്തുവിളിക്കും.....

ഭാസ്‌കർ, ഇളയരാജ, ഗംഗൈ അരമൻ. മദ്രാസിലെ

ആദ്യകാല ദിനങ്ങൾ.

ജ്യോതി ബാസു, രാജേശ്വര റാവു, ഭൂപേഷ് ഗുപ്ത, എസ്.എ.ഡാങ്കേ......, തമിഴ്‌നാട്ടിൽ നിന്ന് പി.രാമമൂർത്തി, ജീവാനന്ദം..... കമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിയ പെരിയ നേതാക്കളൊക്കെ ദേവികുളത്ത് പ്രചരണത്തിനുണ്ടായിരുന്നു. പക്ഷേ തോട്ടം തൊഴിലാളികൾ പറഞ്ഞു: നേതാക്കളെയൊന്നും ഞങ്ങൾക്ക് വേണ്ട. ഒരു മൈക്കും കൊടുത്ത് പാവലറെ അയക്കൂ....'
വാദ്യോപകരണങ്ങളൊന്നുമില്ലാതെയാണ് പാവലർ പാടുക. അനുജന്മാർ ഭാസ്‌കറും രാസയ്യയും ചുടുകട്ടകളിലോ മരക്കമ്പുകളിലോ താളമിടും.
റോസമ്മ പുന്നൂസ് 7089 വോട്ടിന് ജയിച്ചു.

തമിഴ്‌നാട്ടിലെ പുരോഗമന കലാസാഹിത്യ സംഘടനയുടെ മുതിർന്ന നേതാവ് ഡി.ശെൽവരാജ് 2005 ഒക്ടോബറിൽ തമിഴ്‌നാട് സി.പി.എം. ഘടകത്തിന്റെ മുഖപത്രം ""തീക്കതിർ '' സപ്ലിമെന്റിൽ എഴുതിയ ലേഖനത്തിൽ ആ സംഭവം വിവരിക്കുന്നുണ്ട്:
"കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയാഘോഷം മൂന്നാറിൽ നടക്കുന്നു. പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ മുഖ്യമന്ത്രി ഇ.എം.എസ്. സ്റ്റേജിൽ കയറിയ ഉടൻ മൈക്കിലൂടെ വിളിച്ചു ചോദിച്ചു: : "ഇവിടെ പാവലർ വരദരാജൻ ആരാണ്?'
സദസ്സിന്റെ ഒരു മൂലയിലിരുന്ന പാവലറെ ആരോ ചൂണ്ടിക്കാണിച്ച് കൊടുത്തു. "ആഹാ. സഖാവ് അവിടെ ഇരിക്കുകയാണോ? ഇവിടെ വരൂ '.
സ്റ്റേജിൽ കയറിയ പാവലറുടെ കൈപിടിച്ചുയർത്തി ഇ.എം.എസ്. സദസ്സിനോട് പറഞ്ഞു: ""ഈ വിജയം പാവലർ വരദരാജന്റെ കൂടി വിജയമാണ്''.
ഐ.മാ.ഭാ. പറഞ്ഞു: "ഇനി ഇതാണ് നിന്റെ വഴി '

ദേവികുളം തെരഞ്ഞെടുപ്പ് വിജയവും കേരള മുഖ്യമന്ത്രിയുടെ അഭിനന്ദനവും തമിഴ് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. പാവലറുടെ പേര് കമ്പം തേനിയും മധുരയും കടന്ന് മദിരാശി വരെ എത്തി.

സ്വാതന്ത്ര്യസമര സേനാനിയും തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകരിലൊരാളും കർഷകത്തൊഴിലാളി - ട്രേഡ് യൂണിയൻ നേതാവും പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഐ.മാ.ഭാ (ഐ.മായാണ്ടി ഭാരതി) പാവലറെ വിളിച്ച് ഉപദേശിച്ചു: ""സഖാവ് ഒരു സംഗീത സംഘം തുടങ്ങണം. എന്നിട്ട് തമിഴകത്തിന്റെ മുക്കിലും മൂലയിലും പോയി പാടണം, തൊഴിലാളി വർഗത്തിന്റെ പോരാട്ട ഗാഥകൾ''.
അങ്ങനെയാണ് ""പാവലർ ബ്രദേഴ്‌സ്'' എന്ന ട്രൂപ്പിന്റെ പിറവി.

പാവലർ വരദരാജനെക്കുറിച്ച് പഴയകാല

സഹപ്രവർത്തകർ തയ്യാറാക്കിയ

ഓർമ്മപുസ്തകം.

തമിഴക ഗ്രാമങ്ങളെ പാവലർ സഹോദരങ്ങൾ ഇളക്കിമറിച്ചു. അവരില്ലാത്ത ഉൽസവങ്ങൾ, പാർട്ടി സമ്മേളനങ്ങൾ കുറവ്. കേരള മുഖ്യമന്ത്രിയുടെ പ്രശംസ നേടിയ പാട്ടുകാരന് ആവശ്യക്കാരേറി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാന ഗായക വൃന്ദമായി പാവലർ സംഘം മാറി. പാർട്ടി മധുര ജില്ലാ കമ്മിറ്റിയാണ് പരിപാടികൾ തീരുമാനിക്കുക. (അന്ന് മധുര ജില്ലയിലാണ് തേനിയും കമ്പവും. തേനി ജില്ല പിറന്നിട്ടില്ല).
തമിഴകത്തും കേരളത്തിലും ബോംബെയിലെ തമിഴ് പ്രദേശങ്ങളിലുമെല്ലാം
പാവലർ ബ്രദേഴ്‌സ് പറന്നു നടന്നു പാടി. വർഷത്തിൽ 265 ദിവസവും കച്ചേരികൾ ഉണ്ടായിരുന്നുവെന്ന് ഇളയരാജ ഓർക്കുന്നു. 1961 നും 1968 നുമിടയിൽ ഇരുപതിനായിരത്തിലേറെ വേദികൾ!
""മാട്ടുവണ്ടി പോകാത്ത ഊരുകളിൽ പോലും ഞങ്ങളുടെ പാട്ടു വണ്ടി എത്തിയിരുന്നു'' എന്ന് ഇളയരാജ പിൽക്കാലത്ത് എഴുതി. ""പാണ്ടിനാട്ട് തങ്കം'' എന്ന പടത്തിന് വേണ്ടി ഇളയരാജയുടെ സംഗീതത്തിൽ ഗംഗൈ അമരനും എഴുതിയിട്ടുണ്ട്: "നാങ്ക പോകാത ഊരുമില്ലൈ, നാങ്ക ഇപ്പോ വാങ്കാത പേരുമില്ലൈ...'

ഹാർമോണിയം നിനവുകൾ

പതിവ് ഹാർമോണിയക്കാരനുമായി പിണങ്ങിപ്പിരിഞ്ഞ ദിവസമാണ് വരദരാജൻ കച്ചേരിമേടയിൽ ഹാർമോണിയം വായിക്കാൻ രാസയ്യയെ വിളിച്ചത്. അതും അമ്മയുടെ നിർബന്ധം മൂലം. കമ്പം മെയിൻ റോഡ് ജങ്ഷനിൽ വരദരാജന്റെ കച്ചേരിക്ക് ഹാർമോണിയം വായിച്ച ഹാഫ് ട്രൗസറുകാരൻ പയ്യനെ തമിഴകം കയ്യടിച്ച് വരവേറ്റു (ആ ഹാർമോണിയത്തിലാണ് ഇളയരാജ ഇന്നും ഏത് പാട്ടിനും ആദ്യത്തെ ഈണമിടുക).

മറ്റൊരിക്കൽ, തിരുച്ചിക്കടുത്ത് തിരുവെരുമ്പൂരിൽ കർഷക തൊഴിലാളി സമ്മേളനം. ആദ്യ ദിവസം തന്നെ പാവലറുടെ പാട്ട് ബുക്ക് ചെയ്തിട്ടുണ്ട്. തലേന്ന് പാവലർക്ക് കടുത്ത പനി. വരാനാവില്ലെന്ന് സംഘാടകരെ വിളിച്ചു പറഞ്ഞു. പിറ്റേന്ന് സംഘാടകർ കാറുമായി വീട്ടുമുറ്റത്ത്. ഒരേ നിർബന്ധം: "എന്തായാലും പാവലർ വരണം. എങ്ങിനെയെങ്കിലും പാടണം'.
പാവലർക്കാണെങ്കിൽ ഒരു പാട് നേരം നിന്ന് ഒരു പാട് പാട്ട് പാടാൻ വയ്യ.
രാസയ്യയുടെ അമ്മയാണ് ഐഡിയ കൊടുത്തത്: പാവലർ രണ്ട് പാട്ട് പാടിയ ശേഷം അൽപ്പനേരം വിശ്രമിക്കട്ടെ. അന്നേരം തമ്പി രാസയ്യ രണ്ട് പാട്ട് പാടട്ടെ.
രാസയ്യ പാടി. ജനം വിസ്മയത്തോടെ കേട്ടിരുന്നു. കയ്യടിയുടെ കടൽ. ആ ദിവസമാണ് രാസയ്യ ശരിക്കും ഇളയരാജയായത് .

അന്നക്കിളിയുടെ റിക്കാഡിംഗിൽ ഇളയരാജ.

( ""അന്നക്കിളി''യിലെ പാട്ടുകൾക്ക് ട്യൂണിടാൻ വന്ന രാസയ്യക്ക് തിരക്കഥാകൃത്ത് പഞ്ചു അരുണാചലം ഇളയരാജയെന്ന് പേരിട്ടത് പിന്നെയും കാലമേറെക്കഴിഞ്ഞാണെങ്കിലും).

സംഗീതമാണ് തന്റെ ജീവിതമെന്ന് ആ ദിവസം രാസയ്യ തീരുമാനിച്ചുറപ്പിച്ചു.

1967 ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഡി.എം.കെ.സഖ്യത്തിന്റെ വിജയത്തിലും പാവലറുടെ പ്രചരണത്തിന് വലിയ പങ്കുണ്ടായിരുന്നു. (അപ്പോളേക്കും കമ്യൂണിസ്റ്റ് പാർട്ടി പിളർന്നിരുന്നു. പാവലർ സി.പി.ഐ. എമ്മിനൊപ്പമാണ് നിന്നത്. 67 ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ. (എം) ഡി.എം.കെ.മുന്നണിയിലായിരുന്നു. 11 സി.പി.ഐ. (എം) സ്ഥാനാർത്ഥികളാണ് അന്ന് ജയിച്ചത്.)
വരദരാജൻ പാർട്ടി പരിപാടികളിൽ മാത്രം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ മറ്റു വേദികൾ കുറഞ്ഞു വന്നു. വരുമാനത്തിലും കുറവുണ്ടായി. മദ്യപാന ശീലം പിടിമുറുക്കിയതോടെ കുടുംബം വീണ്ടും ദാരിദ്ര്യമറിയാനും തുടങ്ങി. അക്കാലത്താണ് - 1968ൽ - അനുജന്മാർ രാസയ്യയും അമർസിങ്ങും ഭാഗ്യം തേടി മദിരാശിയിലേക്കു വണ്ടി കയറിയത്. അതിനു മുമ്പേ അണ്ണനും തമ്പികൾക്കുമിടയിൽ അകൽച്ച തുടങ്ങിയിരുന്നു.
എങ്കിലും പാവലർ പാട്ട് നിർത്തിയില്ല. 1971 ൽ സി.പി.ഐ. (എം) സമ്മേളനം മധുരയിൽ നടന്നപ്പോൾ പീപ്പിൾസ് തീയേറ്ററിന്റെ സാംസ്‌കാരിക പരിപാടികളുടെ മുഖ്യ ചുമതലക്കാരൻ പാവലറായിരുന്നു.

ചെങ്കൊടിക്ക് വിട
പാവലർ പിന്നെ ഏറെക്കാലം ഉണ്ടായില്ല. അതിനിടയിൽ ഡി.എം.കെയുടെ വിരോധം ഏറ്റുവാങ്ങി ചില കേസുകളിൽ കുടുങ്ങുകയുണ്ടായി. അന്നേരം പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച സഹായം കിട്ടിയില്ലെന്ന് പാവലർക്ക് പരിഭവമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഡി.എം.കെയുമായി അടുത്തു. കേസുകൾ പിൻവലിക്കപ്പെട്ടു.
കലൈഞ്ജർ കരുണാനിധിക്ക് പാവലറോട് വലിയ മതിപ്പുണ്ടായിരുന്നില്ലത്രെ ( അണ്ണാദുരൈയുടെ മരണശേഷം, കരുണാനിധി പാർട്ടിയുടെ സർവാധികാരിയായിരിക്കെയാണ് പാവലർ വരദരാജൻ ഡി.എം.കെയിൽ ചേരുന്നത്. ഡി.എം.കെ. പ്രവേശന ചടങ്ങിലെ പ്രസംഗത്തിൽ പാവലർ

ധൻരാജ് മാസ്റ്റർക്കൊപ്പം ഇളയരാജ.

നഷ്ടബോധത്തോടെയും ദു:ഖത്തോടെയും ഇങ്ങനെ പറഞ്ഞു: ""അണ്ണാ, അങ്ങയുടെ കാലത്ത് ഈ പാർട്ടിയിലേക്ക് വരാൻ എനിക്കു കഴിഞ്ഞില്ലല്ലോ...''.
അതു കേട്ട കരുണാനിധി ആരോടോ പറഞ്ഞു പോലും: "അതെന്താ എന്റെ കാലത്ത് വന്നാൽ?).

നിന്റെ വഴിയിൽ പാടിത്തളർന്നു ഞാൻ...

അതേ സമയം മദിരാശിയിൽ രാസയ്യയും ഗംഗൈ അമരനും സിനിമയിൽ അവസരം തേടി അലഞ്ഞു.

68 ഒടുവിൽ രാസയ്യ മദ്രാസിൽ ധൻരാജ് മാസ്റ്റർക്കൊപ്പം കൂടി. 70 ൽ സലിൽ ചൗധരിയുടെ സഹായിയായി. പിന്നെ രാസയ്യയും ഭാസ്‌കറും ഗംഗൈ അമരനും പിന്നീട് എസ്.പി.ബാലസുബ്രമണ്യവും ചേർന്ന് ഗാനമേളാ ട്രൂപ്പ്. 76 ൽ അഞ്ച് പാട്ടുകളുമായി "അന്നക്കിളി'.
"അന്നക്കിളീ ഉന്നൈ തേടുതേ',""മച്ചാന പാത്തീങ്കളാ..'' തുടങ്ങി അഞ്ച് പാട്ടും ഹിറ്റ്. അന്നക്കിളി ചിറകടിച്ചു. ഇളയരാജ ജനിച്ചു.
(സത്യത്തിൽ, പാവലർ ബ്രദേഴ്‌സ് സംഗീത സംവിധാനം നിർവഹിക്കണമെന്നായിരുന്നു "അന്നക്കിളി'യുടെ നിർമാതാവിന്.
പടത്തിന്റെ തിരക്കഥയും പാട്ടുകളുമെഴുതിയ പഞ്ചു അരുണാചലമാണ് ഇളയരാജയോട് തനിച്ച് ചെയ്യാൻ ആവശ്യപ്പെട്ടത് ).

അനിയന്മാർ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ പാവലർ വരദരാജൻ ഉണ്ടായില്ല. (ഗംഗൈ അമരൻ പിന്നീട് ചലച്ചിത്ര സംവിധായകനും ഗാന രചയിതാവും സംഗീത സംവിധായകനും ഗായകനുമായി. ""കരകാട്ടക്കാരൻ '' ഉൾപ്പെടെ സൂപ്പർഹിറ്റ് സിനിമകളൊരുക്കി.

ഭാസ്‌കർ, ഇളയരാജ, ഗംഗൈ അരമൻ. മദ്രാസിലെ ആദ്യകാല ദിനങ്ങൾ.

പ്രേമാഭിഷേകത്തിലെ "നീലവാന ഓടയിൽ' - മലയാളത്തിൽ "നീലവാനച്ചോലയിൽ..', "അനുരാഗി'യിലെ ""ഏകാന്തതേ നീയും അനുരാഗിയാണോ'' പോലുള്ള സുന്ദരഗാനങ്ങൾക്ക് ഈണമിട്ടു. ഭാസ്‌കർ സംഗീതം ഉപേക്ഷിച്ച് സിനിമാ നിർമാതാവായി.)
ഇളയരാജ ചെന്നൈയിൽ സംഗീത സംവിധായകൻ ജി.കെ.വെങ്കിടേഷിന്റെ സഹായിയായിരിക്കുന്ന കാലത്തായിരുന്നു പാവലർ വരദരാജന്റെ മരണം. അവസാന കാലങ്ങൾ ആശുപത്രികളിലായിരുന്നു. മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ആശുപത്രിച്ചിലവിന് സഹായം തേടി പാവലറുടെ മകൻ ഇളയരാജയെ കാണാനെത്തി. അന്ന് അത്ര നല്ല സാമ്പത്തിക സ്ഥിതിയിലായിരുന്നില്ല രാജ.
അത്ര സീരിയസ്സായിരിക്കില്ല. ആവശ്യം വരുമ്പോൾ അയച്ചുകൊടുക്കാം എന്നു കരുതി. പിറ്റേന്ന് രാവിലെ വിജയ സ്റ്റുഡിയോയിൽ റിക്കാഡിങ്ങിനിടയിൽ അണ്ണന്റെ മരണവാർത്തയെത്തി.
"കരയാനുള്ളതെല്ലാം ഞാൻ അന്ന് കരഞ്ഞു തീർത്തു. പിന്നീടൊരിക്കലും അത്ര വേദനയോടെ ഞാൻ കരഞ്ഞിട്ടില്ല. ഇനിയൊരിക്കലും അത്ര വേദനയോടെ ഞാൻ കരയുകയുമില്ല' - ഇളയരാജ പിന്നീട് എഴുതി.
അണ്ണനെ അനശ്വരനാക്കാനും ആ അനുജൻ മറന്നില്ല. ഇളയരാജ ഏർപ്പെടുത്തിയ "പാവലർ വരദരാജൻ സാഹിത്യ പുരസ്‌കാരം' തമിഴകത്ത് സാംസ്‌കാരിക മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിലൊന്നാണ് - അക്ഷരങ്ങളിൽ ജീവിച്ചു മരിച്ചൊരണ്ണന് ഒരനുജൻ നൽകുന്ന അക്ഷരപൂജ.

പാവലരുടെ പാട്ടുകളുടെ സമാഹാരം.

മണിരത്തിനത്തിന്റെ സംവിധാനത്തിൽ 1985 ൽ പുറത്തിറങ്ങിയ "ഇദയകോവിൽ' എന്ന ചിത്രത്തിനു വേണ്ടി പാവലറുടെ വരികൾക്ക് ഇളയരാജ ഈണം നൽകി എസ്.പി.ബി. പാടിയ""വാനുയർന്ത സോലയിലേ '' എന്ന അനശ്വര വിരഹഗാനത്തിലുണ്ട് ആ അനുജന്റെ അശ്രുപൂജ.
""വാനുയർന്ത സോലയിലേ,
നീ നടന്ത പാതയെല്ലാം,
നാനിരുന്ത് വാടുകിൻട്രേൻ,
നാ വരണ്ട് പാടുകിൻട്രേൻ....''
( നീ നടന്ന വഴികളിൽ
ഞാനിരുന്ന് വാടുന്നുണ്ട്,
നാവ് വരണ്ട് പാടുന്നുമുണ്ട്.... )

ഒരിക്കൽ കൂടി കേട്ടു നോക്കൂ.
എസ്.പി.ബാലസുബ്രമണ്യമല്ല,
പണ്ണൈപുരത്തെ ആ പഴയ പള്ളിക്കൂടപ്പയ്യൻ ഡാനിയൽ രാസയ്യ തന്നെയല്ലേ ആ പാടുന്നത്?

സോമപ്രസാദിന്റെ മറ്റ് ലേഖനങ്ങൾ വായിക്കാം:

വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ; കമലഹാസനൊപ്പം സ്റ്റേജിൽ പാടിയ ശോഭ

ഒരു ദിവസം മോഹൻ കോടമ്പാക്കത്തുനിന്ന് ഇറങ്ങി നടന്നു

Comments