സ്വർണലത, പല ഭാഷകളിലേക്കുപടർന്ന ഒരൊറ്റ സ്വരം

സമാനതകളില്ലാത്ത ആലാപനശൈലിയും ഉച്ചാരണപാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് വിശ്വസിച്ചുപോന്ന ഗായികയായിരുന്നു സ്വർണലത. മറ്റു ഭാഷകളിൽ ഇത്ര തിളങ്ങിയ ഈ പ്രതിഭയെ മാതൃഭാഷയായ മലയാളം വേണ്ടുംവിധം പരിഗണിച്ചിരുന്നോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് പറയേണ്ടിവരും. സ്വർണലതയുടെ ചരമവാർഷികദിനമാണിന്ന്.

ബ്ദത്തിൽ മായാജാലം തീർക്കുന്ന ചിലരുണ്ട്. ഒരിക്കൽ കേട്ടാൽ വെടിച്ചില്ല് പോലെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറിപ്പോയി പിന്നീട് അവിടെനിന്നിറങ്ങാൻ കൂട്ടാക്കാത്ത തരത്തിലുള്ള സ്വരത്തിനുടമകൾ. അക്കൂട്ടത്തിൽ സംഗീതലോകത്ത് വേറിട്ടുനിന്ന മാസ്മരിക ശബ്ദത്തിന് ഉടമയായിരുന്നു സ്വർണലത. സമാനതകളില്ലാത്ത ആലാപന ശൈലിയും ഉച്ചാരണ പാടവവും കൊണ്ട്, ഓരോ സംഗീത പ്രേമിയും, ഇത് തങ്ങളുടെ സ്വന്തം നാട്ടുകാരിയാണെന്ന് തന്നെ വിശ്വസിച്ചുപോന്നു.

14-ാം വയസ്സിൽ എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ, "നീതിക്ക് ദണ്ഡനൈ" എന്ന ചിത്രത്തിൽ ഭാരതിയാരുടെ "ചിന്നഞ്ചിരു കിളിയെ കണ്ണമ്മാ" എന്ന ഗാനത്തോടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സ്വർണലതക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മാതൃത്വം നിറഞ്ഞുതുളുമ്പുന്ന ഈ ഗാനം 14-ാം വയസ്സിൽ ആ ഭാവം ഉൾക്കൊണ്ടു പാടി എന്നതുമാത്രം മതി ഈ ഗായികയുടെ റേഞ്ച് മനസ്സിലാക്കാൻ. സ്വർണലതയെക്കുറിച്ച് എം.എസ്.വി ഒരിക്കൽ പറഞ്ഞത്, "സ്വർണലത ഒരു സമ്മാനമാണ്. ഞാൻ കണ്ടിട്ടുള്ള റെയറായ ഗായകരിൽ വെച്ച് ഏറ്റവും മികച്ചത്. അവരെ ഇൻട്രൊഡ്യൂസ് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു" എന്നാണ്.

ആദ്യ ഗാനത്തിലെ തന്നെ കൃത്യമായ ഉച്ചാരണം കൊണ്ട് സ്വർണലത തമിഴ് ഒറിജിനാണെന്നാണത്രേ എല്ലാവരും കരുതിയത്. കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി, ബംഗാളി ഭാഷകളിൽ പാടിയപ്പോഴും കേട്ടവരെല്ലാം ആ റെസ്പെക്റ്റീവ് ഭാഷ തന്നെയാണ് സ്വർണലതയുടെ മാതൃഭാഷ എന്ന് വിശ്വസിച്ചു. എസ്. ജാനകിക്കുശേഷം ഉച്ചാരണപ്പിശകുകളില്ലാതെ പാടാനായത് സ്വർണലതക്കാണ്.

അവരുടെ പാട്ടിനെക്കുറിച്ച് ഇങ്ങനെ കേട്ടറിഞ്ഞാണ് ഇസൈജ്ഞാനി ഇളയരാജ 1988-ൽ, ഗുരു ശിഷ്യൻ എന്ന സിനിമയിലെ "ഉത്തമ പുത്തിരി നാൻ" എന്ന ഡാൻസ് നമ്പറിനായി സ്വർണലതയെ പാടാൻ ക്ഷണിക്കുന്നത്. മദ്യലഹരിയിൽ, കാമാർത്തയായ നർത്തകിയുടെ സ്വരവും, ഭാവവും 15-ാം വയസ്സിൽ പാടി ഇളയരാജയേയും മറ്റു സംഗീതാസ്വാദകരെയും അവർ വിസ്മയിപ്പിച്ചു.

പിന്നീടുള്ള വർഷങ്ങളിൽ ഇളയരാജയുടെ സംഗീതത്തിൽ എത്രയെത്ര ഹിറ്റ് പാട്ടുകളാണ് സ്വർണലത പാടിയത്. വാത്സല്യം, സ്നേഹം, പ്രണയം, കാമം, വിരഹം, വിഷാദം, പെപ്പി ഡാൻസ് നമ്പർ എന്നിങ്ങനെയുള്ള ഭാവങ്ങൾക്കെല്ലാം അവർ തന്റെ ശബ്ദത്തിലൂടെ ജീവൻ നൽകി.

ചിന്നത്തമ്പിയിലെ "പോവോമാ" എന്ന ഗാനത്തിലൂടെ ആ വർഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് നേടി. ദളപതി എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പുറത്തുവന്ന, എസ്.പി.ബിക്കൊപ്പം പാടിയ "രാക്കമ്മ കയ്യത്തട്ട് " എന്ന ഗാനം നേടിയ ജനപ്രീതി മനസ്സിലാകണമെങ്കിൽ വർഷങ്ങൾക്കിപ്പുറം ബി ബി സി വേൾഡ് നടത്തിയ വേൾഡ്സ് മോസ്റ്റ്‌ പോപ്പുലർ സോങ്‌സ് സർവ്വേയിൽ ഈ ഗാനം നേടിയ സ്ഥാനം ശ്രദ്ധിച്ചാൽ മതി. നാലാം സ്ഥാനമാണ് ഈ എവർഗ്രീൻ ഹിറ്റ്‌ നേടിയത്.

എ. ആർ. റഹ്‌മാൻ തന്റെ ആദ്യ സിനിമയിൽ സ്വർണലതക്ക് ഒരു പാട്ടു പോലും കൊടുത്തില്ലെങ്കിലും തൊട്ടടുത്ത വർഷം ഇറങ്ങിയ "ഉഴവൻ" എന്ന സിനിമയിലും, "ജെന്റിൽമാൻ" എന്ന സിനിമയിലും അവസരം നൽകി. പിന്നീടങ്ങോട്ട് റഹ്മാൻ - സ്വർണലത കൂട്ടുകെട്ടിൽ നമുക്ക് കിട്ടിയത് എവർഗ്രീൻ ഹിറ്റ് നമ്പറുകളാണ്. "പോരാളെ പൊന്നുത്തായി" എന്ന ഗാനം പാടുമ്പോൾ സ്വർണലത പലതവണ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് അവർ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഈ ഗാനത്തിന് അവരെ നാഷണൽ അവാർഡ് തേടിയെത്തി. "രംഗീല" എന്ന ബോളിവുഡ് സിനിമയ്‌ക്കൊപ്പം എ. ആർ. റഹ്മാനേയും അവിടെ ഹിറ്റ് ആക്കിയതിലെ പ്രധാന പങ്ക് സ്വർണലതയുടെ "ഹൈ രാമ യേ ക്യാ ഹുവാ" എന്ന ഗാനത്തിനുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

തമിഴിൽ നിന്ന് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത മിക്ക സിനിമകളിലേയും, തന്റെ പാട്ടുകൾ ആ ഭാഷയിൽ പാടിയിരുന്നത് സ്വർണലത തന്നെയായിരുന്നു. കാരണം ആ ശബ്ദത്തിന് പകരം വേറൊരു ഓപ്ഷൻ ഇല്ല എന്നതുതന്നെ. എന്നാൽ മറ്റു ഭാഷകളിൽ ഇത്രയേറെ തിളങ്ങിയ ഈ പ്രതിഭയെ മാതൃഭാഷയായ മലയാളം വേണ്ടുംവിധം പരിഗണിച്ചിരുന്നോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് പറയേണ്ടിവരും.

ജാതകം എന്ന ചിത്രത്തിലെ "നീരജദളനയനെ" എന്ന ഗാനത്തിന് ചിത്രക്ക് ട്രാക്ക് പാടാൻ വന്നത് അന്ന് അത്ര പ്രശസ്തയല്ലായിരുന്ന സ്വർണലതയായിരുന്നു. സംഗീത സംവിധായകൻ സോമശേഖരൻ നായർക്ക് ആ ട്രാക്ക് കേട്ടപ്പോൾ സ്വർണലത തന്നെ ഈ പാട്ട് പാടണം എന്നുണ്ടായിരുന്നുവെങ്കിലും താരതമ്യേന പ്രശസ്തി കുറവായിരുന്നു എന്ന കാരണത്താൽ നിർമ്മാതാവിനും സംവിധായകനും എതിരഭിപ്രായമായിരുന്നു എന്നും അതിനാൽ ചിത്രയെക്കൊണ്ടുതന്നെ ആ പാട്ട് പാടിപ്പിച്ചുവെന്നും സോമശേഖരൻ നായർ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിൽക്കാലത്ത് സ്വർണലത ഇന്ത്യയിലെ തന്നെ മികച്ച പിന്നണി ഗായികമാരിൽ ഒരാളായി തീർന്നു എന്നത് ചരിത്രം.

ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പല ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച സ്വർണലതയുടെ മലയാളം പാട്ടുകളുടെ എണ്ണം ശുഷ്‌കമാണ്. "ഒരുതരി കസ്തൂരി"(ഹൈവേ), "മധുചന്ദ്രികേ നീ" (സാദരം), "ഇല്ലിക്കാടും" (ഏഴരക്കൂട്ടം), "മാണിക്യക്കല്ലാൽ"(വർണ്ണപ്പകിട്ട്), "ബല്ലാ ബല്ലാ"(പഞ്ചാബി ഹൗസ്), "നന്ദലാല"(ഇൻഡിപ്പെൻഡൻസ്), "കടമിഴിയിൽ"(തെങ്കാശിപ്പട്ടണം), "മണിമുകിലേ"(കുബേരൻ), "കുടജാദ്രിയിൽ"(ആൽബം).... ഇങ്ങനെ അമ്പതിൽ താഴെ ഗാനങ്ങൾ മാത്രം.

ഇങ്ങനെയൊക്കെയാണെങ്കിലും 2000 ത്തിനുശേഷം സ്വർണലതക്ക് അവസരങ്ങൾ കുറഞ്ഞുവന്നു. ടെലിവിഷൻ മാധ്യമത്തിലൂടെ സിനിമാഗാനങ്ങളും, ഗായകരുമെല്ലാം സ്ക്രീനിൽ നിറഞ്ഞു നിന്നപ്പോഴൊക്കെ സ്വർണലത തിരശ്ശീലക്ക് പിന്നിൽ മറഞ്ഞുനിൽക്കാൻ ഇഷ്ടപ്പെട്ടു. കടുത്ത സ്റ്റേജ് ഫിയർ കൊണ്ട് വലിയ സ്റ്റേജ് പ്രോഗ്രാമുകളിലും, എയർ സിക്നെസ് കാരണം വിദേശ പരിപാടികളിലും നിന്ന് സ്വർണലത ഒഴിഞ്ഞുനിന്നു.

സില്ലിന് ഒരു കാതൽ എന്ന സിനിമയിലെ "കുമ്മിയടി" എന്ന പാട്ടാണ് അവർ അവസാനമായി പാടിയ ശ്രദ്ധേയ ഗാനം. ശ്രേയ ഘോഷാൽ പാടി അനശ്വരമാക്കിയ "മുൻപേ വാ എൻ അൻപേ വാ" എന്ന ഗാനം സ്വർണലതക്കുവേണ്ടി ചിട്ടപ്പെടുത്തിയതാണെന്നറിഞ്ഞപ്പോൾ എവിടെയോ ഒരു നഷ്ടബോധം തോന്നിയിരുന്നു. എന്നും കടുത്ത നിറങ്ങളിലുള്ള വേഷങ്ങളും, കനത്ത ആഭരണങ്ങളും, നല്ലവണ്ണം മേക്കപ്പും ചെയ്തെത്തിയിരുന്ന സ്വർണലത പക്ഷേ എപ്പോഴും ആരവങ്ങളിൽ നിന്നുമൊഴിഞ്ഞുനിന്നു. സഹോദരൻമാരോടൊപ്പം കൃത്യസമയത്ത് റെക്കോർഡിങ്ങിനെത്തി, റെക്കോർഡിങ് തീർത്ത്, ആരോടും അധികം സംസാരിക്കാതെ അവരോടൊപ്പം തന്നെ മടങ്ങിപ്പോകുമായിരുന്നത്രെ.

ഒരു ഇൻട്രോവർട്ട് ആയി കാണപ്പെട്ട സ്വർണലതക്ക് എന്തെങ്കിലും തരം മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നോ എന്നുപോലും സഹപ്രവർത്തകർക്ക് അറിയാമായിരുന്നില്ല. എന്തിനേറെ പറയുന്നു, സിനിമാലോകത്ത് പറയാൻ മാത്രം ഒരു സുഹൃത്ത് പോലും സ്വർണലതക്കുണ്ടായിരുന്നില്ല. നന്നെ ചെറുപ്പത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട സ്വർണലത, 37-ാം വയസ്സിൽ മരിക്കുമ്പോൾ അവിവാഹിതയായിരുന്നു. സ്വർണലതയുടെ ഗാനങ്ങളുടെ റെക്കോർഡിങ് ചാർട്ടിങ്ങും, സാമ്പത്തിക കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്നതും, അവർക്ക് വേണ്ടി സംസാരിച്ചിരുന്നതും അവരുടെ സഹോദരന്മാരായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ശ്വാസസംബന്ധമായ പ്രശ്നങ്ങളുമായി ദീർഘ നാളുകളോളം സ്വർണലത പോരാടി. പടികൾ കയറുമ്പോഴും, ചെറിയ എന്തെങ്കിലും എഫർട്ട് എടുക്കുമ്പോഴേക്കുമെല്ലാം ശ്വസിക്കാനായി ബുദ്ധിമുട്ടിയിരുന്നുവെങ്കിലും അവർ പാട്ടുകൾ തുടർന്നുകൊണ്ടിരുന്നു. വളരെ വൈകിയാണ്, കാരണമെന്തെന്ന് ഇന്നും കണ്ടുപിടിക്കാനാവാത്ത രോഗമായ,"ഇഡിയോപ്പതിക് പൾമണറി ഫൈബ്രോസിസ്" ആണ് ബാധിച്ചിരുന്നതെന്ന് മനസ്സിലാവുന്നത്. ശ്വാസം പോലും നേരാംവണ്ണം എടുക്കാൻ കഴിയാത്ത ഇത്തരത്തിലൊരു അസുഖം ഒരു ഗായികയെ, അതും ഇത്ര സവിശേഷ ശബ്ദത്തിനുടമയായ ഗായികയെ സംബന്ധിച്ച്, ഏറെ വേദനാജനകമായിരുന്നു. 2010 സെപ്റ്റംബർ 12ന് അവർ മരിച്ചു. 13 വർഷം കഴിഞ്ഞെങ്കിലും ഇന്നും മനസ്സിന് കുളിരു പകരുന്നു, ആ ശബ്ദം.

Comments