സാൽവദോർ അലൻഡ, വിക്ടർ ഹാറ

വിക്ടർ ഹാറ: പാട്ടുകളില്ലാതെ
ഒരു വിപ്ലവവും ഉണ്ടാകുന്നില്ല

അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ, ചിലിയിൽ അധികാരത്തിലേറിയ പട്ടാള സ്വേച്ഛാധിപത്യം കൊന്നുതള്ളിയവരിൽ ഒരാൾ മാത്രമല്ല, വിക്ടർ ഹാറ. ഹാറയുടെ ഗിത്താറിലൂടെ ഒഴുകിയെത്തിയ സംഗീതത്തിന്റെ മാസ്മരികലോകം, ചിലിയൻ മനസിൽ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പുതിയ ചോദനകളെ നിരന്തരം ഉണർത്തിവിട്ടുകൊണ്ടിരുന്നു. ആ ഗായകന്റെ രക്തസാക്ഷിത്വത്തിന്റെ 50-ാം വാർഷികദിനമാണ് ഇന്ന്.

‘‘എന്റെ ഗിത്താർ പണക്കാർക്കുള്ളതല്ല,
തീർച്ചയായുമല്ല.
നക്ഷത്രങ്ങളിലേയ്ക്കെത്താനായി
നമ്മൾ തയ്യാറാക്കുന്ന ഏണിപ്പടികളാണ്
എന്റെ പാട്ടുകൾ’’
- വിക്ടർ ഹാറ.

ഒന്ന്

1973 സെപ്റ്റംബർ 11-ന്, ചിലിയിലെ സോഷ്യലിസ്റ്റ് ഭരണാധികാരിയായിരുന്ന സാൽവദോർ അലൻഡയെ അധികാരത്തിൽ നിന്ന് അട്ടിമറിക്കുകയും കൊലപ്പെടുത്തുകയും രാഷ്ട്രപതിഭവന് തീയിടുകയും ചെയ്തശേഷം അഗസ്റ്റോ പിനോഷെ എന്ന ഫാഷിസ്റ്റ് ഏകാധിപതിയുടെ നേതൃത്വത്തിൽ, അമേരിക്കൻ സി.ഐ.എയുടെ താൽപര്യാർത്ഥം, ചിലിയിൽ അധികാരത്തിലേറിയ പട്ടാള സ്വേച്ഛാധിപത്യം കമ്യൂണിസ്റ്റുകാരെ ചിലിയൻ മണ്ണിൽ നിന്ന് കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനപദ്ധതികൾ ആസൂത്രണം ചെയ്തുകഴിഞ്ഞിരുന്നു.

ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളാണ് തുടർന്നുള്ള നാളുകളിൽ കൊലചെയ്യപ്പെട്ടത്. അധ്യാപകരും വിദ്യാർഥികളും കലാകാരന്മാരും ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങളും പട്ടാള സ്വേച്ഛാധിപത്യത്തിന്റെ യന്ത്രത്തോക്കുകൾക്കുമുന്നിൽ അരഞ്ഞുവീണുകൊണ്ടിരുന്നു. വിക്ടർ ഹാറയെന്ന പ്രതിഭാശാലിയായ പാട്ടുകാരനും കമ്യൂണിസ്റ്റ് എന്ന ഒറ്റക്കാരണത്താൽ അഗസ്റ്റോ പിനോഷയുടെ ഫാഷിസ്റ്റ് പട്ടാളസംഘത്തിന്റെ കൊടിയ മർദനങ്ങളും വെടിയുണ്ടകളുമേറ്റുവാങ്ങി ചിലിയുടെ മണ്ണിൽ പിടഞ്ഞുവീണു.

സാൽവദോർ അലൻഡ

സാൽവദോർ അലൻഡെ നേതൃത്വം കൊടുത്തിരുന്ന ഇടതുപക്ഷ - പുരോഗമന രാഷ്ട്രീയത്തോടും പ്രസ്ഥാനത്തോടും കടുത്ത അനുഭാവവും ആദരവുമായിരുന്നു വിക്ടർ ഹാറയെന്ന ചിലിയൻ പാട്ടുകാരനുണ്ടായിരുന്നത്. പാട്ടും സംഗീതവും നാടകവും അക്കാദമിക പ്രവർത്തനങ്ങളും, പുരോഗമനാത്മകതയുടെ വിവിധ തലങ്ങളിലും ഭാവങ്ങളിലും ഉൾച്ചേർന്നുനിന്നിരുന്ന ഒരു പടപ്പാട്ടുകാരനായിരുന്നു വിക്ടർ ഹാറ.

ഹാറയുടെ ഗിത്താറിലൂടെ ഒഴുകിയെത്തിയ സംഗീതത്തിന്റെ മാസ്മരികലോകം, ചിലിയൻ മനസ്സുകളിൽ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പുതിയ ചോദനകളെ നിരന്തരം ഉണർത്തിവിട്ടുകൊണ്ടിരുന്നു. സാമാജ്യത്വത്തിന്റെയും ചൂഷണാത്മക സാമൂഹ്യഘടനാസംവിധാനങ്ങളുടെയും ഇടനാഴികളെ വിക്ടർ ഹാറയുടെ ഗിത്താറിന്റെ തന്ത്രികൾ വിറകൊള്ളിച്ചിരുന്നു. സാൽവദോർ അലൻഡെയുടെ ഇടതുരാഷ്ട്രീയബോധ്യങ്ങളെ കൂടുതൽ തീക്ഷ്ണതയോടെ ബഹുജനമനസുകളിലേക്ക് വിളക്കിച്ചേർത്തുകൊണ്ടായിരുന്നു വിക്ടർ ഹാറയുടെ സമരോത്സുക കലാജീവിതം മുന്നേറിക്കൊണ്ടിരുന്നത്.

അലൻഡെയുടെ തിരഞ്ഞെടുപ്പ് വിജയത്തിനുപിന്നിൽ വിക്ടർ ഹാറയുടെ സംഗീതം വഹിച്ച പങ്ക് അതിവിപുലമായിരുന്നു. സാംസ്കാരികപ്രവർത്തനത്തിന്റെ പുതിയൊരു ആകാശത്തെയും പുതിയൊരു ഭൂമിയെയും അത് ചിലിയിൽ നട്ടുവളർത്തി. ‘‘പാട്ടുകളില്ലാതെ ഒരു വിപ്ലവവുമുണ്ടാകില്ല’’ (You cannot have a revolution without songs) എന്ന സാൽവദോർ അലൻഡെയുടെ നിരീക്ഷണത്തിന്റെ തീക്ഷ്ണത അതിന്റെ സൂക്ഷ്മതയിൽ ചെന്നെത്തുന്നത് വിക്ടർ ഹാറയിലായിരുന്നു. അത്രക്ക് അഗാധമായിരുന്നു ഇടതു രാഷ്ട്രീയപ്രക്രിയയിൽ വിക്ടർ ഹാറയുടെ പാട്ടുകൾക്കുണ്ടായിരുന്ന സ്വാധീനം. അതുകൊണ്ടുതന്നെ ചിലിയൻ വലതുപക്ഷത്തിന്റെയും അവരുടെ കൂട്ടാളികളായ സാമ്രാജ്യത്വത്തിന്റെയും നോട്ടപ്പുള്ളി കൂടിയായിരുന്നു വിക്ടർ ഹാറ.

വിക്ടർ ഹാറ കുട്ടികൾക്കൊപ്പം

1973 സെപ്തംബർ 11ന് ചിലിയൻ പ്രഭാതം പൊട്ടിവിടർന്നത് ബോംബർ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും യന്ത്രത്തോക്കുകളുടെയും ടാങ്കറുകളുടെയും കാതുപൊട്ടുന്ന ഇരമ്പലുകളോടെയായിരുന്നു. അലൻഡെയുടെ വസതിക്കുമുന്നിലും രാഷ്ട്രപതിഭവനു മുകളിലും ബോംബർ വിമാനങ്ങൾ കത്തിപ്പറന്നുകൊണ്ടിരുന്നു. സാധാരണമല്ലാത്തതെന്തോ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ആ പ്രഭാതത്തിൽ തന്നെ വിക്ടർ ഹാറയ്ക്കും മനസ്സിലായി.

റേഡിയോയിലൂടെ പ്രസിഡന്റ് സാൽവദോർ അലൻഡെയുടെ ശബ്ദം വിക്ടർ ഹാറയും കേട്ടു. ചിലിയൻ ജനതയോടുള്ള അലൻഡെയുടെ ശബ്ദം ഇതായിരുന്നു: ''ഇതാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള അവസാനത്തെ അവസരം. ഞാൻ രാജിവെയ്ക്കില്ല. ജനങ്ങൾ കാണിച്ച കൂറിന് പകരമായി ഞാനെന്റെ ജീവൻ കൊടുക്കും. ഞാൻ നിങ്ങളോട് പറയുന്നു, എനിക്കുറപ്പുണ്ട്, ആയിരമായിരം ചിലിക്കാരുടെ മനഃസാക്ഷിയിൽ നിന്ന് ഞങ്ങൾ വിതച്ച വിത്തുകളെ മുഴുവനും പറിച്ചുകളയാനാവില്ലെന്ന്; കുറ്റകൃത്യ ങ്ങൾകൊണ്ടോ കയ്യുക്കുകൊണ്ടോ സാമൂഹ്യപരിവർത്തനത്തെ തടഞ്ഞുവെക്കാനാവില്ലെന്ന്... ചരിത്രം നമ്മുടേതാണ്. എന്തെന്നാൽ ജനങ്ങളാണത് നിർമിക്കുന്നത്".

സി.ഐ.എയുടെയും ചിലിയൻ ഫാഷിസ്റ്റുകളുടെയും നേതൃത്വത്തിൽ ചിലിയിലെ ഇടതുഭരണത്തിനെതിരെ പട്ടാള അട്ടിമറി അരങ്ങേറിക്കൊണ്ടിരുന്ന ദുർഘട ഘട്ടത്തിലായിരുന്നു അലൻഡെയുടെ ഈ വാക്കുകൾ പുറത്തുവന്നത്. പതറാനോ മുട്ടുമടക്കാനോ അലൻഡെ തയ്യാറല്ലായിരുന്നു. ഒടുവിലവർ അലൻഡെയുടെ ഇടനെഞ്ചിലേക്ക് വെടിയുണ്ടകൾ തുളച്ചുകയറ്റി. രാഷ്ട്രപതിഭവന് തിയുമിട്ടു. കത്തിയമരുന്ന പുകച്ചുരുളുകൾ അന്തരീക്ഷത്തിലാകമാനം പടർന്നുയർന്നുകൊണ്ടിരുന്നു.

1973-ലെ അട്ടിമറിയിൽ അലാൻഡയുടെ ഓഫിസ് ജീവനക്കാരെ അറസ്റ്റ് ചെയ്യുന്ന പട്ടാളം / Photo: STR

1970 സെപ്തംബർ 4-നായിരുന്നു ചിലിയൻ പ്രസിഡന്റായി സാൽവദോർ അലൻഡെയെ ചിലിയിലെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. അതിനെത്തുടർന്ന് ചിലിയുടെ സാംസ്കാരിക അംബാസിഡറായി നിയമിക്കപ്പെട്ടത് വിക്ടർ ഹാറയായിരുന്നു. അതോടൊപ്പം സാന്റിയാഗോ സാങ്കേതിക സർവകലാശാലയിലെ അധ്യാപകനായും അദ്ദേഹം തുടർന്നു. പട്ടാള അട്ടിമറി അരങ്ങേറിക്കൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു തൊഴിലാളി സംഘടനയുടെ നിർദേശപ്രകാരം തന്റെ ജോലിസ്ഥലമായ സാങ്കേതിക സർവകലാശാലയിൽ വിക്ടർ ഹാറ എത്തിച്ചേർന്നത്. അധ്യാപകരും വിദ്യാർഥികളുമടക്കം അയ്യായിരത്തോളം പേർ ആ സർവ്വകലാശാലയ്ക്കുള്ളിൽ അപ്പോഴുണ്ടായിരുന്നു. ‘മാർക്സിസ്റ്റ് അർബുദ’ത്തെ അറത്തുമാറ്റാൻ പിനോഷയുടെ ഫാഷിസ്റ്റ് പട്ടാളം ആ സർവകലാശാലയ്ക്കുളളിലേയ്ക്കും ഇരച്ചുകയറിക്കൊണ്ടിരുന്നു.

അവിടെയുണ്ടായിരുന്ന എല്ലാവരെയും പട്ടാളം ഒരു സ്റ്റേഡിയത്തിനുള്ളിലാക്കി ബന്ദികളാക്കി. തുടർന്ന് കൊടിയ പീഡനങ്ങളും മർദനങ്ങളും കെട്ടഴിച്ചുവിട്ടു. ചാട്ടകൊണ്ടും തോക്കിന്റെ പാത്തികൊണ്ടും നിർദ്ദയമായ അടിച്ചമർത്തൽ തുടർന്നുകൊണ്ടിരുന്നു.

അഗസ്റ്റോ പിനോഷെ, സാൽവദോർ അലൻഡ

വിക്ടർ ഹാറയെ പിനോഷയുടെ പട്ടാളം കൂടുതൽ കൂടുതൽ പീഢനത്തിനിരയാക്കി. നാലു ദിവസത്തോളം നീണ്ടുനിന്ന ക്രൂരപീഡനങ്ങളെത്തുടർന്ന് ദേഹമാസകലം ചോരയിൽ കുളിച്ചുനിന്ന വിക്ടർ ഹാറ ഒപ്പമുണ്ടായിരുന്നവരെ നോക്കി അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. ഒടുവിലവർ വിക്ടർ  ഹാറയുടെ കൈകളും വിരലുകളും വലിച്ചൊടിച്ചു. ‘ഇനി നീ ഗിത്താർ വായിക്കുന്നതൊന്നു കാണട്ടെ’, പട്ടാളം അലറിച്ചിരിച്ചു. എന്നാൽ പ്രാണൻ പോകുന്ന വേദനയിലും വെൻസിറെമോസ് (ഞങ്ങൾ അതിജീവിക്കും) എന്ന ചിലിയൻ പ്രതിഷേധഗാനം വിക്ടർ ഹാറ ഉച്ചത്തിൽ പാടിക്കൊണ്ടിരുന്നു. ഇതിനിടയിൽ ഫാഷിസ്റ്റ് പട്ടാളത്തിന്റെ വെടിയുണ്ടകൾ വിക്ടർ ഹാറയുടെ നെറ്റിത്തടത്തെയും ഇടനെഞ്ചിനെയും പിളർന്നുകൊണ്ട് പുറത്തേക്ക് പാഞ്ഞു. നാൽപതോളം വെടിയുണ്ടകൾ പാഞ്ഞുകയറി ചിന്നിച്ചിതറിയ ആ ശരീരം നിലത്തുവീണ് പിടഞ്ഞു. പിന്നീട് തെരുവിലെ ഒരു ശവക്കൂനയിലേക്ക് വിക്ടർ ഹാറയുടെ ശരീരവും വലിച്ചെറിയപ്പെട്ടു.

വിക്ടർ ഹാറ, ഭാര്യ ജോൺ ഹാറ

വിവരമറിഞ്ഞെത്തിയ വിക്ടർ ഹാറയുടെ ഭാര്യ നിരവധി ശവക്കൂനകൾക്കിടയിൽ നിന്ന് ഒടുവിൽ വിക്ടറിന്റെ മൃതദേഹത്തെ തിരിച്ചറിയുന്നുണ്ട്. എന്നാൽ മൃതദേഹത്തെ ധൃതിയിൽ സംസ്കരിച്ചതിനുശേഷം അവർക്കും ചിലിയിൽ നിന്നും പാലയനം ചെയ്യേണ്ടിവന്നു. സമത്വസുന്ദരമായ പുതിയൊരു ലോകം സ്വപ്നം കണ്ടതിന്റെ പേരിൽ സ്വന്തം പ്രാണൻ പകുത്തുകൊടുക്കുമ്പോൾ വിക്ടർ ഹാറയ്ക്ക് നാൽപതുവയസ് മാത്രമായിരുന്നു.

രണ്ട്

ചിലിയിലെ അതീവ ദരിദ്രമായ കർഷക കുടുംബത്തിലായിരുന്നു 1932 സെപ്തംബർ 28 -ന് വിക്ടർ ഹാറ പിറന്നുവീണത്. ഹാറയുടെ പിതാവാകട്ടെ അതിനിരക്ഷരനും മക്കളെ വിദ്യാലയത്തിൽ ചേർക്കാൻ താൽപര്യമില്ലാത്ത ആളുമായിരുന്നു. അതുകൊണ്ടുതന്നെ ജിവിത ദുരിതങ്ങളിൽ നിന്ന് വിടുതിനേടുന്നതിന് അച്ഛനോടൊപ്പം ആറാമത്തെ വയസ്സിൽ വിക്ടർ ഹാറയ്ക്കും പാടങ്ങളിൽ പണിക്കിറങ്ങേണ്ടിവന്നു. എന്നാൽ വിക്ടറിന്റെ പിതാവിനെ മദ്യം വിഴുങ്ങുകയായിരുന്നു. മദ്യാസക്തിയിൽ മുഴുകി കുടുംബത്തെയും മക്കളെയും ശ്രദ്ധിക്കാതെ കിട്ടുന്നതെല്ലാം അദ്ദേഹം മദ്യശാലകളിലേക്ക് ഒഴുക്കിക്കൊണ്ടിരുന്നു. ജീവിതം കൂടുതൽ ദുരിതമയമായി തീരുകയായിരുന്നു.

ഒരു ദിവസം മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ആ അച്ഛൻ എവിടേയ്ക്കോ യാത്രയായി. ജീവിതഭാരം മുഴുവൻ അമ്മയുടെ പുറത്തായി. എന്നാൽ ആ അമ്മ തളരാൻ തയ്യാറല്ലായിരുന്നു. സ്വയം പഠനങ്ങളിലൂടെ ആർജ്ജിച്ചെടുത്ത തന്റെ സംഗീതാഭിമുഖ്യത്തെ ജീവിതത്തിന്റെ അതിജീവനത്തിനുവേണ്ടി അവർ തുറന്നുവിടുകയായിരുന്നു. മരണവീടുകളിലും കല്യാണസദസുകളിലും അവർ തളർന്നുപാടി. ആ പാട്ടുകളിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ട് വിക്ടർ ഹാറയെയും മറ്റു മക്കളെയും മുഴുപ്പട്ടിണിയിൽനിന്നും അവർ കൈപിടിച്ചുയർത്തിക്കൊണ്ടിരുന്നു. എന്നാൽ വിക്ടർ ഹാറയുടെ പതിനഞ്ചാമത്തെ വയസ്സിൽ ആ അമ്മ മരണത്തിന് കീഴടങ്ങി. വിക്ടർ ഹാറയുടെ ജീവിതം ആകെ ശൂന്യമായി.

വിയറ്റ്നാം യുദ്ധത്തിനെതിരെ ഹെല്‍സിങ്കിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിക്ടര്‍ ഹാറ. / Photo: Wikimedia Commons

തന്റെ എല്ലാമെല്ലാമായിരുന്ന അമ്മയുടെ മരണത്തെത്തുടർന്ന് അച്ഛൻപട്ടത്തിന് പഠിക്കാനായി ഒരു സെമിനാരിയിലായിരുന്നു വിക്ടർ എത്തിപ്പെട്ടത്. എന്നാൽ ഏതാനും വർഷങ്ങൾ പിന്നിട്ടപ്പോൾതന്നെ കത്തോലിക്കാപള്ളിയുടെ വിശ്വാസപ്രമാണങ്ങളുമായി കലഹിച്ചുകൊണ്ട് വിക്ടർ ഹാറ പള്ളിക്കു പുറത്തേക്കുനടന്നു. അതിനെ തുടർന്ന് കുറച്ചു വർഷം സൈന്യത്തിൽ തുടർന്നു. എന്നാൽ അമ്മ പകർന്നുനൽകിയ നാടോടി സംഗീതവും നാടകവും വിക്ടർ ഹാറയെ മഥിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് സംഗീതത്തിന്റെയും കലാജീവിതത്തിന്റെയും പുതുവഴികളിലേക്ക് സഞ്ചരിക്കാൻ വിക്ടർ തീരുമാനിക്കുന്നത്. സാന്റിയാഗോ സർവകലാശാലയിലെ ഗായകസംഘത്തിൽ ചേർന്നതോടെ ഒരു പുതിയ ജീവിതം തുറക്കപ്പെടുകയായിരുന്നു. ഈ ഗായകസംഘത്തിലൂടെയായിരുന്നു ചിലിയിലെ തദ്ദേശീയമായ നാടൻ സംഗീതത്തെക്കുറിച്ച് അഗാധമായി പഠിക്കാനും അറിയാനും തുടങ്ങുന്നത്.

സാന്തിയാഗോയിലെ വിദ്യാർഥികളുടെ മൂകാഭിനയഗ്രൂപ്പിൽ ചേർന്നതോടെ നാടകാഭിനയത്തിന്റെ പുതുമേഖലകളിലേക്കും വിക്ടർ ഹാറ സഞ്ചരിക്കാനാരംഭിച്ചു. സമൂഹത്തിലെ ദരിദ്രരോടും പ്രാന്തവത്കൃതരോടുമുള്ള അടങ്ങാത്ത അഭിനിവേശവും ഐക്യപ്പെടലുമായിരുന്നു വിക്ടർ ഹാറയുടെ നാടകാവിഷ്കാരങ്ങളിൽ തിളങ്ങിനിന്നിരുന്നു ഘടകം. സംഗീതത്തിൽ കൂടുതൽ മുഴുകി നീങ്ങുമ്പോഴും നാടകത്തെ കൈവെടിയാൻ വിക്ടർ ഒരുക്കമല്ലായിരുന്നു. സാന്തിയാഗോ സർവകലാശാലയിൽ നിന്ന് നാടകസംവിധാനം പഠിക്കുകയും തീക്ഷ്ണരാഷ്രീയത്താൽ സമ്പന്നമായ പുതുനാടകങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

1966-ലായിരുന്നു വിക്ടർ ഹാറയുടെ ആദ്യത്തെ സംഗീത ആൽബം പുറത്തിറങ്ങുന്നത്. തദ്ദേശീയമായ നാടോടി സംഗീതത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയ ആക്ടിവിസത്തിന്റെയും ഒരു സമന്വിത സ്വരൂപമെന്ന നിലയിലായിരുന്നു വിക്ടർ ഹാറയുടെ പാട്ടുകൾ നിലകൊണ്ടിരുന്നത്. യാഥാസ്ഥിതിക മൂല്യബോധ്യങ്ങളോടുള്ള കലഹവും വിക്ടർ ഹാറയിൽ സജീവമായി ഇഴുകിചേർന്നിരുന്നു. കുമ്പസാരത്തിനായി എത്തിച്ചേർന്ന മതവിശ്വാസിയായ സ്ത്രീയും പുരോഹിതനും തമ്മിൽ പ്രണയത്തിലാകുന്ന രംഗത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന ‘La beata’ എന്ന ഗാനം യാഥാസ്ഥിതികരിൽനിന്ന് കടുത്ത എതിർപ്പാണ് നേരിട്ടത്. റേഡിയോ സ്റ്റേഷനുകളിൽ ആ ഗാനം നിരോധിക്കപ്പെട്ടു. എല്ലായിടങ്ങളിൽനിന്നും ആ ഗാനം എടുത്തുമാറ്റപ്പെട്ടു. എന്നാൽ ഈയൊരു സംഭവപരിസരം ചിലിയിലെ പുരോഗമനവാദികളെയും യുവജനങ്ങളെയും വിക്ടർ ഹാറയുടെ ആരാധകരാക്കി.

വിക്ടര്‍ ഹാര, ഭാര്യ ജോണ്‍ ഹാറ, മക്കള്‍

സാൽവദോർ അലൻഡെയുടെ നേതൃത്വത്തിൽ ചിലിയിൽ അരങ്ങേറിക്കൊണ്ടിരുന്ന ഇടതുപക്ഷ മുന്നേറ്റങ്ങളോടും രാഷ്ട്രീയധാരയോടും വിക്ടർ ഹാറ കൂടുതൽ അടുത്തുകൊണ്ടിരുന്ന ഒരു സന്ദർഭം കൂടിയായിരുന്നു ഇത്. ചിലിയൻ വലതുപക്ഷത്തെ വിക്ടർ ഹാറയുടെ സോഷ്യലിസ്റ്റ് നിലപാടുകൾ നിരന്തരം ചൊടിപ്പിച്ചുകൊണ്ടിരുന്നു. 1960 -കളുടെ ആദ്യവർഷങ്ങളിൽ ക്യൂബയിലേക്കും സോവിയറ്റ് യൂണിയനിലേക്കും വിക്ടർ സന്ദർശനം നടത്തുന്നുണ്ട്. ഈ സന്ദർശനം കഴിഞ്ഞ് ചിലിയിൽ തിരിച്ചെത്തിയ ഉടൻ കമ്യൂണിസ്റ്റ് പാർട്ടിൽ അംഗമാ യി. ഇതിനിടയിൽ വിദേശത്താകമാനം ആരാധകരുള്ള വലിയൊരു പാട്ടുകാരനായി വിക്ടർ ഹാറ മാറിയിരുന്നു.

1970-ലെ തിരഞ്ഞെടുപ്പിൽ സാൽവദോർ അലൻഡെയുടെ വിജയത്തിന് വിക്ടർ ഹാറ ഏറ്റവും മുന്നിൽനിന്ന് പൊരുതി. നിരവധി പരിപാടികളും സംഗീതകച്ചേരികളും വിക്ടർ ഹാറയുടെ നേതൃത്വത്തിൽ ചിലിയിലാകമാനം അരങ്ങേറി. അലൻഡെയുടെ ജനകീയ ഐക്യപ്രസ്ഥാനത്തിന്റെ (Popular Unity Movement) മുദ്രാഗീതം രൂപപ്പെടുത്തിയതും വിക്ടർ ഹാറയായിരുന്നു. "നമ്മൾ വിജയിക്കും’’ (Venceremos) എന്ന മുദ്രാഗീതം ചിലിയൻ ജനതയെ ഇളക്കിമറിച്ചു. തിരഞ്ഞെടുപ്പിനുശേഷവും അലൻഡെയുടെ ഭരണനടപടികളുടെ ഏറ്റവും വലിയ പ്രചാരകനായും അനുയായിയായും വിക്ടർ ഹാറ സമരോത്സുകമായി നിലകൊണ്ടു. ചിലിയൻ സാംസ്കാരികഭൂമികയെ പുരോഗമനാത്മകമായി പുതുക്കിപ്പണിയാനുള്ള പ്രായോഗിക പ്രവർത്തനങ്ങളിലും വിക്ടർ ഹാറ സജീവമായി ഇടപെട്ടു. വിക്ടർ ഹാറയുടെ ഭാര്യയും നർത്തകിയുമായ ജോൻ ഹാറയും ഒപ്പമുണ്ടായിരുന്നു. പാബ്ലോ നെരൂദയുടെ കവിതകൾക്കും വികർ ഹാറ സംഗീതം നൽകി. ഇങ്ങനെ വിവിധ നിലകളിൽ ചിലിയൻ മണ്ണിൽ പുതിയൊരു സാംസ്കാരിക നവോത്ഥാനത്തെ വിക്ടർ ഹാറയും കൂട്ടരും രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.

വിക്ടര്‍ ഹാറയുടെ കല്ലറ / Photo: Wikimedia Commons

എന്നാൽ അലഡെയുടെ നേതൃത്വത്തിൽ ചിലിയിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരുന്ന സോഷ്യലിസ്റ്റ് പ്രയോഗങ്ങളിൽ ചിലിയൻ വലതുപക്ഷത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും എതിർപ്പ് രൂക്ഷമായി വന്നു. യഥാർഥത്തിൽ സാൽവദോർ അലൻഡെയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ഗവൺമെന്റ് ചിലിയിൽ അധികാരമേറ്റെടുത്തതു മുതൽതന്നെ ആ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളും വലതുപക്ഷ-സാമ്രാജ്യത്വ അണിയറകളിൽ ഒരുങ്ങുകയായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു 1973 സെപ്തംബർ 11-ന് ചിലിയിൽ അരങ്ങേറിയ അടിമറിയും ഫാഷിസ്റ്റ് പുനഃസ്ഥാപനവും.


പി.എസ്​. പൂഴനാട്​

പുരോഗമന കലാസാഹിത്യസംഘത്തില്‍ പ്രവര്‍ത്തിക്കുന്നു. ആള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്റെ മുഖ മാസികയായ 'എംപ്ലോയീസ് ഫോറ'ത്തിന്റെ അസോ എഡിറ്റര്‍. ലോകദര്‍ശനങ്ങള്‍: ചാര്‍വാകന്‍ മുതല്‍ മാര്‍ക്‌സ് വരെ, മാര്‍ക്‌സ് വീണ്ടും മാര്‍ക്‌സ : സമകാലിക വായനകള്‍, ജനങ്ങള്‍ക്കുവേണ്ടി മരിച്ചുവീഴാം: മാല്‍ക്കം എക്‌സും പോരാളികളും എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments