‘വിഭജനത്തിന്റെ ഓർമദിന’ത്തിൽ ഒരു ആത്മപരിശോധന കൂടി നല്ലതാണ്​

കഴിഞ്ഞ ഏഴ് വർഷങ്ങളിൽ രാജ്യം അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ വിഭാഗീയതയുടെ ദുരിതങ്ങൾ നൂറ്റാണ്ടിലെറെ കാലം പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും ഇടപെടൽ ഉണ്ടാക്കിയ വിഭജനത്തിന്റെയും വിഭാഗീയതയുടെയും കൂടി ഫലമാണെന്ന ഓർമപ്പെടുത്തലിനും കൂടി ഉണ്ടാവേണ്ടതുണ്ട്.

സ്വാതന്ത്ര്യ ദിനത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന യഥാര്ത്ഥത്തിൽ ഓർമകൾ ഉണ്ടാവേണ്ടതിനെക്കുറിച്ചായിരുന്നു. സ്വതന്ത്ര്യദിനത്തിന്റെ തലേ ദിവസത്തെ അദ്ദേഹം വിഭജനാന്തരമുണ്ടായ ഭീകരതയുടെ ഓർമ ദിനമായി പ്രഖ്യാപിക്കുന്നു. അതായത് നമ്മുടെ അയൽരാജ്യമായ പാകിസ്താന്റെ സ്വാതന്ത്ര്യദിനം ഇനി മേൽ ഇന്ത്യയെ സംബന്ധിച്ച് 75 വർഷം മുമ്പ് നടന്ന ഭീകരതയുടെ, വർഗീയ വെറിയുടെ, പാലായനത്തിന്റെ ഓർമദിനമായിരിക്കുമെന്നർത്ഥം. ഇങ്ങനെ ഓർമിക്കപ്പെടുന്നതിലൂടെ സമാധാനവും സ്‌നേഹവും ഐക്യവും ഉണ്ടാക്കിയെടുക്കാനും വിവേചനവും പകയും ഇല്ലാതാക്കാനും ആകുുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. വിഭജന സമയത്ത് ജീവൻ നഷ്ടപ്പെട്ടവരെ സ്വാതന്ത്ര്യദിനത്തിൽ ഓർക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അഭിപ്രായപ്പെട്ടു.

ഓർമകൾ വളരെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയത്തിലും സാമൂഹ്യ ജിവിതത്തിലും. വിഭജനകാലത്ത് വേരോടിയ വെറുപ്പിന്റെയും പകയുടെയും ഫലമായി ജീവനും ജീവിതവുമില്ലാതായി പോയ ലക്ഷങ്ങളെ ഓർക്കുമ്പോൾ നമ്മുടെ ഇടയിൽനിന്ന് വെറുപ്പ് ഇല്ലാതായി പോകുമെന്ന പ്രത്യാശയും പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നു. ചരിത്ര സംഭവങ്ങളെ ഓർത്തെടുക്കുന്നതും ആചരിക്കുന്നതും തന്നെ വർത്തമാനകാല ജീവിത സന്ദർഭങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധികളും സന്നിഗ്ദാവസ്ഥകളും മറികടക്കാൻ ആ ഓർമകളിൽനിന്നൊരു പാഠം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കൂടിയാണ്. ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇന്ത്യക്കാരനുമാത്രമല്ല, ലോകജനതയ്ക്ക് തന്നെ വലിയ പാഠങ്ങൾ ഇന്ത്യ വിഭജനത്തിലുണ്ട്. മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പാലായനത്തിന്റെയും കൂട്ടക്കുരുതിയുടെയും ഓർമകൾ വിഭാഗീതയയിൽനിന്നും വിവേചനത്തിൽനിന്നുമുള്ള പ്രതിരോധം ചമയ്ക്കുമെന്നാണ് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടപ്പിക്കുന്നത് അതുകൊണ്ടാവണം. ആ ഓർമദിനം, വിഭജനത്തിന്റെയും വിഭാഗീയതയുടെയും കെടുതികൾ വലിയ തോതിൽ അനുഭവിച്ച അയൽരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ആകുന്നതാണ് നല്ലതെന്നാവും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും തീരുമാനിച്ചത്. ആഗസ്റ്റ് 14 ന് എന്ന ദിവസത്തിൽ തുടങ്ങി അന്ന് അവസാനിച്ചതല്ല വിഭജനത്തിന്റെ കെടുതികൾ എങ്കിലും അനുസ്മരണം അന്ന് വേണമെന്നതിലാണ് ഈ ഓർമ പുതുക്കലിന്റെ പ്രധാന രാഷ്ട്രീയം കിടക്കുന്നത്. ആ രാഷ്ട്രീയവും അതിന്റെ വകഭേദങ്ങളും തന്നെയാണ് വിഭജനവും പിന്നീട് സ്വാതന്ത്രാന്തരവും ചേരിതിരുവുകൾ സൃഷ്ടിക്കുകയും അതുണ്ടാക്കിയ വിടവിലൂടെ രാഷ്ട്രീയ ലാഭം കൊയ്തതും. ആ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനവും അതിനെ പിറകിൽനിന്ന് നിയന്ത്രിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘവും. ആ ചരിത്രത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലും വിഭജനത്തിന്റെ ദുരിത കാലം ഓർത്തെടുക്കുമ്പോൾ കൂടെ ഉണ്ടാവേണ്ടതാണ്.

ആധിപത്യത്തിനെതിരായ മനുഷ്യന്റെ പോരാട്ടമെന്നത് മറവിക്കെതിരായ ഓർമ്മകളുടെ ചെറുത്തുനിൽപ്പാണെന്ന മിലൻ കുന്ദേരയുടെ വാക്കുകൾ ഇത്തരം സാഹചര്യങ്ങളിൽ വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതാണ്. അത് ശരിയാണെങ്കിൽ ഏത് ആധിപത്യത്തിനെതിരായ ഓർമപ്പെടുത്തലായിരിക്കും മോദിയും അദ്ദേഹത്തിന്റെ ഭരണകൂടവും ഈ ദിനത്തിലൂടെ ലക്ഷ്യമിടുന്നതെന്നത് വളരെ വ്യക്തമാണ്. അതിന്റെ ലക്ഷ്യം വിഭാഗീയതും വിവേചനവുമില്ലാത്ത രാജ്യമല്ലെന്നതിന് നൂറ്റാണ്ടിന്റെ ചരിത്രം സാക്ഷ്യം പറയും. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ രാജ്യം അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ വിഭാഗീയതയുടെ ദുരിതങ്ങൾ നൂറ്റാണ്ടിലെറെ കാലം പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെയും ഇടപെടൽ ഉണ്ടാക്കിയ വിഭജനത്തിന്റെയും വിഭാഗീയതയുടെയും കൂടി ഫലമാണെന്ന ഓർമപ്പെടുത്തലിനും കൂടി ഉണ്ടാവേണ്ടതുണ്ട്.

കൊളോണിയൽ വിരുദ്ധ സമരത്തിന്റെ കാലം മുതൽ പിന്നീടിങ്ങോട്ട് ഇന്നുവരെ ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയും അതിൽ രാഷ്ട്രീയമായി വിജയിക്കുകയും ചെയ്ത പ്രസ്ഥാനം ഏതായിരിക്കുമെന്ന് പരിശോധിക്കുക ഈ ദിനാചാരണ പ്രഖ്യാപനത്തിന്റെ ഭാഗമായി നടക്കേണ്ടതാണ്. അപ്പോഴാണ് മോദിയുടെ പ്രസ്ഥാനമായ ആർ.എസ്.എസും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയും എല്ലാ കാലത്തും വിഭജനത്തിന്റെ പ്രചാരകരായിരുന്നുവെന്ന കാര്യം വീണ്ടും തെളിഞ്ഞു വരിക. 1925 ൽ ആർ. എസ്. എസ് രൂപീകരിക്കപ്പെടുന്നതിന് മുമ്പു തന്നെ പല രീതിയിൽ ഭൂരിപക്ഷവാദം ഇന്ത്യയിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ അതിൽ വലിയ മുന്നേറ്റം വർഗീയ വാദികൾക്ക് ഉണ്ടാക്കാൻ കഴിഞ്ഞത് ആർ. എസ്. എസിന്റെ രൂപികരണത്തോടെയായിരിന്നു. ആർ. എസ്.എസ്​ എന്ന പ്രസ്ഥാനം കൊളോണിയൽ വിരുദ്ധ പോരാട്ടത്തെ മത വിഭാഗീയത ഉയർത്തി എങ്ങനെയാണ് തളർത്താൻ ശ്രമിച്ചതെന്നതിന്റെ ചരിത്രവസ്തുതകൾ ഇതിനകം പുറത്തുവന്നതാണ്. നിസ്സഹരണ പ്രസ്ഥാനം മുതൽ ക്വിറ്റ് ഇന്ത്യ സമര കാലം വരെ അതിനുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്ര രേഖകളിൽ ഉണ്ട്. അതിന്റെ ഓർമപ്പെടുത്തലിലൂടെ മാത്രമേ, വിഭാഗീയതയ്ക്കും വെറുപ്പിനുമെതിരായ ചെറുത്തുനിൽപ്പ് സാധ്യമാകു.

വിഭജനത്തെ പിന്തുണച്ച് കൊളോണിയൽ വിരുദ്ധ സമരം ശക്തിപ്പെടുന്ന കാലത്ത് തന്നെ രംഗത്തുവന്നത് ഹിന്ദുത്വവാദികളുടെ ആചാര്യനായ വി. ഡി. സവർക്കാരായിരുന്നു. മുഹമ്മദ് അലി ജിന്നയും മുസ്​ലിം ലീഗും പാകിസ്താൻ വാദം ഉന്നയിക്കുന്നതിന് മുമ്പ്, ഹിന്ദു മഹാസഭയുടെ യോഗത്തിൽ വി. ഡി. സവർക്കർ നടത്തിയ പ്രസംഗം ഹിന്ദുത്വ വാദികളുടെ സങ്കൽപ്പത്തിലെ രാജ്യത്തിന്റെ ഘടന എന്തായിരിക്കണമെന്നതിന്റെ ആഗ്രഹ ചിന്തയായിരുന്നു. മുസ്​ലിം ലീഗ് പാക്‌സിതാൻ വാദം ഉന്നയിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഹിന്ദുമഹാസഭയുടെ അഹമ്മദ്ബാദിൽ നടന്ന യോഗത്തിലാണ് അദ്ദേഹം മതപരമായും സാംസ്‌ക്കാരികമായും വേർതിരിഞ്ഞുനിൽക്കുന്ന ഇന്ത്യ ഒരു രാജ്യമല്ലെന്ന് പറയുന്നത്. പിന്നീട് മുഹമ്മദ് അലി ജിന്ന പാകിസ്താൻ വാദം ഉയർത്തിയതിന് ശേഷം അദ്ദേഹം 1943ൽ തന്റെ നിലപാട് ആവർത്തിക്കുന്നുമുണ്ട്. ഹിന്ദുക്കളും മുസ്​ലിംകളും അടിസ്ഥാനപരമായി രണ്ട് രാജ്യമാണെന്നും അതുകൊണ്ട തന്നെ ഇക്കാര്യത്തിൽ ജിന്നയുമായി വിയോജിപ്പില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്കാര്യം കൂടി ഓർത്തെടുത്താലെ വിഭജനത്തെക്കുറിച്ചുള്ള ഓർമകൾ സമഗ്രവും സത്യസന്ധവും ആകൂ.

സവർക്കരുടെത് ഹിന്ദുത്വവാദികളിലെ ഒറ്റപ്പെട്ട അഭിപ്രായമായിരുന്നില്ല. ആർ. എസ്. എസിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാലം സർ സംഘ് ചാലക് ആയിരുന്ന, എം. എസ്. ഗോൾവാൽക്കർ തന്റെ പുണ്യഭൂമി - പിതൃഭൂമി നിലപാടിലൂടെ ആവിഷ്‌ക്കരിക്കുന്നതും മറ്റൊന്നല്ല. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളെ പുണ്യഭൂമിയായി കാണുന്നവർക്ക് ഈ രാജ്യത്തോട് കൂറു പുലർത്താൻ കഴിയില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഇങ്ങനെ വിഭജനത്തിന്റെ വിവരാണാതീതമായ ദുരന്തം ഓർത്തെടുക്കുമ്പോൾ, വിഭാഗീയമായ ആശയപ്രചാരണത്തിലൂടെ കൊളോണിയൽ വിരുദ്ധ സമരത്തെ ദുർബലപ്പെടുത്താനും അതുപോലെ മതധ്രൂവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്ത ആർ.എസ്.എസ്​ ഉൾപ്പെടെയുള്ള ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലേക്ക് കൂടുതൽ കൂടതുൽ കടക്കുകയാണ് വേണ്ടത്.

മഹാത്മാഗാന്ധിയുടെ മൃതദേഹം

വിഭജനം ഉണ്ടാക്കിയ ദുരിതങ്ങളെ ഓർത്തെടുത്തു മാത്രമെ വിഭാഗീയതയും വെറുപ്പും ഇല്ലാതാക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സ്വതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സമൂഹത്തിൽ വെറുപ്പിന്റെയും വിഭാഗീയതയുടെയും ആശയപ്രചാരണത്തിൽ മുഖ്യ പങ്ക് വഹിച്ച പ്രസ്ഥാനം ഏതെന്ന പരിശോധനയും യഥാർത്ഥത്തിൽ ഇതിന്റെ ഭാഗമായി നടക്കേണ്ടതാണ്. ഗാന്ധി വധത്തിൽ തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽനിന്ന് ഒഴിവാകുകയും, എന്നാൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കപൂർ കമ്മീഷൻ കണ്ടെത്തുകയും ചെയ്തയാളാണ് വി.ഡി. സവർക്കർ. സ്വതന്ത്രാനന്തരം ഇന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളിൽ ഹിന്ദുത്വ സംഘടനകളുടെ പങ്ക് എന്തെന്നതിന് ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. എങ്ങനെയാണ് അവർ വെറുപ്പിന്റെ വ്യാപാരികളായി പ്രവർത്തിച്ചതെന്നും രാജ്യത്തെ വർഗീയ കലാപങ്ങളുടെ ചരിത്രം ഓർമ്മപ്പെടുത്തും.

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം നടന്ന വർഗീയ ആക്രമണങ്ങളോട് പോലും ആർ.എസ്.എസിന്റെ സമീപനം എന്തായിരുന്നുവെന്ന് ആ സംഘടനയുടെ സൈദ്ധാന്തികനായ നാനാ ദേശ്​മുഖ്​ അക്കാലത്ത് സംഘ് പ്രവർത്തകർക്കിടയിൽ വിതരണം ചെയ്ത രേഖയിൽ വ്യക്തമാണ്. "ആത്മപരിശോധനയ്ക്കുള്ള നിമിഷങ്ങൾ' എന്ന പേരിൽ അദ്ദേഹം തയ്യാറാക്കിയ കുറിപ്പ് സിഖ് വിരുദ്ധ ആക്രമങ്ങളെ ന്യായികരിക്കുകയാണ് ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിലെ സമരപന്തലിൽ മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളും കുട്ടികളും.

ഗുജറാത്ത് വംശഹത്യയുടെ ആശയവും പ്രയോഗവും ആരുടെതാണെന്ന കാര്യം ചർച്ച ചെയ്യേണ്ടാതാത്ത വിധത്തിൽ വ്യക്തമാണ്. അതേക്കുറിച്ചുളള ഓർമ്മപുതുക്കലുകൾ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ചെറുത്തുനിൽപ്പിനെ സംബന്ധിച്ച് പ്രധാനമാണ്.

ആരാണ് പൗരത്വത്തിൽ മതം കലർത്തി ഭിന്നതയും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നുവെന്ന കാര്യം കൂടി വിഭജനത്തിന്റെ ഓർമ്മ ദിനത്തിൽആലോചിക്കേണ്ടതാണ്. അതുമായി ബന്ധപ്പെട്ട ഒരു ആത്മ പരിശോധനയ്ക്ക് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും തയ്യാറാകുമെങ്കിൽ, ആ ഓർമ്മ പുതുക്കൽ സാർത്ഥകമായേനെ. എന്നാൽ ചരിത്രത്തെ ഓർത്തെടുക്കുന്നത് പോലും തങ്ങളുടെ വിഭജന ആശയങ്ങളെയും പ്രയോഗങ്ങളെയും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന രീതിയിലാകണം എന്നതാണ് ഹിന്ദുത്വം ലക്ഷ്യമിടുന്നത്. അതിന്റെ ഇന്നുവരെയുള്ള എല്ലാ പ്രയോഗങ്ങളും വെറുപ്പും വിദ്വേഷവും ലക്ഷ്യമിട്ടുതന്നെയാണെന്നതിന് ചരിത്രം സാക്ഷ്യം പറയും. വിഭജനത്തെക്കുറിച്ചുള്ള സെലക്ടീവായ ഓർമ്മപ്പെടുത്തലുകളെ ഹിന്ദുത്വത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ട് പ്രതിരോധിക്കുക മാത്രമാണ് പോംവഴി.

Comments