അശോകൻ ചരുവിൽ

കാട്ടൂർക്കടവ് 2018

2018 ആഗസ്ത് 16.

ഒന്ന്: കെ. എന്ന എഴുത്തുകാരന്റെ ജീവിതത്തിലെ ഒരു ദിവസം

ജീവിതത്തിലെ ഒരു ദിവസം എന്ന് ആമുഖമായി പറഞ്ഞുവെങ്കിലും ആ ദിവസത്തിലെ ഏതാനും സമയങ്ങൾ മാത്രമേ ഇവിടെ പകർത്തുവാൻ ഉദ്ദേശിക്കുന്നുള്ളൂ. കാരണം ഇത് കെ. എന്ന എഴുത്തുകാരന്റെ ജീവിതം ചിത്രീകരിക്കുന്ന കഥയല്ല.

നേരം പുലർന്നുവരുന്നതേയുള്ളൂ.
പതിവുപോലെ സ്വപ്നങ്ങളിൽ നിന്നു മുക്തനായി കെ. ഉണർന്നു.
​കിടക്കയിൽ തന്നെ കിടന്നുകൊണ്ട് താൻ കണ്ട സ്വപ്നങ്ങളെ അവലോകനം ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. കണ്ടുകഴിഞ്ഞ സ്വപ്നങ്ങൾക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ഒരു സ്വഭാവമുണ്ടല്ലോ. ശിഥിലമായ ചില ദൃശ്യങ്ങൾ മാത്രമേ അദ്ദേഹത്തിന് ഓർത്തെടുക്കാൻ സാധിച്ചുള്ളൂ. അത് താൻ യുവാവായിരിക്കെ സഖാക്കൾ സംഗമേശൻ നായർ, ടി.കെ.ബാലൻ, കുഞ്ഞുമൊയ്തീൻ എന്നിവരൊന്നിച്ച് രാത്രിയിൽ കാട്ടൂർക്കടവ് തണ്ണിച്ചിറക്കായൽ തെക്കുംപാടത്തിലെ ഭേദപ്പെട്ട ഒരു വരമ്പിലൂടെ നടന്നുപോകുന്നതാണ്. മണ്ണാൻതുരുത്താണ് ലക്ഷ്യം. അവിടെ പി.കെ.മീനാക്ഷിച്ചേച്ചിയുടെ വീട്ടിൽ പാർട്ടി ബ്രാഞ്ചുകമ്മിറ്റി കൂടുന്നുണ്ട്.

"ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ യു.എസിന്റെ ഇടപെടൽ സംബന്ധിച്ച് ബ്രാഞ്ചിൽ റിപ്പോർട്ടു ചെയ്യേണ്ടതുണ്ട്. എ.സി.യിൽ നിന്ന് ആരും വരുന്നില്ല. ആയതിനാൽ സഖാവ് ഉപേക്ഷ വിചാരിക്കാതെ എത്തണം' എന്ന് ലോക്കൽ സെക്രട്ടറി കുഞ്ഞുമൊയ്തീന്റെ ചിറ്റ് തലേന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്നു.

ഇറിഗേഷൻ കനാൽ ബണ്ടിലേക്ക് കയറിയത് ഓർമ്മയുണ്ട്. കനാലിൽ മീൻചാടുന്ന ശബ്ദം വ്യക്തമായും കേട്ടു. അത് വെള്ളമിറങ്ങിത്തുടങ്ങിയ കാലമാണ്. പാടത്ത് നിറയെ അക്കപ്പൂവ് വിരിഞ്ഞു നിൽക്കുന്നു. ഒരുവിധം മഞ്ഞുണ്ട്. ചേറിന്റേയും പൂക്കളുടേയും മണം കലർന്നു വീശി. കെ.യുടെ മനസ്സിൽ കാവ്യഭാവന നിറഞ്ഞു. അദ്ദേഹം മനസ്സിൽ കരുതി: നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയുണ്ട് വയൽ.

ആ സമയത്ത് ടി.കെ.ബാലൻ പറഞ്ഞു: "ചിങ്ങം കഴിഞ്ഞട്ട് രണ്ടാഴ്ച്യായി. കൃഷിപ്പണി തൊടങ്ങാൻ ഇനീം പറ്റീട്ടില്ല. പെട്ടീം പറേം വെച്ചു. എന്നാൽ വെള്ളം വറ്റിത്തീരണ്ടേ?'

സംഗമേശൻ നായർ മറ്റൊരു കാര്യമാണ് അപ്പോൾ പറഞ്ഞത്: "മീനാക്ഷീടെ അച്ഛൻ കണ്ടൻകുട്ടിയാശാൻ മരിച്ചട്ട് ഇപ്പൊ എത്ര കാലായിക്കാണും?'

കുഞ്ഞുമൊയ്തീൻ പറഞ്ഞു: "കൊല്ലം കൊറച്ചായില്ലേ? നല്ലൊരു വാദ്യകലാകാരനായിരുന്നു. ഇപ്പഴത്തെ നമ്മടെ തിമില ശിവരാമനും കൂട്ടരും ആശാന്റെ ശിഷ്യന്മാരാണ്. അവിഭക്ത പാർടീടെ കാലത്തെ സഖാവാണ് ആശാൻ. കൊറെയേറെ മർദ്ദനം ഏറ്റട്ടുണ്ട്. ലോക്കപ്പിലു വെച്ചും പുറത്തും. ഈ മീനാക്ഷി അച്ഛനെ കണ്ട് വളർന്നതാണ്.'

"മീനാക്ഷിടെ അമ്മ കൗസല്യക്ക് പണ്ട് ചകിരിപ്പണിക്കാരടെ സമരത്തിനെടെക്ക് പൊലീസിന്റെ മർദ്ദനം കിട്ടീറ്റുണ്ട്. അതല്ലേ അവര് എല്ലാരേക്കാളും മുമ്പ് മരണപ്പട്ടത്.'
ടി.കെ.ബാലൻ പറഞ്ഞു.

സംഗമേശൻ നായർ ചോദിച്ചു:
"ഈ കണ്ടൻകുട്ടിയാശാൻ മന്ത്രവാദം ചെയ്തട്ട് ആൾക്കാരെ അപ്രത്യക്ഷാക്കീന്ന് കേട്ടട്ടുണ്ടല്ലോ. അത് ശര്യാണോ?'

"അതെങ്ങന്യാ ശര്യാവ്വാ? ശാസ്ത്രീയമായി ഒരു സാധ്യതയും ഇല്ലാത്ത കാര്യാണ്.'
​ടി.കെ.പറഞ്ഞു.

അപ്പോൾ കെ. പറഞ്ഞു:
"അതൊരു മിത്താണ്. ഒരുതരം ഫോക്ക്ടെയിൽന്ന് പറയും. എല്ലാ കാലത്തുണ്ടാവും മഹാന്മാരെക്കുറിച്ച് ഇങ്ങനത്തെ വീരകഥകൾ. നാരായണഗുരു അനുഗ്രഹിച്ച് സൂക്കേടുമാറ്റീന്ന് കേട്ടട്ടില്ലേ? യേശു വെള്ളത്തിനു മീതേക്കൂടി നടന്നു. വടക്കൻപാട്ടിലൂണ്ട് ചേകവന്മാരെപ്പറ്റീ കഥകള്.'

ചിത്രീകരണം: ഇ. മീര

മണ്ണാൻതുരുത്തിലേക്ക് ചെന്നു കയറിയപ്പോൾ മീനാക്ഷിയുടെ വീട്ടിൽ കണ്ടത് പാർട്ടി മീറ്റിംഗല്ല; തോറ്റമാണ്. വിഷ്ണുമായയുടെ കളം. പോത്തിൻപുറത്ത് കയറിയിരിക്കുന്ന ചാത്തൻ സ്വാമിയുടെ എഴുത്തു കഴിഞ്ഞു. കരിങ്കുട്ടിയും കുട്ടിച്ചാത്തനുമുണ്ട്. കൂളിവാകയെക്കുറിച്ചുള്ള പാട്ടുതുടങ്ങി. അത്ഭുതം തന്നെ. വേലുക്കുട്ടിയും ശിവരാമനും വീരഭദ്രനുമാണ് പാടുന്നത്. ഈഴാറ കൊട്ടുന്നത് കണ്ടൻകുട്ടിയാശാൻ.

"അപ്പൊ പടപറഞ്ഞു കൂളിവാക: അയ്യോ എന്റെ നല്ലച്ചാ, ഞാൻ ജാതിയല്ലാത്ത ജാതിയാകുന്നു. എനമല്ലാത്ത എനമാകുന്നു. പറക്കുലത്തിൽ പറച്ചിയാകുന്നു. എന്നെ നിങ്ങൾ തൊട്ടു തീണ്ടി സുഖം കൊള്ളല്ലേ. നിങ്ങൾ എവിടെപ്പോകുന്നു? എന്തിനായിക്കൊണ്ട് ഇവിടെ വന്നു വഴി പൊറപ്പെട്ടു?'

ഈഴാറയുടെ കൊട്ടും ഭയാനകമായ മൂളക്കവും വന്നു.
അതോടെ സ്വപ്നം തകർന്ന് കെ. ഉണർന്നു. കണ്ടൻകുട്ടിയാശാനെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് കുറെ സമയംകൂടി കിടന്നു. ബാല്യകാലസ്മരണകളാണത്. ആശാൻ ഇരുനിറത്തിൽ മെലിഞ്ഞു നീണ്ടിട്ടാണ്. അർദ്ധനഗ്നൻ. പാട്ടു മാത്രമല്ല; വൈദ്യവും മന്ത്രവാദവും ഉണ്ട്. ഒപ്പം കമ്യൂണിസവും. ഒടിവിദ്യ അറിയാമെന്നു കേട്ടിട്ടുണ്ട്. കിഴക്കേ കല്ലടക്കാവിലെ വേലക്ക് പാലച്ചുവട്ടിൽ കുരുതി നടത്തും.

ഏതാണ്ടൊരു പുലർച്ച സമയത്താണ് സംഭവം. ബലിക്കല്ലിൽ ചോര പോലെ ചോപ്പ് ഒഴുകുന്നുണ്ടാവും. ദേവിയുടെ ആർത്തവ രക്തമാണെന്നാണ് സങ്കൽപ്പം. ചൂട്ടിനു മേലെ തെള്ളിപ്പൊടി വാരിയെറിഞ്ഞുണ്ടാക്കുന്ന പ്രകാശം കാണാൻ എത്തുന്ന കുട്ടികളെ അദ്ദേഹം വിലക്കും.
"ഇവടെ നിക്കണ്ട. പൊക്കോളൂ.'

പെട്ടെന്ന് കെ.ക്ക് പരിസരബോധം വന്നു. താൻ ഇപ്പോൾ കിടക്കുന്നത് കാട്ടൂർക്കടവിലോ കേരളത്തിലോ ഇന്ത്യയിലോ അല്ല. യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്ന നഗരത്തിലാണ്. ശരിക്കു പറഞ്ഞാൽ പ്രാഗിൽ നിന്ന് തെല്ലു ദൂരെ വിറ്റാവ നദിയുടെ കരയിൽത്തന്നെ റോസ്റ്റോക്കി എന്ന ചെറിയ പട്ടണത്തിൽ. തൊട്ടടുത്ത് തന്റെ പത്നി കിടന്നുറങ്ങുന്നു. അപ്പുറത്തെ ഡ്രായിംഗ് റൂമിലെ സോഫയിൽ മകൻ കിടക്കുന്നുണ്ട്. തൽക്കാലവാസത്തിനായി എടുത്ത ഒരു കോട്ടേജാണത്.

സംഗതി വ്യക്തമാക്കട്ടെ: കെ. എന്ന പ്രശസ്തനായ എഴുത്തുകാരന്റെ കാര്യമാണ്. അദ്ദേഹം ഇപ്പോൾ കുടുംബസമേതമുള്ള ഒരു യാത്രയിലാണ്. "പ്രശസ്തനായ" എന്ന് സാധാരണ മട്ടിൽ അങ്ങനെ പറഞ്ഞുവെന്നേയുള്ളു. കുറച്ചൊക്കെ അറിയപ്പെടുന്ന ഒരു ഇടത്തരം സാഹിത്യകാരൻ എന്നു വിശേഷിപ്പിക്കാം. പക്ഷേ ഇവിടെ സത്യം പറയുക വിഷമമാണ്. ഓരോ എഴുത്തുകാരനും താൻ വ്യാസനും ഷേക്സ്പിയർക്കും സമശീർഷനാണ് എന്ന് കരുതുന്നുണ്ട്. കെ. കഥയും കവിതയും എഴുതുന്നു. കൂടാതെ രാഷ്ട്രീയ ലേഖനങ്ങളും ഉണ്ട്. ഏതെങ്കിലും ഒന്നിൽ ഉറച്ചു നിന്നിരുന്നെങ്കിൽ അദ്ദേഹത്തിനു മേൽഗതിയുണ്ടായേനെ എന്നു പറയുന്നവരുണ്ട്.

ജർമ്മനിയിൽ ജോലി ചെയ്യുന്ന മകനെ കാണാനും അവനൊപ്പം താമസിക്കുന്നതിനും വേണ്ടിയാണ് കെ.യും ഭാര്യയും ബർളിനിൽ എത്തിയത്. വന്നിട്ട് ഒരു മാസമായി. മകന് വെക്കേഷൻ തുടങ്ങിയപ്പോൾ അവർ ഒന്നിച്ച് ബർളിൻ വിട്ടു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി മാറി മാറി താമസിച്ചു. ഇവിടെ പ്രാഗിൽ എത്തിയിട്ട് രണ്ടു ദിവസമായി. ഇന്നലെ പ്രാഗ് കാസിലും ചില മ്യൂസിയങ്ങളും സന്ദർശിച്ചു. ഓൾഡ് ടൗൺ സ്ക്വയറിൽ ചുറ്റിത്തിരിഞ്ഞു. നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്തു.

കെ. എഴുന്നേറ്റു. ഭാര്യയേയും മകനേയും ഉണർത്താതെ പുറത്തിറങ്ങി തെല്ലുദൂരം നടക്കാമെന്ന് അദ്ദേഹം വിചാരിച്ചു. യൂറോപ്പിൽ ഇപ്പോൾ തണുപ്പു കുറഞ്ഞ കാലമാണ്. ജൂലൈ - ആഗസ്ത്. നല്ല തെളിഞ്ഞ കാലാവസ്ഥ. സാധാരണ വസ്ത്രങ്ങൾ ധരിക്കാം. എന്നാൽ പ്രഭാതമായതുകൊണ്ട് ഒരു മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം ഒരു വൂളൻ സ്വെറ്റർ ധരിച്ചു. തൊപ്പിവെച്ചു. തന്റെ ടാബും, പാസ്പോർട്ടും പഴ്സും സൂക്ഷിച്ചിട്ടുള്ള ചെറുസഞ്ചിയും എടുത്ത് അദ്ദേഹം കോട്ടേജിന്റെ പടിയിറങ്ങി.

വെളിച്ചം പരന്നിരുന്നില്ല. പരിസരത്ത് ആളനക്കമില്ല. ചെറിയൊരു വഴിയാണ് കോട്ടേജിന്റെ മുന്നിൽ ഉണ്ടായിരുന്നത്. അതു മുന്നോട്ടു പോയി പലവഴികളായി തിരിയുന്നു. പട്ടണത്തിൽ നിന്നു തെല്ലുമാറി കിടക്കുന്ന ഈ പ്രദേശം ഒരു ജനവാസകേന്ദ്രമാണ്. മരങ്ങൾക്കും ചെടിപ്പടർപ്പുകൾക്കും ഇടയിലെ വീടുകൾ. ചെരിഞ്ഞ് മുകളിലേക്ക് കൂർത്ത മേൽക്കൂരകളാണ്. ആപ്പിൾ മരങ്ങൾ നിറയെ കായ്ച്ചു നിൽക്കുന്നുണ്ട്. കാലത്തിന്റെ പ്രത്യേകതയാവണം ചെറുതും വലുതുമായ എല്ലാ ചെടികളും മരങ്ങളും പൂത്തുനിൽക്കുന്നു.

തലേന്നു വൈകുന്നേരം ഈ വഴികളിലൂടെ മകനുമൊത്ത് നടന്നത് കെ. ഓർത്തു. ചെറിയൊരു കയറ്റം കഴിഞ്ഞാൽപ്പിന്നെ ഒരുവശത്ത് നീണ്ടുകിടക്കുന്ന പുൽമൈതാനങ്ങളാണ്. പുല്ലുനിറഞ്ഞ കുന്നുകളും താഴ്വരകളും. ഇടക്കിടെ ഒറ്റപ്പെട്ടു നിൽക്കുന്ന മരങ്ങൾ. പുല്ലിലും മരങ്ങളിലും സൂര്യപ്രകാശം വീണു തുടങ്ങിയിരിക്കുന്നു. പ്രകൃതിയിൽ സൂര്യൻ നടത്തുന്ന ചില സർഗ്ഗാവിഷ്ക്കാരങ്ങളാണ് യൂറോപ്യൻ പ്രകൃതിയെ അതിരറ്റ സൗന്ദര്യത്തിൽ ആറാടിക്കുന്നതെന്ന് അദ്ദേഹം കരുതി.

പുൽമൈതാനങ്ങൾക്കപ്പുറം ഏതാണ്ടൊരു വനപ്രകൃതിയാണ്. തിങ്ങിനിറഞ്ഞ മരങ്ങൾ, ഇരുട്ട്. അതിനപ്പുറം വിറ്റാവാ നദി ഒഴുകുന്നുണ്ട്. ഒരു തടയണയുണ്ടെന്നു തോന്നുന്നു. വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. മൈതാനത്തിന്റെ ഒരു വശത്ത് കരിങ്കല്ലു കൊണ്ടു പണിഞ്ഞ പഴയൊരു ചാപ്പൽ ഉണ്ട്. അതിനടുത്ത് ഒരു കഫ്റ്റീരിയയും ഗ്രോസറിഷോപ്പും. അതൊന്നും തുറന്നിട്ടില്ല.

ചാപ്പലിനടുത്തുള്ള സിമന്റ് ബഞ്ചിൽ കെ. ഇരുന്നു. അദ്ദേഹം തന്റെ ടാബ്ലെറ്റ് തുറന്നു. അതല്പം വിലകൂടിയ ഇനമാണ്. ബർലിനിൽ വെച്ച് മകൻ വാങ്ങിക്കൊടുത്തത്. എസ്പെൻ എന്ന സാങ്കേതിക ഉപകരണംകൊണ്ട് അതിൽ എഴുതുവാനും എഴുതിയത് ഷെയർ ചെയ്യുവാനും ഇ മെയിൽ ആയി അയക്കുവാനും കഴിയും. പറഞ്ഞുകൊടുത്താൽ ശബ്ദം പിടിച്ചെടുത്ത് അക്ഷരമാക്കുന്ന സംവിധാനവും ഉണ്ട്. ഇത്തരം കാര്യങ്ങളിൽ വലിയ പരിജ്ഞാനമില്ലാത്ത കെ.അത്ഭുതപ്പെട്ടു. ആരെയെക്കെയോ തള്ളിമാറ്റി കാലം പാഞ്ഞു പോവുകയാണ്.

തന്റെ ജീവിതം തന്നെ ഇതിനകം എത്രമാറി എന്ന് കെ. ഓർത്തു. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം ബിരുദപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കോളേജിൽ നിന്ന് ഇറങ്ങിയ ആളാണ്. ഒരു തൊഴിൽ കിട്ടാൻ ഏറെ അലഞ്ഞു. ആവശ്യത്തിന് ഭക്ഷണം കിട്ടാനില്ലാതെ രോഗിയേപ്പോലെ മെലിഞ്ഞു പോയ യൗവ്വനമായിരുന്നു. ഈയിടെ സംസ്ഥാന സർക്കാരിന്റെ കൾച്ചറൽ അഡ്വൈസറി കമ്മിറ്റിയുടെ ഡയറക്ടർ സ്ഥാനത്തുനിന്നാണ് അദ്ദേഹം വിരമിച്ചത്. പ്രൈമറി സ്കൂൾ അധ്യാപകനിൽ നിന്ന് ആരംഭിച്ച ജീവിതമാണ്. പലഘട്ടങ്ങൾ കടന്നു. ഓരോഘട്ടത്തിലും ലഭിച്ച ഉദ്യോഗങ്ങൾക്കും പദവികൾക്കും അനുസരിച്ച് ജീവിതം മാറിക്കൊണ്ടിരുന്നു.

ഇടതുപക്ഷ അനുഭാവം പുലർത്തുന്ന എഴുത്തുകാരൻ എന്ന പരിഗണനയിലാണ് അദ്ദേഹത്തെ അഡ്വൈസറി കമ്മിറ്റിയുടെ മേധാവിയായി നിയമിച്ചത് എന്ന വിമർശനം ഉണ്ടായിരുന്നു. സത്യമല്ലാതെ യാതൊന്നും ആ വിമർശനത്തിൽ ഇല്ല. (സത്യത്തിൽ അത് എന്തെങ്കിലും അധികാരമുള്ള ഒരു പദവി ആയിരുന്നില്ല. പക്ഷേ പ്രൈമറി സ്കൂൾ അധ്യാപകനിൽ തുടങ്ങിയ തന്റെ ജീവിതവുമായി താരതമ്യം ചെയ്ത് കെ.മറിച്ചു കരുതി.) സഞ്ചരിക്കാൻ ഔദ്യോഗികവാഹനം ഉണ്ടായിരുന്നു. ഡ്രൈവർ. പേഴ്സണൽ സെക്രട്ടറി. സന്ദർശകർ. വിശാലമായ ഒരു ആപ്പീസുമുറി. അഞ്ചുവർഷം കൊണ്ട് താൻ വലിയമട്ടിൽ മാറിയെന്ന് കെ. സ്വയം വിശകലനം ചെയ്തു. അവസാനം റിട്ടയർ ചെയ്തപ്പോഴേക്കും ഒരുവക സുഖാലസ്യം അദ്ദേഹത്തെ വന്നു മൂടിയിരുന്നു.

കെ. ടാബിൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു. റിട്ടയർ ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പ്രധാനലോകം ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. പ്രധാനമായും ഫേസ്ബുക്ക്. തന്റെ വിചാരങ്ങൾ, ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, നിരീക്ഷണങ്ങൾ, വിമർശനങ്ങൾ എന്നിവ വെളിപ്പെടുത്തിക്കൊണ്ടാണ് ഓരോ ദിവസവും ആരംഭിക്കുന്നത്. അവക്കു താഴെ വലിയ സംവാദം നടക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ അദ്ദേഹം ഭീകരമായി ആക്രമിക്കപ്പെട്ടു. സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനോടുള്ള തന്റെ അനുഭാവം കെ. പരസ്യമായി രേഖപ്പെടുത്തിയിരുന്നു. അതോടെ "കേവലം ഒരു ന്യായീകരണത്തൊഴിലാളിയായി അധ:പതിച്ച സാഹിത്യകാരൻ' എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. "ഇയാളുടെ കഥകളും കവിതകളും ഞാൻ കുറച്ചൊക്കെ ഇഷ്ടപ്പെട്ടിരുന്നതാണ്. ഇനി എന്തായാലും ഇയാളെ വായിക്കുന്നതല്ല.' അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളെ ഒരു ഗെയിം പോലെ ആസ്വദിക്കാൻ കെ. ഇതിനകം പരിശീലിച്ചിരിക്കുന്നു. താൻ ഫേസ്ബുക്കിൽ കളിക്കുകയാണെന്ന് അദ്ദേഹം കരുതി.

കേരളചരിത്രത്തെക്കുറിച്ചും നവോത്ഥാന സംരംഭങ്ങളെക്കുറിച്ചും താൻ ഒരു പണ്ഡിതനാണ് എന്ന് കെ. കരുതുന്നുണ്ടെന്നു തോന്നുന്നു. എന്നാൽ അത്ര ആഴത്തിലുള്ള അറിവ് ഈ വക സംഗതികളിൽ അദ്ദേഹത്തിന് ഇല്ല എന്നതാണ് വാസ്തവം. ഒന്നിനെക്കുറിച്ചും സമഗ്രമായി അദ്ദേഹം പഠിച്ചിട്ടില്ല. പക്ഷേ അറിഞ്ഞവയെ വിദഗ്ദമായി എഴുതി ഫലിപ്പിക്കുവാനുള്ള കഴിവുണ്ട്. ഈയിടെയായി ശ്രീനാരായണഗുരുവിനെക്കുറിച്ചാണ് എഴുത്ത്. മതകലഹങ്ങൾ കൊണ്ട് മുറിവേൽക്കുന്ന മനുഷ്യനും സമൂഹത്തിനും ഗുരുസന്ദേശമാണത്രെ പ്രത്യൗഷധം. ഒരു മതേതരദാർശനികനായി ഗുരുവിനെ വ്യാഖ്യാനിക്കാനാണ് ശ്രമം. അതിവൈകാരികതയിലേക്ക് പോവുന്നുണ്ട് പലപ്പോഴും കെ.യുടെ എഴുത്തുകൾ. ഒരു അടവുതന്ത്രം എന്ന നിലയിൽ തന്റെ കമ്യൂണിസ്റ്റ് ഭൗതികവാദം മറച്ചുവെച്ച് ആത്മീയത പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു മടിയില്ല. ഇന്നലത്തെ പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു.

"ജാതി സ്ഥാപിക്കാൻ ശങ്കരൻ ബുദ്ധികൊണ്ട് പറന്നിട്ടുണ്ടെന്ന് ഗുരു ഒരിക്കൽ പറഞ്ഞു. ഒരുപക്ഷേ ശങ്കരാചാര്യരുടെ ജീവിതത്തിനും ദർശനത്തിനും നേരെയുണ്ടായ ഏറ്റവും ക്രിയാത്മകമായ വിമർശനമായിരിക്കും അത്. ഗുരു ഭൗതീകവാദിയായിരുന്നു എന്ന് ഞാൻ ഒരിക്കലും വാദിക്കുകയില്ല. ഇന്ത്യയുടെ ആത്മീയദർശനത്തിന്റെ വക്താവായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായ അദ്വൈതത്തെ അദ്ദേഹം പിന്തുടർന്നു. പക്ഷേ ശങ്കരാചാര്യരുടെ അദ്വൈതവും ഗുരുവിന്റെ അദ്വൈതവും നേർ വിപരീതദിശയിലേക്കാണ് സഞ്ചരിച്ചത്. പൗരോഹിത്യത്തിന്റെ വർണ്ണവ്യവസ്ഥയെ ന്യായീകരിക്കാനും സ്ഥാപിക്കാനുമാണ് ശങ്കരൻ അദ്വൈതത്തെ ഉപയോഗിച്ചതെങ്കിൽ, മനുഷ്യർക്കിടയിലെ ജാതിവ്യത്യാസത്തേയും മേധാവിത്തത്തെയും തകർക്കാനാണ് ഗുരു ശ്രമിച്ചത്. "ആത്മോപദേശശതകം' എന്ന കൃതി പരിശോധിച്ചാൽ അത് കൃത്യമായി ബോധ്യപ്പെടും. ആത്മസത്തയുടെ ശക്തമായ അടിത്തറ സ്ഥാപിച്ച് അതിനു മുകളിൽ കയറിനിന്ന് അവനിവൻ എന്ന ഭേദത്തെ ഗുരു നിരാകരിക്കുന്നു.'

ധാരാളം കമന്റുകൾ വന്നിട്ടുണ്ട്. നാരായണഗുരുവിനേയും ശങ്കരാചാര്യരേയും താങ്കൾ ഒന്നുകൂടി പഠിക്കേണ്ടതുണ്ട് എന്ന നിർദ്ദേശമാണ് മാന്യത കൈവിടാതെ ചിലർ പ്രകടിപ്പിച്ചത്. ആർ.എസ്.എസ്. പ്രവർത്തകർ കെ.യുടെ പോസ്റ്റിനു കീഴിലെ നിത്യസാന്നിധ്യമാണ്. "ഒന്നു പോടോ', "കിടന്നുറങ്ങടോ', "നിന്റെ കഥ തീർക്കും' അങ്ങനെയൊക്കെയാണ് അവരുടെ പ്രതികരണങ്ങൾ. കെ. ഇങ്ങനെയൊക്കെ എഴുതുന്നത് അടുത്തവർഷത്തെ സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് പ്രതീക്ഷിച്ചിട്ടാണെന്ന് അക്കൂട്ടത്തിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. പതിവുപോലെ അശ്ലീലക്കമന്റുകൾ കെ. ഡിലീറ്റു ചെയ്തു. വ്യാജ പ്രൊഫൈലുകൾ തെരഞ്ഞുപിടിച്ച് ബ്ലോക്ക് ചെയ്തു.

അതേസമയം ഒരു പതിവു പ്രൊഫൈലിൽ നിന്നുള്ള കമന്റ് ഇത്തവണ ഉണ്ടായില്ലല്ലോ എന്ന് കെ. ഓർത്തു. അത് ഡി.കാട്ടൂർക്കടവിലിന്റേതാണ്. ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങിയതിനു ശേഷം ആ പേരിൽ മറഞ്ഞിരുന്ന് ആരോ ഒരാൾ കെ.യെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. അത് ആരാണ് എന്നറിയാൻ അദ്ദേഹം പലരീതിയിൽ പരിശ്രമിച്ചു. വിജയിച്ചില്ല. കാട്ടൂർക്കടവ് കെ.യുടെ ഗ്രാമമാണ്.

മാത്രമല്ല, തന്നെക്കുറിച്ച് ഏതാണ്ടെല്ലാം അറിയുന്ന ആളാണ് ഈ ഡി.കാട്ടൂർക്കടവ് എന്നും മനസ്സിലായിട്ടുണ്ട്. ആ മനുഷ്യന്റെ സ്ഥായിയായ നിലപാട് എന്തെന്നു വ്യക്തമല്ല. നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയച്ചേരിയിൽ ഉൾപ്പെടുന്ന ആളാണെന്നു തോന്നുന്നില്ല. ഒരുവക നെഗറ്റീവ് സ്വഭാവമാണ്. കെ. എന്താണോ എഴുതിയത് അതിന് എതിർപക്ഷത്തു നിൽക്കുക. എതിർക്കാനായി ഏറ്റവും കഠിനമായ വാക്കുകൾ പ്രയോഗിക്കുക. മറ്റുള്ളവരുടേതു പോലെയല്ല. ഡി.യുടെ കമന്റുകൾ കെ.യെ കുറെയൊക്കെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ അദ്ദേഹം അതിനു മറുപടി എഴുതാറില്ല. ആ കമന്റുകൾ ഡിലീറ്റ് ചെയ്യുകയും പതിവില്ല. അതവിടെ കിടക്കട്ടെ. അവയിൽ തനിക്കുള്ള ചില സന്ദേശങ്ങൾ ഉണ്ടെന്ന് കെ. കരുതി.

കഴിഞ്ഞ ദിവസം കെ.യുടെ ഒരു പോസ്റ്റിൽ ഡി. കാട്ടൂർക്കടവ് ഒരു കമന്റായി എഴുതി:
"തണ്ണിച്ചിറക്കായൽ കോൾപ്പാടത്തെ പാവപ്പെട്ട കർഷകത്തൊഴിലാളികളെ പറഞ്ഞു പറ്റിച്ച പ്രത്യയശാസ്ത്രം അതെഴുതിയവന്റെ നാട്ടിൽ എന്തുകൊണ്ട് വിലപ്പോയില്ല എന്ന് താങ്കൾ അന്വേഷിക്കുന്നത് നന്നായിരിക്കും.'

ബർലിൻ നഗരത്തിലെ വീട്ടുസാമാനങ്ങൾ വിൽക്കുന്ന ഒരു സൂപ്പർ മാർക്കറ്റിൽ കാൾ മാർക്സിന്റെ ജർമ്മൻ ഭാഷയിലുള്ള കൃതികൾ വിൽക്കാൻ വെച്ചത് കെ. കണ്ടിരുന്നു. അതിന്റെ ഫോട്ടോ എടുത്ത് അടിക്കുറിപ്പെഴുതി അദ്ദേഹം എഫ്.ബി യിൽ പോസ്റ്റു ചെയ്തു. അതിന്മേലായിരുന്നു ഡി.യുടെ കമന്റ്.

കാട്ടൂർക്കടവിലെ ജനങ്ങൾ പൊതുവെ കെ.യെ ആദരിക്കുന്നുണ്ട്. എഴുത്തുകാരനാണ് എന്നതു തന്നെ പ്രധാന കാരണം. അത്ര വായനക്കാരൊന്നുമല്ല ഇവിടത്തെ ആളുകൾ. പക്ഷേ എഴുത്തുകാർ ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന വിചാരം അവർക്കുണ്ട്. പിന്നെ സ്വന്തം നാടിനെക്കുറിച്ച് കെ. ധാരാളം എഴുതിയിട്ടുണ്ട്. വായിക്കുന്ന അപൂർവ്വം പേർ അക്കാര്യം പൊതുവേദികളിൽ സൂചിപ്പിക്കും. പൊതുപരിപാടികൾക്ക് അദ്ദേഹത്തെ ക്ഷണിച്ച് സ്വാഗതം പറയുമ്പോൾ "കാട്ടൂർക്കടവിന്റെ സ്വകാര്യ അഹങ്കാരം', "നമ്മുടെ നാടിന്റെ യശസ്സ് ലോകത്തെ അറിയിച്ച ആൾ' എന്നെല്ലാം സംഘാടകർ വിശേഷിപ്പിക്കുക പതിവുണ്ട്.

മറ്റൊന്ന് കെ. എന്ന എഴുത്തുകാരൻ സമൂഹത്തിനു മുമ്പാകെ വെളിവാക്കുന്ന ഭാവവും പെരുമാറ്റവുമാണ്. സത്യത്തിൽ അന്തർമുഖനും നിരാശാഭരിതനുമാണെങ്കിലും എല്ലാവരോടും മന്ദസ്മിതത്തോടെയും ഭവ്യതയോടെയും പെരുമാറാനുള്ള മെയ് വഴക്കം കെ.ക്കുണ്ട്. അത് അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചതായിരിക്കും. രാഷ്ട്രീയപ്രവർത്തകരുടെ ഒരു കുടുംബത്തിലാണ് കെ. ജനിക്കുന്നത്. മുത്തച്ഛൻ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റേയും അച്ഛൻ കമ്യൂണിസ്റ്റ് പാർടിയുടേയും പ്രവർത്തകർ ആയിരുന്നു.

പ്രാഗിലെ റോസ്റ്റോക്കിയിൽ പ്രഭാതവേളയിൽ പുൽമൈതാനങ്ങൾക്കിടയിലുള്ള ചെറിയ ചാപ്പലിന്റെ അരികിലെ സിമന്റ് ബഞ്ചിലാണ് കെ. ഇപ്പോൾ ഇരിക്കുന്നതെന്ന കാര്യം നമ്മൾ മറന്നു പോകരുത്. അദ്ദേഹം ഫേസ് ബുക്ക് സ്ക്രോൾ ചെയ്ത് മറ്റുള്ളവരുടെ പോസ്റ്റുകൾ നിരീക്ഷിച്ചു. അതിനിടെയാണ് അറിയാത്ത ആരുടെയോ പോസ്റ്റിൽ നിന്ന് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയതും വേദനിപ്പിച്ചതുമായ ഒരു വാർത്ത ശ്രദ്ധയിൽ പെട്ടത്. "ദളിത് കമ്യൂണിസ്റ്റ് സമരനായിക പി.കെ.മീനാക്ഷി അന്തരിച്ചു.'

അദ്ദേഹം ഒരുനിമിഷം ആ പോസ്റ്റിൽ നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കി. തെല്ലൊരു സ്ഥലജലവിഭ്രാന്തി ഉണ്ടായി എന്നു പറയാം. ഇലക്ടോണിക് ഉപകരണങ്ങളിലേക്ക് ഏറെനേരം നോക്കിയിരിക്കുന്നവർക്ക് ഉണ്ടാവുന്നതാണ്. ഇരിക്കുന്ന ലോകം മറക്കും. അപ്പോഴേക്കും ആ പുൽമൈതാതത്തിൽ കുറച്ചൊക്കെ ആളുകൾ എത്തിയിരുന്നു. ചാപ്പലിന് അടുത്തുള്ള സ്റ്റാൾ തുറന്നു കണ്ടു. സായിപ്പുമാരും മദാമ്മമാരും തങ്ങളുടെ വളർത്തുനായ്ക്കളേയും കൊണ്ട് നടക്കാനിറങ്ങിട്ടുണ്ട്. മൈതാനത്തിനകത്തെ ചെറിയ സിമന്റ് പാതകളിൽ സ്കേറ്റ് ഷൂ ധരിച്ച കുട്ടികൾ പായുന്നു.

അദ്ദേഹം ഫേസ്ബുക്കിലേക്ക് വീണ്ടും നോക്കി. മീനാക്ഷിച്ചേച്ചിയുടെ ഒരു ഫോട്ടോ ഉണ്ട്. തെല്ലൊരു സംശയത്തോടെയും എന്നാൽ ഉള്ളിലൊരു പരിഹാസച്ചിരിയോടെയും അവർ ലോകത്തെ നോക്കുന്ന ചിത്രം.
"എന്താടോ തന്റെ ഉദ്ദേശ്യം?'

എന്ന് അവർ ചോദിക്കുന്നതായി കെ.ക്കു തോന്നി. അതവരുടെ ഒരു സ്ഥിരം ചോദ്യമാണ്. കയർത്തും ചിലപ്പോൾ സ്നേഹത്തോടെയും ആ ചോദ്യം അവർ പലരോടും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. കെ.യോടും ചോദിച്ചിട്ടുണ്ട്. സർക്കാരുദ്യോഗം കഴിഞ്ഞ് നാട്ടിലെത്തി തമ്മിൽ കണ്ടപ്പോൾ അവർ ചോദിച്ചു.
"എന്താടോ തന്റെ ഉദ്ദേശ്യം?'

അവർ അന്നു പറഞ്ഞു:
"ഇവടിപ്പൊ നമ്മളൊരു ഒഴുക്കിനങ്ങനെ നീങ്ങ്വാണ്. പ്രസ്ഥാനത്തില് ആളുണ്ടോന്ന് ചോദിച്ചാൽ മുമ്പത്തേക്കാളും എരട്ടി ആൾക്കാരുണ്ട്. എന്നാല് തണ്ണിച്ചെറ കോൾപ്പാടത്തെ വെള്ളപ്പൊക്കം പോല്യാണത്. കേറ്റോം എറക്കോം. കൊറേ പേര് വരണു. കൊറേ പേര് പോണൂ. വഴിയമ്പലംന്ന് കേട്ടില്ലേ? അതുപോലെ. ഒരോരുത്തർക്കും അവരവരടെ സ്വന്തം കാര്യത്തിനാണ് ഇപ്പൊ രാഷ്ട്രീയം. ആവശ്യം കഴിഞ്ഞാപ്പിന്നെ നിക്കില്ല. വരണ സമയത്ത് വെല്യ ആവേശം കാണിക്കും. പുത്തൻ പെണ്ണ് പെരപ്പറം തൂത്തുവാരുംന്ന് കേട്ടട്ടില്ലേ? അതുപോലെ. പോയിക്കഴിഞ്ഞാലോ? പിന്നെ പെരക്ക് തീ കൊടുക്കണ വിമർശനാണ്.'

"ഒന്നാലോചിച്ചാല് എല്ലാവരും അതൊക്കെ തന്ന്യല്ലേ എന്നും ചെയ്തത്?' അവർ തുടർന്നു:

"പുതിയോരെ കുറ്റം പറയാൻ പറ്റില്ല. നമ്മളൊക്കെ ഇത്ര കാലോം ഇവടെ നിന്നേന് കാരണംന്താ? ഓരോരോ ആവശ്യങ്ങളുണ്ടാർന്നു. ചെലാർക്ക് കൃഷി ചെയ്യാൻ ഭൂമി വേണം. ചെലോർക്ക് തല ചായ്ക്ക്യാൻ ഒരെടം. ചെലാർക്ക് തൊഴിൽ. ഒരു നേരത്തെ കഞ്ഞി. ആരടേം ആട്ടും തുപ്പും ഇല്ലാണ്ട് വെളിച്ചത്തെറങ്ങി നടക്കാനൊള്ള അവകാശം. ഇതൊന്നും വേണ്ടാത്ത ചെലര് വിരുന്നു വന്നപ്പൊ അവരുക്ക് നമ്മള് അധികാരം വെളമ്പിക്കൊടുത്തു.'

"താനിനി ഇവടെ വന്ന് മലമറയ്ക്കാനൊന്നും നിക്കണ്ട. സാഹിത്യകാരന്മാര് കൊറച്ചൊക്കെ അകന്ന് നിക്കണതാ അവരുക്കും നമ്മക്കും നല്ലത്.'
അങ്ങനെ പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു.

ജീവിതത്തെ അതിന്റെ സർവ്വത്ര മുഖത്തോടെയും കണ്ടതിന്റെ ധിക്കാരമുണ്ട് ആ ചിരിയിൽ. കെ. അന്ന് അവരെ സൂക്ഷിച്ചു നോക്കി. മുഖത്തിനെ വാർദ്ധക്യം തെല്ലു ബാധിച്ചിട്ടുണ്ട്. പക്ഷേ മെലിഞ്ഞ ശരീരത്തിൽ അതത്ര തെളിഞ്ഞിട്ടില്ല. മണ്ണാൻതുരുത്തിലെ ചെറിയ വീട്ടിൽ ഇപ്പോഴും ഒറ്റക്കാണ് താമസം. കോൾപ്പടവിൽ നടാനും കൊയ്യാനും പോകും. ബാക്കിസമയം പൊതുപ്രവർത്തനം. കുറേകാലം കാട്ടൂർക്കടവ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

മകനും ഭാര്യയും സർക്കാർ ഉദ്യോഗസ്ഥരാണ്. അവർ പൈക്കണ്ണി നടയിൽ വീടു പണിഞ്ഞു താമസിക്കുന്നു. കെ. ലാന്റ് റിക്കാർഡ്സ് ഡിപ്പാർട്ടുമെന്റിൽ ഉണ്ടായിരുന്ന കാലത്ത് മീനാക്ഷിച്ചേച്ചിയുടെ മകനും മരുമകളും അദ്ദേഹത്തിന്റെ ഒപ്പം ജോലി ചെയ്തിരുന്നു. മരുമകൾ കുറേ കൂടി ഉയർന്ന ഉദ്യോഗമാണ് വഹിച്ചിരുന്നത്. കാര്യ ഗൗരവമുള്ള ഒരു സ്ത്രീ. പക്ഷേ മകൻ ഒരുവക അന്തർമുഖനാണ്. നാട്ടുകാരനായ കെ.യുടെ മുഖത്തു പോലും നോക്കുക പതിവില്ല. ഈയിടെ ഒരു വിജിലൻസ് കേസിൽ അയാളെ അറസ്റ്റു ചെയ്തതായി പത്രത്തിൽ വാർത്ത വന്നിരുന്നു. കുടുംബജീവിതം എന്നും മീനാക്ഷിച്ചേച്ചിയുടെ മനസ്സിൽ ഒരു മുള്ളായിരുന്നു. നാടിനെ നടുക്കിയ വിവാഹം. അതിന്റെ ശൈഥില്യം. അകാലത്തിൽ ഭർത്താവിന്റെ മരണം.

ഫേസ്ബുക്കിലെ ഇന്നത്തെ പോസ്റ്റ് പി.കെ.മീനാക്ഷിയെക്കുറിച്ചാവണമെന്ന് കെ. ആഗ്രഹിച്ചു. എഴുതാനായി ധാരാളം ഓർമ്മകളുണ്ട്. എല്ലാംകൂടി ഒരു പോസ്റ്റിലേക്ക് എങ്ങനെ സംക്ഷേപിക്കും? ഏതു സംഗതിയിൽ നിന്നാണ് തുടങ്ങേണ്ടതെന്ന് അദ്ദേഹം ആലോചിച്ചു. ആകർഷകമായ ഒരു വാക്യം തുടക്കത്തിൽ തന്നെ ഉണ്ടാവണം. വ്യക്തിപരമായ കാര്യങ്ങൾ എഴുതുമ്പോൾ ചില തടസ്സങ്ങൾ വന്ന് കെ.യെ ബുദ്ധിമുട്ടിക്കാറുണ്ട്. സംഗതിയുടെ വൈകാരികത ചോർന്നു പോകാതെയും സെന്റിമെന്റൽ ആകാതെയും എങ്ങനെ എഴുതും എന്നതാണ്. അന്നേരമാണ് ഭാഷയുടെ പരിമിതി ബോധ്യപ്പെടുന്നത്. നല്ലൊരു വാക്കിനു വേണ്ടി കാത്തിരുന്ന് അദ്ദേഹം പലപ്പോഴും എഴുത്തു തന്നെ ഉപേക്ഷിച്ചിട്ടുണ്ട്.

കെ. എഴുന്നേറ്റ് നടന്നു. തണുപ്പ് പാടെ വിട്ടകന്നിരിക്കുന്നു. തങ്ങൾ താമസിക്കുന്ന Air bnbയുടെ കോട്ടേജ് സൂര്യവെളിച്ചത്തിൽ തിളങ്ങുന്നത് അദ്ദേഹം അകലെനിന്ന് കണ്ടു. തുങ്ങിക്കിടക്കുന്നതും പടർന്നു കയറിയതുമായ ഒരുപാട് ചെടിപ്പടർപ്പുകളാൽ അലംകൃതമായിരുന്നു അത്. ഫ്രാൻസിൽ ജോലി ചെയ്യുന്ന ഒരു ചെക്ക് യുവതിയാണ് അതിന്റെ ഉടമ എന്ന് അറിഞ്ഞിരുന്നു. അവരുടെ അമ്മയാണ് രണ്ടുദിവസം മുമ്പ് താക്കോൽ കൈമാറാനായി കാത്തു നിന്നത്.

വീടിന്നകത്തെ ഇന്റീരിയർ ഡെക്കറേഷൻ അസാമാന്യമാണ്. സ്വാഭാവികമെന്നോണം പലയിടത്തും സംഗീതോപകരണങ്ങൾ വെച്ചിരുന്നു. ശരിക്കും പ്രവർത്തിപ്പിക്കാവുന്നവ. ചുമരുകളിൽ മികച്ച പെയിന്റിംഗുകൾ. അലമാരകളിൽ വളരെ പ്രശസ്തമായ പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു. ഒരുപക്ഷേ അതൊന്നും വീട്ടുടമയുടെ അഭിരുചിയുടെ പ്രകടനം ആയിരിക്കണമെന്നില്ല. കസ്റ്റമറെ ആകർഷിക്കാനും അങ്ങനെ റേറ്റിംഗ് കൂട്ടാനുമുള്ള തന്ത്രങ്ങൾ ആവാം.

ഭാര്യ അടുക്കളയിൽ പാചകത്തിൽ ആണ്. ടി.വി. നോക്കിയിരിക്കുന്ന മകൻ കെ.യോട് വിളിച്ചു പറഞ്ഞു:

"നാട്ടിൽ വലിയ വെള്ളപ്പൊക്കമാണ്. നിലക്കാത്ത പെരുമഴ. ഡാമുകൾ തുറന്നു. എല്ലാ ടൗണുകളിലും വെള്ളം കയറി. റോഡും റെയിലും ബ്ലോക്കാണ്. നെടുമ്പാശ്ശേരിയിൽ വെള്ളം ഉയർന്നതുകൊണ്ട് എയർപോർട്ട് അടച്ചു. പലസ്ഥലത്തും ആളുകൾ കൂട്ടുങ്ങിക്കിടക്കുകയാണ്.'

ഭാര്യ വന്നു പറഞ്ഞു:
"നാട്ടിൽ ആരേം കോൺടാക്ട് ചെയ്യാൻ പറ്റുന്നില്ല. വിളിച്ചിട്ടു കിട്ടുന്നില്ല. വാട്സാപ്പ് മെസ്സേജും പോവുന്നില്ല. അമ്മ എന്തെടുക്ക്വാ ആവോ? ഒരു കണ്ണ് മാത്രം കാണണ ആളാ.'

"അതുപ്പൊ വെള്ളം കയറിയതു കൊണ്ട് പവർ ഒട്ടാകെ പോയിറ്റുണ്ടാവും. നെറ്റ് കണക്ഷൻ ഉണ്ടാവില്ല.'
കെ. പറഞ്ഞു.

അമ്മ അനിയന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. അത് കുറെ ഉയർന്ന സ്ഥലമാണ്. അവിടേക്ക് എന്തായാലും വെള്ളം കയറുകയില്ല എന്ന് കെ. വിശ്വസിച്ചു.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് കെ. ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു. അദ്ദേഹം ചിന്താമഗ്നനായിരുന്നു. ഇന്ന് മെറോവിയയിൽ പോയി ചില വില്ലേജുകളും കൃഷിയിടങ്ങളും കാണാനാണ് ഉദ്ദേശിച്ചിരുന്നത്. അതെല്ലാം റദ്ദുചെയ്തു. വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടാനായി നെറ്റിലും ചാനലിലും അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്നു. അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

"അമ്മക്ക് വെള്ളപ്പൊക്കമൊന്നും പുത്തരിയല്ല. എല്ലാവർഷവും വെള്ളം വന്ന് കയറി മറിയുന്ന കിഴക്കേ കല്ലടത്തുരുത്തിൽ ജനിച്ചു വളർന്നതല്ലേ?'▮

(തുടരും)


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 18-ൽ പ്രസിദ്ധീകരിച്ചത്.


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments