ചിത്രീകരണം: ഇ. മീര

അബുവിന്റെ ഉമ്മ

ഏഴ്: അബുവിന്റെ ഉമ്മ

രാത്രി വൈകിക്കഴിഞ്ഞാൽ നിശ്ശബ്ദമാവുന്ന ആശുപത്രി വരാന്തയിലൂടെ ഒരു വൃദ്ധകന്യാസ്ത്രീ നടക്കുക പതിവുണ്ട്. ആവശ്യമില്ലാത്ത വിളക്കുകൾ കെടുത്തലാണ് അവരുടെ ചുമതല. ചെറിയ ഒരു മെഴുകുതിരി വിളക്ക് കയ്യിലുണ്ടാവും. ചുളിഞ്ഞതും പഴക്കമുള്ളതുമായ സഭാവസ്ത്രമാണ്. അഴുക്കുപിടിച്ചത്. അതിനിടയിലൂടെ പുറത്തു കാണപ്പെട്ട മുഖം വല്ലാതെ വല്ലാതെ തടിച്ചു ചീർത്തിരുന്നു. അവരെ കാണുമ്പോൾ ശിവരാമൻ പറയും.

"മണവാട്ടി സിസ്റ്ററ് വരണുണ്ട്.'

മീനാക്ഷി കിടക്കുന്ന മുറിക്ക് പുറത്തെ കോറിഡോറിൽ പായ വിരിച്ചാണ് ശിവരാമനും ദിമിത്രിയും കിടക്കുക. ദേവു അകത്തുണ്ടാവും. ശിവരാമൻ കിടന്നപാടെ ഉറങ്ങും. ദിമിത്രി ഏറെ സമയം മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുകയാണ് പതിവ്.

മണവാട്ടി സിസ്റ്റർ വന്നപ്പോൾ ദിമിത്രി ചുവരിൽ ചാരിയിരിക്കുകയായിരുന്നു. അവർ അടുത്തുവന്ന് വിളക്ക് ചേർത്തു പിടിച്ച് അവനെ നോക്കി."ആ, നീയാണോ?' അവർ ചോദിച്ചു.
ശിവരാമൻ അതുകേട്ട് ചിരിച്ചു.

അവർ ശബ്ദം താഴ്ത്തി പറഞ്ഞു:"ദൈവപുത്രൻ പുനരുത്ഥാനം ചെയ്തു വരുന്നുണ്ട്. കാലൊച്ച കേൾക്കാനുണ്ടോ?' "ഉണ്ട്' ദിമിത്രി പറഞ്ഞു."ഞാൻ അവന്റെ മണവാട്ടിയാണ്. അവനുവേണ്ടി അണിഞ്ഞൊരുങ്ങുകയായിരുന്നു. മഗ്‌ദേലനക്കാരി മറിയവും ചെറുയാക്കോബിന്റെയും യോസയുടേയും അമ്മ മറിയവും പിന്നെ സലോമിയും എനിക്കൊപ്പം ഉണ്ട്.'

സിസ്റ്റർ മെല്ലെ നടന്നു പോകുന്നത് ദിമിത്രി നോക്കിയിരുന്നു. ആശുപത്രി തുടങ്ങിയ കാലം മുതലേ ഉള്ള കന്യാസ്ത്രീയാണ് ഇതെന്ന് ശിവരാമൻ പറഞ്ഞിരുന്നു. പല ഉത്തരവാദിത്തങ്ങൾ ഇവിടെ അവർ നിർവ്വഹിച്ചിരുന്നു. ഇപ്പോൾ വയസ്സ് ഏറെയായി. ഓർമയും ബോധവും ചെറുതായിട്ട് താളം തെറ്റിയിരിക്കുകയാണ്. പക്ഷേ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരിക്കണമെന്ന് അവർക്ക് വാശിയാണ്. അതുകൊണ്ട് വിളക്ക് അണക്കുന്ന ചുമതല കൊടുത്തു.

കുട്ടിക്കാലത്ത് ഈ ആശുപത്രിയിലേക്ക് വന്നപ്പോൾ കണ്ട കന്യാസ്ത്രീമാരുടെ മുഖങ്ങൾ ദിമിത്രി ഓർക്കാൻ ശ്രമിച്ചു. കാലം എത്രയോ കഴിഞ്ഞു. ഓർമകൾ പിടി തരുന്നില്ല. അന്നത്തെ കന്യാസ്ത്രീമാരെല്ലാം ചെറുപ്പമായിരുന്നു. എല്ലാവർക്കും ഒരേ രൂപമായിട്ടാണ് മനസ്സിലുള്ളത്. പോർട്ടിക്കോയിൽ ഒന്നിച്ചു നിരന്നുനിന്ന് എല്ലാവരും ചിരിക്കുന്നു. ഒരു സിസ്റ്റർ അവന്റെ തലയിൽ തട്ടി പേടിത്തൊണ്ടൻ എന്നു വിളിച്ചു. അവർ തീരെ മെലിഞ്ഞിട്ടായിരുന്നു. ആ ചെറിയമുഖത്ത് കുറച്ച് നീണ്ട മൂക്ക്. അതീവ വൃത്തിയിൽ തീരെ ചുളിവുകളില്ലാത്ത വെളുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അത് നിലത്തു മുട്ടി പിന്നിൽ ഇഴയുന്നുണ്ടായിരുന്നു. ഗോവണി കയറുമ്പോൾ അവരത് ഒതുക്കിപ്പിടിച്ചു

ദിമിത്രിക്ക് ഉറക്കം വന്നില്ല. പകലത്തെ ബഹളങ്ങൾ കഴിഞ്ഞ് ആശുപത്രിയും പരിസരവും പരമശാന്തമായിരുന്നു. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കാറ്റും. ശിവരാമൻ ഉറങ്ങിയെന്നു തോന്നുന്നു.

ദിമിത്രി ലാപ്‌ടോപ് തുറന്ന് ഫേസ്ബുക്ക് നോക്കി. പെട്ടെന്നു തന്നെ കെ. എന്ന എഴുത്തുകാരന്റെ പോസ്റ്റ് തെളിഞ്ഞു. എവിടേക്കെന്നില്ലാതെ നോക്കുന്ന അദ്ദേഹത്തിന്റെ മുഖം.

അയാൾ പോസ്റ്റ് വായിച്ചു:
"ദൈവത്തെ സൃഷ്ടിച്ച പൂർവ്വികർക്കു നന്ദി. അത്രയേറെ മഹത്തമേറിയ ഒരു സൃഷ്ടിയും പ്രപഞ്ചത്തിൽ വേറെ ഉണ്ടായിട്ടുണ്ടാവില്ല. പിന്നീട് മനുഷ്യർ ദൈവം ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കാൻ തുടങ്ങി. ആർക്കും ഒരു കാലത്തും മാറി നിൽക്കാനാവാത്ത വലിയ തർക്കമാണത്. ദൈവം ഇല്ല എന്ന പിടിവാശിയുടെ പക്ഷത്താണ് ഞാൻ നിന്നത്. പക്ഷേ ഇപ്പോൾ ദൈവത്തിൽ വിശ്വാസമർപ്പിക്കുകയാണ്. മതഭീകരവാദികൾ ഭരിക്കുന്ന ഒരു രാജ്യത്തെ പൗരന് ആ അവലംബത്തെ കൈവിടാനാവില്ല.'

ദിമിത്രിക്ക് പെട്ടെന്ന് ദേഷ്യം വന്നു. പല്ലു ഞെരിച്ചുകൊണ്ട് അയാൾ സംയമനം വീണ്ടെടുക്കാൻ ശ്രമിച്ചു. എത്ര കപടവും കൃത്രിമവുമായ എഴുത്ത്. ഓരോ വാക്കിലും വരിയിലും രാഷ്ട്രീയ കുബുദ്ധി സമർത്ഥമായി ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ആ പോസ്റ്റിനു കീഴെ ദിമിത്രി അതിവേഗം എഴുതി.
"ഉവ്വ്. താങ്കളുടെ ദൈവങ്ങൾ തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ഇരിക്കുന്നുണ്ട്. പൂജ മുടക്കണ്ട. - ഡി.കാട്ടൂർക്കടവ്.'

അങ്ങനെ എഴുതിയതിന്റെ ആശ്വാസത്തിൽ ദിമിത്രി തെല്ലുസമയം കണ്ണടച്ചിരുന്നു. അയാൾ അങ്ങനെ നിരന്തരമായി ഫേസ്ബുക്കിൽ ഇടപെടുന്നയാളല്ല. സ്വന്തമായി പോസ്റ്റുകൾ എഴുതുന്ന പതിവില്ല. എല്ലാം ഒന്ന് ഓടിച്ചു നോക്കും. പക്ഷേ കെ. എന്ന എഴുത്തുകാരന്റെ പോസ്റ്റുകളെ വിടാതെ പിന്തുടരുന്നു. അതൊരു ജീവിതദൗത്യമായി അയാൾ കരുതുന്നുണ്ട്. ഓരോ തവണ പ്രതികരിക്കുമ്പോഴും ആലോചിക്കാറുണ്ട്: ഇദ്ദേഹവും താനും തമ്മിൽ എന്താണുള്ളത്? ഒരു ഗ്രാമത്തിൽ ഏതാണ്ട് ഒരു കാലത്ത് ജനിച്ചവരാണ്. ഒരേ സർക്കാർ വകുപ്പിൽ കുറേകാലം ജോലി ചെയ്തു. എന്നിട്ടുപോലും സൗഹൃദമോ അടുത്ത പരിചയമോ അദ്ദേഹവുമായി ഉണ്ടായിരുന്നില്ല. ആപ്പീസിൽ വെച്ച് അത്യാവശ്യത്തിന് സംസാരിച്ചിട്ടുണ്ടാകാം. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പിന്തുടരൽ?

അങ്ങനെ അർത്ഥരഹിതമായ ചില ദൗത്യങ്ങൾ ജീവിതത്തിൽ ആവശ്യമുണ്ടെന്ന് ദിമിത്രി കരുതുന്നു. വലിയ വായനക്കാരൻ ഒന്നുമല്ലെങ്കിലും മാസികകളിലും മറ്റും കെ.എഴുതുന്നത് ഏതാണ്ടും അയാൾ തേടിപ്പിടിച്ച് വായിക്കാറുണ്ട്. ആസ്വദിച്ചുള്ള വായനയല്ല അത്. കെ.യുടെ മനോവിചാരത്തിലേക്കുള്ള ഒരന്വേഷണമാണ്. ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ ശ്രമിക്കുന്ന ഒരു രഹസ്യപ്പോലീസിനെപ്പോലെയാണ്. ഏതൊക്കെ ഇരുളിലാണ് ശത്രു പതുങ്ങുന്നത്? ഏതു വെളിച്ചത്തിലാണ് തലയുയർത്തുന്നത്? എഴുത്തും സാഹിത്യവും ചിന്തയും സംസ്‌കാരവും മറ്റും കലർന്നു കിടക്കുന്ന അതിസങ്കീർണ്ണമായ ലോകമായതുകൊണ്ട് വളരെ സൂക്ഷിച്ചു തന്നെ നീങ്ങണം.

പ്രത്യക്ഷത്തിൽ ഒട്ടും കാര്യഗൗരവമില്ലാത്തത് എന്നു തോന്നിപ്പിക്കുന്ന ചില കാര്യങ്ങളാണ് സാഹിത്യമെന്ന നിലയിൽ കെ. എഴുതുന്നത്. അതിസാധാരണമായ ഒരു ഭാഷയിലാണ് ആ എഴുത്ത്. ഫേസ്ബുക്കിലും മറ്റും അദ്ദേഹമെടുക്കുന്ന തുറന്ന രാഷ്ട്രീയ നിലപാടുകളും അതിൽ കാണുകയില്ല. ഒരുപക്ഷേ അത് എഴുത്തിലെ ഒരു അടവുതന്ത്രം ആയിരിക്കും. ഒരു കെണി. സത്യത്തിൽ അങ്ങേയറ്റം ശ്രദ്ധയോടെയാവും അദ്ദേഹം എഴുതുന്നുണ്ടാവുക. ശ്രദ്ധാപൂർവ്വമായ അശ്രദ്ധ എന്നുണ്ടല്ലോ.

ആപ്പീസിൽ സഹപ്രവർത്തകനായിരുന്ന കാലത്ത് കെ.യുടെ നീക്കങ്ങൾ ദിമിത്രി നിരീക്ഷിക്കാറുണ്ട്. ഉദാസീനമായ ഒരു മട്ടിലാണ് കെ. പരിസരത്തെ നോക്കാറുള്ളത്. ചുറ്റുമുള്ള മനുഷ്യരേയും അങ്ങനെ നോക്കും. നോക്കുന്നതാണോ അദ്ദേഹം കാണുന്നത് എന്നു സംശയം തോന്നും. അമ്മട്ടിൽ അദ്ദേഹം ദിമിത്രിയെയും നോക്കിയിട്ടുണ്ട്. പക്ഷേ ആ ഉദാസീനത ഒരു നാട്യമാണെന്നത് വ്യക്തം. സത്യത്തിൽ കെ. ഓരോ നിമിഷവും മനുഷ്യമനസ്സുകളെ സ്‌കാൻ ചെയ്യുകയാണ്. അത്ഭുതകരമായ ഒരു സംഗതി, ദിമിത്രി മനസ്സിൽ ആലോചിച്ച ചില കാര്യങ്ങൾ കെ.യുടെ എഴുത്തുകളിൽ പിന്നീട് കണ്ടിട്ടുണ്ട് എന്നതാണ്.

കാട്ടൂർക്കടവ് ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് കെ.യുടെ എഴുത്തുകൾ. കാനോലിക്കനാൽ, കരുവനൂർ പുഴ, തണ്ണിച്ചിറ കോൾപ്പടവ്, പൈക്കണ്ണി മൈതാനം എന്നൊക്കെ ആവർത്തിച്ചെഴുതും. തന്റെ ഗ്രാമത്തെ ഒരു മിത്താക്കി മാറ്റാൻ ശ്രമിക്കുകയാണ് അദ്ദേഹം എന്നു തോന്നുന്നു. കഴിഞ്ഞവർഷം "മദ്യവിമുക്തമായ കാട്ടൂർക്കടവ്' എന്ന പേരിൽ ഒരു കൽപ്പിത കഥ എഴുതി. ശരിക്കു പറഞ്ഞാൽ അത് ഇവിടത്തെ കൽക്കത്താ മാധവൻ എന്ന മദ്യപന്റെ ജീവിതത്തെ അതേപടി പകർത്തിയതാണ്. മാധവൻ മദ്യവിരുദ്ധസമിതി ഉണ്ടാക്കുന്നതായിട്ടാണ് കഥയിൽ. മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോട്ടുകടവിലെ എട്ടുപടി പാലത്തിന്റെ മുകളിൽ കയറി നിന്ന് അയാൾ പ്രസംഗിക്കുന്നു. പ്രസംഗിച്ച് ക്ഷീണിക്കുമ്പോൾ ദേവലോകം ബാറിൽ പോയി മദ്യം കഴിച്ചു വരുന്നു. വീണ്ടും പ്രസംഗിക്കുന്നു. മദ്യവിരുദ്ധസമിതിയുടെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എന്ന നിലയിലാണ് കഥയിലെ മാധവൻ ആളുകളിൽ നിന്നും പണം സ്വീകരിക്കുന്നത്. അങ്ങാടിയിലേയും പൈക്കണ്ണി മൈതാനത്തെയും ചിലയാളുകൾ ആ കഥയിൽ ഉപകഥാപാത്രങ്ങളായി വരുന്നുണ്ട്. തനിക്ക് കഥയും കവിതയുമെഴുതാൻ നിയോഗിക്കപ്പെട്ടതാണ് കാട്ടൂർക്കടവിലെ മണ്ണും മനുഷ്യരും എന്ന് കെ. അഹങ്കരിക്കുന്നു. തങ്ങളുടെ മനസ്സുകളെ കുത്തിച്ചോർത്തുകയാണ് ഈ എഴുത്തുകാരൻ എന്ന് പാവങ്ങളായ നാട്ടുകാർ അറിയുന്നില്ല. സാഹിത്യം കൊണ്ടുള്ള ഒരുതരം വേട്ടയാണത്. മനുഷ്യരുടെ വ്യക്തിത്വങ്ങളിലേക്കുള്ള കടന്നാക്രമണം.

"ഒറക്കം വന്നില്ലേ ദിമിത്രി?'
അപ്പുറത്ത് കിടക്കുന്ന ശിവരാമൻ ഉണർന്നു ചോദിച്ചു. അവൻ പിന്നെ പറഞ്ഞു:"എനിക്ക് ഈ കെടപ്പൊക്കെ നല്ല വശാ. എവടെ കെടന്നാലും ഒറക്കം വരും. രാത്രീലെ എഴുന്നള്ളിപ്പിന് പഞ്ചവാദ്യം കഴിഞ്ഞാല് ഊട്ടുപെരേടെ തിണ്ണേക്കെടന്ന് ഒരൊറക്കണ്ട്. അപ്പറത്ത് മേളം തകർക്കണുണ്ടാവും. മേളം കൊട്ടിക്കേറുന്തോറും ഒറക്കം മുറുകും. ലഹരിപിടിച്ച പോലെയാണ് ആ ഒറക്കം.'

"ഇപ്പൊപ്പിന്നെ അടച്ചൊറപ്പൊള്ള വീടായി. കട്ടിലായി, കെടക്ക്യായി. കാറു മേടിച്ചേനു ശേഷം എവടെ മേളം കഴിഞ്ഞാലും വീട്ടീച്ചെന്നു കെടന്നട്ടാ ഒറക്കം. ചെണ്ട കൊണ്ടുവ്വാൻ വണ്ടീല്യാണ്ട് പറ്റില്ല. അപ്പൊപ്പിന്നെ അത് ഓടിപ്പിക്കാനും പഠിച്ചു. എലിശല്യത്തിന് പൂച്ചേനെ വളർത്ത്യ സന്യസീരെ കൂട്ടായി മ്മളും.'
ശിവരാമൻ ചിരിച്ചു.

കുന്നിൻപുറത്തെ ഈ ആശുപത്രി ഒരുപറ്റം കന്യാസ്ത്രികൾ നടത്തുന്നതാണ്. സർക്കാർ വക ഒരു പ്രൈമറി ഹെൽത്ത് സെന്റർ വേറെ ഉണ്ട്. പക്ഷേ കാട്ടൂർക്കടവുകാർ അധികവും ചികിത്സ തേടുന്നത് ഇപ്പോൾ ഇവിടെയാണ്. ദിമിത്രി വാറുണ്ണി മാഷ്ടെ സെന്റ് ആൻസ് എൽ.പി.യിൽ പഠിക്കുന്ന കാലത്താണ് ദീപ്തി കോൺവെന്റുകാർ പട്ടന്റെ കുന്ന് വിലക്ക് വാങ്ങി ആശുപത്രി സ്ഥാപിച്ചത്. പണിതീർന്ന കാലത്ത് ഇത് കാണാൻവേണ്ടി അയാൾ ഇവിടെ വന്നിട്ടുണ്ട്. അത് നാലിലോ മറ്റോ പഠിക്കുമ്പോഴാകണം. അക്കാലത്ത് ചില തടിയൻ നാട്ടുമാവുകൾ ഇവിടെ ബാക്കി നിന്നിരുന്നു.

പുണ്യവാളന്റെ കുളത്തിന്റെ കരയിൽ രണ്ടു മദിരാശി ഈന്തമരങ്ങളുടെ ചുവട്ടിലായിരുന്നു വാറുണ്ണി മാഷ്ടെ സ്‌കൂൾ. ഇപ്പോൾ ആ സ്‌കൂൾ ഇല്ല. കുളവും ഈന്തമരവും ഇല്ല. വാറുണ്ണി മാഷും ഉണ്ടാവാനിടയില്ല. ജാനകി ടീച്ചർ ഉണ്ടാവുമോ? ആർക്കറിയാം? എത്രയെത്ര ആളുകൾ മരിച്ചുപോയി. ദിമിത്രി ഓർക്കാൻ ശ്രമിച്ചു. ബംഗ്ലാവിലെ കരുണൻ മാഷ് മരിച്ചു. വലിയമ്മയും മരിച്ചു. വിപ്ലവകാരി ചക്രപാണി വാര്യരും ഈ ലോകം വിട്ടുപോയി. പുന്നക്കടവിലെ മുകുന്ദൻ വൈദ്യരും നനഞ്ഞ തലമുടി ഗോപുരം പോലെ കെട്ടിവെച്ചിരുന്ന അയാളുടെ ഭാര്യയും മരിച്ചു കാണും. കെ.യുടെ "മദ്യവിമുക്തമായ പുളിക്കക്കടവ്' എന്ന കഥയിലെ കഥാപാത്രമായി മാറിയ കൽക്കത്ത മാധവൻ മാത്രം എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് അങ്ങാടിയിലൂടെ അലയുന്നുണ്ട്. അദ്ദേഹം ഒരിക്കൽപോലും മദ്യപാനത്തെ വിമർശിച്ചു സംസാരിച്ചിട്ടില്ല. അത് കെ.യുടെ പല നുണകളിൽ ഒന്നു മാത്രമാണ്.

സെന്റ് ആൻസ് എൽ.പി.സ്‌കൂൾ ഒരു ഭീകരലോകമായിട്ടാണ് ദിമിത്രിയുടെ ഓർമയിൽ ഉള്ളത്. അരമതിലുള്ള ഒരു ഹാളിൽ തട്ടിക കൊണ്ടു മറച്ച ആറോ ഏഴോ ക്ലാസുമുറികളാണ് അവിടെ. അറ്റത്ത് അടച്ചുറപ്പുള്ള ഒരു ആപ്പീസു മുറി. അവിടെ വാറുണ്ണി മാഷ് ഇരിക്കും. തൊട്ടപ്പുറത്ത് ജാനകിടീച്ചറും. രണ്ടുപേരും തമ്മിൽ ഭയങ്കര പ്രേമമുണ്ടെന്ന് കുട്ടികൾ ധരിച്ചിരുന്നു. നാലാംക്ലാസിലെ കുട്ടികളാണ് ആ സംഗതിക്ക് പ്രചാരം നൽകിയത്. കുളക്കടവിലെ മതിലിൽ ചോക്കു കൊണ്ട് വാറുണ്ണി + ജാനകി എന്ന് പല രൂപത്തിൽ എഴുതി വെച്ചിരുന്നു. ചില രേഖാചിത്രങ്ങളും ഉണ്ടായിരുന്നു. ആരും മാച്ചുകളയാൻ ഒരുമ്പെടാതെ അതങ്ങനെ കിടന്നു.

"വാറുണ്ണി മാഷ് കറത്തിട്ടാണ്. ജാനകി ടീച്ചറ് വെളുത്തിട്ടും. പിന്നെ ചന്ദനക്കുറീംണ്ട്. അതോണ്ട് അവരു തമ്മില് ലപ്പൊന്നും ഉണ്ടാവില്ല. ഇയ്യ ചെക്കമ്മാര് വെറുതേ പറയ്യാണ്. വെളുത്ത കത്രീനേല് കറുത്ത സത്യൻ വെളുത്ത ഷീലേനെ പ്രേമിച്ചിട്ട് എന്താണ്ടായത്?'
അബു ദിമിത്രിയോട് വിശദീകരിച്ചു.

ഉച്ചക്ക് ഭക്ഷണം കൊണ്ടു വരാത്ത കുട്ടികൾ കുറേപേർ സ്‌കൂളിൽ അന്ന് ഉണ്ടായിരുന്നു. ബെല്ലടിക്കുമ്പോൾ അവർ കിണറ്റുകരയിൽ പോയി വെള്ളം കുടിക്കും. വിശപ്പിനെ മറികടക്കാനാവണം അവർ എപ്പോഴും ആധികാരികമായാണ് സംസാരിച്ചിരുന്നത്. ബഞ്ചിലിരുന്ന് ലോകകാര്യങ്ങൾ ചർച്ച ചെയ്യും. പണിതുയരുന്ന ചെറുപുഷ്പം മിഷൻ ആശുപത്രിയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. അവിടെ സ്ഥാപിച്ച ലിഫ്റ്റായിരുന്നു അന്നു പ്രധാനവിഷയം. അകത്തു കടന്ന് ഇരുമ്പിന്റെ വാതിലുകൾ വലിച്ച് അടക്കണം. ഉടനെ ഉള്ളിൽ ഒരാന്തലോടെ നമ്മൾ മുകളിലേക്ക് ഉയരും. അതുപോലെ താഴേക്കും. അത് കാണാൻ കഴിഞ്ഞ കുട്ടികൾ അഭിമാനിച്ചു."മിഷ്യേനാസ്പത്രിയാണ്. ഒക്കെ മിഷ്യേന്റെ എടവാടുകളാണ്. ഇനി മരുന്നോണ്ടൊന്ന്വല്ല, മിഷ്യേൻ വെച്ചട്ടാവും സൂക്കേട് മാറ്റ്വാ.'

ക്ലാസിലെ ചർച്ചകളിലൊന്നും ദിമിത്രി പങ്കെടുത്തിരുന്നില്ല. അവൻ എല്ലായ്‌പോഴും ഒറ്റക്കായിരുന്നു. ഉച്ചയൊഴിവു സമയത്ത് കുളക്കരയിൽ ചെന്നിരിക്കുകയാണ് പതിവ്. പക്ഷേ അവിടേക്കും സഹപാഠികൾ അതിക്രമിച്ച് എത്തി. അവർ അർമാദിച്ച് ചോദിക്കും:

"എന്താ ഈ നന്തുണി കൊളക്കടവില് ചാരിവെച്ചേക്കണ്?'

നന്തുണി എന്നു കേൾക്കുമ്പോഴൊക്കെ അവനു പ്രാന്തു പിടിക്കാറുണ്ട്. അതായിരുന്നു അവന്റെ കുറ്റപ്പേര്. സ്‌കൂളിൽ ചേരാൻ ചെന്നപ്പോൾ തന്നെ വാറുണ്ണി മാഷ് അവനെ അങ്ങനെ വിളിച്ചു. പിന്നെ എല്ലാവരും വിളിക്കാൻ തുടങ്ങി. സ്‌കൂളിൽ എല്ലാവർക്കും ഓരോരോ കുറ്റപ്പേരുകളുണ്ടായിരുന്നു. കാരാമ വാസു. മന്തൻ വർഗ്ഗീസ്. പരിപ്പുവട വിലാസിനി. അതിൽ തലേക്കല്ലൻ എന്നു പേരുള്ള അബുവും ഒന്നിച്ചാണ് ദിമിത്രി ആശുപത്രി കാണാനായി പോയത്.

അങ്ങാടിക്കടവിൽ നിന്നാണ് അബൂബക്കർ എന്ന അബു വന്നിരുന്നത്. നീണ്ടു മെലിഞ്ഞ ശരീരവും വലിയ തലയും ചെവിയുമാണ്. മെലിഞ്ഞതാണെങ്കിലും ക്ലാസിലെ മേട്ടകളിൽ ഒരാളായിരുന്നു അവൻ. തലേക്കല്ലൻ എന്ന പേര് അവൻ കേൾക്കെ ആരും വിളിക്കാറില്ല. ദിമിത്രിയുമായി അവൻ വലിയ കൂട്ടായിരുന്നു. അവന്റെ കീശയിൽ ഒട്ടുമിക്കപ്പോഴും പൈസ കാണും. രണ്ടോ മൂന്നോ തവണ അവൻ ദിമിത്രിക്ക് ഐസ് മിട്ടായി വാങ്ങിച്ചു കൊടുത്തിരുന്നു. ആശുപത്രി കാണണമെന്ന മോഹം പ്രകടിപ്പിച്ചപ്പോൾ വലിയ ഒരാളെപ്പോലെ അബു പറഞ്ഞു:"ഞാൻ നിന്നെ കൊണ്ടുവ്വാം.'

അന്ന് ആശുപത്രി പ്രവർത്തനം തുടങ്ങിയിട്ടേ ഉള്ളൂ. ഒരു ബ്ലോക്കിന്റെ പണി തീർന്നു. മറുഭാഗത്ത് കെട്ടിടംപണി തകൃതിയായി നടക്കുന്നു. പോർട്ടിക്കോയിൽ വെച്ചു തന്നെ ഒരു കൂട്ടം കന്യാസ്ത്രീകൾ രണ്ടു പേരെയും ചോദ്യം ചെയ്തു.

"ആശുപത്രി കാണാൻ വന്നതാണ്.'
പേടിയോടെ പറഞ്ഞു.

"ങ്ങ്ഹാ. കാണാനെന്താ, ആശുപത്രി കാഴ്ചബംഗ്ലാവാണോ?'

വെള്ളയുടുപ്പിട്ടവരും കറുപ്പുടുത്തവരുമായ ഒരു സംഘമാണ്. പല പ്രായത്തിലുള്ളവർ. എല്ലാവരും നിന്ന് പൊട്ടിച്ചിരിച്ചു.

"വാ.'
വെള്ളയുടുപ്പിട്ട യുവതിയായ ഒരു സിസ്റ്റർ രണ്ടുപേരെയും കൂട്ടിക്കൊണ്ട് പോയി. അവർ വിളിച്ചു പറഞ്ഞു:"ദേ, രണ്ട് വി.ഐ.പികൾ നമ്മുടെ ഹോസ്പിറ്റൽ വിസിറ്റു ചെയ്യാൻ എത്തിയിരിക്കുന്നു. ഞാനിവരെ അനുഗമിക്കട്ടെ.'

ലിഫ്റ്റിന്റെ അരികിലേക്കാണ് ആ സിസ്റ്റർ അവരെ ആദ്യം കൊണ്ടുപോയത്. ലിഫ്റ്റിൽ കേറാൻ ക്ഷണിച്ചപ്പോൾ അബുവിന് ഉത്സാഹമായി. പക്ഷേ ദിമിത്രിക്ക് ധൈര്യമുണ്ടായില്ല. അതോടെ അബുവും പിന്മാറി.

"വെല്യ പേടിത്തൊണ്ടനാണല്ലോ ഈ സുന്ദരൻ കുട്ടി?'
അവന്റെ തലയിൽ ഒരു തട്ടു തട്ടി സിസ്റ്റർ പൊട്ടിച്ചിരിച്ചു.

പലയിടത്തും ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും പ്രതിമകൾ വെച്ചിരുന്നു. അവക്കരികെ പൂക്കളും. ഒരിടത്ത് നിവർത്തി വെച്ച ബൈബിൾ കണ്ടു. സിസ്റ്റർ ചോദിച്ചു:"ക്ലാസിൽ നിന്നു ചാടിപ്പോന്നതാണോ രണ്ടാളും?' "അല്ല. പോന്നപ്പൊ കൂട്ടമണി അടിച്ചേർന്നു.'
അബു തിടുക്കത്തിൽ പറഞ്ഞു.

സിസ്റ്റർ അവരെ അടുക്കളയിലേക്കാണ് കൊണ്ടുപോയത്. അവിടെ മുഷിഞ്ഞ മുണ്ടും ചട്ടയും ധരിച്ചു നിന്ന ഒരു മുതിർന്ന സ്ത്രീ അവരെ സംശയത്തോടെ നോക്കി. സിസ്റ്റർ പറഞ്ഞു:"മേരിച്ചേടത്ത്യേ, രണ്ടു ചായ ഇവരുക്കും ഇടുത്തോളൂ. നമ്മടെ ഗസ്റ്റുകളാണ്.'
അവർ അലമാര തുറന്ന് ടിന്നിൽ നിന്നും വേപ്പർ ബിസ്‌ക്കറ്റുകൾ എടുത്തു."ഇനീം എടക്കെടക്ക് വിസിറ്റുണ്ടാവണം ട്ടോ?'
അങ്ങനെ പറഞ്ഞ് അവർ ചിരിച്ചു.

പിന്നെ രണ്ടു പേരും കോവണികൾ കയറി മൂന്നാംനിലയുടെ മുകളിലെ ടെറസിൽ എത്തി. അവിടെ നിന്നു കണ്ട കാട്ടൂർക്കടവിന്റെ ദൃശ്യം ദിമിത്രിയെ വിസ്മയിപ്പിച്ചു. അങ്ങാടിയും കനോലിക്കനാലും കരുവന്നൂർ പുഴയും തണ്ണിച്ചിറപ്പാടവും കണ്ടു. വെയിൽ മങ്ങിയ പാടത്ത് മേയുന്ന പശുക്കൾ കറുത്ത പൊട്ടുകൾ പോലെ തോന്നിച്ചു.

പക്ഷേ അബുവിന് ആ കാഴ്ചയിൽ അത്ര അത്ഭുതം തോന്നിയില്ല. അവൻ പറഞ്ഞു:"തേക്കേക്കരക്കാരടെ പ്ലാവിന്റെ തുഞ്ചത്ത് കേറ്യാല് പഴൂൽപ്പള്ളി വരെ കാണാം കൃത്യായിട്ട്.'

അവൻ ചൂണ്ടിക്കാണിച്ചു:"ദാ ആ കാണണതാണ് മരച്ചാപ്പ. അതിന്റപ്രത്താ മ്മടെ വീട്.'

അന്നു മടങ്ങുമ്പോൾ അബു നിർബന്ധിച്ചിട്ട് ദിമിത്രി അവന്റെ വീട്ടിൽ കയറി. അങ്ങാടിയുടെ പിന്നാമ്പുറത്ത് തെക്കേക്കര സെന്റ് വിൻസന്റ് മരക്കമ്പനിയുടെ ഓരത്തായിരുന്നു ആ വീട്. മരപ്പലകകൾ വെച്ചടിച്ച് ചുമരുണ്ടാക്കി ഓല മേഞ്ഞത്. ആടുകളും പ്ലാവിലകളും നിറഞ്ഞ മുറ്റം. ആടിന്റെ മൂത്രത്തിന്റെ മണം അവിടെ പരന്നിരുന്നു.

അബുവിന്റെ ഉമ്മ സൈനുമ്മയും ദിമിത്രിയുടെ അമ്മ മീനാക്ഷിയും സ്‌കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. വേർപിരിയാത്ത സുഹൃത്തുക്കളായിരുന്നു അവർ. അബുവിനെ പോലെത്തന്നെ മെലിഞ്ഞിട്ടാണ് ഉമ്മയും. അവർ ചിരിച്ച് അടുത്തുവന്ന് ദിമിത്രിയെ ചേർത്തു പിടിച്ചു. അവർക്ക് ആട്ടിൻ പാലിന്റെ മണമായിരുന്നുവെന്ന് ദിമിത്രി ഓർത്തു.

"നീയെന്താ ഇത്രക്കും വല്ലാണ്ടായേട്ക്കണ് മോനെ? ഒന്നും തിന്നണില്ലേ? അമ്മേടടുത്തുന്ന് എടുത്തോണ്ട് പോയിട്ട് അവര് പുല്ലാനിക്കാട്ട്ന്ന് നിനക്ക് ഒന്നും തിന്നാൻ തരണില്ലേ?'

അപ്പോൾ അബു പറഞ്ഞു:"ഉമ്മെന്താ വിചാരിച്ചേക്കണ്? ഇവന്റെ കൊളംബ് ബംഗ്ലാവില് ഒന്നും തിന്നാനില്ലാന്നാ? അവടത്തെ പറമ്പില് ഒരൂസം ഒടിഞ്ഞ് വീണ് കെടക്കണ പഴക്കൊലേണ്ടെങ്കില് പത്താൾടെ വെശപ്പ് മാറും. പിന്നെ ചക്ക, മാങ്ങ. നെല്ലിപ്പുളി കായ്ച്ച് കൊലകുത്തീട്ടാ നിക്കണ്. ആരും വന്ന് ഇടുക്കാനില്ലാണ്ട് കാക്കേം കിളീം കൊത്തിത്തിന്ന്വാ. കഴിഞ്ഞാഴ്ച ഞാൻ അവടെക്ക് എല മുറിക്കാൻ പോയേർന്നു.'

അബുവിന് വാഴയിലയുടേയും പ്ലാവിലയുടേയും കച്ചവടമുണ്ട്. ബോട്ടുകടവ് ചന്തയിൽ ചില്ലറ കച്ചവടങ്ങൾ ചെയ്തിട്ടാണ് ആ ഉമ്മയും മകനും ജീവിച്ചിരുന്നത്. ഉമ്മ ചായക്കടകളിലേക്കുള്ള പലഹാരങ്ങൾ ഉണ്ടാക്കും. ചക്കരപ്പാടം മദ്രസ്സയിലെ ഉസ്താദായിരുന്ന ബാപ്പ അവരെ ഉപേക്ഷിച്ച് പോയിരുന്നു.

സൈനുമ്മ പറഞ്ഞു:"എന്ത്ണ്ടായിട്ടെന്താ? അമ്മ അടുത്തില്ലെങ്കില്.'

ദിമിത്രി മിണ്ടാതെ നിന്നു. അവന്റെ അച്ഛനും അമ്മയും അക്കാലത്ത് വേർപിരിഞ്ഞിരുന്നു. അമ്മ അവരുടെ വീട്ടിലും അവൻ അച്ഛന്റെ വീട്ടിലുമാണ് താമസിച്ചിരുന്നത്. അച്ഛനാകട്ടെ ജോലിയുമായി ബന്ധപ്പെട്ട് പാലക്കാട്ടായിരുന്നു. അമ്മ അയാളെ കാണാനായി സ്‌കൂളിൽ വരാറുണ്ട്. വരുമ്പോൾ എന്തെങ്കിലും ഒരു പലഹാരം അവരുടെ കയ്യിലുണ്ടാവും. സ്‌കൂളിന്റെ പിന്നാമ്പുറത്തെ കുളക്കരയിൽ ഈന്തമരത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ചകൾ. കൊണ്ടുവന്ന ഭക്ഷണം അവൻ കഴിക്കുന്നത് അമ്മ നോക്കി നിൽക്കും.

"ജാതിക്കു ജാതി അല്ലാത്ത ഈ ബന്ധം ശരിയാവൂലാന്ന് ഞാൻ മീനാക്ഷിയോട് നൂറുവട്ടം പറഞ്ഞട്ടുണ്ട്.'
സൈനുമ്മ പറഞ്ഞു:"എല്ലാവരും മനുഷ്യമ്മാരാന്ന് അപ്പൊ അവള് പറഞ്ഞു. ആരു പറഞ്ഞാലും അവള് കേക്കില്ല. രാഷ്ട്രീയല്ലേ? രാഷ്ട്രീയന്ന്വെച്ചാല് അവളുക്ക് അന്നും പ്രാന്തു പോല്യാണ്. ഇങ്ങനത്തെ വേറൊരു പെണ്ണുണ്ടാവില്ല ഈ ഭൂമീല്.'

സെന്റ് സേവിയേഴ്‌സ് ഹൈസ്‌കൂളിലാണ് അവർ ഒന്നിച്ച് പഠിച്ചിരുന്നത്. പഠിപ്പിലും പാട്ടിലും വലിയ മിടുക്കുണ്ടായിരുന്നു മീനാക്ഷിക്ക്. എല്ലാവരും അവളെ ഇഷ്ടപ്പെട്ടു. അന്ന് ജാൻസി ടീച്ചറാണ് ഉച്ചാരണവടിവുള്ള ഇംഗ്ലീഷിൽ കലാമത്സരഫലങ്ങൾ അനൗൺസ് ചെയ്യുക. ലൈറ്റ് മ്യൂസിക് ഫസ്റ്റ് പി.കെ.മീനാക്ഷി, സ്റ്റാൻഡേർഡ് നയൻ എ. എന്നു കേൾക്കുമ്പോൾ കൂട്ടുകാരികൾ ഒന്നിച്ച് സന്തോഷം കൊണ്ട് ഒച്ച വെക്കാറുണ്ട്.

"മൈക്കിന്റെ മുന്നില് നിന്ന് അവള് പാടാൻ തൊടങ്ങ്യാല് പിന്നെ ഞങ്ങക്ക് സ്റ്റേജൂല്യ സ്‌കൂളൂല്യ, സേവിയേഴ്‌സ് പുണ്യാളന്റെ കപ്പേളേം ഇല്ല. പാട്ടുമാത്രാണ്. പടച്ചോനെ അതൊരു കാലം.'

അക്കാലത്ത് അവർ കൂട്ടുകാരികൾ ഒന്നിച്ചു ചേരുമ്പോഴെല്ലാം മീനാക്ഷി പാട്ടു പാടാറുണ്ട്. "ചക്കരപ്പന്തലിൽ' എന്ന പാട്ടാണ്. "ചക്കരപ്പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തി കുമാരാ, നിൻ മനോരാജ്യത്തെ രാജകുമാരിയായി വന്നു നിൽക്കാനൊരു മോഹം' അക്കാലത്ത് സൈനുമ്മയും മീനാക്ഷിയും തമ്മിൽ കത്തിടപാടുകളുണ്ട്. എന്നും കാണുന്നവരാണെങ്കിലും കത്തുകൾ അയക്കും. മീനാക്ഷിയുടെ കത്തുകളിൽ ഒരു പൊടി സാഹിത്യം ഉണ്ടായിരുന്നു. അക്കാലത്ത് പുല്ലാനിക്കാട്ട് ചന്ദ്രശേഖരൻ എഴുതിയിരുന്ന കവിതകളുടേയും ഗാനങ്ങളുടേയും കയ്യെഴുത്തുപ്രതികൾ മീനാക്ഷിയുടെ കയ്യിലുണ്ടാവും. അവ അഭിമാനത്തോടെ അവൾ കൂട്ടുകാരികളെ കാണിച്ചു. "ചക്രവർത്തികുമാരൻ' എന്നായിരുന്നു അയാളെക്കുറിച്ച് അവർക്കിടയിലെ കോഡ് വാക്ക്. "ചക്രവർത്തികുമാരനെ കാണാറുണ്ടോ?' പ്രവ്ദ കലാസമിതിയുടെ വാർഷികത്തിന്റെ റിഹേഴ്‌സൽ കാലത്താണ് ആ പ്രണയം രൂപപ്പെട്ടത്.

കലാസമിതി വാർഷികത്തിന്റെ ഗാനമേളക്ക് രമണനിലെ വരികൾ മീനാക്ഷിയും ചന്ദശേഖരനും ചേർന്ന് പാടി. "കാനനഛായയിൽ ആടുമേക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ? നിന്നെയൊരിക്കൽ ഞാൻ കൊണ്ടു പോകാം; ഇന്നു വേണ്ടിന്നു വേണ്ടോമനാളേ.'
സദസ്സ് വലിയ ചിരിയോടെയാണ് ആ കാഴ്ച കണ്ടത്. കുറേയാളുകൾ കൂക്കിവിളിച്ചു. ചിലർ കയ്യടിച്ചു. ചന്ദ്രൻ ക്ഷയരോഗിയായി അഭിനയിച്ച "ആത്മനൊമ്പരങ്ങൾ' എന്ന നാടകത്തിലെ പാട്ടുകൾ അണിയറയിൽ നിന്ന് മീനാക്ഷി പാടി. രക്തം ഛർദ്ദിച്ച് നായകൻ മരിക്കുന്ന രംഗത്തെ പാട്ടിൽ അവളുടെ തേങ്ങൽ മൈക്കിലൂടെ പുറത്തുവന്നു.

സൈനുമ്മ കണ്ണു തുടച്ചു."എന്തിനാ പറയണ്? ഓരോരുത്തർക്കും ഓരോ ജീവിതം തമ്പുരാൻ വിധിച്ചിട്ടുണ്ട്. മീനാക്ഷി പ്രേമിച്ചിട്ടാന്ന് പറയാം. ഇന്റെ കാര്യോ? ഞാൻ ആരെ പ്രേമിച്ചിട്ടാ? കാർന്നോമ്മാര് പറഞ്ഞു നിശ്ചയിച്ചതല്ലേ ഇന്റെ നിക്കാഹ്?'

ആ സമയത്ത് അബു ദേഷ്യപ്പെട്ടു."ഉമ്മ ഞ്ഞി കരയാൻ തൊടങ്ങും. ദിമിത്രി, നീ എറങ്ങീക്കോ. ഇരുട്ടാവണ്. തോട്ടുവരമ്പത്തുകൂടെ പോണ്ടതല്ലേ?'

വർഷങ്ങൾക്കു ശേഷം തൃശൂരിലെ റിക്കാർഡ്‌സ് ബ്യൂറോ ആപ്പീസിലേക്ക് അബു കയറിച്ചെന്നു. ആപ്പീസിനകത്തെ അന്തരീക്ഷം കണ്ട് അവൻ തെല്ലുസമയം പകച്ചു. അകത്തെ ഹാളിൽ സർവ്വത്ര ഇരുട്ടായിരുന്നു. തെല്ലു പ്രകാശം തെളിഞ്ഞു വന്നപ്പോൾ കണ്ടത് ദ്രവിച്ചു മഞ്ഞച്ച കടലാസുകെട്ടുകളുടെ ഒരു മഹാവനം. പൊടിയുടെ രൂക്ഷഗന്ധമുണ്ടായിരുന്നു. അവിടെ ഒരു മൂലയിൽ അട്ടിയിട്ട രജിസ്റ്ററ്റുകളുടെ പിന്നിൽ തന്റെ പഴയ സഹപാഠി ഇരിക്കുന്നത് അവൻ കണ്ടുപിടിച്ചു.

"ഡാ, ദിമിത്രി?'
പരിസരം ഓർക്കാതെ അബു ഉറക്കെ വിളിച്ചു.

അബു ആളാകെ മാറിയിരുന്നു. പാന്റ്‌സും ഷൂസും കളർ ഷർട്ടും. കൂളിംഗ് ഗ്ലാസും ഉണ്ടായിരുന്നു. അവൻ തടിച്ചു. ഏതാണ്ടൊരു ചുവന്ന നിറമായിരുന്നു. ശരീരത്തിൽ നിന്നുയർന്ന പരിമളം മുറിയിലെ പഴയ കടലാസു മണത്തിൽ കലർന്നു.

അവർ പുറത്തിറങ്ങി. ചെമ്പൂക്കാവിലെ സ്റ്റേറ്റ് ഹോട്ടലിൽ ചെന്നിരുന്നു. അബു നിറുത്താതെ സംസാരിച്ചു. പഴയ ബോട്ടുകടവ് അങ്ങാടി. അവന്റെ കച്ചവടങ്ങൾ. പഴയ സ്‌കൂൾ. വാറുണ്ണി മാഷ്.

"ഞാൻ നമ്മടെ അങ്ങാടീൽ ഒന്നു പോയി നോക്കി. ഇനിക്ക് വെഷമായി. ഇപ്പൊ ആരൂല്യ അവടെ. മൈതാനം പോലെ ആളൊഴിഞ്ഞ് കെടക്കണ്. കച്ചോടൊന്നൂല്യ. കാലത്ത് നേരത്ത് രണ്ട് ആടിനെ അറത്തു വിക്കുംന്ന് പറഞ്ഞു. ന്റുമ്മ പലഹാരം കൊടുത്തേർന്ന കൊളംബോ ഹോട്ടലും ശാരദാ കേഫും പൂട്ടി. അഴുക്കു വന്നു മൂടീട്ട് കനാലീന്ന് വല്ലാണ്ട് നാറ്റം.'

അവർ ഓരോ ബിയർ വരുത്തി കഴിച്ചു.

"ഉമ്മാക്ക് വയ്യാണ്ടായപ്പൊ ലീവിനു വന്നതാണ് ഞാൻ. ഒമാനിലാണ് പണി. വന്നട്ട് രണ്ടുമാസം കഴിഞ്ഞു. വെസ്റ്റ് ഫോർട്ട് ഹൈടെക് ആസ്പത്രിലാർന്നു ഉമ്മ. വയറ്റില് വേദന. ഒന്നും തിന്നാൻ പറ്റണില്ല. തിന്നാണ്ടും കുടിക്കാണ്ടും നൂലുപോലായി ഉമ്മ. മീനാക്ഷിച്ചേച്ചി വന്നേർന്നു ഉമ്മാനെ കാണാൻ. ഉമ്മാടെ കെടപ്പ് കണ്ട് സഹിക്കാണ്ട് അവര് ആസ്പത്രില് തന്നെ നിന്നു. പിന്നെ ഞാൻ നിർബന്ധിച്ച് വീട്ടില് കൊണ്ടാക്കീതാ.'

"ഉമ്മ മരിച്ചു. ഇപ്പൊ രണ്ടാഴ്ച്യായി.'
അവൻ കുറച്ചുസമയം മിണ്ടാതിരുന്നു. പിന്നെ പറഞ്ഞു.

"നമ്മടെ അമ്മമാര് കഷ്ടപ്പെട്ടേന് കണക്കില്ല ദിമിത്രി. ശരീരം വെയർക്കാണ്ട് അവര് ഒരു പാത്രം കഞ്ഞിവെള്ളം കുടിച്ചട്ടുണ്ടാവില്ല. ഞാൻ ഒന്നു കരപറ്റീപ്പഴക്കം ന്റെ ഉമ്മ പോയി.'

അബു കരഞ്ഞു."ഇനി മീനാക്ഷി ചേച്ച്യാണ് എന്റെ ഉമ്മ. ഞാൻ അത് അവരോട് പറഞ്ഞട്ടുണ്ട്. എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും എന്നോടു പറയണംന്ന് പറഞ്ഞു.'

പിന്നെ കരച്ചിലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവൻ പറഞ്ഞു:"ഓ, നിന്റെ ഒരു ആപ്പീസ്. എന്തൂട്ടൊക്ക്യാ അവടെ? പൂതറ പിടിച്ച കടലാസുകള്. ഇതൊക്കെ എന്തിനാണ്ടാ ഇങ്ങനെ സൂക്ഷിച്ചു വെച്ചേക്കണ്? സൂക്കേട് വരില്ലേ മനുഷമ്മാരുക്ക്, അതിന്റെ എടേല് ഇരിക്കുമ്പൊ?'

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments