"ചുവന്ന വിരലുകൾ', "ഇരുണ്ട മുഖം', "സ്പന്ദിക്കുന്ന ശ്മശാനം' എന്നീ അപസർപ്പക നോവലുകൾ എന്റെ പ്രസ്സിലാണ് അച്ചടിച്ചിട്ടുള്ളത്.'
അച്ചുകൂടം മാനുവേൽ പറഞ്ഞു.
"അവയുടെ രചയിതാവ് ഒരു എഡിസൺ മാഷാണ്. എഡിസൺ ഞാറക്കൽ എന്നു പറയും. സുനിത പി.എസ്. എന്ന പേരിൽ അദ്ദേഹം പ്രണയനോവലുകളും എഴുതിയിരുന്നു. മാത്രമല്ല, ഈ വക സാഹിത്യ സൃഷ്ടികളെല്ലാം അദ്ദേഹം രചിച്ചിട്ടുള്ളത് എന്റെ പ്രസ്സിന്റെ പിന്നാമ്പുറത്തെ മേശമേൽ വെച്ചാണ്. അവിടത്തെ അന്തരീക്ഷത്തിൽ മെഷിന്റെ ശബ്ദം കേട്ടിരുന്നാൽ മാത്രമേ അദ്ദേഹത്തിന്റെ ഭാവന ഉണർന്നു പ്രവർത്തിക്കൂ. എല്ലാ പുസ്തകങ്ങളിലും എനിക്കുള്ള കടപ്പാട് അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. "ചുവന്ന വിരലുകളു'ടെ ആമുഖത്തിൽ അദ്ദേഹം എഴുതി: "പ്രസ്സുടമ അച്ചുകൂടം മാനുവേലാണ് "ചുവന്നവിരലു'കളിലെ പ്രേതാത്മാവിനെ രൂപകൽപ്പന ചെയ്യാൻ എന്നെ സഹായിച്ചത്. അദ്ദേഹത്തോടുള്ള കടപ്പാട് നിസ്സീമമാണ്.'
"എഡിസൺ മാഷ് എഴുതി തരുന്ന മുറക്ക് ഓരോ ഫോറങ്ങളായി അച്ചടിക്കുകയായിരുന്നു പതിവ്. അങ്ങനെ എത്രയെത്ര എഴുത്തുകാരുടെ ആഖ്യായികകൾ, മഹാകാവ്യങ്ങൾ, കഥാമാലികകൾ അവിടെ അച്ചടിക്കപ്പെട്ടു എന്നു പറയുകവയ്യ. പ്രസ്സിന് വിശ്രമമെന്നതേ ഉണ്ടായിരുന്നില്ല.'
മാനുവേൽ പറഞ്ഞു.
"കെ. എന്ന എഴുത്തുകാരന്റെ ഏതെങ്കിലും പുസ്തകം അവിടെ അച്ചടിച്ചിട്ടുണ്ടോ?'
ദിമിത്രി ആരാഞ്ഞു.
"കെ? ആരാണ് അദ്ദേഹം? "തീപിടിച്ച തിരശ്ശീല' എന്ന സാമൂഹ്യനാടകം രചിച്ചയാളാണോ?'
"അല്ല.' ദിമിത്രി കൂടുതലൊന്നും പറഞ്ഞില്ല.
ഹെർബർട്ട് ഫാമിൽ തെനാദിയരുടെ രോഗികളിൽ ഒരാളാണ് മാനുവേൽ. മധ്യവയസ്ക്കനാണ്. പക്ഷേ ഇപ്പോൾ ആ കറുത്ത ശരീരം വാർദ്ധക്യസമാനമായിരിക്കുന്നു. സ്വതവേ മെലിഞ്ഞ് എല്ലുകൾ തെളിഞ്ഞ രൂപമാണ്. ഇപ്പോൾ കാലുകളിൽ നീർക്കോളുണ്ട്. ചിലപ്പോൾ കാൽപ്പാദങ്ങൾ പൊട്ടിപ്പഴുക്കും. മാനുവേൽ ഇടക്കു മാത്രമേ വല്ലതും സംസാരിക്കുക പതിവുള്ളു. പക്ഷേ പറയുന്നത് അച്ചടിവടിവിലായിരിക്കും. ഏറെ കാലത്തെ പ്രസ്സ് നടത്തിപ്പ് മൂലമാവാം വാർത്തെടുത്ത അക്ഷരങ്ങളുടെ രൂപത്തിലായിരുന്നു അയാളുടെ ഭാഷ.
ക്ലെമന്റ് പീറ്റർ നൽകിയ കടുംചായയുടെ മുന്നിൽ മാനുവേലും ദിമിത്രിയും ഇരുന്നു. വടക്കൻ പറവൂരിനടുത്ത് മങ്ങാട്ടുപള്ളി എന്ന കവലയിലാണ് മാനുവേൽ തന്റെ "അച്ചുകൂടം' എന്നു പേരിട്ട പ്രസ്സ് നടത്തിയിരുന്നത്. അതുകൊണ്ട് അച്ചുകൂടം മാനുവേൽ എന്ന് അറിയപ്പെട്ടു. ചിലർ അത് തെറ്റിച്ച് അസ്ഥികൂടം മാനുവേൽ എന്നു വിളിക്കാറുണ്ട്. നക്സലൈറ്റുകളുടെ കത്തിടപാടുകളിൽ ഇദ്ദേഹത്തിന്റെ പേര് "പണ്ഡിതർ' എന്ന കോഡുവാക്കു കൊണ്ടാണത്രെ സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം പോലീസ് രേഖകളിൽ "മാവോ മാനുവേൽ' എന്നാണ്. ഒരാളാണെങ്കിലും എത്രയെത്ര പേരുകളാണ്!
കുട്ടിയായിരിക്കുമ്പോഴേ അനാഥനായി മംഗലപ്പുഴ സെമിനാരിയിൽ ചെന്നുപെട്ടതാണ്. കുന്നിക്കുരു ജോസഫച്ചന് എവിടെന്നോ കളഞ്ഞുകിട്ടിയതാണെന്ന് പറയുന്നുണ്ട്. അടിച്ചുതെളിക്കാരി അൽഫോൻസയാണ് അതിന് സാക്ഷി. അൽഫോൻസാ പുണ്യവതി എന്ന് അവർക്ക് പേരുണ്ടായിരുന്നു. അടുത്ത കാലത്താണ് അവർ മരണപ്പെട്ടത്. മരിക്കുവോളം അവർ മാനുവേലിന്റെ ആഗമനത്തെക്കുറിച്ച് പറയാറുണ്ട്.
"ദേ, ഈ കയ്യിലേക്കാണ് ഞാൻ അതിനെ വാങ്ങിച്ചത്. കാണുമ്പൊ ഒരു മനുഷ്യക്കുട്ടീന്നൊന്നും പറയാൻ പറ്റില്ല. ഒരു പുഴൂന്റത്രക്കുണ്ടാവും. മേടേടെ പിന്നാമ്പുറത്തെ പട്ടിക്കൂടിന്റെ ചോട്ടീന്നല്ലേ ജോസഫച്ചന് അതിനെ കിട്ട്യേത്. പട്ടികൾടെ കൊര കേട്ടട്ട് അച്ചൻ ടോർച്ചും കൊണ്ട് എറങ്ങിച്ചെന്നതാണ്. കാണുമ്പൊ ഒരെനക്കോല്യ. പെറ്റട്ട് പത്തു ദെവസം ആയിറ്റുണ്ടാവും. മേത്തപ്പടി നായ്ക്കാട്ടത്തിന്റെ മൊട. ഉറുമ്പ് കടിച്ചേന്റെ അടയാളങ്ങളാണ് നെറച്ച്. ഇവടെ കൊണ്ടന്നപ്പൊ ആദ്യം തന്നെ ഞാൻ ഒരു സ്പൂണോണ്ട് പൻസാര കലക്ക്യ വെള്ളം കൊടുത്തു. അപ്പൊ എന്താ കുടി. പിന്നെ വെൽതാവണവരെ ഈ അടുക്കളേല് ന്റെ കാലിന്റെ ചോട്ടില്ണ്ടാവും. മുട്ടുകുത്തി എഴഞ്ഞിട്ട്. കാണുമ്പൊ ഞാൻ എന്തെങ്കിലും ഇടുത്ത് കൊടുക്കും. ഒരച്ച് ശർക്കര്യോ ഒര് ഒണക്കമീൻ ചുട്ടതോ കൂട്ടാനീന്ന് ഒരു കഷണോ. മീൻ മള്ളുകളഞ്ഞ് തിന്നാനൊക്കെ അപ്പത്തന്നെ വശണ്ട്.'
സെമിനാരിയിലെ വിദ്യാർത്ഥികൾ അവരോട് പറഞ്ഞു:
"അങ്ങന്യല്ലേ അൽഫോൻസാമ്മ, നിങ്ങൾ പുണ്യവതി ആയത്. വെലുതായി ഒരൊത്ത മനുഷ്യനായി ഭാവിയിൽ നക്സലൈറ്റായി ജയിലിൽ കിടക്കണ്ട ഒരാളെയാണ് പരിചരിച്ചത്.'
സെമിനാരി നടത്തുന്ന ഹൈസ്കൂളിൽ മാനുവേൽ എട്ടുവരെ പഠിച്ചു. പക്ഷേ ഏറെ സമയവും അവിടത്തെ പ്രസ്സിൽ ചിലവഴിക്കാനാണ് അയാൾ ഇഷ്ടപ്പെട്ടത്. ഒരു സഹായിയായി. പിന്നീട് തേവര അച്ചുകൂടത്തിൽ പോയി പ്രവൃത്തിയെടുത്തു. പ്രസ്സുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വേലകളും പഠിച്ചിരുന്നു. അങ്ങനെ യുവാവായി.
അക്കാലത്ത് ഇറ്റലിയിൽ ഉപരിപഠനത്തിനു പോയി തിരിച്ചു വന്ന കുന്നിക്കുരു ജോസഫച്ചൻ പറഞ്ഞു:
"മാനുവേലെ, എന്റെ കയ്യിൽ കുറച്ചു പണമുണ്ട്. ഇറ്റലിയിൽ വെച്ച് ദിവസവും കിട്ടിക്കൊണ്ടിരുന്ന പോക്കറ്റ് മണിയിൽ മിച്ചമുണ്ടായതാണ്. എന്തെങ്കിലും ധാർമ്മികവൃത്തിക്ക് അത് ചെലവഴിക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്. ഇക്കാര്യത്തിൽ ഞാൻ മാനുവേലിന്റെ അഭിപ്രായവും സഹായവും ആഗ്രഹിക്കുന്നു.'
മാനുവേൽ ഒന്നും മറുപടി പറഞ്ഞില്ല. അവൻ അച്ചനെ നോക്കി ചിരിച്ചു കൊണ്ടു നിന്നു. അച്ചൻ പറഞ്ഞു:
"മനുവേലെ, നീ അച്ചടിവേല ഏതാണ്ടൊക്കെ പഠിച്ചതല്ലേ? നിനക്ക് സ്വന്തമായിട്ട് ഒരു പ്രസ്സു തുടങ്ങിയാലെന്താ?'
"പ്രസ്സു തുടങ്ങാനുള്ള പണം ഏതാണ്ടും ജോസഫച്ചൻ തന്നതാണ്.'
മാനുവേൽ പറഞ്ഞു:
"സെമിനാരിയിൽ നിന്നും പഴയൊരു ട്രെഡിൽ പ്രസ്സും തന്നു. അച്ചുകൂടം എന്നു പേരിട്ട് ഞാൻ പ്രസ്സു തുടങ്ങി. കുറച്ചുവർഷം കഴിഞ്ഞപ്പോൾ ജോസഫച്ചൻ ഇറ്റലിയിലേക്ക് തന്നെ പോയി. ഇത്തവണ പഠിക്കാനല്ല, പഠിപ്പിക്കാനാണ് പോയത്. പക്ഷേ അവിടെ വെച്ച് അദ്ദേഹം രോഗബാധിതനായി. രോഗം കലശലായപ്പോൾ അദ്ദേഹം മാനുവേലിനു കത്തയച്ചിരുന്നു:
"ഞാൻ അത്യന്തം ക്ഷീണിതനാണ്. കർത്താവിന്റെ വിളി കാതോർത്തു കിടക്കുന്നു. ഇവിടെ ഈ വാഴ്ത്തപ്പെട്ട റോമിൽ വത്തിക്കാനിൽ പാപ്പയുടെ കൺവെട്ടത്ത് അന്ത്യനിമിഷങ്ങൾ ചെലവഴിക്കാൻ കഴിഞ്ഞതുകൊണ്ടുള്ള സൗഖ്യവുണ്ട്. നിന്നെയും നിന്റെ അച്ചടിശാലയേയും കർത്താവ് അനുഗ്രഹിക്കട്ടെ. ഇനി നേരിൽ കാണൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. എന്റെ ഏക പുണ്യപ്രവൃത്തി നീയുമായി ബന്ധപ്പെട്ടതാണെന്ന് അറിയുക. മേടയിലെ നായ്ക്കൂടിന്റെ കീഴെനിന്ന് കുഞ്ഞായിരുന്ന നിന്നെ കണ്ടെടുത്തത് എക്കാലത്തും എന്റെ മനസ്സിലുണ്ട്. നിനക്ക് അപ്പോൾ ജീവനുണ്ടായിരുന്നില്ല. ചാപ്പലിന്റെ പടിയിൽ കിടത്തി നിനക്കു വേണ്ടി ഞാൻ പ്രാർത്ഥിച്ചു. നിനക്ക് ജീവൻ വന്നു. ഇക്കാര്യം നീ മറക്കരുത്. ആവശ്യപ്പെടുന്ന പക്ഷം സാക്ഷ്യം പറയാൻ നീ തയ്യാറാവണം.
നീ ഭാര്യയും കുഞ്ഞുകുട്ടികളുമായി ഐശ്വര്യപൂർണ്ണമായ ജീവിതം നയിക്കുന്നത് തിരുസന്നിധിയിലിരുന്ന് ഞാൻ കാണും.'
അധികം വൈകാതെ അവിടെവെച്ച് അദ്ദേഹം മരണപ്പെട്ടു. മൃതദേഹം വത്തിക്കാനിൽ സെയിന്റ് മേരി ചാപ്പലിലുള്ള സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. മറ്റ് പുരോഹിതർ പറഞ്ഞു: ഫാദർ ജോസഫ് അനുഗ്രഹീതനാണ്. വിശുദ്ധ റോമാനഗരത്തിൽ തന്നെ അന്തിയുറങ്ങാൻ കഴിഞ്ഞല്ലോ. അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടും.
പക്ഷേ എന്തുകൊണ്ടോ കുന്നിക്കുരു ജോസഫച്ചൻ ഇതുവരെ വാഴ്ത്തപ്പെട്ടവനായില്ല.
"കാലം എത്ര കഴിഞ്ഞു?'
പാട്ടമാളിയുടെ ആകാശത്തേക്ക് നോക്കിക്കൊണ്ട് മാനുവേൽ പറഞ്ഞു.
"കർത്താവിന്റെ കാരുണ്യം കൊണ്ട് പ്രസ്സ് പുരോഗതി പ്രാപിച്ചു. ധാരാളം അച്ചടിവേലകൾ കിട്ടി. സെമിനാരിയിൽ നിന്നും പള്ളികളിൽ നിന്നുമുള്ള പ്രവൃത്തികളായിരുന്നു പ്രധാനം. ബൈബിൾ ഭാഗങ്ങൾ, സുവിശേഷങ്ങൾ, സങ്കീർത്തനം, ഇടയലേഖനങ്ങൾ, ഇടവകപത്രികകൾ എന്നിവ കൂടാതെ കണക്കുബുക്കുകളും രസീതുകളും വൗച്ചറുകളും വർഷാന്ത്യ വരവു ചിലവു കണക്കുകളും അച്ചടിച്ചിരുന്നു. പക്ഷേ കൂലി വളരെ കുറവായിരുന്നു.
"പള്ളിക്കാവുമ്പോൾ അതൊരു ദൈവവേലയായി നീ കണക്കാക്കണം മാനുവേലെ.'
എന്ന് അച്ചന്മാർ പറഞ്ഞു.
"നീ ചുമരിൽ തൂക്കിയിരിക്കുന്ന ഈ ഫോട്ടോകൾ നിന്റെ ഹൃദയത്തിൽ തട്ടി പ്രതിഫലിക്കണം.'
അത് യേശുവിന്റെയും ജോസഫച്ചന്റേയും ഫോട്ടോകൾ ആയിരുന്നു. അവിടെ രൂപത്തട്ടും മെഴുകുതിരി കത്തിക്കലും ഉണ്ടായിരുന്നു.
"ജീവിതമാർഗ്ഗം തെളിഞ്ഞു കണ്ടപ്പോൾ ഞാൻ വിവാഹജീവിതത്തിൽ പ്രവേശിക്കുവാൻ ആഗ്രഹിച്ചു. ഏതാണ്ട് അനാഥയായി മഠത്തിൽ ചില്ലറ ജോലികൾ ചെയ്തു ജീവിച്ചിരുന്ന തെരേസാമ്മയെ വിവാഹം ചെയ്യണമെന്നുള്ള ഒരു നിർദ്ദേശം വന്നു. നോക്കിയപ്പോൾ അവൾക്ക് വൈരൂപ്യമൊന്നുമില്ല. ശരീരാവയവങ്ങളെല്ലാം തെറ്റുകുറ്റങ്ങളില്ലാത്തതാണ്. കൊച്ചുങ്ങളുണ്ടായാൽ നന്നായി പാലു കിട്ടാൻ മാത്രം വലുപ്പമുള്ള മുലകളാണ്. അതു മതിയല്ലോ. വിവാഹിതനായപ്പോൾ പറവൂരിലെ ചേന്ദമംഗലം കവലയിൽ ഒരു ലൈൻമുറി വീട് വാടകക്കെടുത്തു. തുടർന്ന് രണ്ട് പുത്രികൾ ജാതരായി. അവർ പാലു കുടിച്ചു പുഷ്ടിപ്പെട്ടു. കുടുംബച്ചിലവ് വർധിച്ചു. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പാടുപെട്ടു.
"അച്ചുകൂടം പ്രസ്സിൽ എല്ലാ വഹകളും അച്ചടിച്ചിരുന്നു. ഓരോരുത്തരും അവരുടേതായ ധർമ്മം അനുഷ്ടിക്കണം എന്നാണ് എന്റെ തീർപ്പ്. എഴുതിക്കിട്ടുന്ന രേഖകൾ എന്താണോ, അതിലെ ന്യായന്യായങ്ങൾ നോക്കാതെ അച്ചടിക്കുക എന്നതാണ് ഒരു പ്രസ്സുനടത്തിപ്പുകാരന്റെ ധർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു. മഹാരാജാസ് കലാലയത്തിലെ ഭാഷാപണ്ഡിതരും തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാക്കളും എഴുതി തന്നിരുന്ന ഉൽകൃഷ്ട സാഹിത്യം അവിടെ അച്ചടിച്ചിരുന്നു. അതുപോലെ ഞാറക്കൽ എഡിസന്റെ ഹൊറർ നോവലുകൾ. ഒപ്പം "തങ്കമണിയുടെ ആദ്യരാത്രി', "പടക്കുതിര', "പാവാടക്കാരി സെലീനാമ്മ' തുടങ്ങി മാംസവും മാംസവും തമ്മിലുള്ള ഇടപാടുകളെ വിവരിക്കുന്ന സചിത്രകൃതികളും ഞാൻ അച്ചടിച്ചു കൊടുത്തു. ആ വകക്ക് ഇരട്ടി കൂലി കിട്ടണം എന്നു മാത്രമേ വ്യവസ്ഥ വെച്ചിരുന്നുള്ളു. കമ്പോസിറ്റർമാരായ പെൺകുട്ടികൾ പോയിക്കഴിഞ്ഞ ശേഷം രാത്രിയിലാണ് മാംസസാഹിത്യത്തിന്റെ നിർമ്മാണം. പട്ടണം ജഗന്നാഥൻ എന്നൊരരാളാണ് അതിനു വേണ്ട രചന നടത്തിയിരുന്നത്. സീമന്തിനി, കെ.കെ. ശോഭന എം.എ; പി.എച്ച്.ഡി. എന്നീ തൂലികാനാമങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. എത്രയോ കാലം അങ്ങനെ മുന്നോട്ടു പോയി. ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
"പിന്നീടാണ് നക്സലൈറ്റുകൾ വന്നത്. എഡിസൺ മാഷാണ് അവരെ കൊണ്ടുവന്നത്. തങ്ങളുടെ സാഹിത്യം അച്ചടിച്ചു കൊടുക്കണം എന്ന് അവർ ആവശ്യപ്പെട്ടു. ഇരട്ടിക്കൂലിയുടെ കാര്യം ഞാൻ സൂചിപ്പിച്ചു.
"അത് എഡിസൺ സഖാവ് സൂചിപ്പിച്ചിട്ടുണ്ട്.'
അവർ പറഞ്ഞു.
"ഇന്ത്യൻ വിപ്ലവത്തിന് ഒരു മുഖവുര', "ജന്മിമാരുടെ ചോരയിൽ വളർന്ന പ്രസ്ഥാനം', "വടക്കൻ പറവൂരിൽ വസന്തത്തിന്റെ ഇടിമുഴക്കം'. ഇവയൊക്കെ അച്ചടിച്ചു. ജന്മികൾ ജനങ്ങളെ ദ്രോഹിക്കുന്നതിലോ, ജന്മിമാരെ നക്സലൈറ്റുകൾ കൊല്ലുന്നതിലോ ഏതിലാണ് ധർമ്മം ഏതിലാണ് അധർമ്മം എന്നൊന്നും ഞാൻ ചിന്തിച്ചില്ല. കൊല ആദമിന്റെ കാലത്ത് തുടങ്ങിയതാണ്. കയിൻ ആബേലിനെ കൊന്നതായി പഴയ നിയമത്തിൽ പറയുന്നുണ്ട്. "നിന്റെ സഹോദരനായ ആബേൽ എവിടെ?' എന്ന് കർത്താവ് കയിനോട് ചോദിച്ചു. "എനിക്കറിഞ്ഞുകൂടാ. ഞാൻ എന്റെ സഹോദരന്റെ സൂക്ഷിപ്പുകാരനോ?' എന്ന് അവൻ മറു ചോദ്യം ഉന്നയിച്ചു.'
അപ്പോൾ ക്ലെമന്റ് പീറ്റർ പറഞ്ഞു:
"കൃഷിയിടത്തിലാണ് അന്ന് ആ ചോര വീണത്. കിളക്കുമ്പോൾ മണ്ണിന് ഒരു ചോപ്പുനിറം കാണുന്നില്ലേ? കർത്താവ് കയിനോട് കയർത്തു: "നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നോട് നിലവിളിക്കുന്നു.'
മാനുവേൽ തുടർന്നു
"എന്റെ മനസ്സിൽ അക്കാലത്ത് ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു: കവലയിൽ പീടികമുറികളുടെ പിന്നാമ്പുറത്തെ വാടകമുറിയിൽ കഴിയുന്ന തെരേസാമ്മ എന്ന സ്ത്രീ. അവരിൽ എനിക്കു ജനിച്ചിരിക്കുന്ന രണ്ടു കുഞ്ഞുങ്ങൾ. അവർക്ക് ഭക്ഷണം കൊടുക്കണം.'
പിന്നീടുണ്ടായ സംഗതികൾ അതീവ ലളിതമാണ്. ആലപ്പുഴയിൽ നടന്ന ഒരു നക്സലൈറ്റ് ആക്ഷനെ തുടർന്ന് പൊലീസ് അച്ചുകൂടം പ്രസ്സു റെയിഡു ചെയ്തു. മാനുവേലിനെ കൊണ്ടുപോയി. പ്രസ്സിൽ ആ സമയത്തുണ്ടായിരുന്ന മുഴുവൻ പുസ്തകങ്ങളും കടലാസ്സുകളും പൊലീസ് കെട്ടിപ്പെറുക്കി കൊണ്ടുപോയി.
ലോക്കപ്പിൽ ബോധാബോധങ്ങളിൽപ്പെട്ടു കിടക്കുമ്പോൾ പൊലീസുകാർ "പാവാടക്കാരി സെലീനാമ്മ' എന്ന പുസ്തകം ഉച്ചത്തിൽ വായിച്ചു രസിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും മാനുവേൽ കേട്ടു. ഒരു പൊലീസുകാരൻ അരികത്തു വന്ന് അവനോട് ചോദിച്ചു.
"ഇതുപോലത്തെ നല്ല രസൊള്ള സാധനങ്ങള് അച്ചടിച്ചാ മത്യാർന്നില്ലേ, ചേട്ടാ? താനെന്തിനാ വേണ്ടാതീനം കാണിച്ച് നക്സല് പുസ്തകങ്ങള് അച്ചടിക്കാൻ പോയത്. അതോണ്ടല്ലേ ഈ ഇടീം ചവിട്ടും ഉരുട്ടലും കിട്ട്യേത്? ഒന്നാമത്തെ കാര്യം തനിക്ക് ഇടി കൊള്ളാനൊള്ള ശരീരല്യ. ഇനി ആരെങ്കിലും വന്ന് ഒന്നു ഊതിയാൽ മതി താൻ കാഞ്ഞു പോകും. കാത്തിരുന്നോ, ക്രൈം ബ്രാഞ്ച് എസ്.പി. വരണുണ്ട്.'
ക്രൈംബ്രാഞ്ച് എസ്.പി. വരികയും അച്ചുകൂടം മാനുവേലിനെ ഊതുകയും ചെയ്തു. പക്ഷേ മാനുവേൽ കാഞ്ഞു പോയില്ല. സെമിനാരിയിൽ നിന്ന് റെക്ടറച്ചൻ പറഞ്ഞയച്ച ആൾ വന്നു കൂട്ടിക്കൊണ്ടു പോകുമ്പോൾ മാനുവേൽ ഇത്രമാത്രമേ പറഞ്ഞുള്ളു: "പൊലീസുകാർ അവരുടെ ധർമ്മം അനുഷ്ടിക്കുന്നു. എനിക്കിപ്പോൾ എല്ലാമെല്ലാം കാണാനാവുന്നുണ്ട്. പണ്ട് നായ്ക്കുടിനു കീഴിൽ നിന്ന് കുന്നിക്കുരു ജോസഫച്ചന് കിട്ടിയത് ഉണ്ണിയേശുവിനെ തന്നെയായിരുന്നു. ആദ്യത്തെ തിരുപ്പിറവി പുല്ലുകൂട്ടിൽ ആയിരുന്നുവെങ്കിൽ രണ്ടാമത്തേത് നായ്ക്കുട്ടിൽ. പശുക്കൾ എന്ന പോലെ നായ്ക്കളും അനുഗ്രഹിക്കപ്പെട്ട ജീവികളാണ്. സ്വധർമ്മം അനുഷ്ടിക്കുന്നവർ.'
ധർമ്മാധർമ്മങ്ങളെക്കുറിച്ചു തന്നെയാണ് ദിമിത്രിയും ആലോചിച്ചത്. സർക്കാർ ആപ്പീസിൽ ഇരുന്ന് കൈക്കൂലി വാങ്ങിച്ചു എന്നതാണല്ലോ അയാൾ ചെയ്ത കുറ്റം. അത് ഏതു വക പാപത്തിലാണ് ഉൾപ്പെടുന്നത്? നിയമത്തിനപ്പുറത്തെ ദൈവം അതിന് എന്തു ശിക്ഷയാണ് വിധിക്കുക?
അയാളുടെ അച്ഛൻ പുല്ലാനിക്കാട്ട് സുഗതനും റിക്കാർഡാപ്പീസിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം കൈക്കൂലി വാങ്ങിച്ചിരുന്നില്ല. കെ. എന്ന എഴുത്തുകാരനും കൈക്കൂലി വാങ്ങിയിരുന്നില്ല. കൈക്കൂലി വാങ്ങാത്ത സുഗതൻ കുടിച്ചു കുടിച്ച് കരള് കലങ്ങി മരിച്ചു. കെ.ആകട്ടെ കൈക്കൂലി വാങ്ങിക്കാത്ത നീതിമാനായി അംഗീകാരങ്ങൾ നേടി സമൂഹത്തിന്റെ മുന്നിൽ വെളിച്ചത്തിൽ നിൽക്കുന്നു. ഇവരൊക്കെയാണോ ധർമ്മിഷ്ടർ? റിക്കാർഡാപ്പീസിലെ കൈക്കൂലി സമ്പ്രദായം ഏതാണ്ട് പരസ്യമായിട്ടുള്ളതാണ്. എത്രയോ കാലമായി അതങ്ങനെ നടക്കുന്നു. അത്ഭുതകരമായ സംഗതി കൈക്കൂലി വാങ്ങിക്കുമ്പോഴും പിടിക്കപ്പെടാതിരിക്കുന്നതു വരെ എല്ലാവരും ധാർമ്മിക മൂല്യവ്യവസ്ഥക്ക് അകത്തു തന്നെ നിലകൊള്ളുന്നു എന്നതാണ്. പിടിക്കപ്പെട്ടാൽ അയാൾക്ക് പാപിയുടെ പാതാളം വിധിച്ചു കിട്ടുന്നു.
വിജിലൻസ് സംഘം അയാളെ പിടിച്ചപ്പോൾ "കമ്യൂണിസ്റ്റ് നായികയുടെ മകൻ ജോർജി ദിമിത്രോവ് കൈക്കൂലിക്കേസിൽ അറസ്റ്റിൽ' എന്നാണ് പത്രങ്ങളിൽ വാർത്ത വന്നത്.
"കമ്യൂണിസ്റ്റ് സമരനായിക പി.കെ.മീനാക്ഷിയുടെ മകൻ ജോർജി ദിമിത്രോവ് എന്നയാളെ കൈക്കൂലി വാങ്ങിച്ച കുറ്റത്തിന് വിജിലൻസ് പിടികൂടി. കാട്ടൂർക്കടവ് റിക്കാർഡ്സ് ഓഫീസിലാണ് സംഭവം. ഓഫീസിൽ യു.ഡി.ക്ലർക്കായ ജോർജി ദിമിത്രോവ് ഒരു പ്രമാണത്തിന്റെ സർട്ടിഫൈഡ് പകർപ്പിനു വേണ്ടി അപേക്ഷ സമർപ്പിച്ച പൂമഠത്തിൽ സുഗുണൻ എന്നയാളോട് ആയിരം രൂപ കൈക്കൂലിയായി ഡിമാന്റ് ചെയ്യുകയാണുണ്ടായത്. അഞ്ഞൂറു രൂപ അഡ്വാൻസായി നൽകിയിരുന്നു. അടുത്ത ഗഡുവായ അഞ്ഞൂറു രൂപ വാങ്ങിയ സമയത്താണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ അമ്മ പി.കെ.മീനാക്ഷി മുൻ കാട്ടൂർക്കടവ് പഞ്ചായത്ത് പ്രസിഡണ്ടും പാർട്ടിയുടെ ഏരിയാ കമ്മിറ്റിയിൽ അംഗവുമാണ്.'
രണ്ടാഴ്ച മുമ്പാണ് സുഗുണൻ പകർപ്പിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. സൂപ്രണ്ട് ഫീസ് സ്വീകരിച്ച് അപേക്ഷ ദിമിത്രിക്ക് കൈമാറി. പകർപ്പ് തയ്യാറാക്കി കൊടുക്കേണ്ടത് അയാളുടെ ചുമതലയാണ്. ഒന്നാം നമ്പ്ര് സൂചിക പരിശോധിച്ചപ്പോൾ എഴുപതു കൊല്ലം മുമ്പത്തെ ഒരു രേഖയാണ് അതെന്നു കണ്ടു. നിരവധി പേജുകൾ. രണ്ടു വാല്യങ്ങളിലായി പരന്നു കിടക്കുന്ന പ്രമാണം. പഴക്കം കൊണ്ട് തൊട്ടാൽ പൊടിയുന്ന അവസ്ഥയിലായിരുന്നു കടലാസ്. ഡിജിറ്റൽ ചെയ്യാൻ പറ്റാതെ മാറ്റി വെച്ചിരിക്കുന്നതാണ്. സ്കാൻ പകർപ്പെടുക്കാൻ ഒരു നിർവ്വാഹവുമില്ല.
സുഗുണൻ പറഞ്ഞു:
"തെരക്കില്ല സാറെ. അവരുക്ക് ഇപ്പൊ ഇത് കിട്ടീറ്റ് അത്യാവശ്യൊന്നൂല്യ. പെട്ടീല് വെക്കാനാ. അടുത്ത മാസാവുമ്പഴക്കും തന്നാൽ മതി.'
പടിഞ്ഞാറെ കാവിൽ പണിക്കർ കുടുംബത്തിന്റെ ഭാഗപ്രമാണമായിരുന്നു അത്. നൂറിലധികം അവകാശികൾ ചേർന്ന് എഴുതി വെച്ച രേഖ. പല ജില്ലകളിൽ നിരവധി ദേശങ്ങളിലായി വിവിധ സർവ്വേ നമ്പറുകളിൽ കിടക്കുന്ന വസ്തുവഹകൾ. ഒരുപാട് പട്ടികകളുണ്ട്. വീടുകൾ, പീടികമുറികൾ, സത്രങ്ങൾ, ക്ഷേത്രങ്ങൾ, പാട്ടഭൂമികൾ, അവകാശ തർക്കങ്ങൾ, ജീവനാംശത്തെക്കുറിച്ചുള്ള വ്യവസ്ഥകൾ, ഊഴിയംവേല, ആചാരങ്ങളെ സംബന്ധിച്ചുള്ള തീർപ്പുകൾ, ആരാധന വഴിപാട് നിർണ്ണയങ്ങൾ, എടക്കുടികൾ, ആണ്ടു ശ്രാദ്ധത്തെക്കുറിച്ചുള്ള നിശ്ചയങ്ങൾ
ദാനധർമ്മങ്ങളുടെ തീരുമാനങ്ങൾ എല്ലാം അടങ്ങുന്നതാണ്.
നികുഞ്ജത്തിൽ മാധവമേനോന്റെ പൂർവ്വിക താവഴിയാണ് പടിഞ്ഞാറെ കാവിൽ പണിക്കർമാർ. കൊച്ചി രാജവംശവുമായി ബന്ധം ഉണ്ടെന്നു പറയപ്പെടുന്നു. അവിടെന്ന് പലരും തൃപ്പൂണിത്തുറ കൊട്ടാരത്തിൽ ജോലി ചെയ്തിരുന്നു. ആപ്പീസിൽ വരുമ്പോഴെല്ലാം മാധവമേനോൻ അക്കാര്യങ്ങൾ വിശദീകരിക്കാറുണ്ട്.
പടിഞ്ഞാറെ കാവിലെ ഒരു കാരണവർ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സഹായിയായിരുന്നു. തമ്പുരാനോടൊപ്പം യാത്ര ചെയ്യാറുണ്ട്. ഒരിക്കൽ തപ്പൂണിത്തുറ വരെ പോയി രണ്ടുദിവസം താമസിച്ച് അവിടത്തെ വള്ളത്തിൽ കോട്ടയത്തേക്കു പോയി. കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഭയിൽ നടന്ന ഒരു നിമിഷശ്ലോക മത്സരത്തിൽ പങ്കെടുത്തു. അച്ചടി തോൽക്കുന്ന കയ്യക്ഷരമായിരുന്നു കാരണവരുടേത്. അദ്ദേഹം തിരിച്ചു വന്നത് പേരുകേട്ട പ്രമാണമെഴുത്തുകാരനായിട്ടാണ്.
ആപ്പീസിന്റെ നടുത്തളത്തിൽ നിന്ന് മാധവമേനോൻ ചരിത്രം വിവരിച്ചു:
"രാവുണ്ണിപ്പണിക്കർ എന്നാണ് ആ കാരണവരുടെ പേര്. അദ്ദേഹമാണ് ഈ കാട്ടൂർക്കടവ് ദേശത്ത് ആദ്യമായി ഒരു പ്രമാണമെഴുത്താപ്പീസ് ആരംഭിച്ചത്. അന്നത്തെ കാലത്ത് ആവശ്യക്കാരുടെ വീടുകളിൽ ചെന്ന് താമസിച്ചിട്ടായിരുന്നു എഴുത്ത്. ജന്മിത്തറവാടുകൾക്കാണല്ലോ ഭൂസ്വത്തുള്ളത്. ഇവിടെ അന്ന് കാവിൽ പണിക്കമ്മാർക്കും ഞങ്ങൾ നികുഞ്ജത്തിൽ താവഴിക്കാർക്കും പിന്നെ മഠത്തിൽ കുടുംബക്കാർക്കും പയങ്കണ്ണിക്കാവ് ദേവിക്കും ഭൂമിയുണ്ട്. ക്രിസ്ത്യാനികളിൽ ആലപ്പാട്ട് പുത്തൻതോപ്പുകാർക്കും തട്ടിൽക്കാർക്കുമുണ്ട്. ബാക്കിയുള്ളവരൊക്കെ കുടിയാന്മാരും കുടികിടപ്പുകാരുമാണ്. പ്രമാണമെഴുതാൻ ചെന്നാൽ മൃഷ്ടാന്ന ഭക്ഷണവും തേച്ചുകുളിയും കിടപ്പുവട്ടവും ഉണ്ട്. എഴുതിക്കഴിഞ്ഞാൽ റിക്കാർട്ടാക്കാൻ ആപ്പീസറെ പടികെട്ടി അങ്ങോട്ട് വരുത്തും.
"പിന്നെപ്പിന്നെ പരിഷ്ക്കരണം വന്നു. നാനാജാതിക്കാർ ഭൂസ്വത്തിന്റെ ഉടമകളായി. കൊളംബിൽ പോയി വന്ന ഈഴവര് കുടിയിരുപ്പ് ജന്മം തീറു വാങ്ങാൻ തുടങ്ങി. അപ്പൊപ്പിന്നെ എഴുത്താപ്പീസ് ഇല്ലാണ്ട് പറ്റില്ല. രാവുണ്ണിപ്പണിക്കർ ഒരു വീട്ടിലും പോയി എഴുതിയിട്ടില്ല. എഴുതിക്കണ്ടവര് അദ്യേത്തിന്റെ അടുത്തു ചെല്ലണം. കാരണവര് എഴുതി യദാസ്ത് വെച്ചു കഴിഞ്ഞാൽ പിന്നെ ആ പ്രമാണം ആപ്പീസിൽ കൊണ്ടുപോയി റിക്കാർട്ടാക്കീല്ലാന്ന്ച്ചാലും ആരും ചോദിക്കാൻ പോണില്ല. അത്രക്ക് അംഗീകാരാണ്.'
മെലിഞ്ഞ് ഉയരം കുറഞ്ഞിട്ടാണ് മാധവമേനോൻ. വയസ്സ് ചെന്നതോടുകൂടി അകത്തേക്ക് ഒരു വളവ് ഉണ്ടായിരുന്നു. എങ്കിലും ആപ്പീസിൽ വരുന്ന സമയത്ത് നന്നായി ഒരുങ്ങിയിട്ടുണ്ടാകും. തലയിൽ അവശേഷിച്ചിരുന്ന മുടി വളർത്തി അത് ചീകി കഷണ്ടിയിലേക്ക് പതിച്ചു വെക്കും. പല്ലുകൾ പോയി ചുളിഞ്ഞ മുഖത്തെ കരമീശ കറുപ്പിക്കും. ആപ്പീസിലെത്തിയാൽ ഉടനെ ശിപായി ഒരു കസേര തുടച്ച് നീക്കിയിട്ടുകൊടുക്കും.
ദിമിത്രി കാട്ടൂർക്കടവ് കച്ചേരി ബംഗ്ലാവിൽ ജോയിൻ ചെയ്തശേഷം മാധവമേനോൻ മുന്നോ നാലോ വട്ടം അവിടെ വന്നിട്ടുണ്ട്. രണ്ടുപേരും പരസ്പരം ഗൗനിക്കുന്ന പതിവുണ്ടായിരുന്നില്ല. ആപ്പീസിൽ വിജിലൻസ് റെയ്ഡ് നടക്കുന്നതിന് രണ്ടുമാസം മുമ്പാണ് തമ്മിൽ ചില അസ്വാരസങ്ങൾ ഉണ്ടായത്. അന്ന് ദിമിത്രി വാല്യം ബുക്കിൽ നിന്നും മുഖമുയർത്തിയപ്പോൾ മാധവമേനോൻ ചിരിച്ചു. ദിമിത്രി പകരത്തിന് ചിരിക്കുകയോ മിണ്ടുകയോ ചെയ്തില്ല. ആ സമയത്ത് ആരോടെന്നില്ലാതെ മാധവമേനോൻ പറഞ്ഞു:
"ഞങ്ങൾ നികുഞ്ജത്തിൽക്കാരും പൂല്ലാനിക്കാട്ടെ കൊളംബുകാരും എന്നും പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചവരാണ്. അയിത്തം കൊടികുത്തി വാഴണ കാലത്തും അതിന് ഭേദണ്ടായിട്ടില്ല. പ്രത്യേകിച്ചും കറപ്പയ്യസ്വാമി സിലോൺ വിട്ടു വന്നതിനു ശേഷം. താണിശ്ശേരി ലഹളേടെ കാലത്ത് തമ്മില് ഒന്ന് ഒരസി. ലഹളക്കേസില് അപ്പറത്തുന്ന് കറപ്പയ്യാസ്വാമീനീം ഇപ്പറത്തുന്ന് എന്റെ അച്ഛന്റെ ഒരമ്മാവൻ ചിന്നൻ മേനോനേം പൊലീസു കൊണ്ടുപോയേർന്നു. മൂന്നു കൊല്ലത്തെ കഠിനതടവാ രണ്ടാൾക്കും കിട്ട്യേത്. രണ്ടാളും വിയ്യൂര് ജെയിലില് ഒരു സെല്ലില് കെടന്നു. അവടെ വെച്ച് അവര് വൈരം മറന്ന് ആജന്മ സ്നേഹിതരായി.
"കീഴ്ജാത്യാന്ന്ച്ചാലും യോഗ്യന്മാര് മാത്രേ പുല്ലാനിക്കാട്ട് ണ്ടായിട്ടുള്ളു. ആരാർന്നു കരുണൻ മാഷ്? ഈ കാട്ടൂർക്കടവില് ഒന്ന് എറങ്ങി നടന്നാല് റോട്ടുവക്കത്തെ മരങ്ങൾ പോലും വെറക്കും. അത്രക്ക്ണ്ട് വീര്യം. പിന്നെ ചന്ദ്രശേഖരൻ. ഞങ്ങൾ ഒന്നിച്ച് പോംപെ മാതാ സ്കൂളില് പഠിച്ചട്ടുണ്ട്. പരമയോഗ്യനല്ലേ? ഇന്റെ അമ്മാവൻ രാവുണ്ണി പണിക്കർക്കു ശേഷം കാട്ടൂർക്കടവിലെ രണ്ടാമത്തെ പദ്യമെഴുത്തുകാരനാണ്. ന്ന്ച്ചാൽ കവി. ജീവിതത്തില് ഒരിക്കെ മാത്രം ഒന്നു പെഴച്ചു. ചെളീല് ഒന്നു ചവുട്ടീതാണ്. അത്പ്പാ ആരാ ഒന്നു ചവിട്ടാത്തെ? ആണങ്ങളായല് ചവിട്ടും. വെള്ളം കാണുമ്പൊ കാല് കെഴുക്യാ മതി. ന്നാല് ചന്ദ്രശേഖരൻ കാലുകെഴുകീല്യ. പിന്നെന്താണ്ടായത്? വീണു. ഒരു വൻമരം വീഴണ പോല്യാണ്ടായത്. കത്തിനിന്ന ഒരു തറവാട് തകർന്നു. ഒരു വംശം കുറ്റിയറ്റു.'
പിന്നെ പുല്ലാനിക്കാട്ടെ ചന്ദ്രശേഖരനെക്കുറിച്ചുള്ള സുദീർഘ വിവരണമായിരുന്നു. മേനോൻ തുടർന്നു:
"ഒരിക്കെ ഇനിക്ക് പാലക്കാട്ടെ കൊഴൽമന്ദത്ത് ഒരു പ്രമാണം റിക്കാർട്ടാക്കാനുണ്ടാർന്നു. നാഷണൽ ചെന്താമരാക്ഷമേനോൻന്ന് കേട്ടട്ടില്ലേ? അവരക്ക് ഒരു കഷണം ഭൂമി അവടെ വെളയൻ ചാത്തന്നൂരുണ്ടാർന്നു. ന്ന്വച്ചാ ഒരു നാലേക്ര. ഭാഗം കഴിച്ച കാലത്ത് കണ്ണീപ്പെടാണ്ട് പോയതാണ്. ഇപ്പൊ അതുമ്മല് ഒരു ഡിമാന്റ് വന്നു. ഒരു റൈസ് മില്ലുകാരന് നോട്ടം. മുന്നാധാരം വെച്ചു നോക്കീപ്പൊ അവകാശികള് ഏതാണ്ടൊരു ബസ്സില് കൊള്ളണത്ര ആൾക്കാര് വരും. വള്ളിക്കെട്ടായില്ലേ? പാലക്കാട്ട്ന്ന് ഇനിക്ക് ആളയച്ചു. മാധവമേൻ തന്നെ വരണം. വണ്ടി കൊടുത്തയക്കും.
"എയർ കണ്ടീഷൻ ചെയ്ത വണ്ട്യാണ്. അതുമ്മടെ എടോഴിലിട്ട് വളക്കാൻ മെനക്കെട്ടു. എ.സി. വണ്ടീലല്ലാണ്ട് മാധവമേനോൻ ഇങ്ങട്ട് വരണ്ടാന്ന് ചെന്താമര. കൊഴൽമന്ദന്ന് വെച്ചാൽ മനുഷ്യൻ ഉരുകും. അത്രക്ക് ചൂടാ. അന്ന് ന്റെ കൂടെ മരുമകൻ രാമൻകുട്ട്യാ ഒള്ളത്. ഞാൻ കച്ചേരില് കേറിച്ചെന്നപ്പൊ ചന്ദ്രശേഖരനാണ് ആപ്പീസറ്. എന്റെ നെഴല് കണ്ടപ്പഴക്കും ആള് കസേരേമ്മെന്ന് എറങ്ങിവന്ന് ഒര് ആലിംഗനം. ഇനിക്ക് നാണായി. എന്താ വേണ്ടേ മാധവമേന്നേ? അതാണ് കുടുംബത്തിൽ പെറന്നേന്റെ ഗുണം.
"മൂന്നു മണിക്കൂറെടുത്തു പ്രമാണം റിക്കാർട്ടാക്കല്. ബോംബേന്നും ഡൽഹീന്നും സിംഗപ്പൂരീന്നും പെനാങ്കീന്നും ഒക്ക്യാണ് ഒരോരുത്തര് വന്നേക്കണ്. ഒരു ഇരുപത്തഞ്ച് കക്ഷികൾക്ക് മുക്ത്യാർ നാമം ണ്ടാർന്നു. ബാക്ക്യൊള്ളോര് ഒപ്പിട്ടു. അന്നത്തെ വണ്ടിക്കും പ്ലെയിനിനിനും പോണ്ടോരാണ് ചെലര്. ചെലര് ആദ്യായിട്ടാണ് നാട്ടിൽ വരണ്. മലയാളം പറയാനും എഴുതാനും വശല്യാത്തോരുണ്ട്.
"എല്ലാം കഴിഞ്ഞപ്പൊ സമയം വൈന്നേരം ആറര കഴിഞ്ഞൂന്ന് പറയാലോ. ഗുമസ്തൻമാരുക്കും ശിപായിമാരുക്കും ഉള്ള മാമൂല് രാമൻകുട്ടി കൊടുത്തു. മര്യാദ കാശാണ്. അത് രാവുണ്ണിപ്പണിക്കരെ കാലം മൊതൽക്കുള്ള പാരമ്പര്യാണ്. കൈനെറച്ചു കൊടുക്കും. അതുകാരണം എത് ആപ്പീസിലു കേറിച്ചെന്നാലും നികുഞ്ജത്തിലെ മേന്ന് ഒരു കസേരേണ്ട്.
"നന്ദി പറയാനായിട്ട് ചന്ദ്രന്റെ അടുത്ത് ചെന്നപ്പൊ എന്റെ കണ്ണ് നെറഞ്ഞു. അന്നത്തെ ഒരു നെലവാരം വെച്ച് ഞാൻ ചന്ദ്രന് ഒരു അഞ്ഞൂറു രൂപ കൈമടക്കു കൊടുക്കണം. മുപ്പത്തഞ്ചു കൊല്ലം മുമ്പത്തെ കാര്യാണ്. അന്നത്തെ അഞ്ഞൂറ് രൂപോണ്ട് ഇബടെ ഒരു സെന്റ് റോഡ് സൈഡ് ഭൂമി കിട്ടും. ന്നാ ചന്ദ്രൻ കൈമടക്ക് മേടിക്കില്ലല്ലോ. ആദർശം. ഈ കാട്ടൂർക്കടവിലിക്ക് കമ്യൂണിസം കൊണ്ടന്ന ആളല്ലേ?
"ഞാൻ രാമൻകുട്ട്യേ ചട്ടം കെട്ടി. ഞാൻ ചെന്താമരമേനോന്റെ ഗ്യാരേജില് ഇരിക്കുമ്പൊ അവൻ ഡ്രൈവറേം കൂട്ടി പാലക്കാട്ട് പോയി നല്ല ഒരൈറ്റം ഫുള്ള് മേടിച്ചു. അതുംകൊണ്ട് നേരെ കൊഴൽമന്ദത്തിക്ക്. ചന്ദ്രന്റെ വാടക വീട് തപ്പി കണ്ടുപിടിച്ചു. കുപ്പി കണ്ടപ്പൊണ്ടായ ഒരു സന്തോഷം! രാമൻകുട്ടി പറയാണ്. കുപ്പീനെ നോക്കീട്ട് അദ്ദ്യേം കരഞ്ഞുത്രെ. സന്തോഷം കൊണ്ട്.
പുരാവൃത്തം അങ്ങനെ നീണ്ടു. ആപ്പീസർ ശിവാനന്ദനും ഗുമസ്തന്മാരും അതു കേട്ട് രസം പിടിച്ച് ഇരിക്കുകയാണ്. ദിമിത്രി അപ്പോഴും തലയുയർത്തിയിരുന്നില്ല. തടിയൻ റിക്കാർഡ് വാല്യങ്ങളിൽ തലപൂഴ്ത്തി അങ്ങനെ ഇരുന്നു.
പോകാൻ നേരത്ത് മാധവമേനോൻ ദിമിത്രിയുടെ മേശക്കു മുന്നിൽ വന്നുനിന്നു. ദിമിത്രി ഒന്നു തലയുയർത്തിയ സമയത്ത് അദ്ദേഹം ചിരിച്ചു. കരമീശക്കു താഴെ നിരയൊത്ത വെപ്പുപല്ലുകളുടെ ചിരി. മാധവമേനോൻ ചോദിച്ചു:
"മാഡം പിന്നേം തിരുവനന്തപുരത്തു നിന്ന് റീജിയണൽ ഡയറക്ടറായിട്ട് തൃശൂർക്ക് വര്വാന്ന് കേട്ടു. ശര്യാണോ?'
ദിമിത്രിയുടെ ഭാര്യയെക്കുറിച്ചാണ് മേനോൻ ചോദിക്കുന്നത്. അവർ അപ്പോൾ ലാന്റ് റിക്കാർഡ്സ് വകുപ്പിൽ ഡെപ്യുട്ടി ഡയറക്ടറായി തിരുവനന്തപുരത്ത് ജോലി ചെയ്യുകയാണ്. ദിമിത്രി തലയുയർത്തുകയോ ചോദ്യത്തിന് മറുപടി നൽകുകയാ ചെയ്തില്ല. തന്റെ മൗനത്തിനു നേരെ ആപ്പീസർ ശിവാനന്ദന്റേയും ഗുമസ്തന്മാരുടേയും മുഖത്ത് അമർത്തിയ ചിരി പടരുന്നത് നോക്കാതെ തന്നെ ദിമിത്രി അറിഞ്ഞു.
മേനോൻ തുടർന്നു:
"താങ്കൾടെ ഭാര്യായോണ്ട് പുകഴ്ത്തിപ്പറയ്യാന്ന് കരുതരുത് ട്ടോ. അസാമാന്യ വൈഭവണ്ട് അവരുക്ക്. അടുത്തെന്നെ സിവിൽ സർവ്വീസില് കൺഫർമേഷൻ കിട്ടുംന്നാ കേക്കണ്. അങ്ങന്യാന്ന്ച്ചാല് ബന്ധുത്വം കൊണ്ട് കാട്ടുക്കടവിന് ഒരു അയ്യേയെസ്സായി.'
"ഇനി വിളിക്കുമ്പൊ മേനോൻ അന്വേഷിച്ചൂന്ന് പറയണം.'
ദിമിത്രി മിണ്ടിയില്ല. ആപ്പീസും കടലാസുകളും കറങ്ങുന്നതായി അയാൾക്ക് തോന്നി. മുന്നിൽ നിൽക്കുന്ന മേനോനെ അയാൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാം ഒരു മൂടലിൽ പെട്ടപോലെ. പക്ഷേ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു. മേനോൻ ചോദിക്കുന്നു:
"നിങ്ങള്പ്പൊ അപ്പർ ഡിവിഷൻ ക്ലർക്കായി, അല്ലേ? നന്നായി. അമ്പതു വയസ്സു കഴിഞ്ഞേന്റെ ഔദാര്യം! ഓരോരുത്തർക്കും ഓരോ തലവിധീന്നാണല്ലോ. സർവ്വീസില് കേറീട്ട് ഇപ്പൊ പത്തു മുപ്പതു കൊല്ലായില്ലേ? ഇപ്പഴും ക്ലർക്ക്. നട്ടപ്പഴും പറച്ചപ്പഴും ഒരു കൊട്ടാന്ന് പറയാം. സമയത്ത് വകുപ്പു പരീക്ഷ പാസ്സായില്ല. സാരല്യ. ഒരാള് ഉയർന്നല്ലോ. അതുമതി.
"ചോദിക്കണേല് ഒന്നും വിചാരിക്കര്ത്ട്ടോ. അവര് റീജിയണൽ ഡയറക്ടറായിട്ടു തൃശ്ശൂര് വന്നൂന്ന് കരുത്വാ. അപ്പൊ വിസിറ്റിന് ഇവടത്തെ കച്ചേരിലും വരും. കേറി വരുമ്പൊ നിങ്ങള് എണീറ്റ് നിക്കണ്ടെ? ഭർത്താവാന്ന്ച്ചട്ട് വല്ല കാര്യോം ണ്ടോ?'
ദിമിത്രിയുടെ മുന്നിൽ ശബ്ദങ്ങൾ കലങ്ങിത്തുടങ്ങി. ഒരു മാതിരി വികൃതമായ ശബ്ദങ്ങൾ. മാധവമേനോൻ തുടരുകയാണ്:
"അന്ന് സ്കൂളിച്ചേർത്തപ്പൊ പറ്റ്യ അബദ്ധാണ്. രജിസ്റ്ററില് താങ്കൾടെ അമ്മേടെ ജാതി ചേർത്താ മത്യാർന്നു. വേലൻന്ന്. അങ്ങന്യാന്ന്ച്ചാ നിങ്ങക്ക് ടെസ്റ്റീന്ന് എക്സംക്ഷൻ കിട്ട്യേനെ. അതാർന്നു ശരി. അമ്മയല്ലേ തായ്ത്തടി. അമ്മ സത്യം. അച്ഛൻ സങ്കൽപ്പന്നല്ലേ പറയ്യാ.'
"എറങ്ങിപ്പോടാ, നായേ'.
ദിമിത്രി എഴുന്നേറ്റു നിന്ന് അലറി.▮
(തുടരും)