വിയ്യൂർ ജയിലിൽ റിമാന്റിൽ കഴിയുമ്പോഴാണ് അമ്മ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വിവരം ദിമിത്രി അറിഞ്ഞത്.
കൈക്കൂലിക്കേസിൽ വിജിലൻസ് അയാളെ അറസ്റ്റു ചെയ്തിട്ട് അപ്പോൾ അഞ്ചു ദിവസം പിന്നിട്ടിരുന്നു.
പ്രിസൺ ആപ്പീസർ സഹദേവൻ വന്ന് ഒരു കുറിപ്പ് അയാൾക്ക് കൈമാറി.
അതിൽ അമ്മയെ കുറിച്ചുള്ള വിവരം ഉണ്ടായിരുന്നു:"ഒരു വിവരം അറിയിക്കുന്നു. താങ്കളുടെ അമ്മയെ കാട്ടൂർക്കടവ് ചെറുപുഷ്പം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബോധാവസ്ഥയിലാണ്. ബന്ധുക്കളും അവരുടെ പാർട്ടിയിലെ പ്രവർത്തകരും പരിചരണത്തിനുണ്ട്. ഭയപ്പെടാനില്ല. ശരീരത്തിലെ സോഡിയം ലെവൽ കുറഞ്ഞാൽ ഇങ്ങനെ ഓർമക്കേടുണ്ടാവുമെന്ന് ഡോക്ടർമാർ പറയുന്നു. പരിശോധനകൾ തുടരുന്നുണ്ട്. വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തി എന്നുമാത്രം. കേസിൽ ജാമ്യഹർജി നൽകിയിട്ടുണ്ട്. ഇന്ന് ഉത്തരവായേക്കും.'
പുരുഷോത്തമൻ വക്കീലിന്റെ കുറിപ്പാണ്.
സഹദേവൻ പറഞ്ഞു:"ജാമ്യം പാസ്സായി കടലാസ് വന്നട്ടുണ്ട്. ആപ്പീസിൽ അതുമ്മലിത്തിരി എടവാടുകളുണ്ട്. ആ സെക്ഷനിലെ ക്ലർക്ക് ശിവാനന്ദൻ ഇന്നു വന്നട്ടില്ല. ന്നാലും വൈന്നേരം ആവുമ്പഴക്കും പൂവ്വാൻ പറ്റുംന്ന് വിചാരിക്ക്യാ.'
"ഒരു ദുഃഖവാർത്ത. ഒപ്പം ഒരു സന്തോഷവാർത്തേം. അല്ലേ സാറെ? ജീവിതംന്ന് വെച്ചാൽ ഇങ്ങന്യാണ്. ഒരു രാത്രീണ്ടെങ്കില് ഒരു പകലുണ്ട്.'
സഹദേവൻ ഒരു തത്വജ്ഞാനം പറഞ്ഞു. അയാൾ തുടർന്നു പറഞ്ഞു:"നിങ്ങടെ വക്കീലു നല്ല സമർത്ഥനാണ്. ഇത്രവേഗത്തില് ജാമ്യം മേടിച്ചു തന്നൂലോ.'
പുരുഷോത്തമൻ വക്കീലുമായി ദിമിത്രിക്ക് നീണ്ട കാലത്തെ അടുപ്പമുണ്ട്. വർഷങ്ങൾക്ക് മുമ്പ് പട്ടണത്തിലെ ചെമ്പഴന്തി ക്ലബ്ബിലെ ഒരു തെരഞ്ഞെടുപ്പു പൊതുയോഗത്തിൽ വെച്ചാണ് അത് സ്നേഹബന്ധമാവുന്നത്. വ്യവസായികളും വലിയ ഉദ്യോഗസ്ഥരും ചേർന്നുള്ള ക്ലബ്ബാണ്. നല്ല ആസ്തിയുണ്ട്. സ്വന്തമായി സ്ഥലവും സ്കൂളും ആപ്പീസുകെട്ടിടവും ഹാളുമുണ്ട്.
പൊതുയോഗത്തിൽ കമ്മിറ്റി അംഗമായി ദിമിത്രിയുടെ പേർ വക്കീൽ നിർദ്ദേശിച്ചു. പെട്ടെന്ന് യോഗത്തിൽ ഒരു അമ്പരപ്പുണ്ടായി. നീണ്ടുനിന്ന നിശ്ശബ്ദതയും.
സ്വാമി എന്നു വിളിക്കപ്പെട്ടിരുന്ന ഒരു കരുണാകരനാണ് മൗനം ഭഞ്ജിച്ചത്.
അദ്ദേഹം പറഞ്ഞു: "ദിമിത്രിസാർ യോഗ്യനല്ല എന്നു ഞാൻ പറയില്ല. പക്ഷേ പൂർണ ശ്രീനാരയണീയരായ നമ്മൾ ഇത്രയുംപേർ ഇവിടെയുള്ളപ്പോൾ പകുതി ശ്രീനാരായണീയനായ ഒരാളെ കമ്മിറ്റിക്കാരനാക്കണ്ട കാര്യണ്ടോ?'
ദിമിത്രി പിന്നെ ക്ലബ്ബിലേക്ക് പോയില്ല. പക്ഷേ വക്കീലുമായുള്ള ബന്ധം തുടർന്നു. റെയ്ഡ് അറിഞ്ഞയുടനെ അദ്ദേഹം വന്നു. വിജിലൻസ് ജഡ്ജിയുടെ മുറ്റത്തു വെച്ചാണ് വക്കാലത്ത് ഒപ്പിടുവിച്ചത്. അദ്ദേഹം ദിമിത്രിയെ സമാധാനിപ്പിച്ചു:"ഒന്നുകൊണ്ടും വിഷമിക്കണ്ട. ഞാൻ കൂടെത്തന്നെ ഉണ്ട്.'"നിങ്ങക്ക് ജാമ്യം കിട്ടി അല്ലേ?'
ദിമിത്രി സെല്ലിലേക്ക് തിരിച്ചു കയറിയപ്പോൾ സഹതടവുകാരൻ ജനാർദ്ദനൻ ചോദിച്ചു.
ജനാർദ്ദനൻ കരുവാളിച്ച നിറമുള്ള യുവാവാണ്.
നനഞ്ഞ് തിളക്കമുള്ള കണ്ണുകൾ കൊണ്ട് അവൻ ആളുകളെ ഉറ്റുനോക്കും. പൊതുവെ നിശ്ശബ്ദനാണ്. അധികസമയവും സെല്ലിനകത്ത് കിടന്നുറങ്ങാനാണ് ആ മനുഷ്യൻ ആഗ്രഹിച്ചത്. അവൻ പറഞ്ഞു:"കൊറെ കാലായി കാലുവെന്ത നായേടെ മാതിരി ഞാൻ ഓടി നടക്കണു. ഇനി ഒന്നു നടുനിവർത്തി കെടക്കട്ടെ. ഇവടക്ക് വരണ്ടി വരുംന്നച്ചട്ടു തന്ന്യാണ് ഞാൻ ഇക്കണ്ട പാച്ചലൊക്കെ പാഞ്ഞത്.'
ഒരു ഓട്ടോറിക്ഷ വാങ്ങിയ ഇടപാടിലാണ് ജനാർദ്ദനന് ഫൈനാൻസുകാരുമായി വണ്ടിച്ചെക്ക് കേസുണ്ടായത്. പെങ്ങളുടെ കല്യാണം നടത്താനുള്ള പരക്കംപാച്ചിലായിരുന്നു അവൻ. കുടിയിരുപ്പ് വിൽക്കാൻ പരമാവധി ശ്രമിച്ചു. പക്ഷേ ഭാഗപത്രത്തിൽ തകരാറുള്ളതുകൊണ്ട് നടന്നില്ല. വിധി വന്നു. വാറണ്ടായി. പെങ്ങളുടെ വിവാഹം നടന്നതിന്റെ പിറ്റേദിവസം അയാൾ പൊലീസിൽ ഹാജരായി. കോടതിയിൽ വെച്ച് മജിസ്ട്രേട്ടിനോട് അയാൾ പറഞ്ഞു:"ഇനി നിങ്ങൾ എന്നെ കൊണ്ടോയിട്ട് തൂക്കിക്കൊന്നോളു. ഇനിക്കു പ്രശ്നല്യ.'
മജിസ്ട്രേട്ട് ചിരിച്ചു.
ജനാർദ്ദനൻ ദിമിത്രിയോട് പറഞ്ഞു: "പൊറത്ത് ആൾക്കാരുണ്ടെങ്കില് ജാമ്യെക്കെ വേഗം കിട്ടും.'
ജയിലിൽ പൊതുവെ ശാന്തമായ അന്തരീക്ഷമാണ് ദിമിത്രി കണ്ടത്.
സാധാരണമായ ജീവിതം.
അധികം ഒച്ചയോ അനക്കമോ ഇല്ല.
നിർവ്വികാരമായ മുഖങ്ങളുമായി ശിക്ഷിക്കപ്പെട്ട തടവുകാർ നടക്കുന്നു.
ചില റിമാന്റ് പ്രതികളുടെ മുഖത്ത് മാത്രം ഉൽക്കണ്ഠ കണ്ടു.
ആദ്യത്തെ ദിവസം ദിമിത്രി സെല്ലിനത്തു തന്നെ കഴിച്ചുകൂട്ടി.
പിറ്റേന്ന് പുറത്തിറങ്ങി. രണ്ട് സ്റ്റീൽ കിണ്ണവും ഒരു ഗ്ലാസും സ്പൂണും ആപ്പീസിൽ നിന്നും കിട്ടിയിരുന്നു. സമയമാവുമ്പോൾ അവയുമായി ഭക്ഷണത്തിന് ക്യൂ നിന്നു. വെള്ള ജയിൽവസ്ത്രം ധരിച്ച വിളമ്പുകാർ അയാളോട് സ്നേഹത്തോടെ ചിരിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിനെക്കുറിച്ച് ദിമിത്രിക്ക് ചില കേട്ടറിവുകളുണ്ട്. കാട്ടൂർക്കടവ് ദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. ചില വിശേഷപ്പെട്ട ഓർമകളുണ്ട്. താണിശ്ശേരി ബഹളത്തിൽ പ്രതിയായി പുല്ലാനിക്കാട്ടെ ഒരു കാരണവർ തടവുശിക്ഷ അനുഭവിച്ചിരുന്നു. കറുപ്പയ്യ സ്വാമി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. നാട്ടുപ്രമാണി ആയിരുന്നു. അദ്ദേഹത്തിന് ജയിലിൽ വെച്ച് കല്ലുവെട്ടേണ്ടി വന്നത് ദേശചരിത്രത്തിലെ പ്രധാന രേഖയാണ്. പിന്നെ 1947ൽ ചെറുവത്തേരി ചക്രപാണിവാര്യർ ജയിൽ മോചിതനായപ്പോൾ നാട്ടിൽ നൽകിയ സ്വീകരണം. ബോട്ടുകടവ് മുതൽ പൈക്കണ്ണി മൈതാനം വരെ അന്ന് ഘോഷയാത്രയുണ്ടായി. മൈതാനത്ത് പൊതുയോഗവും കുട്ടികളുടെ നൃത്തപരിപാടികളും നടന്നു.
1950ൽ വാര്യർ വീണ്ടും തടവിലായി. ചന്ദ്രശേഖരൻ, രാജശേഖരൻ എന്നീ രണ്ടു യുവാക്കളും അന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അവരെ സന്ദർശിക്കാനായി കണ്ടൻകുട്ടിയാശാനും മകൾ മീനാക്ഷിയും ജയിലിൽ ചെന്നു. തിരിച്ചുവന്ന് കണ്ടൻകുട്ടിയാശാൻ നാട്ടുകാരോട് പറഞ്ഞു:"നമ്മള് കെടന്ന ഇരിഞ്ഞാക്കുട ഠാണാവ് പൊല്യൊന്ന്വല്ല അത്. പുരാതന കെട്ടിടങ്ങളാണ്. രാജകൊട്ടാരം പോലെ തോന്നിക്കും. ഏക്കറുകണക്കിന് പറമ്പുണ്ട്. അവടെ കൃഷിണ്ട്. ചേന, ചേമ്പ്, അടക്കാരം, കുരുമെളക്. റോട്ടിലെ ഗേറ്റ് കഴിഞ്ഞാല് ജയിലിലിക്ക് ഒരു നാഴിക നടക്കണം. കള്ളമ്മാരും കുത്തിക്കൊല നടത്തിയോരും അവടെ നടക്കണ് കാണാം. അതിനൊത്ത പൊല്ലീസുകാരും. തൂക്കിക്കൊലക്ക് വിധിച്ച പുള്ളികളുണ്ട്. അവരെ മുറീന്ന് പൊറത്ത് എറക്കില്ലാന്നു പറഞ്ഞു.'
ദിമിത്രിക്ക് അത്ഭുതമായി തോന്നിയത് ജയിലധികൃതരുടെ പെരുമാറ്റമാണ്. എല്ലാവരും അയാളോട് സഹാനുഭൂതി കാണിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് തൊട്ട് താഴോട്ടുള്ളവരെല്ലാം അയാളെ "സാർ' എന്നാണ് അഭിസംബോധന ചെയ്തത്. തടവുപുള്ളികളും മാന്യമായി പെരുമാറി. സെല്ലിലേക്ക് നടക്കുമ്പോൾ അടുത്തുവന്ന് സലാം പറഞ്ഞ തടവുകാരെ ചൂണ്ടി പി.ഒ. സഹദേവൻ ചെവിയിൽ പറഞ്ഞു:"ഇവമ്മാരുമായി വെല്യ സമ്പർക്കത്തിനൊന്നും നിക്കണ്ട. കാഞ്ഞപുള്ളികളാണ്. ഈ കാണണതൊന്ന്വല്ല ഇവരടെ തൽസ്വരൂപം. എന്തൊക്ക്യാ അകത്ത് കെടന്ന് പൊകയണ്ന്ന് ആരുക്ക്വാ നിശ്ചയം? ഇമ്മളേപ്പോലെ മാന്യമ്മാരുക്ക് അടുത്ത് എടപഴകാൻ പറ്റ്യ കൂട്ടരല്ല. വന്ന് വെല്യ സ്നേഹം കാണിക്കും. പിന്ന്യാണ് ഗുലുമാലുണ്ടാക്ക്വാ. സാറിനേപ്പോലെ ഓരോ കുടുക്കില് പെട്ട് ഇവടെ വന്നുപോയ പല മാന്യമ്മാരുക്കും പിന്നെ അക്കിടി പറ്റീട്ടുണ്ട്. പൊറത്തെറങ്ങ്യാല് ഇവടത്തെ പരിചയം വെച്ചു വന്ന് ഇവര് മൊതലെടുക്കും.'
സഹദേവൻ വളരെ പ്രസാദവാനാണ്. കുളിച്ച് നെറ്റിയിൽ മഞ്ഞളും കുങ്കുമവും അണിഞ്ഞു കൊണ്ടല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല. വലിയ സംസാരപ്രിയനാണ്. ദിമിത്രിയോട് സംസാരിക്കാനായി അദ്ദേഹം കൂടെക്കൂടെ എത്തും. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും ഇരുന്നു പറയും.
"കേട്ടത് വെച്ച് ഞാൻ പറയ്യാണ്. ഈ വിജിലൻസ് കേസ് ഒരു ചതിയാണ്. നിശ്ചയായിട്ടും ഇതിന്റെ പിന്നില് ഗൂഡാലോചന ഇണ്ട്. അതായത് മുൻവൈരാഗ്യം. റിക്കാർഡാപ്പീസില് കൈക്കൂലി അല്ല ഒള്ളത്. മാമൂലാണ്. ഇത് രണ്ടും തമ്മില് വ്യത്യാസണ്ട്. അത് തിരിച്ചറിയണ്ട ആൾക്കാരാണ് വിജിലൻസ്. പരാതീം കൊണ്ട് ആരെങ്കിലും ചെന്നാൽ അവരെ വിളിച്ച് കൊസ്റ്റീൻ ചെയ്യണം. സംഭവം മുൻവൈരാഗ്യാണോ? ശത്രുതേണ്ടോ? അതൊന്നും നോക്കാണ്ട് വിജിലൻസ് ചാടി എറങ്ങും. എന്തെങ്കിലും ഇത്തിരി ചില്ലറ കിട്ടണ ആപ്പീസുകാരോട് എല്ലാരുക്കും അസൂയേണ്ട്. അതാ പ്രശ്നം.'
സഹദേവൻ വീണ്ടും തത്വജ്ഞാനത്തിലേക്ക് കടന്നു.
"ചതി, വഞ്ചന, കുത്തിക്കൊല. ഇതല്ലേ ഇപ്പൊ എല്ലാടത്തും കാണണ്? ധർമ്മോം നീതീം ഇല്യാണ്ടായില്ലേ? പണ്ടത്തെ ആൾക്കാരുക്ക് ദൈവത്തിനെ പേടിണ്ടാർന്നു. ഇപ്പൊ അതും ഇല്ല.'
"സാറ് പേടിക്കണ്ട. ഈ കേസീന്ന് നമ്മക്ക് നിഷ്പ്രയാസം ഊരിപ്പോരാൻ പറ്റും. ആ പരാതിക്കാരനെ പിടിക്കണം. കാശ് കൊറച്ച് മറിക്കണ്ടി വരും. പിന്നെ വിജിലൻസുകാര്. അവരാണ് പ്രധാന സാക്ഷികള്. അവരും മറിയും. കാശ് ആരുക്കും പുളിക്കില്ലല്ലോ. അതല്ലേ അവരുക്കിത്ര ഉത്സാഹം? നേരെപോയി മുട്ടീറ്റ് കാര്യല്യ. വരാല് പോലെ അവരു വഴുക്കും. വെണ്ണീറിട്ട് പിടിക്കണം. അതിനു പറ്റ്യ ആൾക്കാരുണ്ട്. നമ്മടെ കയ്യിലിണ്ട് ആള്. സമയാവുമ്പൊ സാറ് ഈ സഹദേവനോട് ഒരു വാക്ക് പറഞ്ഞാ മതി. ജോലീൽ തിരിച്ചു കേറീട്ട് ഇന്യൊള്ള രണ്ട് കൊല്ലംകൊണ്ട് പോയതും അതിലപ്പറോം തിരിച്ചുപിടിയ്ക്കാൻ പറ്റണം.'
സഹദേവൻ പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു: "നമ്മടാൾക്കാര് മാത്രാണ് ഈ ട്രാപ്പിലൊക്കെ ചെന്നുപെടണത്. ആര്? ഈഴവര്. ന്ന്ച്ചാൽ ഹിന്ദുക്കള്. മേൽത്തട്ടിലും കീഴ്ത്തട്ടിലും അല്ലാണ്ട് എടയിൽ പെട്ടോര്. നമ്മക്ക് കളങ്കല്യല്ലോ. കുത്തിക്കൊല്ലാൻ വരണ ആളേം നമ്മ ചെന്ന് നമസ്ക്കരിക്കും. കസേര നീക്കീട്ട് കൊടുത്ത് വർത്താനം പറയും. വരണോരേം പോണോരേം സ്വീകരിച്ച് സ്വീകരിച്ച് ഹിന്ദുക്കൾടെ നാട്ടില് ഹിന്ദുക്കൾക്ക് ഗതീല്യാണ്ടായി. രണ്ട് എനം പള്ളിക്കാരുക്കും വെച്ചടി വെച്ചടി കേറ്റാണ്. പിന്നെ പട്ടികക്കാര്. എന്തു കുത്തിക്കൊല ചെയ്താലും അവരുക്ക് എളവുണ്ട്. ഇവടത്തെ പി.ഒ.മാരില് പാതിമുക്കാലും മാപ്ലാരും പെലേരും ആണ്. സൂപ്രണ്ടും ഡെപ്യുട്ടീം നായമ്മാരാണ്.'
ഉച്ചകഴിഞ്ഞപ്പോൾ സൂപ്രണ്ടിന്റെ മുറിയിലക്ക് ചെല്ലാൻ ദിമിത്രിക്ക് ആജ്ഞവന്നു.
ജയിലിന്റെ പ്രധാന കമാനത്തോട് ചേർന്നാണ് ആപ്പീസു മുറികൾ. വളരെ പഴക്കമുള്ള കെട്ടിടമാണ്. രാജഭരണകാലത്ത് പണിതതാകണം. നല്ല വീതിയും നീളവുമുള്ള മരക്കോവണി. കൊത്തുവേലകൾ ചെയ്ത കൈവരികൾ ഉണ്ട്. അയാൾ കടന്നു ചെന്നപ്പോൾ എഴുതിക്കൊണ്ടിരുന്ന ഗുമസ്തന്മാർ തലയുയർത്തി സ്നേഹം പ്രകടിപ്പിച്ചു.
"എന്തോ ഒരു ഉണ്ടച്ചുരുട്ടുണ്ട്.'
സൂപ്രണ്ടിന്റെ മുറിക്കു പുറത്തു നിന്നിരുന്ന പി.ഒ. സഹദേവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
മുറിയിൽ സൂപ്രണ്ട് ജയൻപിള്ളയുടെ ഇടതുവശത്തെ കസേരയിൽ അപരിചിതനായ ഒരാൾ ഇരിപ്പുണ്ടായിരുന്നു. ഒരു യുവാവ്. യൂണിഫോം ഇല്ലെങ്കിലും അദ്ദേഹത്തെ ഒരു സേനാംഗമായി തോന്നിച്ചു. ആൾ ഒരു കടലാസ് ശ്രദ്ധാപൂർവ്വം വായിക്കുകയാണ്."വരൂ, മിസ്റ്റർ ദിമിത്രോവ്, ഇരിക്കൂ.'
ജയൻപിള്ള ക്ഷണിച്ചു.
ദിമിത്രി ഇരുന്നു. കെട്ടിടം പഴയതാണെങ്കിലും സൂപ്രണ്ടിന്റെ മുറി വെടിപ്പുള്ളതായിരുന്നു. ചുമരിൽ മഹാത്മാഗാന്ധിയുടേയും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടേയും ഫോട്ടോകളുണ്ട്. അലമാരക്കു പുറത്ത് വെള്ളിക്കപ്പുകളും ശിൽപ്പങ്ങളും ഫ്രെയിം ചെയ്ത പ്രശസ്തിപത്രങ്ങളും വെച്ചിട്ടുണ്ട്.
"ജാമ്യം കിട്ടിയതിൽ അഭിനന്ദിക്കുന്നു. താങ്കളുടെ അമ്മ സുഖമില്ലാതെ ആശുപത്രിയിലാണ് എന്ന വിവരവും അറിഞ്ഞു. എത്രയും പെട്ടെന്ന് അവർക്ക് സുഖമാവട്ടെ. ഇന്നുതന്നെ നിങ്ങളെ മോചിപ്പിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ അതിനിടക്ക് ഇദ്ദേഹം വന്നു.'
ജയൻപിള്ള പറഞ്ഞു.
ഇടതുവശത്തെ കസേരയിലിരിക്കുന്ന യുവാവ് തലയുയർത്തി ചിരിച്ചു. ഗൗരവം വിടാത്തെ ചിരിയും നോട്ടവുമാണ്."ഇത് മിസ്റ്റർ വിനയലാൽ ഐ.പി.എസ്. സ്പെഷൽ ബ്രാഞ്ചിൽ നിന്നാണ്. അദ്ദേഹത്തിന് ദിമിത്രിയെ ഒന്നു പരിചയപ്പെടണം എന്നു പറഞ്ഞു.'
വായിക്കുന്ന കടലാസിലേക്ക് നോക്കി മുഖമുയർത്താതെ വിനയലാൽ സംസാരിച്ചു."ദിമിത്രി, എന്നു വെച്ചാൽ സാക്ഷാൽ ജോർജി ദിമിത്രോവ്. അങ്ങനെയല്ലേ?'
"അതെ.'
ദിമിത്രി മറുപടി പറഞ്ഞു. അയാളുടെ മുഴുവൻ പേര് അങ്ങനെയാണ്."അതെ. മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് നൽകിയ പേരാണ്. ബൾഗേറിയയിലെ പട്ടിണിപ്പാവങ്ങളുടെ കുടിലിൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ തൊഴിലാളിയായി. പിന്നെ ലോക തൊഴിലാളിവർഗത്തിന്റെ നായകനായി. "യൂണിറ്റി ഓഫ് ദ വർക്കിംഗ് ക്ലാസ് എഗെയിൻസ്റ്റ് ഫാസിസം', "യൂത്ത് എഗെയിൻസ്റ്റ് ഫാസിസം', "ഫാസിസം ഈസ് വാർ.' മൂന്നാം ഇന്റർനാഷണലിന്റെ ബുദ്ധികേന്ദ്രമായിരുന്നു. ശരിക്കു പറഞ്ഞാൽ ഇദ്ദേഹത്തിന്റെ "ഫാസിസത്തിനെതിരെ ഐക്യമുന്നണി" എന്ന സിദ്ധാന്തം പിൻതുടർന്നാണ് സെക്കന്റ് വേൾഡ് വാറിന്റെ കാലത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ സ്വന്തം ദേശീയസമരത്തിൽ വിട്ടുവീഴ്ച കാണിച്ചത്. വലിയ ദൗർഭാഗ്യമായി പോയി അത്. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ചരിത്രം വേറൊന്നാവുമായിരുന്നു. ഇടക്കു ചോദിക്കട്ടെ കോംറെഡ് ജോർജി ദിമിത്രോവ്, ആരാണ് ഈ പേരിട്ടത്?'
"മുത്തച്ഛനാണ്. അമ്മയുടെ അച്ഛൻ. കണ്ടൻകുട്ടിയാശാൻ എന്നു പറയും.'"ഗംഭീരം. ക്ഷമിക്കണം മിസ്റ്റർ ജയൻപിള്ള. ഞാൻ പരിസരം മറന്ന് കാടുകയറി ചില ഭ്രാന്തുകൾ വിളിച്ചു പറഞ്ഞു പോയി. മിസ്റ്റർ ദിമിത്രോവ്. താങ്കൾ പരിഭ്രമിക്കേണ്ടതില്ല. ഇവിടെ പ്രശ്നമൊന്നുമില്ല. ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമമായി മാത്രം ഇതിനെ കണ്ടാൽ മതി. ഇവിടത്തെ ജയിൽ അഡ്രസ്സിൽ ഇന്നലെ നിങ്ങൾക്ക് ഒരു കത്ത് വന്നിരുന്നു. ജയിലിലെ നിയമങ്ങൾ അറിയാമല്ലോ. ഇവിടത്തെ ആപ്പീസർമാർ അത് തുറന്നു വായിച്ചു. വളരെ വ്യക്തിപരമായ ഒരു കത്താണ്. പക്ഷേ ഒന്നു രണ്ടു കാര്യങ്ങളിൽ വ്യക്തത വരുത്തണം. അത് ഫയലിൽ രേഖപ്പെടുത്തണം. സർക്കാർ കാര്യം മുറപോലെ എന്നുണ്ടല്ലോ.'
ആ സമയത്ത് സൂപ്രണ്ട് ഫയലിൽ നിന്നെടുത്ത ഒരു കത്ത് ദിമിത്രിക്ക് കൈമാറി. എൻവലപ്പിനു പുറത്ത് തൃശൂർ വിമൺ പ്രിസന്റെ സീലുണ്ട്. വരയിട്ട വൈറ്റ് പേപ്പറിൽ കണ്ടുപരിചയമുള്ള കയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നു. അയാൾ ശ്രദ്ധിച്ചു: എന്ന് കാവേരി എന്ന ലക്ഷ്മി. "പ്രിയപ്പെട്ട ജെ., നിങ്ങൾ ഇവിടെ ഉണ്ടെന്നറിഞ്ഞ് ഞാൻ അത്ഭുതപ്പെട്ടു പോയി.'
ആ സമയത്ത് വിനയലാൽ സംസാരിച്ചു."കോംറെഡ് ജോർജി ദിമിത്രോവ്, ജയിലിൽ നിന്നു ജയിലിലേക്കു വന്ന ഒരു കത്താണിത്. സംശയിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ എന്തിലും സംശയങ്ങൾ വെച്ചു പുലർത്തുക എന്നതാണല്ലോ പൊലീസിലെ ഒരു രീതി. ചില കാര്യങ്ങൾ ചോദിക്കട്ടെ? നിങ്ങളും മാവോയിസ്റ്റ് സമരനായിക കാവേരിയും തമ്മിൽ ഇപ്പോൾ എന്തു ബന്ധമാണുള്ളത്?'
ദിമിത്രി മറുപടി പറയാൻ വിഷമിച്ചു. പിന്നെ പറഞ്ഞു:"ഞങ്ങൾ സഹപാഠികളായിരുന്നു. ഒന്നിച്ച് ഒരേ കേളേജിൽ പഠിച്ചിരുന്നു.'"അക്കാര്യം കത്തിൽ നിന്നു വ്യക്തമാണ്. പിന്നെ?'"അക്കാലത്ത് ഞങ്ങൾ അടുപ്പത്തിലായിരുന്നു.'"അതും കത്തിലുണ്ട്. ഞങ്ങൾ പൊലീസ് ഡിപ്പാർട്ട്മെന്റ് ആരുടേയും പ്രണയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. പ്രത്യേകിച്ചും ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരുന്ന ആ പഴയ അസുലഭ കാലഘട്ടത്തിൽ നടന്ന ഒരു പ്രണയത്തിൽ. ഞാൻ ചോദിക്കുന്നത് പിന്നീടുണ്ടായ ബന്ധത്തെക്കുറിച്ചാണ്. വിശേഷിച്ചും കേരളത്തിലെ എം.എൽ. പാർട്ടി ഗ്രൂപ്പുകൾ വിട്ട് കാവേരിയും രഘുത്തമനും മാവോയിസ്റ്റ് ഗ്യാങ്ങിൽ ചേർന്ന ശേഷമുണ്ടായ സമ്പർക്കങ്ങളെക്കുറിച്ച്. ഇതുപോലെ കത്തിടപാടുകൾ വല്ലതും ഉണ്ടായിരുന്നോ?'"ഇല്ല.'
"പിന്നീട് ഒരിക്കൽ മാത്രമേ നിങ്ങൾ കണ്ടുള്ളൂ?'"ഇല്ല, ഒരിക്കലും കണ്ടിട്ടില്ല.'"പഠിക്കുന്ന കാലത്ത് നിങ്ങൾ മൂവ്മെന്റിൽ ഉണ്ടായിരുന്നു?'
"ഉവ്വ്. അത്ര സജീവമായിരുന്നില്ല.'
ചെറിയൊരു ഭാവമാറ്റത്തോടെ വിനയലാൽ ചോദിച്ചു:"ഇപ്പോഴത്തെ നിങ്ങളുടെ പൊളിറ്റിക്കൽ വിഷൻ എന്താണ്?'
"പ്രത്യേകിച്ചൊന്നുമില്ല.'
"തലക്കകത്ത് ആ ഭാഗം ഒഴിഞ്ഞുകിടക്കുന്നു അല്ലേ? ആർക്കും എന്തിനും ഏതു സമയത്തും അവിടേക്കു പ്രവേശിക്കാം.'
അദ്ദേഹം ചിരിച്ചു. പിന്നെ ചോദിച്ചു:"കാവേരിയുമായുള്ള ബന്ധം മുറിഞ്ഞിരുന്നുവെങ്കിലും രഘുത്തമനുമായുള്ള ബന്ധം നിങ്ങൾ തുടർന്നിരുന്നു. നിങ്ങൾ കാണാറുണ്ട്?'
എന്തു പറയണമെന്നറിയാതെ ദിമിത്രി കുഴങ്ങി. തൃശൂരിൽ ജോലി ചെയ്യുന്ന കാലത്ത് രഘുത്തമൻ തന്നെ വന്നു കണ്ട കാര്യം അയാൾ ഓർത്തു. അന്ന് രഘു തൃശൂരിലെ പ്രധാനപ്പെട്ട പൗരാവകാശ പ്രവർത്തകനായിരുന്നു. നഗരത്തിലെ യൂത്ത് ഫോർ ജസ്റ്റീസ് ഗ്രൂപ്പിൽ അവൻ സജീവമായിരുന്നു. ദിമിത്രി പറഞ്ഞു:"രഘുത്തമനെ കണ്ടിരുന്നു. അത് എൻപത്തിയഞ്ചിലാന്ന്. അക്കാലത്ത് അയാൾ തൃശൂരിൽ പൗരാവകാശ പ്രവർത്തകനായി ഉണ്ടായിരുന്നു.'
വിനയലാൽ ഒന്നു മൂളി. അയാൾ പറഞ്ഞു:"പക്ഷേ, ഈ കത്തിൽ രഘുത്തമനെക്കുറിച്ച് കാവേരി പറയുന്ന കാര്യങ്ങൾ ഒട്ടും ശരിയല്ല. അവർ തമ്മിൽ പിരിഞ്ഞു; അയാളെ കാണാനില്ല, എന്നൊക്കെയാണല്ലോ എഴുതിയിരിക്കുന്നത്. അതു പൊലീസിനെ വഴിതെറ്റിക്കാനാണ്. ഇങ്ങനെ ഒരു കത്ത് എഴുതിയത് തന്നെ അങ്ങനെയൊരു കബളിപ്പിക്കൽ ഉദ്ദേശിച്ചാണ്. കാരണം തന്റെ പൂർവ്വകാമുകനെ ഓർത്ത് വിലപിക്കാനുള്ള റൊമാന്റിക് മൂഡിലൊന്നുമല്ല കാവേരി ഇപ്പോൾ. ജയിലിൽ നിന്ന് ജയിലിലേക്ക് അയക്കുന്ന കത്തുകൾ പരിശോധിക്കപ്പെടുമെന്ന് അവർക്ക് അറിയാമല്ലോ. മാവോയിസ്റ്റുകൾ വളരെ സമർത്ഥരാണ്.'
ദിമിത്രി ഒന്നും പറഞ്ഞില്ല."കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്ത ഒരാളെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ സംശയിക്കുന്നതിനേക്കാൾ വലിയ വങ്കത്തം വേറെയില്ല. അതിലേറെ വേണമെങ്കിൽ ഈ ജയൻപിള്ളയെ എനിക്കു സംശയിക്കാം.'
വിനയലാൽ പൊട്ടിച്ചിരിച്ചു."നിങ്ങൾ വളരെ ക്ലിയർ ആണ് മിസ്റ്റർ ജോർജി ദിമിത്രോവ്. പഴയ കോംറെഡ് ദിമിത്രോവിനെക്കുറിച്ച് നിങ്ങൾ പഠിക്കാൻ ശ്രമിക്കരുത്. അതു നിങ്ങൾക്ക് ഒരു ഭാരമാവും. അങ്ങനെ പഠിച്ചവർ ഞങ്ങൾക്കും ഒരു ഭാരമാവും. മനുഷ്യർ സർക്കാർ ആപ്പീസുകളിൽ ഇരുന്ന് ചില്ലറ കൈക്കൂലിയൊക്കെ വാങ്ങി, വൈകുന്നേരം ബാറിൽ പോയി രണ്ട് പെഗ്ഗ് വീശി, വീട്ടിൽ പോവുന്ന ഒരു ഐശ്വര്യകേരളമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.'
ആ ഐ.പി.എസ്. ഉദ്യോഗസ്ഥൻ എഴുന്നേറ്റു നിന്നു. അദ്ദേഹം ദിമിത്രിയുടെ തോളിൽ കൈവെച്ചു. ആറടിയിലേറെ ഉയരമുണ്ടായിരിക്കണം അദ്ദേഹത്തിന്. ദിമിത്രി ആ മുഖത്തേക്ക് എത്തി നോക്കി."എനിക്കു നല്ല സന്തോഷമുണ്ട്. നാടിനെ വിറപ്പിച്ച വിപ്ലവകാരി കാവേരിയുടെ പൂർവ്വകാമുകനെ കാണാൻ കഴിഞ്ഞല്ലോ. കാവേരി എന്റെ ഫ്രണ്ടാണ്. എൻക്വയറിക്കു വേണ്ടിയുള്ള ഞങ്ങളുടെ കമ്യൂണിക്കേഷനിടയിലേക്ക് ലോകവും ഫിലോസഫിയുമൊക്കെ കടന്നു വരാറുണ്ട്. ഇത്രക്കും ബോൾഡ് ആയ ഒരു സ്ത്രീയെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഇപ്പോൾ അമ്പത്തിയഞ്ചു വയസ്സുണ്ട്. ഗൗരിയമ്മ പോലും തന്റെ അഡ്വഞ്ചർ ലൈഫ് മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ പൂർത്തിയാക്കി സ്റ്റേറ്റ് കാറിൽ കയറി. ഇവിടെ ഈ പ്രായത്തിലും ഇത്ര മനക്കരുത്ത് ഉണ്ടാവുക എന്നു വെച്ചാൽ അത്ഭുതമാണ്.'
"നിങ്ങൾ ഇപ്പോഴും സാമാന്യം സുന്ദരനും അരോഗ ദൃഢഗാത്രനുമാണ് എന്ന വിവരം ഞാൻ കാവേരിയെ അറിയിക്കാം.'
അദ്ദേഹം വീണ്ടും പൊട്ടിച്ചിരിച്ചു."ഈ കത്തിനെക്കുറിച്ച് നിങ്ങൾ പറഞ്ഞ വിവരങ്ങൾ ഒരു സ്റ്റേറ്റ്മെന്റായി ഞങ്ങളുടെ സ്റ്റാഫ് എഴുതിത്തരും. അതു വായിച്ചു നോക്കി അടിയിൽ നിങ്ങൾ ഒപ്പുവെച്ചു കൊടുക്കുന്നത് നന്നായിരിക്കും. കത്തിന്റെ ഫോട്ടോകോപ്പി ഞങ്ങളുടെ കൈവശം ഉണ്ട്. ഒറിജിനൽ നിങ്ങൾ കൈവശം വെച്ചോളൂ. സ്വസ്ഥമായി ഒരിടത്തു ചെന്നിരുന്നു വായിക്കൂ. വിട്ടുപോയ പ്രണയിനിയുടെ കത്തുപോലെ അമൂല്യമായ വേറൊന്നുമില്ല ഈ പ്രപഞ്ചത്തിൽ.'
ദിമിത്രി കത്തുമായി പുറത്തു കടന്നു. സഹദേവൻ പുറത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉൽക്കണ്oയോടെ അയാൾ ചോദിച്ചു:"പൊല്ലാപ്പ് വെല്ലതും?'
"ഏയ്, ഒന്നുമില്ല.'
അന്നു വൈകീട്ട് ആറുമണി കഴിഞ്ഞപ്പോഴാണ് ദിമിത്രിക്ക് പുറത്ത് കടക്കാനായത്. സെല്ലിൽ നിന്ന് പുറത്തു കടന്നപ്പാൾ സഹതടവുപുള്ളി ജനാർദ്ദനൻ കയ്യിൽ പിടിച്ച് കരഞ്ഞു."ഇവടന്ന് പൊറത്തെറങ്ങാൻ പറ്റ്യാല് ഞാൻ സാറിനെ വന്നു കാണും. ആധാരത്തിന്റെ കാര്യം ശരിയാക്കണം. പറമ്പു വിക്കാൻ പറ്റീലാന്ന് വെച്ചാ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യല്യ.'
പുരുഷോത്തമൻ വക്കീൽ കാറുമായി പുറത്ത് എത്തിയിരുന്നു. പി.ഒ. സഹദേവന് വക്കീൽ പണം കൊടുത്തു:"ദാ, ഞാൻ പറഞ്ഞതിൽ കൂടുതലുണ്ട്.'
ആ സമയത്ത് സഹദേവൻ കരഞ്ഞു."ഇനി ഒന്നും തന്നില്യാന്ന്ച്ചാലും സാറിനെ ഞങ്ങള് പൊന്നുപോലെ നോക്കും. ഇനിക്കൊറപ്പുണ്ട്, ഈ കേസു തള്ളും. സാറ് രക്ഷപ്പെടും. ഈ സഹദേവനാ പറയണ്.'
രാത്രി ഒമ്പതു മണി കഴിഞ്ഞിരുന്നു വീട്ടിലെത്തിയപ്പോൾ. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുമ്പോൾ വക്കീൽ ഒരു പൊതി ഏൽപ്പിച്ചു.
"ഞാൻ അങ്ങട്ട് കേറണില്ല. ഇത് വെച്ചോളൂ. നല്ല സ്കോച്ചാണ്.'
വക്കീൽ തുടർന്നു: "തനിയെ പുറത്തിറങ്ങണ്ട. വിളിച്ചാൽ മതി. അമ്മയെ കാണാൻ ആസ്പത്രീലിക്ക് പൂവ്വാൻ ഞാൻ ദിവാകരനെ വണ്ടീം കൊടുത്ത് അയക്കാം. ജീവിതത്തിലെ ഒരദ്ധ്യായം മറിഞ്ഞു കഴിഞ്ഞു എന്നു വിചാരിച്ചോളൂ. കേസ് അത്ര കാര്യാവാൻ സാധ്യതയില്ല. നമുക്ക് നോക്കാം. കിടക്കുന്നതിനു മുമ്പ് എന്നും ഗുരുവിന്റെ ഷൺമുഖസ്ത്രാത്രം ചൊല്ലുന്നത് നന്നായിരിക്കും. മനസ്സിന് നിയന്ത്രണം കിട്ടും.'
ചാരിയിട്ട ഗേറ്റ് തുറന്ന് ദിമിത്രി അകത്തു കടന്നു. വീട്ടിൽ വെളിച്ചമില്ല. അയാൾ കോളിംഗ് ബെൽ അമർത്തി. കുറേനേരം കാത്തു നിന്നിട്ടും വാതിൽ തുറന്നില്ല. വാതിൽ പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ഭാര്യ സ്ഥലത്തില്ലെന്ന് അയാൾക്ക് മനസ്സിലായി. തിരുവനന്തപുരത്ത് പ്രതിമാസ കോൺഫ്രൻസ് ആയിരിക്കും. ഇന്ന് ഏതു തീയതിയാണ്?
പുറത്തെ ചെടിച്ചട്ടിയിൽ താക്കോൽ ഉണ്ട്. അയാൾ അതെടുത്ത് വാതിൽ തുറന്നു. വിളക്കു കൊളുത്തിയപ്പോൾ അതൊരു പുതിയ അന്തരീക്ഷമായി അയാൾക്കു തോന്നി. വസ്തുക്കൾക്ക് ചെറിയ മട്ടിൽ സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നു. സെറ്റിയിൽ പുതിയ വിരികൾ ഉണ്ട്. പത്രങ്ങൾ ടീപ്പോയിൽ അടുക്കി വെച്ചിരിക്കുന്നു.
ഫ്രിഡ്ജിന്മേൽ പതിച്ചു വെച്ച കുറിപ്പ്."ഞാൻ പോകുന്നു. തൽക്കാലം വൈ.ഡബ്ലിയു.സി.എ.യിൽ താമസിക്കും. ഇനി ഇങ്ങോട്ടില്ല. യാന്ത്രികമായ ഈ ബന്ധം അവസാനിപ്പിക്കുന്നതിന് ഒരു ഔപചാരികതയുടെ ആവശ്യമുണ്ടോ? നാടകം നിർത്താം. ആളുകളുടെ മുഖത്തു നോക്കാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. പറയുന്നതിൽ ക്ഷമിക്കണം. എനിക്ക് നിങ്ങളുടെ സാന്നിധ്യം പോലും വെറുപ്പുണ്ടാക്കുന്നു.'
കുറിപ്പ് കയ്യിൽ വെച്ച് ദിമിത്രി സെറ്റിയിൽ ഇരുന്നു. കുറിപ്പ് കടലാസിന് ചുമപ്പുനിറമാണ്. നോക്കിയപ്പോൾ മുന്നിലെ അലമാരക്കും ചുവപ്പുനിറമാണ്. ഇനിയെന്തൊക്കെയാണ് ചുവപ്പുള്ളത്?
അലമാരക്കു മുകളിൽ പഴയ തബലകൾ ഇരിക്കുന്നതു കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. ഇതെങ്ങനെ ഇവിടെ വന്നു?
കസേരയിൽ ചവുട്ടിക്കയറി നിന്ന് അയാൾ തബലകൾ താഴെയിറക്കി. അവ പൊടിപിടിച്ചിരുന്നു. കുറേ കാലമായി ഉപയോഗിച്ചിട്ട്. ബന്ധികളൊക്കെ അയഞ്ഞു കിടക്കുകയാണ്.
അതു ഗൗനിക്കാതെ അയാൾ തട്ടി നോക്കി. ആദ്യം അപശബ്ദമാണ് ഉണ്ടായത്. വിട്ടില്ല. വാശിയോടെ വായിച്ചു.
"ധാ ധിൻധിൻ ധാ തിട്ട് തിട്ട്
ധാ ധിൻധിൻ ധാ തിട്ട് തിട്ട്
ധാ ധിനതനതാ തിട്ട് തിട്ട്
ധാ ധിൻതന ധാതിട്ട് ധാധിട്ട് താ...... '▮
(തുടരും)