ചിത്രീകരണം: ഇ. മീര

ആകാശത്തിലെ പറവകൾ

ഹെർബർട്ട് സ്‌പെൻസർ ഫാമിൽ നിന്നു നോക്കുമ്പോൾ വയലിലെ മങ്ങുന്ന വെയിലിന് ഒരുവക നീലനിറമാണ്. ആളുകൾ പണി കഴിഞ്ഞ് മടങ്ങുന്നതു കാണാം. വയലുകൾക്കപ്പുറത്ത് കുന്നുകളുടെ അടിവാരത്തായിട്ടാണ് കാര്യമായ ജനജീവിതം ഉള്ളത്. നാലഞ്ച് ഗ്രാമങ്ങൾ അവിടെ ഉണ്ട്.

ചില കാലത്ത് അവിടെന്ന് വാദ്യമേളങ്ങൾ ഉയർന്നു കേൾക്കും. വെയിലാറിക്കഴിഞ്ഞ് സന്ധ്യക്കാണ് അത് തുടങ്ങുക. പിന്നെ ചെറിയ ഇടവേളക്കുശേഷം രാത്രിയിലും തുടരും. കാവടിസംഘങ്ങൾ കൊട്ടിപ്പഠിക്കുന്നതാണ്. ഒരോ ഗ്രാമത്തിനും ഓരോ കാവടിസംഘങ്ങൾ ഉണ്ട്. തൈപ്പൂയക്കാലത്ത് എല്ലാവരും ചേർന്ന് വാദ്യമേളങ്ങളുമായി വഴികളിലൂടെ ഘോഷയാത്ര നടത്തും. പെൺകുട്ടികളെ അണിയിച്ചൊരുക്കി താലമെടുപ്പിക്കാറുണ്ട്. ആൺകുട്ടികളുടെ തല മുണ്ഡനം ചെയ്യും. അക്കാലത്ത് ഫാമിൽ തെനാദിയർ അച്ചന്റെ പതിവ് സന്ധ്യാപ്രഭാഷണങ്ങൾ വൈകാറുണ്ട്. എങ്കിലും ഫാമിലെ എല്ലാവരും കൃത്യസമയത്ത് തന്നെ ഒത്തുകൂടി മുഖത്തോടു മുഖം നോക്കി ഇരിക്കും.

ആകാശത്തിലെ പറവകളേപ്പോലെ മനുഷ്യർ സ്വതന്ത്രരും സന്തുഷ്ടരുമാകണമെന്ന ആശയമാണ് തെനാദിയരച്ചൻ ക്ലാസുകളിൽ അവതരിപ്പിക്കുക. സ്വകാര്യസ്വത്താണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പാപം. സ്വത്തിനുള്ള ആർത്തി മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്നു. അങ്ങനെ അവൻ ദൈവത്തിൽ നിന്ന് അകലുന്നു. അദ്ദേഹം ബൈബിൾ ഭാഗം വായിക്കും.

"ആകൈയാൽ എന്നത്തൈ ഉൺപോം എന്നത്തൈ കുടിപ്പോം എന്റു ഉങ്കൾ ജീവനുക്കാകവും എന്നത്തൈ ഉടുപ്പോം എന്റു ഉങ്കൾ സരീരത്തുക്കാകവും കവലൈപ്പടാതിരുങ്കൾ. ഭക്ഷണത്തേക്കാൾ ജീവനും വസ്ത്രത്തേക്കാൾ ശരീരവും പ്രധാനമാകുന്നു. ആകാശത്തിലെ പറവകളെ നോക്കൂ. അവ വിതക്കുന്നില്ല; കൊയ്യുന്നില്ല; പത്തായപ്പുരകളിൽ കൂട്ടി വെക്കുന്നുമില്ല. എങ്കിലും സ്വർഗീയ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. വയലിലെ ലില്ലിച്ചെടികളെ നോക്കുക. അവ എങ്ങനെ വളരുന്നു? അവ നൂൽനൂൽക്കുന്നില്ല. എങ്കിലും ഞാൻ നിങ്ങളോട് പറയുന്നു: സർവ്വപ്രതാപങ്ങളും തികഞ്ഞ സോളമൻ പോലും ഇവയിൽ ഒന്നിനേപ്പോലെ വിഭൂഷിതനായിരുന്നില്ല.'

മലയാളത്തിലും തമിഴിലും പ്രഭാഷണങ്ങൾ ഉണ്ടാവും. സഹായികളും രോഗികളും കൂടാതെ ചുറ്റുവട്ടത്തു നിന്നുള്ള കുറച്ചു ഗ്രാമീണരും കേൾവിക്കാരായി എത്താറുണ്ട്. തന്റെ പന്ത്രണ്ടു കൊല്ലത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി തെനാദിയർക്ക് ഗ്രാമത്തിൽ നിന്നും അഞ്ചുപേരെ അനുയായികളായി ലഭിച്ചിട്ടുണ്ട്. ആട്ടിടയൻമാരാണ്. ആടുകളെ കുന്നിൻ ചെരുവിൽ മേയാൻ വിട്ട് അവർ ശ്രദ്ധയോടെ വന്നിരിക്കും.

ക്ലാസിൽ മെഹമൂദ് ഉള്ള ദിവസം തർക്കങ്ങൾ ഉണ്ടാകും. മെഹമൂദിന്റെ വിമർശനങ്ങൾ തെനാദിയരുടെ മനോരോഗികളെ അലോസരപ്പെടുത്താറുണ്ട്. അവർ പകയോടെ നോക്കും. ലോകത്തെക്കുറിച്ചും മനുഷ്യൻ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും തെനാദിയരച്ചന് സ്വന്തമായ ചില നിഗമനങ്ങളുണ്ട്. അവക്കുള്ള പ്രതിവിധികളും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. ലളിതമായ പരിഹാരങ്ങളാണ്. അദ്ദേഹം ക്രിസ്തുവിൽ ഒതുങ്ങി നിൽക്കുന്നില്ല. പക്ഷേ മാർക്‌സിന്റെ കടുത്ത വിമർശകനുമാണ്. ഇതിനിടയിലെ ഒരു വഴിയാണ് അച്ചൻ ആഗ്രഹിക്കുന്നത്. താൻ മനസ്സിൽ ഭാവന ചെയ്തുണ്ടാക്കുന്ന പദ്ധതികൾ ഹെർബർട്ട് സ്‌പെൻസറുടെ ചുമലിൽ കെട്ടിയേൽപ്പിക്കുകയാണ് തെനാദിയർ ചെയ്യുന്നതെന്ന് മെഹമൂദ് വിമർശിച്ചു.

"കാൾ മാർക്‌സിനും ക്രിസ്തുവിനുമിടയിൽ നിങ്ങൾ ഹെർബർട്ട് സ്‌പെൻസറെ സ്ഥാപിക്കുകയാണ്. അതെന്തിനാണ് തെനാദിയരച്ചോ? അർഹതയുള്ളത് അതിജീവിക്കും എന്നു സിദ്ധാന്തിച്ചയാളുടെ കൂടെ എന്തായാലും ക്രിസ്തുവും മാർക്‌സും ഇല്ല. എല്ലാ കാലത്തും ഏകാധിപത്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വേദവാക്യമാണത്. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ മാർക്‌സിന്റെ നല്ല അയൽക്കാരനായി സ്‌പെൻസർ കിടക്കുന്നത് ഞാൻ പോയി കണ്ടു. എതിർദിശകളിലാണ് ഇരുവരും കിടക്കുന്നത്. അതുകൊണ്ട് ഒരാൾ മറ്റേയാൾക്ക് പ്രതിവിധിയല്ല. രണ്ടും രണ്ടുലോകങ്ങളാണ്.'

"സെമിത്തേരില് ഹെർബർട്ട് സ്‌പെൻസറുടെ കുഴിമാടത്തിനു മുന്നിൽ ആളുകൾ പൂക്കൾ വെക്കുന്നുണ്ടായിരുന്നോ?'
തെനാഡിയർ അച്ചൻ ആകാംഷയോടെ ചോദിച്ചു.

മെഹമൂദ് ചിരിച്ചു.

യൂറോപ്യർ പൊതുവെ ശവകുടീരങ്ങളെ കൃത്യമായി പരിപാലിക്കുന്നവരാണ്. പള്ളിയിൽ പോകാറില്ലെങ്കിലും ഓർമദിനങ്ങളിൽ അവർ മുടങ്ങാതെ ശ്മശാനം സന്ദർശിക്കുന്നു. പൂക്കൾ സമർപ്പിക്കുന്നു. മെഹമൂദ് കഴിഞ്ഞ നാലുമാസം ഇംഗ്ലണ്ടിലായിരുന്നു. അവിടെ മഞ്ഞു തുടങ്ങുന്ന കാലമാണ്. വഴിവക്കത്തെ മേപ്പിൾ മരങ്ങളുടെ ഇലകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഒരു ഞായറാഴ്ച പ്രഭാതസമയത്ത് അയാൾ ഹോൾബോൺ സ്റ്റേഷനിൽ ഇറങ്ങി മുന്നോട്ടു നടന്നു. ഇന്ത്യൻ വൈ.എം.സി.എ.യിൽ വെച്ച് ആരോഗ്യസ്വാമി എന്ന തിരുച്ചിക്കാരൻ ഗവേഷണ വിദ്യാർത്ഥി കാണാമെന്നു പറഞ്ഞിട്ടുണ്ട്. മെഹമൂദിന് കുറച്ചുനാൾ താമസിക്കാൻ ഒരു സൗകര്യം വേണ്ടിയിരുന്നു. ഇപ്പോഴത്തെ സ്ഥലം ഒഴിയണം. ആതിഥേയരുടെ മക്കൾ സ്റ്റഡീലീവീനായി വരുന്നുണ്ട്.

ആരോഗ്യസ്വാമി പറഞ്ഞസമയം ആയിട്ടില്ല. മെഹമൂദ് ബ്ലൂംസ്‌ബെറി ഗാർഡനിലേക്ക് കടന്നു. അവിടത്തെ മരച്ചുവട്ടിൽ പ്രാവുകൾ കൂടിയിരുന്ന് ഉല്ലസിക്കുന്നു. അവിടന്ന് റസ്സൽ സ്‌കയറിലേക്ക് നടന്നു. പ്രായംചെന്ന ഓക്കുമരങ്ങളാണ് അവിടെയുള്ളത്. ഈ മരങ്ങൾ ഒരുപക്ഷേ ഗാന്ധിയെ കണ്ടുകാണും. കൊഴിഞ്ഞു വീണ ഇലകൾ പുൽത്തകിടിയിൽ കൂടിക്കിടക്കുന്നു. ടോട്ടൻഹാം കോർട്ട് റോഡിലൂടെ നടക്കുമ്പോൾ വഴിവക്കത്തെ ഫുഡ് മാർക്കറ്റിൽ നിന്ന് വിഭവങ്ങളുടെ മണവും ചൂടും വന്നു. ഇംഗ്ലീഷ്, ഫ്രെഞ്ച്, അമേരിക്കൻ, ഇന്ത്യൻ, ഇറ്റാലിയൻ ബ്രേക്ക് ഫാസ്റ്റുകൾ. ഒരോന്നിലും അടങ്ങിയ വിഭവങ്ങളും നിരക്കുകളും എഴുതിയ പോസ്റ്ററുകൾ മെഹമൂദ് വിശദമായി വായിച്ചു. അന്നു പ്രഭാത ഭക്ഷണം കഴിക്കേണ്ടതില്ലെന്നാണ് അയാൾ നിശ്ചയിച്ചിരുന്നത്. ഗ്രാഫ്ടൺ സ്ട്രീറ്റ് കടന്ന് ഫിറ്റ്‌സ്‌ട്രോയ് ഗാർഡനു പുറത്തെ മരബഞ്ചിൽ അയാൾ ഇരുന്നു. അപ്പോഴും കൂടിക്കാഴ്ചക്കുള്ള സമയമായിരുന്നില്ല.

മുഷിഞ്ഞു കീറിയ കോട്ടുകൾ ധരിച്ച ഒരു വൃദ്ധൻ മൈതാനം മുറിച്ചു കടന്ന് അവന്റെ അരികിൽ എത്തി. ഒട്ടും സുഖകരമല്ലാത്ത ഒരു മണം അവിടെ പരന്നു. മുന്നിൽ നിന്ന് അയാൾ ചോദിച്ചു.
"നീ ഇന്ത്യക്കാരനാണോ?'
"അതെ.'
മെഹമൂദ് പറഞ്ഞു:

വൃദ്ധൻ ശബ്ദമുണ്ടാക്കി ചിരിച്ചു.
"നന്നായി. ഇന്ത്യക്കാരെല്ലാം ധനവാന്മാരാണ്. നാടുവാഴികളും സെമിന്ദാർമാരുമാണ്. മാത്രമല്ല വളരെ കാരുണ്യമുള്ളവരും ഉദാരമതികളുമാണ്. ഞാൻ കേട്ടിട്ടുണ്ട്, നൂറു സുന്ദരികളെ കൊട്ടാരത്തിൽ പാർപ്പിച്ച ഒരു നാടുവാഴിയെപ്പറ്റി. അദ്ദേഹത്തിന് അടുക്കളയിൽ നിന്നും തീൻമുറിയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഒരു തീവണ്ടിയുണ്ടായിരുന്നു. സ്വർണ്ണത്തിന്റെയും വെള്ളിയുടേയും പാത്രങ്ങളിൽ നിന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. അദ്ദേഹം ആനകളേയും പുലി, സിംഹം, മയിൽ, മൂർഖൻ പാമ്പ് എന്നിവയേയും പരിപാലിച്ചിരുന്നു. അവിടത്തെ ഒരു മൂർഖൻ പാമ്പ് സംസാരിച്ചിരുന്നു.'

മെഹമൂദ് മറുപടി പറഞ്ഞില്ല.

അയാൾ പിന്നീട് പറഞ്ഞു:
"ആറ് പൗണ്ടാണ് ഇവിടത്തെ റെസ്റ്റോറന്റുകളിൽ ബ്രേക്ക് ഫാസ്റ്റിന്റെ കുറഞ്ഞ നിരക്ക്. ഫിഷ് ആന്റ് ചിപ്‌സ്. നീ ആറ് പൗണ്ട് തരണം. എനിക്ക് വിശക്കുന്നുണ്ട്.'

മെഹമൂദിന്റെ പോക്കറ്റിൽ അമ്പത് പൗണ്ട് ഉണ്ട്. അതിൽ നിന്നും അഞ്ചു പൗണ്ട് അവൻ കൊടുത്തു. ആ നോട്ടിലേക്കും മെഹമൂദിന്റെ മുഖത്തേക്കും മാറി നോക്കി വൃദ്ധൻ ചിരിച്ചു. എന്നിട്ടു പറഞ്ഞു:
"ഓക്കേ, ഓക്കേ.'

വൈ.എം സി.എ.യിൽ ചെന്നപ്പോൾ അവിടത്തെ മെസ്സിൽ നിന്ന് മസാലദോശ വേവുന്ന മണം പുറത്തു വന്നു. ആരോഗ്യസ്വാമി ചോദിച്ചു.
"താങ്കൾ പ്രഭാതഭക്ഷണം കഴിച്ചുവോ?'
"കഴിച്ചു.'
മെഹമൂദ് പറഞ്ഞു.

ആരോഗ്യസ്വാമിയുടെ ഒപ്പമാണ് മെഹമൂദ് ഹൈഗേറ്റ് സെമിത്തേരിയിൽ പോയത്. അയാൾ അവിടെ ഹെർബർട്ട് സ്‌പെൻസറുടെ കുഴിമാടം തിരഞ്ഞു. ഗൈഡ് മാപ്പ് ഉപയോഗിച്ചായിരുന്നു തിരച്ചിൽ. ശ്മശാനക്കല്ലുകളുടെ മഹാവനമാണത് ഹൈഗേറ്റ്. ചെറുമരങ്ങൾക്കും വള്ളിപ്പടർപ്പുകൾക്കുമിടയിൽ വരിയും നിരയുമില്ലാതെ അവയങ്ങനെ ചിതറിക്കിടക്കുന്നു. തകർന്നതും തകരാത്തതുമായ കുരിശുകൾ. അടയാളശിൽപ്പങ്ങൾ. പ്രതിമകൾ. പല കല്ലറകളും ഇലകൾ വീണു മൂടി കിടക്കുകയാണ്. പേര് അറിയണമെങ്കിൽ അവ മാറ്റി നോക്കണം.

"ഇനി തെനാദിയരച്ചൻ ചെന്നിട്ടു വേണം സ്‌പെൻസറുടെ കുഴിമാടത്തിൽ പൂക്കൾ വെക്കുവാൻ.'
ഫാദർ നിരാശനായി. അദ്ദേഹത്തിന്റെ മുഖം മങ്ങി. അദ്ദേഹം ചോദിച്ചു.
"തൊട്ടപ്പുറത്ത് അവൾ കിടക്കുന്നുണ്ടല്ലോ?'
"ആര്?'
"അന്ന. മേരി ആൻ. ജോർജ് എലിയട്ട് എന്ന കള്ളപ്പേരിൽ നോവലുകൾ എഴുതിയിരുന്നവൾ.'

ഫാദർ പിന്നെ പറഞ്ഞു:
"നീ ഒരു കാര്യം അറിയണം മെഹമൂദേ? സ്‌പെൻസറുടെ സോഷ്യൽ സ്റ്റാറ്റിക്‌സ് വായിച്ചിട്ടാണ് ടോൾസ്റ്റായിയുടെ ഉയിർത്തെഴുന്നേൽപ്പിലെ നെഹ്ലൂദോവ് എന്ന കഥാപാത്രം തനിക്ക് പിതാവിന്റെ വഴിയിൽ കിട്ടിയ സ്വത്ത് മുഴുവൻ കൃഷിക്കാർക്ക് സൗജന്യമായി വിതരണം ചെയ്തത്.'

മെഹമൂദ് ചിരിച്ചു. പിന്നെ ചിരി മാഞ്ഞ് അദ്ദേഹത്തിന്റെ മുഖം ഗൗരവം പൂണ്ടു.
"ഉവ്വ്. അതിനു ശേഷമാണ് ആ പ്രഭുകുമാരൻ തന്റെ അമ്മായിയുടെ ഗ്രാമത്തിൽ പോയി അവിടത്തെ മാസ്ലോവ എന്ന കർഷകപ്പെൺകുട്ടിയെ പ്രണയിച്ചു ഗർഭിണിയാക്കിയത്. പിന്നെ ഉപേക്ഷിച്ച് നരകത്തിലേക്ക് വലിച്ചെറിഞ്ഞത്.'

മലകളിൽ നിന്ന് അപ്പോഴും താളങ്ങൾ കേട്ടുകൊണ്ടിരുന്നു. തെനാദിയർ ആലോചനയിൽ അമർന്നു. മനുഷ്യർക്ക് ദൈവം അനുവദിച്ചു കൊടുത്ത മണ്ണിനെക്കുറിച്ചാണ് അദ്ദേഹം അപ്പോൾ ആലോചിച്ചത്. ഫലഭൂയിഷ്ടമായ ഭൂമി ദൈവം ആദത്തിനു കൈമാറി. അനന്തര പരമ്പരകൾ ഈ മണ്ണിൽ കൃഷി ചെയ്ത് പാർക്കുന്നു. ആരാണ് മണ്ണിന്റെ അവകാശികൾ. മുൾവേലികളും മതിലുകളും ആരുടെ നിയമമാണ്? ആധാരങ്ങൾ, പട്ടയങ്ങൾ, പോക്കുവരവ്, കുടിക്കടം, കൈവശാവകാശ രേഖകൾ, റെവന്യു ലാന്റ് റെക്കാർഡ്‌സ്, സെറ്റിൽമെന്റ് രജിസ്റ്റർ. ദൈവനീതിയുടെ ഏത് അധ്യായം, ഖണ്ഡിക പ്രകാരമാണ് ഇതെല്ലാം. ആധുനിക ജനാധിപത്യ വ്യവസ്ഥയിൽ ഭൂമിയിലെ അളന്നു തിരിച്ച ഭാഗത്തിന്റെ ഉടമസ്ഥത പൗരാവകാശമായി പരിഗണിക്കപ്പെടുന്നു.

അദ്ദേഹം പറഞ്ഞു:
"പള്ളിവക സ്വത്തുക്കൾ പാവങ്ങൾക്ക് പങ്കിട്ടു കൊടുക്കണംന്ന് എടവക പത്രികേല് ലേഖനം എഴ്‌ത്യേതിനാണ് സഭ എന്നെ പൊറത്താക്കീത്.'

"എന്റെ സ്വത്തുക്കൾ മുഴുവൻ ഞാൻ ദരിദ്രർക്ക് എഴുതിക്കൊടുക്കും.'
തെനാദിയരുടെ രോഗികളിൽ ഒരാൾ പറഞ്ഞു. മാനുവേൽ എന്നായിരുന്നു അയാളുടെ പേര്. മധ്യവയസ്സ് പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളുവെങ്കിലും അയാൾ തീർത്തും അവശനായിരുന്നു. പാടെ കറുത്ത ശരീരത്തിൽ കറുത്ത ളോഹ കൂടി ഇട്ടപ്പോൾ ആൾ അശരീരി പോലെ ആയി. ലേശം വളർന്ന നരച്ച താടിരോമങ്ങളാണ് ആളെ തെല്ലെങ്കിലും വെളിവാക്കിയത്.

"നീ അതിനു വേണ്ടി ഉത്സാഹിച്ച് സ്വത്തു സമ്പാദിക്കണം മാനുവേലേ. അതിന് ഇപ്പഴത്തെ പ്രസ്സിലെ പണി കൊണ്ട് സാധിക്കില്ല. നക്‌സൽ സാഹിത്യവും അശ്ലീലസാഹിത്യം അച്ചടിച്ചുവിറ്റാലും അതിനു മതിയാവില്ല. കള്ളനോട്ട് തന്നെ അടിക്കേണ്ടി വരും.'

ഫാദർ തെനാദിയർ പാട്ടമാളിയിൽ വന്നിട്ട് ഇപ്പോൾ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. വന്ന കാലത്ത് കൃഷിയിലായിരുന്നു ശ്രദ്ധ മുഴുവനും. അന്ന് വെള്ളം കിട്ടാൻ മാർഗ്ഗമില്ല. തെനാദിയരും ക്ലമന്റും വയലിലൂടെ ഒരു നാഴിക നടന്നു ചെന്ന് മലയടിവാരത്തെ ഒരു കൊക്കരണിയിൽ നിന്ന് കാവുകൊണ്ട് വെള്ളം ചുമന്നു വരും. ആദ്യം പഴവർഗ്ഗങ്ങളാണ് പരീക്ഷിച്ചത്. അതിൽ പിഴവു പറ്റി. പാട്ടമാളിയിലെ മണ്ണിന് അത് യോജിച്ചതായിരുന്നില്ല. പിന്നീട് കായ്കറികൾ തുടങ്ങി.

"അന്നൊക്കെ രാത്രി കെടക്കുമ്പൊ എന്റെ ഓരോ സന്ധിബന്ധങ്ങളിലും പ്രാണവേദന ഉണ്ടാവും.'
തെനാദിയർ പറഞ്ഞു.
"യേശുവിന് വേദനിച്ച പോലെ.'
മെഹമൂദ് പറഞ്ഞു: "ചെലപ്പൊ അത് ദൈവം കൽപ്പിച്ച ശിക്ഷയാവും. സഭ വിട്ട് ഇറങ്ങിപ്പോന്നതിന്. ഇപ്പൊ ശിക്ഷാ കാലാവധി കഴിഞ്ഞു കാണും.'

ജോസഫും ക്ലെമന്റ് പീറ്ററും ചിരിച്ചു. മനോരോഗികൾ നാലുപേരും അവരെ രൂക്ഷമായി നോക്കി.

തെനാദിയർ പറഞ്ഞു:
"നിനക്ക് കിട്ടിയ ശിക്ഷയാണ് മെഹമൂദേ ഈ പരക്കംപാച്ചിൽ. കാലു പൊള്ളിയ നായേടെ മാതിരി ഒരടത്തും ഇരിക്കപ്പൊറക്കാത്ത നിന്റെ ഈ യാത്ര.'

മെഹമൂദ് പറഞ്ഞു:
"ശരിയാണ്. ഒരടത്തും ഇരിപ്പൊറക്കുന്നില്ല. പക്ഷേ അത് ഏതെങ്കിലും സഭ തന്ന ശിക്ഷയല്ല. ജന്മം തന്നെ തന്ന ശിക്ഷയായിരിക്കും. കുട്ടിക്കാലത്തു തന്നെ അങ്ങനെയാണ്. സ്‌കൂളിൽ പഠിക്കുമ്പൊ ഞാൻ മൂന്ന് വട്ടം നാടുവിട്ടു പോയിട്ടുണ്ട്. അതിൽ ഒരു യാത്ര ഈ തമിഴ്‌നാട്ടിലിക്കായിരുന്നു. ഡിണ്ടിഗല് വരെ ചെന്നു. അവിടെ ഒരു ഹോട്ടലിൽ വേലക്കു നിന്നു. അന്നു തിരിച്ചു നാട്ടിൽ വന്നപ്പൊ ഉമ്മ കുഞ്ഞു കെട്ടിപ്പിടിച്ചു ചോദിച്ചു: "ഉമ്മാനെ ഇഷ്ടല്യാണ്ടാണോ മോനെ നീയിങ്ങനെ പോണത്?' അതു കേട്ട് ഞാൻ പകച്ച് അന്തം വിട്ടുനിന്നു.'

"പൂവ്വാണെങ്കില് അമേരിക്കക്ക് തന്നെ പോണം. അവടെ എല്ലാ എനം ആത്മീയത്തിനും വെല്യ ഡിമാന്റാണ്. നിന്റെ ആത്മോപദേശത്തിന് അവടെ പറഞ്ഞ വെല കിട്ടും. സന്യാസിമാരും അച്ചമ്മാരും പ്ലെയിൻ നെറച്ചാ ഇപ്പൊ അങ്ങട്ട് പോണെ. ഓരോ വീട്ടിലും ഓരോ സന്യാസി വെച്ചുണ്ടാവും. ഹിന്ദു സന്യാസി, ക്രിസ്ത്യൻ സന്യാസി, മുസ്‌ലിം സന്യാസി. വീട്ടുകാരുക്കും അതു സൗകര്യാത്രെ. അത്യാവശ്യം വീട്ടിലെ കാര്യങ്ങളൊക്കെ അവരാ നോക്ക്വാ. അടുക്കളപ്പണീം ഷോപ്പിംഗും. പിന്നെ കുട്ടികളെ ശ്രദ്ധിക്കും. അവര് അപ്പീട്ടാല് കെഴുകും. വീക്കെന്റിൽ പൂജയും പ്രഭാഷണോം. അല്ലെങ്കിൽ ധ്യാനം. വരണോര് ഓരോരുത്തരും പുരോഹിതന് ദക്ഷിണ കൊടുക്കും. ആത്മീയത്തിന്റത്രക്ക് ലാഭൊള്ള കച്ചോടം വേറെണ്ടാവില്ല.'
തെനാദിയർ പറഞ്ഞു.

മെഹമൂദ് പറഞ്ഞു:
"ശരിയാണ്. എനിക്കതു മനസ്സിലായിട്ടുണ്ട്. ഉദ്യോഗം കിട്ടി ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ചെന്നുപെട്ട മനുഷ്യർ ലോകം കീഴടക്കി എന്നാണ് കരുതിയിരുന്നത്. ജീവിതം പരമസുഖം. നല്ല പ്രകൃതി. കാലാവസ്ഥ. പക്ഷേ വിട്ടുപോന്ന ലോകത്തു നിന്ന് അവർക്ക് മോചനമില്ല. കുടുംബബന്ധങ്ങൾ ഇന്ത്യയിലേതുപോലെ നിലനിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. നടക്കുമോ? അവിടെ ജനിച്ചു വളർന്ന മക്കളാണ് ഇന്ന് അവരുടെ പ്രശ്‌നം. കണ്ണുതെളിഞ്ഞാൽ കുട്ടികൾ അവരുടെ വഴിക്ക് പോകുന്നു. കുട്ടികളെ നേർവഴിക്ക് നയിക്കാനാണത്രെ ആത്മീയതയും പൂജയും സന്യാസിമാരും.'

എഡിൻബറോയിലെ ശ്രീനാരായണ ഫൗണ്ടേഷൻ വിളിച്ചിട്ടാണ് മെഹമൂദ് അങ്ങോട്ട് പോയത്. ഇവിടെ ആശ്രമത്തിൽ ഒന്നിച്ചുണ്ടായിരുന്ന ദിക്പാലകസ്വാമി അവിടെ ഉണ്ട്. ഇംഗ്ലീഷിൽ ആത്മോപദേശശതകം വ്യാഖ്യാനിക്കാൻ കഴിയുന്നവരെ അന്വേഷിച്ചപ്പോൾ അദ്ദേഹം മെഹമൂദിന്റെ പേരു പറഞ്ഞു. വിമാനത്താവളത്തിൽ സന്ധിച്ചപ്പോൾത്തന്നെ സംഘാടകരുടെ മുഖം മങ്ങിയിരുന്നു. പാന്റും ഷർട്ടുമിട്ട സന്യാസിയെ അവർ അമ്പരപ്പാടെ നോക്കി.

നാരായണഗുരുവിന്റെ സിലോണിലേക്കുള്ള യാത്രയെപ്പറ്റിയാണ് മെഹമൂദ് അപ്പോൾ ഓർത്തത്. കപ്പലിറങ്ങുമ്പോൾ മനസ്സില്ലാതെയാണെങ്കിലും ഗുരുവിന് വെള്ളവസ്ത്രം മാറ്റി കാവിയുടുക്കേണ്ടി വന്നു. "നാംവേഷം മാറണോ?' ഗുരു വേദനയോടെ ചോദിച്ചു.
മാറണം. ശിഷ്യർക്കും ആരാധകർക്കും ശങ്കയുണ്ടായില്ല. കാരണം വേഷമാണ് പ്രധാനം. കാവി, രുദ്രാക്ഷം, വിഭൂതി, കമണ്ഡലു. അങ്ങനെ എന്തൊക്കെ വേണമോ അതൊക്കെ. പിന്നെ ഭഗവത്ഗീത നല്ല കമനീയമായ പുറംചട്ടയുള്ളത് കയ്യിൽ വേണം. പുഷ്പങ്ങൾ അർച്ചിക്കാനും പൂജിക്കാനും മണിയടിക്കാനുമുള്ള വശം ഉണ്ടായിരിക്കണം.

ജോർജ് സ്‌ക്വെയറിൽ പ്രഭാഷണം കഴിഞ്ഞ് വിനയരാജൻ എന്ന അധ്യാപകന്റെ വീട്ടിൽ മെഹമൂദ് വിശ്രമിക്കുകയായിരുന്നു. അവിടേക്ക് മലയാളിയായ ഒരു അതിഥി വന്നു. ഗൃഹനാഥൻ മെഹമൂദ് സ്വാമി എന്നാണ് പരിചയപ്പെടുത്തിയത്. അതിഥി ചോദിച്ചു:

"അപ്പൊ മുസ്‌ലിം?'

മെഹമൂദ് മറുപടി പറഞ്ഞില്ല. വെറുതെ ചിരിച്ചു. ചില ചോദ്യങ്ങൾക്ക് മറുപടി ഇല്ലല്ലോ. അല്ല എന്നോ അതെ എന്നാ പറയാനാവില്ല. നിങ്ങൾ ജനിക്കുന്നതിന് മുമ്പ് ഞാൻ ക്രിസ്തുമതത്തിൽ ചേർന്നു കഴിഞ്ഞു എന്ന് യുവപാതിരിയോട് പറഞ്ഞയാളാണ് നാരായണഗുരു. അപ്പോൾ മുസ്‌ലീമാണോ എന്നു ചോദിച്ചാൽ എന്തു മറുപടി പറയും? പക്ഷേ മെഹമൂദിന്റെ മൗനം അതിഥി തനിക്കു യുക്തമെന്ന മട്ടിൽ വ്യാഖ്യാനിച്ചു. അദ്ദേഹം മെഹമൂദിന്റെ കാൽക്കൽ വീണു നമസ്‌കരിച്ചു. എന്നിട്ടു പറഞ്ഞു:
"ഇസ്‌ലാം ഉപേക്ഷിച്ച് സന്യാസിയായി മാറിയ ഒരു മഹാത്മാവിനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അങ്ങാണ് ശരിക്കും മാർഗ്ഗദർശി. സത്യം പറയട്ടെ, എനിക്ക് മുസ്‌ലീമുകളെ ഭയമാണ്. ഭയം എന്നു വെച്ചാൽ വെറുപ്പു തന്നെ. അല്ലെങ്കിൽ അറപ്പ്. അക്കൂട്ടർ സ്വന്തം മതത്തിനു വേണ്ടി എന്ത് അതിക്രമവും ചെയ്യും എന്നെനിക്കറിയാം. സ്വന്തം മക്കളേപ്പോലും ബലി കൊടുക്കും. ഇവിടെ അവരുടെ ടാക്‌സിയിൽ കയറേണ്ടി വരുമ്പോൾ എനിക്കു പേടിയാണ്. നാട്ടിൽ ആ മതത്തിൽ പെട്ടവർ എനിക്ക് സഹപാഠികളായി ഉണ്ട്. അവർ വീട്ടിൽ വരുമ്പോഴും കയ്യിൽ പിടിക്കുമ്പോഴും ഞാൻ വല്ലാതെ അസ്വസ്ഥനാകാറുണ്ട്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അയൽപക്കത്ത് ഒരു മുസ്‌ലീം ഭവനത്തിലെ കല്യാണവിരുന്നിൽ സംബന്ധിക്കണ്ടി വന്നു. ഇപ്പോൾ പഴയതുപോലെയൊന്നുമല്ല. പണ്ട് കൂലിപ്പണിയെടുത്ത് പട്ടിണി കിടന്നിരുന്നവരൊക്കെ ഗൾഫ് വന്നതോടെ വല്ലാതെ മാറി. തിന്ന് തടിച്ചുകൊഴുത്ത അഹങ്കാരികളായ കുറേ സ്ത്രീ പുരുഷന്മാരെയാണ് ഞാൻ അവിടെ കണ്ടത്. താടിവളർത്തി തൊപ്പി വെച്ച് നടക്കാനും നമ്മുടെയൊക്കെ കൺവെട്ടത്ത് വെച്ച് മതചടങ്ങുകൾ നടത്താനും അവർക്ക് ലജ്ജയില്ലാതായിരിക്കുന്നു.'

ഇറങ്ങാൻ നേരത്ത് ആ അതിഥി മെഹമൂദിനെ ഉപദേശിച്ചു.
"എന്തായാലും സ്വാമി ആ ഏടാകൂടത്തിൽ നിന്നു രക്ഷപ്പെട്ട് ഇങ്ങോട്ടു പോന്നല്ലോ. എനിക്കൊരു അപേക്ഷയുണ്ട്. ഇനി ആ പേരുകൂടി ഒന്നു മാറ്റണം. അല്ലെങ്കിൽ ആളുകൾ സംശയിക്കും. കാഷായവും സ്വീകരിക്കണം.'

നീണ്ടവർഷങ്ങൾക്കു ശേഷം മെഹമൂദ് അന്ന് നിസ്‌ക്കരിച്ചു. രാത്രിയായിരുന്നു. സമയമൊന്നും നോക്കിയില്ല. ശഹദത്ത് കലിമ ചൊല്ലി അവൻ മനസ്സിൽ ധ്യാനിച്ചു.

"കടൽവെള്ളമാകുന്ന മഷിയിൽ തൂവൽമുക്കി എന്റെ നാഥന്റെ കരുണയെക്കുറിച്ച് എഴുതാൻ ശ്രമിച്ചാൽ കടൽ വറ്റിപ്പോകും. എത്ര സമുദ്രങ്ങളെ വേറെ കൊണ്ടു വന്നാലും ആ എഴുത്ത് പൂർണ്ണമാവുകയില്ല. കരുണാനാഥാ! ഈയുള്ളവനാൽ ഒരുപീഡയും ഒരു കുഞ്ഞ് എറുമ്പിനു പോലും വരാൻ ഇടയാകരുതേ. കാരുണ്യമായി വിളങ്ങുന്ന അങ്ങയുടെ ദിവ്യരൂപം മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാതിരിക്കട്ടെ.'

പുല്ലാർക്കോട്ടെ കൊളമ്പ് ബംഗ്ലാവിൽ ആഴ്ചയിൽ ഒരിക്കലാണ് ഗുരുപൂജ നടന്നിരുന്നത്. ദിമിത്രിയുടെ കുട്ടിക്കാലത്താണ്. അച്ഛന്റെ അച്ഛനായ കരുണൻ മാസ്റ്റർ അന്ന് മഞ്ഞവസ്ത്രമുടുത്താണ് തന്റെ ചാരുകസേരയിൽ ഇരിക്കുക. ഉച്ചകഴിഞ്ഞാൽ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. കയ്യാലയിലും കളത്തിലുമാണ് ചടങ്ങുകൾ. പൂക്കൾ, പഴം, നാക്കിലകൾ, വെള്ളയരി, തേച്ചുമിനുക്കിയ നിലവിളക്കുകൾ. പൂജയും ഹോമവും കഴിഞ്ഞാൽ സ്‌ത്രോത്രകൃതികളുടെ ആലാപനമുണ്ട്. പിന്നെ നിവേദ്യം വിതരണം ചെയ്യും.

ഗുരുപൂജ സമയത്ത് കളത്തിലോ കയ്യാലയിലോ പ്രത്യക്ഷപ്പെടരുതെന്ന് ദിമിത്രിക്ക് നിർദ്ദേശമുണ്ട്. അറക്കു മുന്നിലെ ഇടനാഴിയിൽ അവൻ ഇരിക്കും. അവിടത്തെ ചുമരിലാണ് ജയിലിൽപ്പോയി കല്ലുവെട്ടിയ കാരണവർ കറുപ്പയ്യാ സ്വാമിയുടെ ഫോട്ടോ വെച്ചിട്ടുള്ളത്. ചന്ദനമാലയിട്ട വലിയ ചിത്രമാണ്. കസേരയിൽ ഇരിക്കുന്ന പൂർണ്ണകായ ചിത്രം. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നതുകൊണ്ട് വസ്ത്രങ്ങളുടെ നിറം മഞ്ഞയോ കാവിയോ എന്ന് തിരിച്ചറിയാനാവില്ല. കാലാന്തരത്താൽ കുറച്ചൊക്കെ മങ്ങിയിരുന്നു. എന്നാലും ആ കണ്ണുകൾ തിളങ്ങിക്കണ്ടു. തന്റെ വളർന്ന താടിക്കും മുടിക്കും ഇടയിലൂടെ കറുപ്പയ്യ സ്വാമി ദിമിത്രിയെ നോക്കും. കരുണയുള്ള നോട്ടമായിരുന്നു അത്.

"നിനക്കു ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ?'
ഫോട്ടോയിലിരുന്ന് കറുപ്പയ്യസ്വാമി ചോദിക്കുന്നു.
അയാൾ മറുപടി പറയില്ല.

കറുപ്പയ്യാസ്വാമി അവനോട് പറയും:
"ഇഹത്തിൽ മനുഷ്യജീവിതം വേദന നിറഞ്ഞതാണ്. അതിൽ നിന്ന് ആർക്കും മുക്തിയില്ല. നമ്മുടെ ഗുരു പോലും ശരീരം എന്ന വേദന അനുഭവിച്ചിട്ടുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും വേദനയെ അതിനപ്പുറത്തുള്ള ആത്മാവിന്റെ സുഖം കൊണ്ട് തരണം ചെയ്യണം. അതുകൊണ്ട് ഇഹത്തിലെ വേദനകളും കഷ്ടങ്ങളും നീ സഹിച്ചേക്കണം. മനസ്താപം വേണ്ട.'

അഞ്ചു വയസ്സുള്ളപ്പോഴാണ് അയാൾ അമ്മയുടെ കുടിലിൽ നിന്നും അച്ഛന്റെ ബംഗ്ലാവിലേക്ക് താമസം മാറ്റുന്നത്. അവിടെ ചെന്ന കാലം മുതലേ കറുപ്പയ്യസ്വാമിയെക്കുറിച്ച് കേൾക്കുന്നു. ചിറക്കലെ ബോധാനന്ദ സ്വാമികളുടെ സുഹൃത്തായ കറുപ്പയ്യ പലവട്ടം നാരായണഗുരുവിനെ സന്ദർശിച്ചിട്ടുണ്ട്. കൊളംബിൽ വെച്ചായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. അവസാനത്തേത് പാലക്കാട് റാവു ബഹദൂർ ഡോക്ടർ കെ.കൃഷ്ണന്റെ വീട്ടിൽ വെച്ച്. ഗുരുവിൽ ആകൃഷ്ടനായ കറുപ്പയ്യ അതിനകം തന്റെ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച് സിലോൺ വിട്ടിരുന്നു.

കാവടി സംഘങ്ങളുടെ തപ്പുതാളങ്ങൾ നിലച്ചപ്പോൾ ഫാദർ തെനാദിയർ തന്റെ പ്രഭാഷണം ആരംഭിച്ചു. ഇത്തവണ ദിനോസറുകളെക്കുറിച്ചാണ്:
"നീണ്ടകാലം ഈ ഭൂമിയെ അടക്കിവാണവരാണ് ദിനോസറുകൾ. ചുരുങ്ങിയ കാലമല്ല; പതിനഞ്ചു കോടി വർഷങ്ങൾ. നമ്മൾ മനുഷ്യർ ഇപ്പോൾ ചെയ്യണ പോലെ അവർ അഹങ്കരിച്ചു നടന്നു.........'

"അന്ത വിലങ്ക നാൻ പാത്തിരുക്കേൻ'
തെനാദിയറുടെ ഗ്രാമീണ ശിഷ്യരിൽ ഒരാൾ പറഞ്ഞു.
""കല്ലിയാൻ മലൈക്ക് അന്തപ്പക്കം ഇരുക്കും പള്ളത്തില. അന്ത വിലങ്ക് എങ്ക രെണ്ട് ആട്ടുക്കള കടിച്ച് കൊണ്ണുച്ച്..''

ദിമിത്രി പുറത്തിറങ്ങി. അയാൾ മൊബൈൽ തുറന്നു. കുറച്ചു കാലമായി കെ. എന്ന എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നും കാണാറില്ല. ചിലപ്പോൾ അയാൾ ഏതെങ്കിലും ബൃഹത്തായ സാഹിത്യ രചനയിലായിരിക്കും. പുരസ്‌കാരങ്ങൾ ഇനിയും കിട്ടാനുണ്ടല്ലോ. പഴയൊരു പോസ്റ്റ് മെമ്മറിയിൽ നിന്നെടുത്ത് അയാളുടെ ഒരു ആരാധകൻ ഷെയർ ചെയ്തത് കണ്ടു:

"കർമ്മം കൊണ്ടല്ല; ജന്മം കൊണ്ടു തന്നെയാണ് ഒരാളുടെ മഹത്വവും കളങ്കവും നിശ്ചയിക്കപ്പെടുന്നതെന്ന് ബ്രാഹ്മണമതം ഉദ്‌ഘോഷിക്കുന്നു. ഗീതയിൽ തന്നെ അതിന് ഇഷ്ടം പോലെ തെളിവുകളുണ്ട്. ഒരാൾ ചെയ്യേണ്ട കർമ്മങ്ങൾ (തൊഴിൽ അടക്കം) നിശ്ചയിക്കുന്നത് അയാളുടെ ജന്മമാണെന്ന് ഗീത സ്ഥാപിക്കുന്നു. പൂർവ്വജന്മത്തിലെ സ്വധർമ്മലംഘനം കൊണ്ടാണ് ഒരാൾ ചണ്ഡാലനായി ജനിക്കുന്നത്. "നീചയോനി' എന്നാണ് ക്രൂരമായ പ്രയോഗം. നീചയോനിയിൽ ജനിച്ച പാപാത്മാക്കൾ കുളിച്ചൊരുങ്ങി കുറിവരച്ച് ആത്മീയപ്രഭാഷണം കേൾക്കാൻ രാഷ്ട്രീയ ഹിന്ദുത്വവാദികളുടെ മുന്നിൽ വാ പൊളിച്ചിരിക്കുന്നതു കാണുമ്പോൾ വലിയമട്ടിൽ അപമാനം തോന്നുന്നു.'

അതിനു താഴെ അന്ന് ഡി.കാട്ടൂർക്കടവ് എഴുതിയ കമന്റ്: "കുളിച്ചു വരുന്ന ഹിന്ദുസഹോദരങ്ങളെ കാണുമ്പോൾ അപമാനം തോന്നുന്നുണ്ടെങ്കിൽ താങ്കൾ പാക്കിസ്ഥാനിലേക്ക് പോകുന്നതായിരിക്കും ഉചിതം.'

ഈ പോസ്റ്റും കമന്റും വന്നിട്ട് ഇന്നേക്ക് കൃത്യം ഒരു വർഷം തികഞ്ഞിരിക്കുന്നു. എന്തുകൊണ്ടാണ് താൻ അന്ന് അങ്ങനെയൊരു കമന്റ് എഴുതിയതെന്ന് ദിമിത്രി തന്നോടു തന്നെ ചോദിച്ചു.

"ഞാൻ ഒരു ഹിന്ദുത്വപക്ഷപാതിയാണോ?'
"അല്ല.'

"മുസ്‌ലിം വിരുദ്ധനാണോ?'
"അല്ല.'

"എന്റെ മതമെന്താണ്?'
"അറിയില്ല.'

"ജാതി?'
"അറിയില്ല.'

"രാഷ്ട്രീയം?'
"അറിയില്ല.'

ജോസഫിന്റെ മുറിയിലിരുന്ന് ക്രിസ്തു അയാളെ കരുണയോടെ നോക്കി.▮​

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments