Kaattoorkadavu 208ചിത്രീകരണം: ഇ. മീര

ജയിലിലേക്കു വന്ന കത്ത്

അഞ്ച്: ജയിലിലേക്കു വന്ന കത്ത്

യിലിൽ വെച്ചു കിട്ടിയ കത്ത് ദിമിത്രി വായിച്ചു.
അൽപ്പം നീണ്ട ഒന്നായിരുന്നു അത്.
ഒട്ടും വ്യക്തമല്ലാത്ത അക്ഷരങ്ങളിൽ കുനുകുനാ എഴുതിയത്.
രണ്ടു കാരണങ്ങൾ കൊണ്ടാണ് അയാൾക്കത് വായിക്കാൻ കഴിഞ്ഞത്.
ഒന്ന് ആ കയ്യക്ഷരം പരിചയമുണ്ട്. പിന്നെ തൊഴിലിന്റെ ഭാഗമായി വ്യക്തമല്ലാത്ത എത്രയോ പ്രമാണങ്ങളും പഴയ രേഖകളും അയാൾ വായിച്ചിരിക്കുന്നു.

"പ്രിയപ്പെട്ട ജെ, ഞാൻ കാവേരിയാണ്. എന്റെ എഴുത്ത് നിങ്ങൾക്ക് വായിക്കാൻ കഴിയുമോ എന്ന് നിശ്ചയമില്ല. ഞാൻ മലയാളം എഴുതിയിട്ടും വായിച്ചിട്ടും വർഷങ്ങളായി. ഇതിനിടെ അഗളിയിലേക്ക് കടന്നപ്പാൾ കുറച്ചു പോസ്റ്ററുകൾ ന്യൂസ് പ്രിന്റിൽ എഴുതിയിരുന്നു. അത്രമാത്രം.
നിങ്ങൾ ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു.
ഇന്നലെയാണ് എന്നെ വെല്ലൂർ ജയിലിൽ നിന്ന് ഇങ്ങോട്ട് മാറ്റിയത്.
ഇവിടെയും ചില കേസുകൾ ഉണ്ട്. നിങ്ങൾക്കറിയുമോ എന്നറിയില്ല.
ജയിലിനകത്ത് എല്ലാം കിട്ടും. പുറത്തു കിട്ടാത്തവ പോലും.
അതുപോലെ വാർത്തകളും. നിങ്ങൾ അപ്പുറത്തുണ്ടെന്ന വിവരം ഞാൻ ഇന്നലെത്തന്നെ അറിഞ്ഞു. ഒരു നല്ല വർത്തമാനം അറിയിക്കട്ടെ: ഇവിടത്തെ വനിതാ പ്രിസൺ ഓഫീസർമാർക്കും തടവുപുള്ളികൾക്കും നിങ്ങളോട് സഹതാപമാണുള്ളത്.
പി.ഒ.മാർ ചോദിക്കുന്നു: റിക്കാർഡാപ്പീസിലെ ക്ലർക്കുമാർ കാര്യങ്ങൾ വേഗത്തിൽ നടത്തിക്കൊടുക്കാൻ കാശു മേടിക്കുന്നത് ഒരു കുറ്റമാണോ? അതൊരു സാധാരണ സംഗതിയല്ലേ? അത്യാവശ്യം മേടിക്കലും കൊടുക്കലും ജയിലിലും ഉണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. സത്യം ധർമ്മം എന്നിവ പോലെത്തന്നെ കുറ്റവും കുറ്റമില്ലായ്മയും ആപേക്ഷികമാണ്. സമൂഹത്തിലെ ശരി ആവണമെന്നില്ല നിയമത്തിലെ ശരി. നിയമത്തിലെ ശരിയാവണമെന്നില്ല നിയമപാലകരുടെ ശരി. ഓരോ മനുഷ്യനും അവരവരുടെ ശരികളാണ്.

നിങ്ങൾക്ക് കത്തെഴുതണമെന്നു ഞാൻ വിചാരിച്ചതല്ല.
പിന്നെ ഇന്നു കുറച്ച് പേപ്പറും തപാൽ ഉരുപ്പടികളും ഒത്തുകിട്ടി.
സമയമാണെങ്കിൽ ആരോ പറഞ്ഞ പോലെ പടച്ചോന്റെ ഖജാനപോലെ അനന്തമായി നീണ്ടു കിടക്കുകയാണല്ലോ. ചിലർക്ക് നിർബന്ധമായും കത്തെഴുതേണ്ടതുണ്ടായിരന്നു.
എന്റെ അമ്മ സഹോദരന്റെ സംരക്ഷണയിൽ തിരുനെൽവേലിയിൽ ജീവിച്ചിരിപ്പുണ്ട്.
പ്രായം ഏറെയായി.
പലവിധ രോഗങ്ങൾ ഉണ്ട്.
ആക്രി വസ്തുക്കൾ പെറുക്കിയും വിറ്റും കഴിഞ്ഞ ജീവിതമാണ്.
നിരത്തുകളിലൂടെ പാട്ടവണ്ടി തള്ളി നീങ്ങിയ ഒരു മഹാജീവിതയാത്ര അതിന്റെ അന്ത്യനിമിഷങ്ങളിലേക്ക് അടുക്കുകയാണ്.

ക്ഷമിക്കണം. നിങ്ങൾ ഇവിടെ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ചിരി വന്നു.
മനുഷ്യാവസ്ഥകളെക്കുറിച്ച് ഓർത്ത് ഞാൻ നെടുവീർപ്പിടുകയും ചെയ്തു.
ഓരോരോ വഴികൾ.
ഓരോരോ യാത്രകൾ.
നമ്മൾ ഒരിടത്തുനിന്നാണ് യാത്ര തുടങ്ങിയത്, അല്ലേ?
പല ദിശകളിൽ സഞ്ചരിച്ച് ഏതാണ്ട് ഒരു സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു. വ്യവസ്ഥക്ക് അങ്ങനെ ഒരു കഴിവുണ്ട്.
വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരെ ഒരു സ്ഥലത്തു അതെത്തിക്കും.
ഇവിടെ എന്റെ ഒപ്പമുള്ള കൂട്ടുപുള്ളി പ്രസവിച്ച കുഞ്ഞിനെ കൊന്ന ഒരു അമ്മയാണ്. അമ്മ എന്ന് അവളെ പരാമർശിക്കേണ്ടി വരുമ്പോൾ എന്റെ ചങ്കിടിക്കുന്നു. ഒരു ചെറിയ പെൺകുട്ടി. പതിനെട്ടു കഴിഞ്ഞിട്ടുണ്ടെന്നാണ് രേഖകളിൽ. പക്ഷേ മെലിഞ്ഞ് കുരുടിച്ച ഒരു രൂപം. പേടിച്ചു കിതക്കുന്ന കണ്ണുകൾ. കാറ്റടിക്കുമ്പോൾ ഇലയിൽ ഇരിക്കുന്ന തുമ്പിയെ കണ്ടിട്ടില്ലേ? അതുപോലെയാണ്.
എങ്ങനെയാണ് ഇവൾ ഗർഭം ധരിച്ചത്; പ്രസവിച്ചത് എന്നോർത്ത് ഞാൻ അത്ഭുതപ്പെടുന്നു. സ്വന്തം ശരീരത്തെക്കുറിച്ചോ മനുഷ്യത്വം, മാതൃത്വം തുടങ്ങിയ പ്രസംഗവിഷയങ്ങളെക്കുറിച്ചോ ഇവൾക്ക് യാതൊന്നും അറിഞ്ഞുകൂടാ. വേലക്ക് കൊണ്ടാക്കിയിരിക്കുന്ന ഒരു വലിയ വീടായിട്ടാണ് അവൾ ജയിലിനെ കാണുന്നത്. ഞാൻ ചോദിച്ചു അവളോട്: ആരാണ് നിന്റെ കുഞ്ഞിന്റെ അച്ഛൻ? അവൾക്കറിഞ്ഞുകൂടാ.

എന്റെ യാത്ര അങ്ങനെ നീണ്ടുപോകുന്നു.
ഇത് ഒരു ഇടത്താവളമാണല്ലോ.
ഇവിടെ എത്രകാലം എന്നറിഞ്ഞുകൂടാ.
ഇന്നലെ വന്നപ്പോൾ അന്തേവാസിയുടെ യൂണിഫോം കിട്ടി.
അത്ഭുതകരമായി തോന്നിയ ഒരു സംഗതി അത് ഇന്ത്യൻ വിധവകളുടെ പരമ്പരാഗത വസ്ത്രം ആണെന്നുള്ളതാണ്. വൈധവ്യത്തെ ഒരു ശിക്ഷാജീവിതം ആയിട്ടാണല്ലോ വ്യവസ്ഥയുടെ വക്താക്കൾ കാണുന്നത്. അതുപോലെ ശിക്ഷയെ വൈധവ്യമായും കാണുന്നു.
ഒരുപക്ഷേ ഭരണകൂടമായിരിക്കും ഇവിടത്തെ സ്ത്രീകളുടെ മരിച്ചുപോയ ഭർത്താവ്. (ഞാൻ ചിരിക്കുന്നു.) പിന്നെ രണ്ട് സ്റ്റീൽപ്ലേറ്റ്, ഗ്ലാസ്, സോപ്പ്, എന്നിവയും കിട്ടിയിട്ടുണ്ട്. വനത്തിൽ ഞങ്ങളുടെ താവളങ്ങളിലും ഇതുപോലെ കുറച്ച് സ്വകാര്യവസ്തുക്കൾ അനുവദിച്ചിരുന്നു.
ഇവിടെ എണ്ണയാണ് വിശേഷാൽ ഒരു വസ്തു.
വനിതാ തടവുകാരുടെ കാർകൂന്തലിന്റെ സംരക്ഷണത്തിൽ ഭരണകൂടത്തിന് പ്രത്യേകമായ നിഷ്‌കർഷയുണ്ട്.
വലിയ ഭയത്തോടെയാണ് ഇവിടത്തെ പി.ഒ.മാർ എന്നെ നോക്കുന്നത്. സഹ്യപർവ്വതത്തിലെ വനാന്തരങ്ങളിൽ കടുവകൾക്കൊപ്പം പാഞ്ഞു നടന്നിരുന്ന മിന്നൽ കാവേരിയാണല്ലോ ഞാൻ. പത്രക്കാർ ഇതിനകം ധാരാളം കഥകൾ എഴുതിക്കഴിഞ്ഞു.

എല്ലാവരും ചോദിക്കുന്നത് രഘു എവിടെ എന്നാണ്.
ഒരു ഭർത്താവിനോടു കൂടിയല്ലാതെ (കൂടിയോ, പിരിഞ്ഞോ, മരിച്ചോ) സ്ത്രീക്ക് നിലനിൽപ്പില്ലല്ലോ. ഒളിവിൽ വെച്ചു നടന്ന ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് മലയാളത്തിലെ പത്രങ്ങളിൽ വന്ന നിറംപിടിപ്പിച്ച കഥകൾ കുറെയൊക്കെ ഞാൻ അറിഞ്ഞിരുന്നു. കാട്ടിൽ ആന, കടുവ, സിംഹം തുടങ്ങിയ വന്യമൃഗങ്ങൾ സാക്ഷി നിന്നായിരുന്നുവത്രെ ആ വിവാഹം! "പായസം വെച്ചത് തേൻകുരുവി' എന്നോ മറ്റോ പഴയ ഒരു സിനിമാ പാട്ടില്ലേ? 'കൊമ്പുവിളിച്ചത് കുരങ്ങച്ചൻ, വെറ്റില മുറുക്കുന്നു തത്തമ്മ; കാക്കക്കും പൂച്ചക്കും കല്യാണം.'

സഖാവ് രഘുത്തമൻ എന്ന മഹാവിപ്ലവകാരിയായ എന്റെ ഭർത്താവ് ഇപ്പോൾ എവിടെയാണെന്ന് എനിക്ക് നിശ്ചയമില്ല.
അദ്ദേഹം എന്നെ (അതായത് പ്രിയതമയെ) വിട്ടുപിരിഞ്ഞു പോവുകയില്ല എന്നാണത്രെ ക്യു ബ്രാഞ്ച് കരുതുന്നത്!
ചിരിവരുന്നു.
ഈ പൊലീസുകാരെപ്പോലെ വിവരദോഷികൾ വേറെ ഇല്ല.
ഒരു കൊല്ലം മുമ്പുവരെ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
അതിനിടെ മൂവ്‌മെന്റിൽ ചില അന്തർപ്രശ്‌നങ്ങൾ ഉണ്ടായി.
കേരളത്തിലെ പ്രവർത്തങ്ങൾ സജീവമാക്കണോ എന്നതായിരുന്നു തർക്കം.
അവിടെ ഇപ്പോൾ ഉള്ളത് ചില വക്കീൽ ബന്ധങ്ങൾ മാത്രമാണ്. കേരളത്തിന് കുറെ സവിശേഷതകൾ ഉണ്ടല്ലോ. സാമൂഹ്യപരിവർത്തനങ്ങൾ പലതും നടന്ന പ്രദേശമാണ്. ദളിതുകൾക്കൊഴികെ എല്ലാവർക്കും കൃഷിഭൂമി ലഭിച്ചു. വീടുകളും കിണറുകളും ഉണ്ട്. മെച്ചപ്പെട്ട കൂലിവ്യവസ്ഥയുണ്ട്. ആളുകൾ പൊതുവെ വിദ്യാസമ്പന്നരാണ്. ആധുനിക സൗകര്യങ്ങൾ അനുഭവിക്കുന്ന ജനതയാണ്. ജാതിമേധാവിത്തം പ്രത്യക്ഷമായി ഇല്ല. അതുകൊണ്ടന്താണ്? കമ്യൂണിസ്റ്റ് വിപ്ലവം അപരിഷ്‌കൃത സമൂഹത്തിലാണോ നടക്കുക? ആധുനികസമൂഹത്തിന് അനുയോജ്യമല്ലെങ്കിൽ ആ പ്രത്യയശാസ്ത്രം എത്രമാത്രം ദയനീയമായിരിക്കും? പട്ടിണി കിടക്കുന്നവനല്ല; ഭക്ഷണം കഴിച്ചവനാണ് പുതിയ ലോകത്തെ മുന്നിൽ കാണുക. ബുദ്ധിയും വിവേകവുമുള്ള ആധുനിക മനുഷ്യനാണ് സമൂഹത്തെ മാറ്റിമറിക്കാൻ തയ്യാറാവുക.

തലശ്ശേരി- പുൽപ്പള്ളി, കേണിച്ചിറ, പിന്നെ ജനകീയ സാംസ്‌കാരികവേദി തുടങ്ങിയ ഘട്ടങ്ങളിൽ നിന്ന് ചില പാഠങ്ങൾ പഠിക്കാനുണ്ട്. കുറെ റൊമാന്റിക് വിപ്ലവകാരികളെ മുൻനിർത്തി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് മുന്നോട്ടു പോവാനാവില്ല. ജനങ്ങളാണ് വേണ്ടത്. കവികളും ബുദ്ധിജീവികളും എക്‌സിസ്റ്റൻഷ്യലിസ്റ്റുകളും മാത്രം പോര. എന്തായാലും രഘുത്തമനെ പിന്നെ കണ്ടില്ല. രാഷ്ടീയമില്ലെങ്കിൽ പിന്നെ ഞങ്ങളുടെ ദാമ്പത്യത്തിന് പ്രസക്തിയില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ അതിനെപ്പറ്റി ഉൽക്കണ്ഠപ്പെട്ടില്ല. അന്വേഷിച്ചുമില്ല.

അവൻ ഞങ്ങളെ ഒറ്റുകൊടുത്തിട്ടില്ല എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
പക്ഷേ അവസാനഘട്ടത്തിലെ ചർച്ചകളിൽ രഘു പ്രകടിപ്പിച്ച ആശയങ്ങളുടെ രീതി വെച്ചു നോക്കുമ്പോൾ അയാൾ ഇനി തിരിച്ചു വരാൻ സാധ്യതയില്ല. കേരളത്തിലെ ഫ്യൂഡൽ അമ്പലവാസി വിഭാഗത്തിൽ ജനിച്ചുവളർന്ന് ചില അസംതൃപ്തികൾ കൊണ്ടും വ്യാമോഹങ്ങൾ കൊണ്ടും വിപ്ലവത്തെ സ്വപ്നംകണ്ടു വന്ന ദത്തുപുത്രന്മാരിൽ നിന്ന് അത്രയേ പ്രതീക്ഷിക്കേണ്ടതുള്ളു. അത്രയെങ്കിലും കിട്ടിയല്ലോ എന്ന് ആശ്വസിക്കാം. തിരുച്ചിറപ്പള്ളിയിലെ ആക്രിത്തെരുവിൽ ജനിച്ചു വളർന്നവൾക്ക് അദ്ദേഹത്തെ പിന്തുടരേണ്ട കാര്യമില്ല.

റെഡ് സോൺ ഇടനാഴിയിൽ ഇടപെട്ടു പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു ബഹുരാഷ്ടക്കുത്തക, അല്ലെങ്കിൽ അവരുടെ നിഴലായ ഒരു എൻ.ജി.ഒ. അവനെ സംരക്ഷിച്ചു നാടുകടത്തിയിട്ടുണ്ടാവാൻ വഴിയുണ്ട്. ഇവിടത്തെ ഭൂഖനനങ്ങളെക്കുറിച്ചുള്ള അവരുടെ പഠനങ്ങൾക്ക് രഘു ഒരു നല്ല മുതൽക്കൂട്ടായിരിക്കും. അങ്ങിനെയെങ്കിൽ അധികം വൈകാതെ ഒരു ആഗോള ബുദ്ധിജീവിയുടെ പ്രത്യക്ഷപ്പെടൽ ഉണ്ടായിരിക്കും. ആഘോഷപൂർവ്വം. അവനങ്ങനെ പ്രത്യക്ഷപ്പെടുമ്പോൾ അതിലേക്കുള്ള മേമ്പൊടിയായി വനപർവ്വവും സാഹസികതയും ഞങ്ങളുടെ ദാമ്പത്യവും പത്രക്കാർ പൊലിപ്പിച്ച് എഴുതുമായിരിക്കും. ഹ ഹ ഹ! ഒരിക്കൽ കൂടി വായിക്കാമല്ലോ.

ഞങ്ങൾ ഒന്നിച്ചായിരുന്ന കാലങ്ങളിലെ സംഭാഷണങ്ങളിൽ നിങ്ങൾ കടന്നു വരാറുണ്ട്. ഞാൻ നിങ്ങളെ ഓർക്കാറുണ്ട് ദിമിത്രി. നിങ്ങളില്ലാതെ എനിക്കെന്ത് ഓർമ? ഹ ഹ ഹ! ഞാൻ വീണ്ടും ഓർത്തു നോക്കട്ടെ. നമ്മുടെ പ്രണയകാലം. മണൽ നിറഞ്ഞ നാട്ടുവഴികൾക്കും പറങ്കിമാവുകൾക്കും ഇടയിലെ നമ്മുടെ കോളേജ്. കോളേജിൽ വന്ന കാലത്ത് എനിക്ക് വലിയ അമ്പരപ്പായിരുന്നു. തമിഴു കലർന്ന് മലയാളം പറയുമ്പോൾ കുട്ടികൾ കളിയാക്കും. ആക്രികൾ പെറുക്കി വിൽക്കുന്ന നാടോടികളുടെ കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി പത്താംതരം ഒന്നാം ക്ലാസിൽ പാസ്സായപ്പോൾ അത് പത്രത്തിൽ വാർത്തയായി. കുട്ടിയെ കോളേജിൽ ചേർക്കണമെന്ന് പൗരമുഖ്യർ വന്നു പറഞ്ഞു. എന്റെ അമ്മയും അപ്പനും അപ്പോൾ അമ്പരന്നു. അവർ കോളേജ് എന്ന് കേട്ടിട്ടില്ലായിരുന്നു. ഉച്ചക്കഞ്ഞി പ്രതീക്ഷിച്ചിട്ടാണ് മകളെ സ്‌കൂളിൽ അയച്ചിരുന്നത്.

പക്ഷേ അന്നത്തെ കാലം എന്നെ വല്ലാതെ മാറ്റിത്തീർത്തു.
അടിയന്തരാവസ്ഥ കഴിഞ്ഞു.
ജനകീയ സാംസ്‌കാരിക വേദി വന്നു.
ഞാൻ വിദ്യാർത്ഥി സംഘടനയിൽ അംഗമായി.
കോളേജിലെ അതിന്റെ യൂണിറ്റ് സെക്രട്ടറിയായി നിങ്ങളെ തെരഞ്ഞെടുത്ത ദിവസം എനിക്ക് ഓർമയുണ്ട്. എനിക്ക് ചിരിവരുന്നു. ആ സ്ഥാനാരോഹണം ജോസഫിന്റെ ഒരു തമാശയായിരുന്നോ? രഘുവാണ് നിങ്ങളെ എവിടെന്നോ പൊക്കിക്കൊണ്ടു വന്നത്. ആളുകളെ പെറുക്കിയെടുക്കുന്നതിൽ അസാമാന്യ വിരുതുണ്ട് അവന്. പറങ്കിമാവുകൾക്കിടയിൽ കൈതകൾക്കിടയിലെ ചകിരിക്കുളത്തിന്റെ കരയിൽ മീറ്റിങ്ങു കൂടുമ്പോൾ നിങ്ങൾ തലതാഴ്ത്തിയിരിക്കുന്നത് ഞാൻ കണ്ടു.

"സെക്രട്ടറി മുഖമുയർത്തിപ്പിടിക്കണം. ഇങ്ങനെ അന്തർമുഖത്വം പാടില്ല.'
ജോസഫ് ദ ബ്ലാക്ക് സ്മിത്ത് എന്ന കവി ആവശ്യപ്പെട്ടു.

അപ്പോൾ രഘുത്തമൻ പറഞ്ഞു: "അതു കുഴപ്പമില്ല. അന്തർമുഖരെയാണ് ഈ കാലഘട്ടത്തിൽ നമുക്ക് ആവശ്യം.'

"അന്തർമുഖരേ വരൂ, വിഷാദരോഗികളേ വരൂ. ആസ്തമാ രോഗികളേ വരൂ. ഇതാ നിങ്ങൾക്കു വേണ്ടി ഒരു പ്രസ്ഥാനം.'
ജോസഫ് അതു പറഞ്ഞ് ചിരിച്ചു.

നിങ്ങൾ മുഖമുയർത്താത്തിന് കാരണം എനിക്കറിയാമായിരുന്നു.
ഞാൻ നിങ്ങളുടെ കണ്ണുകളിലേക്ക് ഇടവിടാതെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കൈതകൾ നന്നായി പൂത്തിരുന്നു അല്ലേ, അക്കാലത്ത്? പൂവിന്റെ മണവും അഴുകിയ തൊണ്ടിന്റെ മണവും കലർന്നു. ഒളരിയിലും അന്തിക്കാട്ടും നടന്ന ജനകീയ സാംസ്‌കാരികവേദി സാഹിത്യക്യാമ്പുകളിലേക്ക് നമ്മൾ ഒന്നിച്ചാണ് പോയത്. സാഹിത്യത്തിലൂടെയായിരുന്നല്ലോ അന്നു വിപ്ലവം. കവിയരങ്ങുകൾ. സൗന്ദര്യശാസ്ത്ര ചർച്ച. റാഡിക്കൽ പെയിന്റേഴ്‌സ് മൂവ്‌മെൻറ്​.
അന്തിക്കാട്ടു നിന്ന് തിരിച്ചുപോരുമ്പോൾ നമ്മൾ ബസ്സിലിരുന്ന് കടമ്മനിട്ടയുടെ കുറത്തി ചൊല്ലി. കവിത ഉറക്കെ ചൊല്ലി ലോകത്തെ മാറ്റാനാവുമെന്ന് അന്ന് നമ്മൾ കരുതിയിരുന്നു. ബസ്​ തൃപ്രയാർ സ്റ്റാൻഡിൽ എത്തുമ്പോഴേക്കും വിപ്ലവം പൊട്ടിപ്പുറപ്പെടാനിടയുണ്ട്. ഞാൻ ബസിനകത്തും പുറത്തുമുള്ള ആളുകളെ നോക്കി. കാണുന്ന എല്ലാ മനുഷ്യശരീരങ്ങളും വലിയൊരു സാമൂഹ്യമാറ്റത്തിനുള്ള ആഗ്രഹം വെളിപ്പെടുന്നുണ്ട്. മനുഷ്യർ മാത്രമല്ല. മരങ്ങളും പ്രകൃതിയും പുഴയും ആകാശവും എല്ലാം.

കോളേജിൽ നിന്ന് പുറത്തു കടന്ന് വിജനമായ മണൽപ്പറമ്പിലെ നിലംമുട്ടി പടർന്നു കിടക്കുന്ന പറങ്കിമാവുകൾക്കിടയിലൂടെ നമ്മൾ നടന്നതും പ്രവർത്തനം നിലച്ച ഒരു മാപ്പിള എലിമെന്ററി സ്‌കൂളിൽ ചെന്നിരുന്നതും ഓർമയുണ്ടോ? മുതലാളി ആ സ്‌കൂളിനെ രാമച്ചവും ചകിരിയും സൂക്ഷിക്കുന്ന ഗോഡൗൺ ആക്കി മാറ്റിയിരുന്നു. തൊട്ടപ്പുറത്ത് ചെമ്മാപ്പുള്ളി പുഴ. ഒരു സത്യം ഓർത്തെടുത്ത് ഞാൻ പറയട്ടെ. ആ സമയത്ത് താങ്കളുമൊത്ത് രതിയിൽ ഏർപ്പെടാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സൗന്ദര്യമുള്ളതും അരോഗദൃഡവുമായ ശരീരമായിരുന്നു അന്നു നിങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ താങ്കൾ ഭയന്നു. പിന്നീട് ടൗണിൽ മാസികയുടെ ആപ്പീസിൽ ഒരു രാത്രി ഉറങ്ങേണ്ടി വന്നപ്പോൾ താങ്കൾ മുൻകയ്യെടുത്തു. അപ്പോഴേക്കും ഞാൻ മരവിച്ചു പോയിരുന്നു. അവിടത്തെ ചുവരിൽ പതിച്ചിരുന്ന ഒരു പോസ്റ്റർ എന്നെ വിലക്കി. അത് തെലുങ്കാനയിലെ ചാക്കാലി ഐലമ്മയും കൂട്ടുകാരികളും തോക്കേന്തി നിൽക്കുന്ന ചിത്രമായിരുന്നു.

നമ്മൾ ഒന്നിച്ചാണ് മാസികയുടെ ആപ്പീസിൽ വെച്ച് ജി.കെ.യുമായി സംസാരിച്ചത്. ജോസഫും ഉണ്ടായിരുന്നു. ഒരു പകൽ നീണ്ട സംവാദം. ചർച്ച പലപ്പോഴും വഴിമുട്ടി. വിശ്വാസികളോടുള്ള സമീപനത്തെക്കുറിച്ചായിരുന്നു തർക്കം. പ്രത്യേകിച്ചും സാംസ്‌കാരികമായ കടന്നാക്രമണത്തിന് വിധേയരാവുന്ന ഇന്ത്യയിലെ ന്യൂനപക്ഷ മതവിശ്വാസികളുടെ പ്രശ്‌നങ്ങൾ. ജി.കെ. ജോസഫിനോട് കയർത്തു സംസാരിച്ചു. മതവിശ്വാസിക്ക് വിപ്ലവപ്രസ്ഥാനത്തിൽ സ്ഥാനമില്ല. അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു:
"ആദ്യം പറയുന്നത് അങ്ങോട്ട് കേൾക്കണം. അത് അനുസരിക്കണം. അതു കഴിഞ്ഞിട്ടു മതി ചോദ്യവും സംവാദവും. ഇത് വിപ്ലവപാർട്ടിയാണ്. കണ്ടശ്ശാങ്കടവിലെ അമ്പുസമുദായക്കമ്മിറ്റിയല്ല. മനസ്സിലായോ?'

ജോസഫ് അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.

ജോസഫ് ഇപ്പോൾ തമിഴ്നാട്ടിൽ ഉണ്ട്.
തിരുവണ്ണാമലക്കടുത്ത് പാട്ടമാളി എന്ന ഒരു ഗ്രാമത്തിൽ.
തന്റെ ഇരുമ്പുപണിയുമായി. ഒരു ഘട്ടത്തിൽ ഞങ്ങൾ അയാളെ പ്രതീക്ഷയോടെ ലക്ഷ്യം വെച്ചതാണ്. പക്ഷേ ആളാകെ മാറിയിരിക്കുന്നു. കടുത്ത ദൈവവിശ്വാസിയാണെന്ന് കേട്ടു. പ്രാർത്ഥനയും ധ്യാനവും ഒക്കെ ഉണ്ട്. അവിടെ ഹെർബർട്ട് സ്‌പെൻസറുടെ പേരിൽ ഫാം നടത്തുന്ന ഒരു പുരോഹിതന്റ കസ്റ്റഡിയിലാണ്. ലോക്കപ്പിൽ വെച്ച് മർദ്ദനമേറ്റ് തലയോട് പൊട്ടിയ ജോസഫ് ഭ്രാന്തുപിടിച്ച് തെരുവിൽ നടക്കുകയായിരുന്നു. അവിടന്നാണ് ആ ക്രൈസ്തവ പാതിരി അയാളെ കൊണ്ടുപോയി സംരക്ഷിച്ചത്. ആ വഴിയിൽ അദ്ദേഹം ഇടയന്റെ ചൊൽപ്പടിയിലെ കുഞ്ഞാടായി മാറി.

ഇപ്പോൾത്തന്നെ ഈ കത്ത് വളരെ നീണ്ടു പോയി. ഇതിലെഴുതിയിരിക്കുന്നതെല്ലാം നിങ്ങൾക്കു വേണ്ടിയുള്ളതാണെന്ന് തെറ്റിദ്ധരിക്കരുത്. എനിക്കുള്ളതാണ്. എന്റെ അബോധത്തിൽ നിന്നും ബോധത്തിലേക്കുള്ളത്. അങ്ങനെയൊരു യാത്രക്ക് നിങ്ങളെ അവലംബമാക്കി എന്നു മാത്രം.

ഒരു കാര്യം കൂടെ.
ഈ കത്ത് എഴുതാൻ തുടങ്ങിയപ്പോൾത്തന്നെ ഞാൻ വിചാരിച്ചതാണ്.
നിങ്ങളുടെ അമ്മ സഖാവ് പി.കെ.മീനാക്ഷിയെക്കുറിച്ച് അന്വേഷിക്കണമെന്ന്. ധീരയും ത്യാഗിയുമായ ആ അമ്മയെ നിങ്ങൾ വഴി എന്റെ സ്‌നേഹം അറിയിക്കണം. ഒന്നിച്ചുള്ള യാത്രയിൽ രഘുത്തമൻ പലവട്ടം അവരെപ്പറ്റി സംസാരിച്ചിട്ടുണ്ട്. അവന്റെ അമ്മാവന്റെ വീട് കാട്ടൂർക്കടവിൽ ആയിരുന്നുവല്ലോ. മീനാക്ഷി എന്ന വിപ്ലവകാരിയുടെ ജീവിതവും സമരങ്ങളും കുട്ടിക്കാലത്ത് തന്റെ വലിയ ആവേശമായിരുന്നുവെന്ന് അവൻ പറയുന്നു. ആ ആവേശമാണ് വിപ്ലവപ്രസ്ഥാനവുമായി അവനെ ബന്ധിപ്പിച്ചത്.

നിങ്ങളുടെ അച്ഛൻ അവരെ പ്രണയിച്ചു വിവാഹം ചെയ്തു. പിന്നെ പരിത്യജിച്ചു. ഒരർത്ഥത്തിൽ നിങ്ങളും അവരെ ഉപേക്ഷിക്കയാണുണ്ടായത്. അത്തരം തിരിച്ചടികളൊന്നും ആ സഖാവിനെ ഉലച്ചില്ല. വ്യക്തിജീവിതത്തിൽ ഉണ്ടായ തകർച്ചകളെ അവർ വകവെച്ചില്ല. പാർലമെന്റിനെ മുഖ്യമായി കരുതുന്ന ഒരു പാർട്ടിയിൽ നിൽക്കുമ്പോഴും അവർ മനസ്സിൽ വിപ്ലവത്തിന്റെ അഗ്‌നി സൂക്ഷിച്ചു വെച്ചു.

രഘുത്തമന്റെ അമ്മാവൻ ചെറുവത്തേരി ചക്രപാണിവാര്യരെ അറിയുമല്ലോ. അദ്ദേഹമാണ് നിങ്ങളുടെ അമ്മയുടേയും അച്ഛന്റെയും വിവാഹത്തിന് നേതൃത്വം നൽകിയത്. പിന്നീട് ആ ബന്ധം തകർന്നപ്പോൾ അദ്ദേഹം വളരെയേറെ ദു:ഖിച്ചു. നിങ്ങൾക്ക് അറിയുമോ എന്നു നിശ്ചയമില്ല. ഭർത്താവിന്റെ വീട്ടിൽ നിന്നും ബഹിഷ്‌ക്കരിക്കപ്പെട്ട് സ്വന്തം വീട്ടിൽ അവലംബമില്ലാതെ കഴിയുന്ന കാലത്ത് പി.കെ.മീനാക്ഷിയെ വാര്യർ ചെന്നു കണ്ടു. അദ്ദേഹം അവരോട് വിവാഹാഭ്യാർത്ഥന നടത്തി. അവർ തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ട്. അതുകൊണ്ടോ എന്തോ മീനാക്ഷി ആ അഭ്യർത്ഥന നിരാകരിച്ചു.

ഏറെ നിരാശനായാണ് വാര്യർ അന്നു മടങ്ങിയത്. ആ മടക്കം അദ്ദേഹത്തിന്റെ ജീവിതയാത്രയിൽ വലിയ വഴിത്തിരിവുണ്ടാക്കി. അദ്ദേഹം വൈകാതെ പാർട്ടിയിൽ നിന്നു രാജിവെക്കുന്നു. പിന്നീട് അറുപത്തെട്ടിൽ കോഴിക്കോട്ടെ കുന്നിക്കൽ നാരായണന്റെ ഗ്രൂപ്പിലാണ് അദ്ദേഹത്തെ കാണുന്നത്.

ഒരിക്കൽ കൂടി പറയട്ടെ പി.കെ.മീനാക്ഷിയെ, നിങ്ങളുടെ അമ്മയെ എന്റെ അഭിവാദ്യം അറിയിക്കുക.

പ്രിയപ്പെട്ട ജെ, നമ്മൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവുമില്ല. എന്നോ കണ്ടു പിരിഞ്ഞ രണ്ട് വ്യക്തികളാണ്. നിങ്ങളെ ശാസിക്കാനോ ഉപദേശിക്കാനോ, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഇടപെടാനോ എനിക്ക് അവകാശമില്ല. പക്ഷേ പി.കെ.മീനാക്ഷിയുടെ മകൻ എന്ന നിലയിൽ മാത്രം ഞാൻ ചോദിക്കട്ടെ: നിങ്ങൾ എങ്ങനെ ഇവിടെ എത്തി? ഏതു വഴിയിലൂടെയാണ് നിങ്ങൾ യാത്ര ചെയ്തിരുന്നത്?
എന്ന് കാവേരി എന്ന ലക്ഷ്മി.

ജാമ്യം കിട്ടി ജയിൽ വിട്ടു വന്നശേഷം രണ്ടു ദിവസം ദിമിത്രി വീട്ടിൽ തന്നെ കഴിഞ്ഞു. ഒന്നാംദിവസം പുരുഷോത്തൻ വക്കീൽ സമ്മാനിച്ച മദ്യത്തിൽ അയാൾ അഭയം തേടി. പക്ഷേ അത് നിഷ്ഫലമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മദ്യം അയാളെ സമാധാനിപ്പിച്ചിട്ടില്ല. അന്ന് അയാൾക്ക് ആ ദ്രാവകത്തോട് കഠിനമായ വെറുപ്പു തോന്നി. ബാക്കിയായത് മുഴുവൻ വാഷ്‌ബേസിനിൽ ഒഴിച്ചു കളഞ്ഞു.

രണ്ടാമത്തെ രാത്രി അയാൾ പുറത്തു കടന്നു.
കാട്ടൂർക്കടവിലെമ്പാടും അയാൾ അലഞ്ഞു.
തന്നെ ആരും കാണുന്നില്ല എന്ന സുരക്ഷിതത്വത്തിൽ വലിയ ആവേശത്തോടെ അതിവേഗത്തിലായിരുന്നു ആ യാത്ര. പൈക്കണ്ണി മൈതാനം പിന്നിട്ട് ബോട്ടുകടവിലേക്ക് നടന്നു. പ്രാചീനമായ കെട്ടിടങ്ങൾക്കിടയിൽ അങ്ങാടി മയങ്ങിക്കിടക്കുകയാണ്. മുളകിന്റേയും ബാർ സോപ്പിന്റെയും ഉണക്കമീനിന്റെയും കലർപ്പുമണം വന്നു. കാനോലിക്കനാലിനു മേൽ മലബാറിലേക്കു കടക്കാനുള്ള പഴയ എട്ടുപടിപ്പാലം തകർന്നതുകൊണ്ട് പുതിയൊരു ഇരുമ്പു നടപ്പാലം പണിതിട്ടുണ്ട്. കച്ചേരി ബംഗ്ലാവ് കുമ്മായത്തിന്റെ വെളുപ്പിൽ തിളങ്ങി നിൽക്കുന്നു. അതിന്റെ മുറ്റത്തു വെച്ചാണ് ഒരാഴ്ച മുമ്പ് കാട്ടൂർക്കടവിലെ പൗരന്മാർ അയാളെ കൂക്കി വിളിച്ചും പാട്ടകൊട്ടിയും യാത്രയാക്കിയത്. വിജിലൻസിന്റെ ജീപ്പിൽ കയറാൻ ശ്രമിക്കുമ്പോൾ ആരോ ഒരാൾ അയാളെ പിന്നിൽ നിന്നു തള്ളി.

വലിയൊരാൾക്കൂട്ടം അന്നവിടെ ഹാജരുണ്ടായിരുന്നു. നാട്ടിലെ പൗരന്മാർ മുഴുവനും അവിടെ സന്നിഹിതരായിരുന്നോ എന്നു സംശയം. അവർക്കിടയിൽ മുഷിഞ്ഞ ഷർട്ടും പാന്റും ധരിച്ചു നിന്ന് പല്ലില്ലാത്ത വായയുടെ കുഴച്ചലിൽ കൽക്കത്താ മാധവൻ നിന്നു പ്രസംഗിച്ചു: "ജീർണ ഫ്യൂഡൽ അവശിഷ്ടങ്ങൾക്ക് മേൽ കെട്ടിപ്പടുക്കപ്പെട്ട ഇന്ത്യൻ മുതലാളിത്തമാണ് കൈക്കൂലിക്കും അഴിമതിക്കും കാരണം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് സുഖഭോഗങ്ങളിലാറാടി ജീവിച്ചവരാണ് ഇന്ത്യയിലെ നാടുവാഴികൾ. തിരുവതാംകൂറിലേയും കൊച്ചിയിലേയും രാജാക്കന്മാർ തങ്ങളുടെ ആശ്രിതന്മാർക്കും അച്ചിമാർക്കും വെപ്പാട്ടിമാർക്കും കരമൊഴിവായി ഭൂമി പതിച്ചു കൊടുത്തു. പാവപ്പെട്ട മനുഷ്യർ പാടത്തും പറമ്പിലും വിയർപ്പൊഴുക്കി ഉണ്ടാക്കിയ സമ്പത്താണ്. പാവപ്പെട്ടവനെ അടിമയാക്കി പട്ടിണിക്കിട്ടാണ് ചൂഷണം ചെയ്തത്. രാജാക്കന്മാർ പോയി. ബ്രിട്ടീഷുകാർ പോയി. എന്തു കാര്യം? വ്യവസ്ഥ മാറിയോ? ചൂഷണത്തിൽ അധിഷ്ടിതമായ ഭരണവ്യവസ്ഥ മാറ്റാതെ കൈക്കൂലി മാത്രം മാറ്റാനാവും എന്ന് ചിലർ കരുതുന്നുണ്ട്. അതൊരു വ്യാമോഹം മാത്രമാണ്. പാർലിമെന്റ് പന്നിക്കൂട്ടിൽ പെറ്റു കിടക്കുന്നവർക്ക് അങ്ങനെ തോന്നാം. സായുധവിപ്ലവം നടക്കണം. ഭരണഘടന മാറ്റി എഴുതണം. ബ്യൂറോക്രാറ്റുകളെ വിചാരണക്കു വിധേയരാക്കണം.'

ദിമിത്രി ഇറിഗേഷൻ ബണ്ടിലൂടെ നടന്നു. നല്ല നിലാവുള്ള ദിവസമായിരുന്നു. വയലിൽ നിലാവും മഞ്ഞും കൂടിക്കിടന്നു. വേലയും തോറ്റവും കഴിഞ്ഞ് വെളുപ്പിന് ചെണ്ട തോളിലിട്ട വാദ്യക്കാർ മടങ്ങുന്ന വഴിയാണത്. അവരുടെ പതിഞ്ഞ സംസാരം കേൾക്കാനുണ്ടോ എന്ന് അയാൾ കാതോർത്തു. കാനോലിക്കനാലിന്റെ തിരിവു കഴിഞ്ഞ് അയാൾ കരുവന്നൂർ പുഴയുടെ തീരത്തേക്ക് നടന്നു. പുഴയുടെ അരികു പിടിച്ചു നടന്നു. പുഴയിൽ അതിരുകളെ കവിഞ്ഞുള്ള വെള്ളമുണ്ട്. ഒരു സമയത്ത് അയാൾ പുഴയിൽ വീണു. വീണ്ടും എഴുന്നേറ്റു നടന്നു.

കരുവന്നൂർ പുഴയിൽ എല്ലാ കാലത്തും വെള്ളമുണ്ടായിരിക്കും. ഈ പുഴക്കരയിലൂടെയാണ് തന്റെ അമ്മയുടെ അച്ഛൻ കമ്യൂണിസ്റ്റും മന്ത്രവാദിയുമായ കണ്ടൻകുട്ടിയാശാൻ സദാ നടന്നിരുന്നത്. കാട്ടുപൊന്തകളിൽ മുയലായും വെള്ളത്തിലിറങ്ങി മീനായും സഞ്ചരിക്കാൻ അദ്ദേഹത്തിനു കഴിവുണ്ടെന്ന് ആളുകൾ പറഞ്ഞിരുന്നു.

"മുത്തപ്പന് മീനാവാൻ പറ്റ്വോ?'
കുട്ടിയായിരിക്കുമ്പോൾ ദിമിത്രി അദ്ദേഹത്തോട് ചോദിച്ചിരുന്നു.

അത് കേട്ട് കണ്ടൻകുട്ടിയാശാൻ പൊട്ടിച്ചിരിച്ചു."മീനാവണ്ടി വന്നാല് മീനാവാണ്ട് പറ്റ്വോ?'

നന്തി റെഗുലേറ്റർ പാലത്തിന്റെ തിണ്ണയിൽ അയാൾ കുറച്ചു സമയം ഇരുന്നു. അപ്പോൾ ഏതാണ്ട് നേരം വെളുക്കാൻ തുടങ്ങിയിരുന്നു. പുഴ ഒഴുകുന്ന ശബ്ദം കൃത്യമായി കേൾക്കാം. മീനുകൾ ചാടുന്നുണ്ട്. പൊന്തകളിൽ കുളക്കോഴികൾ ഉണർന്നു കരയുന്നു. കിഴക്കുനിന്നുള്ള വെളിച്ചവും നിലാവും ഇലകളിൽ സന്ധിച്ചു.

ചെറുപുഷ്പം ആശുപത്രിയുടെ രണ്ടാംനിലയിലാണ് പ്രധാനമായും രോഗികൾക്കുള്ള മുറികൾ. ഇരുന്നൂറ്റിയെട്ട് എന്ന നമ്പറിട്ട മുറിയിലായിരുന്നു പി.കെ.മീനാക്ഷി. മുറിക്കു മുന്നിൽ കോറിഡോറിൽ ശിവരാമൻ ഷീറ്റ് വിരിച്ച് കിടപ്പുണ്ട്. പുലർച്ച നേരത്ത് നല്ല തണുപ്പുള്ളതുകൊണ്ട് അവൻ പുതച്ചുമൂടിയിരുന്നു. ചാപ്പലിൽ നിന്നുള്ള പ്രാർത്ഥന തുടങ്ങിയപ്പോൾ തന്നെ അവൻ ഉണർന്നു. പ്രാർത്ഥന കേട്ടുകൊണ്ട് കുറേനേരം അങ്ങനെ കണ്ണടച്ചു കിടക്കുക പതിവുണ്ട്.

ശിവരാമൻ എഴുന്നേറ്റപ്പോൾ തന്റെ അരികിലിരിക്കുന്ന ദിമിത്രിയെയെക്കണ്ട് അമ്പരന്നു. ▮

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments