ചിത്രീകരണം: ഇ. മീര

നൂറ്റിയെട്ടാം നമ്പർ മുറി

ആറ്: നൂറ്റിയെട്ടാം നമ്പർ മുറി

ശുപത്രിയിൽ അമ്മ കിടക്കുന്ന നൂറ്റിയെട്ടാം നമ്പർ മുറിയിൽ ദിമിത്രി ഇരിക്കുന്നു. ആ ചെറിയ മുറിയുടെ മൂലയിൽ പെയിന്റടർന്ന ഒരു ഇരുമ്പു കസേരയിൽ ഏതാണ്ടൊരു തപസ്സു പോലെയായിരുന്നു അയാളുടെ ഇരിപ്പ്. പലപ്പോഴും കണ്ണുകൾ അടച്ചുപിടിച്ചിരുന്നു. അതിനിടെ ധാരാളം ആളുകൾ അവിടെ വന്നുപോയി. രാഷ്ട്രീയപ്രവർത്തകരായിരുന്നു അധികവും. ഇടക്ക് നേതാക്കളും വന്നു. ദിമിത്രി ആരെയും പരിഗണിച്ചില്ല. സ്ഥലം എം.എൽ.എ. വന്നപ്പോൾ വലിയ സംഘം അനുയായികൾ കൂടെയുണ്ടായിരുന്നു. അവർ കട്ടിലിനു ചുറ്റുമായി നിരന്നു.

എം.എൽ.എ. ദിമിത്രിക്കു നേരെ തിരിഞ്ഞു ചോദിച്ചു:"സഖാവ് മീനാക്ഷിയുടെ മകനല്ലേ ഇദ്ദേഹം?'
ആ സമയത്ത് അനുയായികൾ ഒന്നിച്ച് ദിമിത്രിയെ നോക്കി. അപ്പോഴും അയാൾ മുഖമുയർത്തിയില്ല."മീനാക്ഷിച്ചേച്ചി.'
അവരുടെ നെറ്റിയിൽ തൊട്ട് എം.എൽ.എ. വിളിച്ചു. പ്രതികരണം ഉണ്ടായില്ല. കാണുമ്പോഴൊക്കെ എന്തെങ്കിലും ഒരു ചോദ്യം അതിരൂക്ഷമായി അവർ ഉന്നയിക്കാറുള്ളത് അദ്ദേഹം ഓർത്തു."എന്താടോ എമ്മല്ലേ? കൂടൽമാണിക്യം നടേല് കുട്ടൻകളം സമരത്തിന്റെ സ്മാരകണ്ടാക്കാന്ന് താൻ പറഞ്ഞട്ട് എത്രകാലായി? ബോർഡു വെച്ച ഏസി കാറില് ഇങ്ങനെ പാഞ്ഞു നടക്കല് മാത്രാണോ എമ്മല്ലേപ്പണി?'
ഇപ്പോൾ ഒരു ചോദ്യവുമില്ല. നീണ്ട മൗനത്തിലാണ്.
അദ്ദേഹവും അനുയായികളും പുറത്തേക്കിറങ്ങി.

"നീയിങ്ങനെ ഇവടെത്തന്നെ ഇരിക്കണ്ട കാര്യല്ല ദിമിത്രി. വീട്ടില് പോയി കുളിച്ച് കെടന്നൊറങ്ങ്. ഇവടെപ്പൊ ഞങ്ങളുണ്ടല്ലോ.'
എം.എൽ.എ.യും സംഘവും പുറത്തു പോയപ്പോൾ ശിവരാമൻ പറഞ്ഞു. ശിവരാമനും പെങ്ങൾ ദേവുവും ചേർന്നാണ് മീനാക്ഷിയെ പരിചരിക്കുന്നത്.
ദിമിത്രി മിണ്ടാതെ തല താഴ്ത്തിത്തന്നെ ഇരുന്നു.

ശിവരാമന്റെ ഫോട്ടോ അടുത്തിടെ പത്രത്തിൽ കണ്ടത് അയാൾ ഓർത്തു. ചെണ്ടയോ തിമിലയോ തോളിലേറ്റി നിൽക്കുന്ന ചിത്രമാണ്. വാദ്യകലാകാരന്മാർക്കുള്ള ഏതോ ഒരു പുരസ്‌കാരം അവനു കിട്ടിയതിന്റെ വകയിലാണ്. പുരസ്‌കാരം ലഭിച്ചിട്ടും അവർണ്ണനായതിന്റെ പേരിൽ തന്റെ വാദ്യകലയെ ചില ക്ഷേത്രങ്ങൾക്കകത്ത് പ്രവേശിപ്പിക്കുന്നില്ല എന്ന് അവൻ പരാതിപ്പെട്ടതായി വാർത്തയിൽ ഉണ്ടായിരുന്നു. അന്നത്തെ ദിവസം കെ.എന്ന എഴുത്തുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ശിവരാമനെക്കുറിച്ചായിരുന്നു. ചെറിയൊരു ലേഖനം. "മേളത്തിലെ ജാതി' എന്നു തലവാചകം: "തിമില ശിവരാമനും പെരിങ്ങോട് ചന്ദ്രനും അകത്തു കടന്നു കൊട്ടിയാൽ ക്ഷേത്രഗോപുരം ഇടിഞ്ഞു വീഴുമോ?'
കമന്റിൽ ഡി. കാട്ടൂർക്കടവ് എഴുതി: "ശവക്കുഴി തോണ്ടുന്നതിലുള്ള താങ്കളുടെ വൈദഗ്ദ്യം അപാരം തന്നെ. എന്നോ കുഴിച്ചിട്ട ജാതിയെ രാഷ്ട്രീയാവശ്യത്തിന് പുറത്തെടുക്കുകയാണല്ലോ.'

കുട്ടിക്കാലത്തും ശിവരാമന് വാദ്യത്തിൽ കമ്പമുണ്ടായിരുന്നു എന്ന് ദിമിത്രി ഓർത്തു. വാദ്യം പഠിക്കാനാണ് അവൻ കണ്ടൻകുട്ടിയാശാന്റെ വീട്ടിൽ താമസിച്ചിരുന്നത്. രാത്രി ഏറെ വൈകിയ സമയത്ത് തുരുത്തിലെ വീടിന്റെ മുറ്റത്തുനിന്നാണ് അവർ കൊട്ടുക. ചെണ്ടയാണോ കീഴാറയാണോ കൊട്ടിയിരുന്നതെന്ന് ഓർമ്മയില്ല. ആശാന്റെ അനിയൻ വേലുക്കുട്ടിയുടെ മകനാണ് ശിവരാമൻ.
ശിവരാമനെ മണ്ണാൻതുരുത്തിൽ കൊണ്ട് ചെന്ന് വേലുക്കുട്ടി തന്റെ ചേട്ടനോട് പറഞ്ഞു:

"ഈ ചെക്കനെ ചേട്ടൻ തന്നെ കൊട്ടു പഠിപ്പിക്കണം.' "ഞാനോ? നീയ്യല്ലേ കൊട്ടില് മൂപ്പൻ, വേല്വോ?'
കണ്ടൻകുട്ടിയാശാൻ പറഞ്ഞു. അപ്പോൾ വേലുക്കുട്ടി പറഞ്ഞു:"അതൊക്കെ ചേട്ടന്റെ കുരുത്തം.'

കിഴക്കേ കല്ലട വേലക്ക് മേളം പ്രധാനമാണ്. പല ദേശങ്ങളിൽ നിന്നും മേളക്കമ്പക്കാർ അവിടെ വരും. ഉച്ചയെഴുന്നള്ളിപ്പിനു മുന്നിൽ നിന്ന് തിമർത്തു കൊട്ടുന്ന വേലുക്കുട്ടിയുടെ മുന്നിൽ ഒരുപാടുപേർ ആവേശംകൊണ്ട് നിൽക്കുന്നതു കാണാം. ചിലർ ചെണ്ടയിൽ പണംവെക്കും. തോളിലെ കച്ചമുണ്ടിൽ നോട്ടുകൾ കുത്തും. അതൊന്നും ഗൗനിക്കാതെ വേലുക്കുട്ടി പരിസരം മറന്ന് കൊട്ടുകയാണ്. കുംഭമാസത്തിലെ വെയിലിൽ ആ കറുത്ത ശരീരം വിയർപ്പിൽ നനഞ്ഞ് തിളങ്ങും. വേലുക്കുട്ടിയുടെ വർത്തമാനവും ഏതാണ്ടൊരു താളക്രമത്തിൽ ആയിരുന്നു."ധനു പത്തിന് തൃപ്രയാറ്റേകാശി. വെറയ്ക്കും. അത്രക്ക് തണുപ്പുണ്ടാവും. പൊഴേലെറങ്ങി കാലുകെഴി നമസ്‌ക്കരിച്ചട്ട് ഇങ്ങട് കേറിപ്പോരും. ആദ്യം മങ്ങാട്ടമ്പലത്തില് പത്താമുദയം. പിന്നെ ചെണ്ട തോളീന്ന് എറക്കെണങ്കില് മേടം എടവത്തില് പൂലാനി മൂത്താരടെ കാവിലെ വെളക്ക് കഴിയണം. അപ്പഴൊക്കെ ആകാശത്ത്ന്ന് തീമഴ പെയ്യണുണ്ടാവും. കൊട്ടുമ്പൊ മനുഷ്യൻ വെയർത്ത് കുളിക്കും. പിന്നെ കൂടൽമാണിക്യത്തിലെ ആറാട്ടു കണ്ട് മടങ്ങുമ്പഴാ മഴ പെയ്യ്വാ.'

"തിമില ശിവരാമൻ!'
ആശുപത്രിമുറിയിലിരുന്ന് ഒന്നു ചിരിച്ച് ചെറിയ ശബ്ദത്തിൻ ദിമിത്രി വിളിച്ചു. ശിവരാമൻ അതു കേട്ടില്ല.

ആശുപത്രി മുറിയിലേക്ക് കടന്നു ചെന്നയുടനെ ദേവു ദിമിത്രിയോടു പറഞ്ഞു."നീ അമ്മേ ഒന്നു വിളിച്ചു നോക്ക്യേ. ചെലപ്പൊ ആ ശബ്ദം കേട്ടാല് ഒണർന്നെങ്കിലോ?'

അയാൾ ആ സമയം തരിച്ചുനിന്നു. "അമ്മേ' എന്നു വിളിക്കണോ? അങ്ങനെ വിളിച്ച കാലം ഓർമ്മയില്ല. മുതിർന്നശേഷം എല്ലായ്‌പ്പോഴും "നിങ്ങൾ' എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. വർഷങ്ങൾക്കു ശേഷം പുതിയൊരു മട്ടിൽ വിളിക്കുമ്പോൾ അതു കേൾക്കുകയാണെങ്കിൽ അവർ എന്തു കരുതും? ആ സമയം കണ്ണുതുറന്നാൽ ആ നോട്ടത്തെ എങ്ങനെ നേരിടുമെന്നും അയാൾ ഭയന്നു. അയാൾ മിണ്ടാതെ നോക്കി നിന്നു. "അമ്മേ' എന്ന ശബ്ദം തൊണ്ടയിൽ കുരുങ്ങി അയാൾക്ക് ചുമവന്നു.

അപ്പോൾ ശിവരാമൻ ഉറക്കെ വിളിച്ചു:"വെല്യേച്ച്യേ, കണ്ണു തൊറന്നേ. ദേ മ്മടെ ദിമിത്രി വന്നേക്കണ്. അവന് ഒരു എടങ്ങറും ണ്ടായിട്ടില്ല. പൊലീസ് അവനെ വിട്ടു.'

പക്ഷേ മീനാക്ഷിയുടെ ബോധങ്ങളിലേക്ക് ആ വിളി ചെന്നില്ല. സ്വസ്ഥമായ ഉറക്കത്തിലെന്ന പോലെ അവർ കിടന്നു. അപ്പോഴും ലോകത്തോടുള്ള സംശയവും സ്വതസിദ്ധമായ ഗൗരവവും അവരുടെ മുഖത്തു കണ്ടു. പ്രതിഷേധവും രോഷവും വൈരാഗ്യവും സ്‌നേഹവും വാത്സല്യവും ഒന്നിച്ച്. എന്നാൽ പരമശാന്തയായി.

"മരുന്നും വെള്ളോം മൂക്കിൽ കൂട്യാ കൊടുക്കണ്. വന്നേപ്പിന്നെ ഒരനക്കോം ണ്ടായിട്ടില്ല.'

ദേവു സങ്കടപ്പെട്ട് പറഞ്ഞു.

ദൈവമേ! അനക്കമില്ലാതെ കിടക്കുന്ന ഈ സ്ത്രീയും ഞാനും തമ്മിൽ എന്താണുള്ളത്? ദിമിത്രി കണ്ണടച്ചിരുന്നു.

എങ്ങനെയാണ് ഒരാൾ തന്റെ അമ്മയെ സ്‌നേഹിക്കേണ്ടതെന്ന് അയാൾ ആലോചിച്ചു. ഏതെങ്കിലും സർവ്വകലാശാല ആ സ്‌നേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടാവുമോ? ഏതു പുസ്തകത്തിലാണ് അതിന്റെ നടപടിക്രമങ്ങൾ എഴുതി വെച്ചിട്ടുള്ളത്? പത്തുമാസം ഈ ഉദരത്തിനകത്ത് അയാൾ കിടന്നു. ഈ ശരീരത്തിൽ നിന്നു രക്തവും കണ്ണീരും വലിച്ചെടുത്ത് ഒരു ഇത്തിൾക്കണ്ണിയേപ്പോലെ വളർന്നു. അയാളെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്‌നേഹിച്ച മനുഷ്യന്റെ വീട്ടിൽ നിന്നും അവലംബമില്ലാതെ ഇവർ ഇറങ്ങിപ്പോന്നു. മകന് ഭക്ഷണം കൊടുക്കാൻ വേണ്ടി ഇവർ കഷ്ടപ്പെട്ടു. കുടിലിന്റെ ചെറിയ ഇറയത്തിരുന്ന് ചേറിന്റേയും ചകിരിയുടേയും മണമുള്ള കൈകൊണ്ട് അവർ ഉരുട്ടിയ ഉരുളക്കു വേണ്ടി അയാൾ തന്റെ ചെറിയ വായ തുറന്നു പിടിച്ചു. ആ സമയത്ത് തന്റെ കുഞ്ഞിക്കണ്ണുകൾ കൊണ്ട് നന്ദിയോടെ അവരെ നോക്കിയിരിക്കും.

ഒരു കരച്ചിൽ ദിമിത്രിയുടെ തൊണ്ടയിൽ കിടന്നു പിടഞ്ഞു.
അത് കണ്ട് ശിവരാമൻ പറഞ്ഞു:"കരയണ്ട ദിമിത്രി, അമ്മേടെ സൂക്കേട് മാറും.'

ശിവരാമൻ വിവരങ്ങൾ പറഞ്ഞു: "ആൾക്കാരൊക്കെ കേട്ടറിഞ്ഞ് നിത്യേന വരണുണ്ട്. ഇന്നലെ പാർട്ടി സെക്രട്ടറി വന്ന് ഡോക്ടറെ കണ്ടേർന്നു. ടൗണിലെ ഏതെങ്കിലും ആസ്പത്രീലിക്ക് കൊണ്ടാണങ്കില് അത് പറയണംന്ന് ഡോക്ടറോട് പറഞ്ഞു. കൊണ്ടുവ്വാൻ പറ്റിയ അവസ്ഥ്യല്ലാന്നാ ഡോക്ടറ് പറഞ്ഞത്.'

മണ്ണാൻതുരുത്തിലെ വീട്ടിൽ പി.കെ.മീനാക്ഷി ഒറ്റക്കാണ് താമസിച്ചിരുന്നത്. പക്ഷേ അയൽക്കാരും നാട്ടുകാരുമായി കുറേപേർ എപ്പോഴും അവിടെ ഉണ്ടാകാറുണ്ട്. പാർട്ടി മീറ്റിംഗുകൾ അവിടെ വെച്ച് കൂടിയിരുന്നു. പലപ്പോഴും ആ വീടിന്റെ മുറ്റമടിക്കുന്നതും ചോറുവെക്കുന്നതും അയൽക്കാരോ സഖാക്കളോ ആയിരുന്നു.

താൻ ബാല്യകാലം ചെലവഴിച്ച ആ വീട്ടിലേക്ക് ദിമിത്രി വളരെ അപൂർവ്വമായിട്ടേ പോയിരുന്നുള്ളൂ. മണ്ണാൻതുരുത്തിനെക്കുറിച്ചും ചുറ്റുമുള്ള നെൽപ്പാടങ്ങളെക്കുറിച്ചും അയാൾ ചിപ്പോഴൊക്കെ ഓർക്കും. ഞാറു നട്ടു പച്ചപിടിച്ച കണ്ടങ്ങൾക്കിടയിലെ വരമ്പിലൂടെ ഡിസംബർ മാസത്തെ തണുപ്പിൽ പുലർച്ചക്ക് താൻ നടക്കുന്നതായാണ് അയാൾ സങ്കൽപ്പിക്കുക. എത്രയോ കാലം മുമ്പ് നടന്നതാണ് അങ്ങനെ.

ഈയിടെയായി വല്ലപ്പോഴും അവിടെ ചെന്നുപെട്ടാൽ അയാൾ അസ്വസ്ഥനാവുകയാണ് പതിവ്. ഒന്നും മിണ്ടാതെ ആ വീടിന്റെ തിണ്ണയിൽ ഇരിക്കും. അപ്പോഴും വയലിൽ നിന്ന് കാറ്റു വീശുന്നുണ്ടാകും. ഒരു പാർട്ടി ഓഫീസുപോലെയായി മാറിയിരുന്നു ആ വീട്. അവിടെ ചിതറിക്കിടക്കുന്ന പ്ലക്കാർഡുകളിലേക്കും ബോർഡുകളിലേക്കും ചുവന്ന കൊടികളിലേക്കും അയാൾ പകച്ചു നോക്കും.

ആരെങ്കിലും യുവാക്കൾ അവിടത്തെ തിണ്ണയിൽ കമിഴ്ന്നു കിടന്ന് പോസ്റ്ററുകൾ എഴുതുന്നുണ്ടാവും. അവർ തലപൊക്കി ഒരു അപരിചതനെ എന്നപോലെ അയാളെ നോക്കാറുണ്ട്. അവസാനം അയാൾ ചെന്ന സമയത്ത് കെ. എന്ന എഴുത്തുകാരനേയും വാദ്യകലാകാരൻ തിമില ശിവരാമനേയും ആദരിക്കുന്ന ഒരു പൊതുപരിപാടിയുടെ പോസ്റ്റർ കണ്ടിരുന്നു.
"കാട്ടൂർക്കടവിന്റെ സ്വകാര്യ അഹങ്കാരം' എന്നാണ് കെ.യെ പോസ്റ്ററിൽ പുകഴ്ത്തിയിരുന്നത്. "കാട്ടൂർക്കടവിന്റെ മേളവൈഭവം' എന്ന് ശിവരാമനും വിശേഷിപ്പിക്കപ്പെട്ടു.

അന്ന് ദിമിത്രി കയറിച്ചെല്ലുമ്പോൾ സത്യവ്രതൻ എന്ന ഒരു യുവാവ് അവിടെ ഉണ്ടായിരുന്നു. അയാൾ നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പത്രം വായിക്കുകയാണ്. പത്രത്തിൽ നിന്ന് മുഖമുയർത്തി ഗൗരവത്തോടെ നോക്കി. എന്നിട്ടു പറഞ്ഞു:"മീനാക്ഷിച്ചേച്ചി ഇവടെ ഇല്യ. പാടത്ത് പോയിരിക്ക്യാണ്. തോട്ടീന്ന് കണ്ടത്തിലിക്ക് വെള്ളം തൊറക്കാനുണ്ട്ന്ന് പറഞ്ഞു. ആരാ?' അവരുടെ മകനാണ്.'
ദിമിത്രി ശബ്ദം താഴ്ത്തി പറഞ്ഞു."ഓ, നമ്മടെ രജിസ്ട്രാപ്പീസിലെ സാറ് അല്ലേ? കേറി ഇരിക്കൂ. ചേച്ചി ഇപ്പ വരും.'
അയാൾ പരമാവധി ഉച്ചത്തിലാണ് സംസാരിച്ചത്. അകത്തു നിന്നും ഒരു കസേര കൊണ്ടുവന്ന് ദിമിത്രിക്കു കൊടുത്തു.

വീടിന്റെ മാറ്റം ദിമിത്രി ശ്രദ്ധിച്ചു. അയാൾ കിടന്നിഴഞ്ഞ ചാണകം മെഴുകിയ ഇറയമല്ല ഇപ്പോൾ ഉള്ളത്. കുറച്ച് ഉയരത്തിൽ കല്ലുകെട്ടി പണിത തറയാണ്. ഓലക്കുടിൽ പൊളിച്ചുമാറ്റി ചുമർ പണിത് മേൽക്കൂര കോൺക്രീറ്റ് ചെയ്തിരിക്കുന്നു. വൈദ്യുതി ഉണ്ട്. "തോറ്റം' എന്നെഴുതി വെച്ച പലകയിലേക്ക് അയാൾ നോക്കി. അതിൽ ഒരു നന്തുണിയുടെ അവ്യക്തചിത്രവും ഉണ്ട്.
അപ്പോൾ തെല്ല് അഭിമാനത്തോടെ യുവാവ് പറഞ്ഞു: "ഞാനാണ് അതെഴുതിയത്.'
സത്യവ്രതൻ സംസാരിച്ചു.

"എനിക്ക് കൊറച്ച് എഴുത്തും വരേം ഉണ്ട്. സത്യവ്രതൻ തെക്കുമ്പാട്ട് എന്നു പറയും. കവിതയാണ് പ്രധാനം. ഒരു പുസ്തകംണ്ട്. പിന്നെ ഞാൻ എഴുതി പാടി റെക്കൊർഡ് ചെയ്ത രണ്ട് സീഡികളുണ്ട്. നിങ്ങൾ ബ്യൂറോക്രാറ്റുകൾ ചെലപ്പൊ എന്റെ കവിത വായിച്ചിട്ടുണ്ടാവില്ല. സവർണ്ണ ബ്രാഹ്മണരും അമ്പലവാസികളും കേകയിൽ എഴുതുന്നതു മാത്രാണ് കവിതാന്ന് ഒരു വിചാരണ്ടല്ലോ. ഞങ്ങൾ കുറച്ച് കവികൾ ഇവിടെ വേറെ ഇണ്ട്. ആരടേം പരിഗണനക്ക് ഞങ്ങൾ കാത്തു നിക്കാറില്ല.'
സത്യവ്രതൻ ഒരു ശ്രോതാവിനെ കാത്തിരിക്കുകയായിരുന്നു എന്നു തോന്നി. അയാൾ തന്റെ മുഴക്കമുള്ള ശബ്ദത്തിൽ തുടർന്നു.

"ഞങ്ങൾ പുതിയ വഴിയിൽ സഞ്ചരിക്കുന്നവരാണ്. ആരു വായിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ എഴുതും. ആര് കാണാനില്ലെങ്കിലും വരക്കും. ഈ കാട്ടൂർക്കടവിൽ കെ. എന്ന ഒരെഴുത്തുകാരനുണ്ടല്ലോ. പുരോഗമന സാഹിത്യകാരൻ. അയാളും ഞങ്ങളെ ഗൗനിക്കാറില്ല. വേണ്ട. ആരും ഗൗനിക്കണ്ട. മീനാക്ഷി ചേച്ചീരെ വെല്യ കൂട്ടാണ് അയാള്. പ്രസംഗിക്കുമ്പൊ ദളിത്, പിന്നാക്കന്നൊക്കെ വലിയ വായിൽ പറയും. ഒരു കഴഞ്ചും ആത്മാർത്ഥതയില്ല. ഞാൻ ചോദിച്ചു ചേച്ച്യോട്. നിങ്ങടെ പുരോഗമനസാഹിത്യം എന്താ ഇവടെ ചെയ്തത്? ആരടെ ജീവിതാണ് അവര് പകർത്തിയത്?'

"എന്തായിരുന്നു കേരളത്തിന്റ യഥാർത്ഥ അനുഭവംന്ന് ചോദിച്ചാ എല്ലാവരും പറയും, ജാതിയാണ്. ജാതിമേധാവിത്തം. അത് കേരളത്തെ ഭ്രാന്താലയാക്കി. അയിത്തം; തൊട്ടുകൂടായ്മ. വെളിച്ചത്ത് എറങ്ങി നടക്കാൻ അവകാശല്ലാത്ത ആയിരക്കണക്കിന് മനുഷ്യർ. എന്നാ ഇവിടെ എഴുതിത്തീർത്ത ഉൽക്കൃഷ്ട സാഹിത്യം മുഴ്വേൻ വായിച്ചു നോക്ക്യാ ജാതിമേധാവിത്തം എന്ന ഒരു സംഭവണ്ടായതിന്റെ ലക്ഷണംണ്ടോ? ഇല്ല.'

സത്യവ്രതൻ കുറച്ചു നേരം നിശ്ശബ്ദനായി ഇരുന്നു. പിന്നെ പറഞ്ഞു:"ഇന്ന് ഞാനും മീനാക്ഷിച്ചേച്ചീം തമ്മില് ഒന്ന് എടഞ്ഞു. കൊറെ ചോദ്യങ്ങളാണ് എന്നോട്. നീ എന്തറിഞ്ഞിട്ടാ സത്യവ്രതാ ഇപ്പറയണ്? ആരെങ്കിലും വായേല് തിരുകിത്തന്നത് അതേപടി പറയരുത്. കുട്ടികള് ചരിത്രം കൊറച്ചൊക്കെ അറിയണം. ഞങ്ങക്ക് പാർട്ടി പിടിച്ചു തന്ന മണ്ണിലാ നിയ്യിപ്പൊ ഇരിക്കണ്. അതറിയ്യോ? വേറെ ഏതു സംസ്ഥാനത്താ ഈ അവസ്ഥ ഉള്ളത്? ഏതു വർഗ്ഗമാണ് ഇന്ത്യ ഭരിക്കണതെന്ന് നിനക്ക് നിശ്ചയണ്ടോ? ഏതു സാമ്പത്തിക വ്യവസ്ഥയാണ്? അങ്ങനെ ശര ശരാ ചോദ്യങ്ങളാണ്.'

"ആരെങ്കിലും വായിൽ തിരുകിത്തന്നതൊന്നും അല്ല ഞാൻ പറയണ്. ഉള്ളുചുട്ട് അനുഭവിച്ച കാര്യങ്ങളാണ്. നടക്കാനുള്ള വഴി പിടിച്ചേന്റെ കഥയാണ് മീനാക്ഷിച്ചേച്ചി പറയണ്. കെടക്കാൻ ഒരു പത്തുസെന്റ് ഭൂമി കിട്ടിയേന്റീം. അതു കഴിഞ്ഞ് പൊഴേക്കൂടെ എത്രക്ക് വെള്ളം ഒഴുകിപ്പോയി. ദളിതനായി ജീവിച്ചു നോക്ക്യാലേ ഇപ്പൊ ആ ജീവിതം എന്താന്ന് തിരിഞ്ഞു കിട്ടൂ. തൊട്ടുകൂടായ്മ ഇപ്പഴൊരു സാംസ്‌കാരിക പ്രശ്നാണ്. നിങ്ങളൊരു കവിയാണെങ്കില് ഒരു വരി എഴുതുമ്പൊ അതു മനസ്സിലാവും.'
സത്യവ്രതൻ തെല്ലു നിറുത്തി അകലേക്കു നോക്കി. പിന്നെ അയാൾ എന്തോ ഓർത്തു ചിരിച്ചു.

"കണ്ടുമുട്ട്യാല് എപ്പഴും ഞാനും മീനച്ചേച്ചീം തമ്മില് വഴക്കാണ്. ഞങ്ങൾ കുത്തിത്തിരുപ്പുകാരാന്ന് ചേച്ചി പറയും. പാവങ്ങളെ തമ്മിലടിപ്പിക്ക്യല്ലാണ്ട് നിങ്ങൾ എന്താടാ ചെയ്യണേന്നാണ് ചോദിക്ക്യാ. ഞാനെന്താ മറുപടി പറയ്യാ? പാർട്ടി അവരടെ രക്തത്തില് കേറീരിക്ക്യല്ലേ? ന്നാ ഞങ്ങള് അംബേദ്ക്കർ സാംസ്‌കാരിക സമിതിണ്ടാക്കീപ്പൊ മീനാക്ഷിച്ചേച്ചി വന്നൂ. അതിന്റെ പ്രസിഡണ്ടാ അവര്. കളമെഴുത്തുപാട്ടിന്റെ കാര്യത്തിലാ ഞങ്ങൾ ചെലത് ചെയ്യണ്. ലളിതകലാ അക്കാദമിക്ക് ഒരു പ്രോജക്ട് കൊടുത്ത് പാസ്സായിട്ടുണ്ട്. കളമെഴുത്തുകാരുടെ ക്യാമ്പും ഫെസ്റ്റിവലും. ഇരിങ്ങാലക്കൊടേല് വെച്ചട്ടാ സംഭവം. അതിന്റെ കാര്യം പറയാനാ ഞാൻ പ്പൊ ഇവടെ വന്നേ. ഇപ്പൊ അവാർഡ് കിട്ട്യ തിമില ശിവരാമേട്ടനുണ്ടല്ലോ, ആളു കൂടെ നിക്കാന്ന് പറഞ്ഞട്ടുണ്ട്. കളമെഴുത്ത് മെയിൻ സ്ട്രീമില് വന്നാലുണ്ടല്ലോ, ഒറപ്പാ കേരളത്തിൽ ദളിത് കൾച്ചർ രംഗം പിടിക്കും. ആർട്ടിന്റെ ബെയ്‌സാ അത്. അവടന്നാണ് നമ്മടെ ചിത്രോം കവിതേം ആരംഭിക്കണ്ടത്.'

സത്യവ്രതൻ നിരന്തരമായി പറഞ്ഞു കൊണ്ടിരുന്നു. പലതും ദിമിത്രി കേട്ടില്ല. കേട്ടതിൽ പകുതി മനസ്സിലായില്ല. ആ സമയത്ത് ഒരു പാട്ടിന്റെ ഈണം അയാളുടെ മനസ്സിലേക്ക് തള്ളിക്കേറി വന്നു. അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. മണ്ണാൻതുരുത്തും കോൾപ്പാടവും ചാഞ്ഞു തുടങ്ങിയ വെയിലും മേഞ്ഞു നടക്കുന്ന നാൽക്കാലികളും ഒരു പാട്ടിലേക്ക് ചുരുങ്ങി."ആ തക തകാ ആലില മാവില അടയ്ക്കാമര പൂക്കീലാ വെറ്റില അടക്ക അരങ്ങു പാകി. പട്ടെന്ന പട്ട് വിതാനിച്ച് നല്ലമ്മ മാവിലണിപ്പട്ട് വിതാനം ചെയ്‌തേ. മൂവർണ്ണപ്പട്ട് വിതാനിച്ചല്ലോ നല്ലമ്മ ചെന്താമരപ്പൂവ് വിതാനം ചെയ്തു. അഞ്ചുവർണ്ണപ്പൊടി കൊണ്ടുവന്നിട്ടല്ലോ പഞ്ചവർണ്ണത്തിൽ കളം കുറിച്ചേ.'

"നിയ്യ് പോയില്ലേ സത്യവ്രതാ?'
മീനാക്ഷി പാടത്തു നിന്ന് കയറി വരികയാണ്. ഒരു ചെറിയ കൈക്കോട്ട് തോളിലുണ്ട്. അത് ചുമക്കാൻ അവർ കഷ്ടപ്പെടുന്ന പോലെ തോന്നി. അവർ പിന്നെയും ക്ഷീണിച്ചിരിക്കുന്നുവെന്ന് ദിമിത്രി കണ്ടു. മുടി മുഴുവൻ നരച്ചു. കവിൾ തെല്ലു തടിച്ചിട്ടുണ്ട്. ശബ്ദത്തിലും ഇടർച്ചയുണ്ട്.

"ഞാൻ പൊറപ്പെടാൻ തൊടങ്ങീതാണ് മീനുച്ചേച്ച്യേ. അപ്പഴാ സാറ് വന്നത്. അപ്പൊ ഒന്നും രണ്ടും വർത്തമാനം പറഞ്ഞ് ഇരുന്നു. അടുത്താഴ്ച്ച്യാണ് സാംസ്‌കാരിക സമതീടെ കമ്മിറ്റി മീറ്റിംഗ്. അതു മറക്കരുത്. അതിനു മുമ്പ് അക്കാദമി സെക്രട്ടറിനെ ചേച്ചി ഒന്നുങ്കൂടെ വിളിക്കണം.'
തന്റെ സഞ്ചി തോളിലിട്ട് സത്യവ്രതൻ നടന്നു.

കുറേസമയം അമ്മയും ദിമിത്രിയും നിശ്ശബ്ദരായി അവിടെ ഇരുന്നു. വെയിലാറുന്ന പാടത്തുനിന്നും പക്ഷികളുടെ ഒച്ച കേട്ടുതുടങ്ങി. അതു കൊയ്ത്തു കഴിഞ്ഞകാലമായിരന്നു. ഏതു കൊയ്ത്താണ്? ദിമിത്രി ഓർമ്മിക്കാൻ ശ്രമിച്ചു. രണ്ടു പൂവ് പണിയുന്ന നിലങ്ങളാണ് തണ്ണിച്ചിറ കോൾപ്പടവിൽ ഉള്ളത്. കിഴക്കേ കല്ലട വേല കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഒരു പൂവിന്റെ പണി തുടങ്ങുക. എഴുന്നള്ളിപ്പും സാംബശിവന്റെ കഥാപ്രസംഗവും കണ്ടതിന്റെ ഉറക്കവും ഉത്സാഹവും പണിക്കാരുടെ കണ്ണുകളിൽ ഉണ്ടാവും. നിലമുഴുന്നവർ കഥാപ്രസംഗത്തിൽ കേട്ട പാട്ടുകൾ പാടാറുണ്ട്."കവർന്നെടുത്തുവോ, കാർമേഘം നിൻ കാർകുഴലിൻ നീലിമയാകെ?'

പിന്നീടൊരു കൃഷി ഓണം കഴിഞ്ഞാണ്. പമ്പുസെറ്റ് വെച്ച് വെള്ളം ചിറയിലേക്ക് അടിച്ചു കയറ്റും. കണ്ടങ്ങളിൽ വെള്ളം വറ്റുമ്പോൾ കുളങ്ങളിൽ മീനുകൾ വന്നു നിറയും. പിന്നെ മീൻപിടുത്തത്തിന്റെ ഉത്സവമാണ്.

ആരോടെന്നില്ലാതെ അമ്മ സംസാരിക്കാൻ തുടങ്ങി."കഴിഞ്ഞാഴ്ച പി.സി.കുറുമ്പച്ചേച്ചി മരിച്ചപ്പൊ ഞാൻ കാണാൻ പോയേർന്നു. ആൾക്കാര് വന്ന് എന്നെ കൊണ്ടോയീന്ന് പറയാം. കൊറച്ച് നേരം അവടെ ഇരുന്നു. പഴയ ചെലരെ കണ്ടു. ആരും അങ്ങനെ ബാക്കീല്യ. ചാത്തൻ മാഷെ ഭാര്യ കാളിച്ചേച്ചീം പീക്കേടെ ഭാര്യ ശാരദേം ഒക്കെ നേരത്തേ പോയല്ലോ. എന്റെ പ്രായാർന്നു ശാരദാ കുഞ്ഞന്. അവളും പോയി. ഇപ്പൊ ഞാൻ മാത്രം ബാക്കിയായി.'

അയാൾ മറുപടി പറഞ്ഞില്ല. അമ്മ പറഞ്ഞു:"നിനക്ക് ഇവടക്ക് ഉദ്യോഗം മാറിക്കിട്ടീന്നറിഞ്ഞു.'
അയാൾ ചോദിച്ചു:"ഇന്യെങ്കിലും നിങ്ങക്ക് എന്റെ കൂടെ വന്നു താമസിച്ചൂടെ?'

പറഞ്ഞു കഴിഞ്ഞപ്പോൾ തന്റെ തൊണ്ടയിലൂടെയാണോ ആ വാക്കുകൾ പുറത്തുവന്നത് എന്ന് അയാൾ സംശയിച്ചു. അമ്മ ആ ചോദ്യത്തെ ഗൗനിച്ചില്ല. കുറച്ചുസമയം കഴിഞ്ഞ് അവർ പറഞ്ഞു:"ഇനിക്ക് ഇവടെ താമസിക്കാനാ ഇഷ്ടം. ഈ നെല്ലും പുഞ്ചപ്പാടോം മരിക്കണ വരെ എനിക്കു കാണണം. ഇവടത്തെ കാറ്റും വെയിലും കൊള്ളണം. ഇത്രകാലം ഇവട്യല്ലേ താമസിച്ചത്? പോയേടത്തുന്നൊക്കെ ഇവടെക്ക് തിരിച്ചു പോരണ്ടി വന്നു. നാലു ലക്ഷം രൂപ സർക്കാര് തന്നട്ട് പണിത വീടാ ഇത്. ജനങ്ങൾടെ നികുതിപ്പണം. പാവങ്ങൾക്ക് വേണ്ടി നീക്കിവെച്ചതാണ്. വീടു പണിതട്ട് അത് ഒഴിച്ചിടണത് കുറ്റാണ്. ക്രിമിനൽ കുറ്റം. എത്രെത്ര വീടുകളാണ് പണി കഴിഞ്ഞിട്ട് ഒഴിച്ചിട്ടിരിക്കണ്. എന്നാ വീടില്ലാത്തോര് കൊറേണ്ട് നമ്മടെ നാട്ടില്. അതാ അന്യായം.'

വൈകാതെ അയാൾ അന്നു മടങ്ങി.
റിക്കാർഡ് കച്ചേരിയിൽ റെയ്ഡ് നടത്തി ദിമിത്രിയെ വിജിലൻസ് അറസ്റ്റു ചെയ്ത വിവരം ശിവരാമനാണ് മീനാക്ഷിയെ അറിയിച്ചത്. അതുകേട്ട് അവർ ഒന്നും മിണ്ടിയില്ല. കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്നിട്ട് പറഞ്ഞു:"തെരക്കുണ്ടെങ്കില് നിയ്യ് പൊക്കോ ശിവരാമാ.'

ആശുപത്രിയിലിരുന്ന് ശിവരാമൻ ദിമിത്രിയോട് പറഞ്ഞു:"ഞാൻ പോന്നു. തെരക്കിന്റെ കൈലാസാ അപ്പൊ. നല്ല മെനക്കെടാർന്നു. കൊല്ലപ്പെറപ്പല്ലേ? കന്നിമാസത്തിനു മുമ്പ് ഏഴു തോറ്റം തീർക്കണ്ടതുണ്ട്. നെടുമ്പള്ളിക്കാരുടെ തറവാട്ടില് പാട്ടും വെളക്കും. അത് കഴിഞ്ഞപ്പോ കുഞ്ഞന്റോടെ തോറ്റം. മൂന്ന് ദെവസത്തെ കളണ്ട്. അതിനെടക്ക് തൃശൂര് അക്കാഡമി വളപ്പില് കളമെഴുത്തും പാട്ടുംണ്ടാർന്നു. ഞാനല്ല. വെള്ളാനി ശിവശങ്കരനാണ് ഏറ്റത്. ഒരാഴ്ച അവടെ പെട്ടു. അവടെ വെച്ച് വെള്ളാനീനീം എന്നേം ആദരിച്ചു. പൊന്നാടേം ശിൽപ്പോം തന്നു. റേഡിയോക്കാര് വന്ന് പാടിച്ചു. ഈ പാച്ചലിനെടേല് പിന്നെ ഇവടെ വന്ന് അന്വേഷിക്കാൻ ഇനിക്ക് നേരം കിട്ടീല്യ.'

ദേവു പറഞ്ഞു:"ശിവരാമേട്ടൻ ചെന്നു വിവരം പറഞ്ഞപ്പൊ അകത്തിക്ക് കേറിപ്പോയതാ വെല്യേച്ചി. മൂന്നു ദെവസാത്രെ കെടന്ന കെടപ്പ് കെടന്നത്. അതിനെടക്ക് എത്ര ആൾക്കാര് വീട്ടില് വന്നു പോയി. വാതില് വന്ന് മുട്ട്യോരോടെക്കെ പറഞ്ഞു. ഞാൻ കെടക്ക്വാ. നിങ്ങള് പോയിട്ട് പിന്നെ വാ. മുന്നാം ദിവസം എറേത്തിരുന്ന് മിറ്റത്തിക്ക് ഓക്കാനിക്കണതാ ആൾക്കാര് കണ്ടത്. ആസ്പത്രീലെത്തും മുമ്പ് ബോധം പോയി.'

ശിവരാമൻ ആശ്ചര്യത്തോടെ പറഞ്ഞു:"പൊലീസിനേം പട്ടാളത്തിനേം ഒരുമാതിരി കണ്ട ആളല്ലേ, ഈ വെല്ല്യേച്ചി? 'ക്രോസ് ബെൽറ്റ് കെട്ട്യ പൊലീസിനെ കണ്ട ആളാ ഈ മീനാക്ഷി. അങ്ങട്ട് മാറിനിക്കടോ ഇൻസ്‌പെക്ടരേ'ന്ന് വെരല് ചൂണ്ടി വാരിജാക്ഷൻ എസ്സെയോട് പറഞ്ഞ ആളാ. ജെയിലിലും ചെന്ന് കെടന്നട്ടുണ്ട്. അങ്ങനത്തെ ആള് തളരുന്ന് ഞാൻ വിചാരിച്ചില്ല.'

ആശുപത്രി മുറിയിൽ ബൈസ്റ്റാർഡർക്കുള്ള ചെറിയ സോഫയിൽ കിടന്ന് ദിമിത്രി ഓർത്തു: വാറുണ്ണി മാഷ്ടെ സെന്റ് മേരീസ് എൽ.പി.സ്‌കൂളിന്റെ പിന്നാമ്പുറത്ത് പുണ്യവാളന്റ കുളത്തിന്റെ കരയിൽ മദിരാശി ഈന്തമരത്തിന്റെ ചുവട്ടിൽ തന്നെ അമ്മ കാത്തു നിൽക്കുന്നു. അയാളെ അടുത്തു പിടിച്ച് മുടിയിൽ വിരലാടിച്ച് അവർ ചോദിക്കുന്നു: "ഇന്ന് എന്താർന്നു, ചോറിന് അച്ഛമ്മ തന്നയച്ച കൂട്ടാൻ?'

അയാൾ മറുപടി പറയാറില്ല. തെല്ലു കുതറി മാറി നിൽക്കും. അവിടെന്ന് വേഗം ക്ലാസിലേക്ക് പോകണമെന്നായിരുന്നു ആഗ്രഹം. അമ്മയുടെ മണം അയാൾക്ക് ഇഷ്ടമായിരുന്നില്ല. അയാൾക്ക് പരിചയമുള്ള മണമാണത്. മണ്ണാന്തുരുത്തിലെ കുടിലിന്റെ മണം. അത് കണ്ടൻകുട്ടിയാശാൻ അവിടെ തൂക്കിയിട്ടിരുന്ന ചെണ്ടക്കുറ്റിയിലെ മരുന്നുകളുടെ മണമാവാം. അല്ലെങ്കിൽ കോൾപ്പാടത്തെ കണ്ടത്തിലെ ചേറിന്റെ മണം.

"അവനോനെ പൊലീസു പിടിക്കണ പോലെ അല്ല ചേട്ടാ മക്കളെ പൊലീസുപിടിക്കണത്. നിങ്ങ ആണുങ്ങക്ക് അത് മനസ്സിലാവില്ല. പെറ്റ വയറാണ്. പതയ്ക്കും. ദിമിത്രി ജെയിലീക്കെടക്കുമ്പൊ എങ്ങന്യാ വെല്യേച്ചിക്ക് അന്നം എറങ്ങ്വാ?'

മണ്ണാന്തുരുത്തിൽ അന്നത്തെ കുട്ടിക്കാലത്ത് പ്രധാന കളി തോറ്റം കഴിക്കലായിരുന്നു. പാടത്തെ തോട്ടിൽ പോയി പല നിറത്തിലുള്ള മണ്ണു കൊണ്ടുവരും. മണ്ണ് അരയ്‌ക്കേണ്ട പണി ഈ ദേവുവിനായിരുന്നു. അവൾ അത് സന്തോഷത്തോടെ ചെയ്യും. അരച്ച മണ്ണ് ഉണക്കിയിട്ടാണ് കളം വരയ്ക്കുക. പൂജയും തുള്ളലും കളംമായ്ക്കലും ഉണ്ട്. ശരിക്കും ബാധകയറിയ പോലെയാണ് ശിവരാമൻ നിന്നു തുള്ളുക.

ശിവരാമൻ പിന്നെ ആ വഴി തന്നെ തുടർന്നു. വാദ്യം, തോറ്റം, കളമെഴുത്ത്, പാട്ട്. അങ്ങനെ ജീവിതം മെല്ലെ പച്ചപിടിച്ചു. ഒരു മകനുള്ളത് എഞ്ചിനീയറിംഗ് പാസ്സായി ഡൽഹിയിലോ മുംബെയിലോ ആണ്. ദേവുവിന്റെ മകൾ സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്.

"ജെയിലിൽ ചെന്നപ്പൊ പൊലീസുകാര് ദിമിത്രിനെ വല്ലാണ്ട് ഉപദ്രവിച്ചോ?'
ശിവരാമൻ ചോദിച്ചു."ഇല്ല.' അയാൾ പറഞ്ഞു.

"ഭാഗ്യം. ഞാൻ കേട്ടേക്കണ് ജയിലില് ഒരുവക നടയടിണ്ടെന്ന്. ഗേറ്റു കടക്കുമ്പൊത്തന്നെ ഇട്ടു ചവിട്ടിക്കൂട്ടുംന്നാ. കണ്ടൻകുട്ടി വെല്യച്ഛനെ പൊല്ലീസു പിടിച്ച കഥ മ്മള് കൊറേ കേട്ടട്ടുണ്ടല്ലോ. വീട്ടീക്കെടന്ന് ഒറങ്ങുമ്പഴാ വന്നു പിടിച്ചത്. അന്ന് കല്ലടത്തുരുത്തില് ആരോമലുണ്ണിച്ചേട്ടന്റെ വീട്ടില് പാർട്ടി നേതാക്കന്മാര് ഒളിവില് താമസിക്കുണുണ്ട്. വിവരം കിട്ടി പൊലീസ് പാഞ്ഞു വന്നു നോക്ക്യേപ്പാ അവടെ ആരൂല്യ. ഒറ്റുകാര് വന്നു പറഞ്ഞു. ഇവടെ ഒരു ഒടിയനുണ്ട്. കണ്ടൻകുട്ടീന്ന് പറയും. അവന്റെ മന്ത്രവാദാ ഇത്. അപ്രത്യക്ഷാക്കീരിക്ക്യാണ്. അച്ചുതമേന്നും പി.ഗംഗാധരനും പശുക്കളടെ രൂപത്തിലാണ് തണ്ണിച്ചെറപ്പാടം കടന്നത്.'

"അന്ന് മുരിയാട് തോറ്റം കഴിഞ്ഞ് വെല്യച്ചൻ വന്നു കെടന്നൊറങ്ങ്വാ. പൊലർച്ച നേരത്ത് മിറ്റത്ത് വെല്യ വെളിച്ചം. ശങ്കുണ്ണി ഇൻസ്‌പെക്ടര് മിറ്റത്ത് നിന്ന് അലറി: "വാതല് തൊറക്കടാ, ഒടിയാ.'

"ആദ്യത്തെ ചോദ്യം: പി.ഗംഗാധരൻ ഏടെക്ക്യാണ്ടാ പോയത്? പിന്നെ അടി, ചവിട്ട്. വെല്യച്ചൻ മിറ്റത്ത് മൂക്കുകുത്തി വീണു. കയ്യും കാലും കെട്ടീറ്റാ ജീപ്പിലിട്ട് കൊണ്ടോയത്. ഒരാഴ്ച കഴിഞ്ഞട്ടാ വിട്ടേ.'

ശിവരാമൻ പറഞ്ഞു:"വെല്യച്ചന്റെ തനി രൂപാണ് ദിമിത്രിക്ക്. ആ എകരം. അങ്ങനത്തെ കഴുത്തുപിടുത്തം. പൂർവ്വികരടെ രക്തം നമ്മടെ ശരീരത്തിലിണ്ടാവും. വാദ്യത്തിന് നിക്കുമ്പൊ എന്റെ മനസ്സിലിക്ക് വെല്യച്ചൻ വരും. കഴിഞ്ഞാഴ്ച കുറുമ്പക്കാവില് പഞ്ചവാദ്യം കഴിഞ്ഞപ്പൊ അവടത്തെ കാർന്നോര് ഇനിക്കൊരു ഓണപ്പെടവ തന്നു. അദ്ദേം പറഞ്ഞു: കണ്ടൻകുട്ടിയാശാന്റെ കൈവഴക്കം. അതേ നിൽപ്പ്. അതു കേട്ടപ്പൊ ന്റെ കണ്ണു നെറഞ്ഞു.'

കുടിലിന്റെ ഇറയത്തിരുന്ന് കണ്ടൻകുട്ടിയാശാൻ ചെണ്ട മുറുക്കുന്നത് ദിമിത്രി കണ്ടു. പാടത്ത് കൊയ്യാറായ സമയമാണ്. വരമ്പിലൂടെ അദ്ദേഹം നടന്നു പോകുമ്പോൾ കാറ്റുവീശി. നെല്ല് താളത്തിൽ ചാഞ്ചാടി.

ശിവരാമൻ പഴമ്പുരാണം തുടരുകയാണ്.
"ഞാൻ ചോദിക്കലുണ്ട് വെല്യച്ചനോട്. അന്ന് പൊലീസു ലോക്കപ്പില് ചെന്നട്ടും തല്ലു കിട്ട്യോ? അപ്പൊ വെല്യച്ചൻ ചിരിക്കും. അരീത്ത് വെച്ച ചെണ്ടേമ്മൽ കയ്യോണ്ട് ഒന്നു മുട്ടും. ന്നട്ട് പാടും:"വാഴുക വാഴുക നല്ല വടക്കും കൊല്ലം വാഴുക, വളർമരുതേ കണ്ട നല്ല ചോഴിയൻ നാട്. ചോഴിവൻ ചോഴിവൻ നല്ല ചോഴിക പടവിടേ ചൊല്ലി വിളക്കും നിറപറ വെച്ച് അടിയൻ സ്തുതിച്ചുപാടുന്നേ.'

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments