ചിത്രീകരണം: ഇ. മീര

കച്ചേരി ബംഗ്ലാവ്

പത്ത്: കച്ചേരി ബംഗ്ലാവ്

ർക്കാർ സേവനത്തിന്റെ മുപ്പതാമത്തെ വർഷത്തിലാണ് ദിമിത്രി കാട്ടൂർക്കടവിലെ കച്ചേരി ബംഗ്ലാവിലേക്ക് സ്ഥലം മാറി വരുന്നത്. അതുവരെ പാലക്കാടും മലപ്പുറത്തുമുള്ള വിവിധ ബ്യൂറോകളിലും തൃശൂരെ റീജിയണൽ ആപ്പീസിലുമായി അയാൾ ജോലി ചെയ്തു. സ്വന്തം നാട്ടിൽ ആപ്പീസുണ്ടായിട്ടും അവിടേക്കുള്ള സ്ഥലം മാറ്റത്തിന് അയാൾ ഒരിക്കലും അപേക്ഷിച്ചിരുന്നില്ല. നാട്ടിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് അയാൾ ചില സമയത്ത് ആലോചിച്ചിരുന്നു. ഒരു നിലക്ക് അത് നല്ലതാണ്. അതേസമയം ചീത്തയും. പിന്നീട് ആപ്പീസിലെ ഒരു ഉദ്യോഗസ്ഥയെ വിവാഹം ചെയ്തപ്പോൾ അത്തരം ആലോചനകൾ നിലച്ചു.

"മാസം മുഴുവൻ ടൂർ പ്രോഗ്രാം ഉള്ള ഒരു ഓഫീസറാണ് ഞാൻ. എനിക്കവടെ കാട്ടൂർക്കടവിലെ കുഗ്രാമത്തിലൊന്നും വന്ന് താമസിക്കാൻ പറ്റില്ല.'
ഭാര്യ പറഞ്ഞു.

അവിചാരിതമായാണ് ട്രാൻസ്ഫർ ഓർഡർ വന്നത്. റീജിയണൽ ആപ്പീസിലെ സഹപ്രവർത്തകർ അയാളെ അഭിനന്ദിച്ചു. ഓഫീസ് സൂപ്രണ്ട് ഒരു ജയരാമൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു:

"ഭാഗ്യമാണ്. സ്വന്തം നാട്ടിലേക്കാണെന്ന് മാത്രല്ല വിശേഷം. നല്ല കൈരാശിയുള്ള ആപ്പീസാണത്. അവടത്തെ ഡോക്കുമെന്റ് റൈറ്റേഴ്സും റിയൽ എസ്റ്റേറ്റുകാരും ഒരുവിധം സത്യള്ളവരാണ്. എടത്തട്ട് കുറവുണ്ട്. കക്ഷികളീന്ന് പിരിക്കണ കാശ് മുക്കാൽ പങ്കും നമ്മക്കു തരും. ഞാൻ വീടു പണികഴിപ്പിച്ചത് അവടെ യു.ഡി.ക്ലർക്കായി ഇരിക്കുമ്പഴാണ്.'

ദിമിത്രി ഇപ്പോൾ യു.ഡി.ക്ലർക്കാണ്. ഉദ്യോഗക്കയറ്റത്തിനുള്ള ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ പാസ്സാവാത്തതുകൊണ്ട് അയാൾ താഴ്ന്ന തട്ടിലെ ഉദ്യോഗസ്ഥനായി തുടരുന്നു. പലപ്പോഴും അയാൾ ടെസ്റ്റുകൾക്ക് യഥാസമയം അപേക്ഷിച്ചിരുന്നില്ല. അപേക്ഷിച്ച പലസന്ദർഭങ്ങളിലും പരീക്ഷകൾക്ക് പോയിരുന്നില്ല. പോയിരുന്ന ഘട്ടങ്ങളിൽ പാസ്സായതുമില്ല. ഉള്ളിലൊരു ചിരിയോടെ അയാൾ ആലോചിക്കും: എന്തിനാണ് ടെസ്റ്റുകൾ പാസ്സാകുന്നത്? എന്തിനാണ് ഉദ്യോഗക്കയറ്റം? ആപ്പീസിന്റെ ഏതെങ്കിലും മൂലയിൽ ഒരു പകർപ്പു ഗുമസ്തനായി കുനിഞ്ഞിരിക്കുന്നതിൽ അയാൾ സംതൃപ്തി കണ്ടെത്തിയിരുന്നു.

"ഭാര്യ സാമാന്യം ഉയർന്ന പദവിയിലിരിക്കെ ഇങ്ങനെ ഒരു പകർപ്പുഗുമസ്തനായി തുടരാൻ നിങ്ങൾക്ക് നാണക്കേടു തോന്നുന്നില്ലേ?'
ചിലസമയത്ത് അയാൾ തന്നോടു തന്നെ ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള മറുപടിയെന്നോണം സദാസമയവും വാശിയോടെ അയാൾ രേഖകൾ പകർത്തിക്കൊണ്ടിരുന്നു. ബയന്റുചെയ്ത അതിപുരാതന വാല്യങ്ങളിൽ നിന്നാണ് പകർത്തേണ്ടത്. കൃത്യമായി വെട്ടിയെടുത്ത ഇളംനീല ബൗണ്ട് പേപ്പറിൽ മഷിപ്പേന കൊണ്ട് എഴുതണം. ആദ്യമൊക്കെ ഒരു കണ്ണ് ബയന്റ് വാല്യത്തിലും ഒരു കണ്ണ് എഴുതുന്ന കടലാസിലും മാറി മാറി സഞ്ചരിച്ചിരുന്നു. പിന്നെ അതിന്റെ ആവശ്യമില്ലാതായി. ഒറ്റനോട്ടത്തിൽ തന്നെ പകർത്തേണ്ടതു മുഴുവൻ കണ്ണിൽ പതിയും. പഴയകാലത്തെ ഉടമ്പടികളും പ്രമാണങ്ങളുമാണ്. എന്താണ് പകർത്തുന്നത് എന്ന് പകർപ്പുഗുമസ്തൻ തിരിച്ചറിയുക പതിവില്ല. അക്ഷരങ്ങൾക്കും വാക്കുകൾക്കും വരികൾക്കുമപ്പുറത്ത് യാതൊന്നും അയാൾ കാണുകയില്ല. തെറ്റു വന്നാൽ അതിനു കുറുകെ വരച്ച് ഇരുഭാഗത്തും ചുരുക്കൊപ്പ് ചാർത്തി നമ്പറിടുന്നു. എത്ര തെറ്റുകൾ ഉണ്ടെന്ന് അവസാനം യാഥാസ്ത് എഴുതി സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. വെട്ട് (12), തിരുത്ത് (7). അല്ലെങ്കിൽ വെട്ടുതിരുത്തില്ല എന്നെഴുതും.

എഴുത്തുപകരണങ്ങൾ മേശവലിപ്പിൽ കൃത്യമായി സൂക്ഷിക്കപ്പെട്ടിരുന്നു. മഷിപ്പാത്രം. പേനകൾ. ഒപ്പുകടലാസ്. മഷി തുടക്കാനുള്ള തുണികൾ. റബ്ബർ, ബ്ലേഡ്. രേഖകൾ പകർത്താനുള്ള സ്കാനറുകൾ വന്ന സമയത്ത് ദിമിത്രി തെല്ലു പരിഭ്രമിച്ചിരുന്നു. താൻ ഇനി എന്തു ചെയ്യും? സാമാന്യം വലുപ്പമുള്ള ഒരു യന്ത്രമായിരുന്നു അത്. അതിന്റെ പ്രകാശിക്കുന്ന കണ്ണുകൾ നിവർത്തി വെച്ച ബുക്കിലേക്ക് ഒരു ക്രെയിൻ പോലെ താഴ്ന്നു വന്നു. ഒരു സെക്കന്റുകൊണ്ട് പകർപ്പിന്റെ പ്രിന്റ് വരുന്നു. തെല്ല് ഭയപ്പാടോടെയാണ് ദിമിത്രി ആ യന്ത്രത്തെ നോക്കിയത്. അന്ന് അയാളുടെ ഇരിപ്പിടവും മേശയും അത് അപഹരിച്ചു.

തെരച്ചിൽ വിഭാഗത്തിലേക്കാണ് പിന്നീട് അയാളെ മാറ്റിയത്. ആ സമയത്ത് അവിടെ കംപ്യൂട്ടർ എത്തിയിരുന്നില്ല. കണ്ണു കഴക്കുവോളം അയാൾ ജോലി ചെയ്തു. സെറ്റിൽമെന്റ് രജിസ്റ്ററിലെ സർവ്വെ സബ്ഡിവിഷൻ നമ്പറുകൾ വെച്ച് സൂചകപത്രങ്ങൾ പരിശോധിച്ചു. ബയന്റ് വാല്യങ്ങളിലെ പ്രമാണങ്ങൾ കണ്ടെത്തി. അവ വായിച്ചു ബാധ്യതാ വിവരങ്ങൾ കുറിച്ചെടുത്തു സാക്ഷ്യപത്രം എഴുതി. പകുപ്പിനും ബാധ്യതാ സർട്ടിഫിക്കറ്റിനും അടക്കേണ്ട സർക്കാർ ഫീസ് എത്രയാണോ അതിന്റെ ഒരു മടങ്ങ് കൂടുതൽ മാത്രമാണ് ദിമിത്രി മാമൂലായി സ്വീകരിച്ചിരുന്നത്. അടിയന്തിരാവശ്യക്കാരിൽ നിന്ന് വേറെ ഒരു മടങ്ങുകൂടി ഈടാക്കും. ഏജന്റുമാർക്ക് ഇരുപത്തിയഞ്ചു ശതമാനം ഇളവ് നൽകിയിരുന്നു. അത് ഉചിതമായ നിരക്കാണെന്ന് എല്ലാവരും പറഞ്ഞു.

"സ്പീഡിന്റെ ആശാനാണ് ദിമിത്രി സാർ. സ്പീഡ് മണി കൊറച്ച് കൊടുത്താലെന്താ? അപേക്ഷിച്ച് ചൂടാറും മുമ്പ് സർട്ടിഫിക്കറ്റുകിട്ടും. ആർക്കും ഒരു പരാതിയും പരിഭവവും ഇല്ല.'
ഒരു ഏജന്റ് പറഞ്ഞു.
"ആൾക്കാർക്ക് കാര്യം നടക്കണം. അത്രേള്ളൂ. മോൾടെ കല്യാണത്തിന് ലോണെടുക്കാനാ ബാധ്യതാസർട്ടിഫിക്കറ്റിന്റെ ആവശ്യം. സംഗതി വേഗം കിട്ടണം. അപ്പൊ പറഞ്ഞ കാശ് കൊടുക്കും. വേറെ വർത്താനല്യ.'
"ചെല ഗുമസ്തമ്മാരുണ്ട്. രാഷ്ട്രീയക്കാരും നാട്ടുപ്രമാണികളും വന്ന് ശിപാർശ പറഞ്ഞാല് അവര് വേഗം കാര്യം നടത്തിക്കൊടുക്കും. ന്നട്ട് അതിന്റെ കാശും കൂടി മറ്റ് പാവങ്ങൾടെ കയ്യീന്ന് ഈടാക്കും. അങ്ങനത്തെ ചെറ്റത്തരാന്നും ദിമിത്രി സാറിനില്ല.'

യന്ത്രം പോലെയാണ് ദിമിത്രി ജോലി ചെയ്തിരുന്നത്. മൂത്രമൊഴിക്കാനും ഊണുകഴിക്കാനും വേണ്ടി മാത്രമേ സീറ്റിൽ നിന്ന് എഴുന്നേൽക്കാറുള്ളു. ആ സമയത്ത് അയാൾ മേശവലിപ്പ് താക്കോൽ ഉപയോഗിച്ച് പൂട്ടുന്നതിന്റെ "ക്ലെക്ക്' ശബ്ദം കേൾക്കുമായിരുന്നു. വല്ലപ്പോഴും ഫോണിലെ ഇന്റർനെറ്റുമാത്രമായിരുന്നു അയാളുടെ വിനോദം. ഒഴിവു കിട്ടിയാൽ അയാൾ ഫേസ്ബുക്ക് തുറക്കും. കെ.എന്ന എഴുത്തുകാരന്റെ പോസ്റ്റുണ്ടെങ്കിൽ അതിനു താഴെ കമന്റ് എഴുതും.

ദിമിത്രി കാട്ടൂർക്കടവ് കച്ചേരി ബംഗ്ലാവിലേക്ക് സ്ഥലംമാറി വരുന്ന സമയത്ത് കെ. എന്ന എഴുത്തുകാരൻ ഉദ്യോഗം വിട്ടിരുന്നു. ലാന്റ് റിക്കാർഡ്സ് ഡിപ്പാർട്ടുമെന്റിൽ നിന്നും അദ്ദേഹം വോളണ്ടറി റിട്ടയർമെന്റ് എടുക്കുകയായിരുന്നു. കൂടുതൽ സാഹിത്യസേവനത്തിനായി ഉദ്യോഗം വിടുന്നു എന്നാണ് പ്രഖ്യാപിച്ചത്. ആ വിവരം ചില പത്രങ്ങളിൽ വന്നിരുന്നു. വിരമിക്കലിനെക്കുറിച്ച് ഒരു പത്രമെഴുതിയത്: "കൈ നനയാതെ റിക്കാർഡാപ്പീസിൽ ഇരുപത്തേഴു വർഷങ്ങൾ' എന്നാണ്. കൈക്കൂലി വാങ്ങിക്കാത്ത വിശുദ്ധൻ എന്നാണ് സൂചന. പത്രം വിവരിച്ചു: "തൂണുപോലും കൈക്കൂലി വാങ്ങുന്നു എന്നു പ്രസിദ്ധമായ ലാന്റ് റിക്കാർഡ്സ് വകുപ്പിൽ നിന്നും സ്വന്തം നിലക്ക് പിരിയുമ്പോൾ ആത്മസംതൃപ്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ.'

സാഹിത്യരചനക്കു വേണ്ടിയാണ് പിരിയുന്നതെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും താമസിയാതെ കെ. മറ്റൊരു ഉദ്യോഗത്തിൽ ചേരുകയാണുണ്ടായത്. ഇടതുപക്ഷമാണ് അന്ന് സംസ്ഥാനത്ത് ഭരണത്തിൽ. അവർ അദ്ദേഹത്തെ കൾച്ചറൽ അഡ്വൈസറി കൗൺസിലിന്റെ ഡയറക്ടറാക്കി. കാറും ഡ്രൈവറും അലവൻസുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ മനസ്സില്ലാ മനസ്സോടെയാണ് താൻ പുതിയ ഉദ്യോഗം സ്വീകരിക്കുന്നതെന്ന് കെ.വെളിപ്പെടുത്തി. ജീവിതത്തിലെ വലിയൊരു കാലം സർക്കാർ കസേരയിലിരുന്ന് മരത്തടിയായി മാറിയിരിക്കുന്നു. ഇനിയുള്ള കുറച്ചുസമയം കൊണ്ട് ജൈവാവസ്ഥ വീണ്ടെടുക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ കമ്മിറ്റ്മെന്റുകൾ അതിന് അനുവദിക്കുന്നില്ല. തന്റെ സേവനംകൊണ്ട് ഇന്ത്യയിലെ തന്നെ വ്യത്യസ്തമായ ഒരു ഇടതു ബദൽ സർക്കാരിന് തെല്ലെങ്കിലും ഗുണമുണ്ടായാൽ അതു നന്നല്ലേ എന്നു തോന്നി എന്ന് അദ്ദേഹം എഴുതി.

കൗൺസിൽ ഡയറക്ടർ പദവിയിൽ എത്തിയതോടെ കെ. സാഹിത്യരചന ഏതാണ്ടും ഉപേക്ഷിച്ചു എന്നു പറയാം. എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അത് നവമാധ്യമങ്ങളിലായി മാറി. അവിടെയാകട്ടെ സാഹിത്യകാരൻ എന്ന നിലക്കുള്ള സംയമനവും മാന്യതയും കൈവിട്ട് അദ്ദേഹം ഒരു തികഞ്ഞ രാഷ്ട്രീയ പ്രചാരകനായി മാറി. വായനക്കാർ അത്ഭുതപ്പെട്ടു. "ന്യായീകരണത്തൊഴിലാളി' എന്ന് ആളുകൾ ആക്ഷേപിച്ചു. ഓർമ്മയും ചിന്തയും കാഴ്ചയും എല്ലാം തന്റെ രാഷ്ടീയപാർട്ടിയെ സഹായിക്കുന്ന വിധമാണ് അദ്ദേഹം ആവിഷ്ക്കരിച്ചത്.

ദിമിത്രി കാട്ടൂർക്കടവിലെ കച്ചേരിയിൽ ജോയിൻ ചെയ്ത ദിവസം കെ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തണ്ണിച്ചിറ കോൾപടവിലെ മീൻപിടുത്തത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. ഒരു ഓർമ്മക്കുറിപ്പുപോലെ അതു തുടങ്ങുന്നു:"നെല്ലിനും മീനിനും ഇടയിൽ ജനിച്ചു വളർന്ന ഒരാളാണ് ഞാൻ. ഞങ്ങളുടെ കോൾപ്പാടത്ത് ഒരുപാട് ചിറകളും കുളങ്ങളും തോടുകളുമുണ്ട്. പലകാലത്തും പലമട്ടിലാണ് ഇവിടത്തെ മീൻപിടുത്തം. മലവെള്ളം കയറി വരുന്ന കാലത്ത് ഏറ്റുമീൻ. ഇത്തിരി വെള്ളത്തിൽ കിടന്നുഴക്കുന്ന വലിയ മീനുകളെ വായ്ക്കത്തി കൊണ്ട് വെട്ടിപ്പിടിക്കും. സെപ്തംബർ ഒക്ടോബർ മാസത്തിലാണ് ഒന്നാം പൂവ് കൃഷി ചെയ്യുന്നതിനു വേണ്ടി പമ്പ്സെറ്റ് വെച്ച് വെള്ളം വറ്റിക്കുക. അക്കാലത്ത് പരൽമീൻ വിപ്ലവമാണ്. വേനൽക്കാലത്ത് കുളം വറ്റിച്ചു പിടുത്തം. അങ്ങനെ ഞാൻ ഒരു മത്സ്യപ്രിയനായി.

കുട്ടിക്കാലത്ത് എല്ലാതരം മീൻപിടുത്തങ്ങളിലും ഞാൻ പങ്കാളിയാവാറുണ്ട്. ചേറിൽ പൂഴ്ന്നു കിടക്കുന്ന കടു എന്നൊരു മീനുണ്ട്. അവൻ അക്രമണകാരിയാണ്. കൊമ്പുകൊണ്ട് ഒരു കുത്തു കിട്ടിയാൽ കടച്ചിൽ ഒരു ദിവസം മുഴുവൻ നിൽക്കും. എനിക്ക് അനുഭവമുണ്ട്. ഇത്തവണ ഓണം കഴിയുന്ന കാലത്ത് നാട്ടിൽ പോയി വരാലും പൊടിമീനുകളും പൊരിച്ചു തിന്നാമെന്ന് ഓർത്തിരിക്കുകയായിരുന്നു. എന്റെ ദൈവമേ, പശു എന്നപോലെ മത്സ്യാവതാരങ്ങളും ഭക്ഷണമല്ലാതാവുന്ന കാലമാണോ വരാൻ പോകുന്നത്?'

ഓർമ്മകളെ രാഷ്ട്രീയായുധമാക്കുകയാണ് അദ്ദേഹം. ആ പോസ്റ്റിനടിയിൽ ഡി.കാട്ടൂർക്കടവ് എന്ന പേരിൽ ദിമിത്രി കമന്റെഴുതി. ഒരു ചോദ്യമായിരുന്നു: "അവാർഡുകളും പദവികളും സ്ഥാനങ്ങളും വലവീശിപ്പിടിക്കാൻ അങ്ങനെയാണോ താങ്കൾ പരിശീലിച്ചത്?'

എഴുതിയത് വായിച്ചു നോക്കി ദിമിത്രി ചിരിച്ചു. അതുകണ്ട് കാട്ടൂർക്കടവിലെ റിക്കാർഡാപ്പീസർ ശിവാനന്ദൻ ചോദിച്ചു:
"എന്താ ദിമിത്രിസാർ ചിരിക്കുന്നത്? നാട്ടിലെത്തിയതിൽ സന്തോഷമുണ്ട് അല്ലേ?'
ദിമിത്രി മറുപടി പറഞ്ഞില്ല.

പഴയ കൊച്ചിരാജ്യത്തെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിൽ ഒന്നാണ് കച്ചേരി ബംഗ്ലാവ്. സർ പെരുങ്കാവൂർ രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് പണിതു തുറന്നുകൊടുത്തതിന്റെ മാർബിൾ ഫലകം ഇപ്പോഴും ചുമരിലുണ്ട്. ഈ കെട്ടിടത്തിന്റെ മാതൃകയിലാണ് പിന്നീട് റോബർട്ട് സായിപ്പ് ബോട്ടുബംഗ്ലാവും കറുപ്പയ്യസ്വാമി കൊളംബ് ബംഗ്ലാവും പണികഴിപ്പിച്ചത്. തെങ്ങും മാവും നിറഞ്ഞ ഒരു പറമ്പിന്റെ ഒത്ത നടുക്കാണിത്. കാനോലിക്കനാലിന്റെ തീരത്തെ ഈ ഭാഗത്തെ കച്ചേരിക്കടവ് എന്നു പറയാറുണ്ട്.

പണ്ട് പുഴയിലേക്കായിരുന്നു ബംഗ്ലാവിന്റെ പൂമുഖം. ഇപ്പോൾ അവിടം അടച്ചുകെട്ടി എതിർഭാഗത്തെ റോഡ് വക്കിലേക്ക് ഒരു നീട്ട് എടുത്തിട്ടുണ്ട്. കനാലിൽ നിന്നുള്ള വെള്ളപ്പൊക്കത്തെ ഭയന്നാവണം അസാമാന്യ തറയുയരമാണ്. ഇരുനിലമാളിക. ഇഷ്ടിക പാകിയ വലുപ്പമുള്ള ചുറ്റുവരാന്തകൾ. പിടിച്ചാൽ പിടിയെത്താത്ത വട്ടത്തൂണുകളാണ്. വരാന്തയിൽ ആ തൂണുകളിൽ ചാരി സ്ഥിരംസാക്ഷികളായ കൊട്ടിലാക്കൽ മുഹമ്മദും പൂമഠത്തിൽ കുഞ്ഞിരാമൻനായരും ഇരിക്കും. മുഹമ്മദ് സദാ ബീഡി വലിക്കും. കുഞ്ഞിരാമൻനായർക്ക് മുറുക്കാണ്. അയാൾ ഇരിക്കുന്ന പരിസരത്തു മുഴുവൻ മുറുക്കാൻ തുപ്പൽ ഉണ്ടാകും.

രണ്ടുഭാഗങ്ങളാണ് റിക്കാർഡാപ്പീസിനുള്ളത്. ആപ്പീസറും ഗുമസ്തന്മാരും ഇരിക്കുന്ന ഒരു ഹാൾ. അവിടെ ഉയർന്ന തട്ടിൽ മരയഴികൾക്കകത്തെ ഒരു ഡയസിനകത്താണ് ആപ്പീസർ ഇരിക്കുന്നത്. അതുകൊണ്ട് താഴെ നിൽക്കുന്ന അപേക്ഷകരും കക്ഷികളും കാര്യങ്ങൾ ഉറക്കെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടി വരും. റിക്കാർട്ടാക്കലിനു മുമ്പായി കോടതിമട്ടിൽ ചെറിയൊരു വിചാരണയുണ്ട്. സമർപ്പിക്കുന്ന കരണത്തിലെ പ്രധാനഭാഗം ആപ്പീസർ ഉറക്കെ വായിക്കും:
"പോക്കുവരവു ചെയ്ത് പട്ടയംപിടിച്ച് പടികരം തീർത്ത് വിക്രയാദി സർവ്വസ്വതന്ത്രാവകാശ സഹിതം അടക്കി അനുഭവിച്ചു വരുന്നതും ഏതുവിധമായ കരണങ്ങൾ ചമക്കുന്നതിന് പൂർണ്ണാധികാരമുള്ളതുമായ അളന്നു തിരിച്ച പട്ടികവഹകൾ മുപ്പത്താറ് സെന്റ് പുരയിടവും ഓടുമേഞ്ഞ പുരയും കുഴിക്കൂറ് ചമയങ്ങളും മച്ചാട്ട് സുന്ദരിയമ്മ മകൻ രമേശൻ നായർക്ക് എഴുതി കൊടുക്ക്വാണ്. പത്തരലക്ഷം രൂപ ആ വകയിൽ കൈപ്പറ്റി. ശരിയല്ലേ? രേഖ റിക്കാർഡാക്കാൻ സമ്മതല്ലേ?'
"അതെ, സമ്മതമാണ്.'
വഹകൾ എഴുതിക്കൊടുക്കുന്നയാൾ ഉറക്കെ വിളിച്ചു പറയണം. പരിഭ്രമിച്ചു നിൽക്കുന്ന കക്ഷികൾക്ക് ധൈര്യം നൽകിക്കൊണ്ട് സാക്ഷികളും ആധാരമെഴുത്തുകാരും അടുത്തുണ്ടാവും. വിരൽപ്പതിപ്പെടുക്കാനും അവർ സഹായിക്കും. കൈ ആദ്യം മഷിത്തട്ടിൽ വെക്കണം. ശിപായി രാമഭദ്രൻ ആ വിരൽ പിടിച്ച് ആധാരത്തിലും വിരൽപ്പതിപ്പ് പുസ്തകത്തിലും അമർത്തി ഉരുട്ടും.

ആപ്പീസിലെ മറ്റൊരു ഭാഗം രേഖാ സൂക്ഷിപ്പു മുറിയാണ്. അതിനകത്ത് വെളിച്ചമില്ല. ഇലക്ട്രിക് വിളക്കുകൾ ഘടിപ്പിച്ചാൽ അതുവേഗം തകരാറാകുന്നതാണ് അനുഭവം. നീണ്ട വരിയൊപ്പിച്ചു കിടക്കുന്ന ഒരുപാട് മരറാക്കുകളാണ്. അവയിൽ പ്രമാണങ്ങൾ പകർത്തിയ ഭീമാകാരമായ ബയന്റ് വാല്യങ്ങൾ കുത്തനെ അടുക്കടുക്കായി സൂക്ഷിച്ചിരിക്കുന്നു. റാക്കുകൾക്കിടയിൽ ഒരാൾക്ക് നടന്നു പോകാനുള്ള വഴികളുണ്ട്. വർഷങ്ങൾ അനുസരിച്ചാണ് വാല്യങ്ങളുടെ ക്രമീകരണം. സമീപവർഷങ്ങളിൽ നിന്ന് പഴയതിലേക്ക്. എൺപതുകൊല്ലം പിന്നിട്ടാൽ പിന്നെ കൊല്ലവർഷമാണ്. മലയാള അക്കങ്ങൾ. ചങ്ങലയക്ഷരങ്ങൾ. വട്ടെഴുത്ത്. കോലെഴുത്ത്. താളിയോലകൾ. അതുവിട്ടാൽ പിന്നെ ഒരെത്തും പിടിയും കിട്ടാത്ത ഒരു പാട് ഗ്രന്ഥക്കെട്ടുകൾ. ആരും അതൊന്നും മറിച്ചു നോക്കാറില്ല. ഭയങ്കര പൊടിയാണ്. വർത്തമാനത്തിൽ നിന്ന് ചരിത്രത്തിലേക്കും പിന്നെ ചരിത്രാതീതത്തിലേക്കും. പിന്നെ സർവ്വത്ര ഇരുട്ട്. കാലത്തിന്റെ അങ്ങേപ്പുറമാണ്. അവിടെ മറ്റൊരു ഗന്ധമാണ്. ഇരുട്ടും നനവുമുണ്ട്.

പഴയ വാല്യങ്ങൾ തുകൽ ബയന്റിട്ടതാണ്. ഇപ്പോഴത്തേത് പച്ച മഞ്ഞ ചുവപ്പ് നിറങ്ങളിൽ കാലിക്കോ ചെയ്തിരിക്കുന്നു. പ്രാചീനകാലം മുതൽക്കുള്ള ഭൂമി കൈമാറ്റരേഖകളും കരാർ ഉടമ്പടികളും മരണപത്രങ്ങളും ഭാഗാധാരങ്ങളും വാടകചീട്ടുകളും പാട്ടക്കരാറുകളും അങ്ങനെ സൂക്ഷിച്ചിരിക്കുന്നു. ചിമ്മിണി വിളക്ക് കത്തിച്ചിട്ടാണ് ശിപായി രാമഭദ്രൻ അതിനകത്തേക്ക് പ്രവേശിക്കുക. തിരച്ചിലിനുള്ള വാല്യങ്ങൾ അവൻ താങ്ങിക്കൊണ്ടുവന്ന് ദിമിത്രിയുടെ മുന്നിൽ വെക്കും. കിട്ടിയപാടെ ദിമിത്രി അതിലേക്ക് തലപൂഴ്ത്തും. വഹകളിലെ ബാധ്യതകളാണ് പരിശോധിക്കുന്നത്. പണയങ്ങൾ, എടക്കുടികൾ, കോർട്ടു നടപടികൾ. അതിവേഗം തിരച്ചിൽ നടത്തി ബാധ്യതാപത്രം എഴുതുന്ന ഗുമസ്തനാണെന്ന ഖ്യാതി ദിമിത്രിക്കുണ്ട്.

ഏതാണ്ട് ഉച്ചകഴിഞ്ഞ സമയമയത്ത് തെയ്യപ്പള്ളി മാധവൻ എന്ന കൽക്കത്താ മാധവൻ കച്ചേരി ബംഗ്ലാവിന്റെ ആപ്പീസ് ഹാളിലൂടെ വേച്ചു വേച്ച് നടന്നു ചെന്നു. മദ്യത്തിന്റെയും വിയർപ്പിന്റെയും രൂക്ഷമായ ഗന്ധം വന്നപ്പോൾ തുറന്നുവെച്ച വാല്യത്തിൽ നിന്ന് ദിമിത്രി മുഖമുയർത്തി. മാധവൻ വാർധക്യം കൊണ്ട് അവശനായിരുന്നു. മെലിഞ്ഞുണങ്ങിയ അയാൾ വളഞ്ഞു വീഴാതിരിക്കാനാവണം മേശമേൽ പിടിച്ചു നിന്നു. കറപിടിച്ച് മുഷിഞ്ഞ ഷർട്ടും പാന്റുമാണ്. കഷണ്ടിയിൽ ബാക്കിയുള്ള മുടി നരച്ചിട്ടുണ്ട്. പല്ലുകൾ ഒന്നും ഇല്ല. മാധവൻ ഒന്നും പറഞ്ഞില്ല. പകരം ദുർബ്ബലമായ ആ ശരീരത്തിന് താങ്ങാനാവാത്ത ശബ്ദത്തിൽ ഒന്നു പൊട്ടിച്ചിരിച്ചു.

ദിമിത്രി കാട്ടൂർക്കടവിലേക്ക് സ്ഥലം മാറി വരുന്നതിനു വളരെ മുമ്പുതന്നെ മാധവൻ നാട്ടിലെത്തിയിരുന്നു. നീണ്ടകാലം കൽക്കത്തയിൽ ആയിരുന്നതുകൊണ്ട് അയാൾ ഇപ്പോൾ കൽക്കത്താ മാധവനായി. ഏതാണ്ട് തൊണ്ണൂറിനടുത്ത് പ്രായമുണ്ട്.

കൽക്കത്താ മാധവൻ ചിരിച്ചു നിൽക്കുകയാണ്. പക്ഷേ പെട്ടെന്ന് അദ്ദേഹം ഗൗരവം പൂണ്ടു. ദിമിത്രിയോട് ആജ്ഞാപിച്ചു:
"നീയൊന്നു പൊറത്തിക്ക് എറങ്ങി വാ. ഇനിക്ക് നിന്നോട് ഗൗരവപ്പെട്ട ചെല വിഷയങ്ങൾ സംസാരിക്കാനുണ്ട്.'
അദ്ദേഹം വരാന്തയിലേക്കു നടന്നു. മനസ്സില്ലാതെ ദിമിത്രി എഴുന്നേറ്റ് അയാളെ പിന്തുടർന്നു. മാധവൻ പറഞ്ഞു:
"ആ പ്രമാണീല്ലേ? എന്ത്ന്നാ? കെ.എന്ന എഴുത്തുകാരൻ? അയാളുപ്പൊ തിര്വോന്തരത്ത് എന്താണ്ടൊരു കുന്ത്രാണ്ടം അല്ലേ? ഒരു കയ്യില് കൊടീം മറുകയ്യില് കത്തീം കൊണ്ട് പാർട്ടിക്ക് വേണ്ടി നടന്ന ആളാ ഈ മാധവൻ. അതവന് മനസ്സിലായിട്ടില്ല. ഈ സാഹിത്യണ്ടല്ലോ, ഒരു വക പൊകയാണ്. അതുകണ്ട് അള്വോള് വിസ്മയിക്കും. മനോബലം ഇല്ല്യാത്തോര്. ഒരു തേങ്ങേം ഇല്ല അതില്. ബംഗാളില് വെല്യ സാഹിത്യല്ലേ? നാടകം, സിനിമ. പിന്നെ പാട്ട്. ബാവുൽക്കാരുണ്ട് ഒരെനം. ഇന്നുപ്പൊ എന്താ അവടെ സ്ഥിതി?'

"ഈ കേ.ന്റെ അച്ഛനുണ്ടല്ലാ. രാജശേഖരൻ മാഷ്. ഞങ്ങളൊന്നിച്ചാ നടന്നേർന്നേ. കാറളത്തും ചെമ്മണ്ടേലും എളമ്പുഴേലും നടന്നേന് കയ്യും കണക്കൂണ്ടാ? നേരം പാതിര്യാവുമ്പൊ കണ്ട ചായപ്പീടികേലും കള്ളുഷാപ്പിലും പാലത്തിന്റെ കലുങ്കുമ്മലും കേറിക്കെടക്കും. അമ്പതില് വെള്ളാനിക്കുന്നത്ത് ഡാങ്കെ കോരന്റെ കുടിലില് അച്ചുതമേന്നെ കൊണ്ടാക്കി മടങ്ങുമ്പൊ പര്യേപ്പാടത്തു വെച്ച് പോലീസിനെക്കണ്ടു. രാത്രി മുഴ്വേ നും ഞങ്ങളും നെല്ലിന്റെ എടേല് ചെളിലാ കെടന്നത്. അറിയ്യോ? അമ്പത്തൊമ്പതില് വിമോചനസമരം കഴിഞ്ഞ് സർക്കാരിനെ പിരിച്ചുവിട്ടപ്പൊ ഇവടെ വിരുദ്ധരടെ വെളയാട്ടാർന്നു. ഈ മാധവന്റെ കൈക്കരുത്തുമ്മളാ ചെറുവത്തേരി വാര്യരും രാജനും ചന്ദ്രനും ഒക്കെ ബാക്കീണ്ടായത്.'

"ഇന്നലെ ഞാൻ കെ.എന്നവനെ ചെന്നു കണ്ടു. ഇതുപോലെ ഒരു നേരത്ത്. എരക്കാനൊന്നും ഞാൻ പോയില്ല. മിണ്ടാണ്ട് അവെടെ മിറ്റത്ത് നിന്നു. കേറി ഇരിക്ക്യാൻ പറഞ്ഞു അവൻ. ഇന്റെ തുണീല് അപ്പടി ചെളീണ്ട്, ഇരിക്കണില്ലാന്ന് പറഞ്ഞു. അപ്പൊ അവൻ അകത്തിക്ക് പോയിട്ട് നൂറിന്റെ ഒരു നോട്ട് കൊണ്ടന്ന് നീട്ടി. വെല്യ കാശല്ലേ നൂറു ഉർപ്പിക. നൂറു ഉറുപ്പ്യക്ക് ഇപ്പൊ എന്തൂട്ടാ കിട്ട്വാ. ഞാൻ ധർമ്മക്കാശ് മേടിക്കാനാ അവടെ പോയത്?'
കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന കാലത്ത് നാടുവിട്ടതാണ് മാധവൻ. അദ്ദേഹം പറഞ്ഞു: "രണ്ടു കാര്യങ്ങളാണ് അന്ന് ഞാൻ ആലോചിച്ചത്. ആത്മഹത്യ ചെയ്യണോ? നാടുവിടണോ?'
മാധവൻ വണ്ടി കയറി. എല്ലാവരും അന്ന് ബോംബെയിലേക്കാണ് യാത്ര. മാധവനും അവടെക്ക് പോയി. അവിടെന്നു പിന്നെ കൽക്കത്തയിലേക്ക്. നാൽപ്പത് കൊല്ലം ബംഗാളിൽ പലവിധ ജോലികൾ ചെയ്തു. ബർദ്ദാൻ, ദുർഗ്ഗാപ്പൂര്, ബെർഹാംപൂര് വരെ പോയി. കുറച്ചുകാലം അതിർത്തിക്കപ്പുറത്ത് ബംഗ്ലാദേശിലും ഉണ്ടായിരുന്നു. കൽക്കത്തയിൽ വെച്ച് പാർട്ടിയിൽ ചേരാൻ ശ്രമിച്ചു. ഫലിച്ചില്ല.
"നമ്മ മലയാളികളെ അവരുക്ക് വേണ്ട. അവരുക്ക് ബംഗാളികളല്ലാണ്ട് വേറെ ഒരു ലോകോല്യ.'

ബൂർഷ്വാ പാർലിമെന്ററി ഡെമോക്രസി ഒരു ജീർണ്ണസംഭവമാണ് എന്ന പാഠമാണ് മാധവൻ ബംഗാളിൽ നിന്നു പഠിച്ചത്. മുപ്പതു കൊല്ലമൊക്കെ അതിൽ മുങ്ങിക്കിടന്നാൽ മനുഷ്യനും പാർട്ടിയുമൊക്കെ ദ്രവിക്കും. ആത്മകഥയിൽ എ.കെ.ജി. എഴുതിവെച്ച ഓർമ്മപ്പെടുത്തലൊക്കെ എല്ലാവരും മറന്നു. എഴുപതിൽ മാധവൻ ചെല്ലുന്ന കാലത്ത് കൽക്കത്താ നഗരത്തില് എന്നും സമരങ്ങളാണ്. മിഡിൽ ക്ലാസ് ബാബുമാരാണ് സമരമുഖത്ത്. സർക്കാർ ഉദ്യോഗസ്ഥരാണ്. ആൾത്തിരക്കിനിടയിലേക്ക് പൊട്ടിവീണ പോലെ ഒരു ജാഥ ഉണ്ടാവും. ചുവന്ന കൊടിപിടിച്ച്. ഇടക്കൊരു തെരുവുനാടകം. രോഷത്തോടെ പാട്ടു പാടി ഗായകസംഘം നടന്നു പോകുന്നു. എല്ലാ കവലകളിലും മീറ്റിംഗ്. പ്രസംഗം. പണിമുടക്ക്. റാലി. എല്ലായിടത്തും ന്യൂസ് പ്രിന്റ് പേപ്പറിൽ ഇന്ത്യനിങ്കു കൊണ്ടെഴുതി ഒട്ടിച്ച പോസ്റ്ററുകൾ. ബാനറുകൾ.

"പോസ്റ്ററും ബാനറും വായിച്ചിട്ടാണ് ഞാൻ ബംഗാളി പഠിച്ചത്.'
മാധവൻ പറഞ്ഞു.

വിദൂര ഗ്രാമങ്ങളിൽ നിന്നും തൊട്ടടുത്ത ബിഹാറിൽ നിന്നും ഒറീസ്സയിൽ നിന്നും അതിർത്തിക്കപ്പുറത്തെ ബംഗ്ലാദേശിൽ നിന്നും ഗ്രാമീണരുടെ വലിയ ഒഴുക്കാണ് എന്നും കൽക്കത്തയിലേക്ക്. വീർപ്പുമുട്ടി നിൽക്കുന്ന നഗരം. ബാബുമാരും തൊഴിലാളികളും എന്നും രണ്ടു സമാന്തരപാതയിലായിട്ടാണ് സഞ്ചരിച്ചത്. രണ്ടായിരത്തിൽ മാധവൻ തിരിച്ചു മുംബെയിലേക്കു പോയി. അക്കാലമായപ്പോഴേക്കും ബംഗാളികളുടെ ജീവിതവും സ്വഭാവവും പാടെ മാറിയിരുന്നു. രാഷ്ട്രീയവും മാറി. അന്ന് നഗരത്തിൽ ഒരു ചുവന്ന കൊടിപോലും കാണാനുണ്ടായിരുന്നില്ല. കയ്യെഴുത്തു ബോർഡുകളില്ല. ബാനറില്ല. പ്രകടനങ്ങളും മീറ്റിംഗുകളുമില്ല. ഭരിക്കുന്നത് പാർട്ടി തന്നെ. സഖാക്കൾ റൈറ്റേഴ്സ് ബിൽഡിംഗിലും നാടകക്കാരും പാട്ടുകാരും രവീന്ദ്രസദനിലും ഇരുപ്പാണ്.

കുറേകാലം മാധവൻ മുംബെയിൽത്തന്നെ കഴിഞ്ഞു. സഹോദരിയുടെ മകന്റെ കൂടെ ഒരു ഒറ്റമുറി ഫ്ലാറ്റിലായിരുന്നു ജീവിതം. അസൗകര്യമായപ്പോൾ അവിടെന്ന് പോന്നു. ഇപ്പോൾ ഇവിടെ അനാഥപ്രേതം പോലെ നടക്കുന്നു. പുതിയ ഒരാൾക്കും അയാളെ അറിഞ്ഞുകൂടാ. അയാൾ പറയുന്നത് കേൾക്കാൻ ആർക്കും സമയമില്ല.
"ഒരു പ്രായം കഴിഞ്ഞാല് മനുഷ്യൻ മരിക്കണം. അല്ലെങ്കിൽ വെല്ല്യ പ്രശ്നാണ്.'
അയാൾ പറഞ്ഞു.

അയാളെ ആകെ പരിചയമുണ്ടായിരുന്നത് പി.കെ.മീനാക്ഷിക്കാണ്. അവർ പറഞ്ഞു:
"മാധവേട്ടാ, ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. കള്ളുകുടിച്ച് എന്റെ വീട്ടിൽ വന്നാൽ ഞാൻ തന്റെ ചെവിക്കുറ്റി അടിച്ചു പൊളിക്കും. മീനാക്ഷ്യാ പറയണ്. കൽക്കത്തേന്ന് ഒരു സുവിശേഷകൻ വന്നേക്കണ്. പുത്യേ പ്രത്യയശാസ്ത്രോം കൊണ്ട്.'

താൻ പറയുന്നത് കേൾക്കാൻ ആരുമില്ലാതായപ്പോൾ മാധവൻ തെരുവിൽ നിന്ന് പ്രസംഗിക്കാൻ തുടങ്ങി. വൃന്ദാവനം ബാറിൽ നിന്ന്
പുറത്തിറങ്ങി കാട്ടൂർക്കടവ് ചന്തയിലേക്കു നടക്കും തകർന്ന എട്ടുപടി പാലത്തിന്റെ പടവിൽ കയറി നിന്നാണ് പ്രസംഗം:
"പാർലിമെന്ററി ഡെമോക്രസി എന്ന പന്നിക്കൂട്ടിലാണ് എല്ലാവരും കെടക്കണത്. മൃഷ്ടാന്നഭോജനം കിട്ടും. എല്ലാത്തരം വെയിസ്റ്റും കിട്ടും തിന്നാനായിട്ട്. തീറ്റകഴിഞ്ഞ് പുറത്തിറങ്ങാൻ സമയല്യ. ഭരണത്തിലിരുന്ന് സമയാവുമ്പൊ വിപ്ലവം നടത്താംന്ന് വിചാരിക്കണവര് കമ്യൂണിസ്റ്റുകളല്ല, സോഷ്യൽ ഡെമോക്രാറ്റുകളാണ്. ഗറില്ലാ ഒളിപ്പോർ സംഘടനകളാണ് ഇന്ത്യക്ക് ആവശ്യം. യുവാക്കളെ, നിങ്ങൾ മുന്നോട്ടു വരണം. നിങ്ങൾക്ക് നേതൃത്വം നൽകാൻ ഈ കൽക്കത്താ മാധവൻ തയ്യാറാണ്. ലോകം കണ്ടവനാണ് ഈ ഞാൻ. ബി.ടി.ആറിന്റേം ഗോദാവരി പരുലേക്കറടേം ഒപ്പം ഞാൻ മഹാരാഷ്ട്രാ വർളീല് പോയിട്ടുണ്ട്. കൽക്കത്തയിൽ വെച്ച് റിവിഷണിസ്റ്റുകളെ ചോദ്യം ചെയ്ത ചരിത്രം ഉണ്ട്. പരമാവധി തോക്കുകൾ സംഘടിപ്പിക്കണം. ആയുധങ്ങളാണ് നമ്മടെ സമ്പത്ത്. ചൂഷകന്റെ ചോരയിൽ ചുവന്നു കൊണ്ടല്ലാതെ ഒരു പുലരിയും നാളിതുവരെ ഉണ്ടായിട്ടില്ല.''

കച്ചേരി ബംഗ്ലാവിന്റെ മുറ്റത്ത് വളർന്നു നിൽക്കുന്ന ബദാംമരത്തിന്റെ ചുവട്ടിൽ വെച്ച് മാധവൻ ദിമിത്രിയോടു പറഞ്ഞു:
"നിയ്യ് ഇനിക്ക് ഒരു അഞ്ഞൂറു രൂപ തരണം. ഇപ്പ നിന്റെ കയ്യില് കാശുണ്ടാവില്യാന്ന് ഇനിക്കറിയാം. വൈന്നേരം ഇവടത്തെ കൈക്കൂലിക്കാശ് പങ്കുവെക്കണ നേരാവുമ്പഴക്കും ഞാൻ വരാം. അപ്പൊ തന്നാ മതി. ഇവടന്ന് കിട്ടണ കാശൊക്കെ നിയ്യ് നന്നായിട്ട് മേടിച്ചോളണം. ഭരണവർഗ്ഗത്തിന്റെ സമ്പത്താ അത്. ആ സമ്പത്ത് കൊള്ളയടിക്കണം. അതൊരു വിധ്വംസക പ്രവർത്തനാണ്. നമുക്കത് വിപ്ലവ പ്രവർത്തനത്തിന് ഉപയോഗിക്കാം. വയ്യുന്നേരാവുമ്പൊ ഞാൻ വരും.'

"നിന്റെ അമ്മേനീം അച്ചനീം ഈ കച്ചേരി ബംഗ്ലാവീന്ന് മാലയിടീച്ച് പുല്ലാനിക്കാട്ടെ കൊളംബ് ബംഗ്ലാവിലിക്ക് കൊണ്ടുപോയ ആളാ ഈ ഞാൻ. നിയ്യ് അത് ഓർക്കണം. എന്റെ കയ്യില് അന്ന് കഠാരേണ്ടാർന്നു. കരുവാൻ കുഞ്ഞൻ തീർത്തു തന്നതാണ്. എടഞ്ഞാല് കുത്താൻ തന്ന്യാർന്നു പരിപാടി. അറിയ്യോ?'

"നിന്റെ അമ്മേനെ ബംഗ്ലാവിലാക്കീട്ടു പോരുമ്പൊ ഇനിക്ക് വെല്ലാണ്ട് ചങ്കിടിപ്പ്ണ്ടാർന്നു. നിന്റെ അച്ഛൻ ചന്ദ്രശേഖരനെ ഇനിക്ക് അറിയാലോ. ബ്രാല് പോലെ വഴുക്കണ കക്ഷ്യാണ്. പാർട്ടി തീരുമാനടുത്ത് പിടിച്ചപിട്യാലെ കൊണ്ടോയി കല്യാണം കഴിപ്പിച്ചതാണ്. കരുണൻ മാഷാണെങ്കില് മനസ്സില് പാമ്പിന്റെ പക വെക്കണ ആള്. ഞാനത് വാര്യരോട് പറഞ്ഞു. അയാക്കതൊന്നും മനസ്സിലാവില്ല. അമ്പലവാസ്യല്ലേ. ഫ്യൂഡൽ പെറ്റിബൂർഷ്വാ വർഗ്ഗം. ആള് പറഞ്ഞു: ഒന്നൂണ്ടാവില്ല. സ്നേഹം കൊണ്ട് എല്ലാം പരിഹരിക്കും. ഇന്നെട്ടെന്താണ്ടായേ? ആ പാവം സ്ത്രീ കുടിച്ച കണ്ണീരിന് കണക്ക്ണ്ടാ?'

കൽക്കത്താ മാധവൻ ചാഞ്ഞും ചെരിഞ്ഞും നിരത്തിലേക്കു കയറി. അദ്ദേഹത്തെ നോക്കിക്കൊണ്ട് ദിമിത്രി നിന്നു.

വിവാഹശേഷം പാർട്ടിയും സഖാക്കളും ചേർന്ന് വരന്റെ വീട്ടിലെത്തിച്ച പി.കെ.മീനാക്ഷി മുന്നോ നാലോ മാസങ്ങൾ അവിടെ കഴിഞ്ഞു. അധികപ്പറ്റുപോലെയായിരുന്നു അവിടത്തെ ജീവിതം. കച്ചേരിയിൽ വെച്ച് അവളെ വിവാഹം ചെയ്ത പുല്ലാനിക്കാട് ചന്ദ്രശേഖരനോ ആ വീട്ടിലെ ഗൃഹനാഥൻ കരുണൻ മാഷോ അവളെ ഗൗനിച്ചില്ല. വാല്യക്കാർ മുഖം കറുപ്പിക്കുകയും മുറുമുറുക്കുകയും ചെയ്തു. ആരുടേയും ശ്രദ്ധ ചെല്ലാത്ത സമയം നോക്കി അവിടത്തെ വല്യമ്മ അവൾക്ക് കുറേശ്ശെ ഭക്ഷണം കൊടുത്തു പോന്നു. അതുകൊണ്ട് രണ്ട് ജീവൻ നിലനിന്നു.

പിന്നെ കണ്ടൻകുട്ടിയാശാൻ വന്ന് അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മണ്ണാൻതുരുത്തിലെ കുടിലിനകത്ത് ജോർജി ദിമിത്രോവ് എന്ന ദിമിത്രി ജനിച്ചു. പൊക്കിൾക്കൊടി മുറിച്ചതു മുതൽ അയാൾ നിറുത്താതെ വാശി പിടിച്ചു കരഞ്ഞു.

ആ കരച്ചിലിന്റെ തുടർച്ച ദിമിത്രിയുടെ ചങ്കിൽ വന്നു മുട്ടി. ആപ്പീസുമുറിയിൽ തന്റെ സീറ്റിലേക്ക് മടങ്ങുമ്പോൾ അയാൾ നിശ്ചയിച്ചു: വൈകുന്നേരം വരുമ്പോൾ കൽക്കത്താ മാധവന് ഒരു പൈസയും കൊടുക്കുകയില്ല.▮(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments