ചിത്രീകരണം: ഇ. മീര

മണ്ണാൻതുരുത്ത്

രണ്ട്: മണ്ണാൻതുരുത്ത്

പി.കെ. മീനാക്ഷിയുടെ മരണം ഒരുപക്ഷേ കാട്ടൂർക്കടവുകാർ കുറച്ചു കാലമെങ്കിലും ഓർക്കും. കാരണം അവരുടെ ശവദാഹം കഴിഞ്ഞ രാത്രിയിലാണ് പ്രളയം ആ നാടിനെ വിഴുങ്ങിയത്. കുറച്ചു ദിവസങ്ങളായി മഴ പെയ്യുന്നുണ്ടായിരുന്നു. വർഷക്കാലമാണല്ലോ എന്ന് എല്ലാവരും കരുതി. വൈകീട്ട് മണ്ണാൻതുരുത്തിൽ ശവസംസ്കാരം നടന്ന സമയത്ത് മഴ തെല്ലു വിട്ടുനിന്നിരുന്നു.

2018ലെ മഹാപ്രളയത്തെക്കുറിച്ച് എല്ലാവർക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാവുമല്ലോ. തമ്മിൽ കാണുമ്പോഴൊക്കെ കാട്ടൂർക്കടവുകാർ പങ്കുവെക്കുന്ന പ്രളയസ്മരണകളിൽ അന്നത്തെ ശവദാഹവും ഉൾപ്പെട്ടു. ധാരാളം ആളുകൾ അന്നവിടെ വന്നു. നാട്ടുകാരിൽ തന്നെ ചിലർ ആദ്യമായാണ് ആ തുരുത്തിലേക്ക് വന്നത്. അവർ ആശ്ചര്യപ്പെട്ടു. വിസ്മയകമായ പ്രകൃതി ദൃശ്യമായിരുന്നു അവർക്കു മുന്നിൽ. നോക്കിയാൽ നോട്ടമെത്താത്ത കോൾപ്പടവുകളാണ് ചുറ്റും. യുവാക്കൾ അതെല്ലാം മൊബൈൽ ഫോണുകളിൽ പകർത്തി.

മന്ത്രിയും എം.എൽ.എ.യും എം.പി.യും എത്തിയിരുന്നു. അതിനേക്കാളേറെ ആളുകളെ ആകർഷിച്ചത് ജയിലിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് നേതാവ് കാവേരിയുടെ സാന്നിധ്യമാണ്. പ്രത്യേക ഉത്തരവ് വാങ്ങിയിട്ടാണ് അവർ അവിടെ എത്തിയത്. നൂറുകണക്കിനു പോലീസുകാരുടെ സുരക്ഷ ഒരുക്കിയിരുന്നു. പശ്ചിമഘട്ടത്തിലെ മലനിരകളിൽ തമ്പടിച്ച് വിപ്ലവപ്രവർത്തനം നടത്തിവന്ന അവരെ കാണാൻ ആളുകൾ ഉത്സാഹിച്ചു. മെലിഞ്ഞു കറുത്ത ഒരു സ്ത്രീ ആയിരുന്നു. തലമുടി മുഴുവൻ നരച്ചിരുന്നു. അവർ മീനാക്ഷിയുടെ മൃതദേഹത്തെ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു. അൽപസമയം മാത്രം അവിടെ ചിലവഴിക്കാനെ അവർക്ക് അനുവാദമുണ്ടായിരുന്നുള്ളു.

പിന്നീടു കണ്ടപ്പോൾ ആളുകൾ തമ്മിൽ പറഞ്ഞു: ""മീനച്ചേച്ചീടെ സംസ്കാരം കഴിഞ്ഞട്ട് നമ്മളന്ന് പിരിഞ്ഞില്ലേ? ഞാൻ നേരെ വീട്ടിൽ ചെന്ന് കുളിച്ച് ചോറുണ്ട് കെടന്നൊറങ്ങി. നല്ല മഴ പെയ്യുന്നുണ്ട്. അപ്പൊ ഒറക്കം സുഖാവൂലോ. ഒരു പ്രശ്നണ്ട് നമ്മടെ വീടിന്. വാതലടച്ചാൽപ്പിന്നെ പൊറത്ത് നടക്കണതൊന്നും അറിയില്ല. നല്ല ഒരൊറക്കം കഴിഞ്ഞ് മൂത്രൊഴിക്കാനായിട്ട് ഞാൻ എണീറ്റു. അപ്പഴല്ലേ സംഭവം അറിയണ്. എന്തൂട്ടാ കാണണേ? വെള്ളം. അകത്തും പൊറത്തും വെള്ളം. ഒഴുക്കാണെങ്ങെ പിടിച്ചാക്കിട്ടാത്ത മാതിരി.''

കാട്ടൂർക്കടവിനു വടക്ക് തണ്ണിച്ചിറക്കായൽ നിലങ്ങളിലേക്ക് തള്ളിനിൽക്കുന്ന ഒരു ഉപദ്വീപാണ് മണ്ണാൻതുരുത്ത്. അറ്റത്ത് പൊന്തക്കാടുകൾ വളർന്നു നിൽക്കുന്ന ഒരു ശ്മശാനം ഉണ്ട്. അങ്ങാടിയിൽ ഓയിൽ മിൽ നടത്തുന്ന തട്ടിൽ കുഞ്ഞിവറീതിന്റേതാണ് ഇവിടത്തെ മുക്കാലും ഭൂമിവഹകൾ. വടക്കൻ പറവൂരിലേക്ക് കെട്ടിച്ചയച്ച പെങ്ങൾ സൂസിയമ്മക്ക് സ്ത്രീധനം കൊടുത്ത വകയിൽ പെട്ടതാണ്. നെല്ല് കൊയ്തുവെക്കാനും മെതിക്കാനുമാണ് അവർ ആ സ്ഥലം ഉപയോഗിച്ചിരുന്നത്. പറവൂരുകാർ വീണ്ടും ഭാഗിച്ചിട്ടുണ്ട്. ഇപ്പോഴിത് ആരുടെ കൈവശമാണെന്നു നിശ്ചയമില്ല.

ഒരുപാട് കുടിയിരുപ്പുകൾ പണ്ടേക്കുപണ്ടേ അവിടെ ഉണ്ടായിരുന്നു. അതിലൊന്നാണ് മീനാക്ഷിയുടേത്. മറ്റു കുടികിടപ്പുകാർ കുഞ്ഞിവറീത് നിർദേശിച്ചതനുസരിച്ച് വെള്ളാനിക്കുന്നിലേക്ക് മാറിത്താമസിച്ചു. മീനാക്ഷിയുടെ അച്ഛൻ കണ്ടൻകുട്ടിയാശാൻ അന്നു വീടുമാറാൻ തയ്യാറായില്ല. പൂർവ്വികർ കിടക്കുന്ന മണ്ണിൽ നിന്നു മാറിയാൽ തന്റെ ഉൾക്കരുത്തും മന്ത്രസിദ്ധിയും നഷ്ടപ്പെടുമെന്ന് അദ്ദേഹം കരുതി. കുടികിടപ്പവകാശത്തിന് വേണ്ടി അന്നവിടെ സമരം നടന്നു. പോലീസ് വന്ന് കണ്ടൻകുട്ടിയാശാനെ മർദ്ദിച്ചു.

മരങ്ങളുടേയും ഇലകളുടേയും മണമാണ് മണ്ണാൻതുരുത്തിന്. സദാ വയലിൽ നിന്നു കാറ്റു വീശിക്കൊണ്ടിരിക്കും. നെല്ലു പൂക്കുന്ന കാലത്ത് നേർത്ത ഒരു സുഗന്ധമുണ്ടായിരിക്കും. പിന്നെയുള്ള കാലങ്ങളിൽ ചേറിന്റെ ഗന്ധമാണ്. ചീഞ്ഞ വൈയ്ക്കോലിന്റെ രൂക്ഷഗന്ധം. കാല കത്തിക്കുന്ന കാലങ്ങളിൽ പുക പരക്കും. പുകയും നേർത്തമഞ്ഞും നിലാവും കൂടിക്കലരും. വയലിനോട് ചേരുന്ന അതിരുകളിൽ നിറയെ കാട്ടുചെത്തികളും പാണലുകളുമാണ്. വേനലിൽ അവയുടെ കായകൾ പഴുത്ത് ചുവന്ന നിറം കൈവരിക്കും. എരുക്ക്, കരിനൊച്ചി, ആടലോടകം, കൂവളം, മന്ദാരം തുടങ്ങിയ ചെറുമരങ്ങൾ. ഒഴിഞ്ഞു പോയ വീടുകൾ ബാക്കി വെച്ച കടപ്ലാവുകളും ഇരിമ്പൻ പുളിയും ചെമ്പരത്തികളുമുണ്ട്. വയലിനോട് ചേർന്ന് നാലഞ്ചു കുളങ്ങളുണ്ട്. പറമ്പിൽ ചിലയിടത്ത് ആഴത്തിൽ പാറ തുരന്നുണ്ടാക്കിയ ഇരുണ്ട കൊക്കരണികൾ. മഴക്കാലമായതുകൊണ്ട് അവയെല്ലാം നിറഞ്ഞു കിടക്കുന്നു. ശവദാഹത്തിനെത്തിയവർ പറമ്പിൽ കൗതുകത്തോടെ ചുറ്റിനടന്നു. നിന്നും നടന്നും ക്ഷീണിച്ചവർ നിലത്ത് അവിടവിടെയായി കുത്തിയിരിക്കുകയാണ്. പുല്ലുപടർന്ന പച്ചക്കിടയിലെ വെളുപ്പായി കാണപ്പെട്ടു അവർ.

""ഇവടെ ജീവിക്ക്യാണെങ്കില് എന്താ സുഖം. നല്ല കാറ്റ്, നല്ല വെള്ളം.'', ഒരാൾ പറഞ്ഞു.

ഒരാഴ്ച മുമ്പാണ് മീനാക്ഷിയെ രോഗം ബാധിച്ച് ചെറുപുഷ്പം മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽവെച്ച് ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട് ബോധം വീണ്ടെടുത്തില്ല. വയലിൽ പണിയെടുത്തു മടങ്ങുന്ന ആളുകൾ കണ്ട് ആശുപത്രിയിലാക്കി. വിവരം കേട്ടറിഞ്ഞ് ബന്ധുക്കൾ വന്നു. പാർടി പ്രവർത്തകരും എത്തി. ലാന്റ് റിക്കാർഡ്സ് കച്ചേരിയിൽ ജോലി ചെയ്യുന്ന അവരുടെ മകൻ ആ സമയത്ത് ഒരു കേസിൽ കുടുങ്ങി വിയ്യൂർ ജയിലിൽ റിമാന്റിലായിരുന്നു. ജാമ്യം കിട്ടി അയാൾ വന്നു. നാലഞ്ചു ദിവസം അയാൾ അമ്മയുടെ രോഗശയ്യക്കരികിൽ തന്നെ ഉണ്ടായിരുന്നു. പക്ഷേ അത്ഭുതകരമായ സംഗതി, മരണസമയത്ത് അയാളെ ആരും കണ്ടില്ല എന്നതാണ്.

""അയാൾ എവടെപ്പോയി?''

""ആര്?''

""മകൻ? ഇന്നലേം കൂടി ഞാൻ അവടെ ആസ്പത്രീല് കണ്ടതാണ്.''

""അന്വേഷിച്ച് ആളു പോയിട്ടുണ്ട്. എവടെച്ചെന്നട്ടാ അന്വേഷിക്ക്യാ? ഫോൺ വിളിക്കുമ്പൊ സിച്ചോഫാണ്. എവടെക്ക്യാന്ന്ച്ചാലും ഒരു വാക്ക് പറഞ്ഞട്ടുവേണ്ടേ അയാള് പൂവ്വാൻ? ശരിക്കു പറഞ്ഞാ ഈ മകൻ ഒരുത്തനാ ഇപ്പൊ ഈ മരണത്തിന് കാരണംന്ന് ഞാൻ പറയും. അയാളെ പോലീസു വന്ന് ആപ്പീസീന്ന് പിടിച്ച വിവരം അറിഞ്ഞപ്പഴാ മീനാക്ഷിച്ചേച്ചി വീണത്. പിന്നെ ഇപ്പൊ ഒരാഴ്ച കഴിഞ്ഞു. അതീപ്പിന്നെ കണ്ണുതൊറന്നിട്ടില്ല.''

""അതുപ്പൊ റിക്കാർട്ടാപ്പീസിലെ ജോലിക്കാരില് കൈക്കൂലി മേടിക്കാത്തോര് ആരാണ്ടാവ്വാ? ഒരോ കരണം റിക്കാർട്ടാക്കാനും നമ്മളൊക്കെ പോയി ദമ്പിടി കൊടക്കണതല്ലേ? റിക്കാർട്ടാപ്പീസർക്ക് ഒരുവക. ഗുമസ്തരുക്ക് വേറെ. പിന്നെ ശിപായിക്ക്. ഇതിനൊക്കെ നെരക്കുണ്ട്. ഇത് ആരാണ്ട് അങ്ങോരെ കുടുക്കീതാണ്. അത് പെട്ടൂന്ന് പറഞ്ഞാ മതീലോ. ആരു കുരുത്തി വെച്ചാലും പാവങ്ങളാ ചെന്ന് പെട്വാ.''

""ആ മനുഷ്യൻ ഒരു തകർന്ന ജന്മാണ്. പേരെന്തുന്നാ? ഏതാണ്ടൊരു സായ്പിന്റെ പേരല്ലേ? ദിമിത്രി. ദിമിത്രോവ്. നമ്മടെ നാട്ടില് കേട്ടട്ടുണ്ടോ അങ്ങനെ ഒരു പേര്? ആപ്പീസിന്റെ ഒരു മൂലേല് കുമ്പിട്ടിരുന്ന് എഴുതണ് കാണാം. ആര് ചെന്നാലും മൊഖത്തു നോക്കില്ല. കൈക്കൂലി കിട്ടീല്യാന്ന്ച്ചാ ആധാര പകർപ്പ് കൊടുക്കില്ലാന്നാ കേട്ടേക്കണ്. വേറൊരു സംഭവണ്ട്. മിൻഞ്ഞാന്ന് വൈന്നേരം ആസ്പത്രില് വെച്ച് അദ്ദേഹം ഇവടത്തെ സഖാവ് ദേവദത്തനായിട്ട് ഒന്നും രണ്ടും പറഞ്ഞ് തെറ്റീത്രെ.''

""അമ്മേം മകനും എന്നും രണ്ടുവഴിക്കായിരുന്നു. മീനച്ചേച്ചി ഈ മണ്ണാന്തുരുത്തിൽ ഒറ്റക്ക്. മകൻ പൈക്കണ്ണി നടക്കലെ പുത്തൻ കൊട്ടാരത്തില്. കൈക്കൂലി മേടിച്ചില്ലങ്കില് അതുപോലെ ഒരു വീടു പണിയാമ്പറ്റ്വോ. ആ ഗേറ്റിനു കൊടുക്കണം ലക്ഷങ്ങള്. മീനച്ചേച്ചി അങ്ങട്ട് പൂവ്വാറില്ല. കൂടിക്കഴിച്ചലൂല്യ.''

""പൈക്കണ്ണിനടക്കലെ കൊട്ടാരത്തില് അയാൾടെ ഭാര്യണ്ടല്ലോ. റിക്കാർഡ് കച്ചേരികൾടെ ഡെപ്യുട്ട്യാണ് അവര്. അറിയ്യോ? അയാള് ഗുമസ്തനും. ശമ്പളോം കിമ്പളോം. രണ്ടാളുക്കും കൂടി എന്തു വരുമാനണ്ടാവുംന്നാ? ചാക്കിലാവും കാശ് നെറച്ചു വെച്ചേക്കണ്. മീനാക്ഷിചേച്ചിക്ക് ജീവിക്കാൻ അവരടെ സഹായൊന്നും വേണ്ട. ഈ തണ്ണിച്ചെറപ്പാടത്ത് വെതേം നടലും കൊയ്ത്തും ണ്ടായാല് മതി.''

""ന്നട്ടും മോനെ വിജിലൻസു പിടിച്ചൂന്നറിഞ്ഞപ്പോ അമ്മ വീണു.''

മരങ്ങളിൽ ചാരി നിന്ന് ആളുകൾ സംസാരിച്ചു. ബീഡിവലിച്ചുകൊണ്ട് കുന്തുകാലിൽ ഇരുന്ന ചെമ്മാണിയോട് ശങ്കരൻ എന്ന വൃദ്ധൻ പറഞ്ഞു:

""വിപ്ലവം നടത്താൻ പോയിട്ടല്ല ചെക്കൻ ജെയിലിലായത്. കൈക്കൂലിക്കേസിൽ പിടിച്ചട്ടാ. അപ്പൊ മീനാക്ഷി വീണേല് അത്ഭുതല്യ. അവള് ജീവിച്ച ഒരു ജീവിതണ്ടല്ലാ. അതിന് നെരക്കാത്ത വഴിക്ക് മകൻ പൂവുമ്പൊ പിന്നെ എന്തു വിചാരിച്ചാ ജീവിക്കണേ? കാര്യം അവസാനകാലത്ത് കുടിച്ച് കുന്തം മറിഞ്ഞ് നടന്ന ആളാണ്ച്ചാലും അവന്റെ അച്ഛൻ ചന്ദ്രശേഖരൻ കൈക്കൂലി മേടിച്ചേർന്നില്ല. അയാള് റിക്കാർട്ടാപ്പീസറാർന്നൂലോ? അയാള് മരിച്ചേന്റെ അവകാശത്തുമ്മലല്ലേ ഇവന് ജോലി കിട്ടീത്?''

കുറച്ചു കഴിഞ്ഞ് വൃദ്ധൻ തുടർന്നു:

""പുല്ലാനിക്കാട്ടെ ചന്ദ്രശേഖരനും ഈ മീനാക്ഷീം തമ്മിലെ കല്യാണം ഇന്നലെ നടന്ന പോലെ ഓർമ്മേണ്ട് ഇനിക്ക്. രജിസ്ട്ര് കച്ചേരില് വെച്ചാർന്നു. പിന്നെ പാർടി ആപ്പീസില് ചെന്ന് മാലയിട്ടു. വെല്യൊരു ജാഥ്യായിട്ടാ പെണ്ണിനേം ചെക്കനേം കൊണ്ട് പുല്ലാനിക്കാട്ട് കൊളംബ് ബംഗ്ലാവിലിക്ക് പോയത്. സംഭവം ഓർക്കുമ്പോ എനിക്കിപ്പഴും ഉള്ളില് ഒരാന്തലുണ്ട്. അന്തർദ്ധാനം ചെയ്ത ചെറുവത്തേരി വാര്യരടേം ഇപ്പൊ കുടിച്ച് പ്രസംഗിച്ച് നടക്കുന്ന ഈ കൽക്കത്താ മാധവന്റേം അന്നത്തെ ധൈര്യം മറക്കാമ്പറ്റില്ല. ഞാനന്ന് ചെറ്യേ ചെക്കനാ. ഒര് അടക്കേരെ അത്രക്കേള്ളു. എന്നാലും എന്തു പണ്ടാരണ്ടായാലും അതിന്റെ പിന്നാലെ പൂവ്വും. കുത്തിക്കൊലേണ്ടായേനെ അന്നവടെ. മോൻ ഒരു മണ്ണാത്തിപ്പെണ്ണിനേം കൊണ്ടുചെന്നപ്പൊ കരുണൻ മാഷ് എടഞ്ഞു. എന്താണ്ടാവ്വാന്ന് നിശ്ചയല്യ. ഒരുങ്ങീട്ടാ ആൾക്കാര് ഇപ്രത്ത്.''

മണ്ണാൻതുരുത്തിന്റെ പടിഞ്ഞാറെ അറ്റത്ത് വളർന്ന് പടർന്നു നിന്ന രണ്ട് കുടംപുളിമരങ്ങളുടെ അരികിലാണ് മീനാക്ഷിയുടെ വീട്. പഴയ കുടിൽ പൊളിച്ച് ഒരു മുറി പണിത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഹോളോബ്രിക്സിന്റെ ചുമർ തേച്ചിട്ടില്ല. ഉമ്മറത്ത് മാർക്സിന്റേയും അംബേദ്ക്കറുടേയും ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. ഒരു പലകമേൽ വീടിന്റെ പേരും: "തോറ്റം.'

ആളുകൾ ആ പേരിലേക്ക് സാകൂതം നോക്കി. നന്തുണിപ്പാട്ടുകാരനായ കണ്ടൻകുട്ടിയാശാന്റെ സ്മരണക്കാണ് ആ പേര് എന്ന് അവർക്ക് നിശ്ചയമുണ്ട്. തന്റെ നന്തുണിയും കൊണ്ട് ആശാൻ ഇടവഴികളിലൂടെ നടന്നുപോകുന്നത് പഴമക്കാർ ഓർത്തു. അവസാന കാലങ്ങളിൽ ബോട്ടുകടവിലെ കള്ളുഷാപ്പിൽ വന്നിരുന്ന് അദ്ദേഹം പാടാറുണ്ട്. പരസ്‌പരവിരുദ്ധമായ രണ്ടു കഥകളാണ് ആശാനെപ്പറ്റി പുതിയ തലമുറ കേട്ടിട്ടുള്ളത്. ഒന്ന് മഹാമാന്ത്രികനായിരുന്നു. നിന്നനിൽപ്പിൽ മാഞ്ഞു പോകാനുള്ള കഴിവുണ്ട്. സദാ പുഴക്കരയിലൂടെ സഞ്ചരിക്കും. ഇടക്ക് കാട്ടുപൊന്തകളിലെ മുയലാവും. പുഴയിലിറങ്ങി മീനായി നീന്തും.

മറ്റൊന്ന്: മഹാവിപ്ലവകാരിയായിരുന്നു. സമരങ്ങളിൽ പങ്കെടുത്ത് കൊടിയ മർദ്ദനമേറ്റിട്ടുണ്ട്. ചെറിയ കുട്ടിയായിരിക്കുമ്പോൾ ഈ കണ്ടൻകുട്ടിയാശാന്റെ തോളിൽ ഇരുന്ന് 1946ൽ ഇരിഞ്ഞാലക്കുടയിൽ നടന്ന കുട്ടംകുളം വഴിനടപ്പു സമരത്തിൽ മീനാക്ഷി പങ്കെടുത്തു എന്നാണ് ചരിത്രം. പോലീസിന്റെ അടിയേറ്റ് ആശാൻ വീണപ്പോൾ പി.സി. കുറുമ്പ കുഞ്ഞിനെ വാരിയെടുത്തു. കുറുമ്പയെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ പി.കെ. ചാത്തൻ മാഷടെ ഭാര്യ കാളി അവളെ വാങ്ങി. അന്നുരാത്രി കാളിയുടെ വീട്ടിലാണ് അവൾ കിടന്നത്.

ഇന്ന് ആ ചരിത്രത്തിന്റെ യവനിക താഴുകയാണ്. മഴ കനത്തിൽ മൂടിക്കെട്ടിനിൽക്കുന്നതു കൊണ്ട് ശവസംസ്കാരം വേഗത്തിൽ കഴിക്കാൻ ആളുകൾ ഉത്സാഹിച്ചു. മകൻ സ്ഥലത്തില്ലാത്ത കാരണം മീനാക്ഷിയുടെ ചെറിയച്ഛന്റെ മകൻ വാദ്യകലാകാരൻ തിമില ശിവരാമനാണ് ചിതക്ക് തീ കൊടുത്തത്. മഴമേഘങ്ങളെ പരിഹസിച്ചു കൊണ്ട് തീ ആളിപ്പടർന്നു.

ചെമ്മാണിയോട് ശങ്കരൻ തന്റെ ശ്രോതാക്കളുടെ ശ്രദ്ധ കോൾപ്പടവിന്റെ വിദൂരതയിലേക്ക് ക്ഷണിച്ചു:

""നോക്ക്വാ, അകലെ അറ്റത്ത് വെളുത്ത് തെളങ്ങണ കണ്ടാ? ചാത്രാപ്പ് കായലാണ് അത്. ചാത്രാപ്പ് അങ്ങനെ തെളങ്ങിക്കണ്ടാല് പത്തു ദെവസം കഴീമ്പഴക്കും മണ്ണാന്തുരുത്ത് മുങ്ങുന്നാ പറയ്യാ. അതൊക്കെ പഴേ കഥ. ഇപ്പളായിട്ട് വെള്ളപ്പൊക്കംന്ന ഒരു സംഭവല്യല്ലോ.''

വെള്ളപ്പൊക്കം ഇല്ലാതായതിന്റെ കാരണങ്ങൾ ആളുകൾ ചർച്ച ചെയ്തു. കെ.എൽ.ഡി.സി കനാലുകൾ വന്നതാണ് കാരണമെന്ന് ഒരാൾ പറഞ്ഞു. ചിമ്മിണി അണക്കെട്ട് കമ്മീഷൻ ചെയ്തശേഷം വെള്ളം പൊങ്ങിയിട്ടില്ലെന്ന് മറ്റൊരാൾ തർക്കിച്ചു.

""വെള്ളം കേറണ കാലത്ത് ഞങ്ങൾ വാഴകൾ വെട്ടി കൂട്ടിക്കെട്ടി ചങ്ങാടണ്ടാക്കും. ന്നട്ട് അതുമ്മലിരുന്നട്ടാ പൂവ്വാ. ഒഴുകി നടക്കണ നാള്യേരം കിട്ടും ഒരുപാട്. അപ്പഴക്കും ആശാനും കുടുമ്മോം വെള്ളാനിക്കുന്നത്ത് അന്യേൻ വേലുക്കുട്ടീരെ കുടീലിക്ക് പോയിറ്റുണ്ടാവും.'' ചെമ്മാണിയോട് ശങ്കരൻ പറഞ്ഞു.

ആളുന്ന ചിതയിലേക്ക് നോക്കി ശിവരാമൻ നിന്നു. പച്ചമാവിൻ വിറകുകൾ പൊട്ടിയടർന്നു കത്തുന്നു. അഗ്നിയുടെ പരാക്രമം. വന്നു കൂടിയ ജനങ്ങൾ പോകാൻ തുടങ്ങുകയാണ്. പെടുന്നനെ വാദ്യം നിലച്ച ഉത്സവപ്പറമ്പിൽ നിൽക്കുന്ന പോലെ അവന് തോന്നി. ബന്ധുക്കളും നാട്ടുകാരും വന്ന് അവനോടു യാത്ര പറഞ്ഞു. ആരോടെങ്കിലും യാത്ര പറയണമല്ലോ എന്ന് അവരെല്ലാം കരുതിക്കാണും.

അവസാനം യാത്ര പറഞ്ഞത് ശിവരാമന്റെ പെങ്ങൾ ദേവുവാണ്. അവർ ഇരുവരും ചേർന്നാണ് കഴിഞ്ഞ ഒരാഴ്ച മീനാക്ഷിയെ പരിചരിച്ചത്.

അവൾ പറഞ്ഞു: ""മോൻ രവി വണ്ടീം കൊണ്ടാണ് വന്നേക്കണ്. അവൻ പോണംന്ന് പറയണു. ഞാനും കൂടി പോയാലോന്ന് ആലോചിക്ക്യാ. അവടെപ്പൊ കുട്ട്യോള് എന്തൊക്ക്യാ കാട്ടികൂട്ടി വെച്ചേക്കണുന്ന് ആരുക്കാ നിശ്ചയം? ഒരാഴ്ച്യായില്ലേ? ഇനീപ്പോ കാലത്ത് പൂവ്വാന്ന്ച്ചാ അതിന് വണ്ടീം വള്ളോം വേറെ അന്വേഷിക്കണ്ടെ? ചേട്ടൻണ്ടാവൂലോ ഇവടെ? മരിച്ച വീടാവുമ്പൊ അനാഥാക്കി ഇടാൻ പാടില്ല. ഞാൻ നാളെ ഉച്ച്യാവുമ്പഴക്കും വരാം.''

ശിവരാമൻ സമ്മതിച്ചു.

അവൾ ചോദിച്ചു: ""ദിമിത്രീടെ വിവരം വല്ലതും അറിഞ്ഞോ?''

""ഇല്ല''

""എവടെക്കു പോയി അവൻ? ഇത്രേം ദിവസം അമ്മേടെ അടുത്തു വന്നു നിന്നട്ട് മരിക്കാൻ നേരത്ത് ഒറ്റപ്പോക്ക്. എന്തൂട്ട് ദുർഭൂതാ അവനെ പിടിച്ചത്?''

അവൾ നടന്നു.

തീ ഒന്നടങ്ങിയപ്പോൾ ശിവരാമൻ വീട്ടിലേക്കു നടന്നു. "തോറ്റം' എന്നു പേരെഴുതിയ പലകയിലേക്ക് അവൻ നോക്കി നിന്നു. ശിവരാമന് നിരവധി ഓർമ്മകൾ ഉള്ള വീടാണത്. കുട്ടിക്കാലത്ത് മിക്കവാറും അവൻ അവിടെ ഉണ്ടായിരുന്നു. വല്യച്ഛന്റെ അരികത്തു നിന്ന് പാട്ടും വാദ്യവും കളമെഴുത്തും പഠിക്കാനാണ് വന്നത്. കല്ലടക്കാവിൽ അരങ്ങേറ്റം കഴിഞ്ഞപ്പോൾ കണ്ടൻകുട്ടിയാശാൻ അവനോടു പറഞ്ഞു:

""ശിവരാമാ, വാദ്യത്തിൽ നീ മുമ്പനാവും. അതിനൊത്ത വെഷമാം സങ്കടോം നിനക്കുണ്ടാവൂലോന്ന് ആലോചിക്കുമ്പഴാ എന്റെ സംഭ്രമം. വേലക്കുടീന്ന് കൊട്ടാനെറങ്ങ്യോര്ക്ക് വെയർപ്പ് മാത്രല്ല; കണ്ണീരും വിധിച്ചിട്ടുണ്ട്.''

കുടിച്ച കണ്ണീരിന്റെ ഓർമ്മകൾ ശിവരാമനെ തളർത്തി. വാദ്യത്തിൽ അവന്റെ മികവ് നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. സ്കൂൾ യുവജനോത്സവത്തിൽ രണ്ടു തവണ അവൻ നയിച്ച ടീമിന് ഒന്നാം സമ്മാനം കിട്ടിയിരുന്നു. പൈക്കണ്ണിക്കാവിലെ ശീവേലിക്ക് അമ്പലത്തിൽ കടന്നു കൊട്ടണമെന്നായിരുന്നു അവന്റെ ആഗ്രഹം. വല്യച്ചൻ കണ്ടൻകുട്ടിയാശാനും അച്ഛൻ വെള്ളാനി വേലുക്കുട്ടിക്കും അതിനുള്ള ഭാഗ്യമുണ്ടായിരുന്നില്ല. അവർ പൂരക്കാലത്ത് വിളക്കിന്റെ സമയത്ത് പുറത്ത് നിന്ന് തകിൽ വായിച്ച് സമാധാനിക്കുകയാണ് പതിവ്.

നീണ്ടകാലത്തെ പരിശ്രമങ്ങൾക്കും ചർച്ചകൾക്കും ശേഷം ശിവരാമന്റെ അപേക്ഷ പൈക്കണ്ണിക്കാവ് ദേവസ്വം അനുവദിച്ചു. പൂരത്തിനു കൊട്ടുമ്പോൾ പലയിടത്തു നിന്നുമായി പരിഹാസവും കൂക്കുവിളിയും ഉണ്ടായി. അവൻ അത് ഗൗനിച്ചില്ല. പക്ഷേ ഒന്നാംശീവേലി കഴിഞ്ഞ് ഉണ്ണാനിരിക്കുമ്പോൾ ഉണ്ടായ ഒരനുഭവം അവന്റെ മനസിനെ വേദനിപ്പിച്ചു. അന്ന് തന്റെ വല്യച്ഛന്റെ വാക്കുകൾ ഓർത്ത് അവൻ ഉള്ളിൽ കരഞ്ഞു.

ഊട്ടുപുരയിലാണ് എല്ലാവരും കൂടി ഉണ്ണാനിരുന്നത്. കാര്യക്കാർ മുതൽ അടിച്ചു തെളിക്കാർ വരെ ഉണ്ട്. മേളക്കാർ, കോൽവിളക്കുകാർ, ദീവെട്ടിക്കാർ, ആനപ്പുറം, പാപ്പാന്മാർ എല്ലാവരും നിരന്നിരുന്നു. പന്തിയിൽ ഒരറ്റത്തായിട്ടാണ് ശിവരാമൻ ഇരുന്നത്. നല്ല ഉഷാറുള്ള സദ്യയായിരുന്നു. എലൈറ്റ് ഗോപാലന്റെ വഴിപാട്. പേരി രാമൻനായരുടെ പാചകം. ചൂടുള്ള ചോറുവിളമ്പി. കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി. പിന്നെ വിശേഷമായിട്ട് മാമ്പഴപുളിശ്ശേരി. സാമ്പാറിലെ വെന്ത പാവയ്ക്കാ കഷണം ശിവരാമൻ ഒന്നു കടിച്ചു. അപ്പോഴാണ് പുളിശ്ശേരിയിലെ പിഴിഞ്ഞ ഒരു മാങ്ങയണ്ടി എതിർപന്തിയിൽ നിന്നും അവന്റെ ഇലയിൽ വന്നു വീണത്.

നല്ലൊരു കൂട്ടച്ചിരി അപ്പോൾ മുഴങ്ങി.

""ഷാരടീ, ഹായ്, എന്താ ഒരു ഉന്നം!''

""ശരവേഗം ന്നാ പറയ്യാ.''

""ഇനീപ്പൊ മാങ്ങയണ്ടി വേഗന്ന് പറയണ്ടി വരും.''

""ഇതിനെയാണ് മാരാരെ കലാവൈഭവന്ന് പറയണ്.''

ഊണു മതിയാക്കി ശിവരാമൻ എഴുന്നേറ്റപ്പോൾ അരികത്തിരുന്ന തീവെട്ടി വേണുനായർ പറഞ്ഞു:

""ഒരു മാങ്ങേണ്ടി കൂടുതല് കിട്ട്യേന് നീയെന്തിനാ ശിവരാമാ കെറുവിക്കണേ? സന്തോഷിക്കല്ലേ വേണ്ടേ?''

ശിവരാമൻ മണ്ണാൻ തുരുത്തിൽ കൊട്ടു പഠിക്കുന്ന കാലത്ത് മീനാക്ഷിച്ചേച്ചിയുടെ മകൻ ദിമിത്രി ചെറിയ കുട്ടിയായി അവിടെ ഉണ്ടായിരുന്നു. അവൻ ഇറയത്തെ ചാണകം മെഴുകിയ നിലത്ത് കമിഴ്ന്നു കിടന്നു നീന്തുന്നതും ഓലച്ചെറ്റകളിൽ പിടിച്ചു നിൽക്കുന്നതും നടക്കുന്നതും ഓർമ്മ വന്നു. ശിവരാമൻ ആ കുഞ്ഞിനെ തോളിലേറ്റി നടന്നിട്ടുണ്ട്. തെല്ലു മുതിർന്നപ്പോൾ അവനെ കളിക്കാൻ കൂട്ടി. കുടംപുളിമരത്തിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുത്തി ആട്ടുമ്പോൾ സന്തോഷം സഹിക്കാതെ അവൻ ചിരിക്കുന്നത് ശിവരാമൻ ഓർത്തു.

നേരം രാത്രിയായിരുന്നു. മഴ തുടങ്ങി. അയലത്തെ വീട്ടിൽ നിന്നും ചോറും കറികളും കൊണ്ടുവന്ന് അടച്ചു വെച്ചിട്ടുണ്ട്. ശിവരാമന് വിശപ്പു തോന്നിയില്ല. അവന്റെ ചിന്ത മുഴുവൻ ദിമിത്രിയെക്കുറിച്ചായിരുന്നു. എന്താണ് അവനു സംഭവിച്ചത്? കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ച് ദേവദത്തൻ സഖാവുമായി അവൻ ഇടഞ്ഞു. ആരോടൊക്കെയാണ് അവന് വൈരാഗ്യം? ആരെയാണ് അവൻ ഭയപ്പെടുന്നത്? ഇങ്ങനെയുണ്ടോ നീറുന്ന ഒരു ജന്മം? ഒരുപക്ഷേ ഉദ്യോഗവും പത്രാസുമൊക്കെയാവുമ്പോൾ ജീവിതത്തിന്റെ വഴി ഇങ്ങനെയാവും. ശിവരാമന് അതൊന്നും പരിചയമില്ലല്ലോ.

ബാല്യകാലത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് അവർ കുറച്ചു ദിവസങ്ങൾ ഒന്നിച്ചു കഴിച്ചുകൂട്ടിയത്. കഴിഞ്ഞ നാലഞ്ചു ദിവസമായി ദിമിത്രി ആശുപത്രിയിൽത്തന്നെ ഉണ്ടായിരുന്നു. പകൽ മുഴുവൻ അവൻ മീനാക്ഷിച്ചേച്ചി കിടക്കുന്ന മുറിയിൽ ഇരിക്കും. രാത്രിയാവുമ്പോൾ അവരൊന്നിച്ച് മുറിക്കു പുറത്തെ കോറിഡോറിൽ പായ വിരിച്ച് കിടക്കും. കഴിഞ്ഞ ദിവസം ചേച്ചിക്ക് അത്യാസന്ന നിലയായിരുന്നു. ശ്വാസത്തിന്റെ താളം പിഴച്ചു. ഇടക്കിടെ അവർ കയ്യും ശരീരവും അനക്കാൻ ശ്രമിക്കും. പിന്നെ ശാന്തമായി കിടക്കും.

ആ രാത്രി ആരും ഉറങ്ങിയില്ല. ഡ്യൂട്ടി ഡോക്ടരും നഴ്സുമാരും വന്നും പോയ്ക്കൊണ്ടുമിരുന്നു. രാത്രി ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞിരിക്കും. ദിമിത്രി ശിവരാമനെ വിളിച്ച് പുറത്തേക്കു കൊണ്ടുപോയി. വിശുദ്ധ ചെറുപുഷ്പത്തിന്റെ പ്രതിമയുടെ അടുത്ത് അവർ നിന്നു. ചെറിയൊരു പൂന്തോട്ടമുണ്ട് അവിടെ. മെഴുകുതിരികളുടെ വെളിച്ചവും. ദിമിത്രി കുറച്ചു പണം ശിവരാമനെ ഏൽപ്പിച്ചു. അവൻ പറഞ്ഞു:

""ഇന്നത്തെ രാത്രിയോടെ ഒക്കെ തീരും. ആശുപത്രിയിലെ ഇതുവരെയുള്ള ബില്ല് ഞാൻ അടച്ചിട്ടുണ്ട്. കുറച്ചു രൂപ അഡ്വാൻസും കൊടുത്തു. ഇത് കയ്യിൽ വെച്ചോ ശവസംസ്കാരം വേണ്ടപോലെ നടത്തണം.''

ശിവരാമൻ പണം കയ്യിൽ വെച്ച് അന്തിച്ചു നിന്നു.

""എവിടെക്കാ പോണുന്ന് തീരുമാനിച്ചിട്ടില്ല. ചില സ്ഥലങ്ങളൊക്കെ ഉണ്ട്. കൊറച്ച് ദിവസം കഴിഞ്ഞ് മടങ്ങിവരും. ഇപ്പൊ ഇവിടെ നിക്കാൻ നിവൃത്തീല്ല. നാളെ മൃതദേഹം കാണാൻ ആൾക്കാര് വരും. ആരേം കാണാൻ ഇനിക്ക് ആഗ്രഹല്യ. ആരോടും സംസാരിക്കാനും താൽപ്പര്യല്ല. പിന്നെ ചടങ്ങുകൾ. അത് മനുഷ്യനെ പ്രാന്ത് പിടിപ്പിക്കും. ആരോടും ഒന്നും പറയാൻ നിക്കണ്ട. കാണാനില്ലാന്നു പറഞ്ഞാ മതി. നമ്മടെ വക്കീൽ വന്നു ചോദിച്ചാ മാത്രം ഒരാഴ്ച കഴിഞ്ഞ് മടങ്ങിവരുംന്നു പറയണം. ആൾക്കാര് കെടന്ന് അന്വേഷിച്ച് ബഹളംണ്ടാവാണ്ട് നോക്കണം.''

ബാഗ് കയ്യിലെടുത്ത് ദിമിത്രി അതിവേഗം ഇരുളിൽ മറഞ്ഞു.

ശിവരാമൻ ഓർത്തു: അവനിപ്പൊ എവിടെ എത്തിയിരിക്കും? ഇനി എന്നാവും തിരിച്ചെത്തുക? അന്വേഷിക്കുന്ന ഓരോരുത്തരോടും ഓരോന്നു പറഞ്ഞ് ശിവരാമൻ വലഞ്ഞു.

അയൽക്കാർ കൊണ്ടു വെച്ച ചോറിൽ നിന്ന് ഒരു പിടി വാരിത്തിന്ന് ശിവരാമൻ കിടന്നു. പുറത്ത് മഴ തൊഴിച്ച് പെയ്യുന്നുണ്ട്. കാറ്റ് മരങ്ങളെ ഉലക്കുന്ന ശബ്ദം. മണ്ണാൻതുരുത്തിലെ പഴയ മഴക്കാലങ്ങളെ അവൻ ഓർത്തു. രണ്ട് കല്ല് ഉയരത്തിലെ തറയിൽ ഓല കുത്തിച്ചാരി ഉണ്ടാക്കിയ കുടിലായിരുന്നു പണ്ട്. ഓരോ തവണ വെള്ളം കയറിയിറങ്ങിപ്പോവുമ്പോഴും വീട് കേടുവരും. പിന്നെ എവിടെന്നെങ്കിലും ഓല സമ്പാദിച്ച് കെട്ടി മേയണം.

വെള്ളം പറമ്പിലേക്ക് കയറുമ്പോൾ കുട്ടിക്കാലത്ത് ഉത്സാഹമായിരുന്നു. മുറ്റത്ത് നീന്തിക്കളിക്കാമല്ലോ. മീൻപിടിക്കാം. അക്കാലത്ത് മുറ്റത്തെ വെള്ളത്തിൽ കിടത്തി ശിവരാമൻ ദിമിത്രിയെ നീന്തൽ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പഴയകാലത്ത് സ്കൂളുകളിലെ ഷെൽറ്റർ അങ്ങനെ ഇല്ല. കഴിയാവുന്നത്ര എല്ലാവരും വീട്ടിൽ തന്നെ ചുരുണ്ടു കിടക്കും. തിരുവാതിര ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ രക്ഷയില്ല. വീടിന്റെ അകം മുങ്ങും. ആ സമയത്ത് ശിവരാമന്റെ അച്ഛൻ വേലുക്കുട്ടി വഞ്ചി തുഴഞ്ഞ് മുറ്റത്ത് പ്രത്യക്ഷപ്പെടും.

""എന്തൂട്ടാ ചേട്ടാ ഇനീം നോക്കി ഇരിക്കണ്? എല്ലാരുംകൂടി മുങ്ങിച്ചാവാനാ പരിപാടി?''

എന്തെങ്കിലുമൊക്കെ നിറച്ച് ഭാണ്ഡം കെട്ടി പുറപ്പെടുകയായി. പിന്നെ ഒരു മാസം വെള്ളാനിക്കുന്നത്താണ്. വേലുക്കുട്ടിയുടെ വീട്ടിൽ. അകലെ നിന്ന് കാണുമ്പോൾത്തന്നെ ദേവു ഓടി വരും. മീനാക്ഷിയുടെ കയ്യിൽ നിന്ന് അവൾ ദിമിത്രിയെ വാരിയെടുക്കും: ""ചെക്കൻ വെള്ളത്തില് നീന്തിയോ?''

പെട്ടെന്ന് ശിവരാമൻ ഉണർന്നു. കൈ ഒരു നനയുന്നതു പോലെ അവനു തോന്നി. കൈ ഉയർത്തി തൊട്ടു നോക്കി. വെള്ളത്തുള്ളികൾ വീഴുന്നു. എഴുന്നേറ്റു. കട്ടിലിനു ചുറ്റും വെള്ളമാണ്. പരിസരബോധം വീണ്ടെടുത്ത് അവൻ ആ വെള്ളത്തിലേക്ക് കാൽവെച്ചു. നല്ല ഒഴുക്കുണ്ട്.

ഇരുട്ടിൽ തപ്പി നടന്ന് വാതിൽ തുറന്നു. എല്ലായിടത്തും വെള്ളം. ഇറയത്ത് മുട്ടുവരെ വെളളമുണ്ട്. മുറ്റത്ത് അരക്കൊപ്പം. അവൻ ഷർട്ടഴിച്ച് മൊബൈൽ ഫോണും പഴ്സും വാച്ചും അതിൽ വെച്ച് തലയിൽ കെട്ടി. വെള്ളത്തിലൂടെ കുറേ നടന്നു. പിന്നെ നീന്തി. വടക്കേ കുടംപുളിമരത്തിന്റെ ചുവട്ടിലാണ് എത്തിയിരിക്കുന്നതെന്ന് അവന് മനസ്സിലായി. മരത്തിൽ പിടിച്ചു കയറി. അതിന്റെ തായ്ത്തടിയിൽ നിന്ന് ചുറ്റിലേക്കു വളർന്ന ശിഖരങ്ങൾക്ക് ആനയുടെ കാലിനൊത്തവണ്ണമുണ്ട്. ഒരു കവരയിൽ ഇരിപ്പുറപ്പിച്ചു. എവിടെയൊക്കെയോ ആളുകൾ ഒച്ചവെക്കുന്ന ശബ്ദം. കൂട്ടക്കരച്ചിൽ, കൂക്കുവിളി.

ആ സമയത്ത് ഫോൺ ശബ്ദിച്ചു. ശിവരാമന്റെ മകൻ ഡൽഹിയിൽ നിന്നു വിളിക്കുകയാണ്. അവൻ ചോദിച്ചു:

""അച്ചനിപ്പൊ എവെട്യാ?''

എന്താണ് പറയേണ്ടതെന്നറിയാതെ ശിവരാമൻ ഒരു നിമിഷം ശങ്കിച്ചു.

അവന്റെ ശബ്ദം വീണ്ടും:

""അച്ചാ, അവടെ മുഴുവൻ വെള്ളംകേറീന്ന് വാർത്തേല് കാണണു. എന്തെങ്കിലും പ്രശ്നണ്ടോ?''

""ങ്ങാ, മഴ കൂടുതലാണ്. കൊറച്ചൊക്കെ വെള്ളം കേറീട്ടുണ്ട്. ന്നാ ഇവടെ അത്ര പ്രശ്നല്യ.''

""സൂക്ഷിക്കണേ?''

""ങ്ങാ, ശെരി.''

തണുത്തു വിറച്ച് അവൻ ആ മരത്തിൽ തന്നെ ഇരുന്നു.

പ്രളയം കാട്ടൂർക്കടവിനെ ശരിക്കും തകർത്തു. കാനോലിക്കനാലും കരുവന്നൂർപ്പുഴയും തണ്ണിച്ചിറക്കായൽ കോൾപ്പടവും അതിക്രമിച്ചു കയറിയപ്പോൾ കാട്ടൂർക്കടവ് എന്ന സ്ഥലം ഭൂമിയിൽ ഇല്ലാതായി. ഒറ്റനില വീടുകൾക്ക് മുകളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. പുരപ്പുരത്തും മരങ്ങളിലും അഭയം തേടിയ മനുഷ്യരെ പിറ്റേന്ന് പോലീസും മിലിറ്ററിയും ബോട്ടിൽ വന്നു രക്ഷിച്ചു.

പോംപെ മാതാവിന്റെ പള്ളിയോട് ചേർന്ന പാരിഷ് ഹാളിൽ ഒരുക്കിയ ഷെൽറ്ററിൽ എത്തിച്ചപ്പോൾ ശിവരാമൻ പനിപിടിച്ച് തുള്ളുകയായിരുന്നു. ഡോക്ടർ വന്ന് അവനെ പരിശോധിച്ചു. പനിയുടെ വിഭ്രാന്തിയിൽ അവൻ ചോദിച്ചു:

""ദിമിത്ര്യാണോ? നീ വന്നൂല്ലേ? മ്മടെ കണ്ടൻകുട്ടി മുത്തപ്പൻ നിന്നെ ചോദിച്ചു. ആൾക്ക് വയ്യ. മരിക്കാമ്പൂവ്വാണ്. ഞാൻ വില്വാദി ഗുളിക തേനില് ചാലിച്ചു കൊടുത്തു. ചന്ദനമുട്ടി അരച്ച് നെഞ്ചത്ത് പെരട്ടി. ന്നട്ടും ചുട്ടുനീറ്റം കൊറയണില്ല. നല്ല വലിവുണ്ട്. നീയൊരു എറക്ക് വെള്ളം കൊടുക്ക്. അപ്പൊ മുത്തപ്പന് മേൽഗതി കിട്ടും. മോക്ഷം. ഒരു തുള്ളി കൊടുത്താ മതി. ഒരിറ്റ്.''

(തുടരും)


അശോകൻ ചരുവിൽ

കഥാകൃത്ത്, നോവലിസ്റ്റ്. സാംസ്​കാരിക പ്രവർത്തകൻ. 2018 മുതൽ പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി. സൂര്യകാന്തികളുടെ നഗരം, അശോകൻ ചരുവിലിന്റെ കഥകൾ, ആമസോൺ, ജലജീവിതം, മരിച്ചവരുടെ കടൽ, കങ്കാരുനൃത്തം, കാട്ടൂർ കടവ്​ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Comments